Showing posts with label കേരള കൌമുദി. Show all posts
Showing posts with label കേരള കൌമുദി. Show all posts

Tuesday, January 24, 2012

ജീവിതരേഖ


ജനനം
1926 മേയ് 12ന് കണ്ണൂരിലെ അഴീക്കോട് ഗ്രാമത്തില്‍.
മാതാപിതാക്കള്‍
സെയിന്റ് ആഗ്നസ് കോളേജില്‍ മലയാളം അദ്ധ്യാപകനായിരുന്ന വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്‍; കേളോത്ത് തട്ടാരത്ത് മാധവിയമ്മ.
കുടുംബം
അവിവാഹിതന്‍. തൃശൂരിനടുത്ത് എരവിമംഗലത്ത് താമസം.
സഹോദരങ്ങള്‍
പരേതനായ കെ.ടി.ഗോപാലകൃഷ്ണന്‍, ദമയന്തി, ലക്ഷ്മി, ദേവദാസ്, പദ്മിനി.
വിദ്യാഭ്യാസം
തേഡ് ഫോറം വരെ അഴീക്കോട് സൌത്ത് ഹയര്‍ എലിമെന്ററി സ്കൂള്‍. എസ്.എസ്.എല്‍.സി: ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂള്‍.1941. ഇന്റര്‍മീഡിയറ്റ്, ബി.കോം: മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ്. വൈദ്യം: കോട്ടയ്ക്കല്‍ ആയുര്‍വേദകോളേജ്. ബി.ടി: കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളേജ്. എം.എ. സംസ്കൃതം, എം.എ. മലയാളം: സ്വകാര്യപഠനം- മദ്രാസ് സര്‍വകാലാശാല. ഡോക്ടറേറ്റ്: കേരള സര്‍വ്വകലാശാല. 1981.
ഔദ്യോഗിക ജീവീതം
കണ്ണൂരിലെ ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍, കോഴിക്കോട് ദേവഗിരി കോളേജ്, മംഗലാപുരം സെന്റ്് അലോഷ്യസ് കോളേജ്, കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് അദ്ധ്യാപകന്‍. 1953-56.
മൂത്തകുന്നം എസ്.എന്‍.എം ട്രെയ്നിംഗ് കോളേജ് പ്രിന്‍സിപ്പല്‍. കാലിക്കറ്റ് സര്‍വകലാശാല മലയാളവിഭാഗം മേധാവിയും പ്രൊഫസറും.
കാലിക്കറ്റ് സര്‍വകലാശാല പ്രോ-വൈസ് ചാന്‍സിലര്‍, ആക്ടിംഗ് വൈസ് ചാന്‍സിലര്‍. 1986ല്‍ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു.


രാഷ്ട്രീയം
വിദ്യാര്‍ത്ഥി കോണ്‍ഗ്രസിലൂടെ തുടക്കം. ഇരുപതാം വയസില്‍ സേവാഗ്രാമത്തില്‍ വെച്ച് ഗാന്ധിജിയെ കണ്ടു. യൂത്ത് കോണ്‍ഗ്രസ്, കിസാന്‍ കോണ്‍ഗ്രസ്, ഹരിജന പ്രസ്ഥാനം എന്നിവയുടെ യോഗങ്ങളില്‍ സ്ഥിരം പ്രാസംഗികന്‍. മൂത്തകുന്നം കോളേജില്‍ പ്രിന്‍സിപ്പലായപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം മതിയാക്കി.
ദേവഗിരി കോളേജില്‍ അദ്ധ്യാപകനായിരിക്കെ, 1962 ല്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരി നിയോജകമണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. സാഹിത്യകാരനായ എസ്.കെ. പൊറ്റെക്കാട്ടിനോട് പരാജയപ്പെട്ടു.


പദവികള്‍
വിവിധ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസ ഭരണസമിതിയംഗം. യ.ജി.സി.യുടെ ആദ്യത്തെ നാഷനല്‍ ലക്ചറര്‍. കാലിക്കട്ട് സര്‍വകലാശാല എമറിറ്റസ് പ്രൊഫസര്‍. കേന്ദ്ര,കേരള സാഹിത്യ അക്കാഡമികളില്‍ ജനറല്‍ കൌണ്‍സില്‍, എക്സിക്യൂട്ടിവ് കൌണ്‍സില്‍ അംഗം. 12 വര്‍ഷം സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ്,
1993 മുതല്‍ 1996 വരെ നാഷണല്‍ ബുക് ട്രസ്റ് ചെയര്‍മാന്‍. നവഭാരതവേദിയുടെ സ്ഥാപക പ്രസിഡന്റ്. വൈലോപ്പിള്ളി സ്മാരക സമിതി, സി.പി.ശ്രീധരന്‍ ഫൌണ്ടേഷന്‍, വിലാസിനി സ്മാരക സമിതി അദ്ധ്യക്ഷന്‍. ദീനബന്ധു, ദേശമിത്രം, നവയുഗം സഹപത്രാധിപര്‍. ദിനപ്രഭ, വര്‍ത്തമാനം പത്രാധിപര്‍.


അവാര്‍ഡുകള്‍
കേന്ദ്രസാഹിത്യ അക്കാഡമി-കേരള സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ് തുടങ്ങി 12 പുരസ്കാരങ്ങള്‍ തത്ത്വമസിക്ക് ലഭിച്ചിട്ടുണ്ട്.
2004 ല്‍ എഴുത്തച്ഛന്‍ പുരസ്കാരം.
2007 ല്‍ പദ്മശ്രീക്ക് അര്‍ഹനായെങ്കിലും നിരസിച്ചു.
വളളത്തോള്‍ പുരസ്കാരവും സാഹിത്യ അക്കാഡമി വിശിഷ്ടാംഗത്വവും മാതൃഭൂമി, ദല പുരസ്കാരങ്ങളും തേടിയെത്തി.


കൃതികള്‍
വിവിധ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തവയടക്കം മുപ്പത്തഞ്ചിലേറെ കൃതികള്‍. തത്ത്വമസി, ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, മഹാത്മാവിന്റെ മാര്‍ഗ്ഗം, പുരോഗമനസാഹിത്യവും മറ്റും, മലയാള സാഹിത്യവിമര്‍ശനം, ജി.ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, വായനയുടെ സ്വര്‍ഗ്ഗത്തില്‍, മലയാള സാഹിത്യപഠനങ്ങള്‍, തത്ത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിനു ഭാരതധരേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍, ഗുരുവിന്റെ ദുഃഖം, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, മഹാകവി ഉള്ളൂര്‍, അഴീക്കോടിന്റെ ആത്മകഥ, ഭാവന എന്ന വിസ്മയം, നവയാത്രകള്‍, ഭാരതീയത, അഴീക്കോടിന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, മഹാത്മാവിന്റെ മാര്‍ഗം, രമണനും മലയാളകവിതയും.


വിവര്‍ത്തനങ്ങള്‍
ഹക്കിള്‍ബെറി ഫിന്‍, ചില പഴയ കത്തുകള്‍, ജയദേവന്‍.
ഹോബി
ഡിറ്റക്ടീവ് നോവല്‍ വായന. സ്പോര്‍ട്സിന്റെ കടുത്ത ആരാധകന്‍. കുട്ടിക്കാലത്ത് ഫുട്ബോള്‍ കളിക്കാരനായിരുന്നു. ഇഷ്ടവിനോദങ്ങള്‍- ടെന്നിസ്, ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍, ഹോക്കി, ഗുസ്തി, ബാഡ്മിന്റണ്‍.

അലകടല്‍ ശാന്തമായി -സി. രാധാകൃഷ്ണന്‍

അലകടല്‍ ശാന്തമായി -സി. രാധാകൃഷ്ണന്‍


വന്ന നഷ്ടം എത്ര അനിവാര്യമാണെ ങ്കിലും അതിന്റെ അളവ് തിട്ടപ്പെടുത്താന്‍ ശ്രമിക്കുക എന്നത് മനുഷ്യരായ നമ്മുടെ സ്വഭാവമാണല്ലോ. മരണമാണ് വിഷയ മെങ്കില്‍പ്പോലും അപ്പോഴും നമ്മുടെ നോട്ടം നമുക്കു വന്ന നഷ്ടത്തില്‍ തന്നെ. പക്ഷേ, പ്രൊഫ. സുകുമാര്‍ അഴീക്കോടിന്റെ വിയോഗത്തെക്കുറിച്ചാകുമ്പോള്‍ അങ്ങനെയൊരു കണക്കെടുപ്പിന് നാം മുതിര്‍ന്നാല്‍ വിഷമിച്ചുപോകുന്നു. അത്രയേറെ തലങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്.
ക്ഷിപ്രകോപിയും അല്പപ്രസാദി യുമായ, അശുവുമായ ഒരാള്‍. തന്നെപ്പറ്റി നല്ലത് പറയുന്നത് പത്ഥ്യം. ചീത്ത പറഞ്ഞാല്‍, പറഞ്ഞത് ആരായാലും സഹിക്കാം. വാക്കിന് വജ്രത്തെക്കാള്‍ മൂര്‍ച്ച. പറഞ്ഞു ജയിക്കാമെന്നു കരുതി ആരും അങ്ങോട്ട് ചെല്ലണ്ട.


എന്നാലോ, പറഞ്ഞത് അധികമായിപ്പോയി എന്നു തോന്നിയാല്‍ ഉടനെ പരിഹാരവാക്കുകള്‍ കണ്ടെത്താന്‍ അദ്ദേഹം മറക്കാറുമില്ല. ആളുകളോടും പ്രസ്ഥാനങ്ങളോടും കൂടക്കൂടെ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞത് ഈ സ്വയം തിരുത്തല്‍ തന്റെ ശീലമായിരുന്നതിനാ ലാണ്. അല്ലാതെ, ലാഭനഷ്ടക്കണക്കുകള്‍ കൂട്ടിയായിരുന്നില്ല. ഔദ്യോഗിക ജീവിതത്തില്‍ നിന്നു പിരിഞ്ഞതില്‍പ്പിന്നെ വിശേഷിച്ചും അദ്ദേഹത്തിന് നേടാനോ നഷ്ടപ്പെടാനോ ഒന്നും ഉണ്ടായിരുന്നില്ല.
ഗുരു എന്നാല്‍ ഗരിമയുള്ളത്. അതായത്, വലിപ്പവും ഭാരവുമുള്ളത്, പ്രകാശമുള്ളത്, ജീവജാലങ്ങളുള്‍പ്പെടെ ഭൂമിയുടെ സംരക്ഷണം ധര്‍മ്മമായി ഉള്ളത് എന്നൊക്കെയാണല്ലോ അര്‍ത്ഥം. ഈ ഗുരുനാഥന്റെ അകക്കാമ്പില്‍ ഇതൊക്കെ ഉണ്ടായിരുന്നു. ഇതിന്റെ കൂടെ നിത്യകുതുകി യായ ഒരു കുട്ടിയുമുണ്ടായിരുന്നു.


മലയാളം, ഇംഗ്ളീഷ്, സംസ്കൃതം എന്നീ ഭാഷകളിലും തെളിഞ്ഞ പ്രാവീണ്യം നേടുകയും അത് അനേകം ശിഷ്യരിലേക്ക് ആവുംവിധം അദ്ദേഹം പകരുകയും ചെയ്തു. ഭാരതീയ ചിന്തയില്‍ - ശ്രുതികള്‍, സ്മൃതികള്‍, പുരാണങ്ങള്‍, വേദങ്ങള്‍, ഇതിഹാസങ്ങള്‍, ഉപനിഷത്തു കള്‍, കാവ്യങ്ങള്‍, നാടകങ്ങള്‍ എന്നിവയില്‍ - ആഴമേറിയ അറിവുണ്ടായിരുന്നു. പ്രസംഗകലയില്‍ ജന്മസിദ്ധമായ വാസനയും അതിവിശേഷമായ അഭ്യാസകൌശലവും കൈവന്നിരുന്നു.
അനീതിയോട് രാജിയില്ലായ്മയായി രുന്നു ജീവിത രീതി. സ്വാഭാവിക നീതിയുടെ നിഷേധം എവിടെ കണ്ടാലും സഹിക്കില്ല. നിരക്കാത്തത് ആരു പറഞ്ഞാലും പരസ്യമായി എതിര്‍ക്കും. മറുവശത്തുള്ള ആളുടെ ശക്തി എത്രയാണോ അത്രകണ്ട് ആ എതിര്‍പ്പിന് ശക്തികൂടും. അങ്കം കുറിച്ചാല്‍ പിന്നെ പിറകോട്ടില്ല.


എന്നാലോ, ആരോടും സ്ഥായിയായ വിദ്വേഷമില്ല. തനിക്കു തെറ്റു പറ്റിയാല്‍ അത് ഏറ്റുപറയാന്‍ ഒരു മടിയും ഇല്ല. മഹാത്മാ ഗാന്ധിയോടോ അദ്ദേഹത്തിന്റെ പേരിലുള്ള പ്രസ്ഥാനത്തോടായാലും നീതിക്കു നിരക്കാത്തത് ക്ഷമിക്കുന്ന പ്രശ്നമില്ല.
അദ്ദേഹത്തിന് രണ്ട് സ്വരങ്ങള്‍ ഉണ്ടായിരുന്നു. പ്രസംഗവേദിയില്‍ കേട്ട പരുഷവും നിശിതവും നിരങ്കുശവുമായ സ്വരം ഒന്ന്. ഇത് ആയുധമായി മാറിയ വാക്കിന്റെ സ്വഭാവം. തൊട്ടാല്‍ മുറിയും. കൊണ്ടാല്‍ വെറുതെ ആവില്ല. മുറിഞ്ഞാല്‍ മുറിവുണങ്ങില്ല, പെട്ടെന്നൊന്നും! മറ്റേ സ്വരം വ്യക്തിബന്ധങ്ങളിലും സൌഹൃദസംഭാഷണങ്ങളിലും കേള്‍ക്കാവുന്ന മൃദുവും കരുണാമയവും സ്നേഹപൂര്‍ണ്ണവും സുഖശീതളവുമായ ഇനം.


പകിരിവാണം പോലെ വികൃതികളായ കുട്ടികളെ പ്രാഥമിക വിദ്യാലയത്തിലെ ഞങ്ങളുടെ ഒരു ടീച്ചര്‍ ചെങ്കീരികള്‍ എന്നാണ് വിളിച്ചിരുന്നത്. അന്വേഷിച്ചപ്പോള്‍ അമ്മ പറഞ്ഞുതന്നു, കീരികള്‍ രണ്ടു തരമുണ്ട്. പോത്തന്‍കീരി എന്നും ചെങ്കീരി എന്നും. ചെങ്കീരി നന്നേ മെലിഞ്ഞ ശരീരക്കാരനാണെന്നാലും അത്യുഗ്രനാണ്. ചെങ്കീരിയുടെ ഉടലും ഇടപാടുകളും തമ്മിലുള്ള വ്യത്യാസത്തിന്റെ വ്യാപ്തി എത്രയെന്ന് എനിക്കു മനസ്സിലായത് ഒരു ചെങ്കീരി ഒരു പാമ്പുമായി പൊരുതുന്നത് തൊടിയുടെ മൂലയില്‍ വച്ച് കണ്ടപ്പോഴാണ്.
പാമ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കീരി വെറുമൊരു അണ്ണാര്‍ക്കണ്ണനോളമേ ഉള്ളൂ. പക്ഷേ, മിന്നല്‍പ്പിണര്‍ പോലെയാണ് ചാടുന്നത്. പാമ്പിനു കുറുകെയുള്ള ഓരോ ചാട്ടത്തിലും അവന്‍ പുറപ്പെടുവിക്കുന്ന ശബ്ദം അവന്റെ തൊണ്ടയില്‍ നിന്ന് വരുന്നതാണെന്ന് വിശ്വസിക്കാന്‍ കഴിയാത്തത്ര രൂക്ഷം. മിനിറ്റുകള്‍ക്കകം പാമ്പ് ചത്തുപോയി. കീരി എങ്ങോ പോവുകയും ചെയ്തു. അരികില്‍ ചെന്നു നോക്കുമ്പോഴാണ് പാമ്പിന്റെ ഉടലിലാകെ കത്തി വച്ച് കുറുകെ വരിഞ്ഞപോലെ മുറിവുകള്‍!


അഴീക്കോടു മാഷിനെപ്പറ്റി ആലോചിക്കുമ്പോഴും ഈ ചെങ്കീരിയെ യാണ് ഓര്‍ത്തുപോകാറ്. അതോടൊപ്പം സ്നേഹത്തോടെ മുട്ടിയുരുമ്മി നില്‍ക്കുന്ന പശുക്കുട്ടിയെയും ഓര്‍മ്മിപ്പിക്കുന്ന എന്തോ ഒന്ന് ആ വ്യക്തിത്വവിശേഷത്തില്‍ ഉണ്ടായിരുന്നുതാനും.
ഒട്ടും കരുണയില്ലാത്തത് മദ്യപരോടു മാത്രം. ഈ അനിഷ്ടം ചിലപ്പോള്‍ വിഷമ സ്ഥിതിവരെ എത്താറുമുണ്ട്. ഒരിക്കല്‍ കോഴിക്കോടു വച്ച് ഒരു പുസ്തക പ്രകാശനം നടത്തി മാഷ് പ്രസംഗിച്ചുകൊണ്ടു നില്‍ക്കേ മദ്യപിച്ച് സ്വരം പിഴച്ച് ഒരാള്‍ ഇടയില്‍ കയറി ഇഴഞ്ഞ ശൈലിയില്‍ എന്തെല്ലാമോ പറയാന്‍ തുടങ്ങി. ഒരു ഹോട്ടലിന്റെ ഹാളിലായിരുന്നു ചടങ്ങ്. ഹാളിന്റെ ഒരു വാതില്‍ ഹോട്ടലിലെ ബാറിലേക്കായിരുന്നു! അവിടന്നിറങ്ങി വന്നാണ് മേപ്പടിയാന്‍ ഈ കലാപ്രകടനം തുടങ്ങിയത്.
മാഷ് പ്രസംഗം നിറുത്തി അയാളോട് പറഞ്ഞു. 'നല്ല ചുട്ട പിടയാണ് ഈ രോഗത്തിന് മരുന്ന്'. അതോടെ അക്രമാസക്തനായ അയാളെ ഹോട്ടലുകാര്‍ പിടിച്ചുകൊണ്ടുപോയി. പക്ഷേ, യോഗം അലങ്കോലമായി.


ദുര്‍വാസാവെന്ന ചീത്തപ്പേര് സമ്പാദിച്ച മാഷ് എത്ര ആര്‍ദ്ര ഹൃദയനായിരുന്നു എന്ന് എനിക്കറിയാം. ഒരിക്കലൊരു യാത്രയില്‍ എന്നോട് രഹസ്യമായി ചോദിച്ചു. 'മറ്റെല്ലാ ജോലികളും ഉപേക്ഷിച്ച് എഴുതാന്‍ വേണ്ടി നാട്ടിലേക്കു പോന്നിട്ട് ചെലവിന് വിഷമമുണ്ടോ, ഇല്ലയോ?'
'ഇല്ല സാര്‍, എന്റെ എല്ലാ ജീവിതാവ ശ്യങ്ങളും വായനക്കാര്‍ അറിഞ്ഞു നിറവേറ്റുന്നുണ്ട്.'
'കുടുംബവും കുട്ടികളുമൊന്നുമില്ലാത്ത ഞാന്‍ പോലും പലപ്പോഴും ഏറക്കുറെ വിഷമിച്ചുപോകാറുണ്ടെന്നുള്ളതുകൊണ്ട് ചോദിച്ചു എന്നേ ഉള്ളൂ. എന്തെങ്കിലും അടിയന്തരാവശ്യം വന്നാല്‍ പറയാന്‍ മടിക്കരുത്.'
അനൌപചാരിക ഗുരുസ്ഥാനത്ത് ഞാന്‍ കാണുന്നവരില്‍ - സുഹൃത്തുക്കളായി ഞാന്‍ കാണുന്ന എഴുത്തുകാര്‍ക്കിടയിലും - മറ്റൊരാളും ഈ ചോദ്യം എന്നോടു ചോദിച്ചിട്ടില്ല.

എല്ലാ കണക്കും തീര്‍ത്ത്...

എല്ലാ കണക്കും തീര്‍ത്ത്...
ആര്‍.ഗോപീകൃഷ്ണന്‍
ശരശയ്യയില്‍ കിടന്ന ഭീഷ്മ പിതാമഹനെപ്പോലെ സ്വച്ഛന്ദമൃത്യുവായിരുന്നു അഴീക്കോട് മാഷ്. താന്‍ മരിക്കേണ്ട സമയം അദ്ദേഹം നിശ്ചയിച്ചു. ജീവിതത്തിലെ എല്ലാ കണക്കും കടങ്ങളും തീര്‍ത്ത് കടന്നുപോകാന്‍ ആര്‍ക്കും പ്രകൃതി അവസരം നല്‍കാറില്ല. അഴീക്കോട് മാഷിന് മാത്രം ആ വരവും ലഭിച്ചു.
തൃശൂര്‍ അമല ആശുപത്രിയുടെ പാലിയേറ്റീവ് കെയര്‍ വാര്‍ഡിലെ ഐ.സി.യു വില്‍ കിടന്നുകൊണ്ട് മാഷ് ജീവിതകാലത്തെ എല്ലാ പരിഭവങ്ങളും പറഞ്ഞുതീര്‍ത്തു. എല്ലാ കലഹങ്ങളും അവസാനിപ്പിച്ചു. ഒടുവില്‍ സ്നേഹം മാത്രമായി മാറി അദ്ദേഹം. 'ആളുകള്‍ എന്നെ ഇത്രമാത്രം സ്നേഹിക്കുന്നുണ്ടല്ലോ. അതെങ്ങനെ ഞാന്‍ തിരിച്ചുകൊടുക്കും?' കൈകളില്‍ മുറുകെ പിടിച്ചുകൊണ്ടു മാഷ് ചോദിച്ചപ്പോള്‍ ആ സ്നേഹക്കടല്‍ ഞാന്‍ തിരിച്ചറിഞ്ഞു.
പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനാണ് ആശുപത്രിയിലെത്തി പിണക്കത്തിന് വിരാമമിട്ട ആദ്യ വി.ഐ.പി. പരസ്പരം ബഹുമാനിച്ചിരുന്നെങ്കിലും അഴീക്കോടിന്റെ വിമര്‍ശനമേറ്റ് മനംനൊന്തിരുന്നു വി.എസിന്. തമ്മില്‍ക്കണ്ടപ്പോള്‍ കാലുഷ്യം മറഞ്ഞു.


ചങ്ങാതിമാരായിരുന്ന ടി.പദ്മനാഭന്റെയും എം.കെ.സാനുമാഷിന്റെയും ഊഴമായിരുന്നു അടുത്തത്. ഇരുവരുടെയും സന്ദര്‍ശനം ആ മനസിനെ കുറച്ചൊന്നുമല്ല തണുപ്പിച്ചത്. അപ്രതീക്ഷിതമായിരുന്നെങ്കിലും കേരളം ഉറ്റുനോക്കിയ കൂടിക്കാഴ്ചയായിരുന്നു അടുത്തത്. ഒരു പൂക്കൂടയുമായി വിലാസിനി ടീച്ചര്‍ കാണാനെത്തി. 'ഞാന്‍ പൊന്നുപോലെ നോക്കിക്കൊള്ളാ'മെന്ന ടീച്ചറിന്റെ വാക്കുകളും മാഷ് ഹൃദയപൂര്‍വം കേട്ടു.
എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഭാര്യ പ്രീതി നടേശനുമൊത്ത് എത്തിയതോടെ മറ്റൊരു കനലടങ്ങി. ഏറെക്കാലം അകന്നുനിന്നതിന്റെ ദുഃഖം ഇരുവരും പങ്കിട്ടുപിരിഞ്ഞു.


തനിക്ക് രോഗമാണെന്നറിഞ്ഞപ്പോള്‍ത്തന്നെ എല്ലാവരോടും ക്ഷമിക്കാനുള്ള മനസ് മാഷ് കാണിച്ചു. മോഹന്‍ലാലുമായുള്ള കേസ് ആയിരുന്നു ബാക്കിനിന്നത്. ലാലിനെതിരേ ചില നിര്‍ണായകരേഖകള്‍ അദ്ദേഹത്തിന്റെ പക്കലെത്തിയിരുന്നു. എങ്കിലും ലാലിന് മാപ്പുനല്‍കാന്‍ മാഷ് സന്നദ്ധനായി.
വിവരം സുഹൃത്തുക്കള്‍ വഴി മോഹന്‍ലാലിനെ അറിയിച്ചു. അഭിഭാഷകര്‍ തമ്മില്‍കണ്ടു. കേസ് രാജിയായി. ലാലിന്റെ അമ്മയുമായി സംസാരിച്ചു. താരനായകന്‍ കാണാനെത്തുമെന്ന പ്രതീക്ഷയില്‍ പലദിവസവും കാത്തിരുന്നു. ഒടുവില്‍ ലാലെത്തി കാല്‍ തൊട്ടുവന്ദിച്ച് വിങ്ങിയപ്പോള്‍ അവസാന കണക്കും തീര്‍ന്നു. ദൈവാനുഗ്രഹത്തിന്റെ അത്യപൂര്‍വപുണ്യവുമായി ആ തേജോമയ കിരണം

ഇണങ്ങിയും പിണങ്ങിയും അറുപതാണ്ടുകള്‍

ഇണങ്ങിയും പിണങ്ങിയും അറുപതാണ്ടുകള്‍
പ്രൊഫ. എം.കെ. സാനു
അറുപതു വര്‍ഷത്തിനപ്പുറം അഴീക്കോടുമായി ബന്ധമുണ്ടായിരുന്നു. ഇണങ്ങിയും പിണങ്ങിയുമുള്ള ബന്ധം. ഇടയ്ക്ക് ഏറെ തെറ്റിദ്ധരിക്കപ്പെട്ടു. ബന്ധത്തിന്റെ ഇഴകള്‍ അകന്നു. എങ്കിലും രോഗബാധിതനായി കിടന്നപ്പോള്‍ കാണാന്‍ പോയി.
പഴയ വിരോധം വച്ചിരിക്കുകയാണോ, കാണാന്‍ പോകുന്നില്ലേ എന്ന് ചോദിച്ച് ഒരു സുഹൃത്താണ് സുകുമാര്‍ അവശനിലയിലാണെന്നറിയിച്ചത്. രോഗം അദൃശ്യമായി വന്ന് അപായപ്പെടുത്തുന്ന അവസ്ഥയില്‍ പഴയ വിരോധത്തിനൊക്കെ എന്തു പ്രസക്തി. അറിഞ്ഞ മാത്രയില്‍ ഞാന്‍ പോയി. എന്നെ കണ്ടപ്പോള്‍ ചിരിച്ചു. കിടക്കയില്‍ കിടന്നു കൊണ്ടു കൈ കൂട്ടിപ്പിടിച്ചു. പലതും പറഞ്ഞു. സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍.
സുകുമാറിന് കാലത്തെ അതിലംഘിക്കുന്ന സംഭാവന സാഹിത്യത്തില്‍ ചെയ്യാമായിരുന്നു. ചെയ്തില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. കൂടുതല്‍ പ്രസംഗവും വഴക്കുമായി പോയി ആ ജീവിതം. അവശനിലയിലായ സുകുമാറിനെ കാണാന്‍ പോകും മുമ്പ് വിലാസിനി ടീച്ചര്‍ എന്നോട് അഭിപ്രായം ചോദിച്ചിരുന്നു. രോഗിയായ ഒരാളെ കാണുന്നതില്‍ പഴയ ശത്രുത തടസ്സമാകരുത്. പിന്നെ, സ്വന്തം മനഃസാക്ഷിയോട് ചോദിച്ചു തീരുമാനമെടുക്കാനാണ് ഞാന്‍ ഉപദേശിച്ചത്. വിലാസിനി പൂക്കളുമായി പോയതും ഇരുവരും മനസ്സുതുറന്നു സംസാരിച്ചതുമെല്ലാം പത്രത്തില്‍ വന്നിരുന്നല്ലോ. അസുഖം ആര്‍ക്കും വരാം. കാലം എല്ലാ മായ്ക്കും. അല്ലെങ്കില്‍ നമ്മള്‍ മായ്ക്കണം.


'ജി. ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു' എന്ന പുസ്തകം എഴുതുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു. എഴുതരുത് എന്ന് ഞാന്‍ പറഞ്ഞിരുന്നു. ജി. കവിതകളിലെ സിംബലിസത്തെക്കുറിച്ച് പ്രസംഗങ്ങളില്‍ ഞാന്‍ വിമര്‍ശിച്ചു സംസാരിച്ചിരുന്നു. അതും ഒരു അദ്ധ്യായമായി വന്നപ്പോള്‍ ഞാന്‍ കൂടി ചേര്‍ന്നാണ് ആ പുസ്തകം തയ്യാറാക്കിയതെന്ന വിമര്‍ശനം ഉയര്‍ന്നു. ജിയും കുടുംബവും എന്നോട് ശത്രുതയിലായി.
സുകുമാറിനെതിരെ ശക്തമായ വിമര്‍ശനം ഉണ്ടായപ്പോള്‍ ഞാന്‍ ഒപ്പം നിന്നിരുന്നു. പാശ്ചാത്യ പൌരസ്ത്യ വിമര്‍ശനം വച്ച് ഓരോ പുസ്തകം ഞങ്ങള്‍ എഴുതണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും അത് നടന്നില്ല.


തൃശൂരില്‍ ഒരു സമ്മേളനത്തില്‍ വച്ചാണ് ആദ്യം പരിചയപ്പെട്ടത്. ഗാന്ധിസവുമായി ബന്ധപ്പെട്ട ആ യോഗത്തില്‍ ഞാന്‍ വിമര്‍ശിച്ചു സംസാരിച്ചത് പിടിച്ചില്ല. പിന്നെ എറണാകുളത്തെ ഒരു സമ്മേളനത്തിനു വന്നപ്പോള്‍ വീട്ടില്‍ വന്നു. അങ്ങനെ അടുത്ത ബന്ധമായി. മൂത്തകുന്നം എസ്.എന്‍.എം കോളേജില്‍ പ്രിന്‍സിപ്പലിനെ ആവശ്യമുണ്ടെന്ന് ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ പറഞ്ഞപ്പോള്‍ ചെറുപ്പക്കാരനായ പ്രിന്‍സിപ്പലിനെ തരാമെന്നു പറഞ്ഞ് അഴീക്കോടിനു കത്തെഴുതി വരുത്തി അവിടെ കൊണ്ടാക്കി.
കോഴിക്കോട് സര്‍വ്വകലാശാല രൂപീകരിച്ചതോടെ സുകുമാര്‍ അങ്ങോട്ടു പോയി. പി.വി.സിയായി ഞങ്ങള്‍ തമ്മില്‍ പിന്നെ ബന്ധപ്പെടുന്നത് ഞാന്‍ എം.എല്‍.എ ആയശേഷം അഴീക്കോട് തിരുവനന്തപുരത്ത് കാണാന്‍ വന്നപ്പോഴാണ്.
വിവാഹാലോചനയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം ഉണ്ടായിട്ടുണ്ട്. ഞാനതില്‍ കക്ഷിയല്ല. സഹോദരന്‍ അയ്യപ്പനെ കാണാന്‍ ഞങ്ങള്‍ ഒരുമിച്ചു പോയി. അഴീക്കോട് കല്യാണം കഴിച്ചോ എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോള്‍ സാനു വിവാഹകാര്യം ഏറ്റെടുക്കാന്‍ പറഞ്ഞു. ഇതിനിടെ സഹോദരന്‍ അയ്യപ്പന്‍ മരിച്ചു.


ഞങ്ങള്‍ കോട്ടയത്തൊരു പെണ്ണുകാണാന്‍ പോയി. പെണ്ണിന് ഇഷ്ടപ്പെട്ടില്ല. തിരുവനന്തപുരത്ത് പോയി. അതും ശരിയായില്ല. പിന്നെയാണ് വിലാസിയുടെ കാര്യം സുകുമാര്‍ പറഞ്ഞത്. ശബ്ദമാധുരി എന്നെ ആകര്‍ഷിച്ചു. കുട്ടിയെ തനിക്കിഷ്ടപ്പെട്ടെന്നു സുകുമാര്‍ അറിയിച്ചു. മേല്‍വിലാസം തന്നു. ഒരു സുഹൃത്തുവഴി ബന്ധപ്പെട്ടു. ഏറെ അംഗങ്ങളും പ്രാരാബ്ധമുള്ളതുമായ കുടുംബമാണെന്നു പറഞ്ഞു. ഡോ. ആര്‍. പ്രസന്നനും ഞങ്ങള്‍ക്കൊപ്പം പെണ്ണുകാണാന്‍ വന്നിരുന്നു. സ്ഥിരം ഉപയോഗിക്കുന്ന ജുബ്ബായ്ക്കു പകരം സ്ളാക്ക് ഷര്‍ട്ടുമിട്ട് അഴീക്കോട് അണിഞ്ഞൊരുങ്ങി വന്നത് ഇന്നുമോര്‍ക്കുന്നു. അഴീക്കോട് വിലാസിനുമായി സംസാരിച്ചു. ഞാന്‍ രക്ഷകര്‍ത്താവായി. മാര്‍ച്ചിലായിരുന്നു പെണ്ണുകാണല്‍. മേയ് മാസത്തില്‍ കല്യാണവും നിശ്ചയിച്ചു. ഒരു ബസിനുള്ള ആളുവരുമെന്നും പറഞ്ഞാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നു പോന്നത്. പിന്നെ എന്തു സംഭവിച്ചു എന്നറിയില്ല. വിവാഹകാര്യം ചോദിച്ചപ്പോള്‍ മിണ്ടാതായി. ആര്‍. പ്രസന്നന്‍ ചോദിച്ചപ്പോഴും ഒഴിഞ്ഞുമാറി. വര്‍ഷങ്ങള്‍ക്ക് ശേഷം വിലാസിനി കേസുകൊടുത്തതും കത്ത് പ്രസിദ്ധീകരിച്ചതുമൊക്കെ വാര്‍ത്തയായല്ലോ. നിശ്ചയിച്ച വിവാഹം എന്തുകൊണ്ടു നടന്നില്ല എന്ന് എനിക്ക് ഇന്നും അറിയില്ല. വിലാസിനി രോഗക്കിടക്കയില്‍ പൂക്കളുമായി പോയതും ഇരുവരും മനസ്സുതുറന്നതുമൊക്കെ ഒരു നിയോഗമാകാം.
പണ്ട് ഞങ്ങള്‍ ഒരു ജ്യോത്സ്യനെ കാണാന്‍ പോയത് ഓര്‍ക്കുന്നു. കഴിഞ്ഞ ജന്മത്തില്‍ സുകുമാര്‍ ഒരു രാജകൊട്ടാരത്തിലെ കഥ പറച്ചിലുകാരനായിരുന്നുവെന്നും ഈ ജന്മത്തില്‍ കൂടുതല്‍ അംഗീകാരം കിട്ടുമെന്നും അയാള്‍ പറഞ്ഞത് ആസ്വദിച്ചു സുകുമാര്‍ ചിരിച്ചു.
ഒരു ഹോട്ടലില്‍ ഭക്ഷണത്തിനു കയറി. ഞാന്‍ മത്സ്യം വാങ്ങി. സുകുമാരന്‍ ഇറച്ചിയാണ് കഴിച്ചത്. ബുദ്ധിയുള്ളവര്‍ മീന്‍ കൂട്ടും. ബുദ്ധിയില്ലാത്തവര്‍ ഇറച്ചി കഴിക്കും എന്നു ഞാന്‍ പറഞ്ഞത് ആസ്വദിക്കാതെ ക്ഷുഭിതനായി പൊട്ടിത്തെറിച്ചത് ഓര്‍ക്കുന്നു.

മുഖം നോക്കാത്ത വിമര്‍ശകന്‍, സുഹൃത്ത്

മുഖം നോക്കാത്ത വിമര്‍ശകന്‍, സുഹൃത്ത്
എം.വി. ദേവന്‍
മുഖം നോക്കാതെയുള്ള ആരോഗ്യപരമായ വിമര്‍ശനത്തിനും സംവാദങ്ങള്‍ക്കും എന്നും മുന്നില്‍ നിന്നയാളാണ് ഡോ. സുകുമാര്‍ അഴീക്കോട്. ആറു പതിറ്റാണ്ടിലേറെയായി തുടരുന്ന സൌഹൃദത്തിനിടെ ഞാനും പലവട്ടം അഴീക്കോടുമായി കലഹിച്ചിട്ടുണ്ട്.
കോഴിക്കോട് മാതൃഭൂമിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി ഞാന്‍ ജോലി നോക്കുമ്പോള്‍ 1952 ലാണ് കണ്ണൂരില്‍ ഒരു വായനശാലയുടെ വാര്‍ഷിക ചടങ്ങില്‍ വച്ച് അഴീക്കോടുമായി നേരിട്ട് പരിചയപ്പെടുന്നത്; അതും ഏറ്റുമുട്ടലിലൂടെ. പ്രൊഫ. കരിമ്പുഴ രാമകൃഷ്ണന്‍ അദ്ധ്യക്ഷനും അഴീക്കോട് ഉദ്ഘാടകനുമായിരുന്നു. അക്കാലത്ത് സജീവമായിരുന്ന കലാസമിതിയുടെ പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന എന്‍.വി. കൃഷ്ണവാര്യര്‍ക്ക് അസുഖം മൂലം പോകാനായില്ല. പകരക്കാരനായാണ് ഞാന്‍ പങ്കെടുത്തത്. ചങ്ങമ്പുഴ കവിതകള്‍ അരോചകമാണെന്നും ജനങ്ങളില്‍ ചീത്ത വിചാരമുണ്ടാക്കുമെന്നും അദ്ധ്യക്ഷനും ഉദ്ഘാടകനും അഭിപ്രായപ്പെട്ടപ്പോള്‍, അത് മനപ്പൂര്‍വ്വമാണോയെന്നായി എന്റെ സംശയം. അവരുടെ അഭിപ്രായത്തെ നിശിതമായി ഞാന്‍ വിമര്‍ശിച്ചു. ഈ സമയം വേദിയിലിരുന്ന അഴീക്കോടും കരിമ്പുഴ രാമകൃഷ്ണനും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു. മഹാന്മാരായ നേതാക്കള്‍ ചോദ്യങ്ങള്‍ തുടര്‍ന്നാല്‍ തുടക്കകാരനായ ഞാന്‍ പ്രസംഗം അവസാനിപ്പിക്കുമെന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ഇതോടെ ശ്രോതാക്കള്‍ പ്രസംഗം തുടരണമെന്നാവശ്യപ്പെട്ടു.
ഈ സംഭവത്തിന് ശേഷം അഴീക്കോടുമായി കൂടുതല്‍ സൌഹൃദത്തിലായെങ്കിലും പിന്നീട് പലവട്ടം ഇണങ്ങിയും പിണങ്ങിയുമാണ് കാലം പോയത്. രണ്ട് വര്‍ഷം മുമ്പ് അഴീക്കോടിന് ലഭിച്ച 'സര്‍വ്വജ്ഞപീഠം' അവാര്‍ഡ് ഞാന്‍ വിമര്‍ശിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നിരസിച്ച സംഭവവും ഉണ്ടായി. 'നീതി - അനീതി' എന്ന വിഷയത്തില്‍ കൊച്ചിയില്‍ നടന്ന അഭിഭാഷകരുടെ ഒരു യോഗത്തിലാണ് ഞാന്‍ വിമര്‍ശനം ഉന്നയിച്ചത്. അടുത്ത ദിവസത്തെ പത്രങ്ങളില്‍ 'തനിക്ക് അവാര്‍ഡ് വേണ്ടെന്നും, ദേവന്‍ എടുത്തോളൂ' എന്നും അഴീക്കോട് പറഞ്ഞതായാണ് വന്നത്.


ഞാന്‍ മാതൃഭൂമിയില്‍ ജോലി ചെയ്യുമ്പോള്‍ അഴീക്കോട് ദേവഗിരി കോളേജില്‍ അദ്ധ്യാപകനായിരുന്നു. ദിവസവും വൈകുന്നേരങ്ങളില്‍ കോഴിക്കോട് ബീച്ചിലും മാനാഞ്ചിറ മൈതാനത്തും വച്ച് കണ്ടുമുട്ടിയിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ കലാസമിതിയുടെ യോഗത്തിലേക്ക് അഴീക്കോടിനെ ക്ഷണിക്കാതിരുന്നതിന്റെ പേരില്‍ സി.പി. ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇറങ്ങിപ്പോയ സംഭവവും ഉണ്ടായിട്ടുണ്ട്. അഴീക്കോടിനെക്കുറിച്ച് എനിക്ക് കേട്ടറിവു മാത്രമുള്ള കാലത്താണ് കലാസമിതിയുടെ യോഗം കണ്ണൂരില്‍ ചേരുന്നത്. മംഗലാപുരം കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന ടി. പത്മനാഭനായിരുന്നു യോഗം വിളിച്ചു ചേര്‍ക്കുന്നതിന്റെ ചുമതല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി യുവ സാഹിത്യകാരന്മാര്‍ യോഗത്തിനെത്തിയിട്ടുണ്ട്. യോഗം ആരംഭിച്ചയുടന്‍ ഈ യോഗത്തിലേക്ക് സുകുമാര്‍ അഴീക്കോടിനെ ക്ഷണിക്കാതിരുന്നതെന്താണെന്ന് ചോദ്യമുയര്‍ന്നു. അദ്ദേഹം സംസ്കൃത പണ്ഡിതനാണെന്നും ഇത് മലയാള സാഹിത്യകാരന്മാരുടെ യോഗമാണെന്നും പത്മനാഭന്‍ മറുപടി നല്‍കി. മറുപടി തൃപ്തികരമല്ലെന്നു പറഞ്ഞ് അന്ന് യോഗം ബഹിഷ്കരിച്ച നാല് പേരില്‍ പ്രധാനി സി.പി. ശ്രീധരനാണെന്ന് പിന്നീടാണ് ഞാന്‍ മനസിലാക്കിയത്.


എല്ലാ വിഷയത്തിലും വലിയ പാണ്ഡിത്യമുള്ള വ്യക്തിത്വമായിരുന്നു അഴീക്കോടിന്റേത്. ധാരാളം വായിക്കുകയും ഗ്രഹിക്കുകയും അത് വേദിയില്‍ ശക്തമായി ആവിഷ്കരിക്കുകയും ചെയ്തിരുന്നു. വ്യക്തി എന്ന നിലയില്‍ സ്നേഹബന്ധം സൂക്ഷിക്കാന്‍ കഴിയുന്ന നല്ലൊരു അദ്ധ്യാപകനുമായിരുന്നു. ഇഷ്ടപ്പെടാത്തതിനെ നിശിതമായി വിമര്‍ശിക്കാനും അദ്ദേഹത്തിന് മടിയില്ലായിരുന്നു. തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ കാണാന്‍ പോയ എന്നെ അഴീക്കോട് കൈ ഉയര്‍ത്തി അനുഗ്രഹിക്കുകയും ചെയ്തു.

വായന സ്വര്‍ഗമാക്കിയ ബാല്യകൌമാരങ്ങള്‍

വായന സ്വര്‍ഗമാക്കിയ ബാല്യകൌമാരങ്ങള്‍
സി.പി. സുരേന്ദ്രന്‍
വായിച്ചാല്‍ മനസ്സിലാകില്ലെന്നറിയാവുന്ന കാര്യങ്ങള്‍ വായിക്കുക. മുതിര്‍ന്നവര്‍ പിടികിട്ടാത്ത കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ കേട്ടിരിക്കുക. ഇക്കാലത്ത് 'ദുശ്ശീലങ്ങളെ' ന്നുതോന്നുന്ന ഇത്തരം കാര്യങ്ങളിലായിരുന്നു അഴീക്കോട്ടെ സുകുമാരന്റെ കുട്ടിക്കാലത്തെ ശ്രദ്ധയത്രയും.
അക്കാലത്ത് പിതാവ് ദാമോദരന്‍ മാഷിനെ കാണാന്‍ വേണ്ടി വീട്ടിലെത്തുന്നവര്‍ ചില്ലറക്കാരായിരുന്നില്ല. ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകന്‍ വാഗ്ഭടാനന്ദ ഗുരുദേവന്‍, എം.ടി. കുമാരന്‍, സ്വാതന്ത്യ്രസമരസേനാനി കൂടിയായിരുന്ന ടി.വി. അനന്തന്‍ എന്നിവരൊക്കെ ഇടയ്ക്കിടെ വീട്ടിലെത്തിരുന്നു.
അഴീക്കോട് തനിക്ക് ലഭിച്ചുവെന്ന് പറയുന്ന പൈതൃകസ്വത്തുക്കളില്‍ ഏറ്റവും വിലപ്പെട്ടത് സംസ്കൃതപണ്ഡിതനും പ്രാസംഗികനുമായിരുന്ന പിതാവ് വാങ്ങി സൂക്ഷിച്ചിരുന്ന പുസ്തകങ്ങളാണ്. പല ഗ്രാമീണ വായനശാലകളിലെയും പുസ്തകങ്ങളുടെ എണ്ണത്തെ തോല്‍പ്പിക്കുന്ന തരത്തിലുള്ള ശേഖരമായിരുന്നു അത്. പത്തു മുതല്‍ പതിനാറു വയസ്സുവരെ ഈ പുസ്തകങ്ങളിലായിരുന്നു സുകുമാരന്‍ അഭയം തേടിയിരുന്നത്.


പുരാണേതിഹാസങ്ങളും ഖണ്ഡകാവ്യങ്ങളും മഹാകാവ്യങ്ങളുമായിരുന്നു അഴീക്കോടിന്റെ വായനയുടെ ആദ്യഖണ്ഡം. ഈ കാലഘട്ടത്തില്‍ വായിച്ചിരുന്നതെല്ലാം സാഹിത്യമായിരുന്നുവെന്ന ബോധം തനിക്കുണ്ടായിരുന്നില്ലെന്ന് അഴീക്കോട് പറഞ്ഞിരുന്നു.
വായനയുടെ കവാടം തുറന്നുകിട്ടിയതോടെ മലയാള, സംസ്കൃത കൃതികള്‍ക്കൊപ്പം ഇംഗ്ളീഷ് പുസ്തകങ്ങളും വായിക്കാന്‍ തുടങ്ങി. അക്കാലത്ത് ലഭ്യമായിരുന്ന കനപ്പെട്ട പുസ്തകങ്ങളെല്ലാം വായിച്ചുതീര്‍ത്തു. സംസ്കൃതകൃതികളിലുള്ള അവഗാഹം പില്‍ക്കാലത്ത് എം.എ മലയാളത്തിന് സ്വര്‍ണ്ണമെഡല്‍ നേടാന്‍ തന്നെ സഹായിച്ചതായി അഴീക്കോട് ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ശാന്തമായ തുടക്കം പിന്നെ സാഗരം ഗര്‍ജനം

അരുവിയിലെ കുഞ്ഞോളം പോലെ തുടക്കം. വളരെ പതിയെ, ശാന്തമായി. പിന്നീട് ആവേശത്തിന്റെ ഉച്ചസ്ഥായിയിലാകും, ഒടുവില്‍ അതൊരു സാഗരഗര്‍ജനമാകും.
1945 ഏപ്രില്‍ 14 ന് മേടം ഒന്ന് വിഷുദിനത്തിലാണ് സുകുമാര്‍ അഴീക്കോട് എന്ന പ്രസംഗികന്റെ പിറവി. മംഗലാപുരത്ത് ബി.കോമിന് പഠിക്കുന്ന കാലം. വയസ് 19. അക്കാലത്ത് ഡോ.ഭാസ്കരന്‍നായര്‍ കുമാരനാശാന്റെ വിഷാദാത്മകതയെ വിമര്‍ശിച്ച് എഴുതിയ ശക്തമായ ലേഖനത്തിനുളള മറുപടിയായിരുന്നു ആ പ്രസംഗം. കണ്ണൂര്‍ നഗരത്തിന്റെ നടുവില്‍ ഒരു മാടക്കടയുടെ ഉളളിലുളള മുറിയിലായിരുന്നു കന്നിപ്രസംഗം. സാഹിത്യതല്‍പ്പരരായ നാല്‍പ്പതോളം പേര്‍ അന്ന് കേള്‍വിക്കാരായി ഉണ്ടായിരുന്നു.


അഴീക്കോട്ടെ ആത്മവിദ്യാസംഘത്തിന്റെ സ്വാധീനം കുട്ടിക്കാലത്തു തന്നെ സുകുമാര്‍ അഴീക്കോടിനെ ധൈഷണികസംവാദത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചിരുന്നു. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലെ അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ഇംഗ്ളീഷ് പ്രസംഗങ്ങളാണ് അഴീക്കോടിന്റെ മനസ്സില്‍ പ്രസംഗത്തിന്റെ ആദ്യപാഠങ്ങള്‍ എഴുതിയിട്ടത്.
സ്വാമി ആര്യഭടന്‍, എം.ടി.കുമാരന്‍, വാഗ്ഭടാനന്ദന്‍ എന്നിവരുടെ പ്രഭാഷണങ്ങള്‍ അഴീക്കോട് എന്ന പ്രഭാഷകന്റെ ചിന്തയേയും വാക്കിനേയും ഊതിക്കാച്ചി പൊന്നാക്കിമാറ്റി. യുവാവാകുമ്പോഴേക്കും ഉത്തരകേരളത്തിലുടനീളം പ്രശസ്തിയാര്‍ജ്ജിച്ച പ്രഭാഷകനായി മാറി. സാഹിത്യം, തത്ത്വചിന്ത, സാമൂഹികജീവിതം, ദേശീയത, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലുള്ള നൈപുണ്യവും ഭാഷയുടെ ചടുലതയും അഴീക്കോടിന്‍െറ പ്രഭാഷണങ്ങളെ സവിശേഷമാക്കി.


മലയാളത്തിന്‍െറ പ്രിയങ്കരനായ വാഗ്മിയായി അഴീക്കോട് വളര്‍ന്നുപന്തലിച്ചത് ആ വാക്കുകളുടെ ശക്തികൊണ്ടായിരുന്നു. ഔദ്യോഗികജീവിതത്തില്‍ നിന്ന് പിരിഞ്ഞശേഷം പ്രഭാഷണം തന്നെയായി മുഖ്യ ആവിഷ്കാരമാര്‍ഗ്ഗം. സാഹിത്യത്തെക്കാള്‍ രാഷ്ട്രീയം ഉള്‍പ്പെടെയുള്ള പൊതുവിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടുള്ള പ്രഭാഷണങ്ങള്‍ നിശിതമായ വിമര്‍ശനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. പതിനായിരത്തിനും അപ്പുറം വേദികള്‍, പ്രഭാഷണങ്ങള്‍ക്കായി ദിവസവും മൈലുകളോളം യാത്രകള്‍, സൂര്യനു കീഴിലുളള മിക്ക വിഷയങ്ങള്‍ക്കും വേദത്തെ കുറിച്ച് പറയുമ്പോഴും മന്‍മോഹന്‍സിംഗിലേക്കെത്താന്‍ കഴിയുന്ന, എഴുത്തച്ഛനെ കുറിച്ച് പറയുമ്പോഴും സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പരാമര്‍ശിക്കാന്‍ കഴിയുന്ന സാഹിത്യലോകത്തെ ആ കടലിരമ്പത്തിന്റെ ആരവം കാലമെത്ര കഴിഞ്ഞാലും ഒരു ശംഖിലെന്ന പോലെ മലയാളിമനസ്സുകളില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും.

സാഗരഗാംഭീര്യം സ്വന്തം ലേഖകനായപ്പോള്‍

കേരള നിയമസഭയിലും ഡോ.സുകുമാര്‍ അഴീക്കോട് അന്ന് ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
2006 ഒക്ടോബര്‍ 10.
അന്ന് കേരള നിയമസഭയിലേക്ക് അഴീക്കോട് വരികയാണ്. അതിനുമുമ്പ് പല തവണ എം.എല്‍.എ ആയി കടന്നുവരാന്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കക്ഷികള്‍ ഉറച്ച സീറ്റുകള്‍ വാഗ്ദാനം ചെയ്ത് മാഷിനെ ക്ഷണിച്ചതാണ്. പക്ഷേ, അദ്ദേഹം അതിനോട് മുഖം തിരിഞ്ഞ് നില്‍ക്കുകയായിരുന്നു.
അന്ന് അദ്ദേഹം കേരള നിയമസഭയിലേക്ക് എത്തിയത് 'കേരളകൌമുദി' ലേഖകന്‍ എന്ന നിലയിലാണ്. പത്രപ്രവര്‍ത്തനം തൊഴിലല്ലാത്ത ഒരു സാംസ്കാരികനായകന്‍ പത്രപ്രവര്‍ത്തകനായി കേരള നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ടുചെയ്യുക എന്ന ചരിത്രനിയോഗം ഏറ്റെടുത്താണ് വരവ്. ഇന്ത്യയിലെ മറ്റൊരു നിയമനിര്‍മ്മാണ സഭയിലും സമാനമായ സംഭവമില്ല.


രാവിലെ 8.30 നാണ് നിയമസഭ തുടങ്ങുന്നതെങ്കിലും റിപ്പോര്‍ട്ടറായ മാഷ് എട്ടിനുതന്നെ എത്തി. അന്ന് 'കേരളകൌമുദി' തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ലേഖകന്‍, രാഷ്ട്രീയ ലേഖകന്‍ ബി.വി.പവനന്‍, പ്രത്യേക ലേഖകരായ എം.എം.സുബൈര്‍, എ. സി.റെജി, കാര്‍ട്ടൂണിസ്റ്റ് ടി. കെ.സുജിത് എന്നിവരോടൊപ്പമാണ് അദ്ദേഹം നിയമസഭാ മന്ദിരത്തിലേക്ക് വന്നത്.
നിയമസഭാ മന്ദിരത്തിന് മുന്നിലെ മഹാത്മാ ഗാന്ധിയുടെ കുനിഞ്ഞിരിക്കുന്ന പ്രതിമ കണ്ടതും അദ്ദേഹത്തിലെ വിമര്‍ശകന്‍ ഉണര്‍ന്നു.
"ശരിക്കും ഇങ്ങനെയല്ല ഗാന്ധി. ഇങ്ങനെ കുനിഞ്ഞ് താഴോട്ട് നോക്കിനില്‍ക്കുന്ന ഗാന്ധി വേറെ എവിടെയുമില്ല. നമ്മുടെ സാമാജികരെ നേരേ നോക്കാന്‍ പറ്റാത്തതുകൊണ്ടാവും ഗാന്ധി താഴോട്ട് നോക്കിയിരിക്കുന്നത്" - മാഷ് ഞങ്ങളെ ചിരിപ്പിച്ചു.
സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ അഴീക്കോടിനെ കാത്തിരിക്കുകയായിരുന്നു. അദ്ദേഹമായിരുന്നു അഴീക്കോടിനെ സഭയിലെത്തിക്കുന്നതില്‍ നിര്‍ണായക തീരുമാനമെടുത്തത്.
'കേരളകൌമുദി'യിലെ പത്രപ്രവര്‍ത്തകരുടെ ഒരു യോഗത്തില്‍ നിയമസഭ എങ്ങനെ വ്യത്യസ്തമായി റിപ്പോര്‍ട്ട് ചെയ്യാം എന്ന ആലോചനയുണ്ടായി. സെലിബ്രിറ്റികളെക്കൊണ്ടുവന്ന് പരീക്ഷിക്കാമെന്ന് ന്യൂസ് എഡിറ്റര്‍ പദ്മനാഭന്‍ നമ്പൂതിരി നിര്‍ദ്ദേശിച്ചു. അദ്ദേഹം നിര്‍ദ്ദേശിച്ച പേരുകളില്‍ നിന്ന് എക്സിക്യുട്ടീവ് എഡിറ്ററായിരുന്ന ബി.സി.ജോജോയാണ് അഴീക്കോട് മാഷിനെ കൊണ്ടുവരാമെന്ന് അഭിപ്രായപ്പെട്ടത്. മാനേജിംഗ് എഡിറ്റര്‍ ദീപുരവിയും യോജിച്ചു. അന്നുതന്നെ ജോജോ അഴീക്കോട് മാഷെ ഫോണില്‍ വിളിച്ച് സംസാരിച്ചു. പദ്ധതി കേട്ട മാഷ് ആവേശഭരിതനായി.


ഇതെത്തുടര്‍ന്ന് നിയമസഭയില്‍ 'കേരളകൌമുദി'ക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ അഴീക്കോട് മാഷിന് പാസ് അനുവദിക്കണമെന്ന് സ്പീക്കര്‍ക്ക് കത്തുനല്‍കി. ഒരു പ്രത്യേക വ്യക്തിക്ക് ഇങ്ങനെ പറ്റില്ലെന്നും സ്റ്റാഫ് ആയി നിയമിച്ചശേഷം അപേക്ഷിച്ചാല്‍ പരിഗണിക്കാമെന്നായിരുന്നു നിയമസഭാ സെക്രട്ടേറിയറ്റിന്റെ നിലപാട്. ഇക്കാര്യം മാഷോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ എന്നെ അഡ്വൈസറായി നിയമിച്ചുവെന്ന് പറഞ്ഞ് കത്ത് കൊടുക്കെന്ന് നിര്‍ദ്ദേശിച്ചത് അദ്ദേഹംതന്നെയായിരുന്നു. ഇക്കാര്യത്തില്‍ ഇടപെട്ട പവനനോട് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനുമായും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുമായും സംസാരിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയോട് ഈ ലേഖകനും ഉമ്മന്‍ചാണ്ടിയോട് പവനനും സംസാരിച്ചു. ഇരുവരും പൂര്‍ണമനസോടെ അഴീക്കോടിനെ സ്വാഗതം ചെയ്തു. ഇത് രഹസ്യമായി സൂക്ഷിക്കണമെന്ന അഭ്യര്‍ത്ഥന മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറും പാലിച്ചു.


അതുകൊണ്ടുതന്നെ, 'കേരളകൌമുദി ലേഖകനാ'യി സുകുമാര്‍ അഴീക്കോടിനെ നിയമസഭയുടെ പ്രസ് ഗാലറിയില്‍ കണ്ടപ്പോള്‍ എം.എല്‍. എമാര്‍ അമ്പരന്നു. പിന്നീട് അത് ആദരം കലര്‍ന്ന അദ്ഭുതമായി. അതുകൊണ്ടുതന്നെ അന്ന് നിയമസഭാ നടപടികള്‍ ഉന്നത നിലവാരം പുലര്‍ത്തി. തരംതാണ കമന്റുകളോ അനാവശ്യ ബഹളമോ ഇറങ്ങിപ്പോക്കോ ഉണ്ടായില്ല.
മാഷിനെ പ്രസ് ഗാലറിയില്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ ഇങ്ങോട്ടുവന്ന് കാണുകയായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദും നിയമസഭാചട്ടമനുസരിച്ച് ഇവിടെ വന്ന് പത്രക്കാരെ കാണാന്‍ പാടില്ലെന്ന് മാഷിനെ ഓര്‍മ്മിപ്പിച്ചശേഷം ചോദിച്ചു: "മാഷ് ഇവിടെ വന്നിരിക്കുമ്പോള്‍ വന്നു കാണാതിരിക്കുന്നതെങ്ങനെയാണ്?"
"നിയമസഭ ടി.വിയില്‍ കണ്ടിട്ടേയുള്ളൂ. എനിക്ക് 80 വയസ്സായി. വല്ലതും സംഭവിക്കുന്നതിന് മുമ്പ് ഇതൊന്ന് കാണണം" - തന്നെ വന്നുകണ്ട് മാഷ് ഇവിടെയല്ല മുന്നില്‍ (മന്ത്രിമാരും കക്ഷിനേതാക്കളും ഇരിക്കുന്ന നിരയില്‍) ആണ് ഇരിക്കേണ്ടതെന്ന് പറഞ്ഞവരോട് 'നേരത്തേതന്നെ പലരും അത് വാഗ്ദാനം ചെയ്തതാണെന്നറിയാമല്ലോ' എന്ന് പറഞ്ഞശേഷം അദ്ദേഹം എന്തുകൊണ്ട് ഇപ്പോള്‍വന്നു എന്നതിന്റെ ഉത്തരം നല്‍കി.


രാവിലെ 11 ന് അന്നത്തെ 'കേരളകൌമുദി ഫ്ളാഷ്' നിയമസഭയിലെത്തി. മദ്ധ്യാഹ്നപത്രത്തിന്റെ അന്നത്തെ പ്രധാന വാര്‍ത്തയും ചിത്രവും അഴീക്കോടിന്റെ 'സഭാപ്രവേശ'മായിരുന്നു.
" ഫ്ളാഷ് നന്നായിട്ടുണ്ട്. ഇതുകൊണ്ട് ഞാന്‍ വീട്ടില്‍ പോയാല്‍ നാട്ടുകാര്‍ എന്നെ മാലയിട്ട് സ്വീകരിക്കും" - അദ്ദേഹം സന്തോഷം മറച്ചുവച്ചില്ല.
മാഷിന്റെ നിയമസഭാ റിപ്പോര്‍ട്ടിംഗ് മറ്റ് പത്രലേഖകര്‍ക്കും ദൃശ്യമാദ്ധ്യമങ്ങളിലെ ലേഖകര്‍ക്കും ആവേശമായി. ചരിത്രനിയോഗത്തിന് സാക്ഷ്യം വഹിക്കുന്നതിലെ സന്തോഷമായിരുന്നു അവര്‍ക്ക്. മാഷിന്റെ 'മീറ്റ് ദി പ്രസ്' വേണമെന്നായിരുന്നു അവരുടെ ആവശ്യം. പനിക്കിടക്കയിലായിരുന്ന പ്രസ്ക്ളബ്ബ് സെക്രട്ടറിയും 'കേരളകൌമുദി' പ്രത്യേകലേഖകനുമായിരുന്ന വി. എസ്.രാജേഷിനോട് പറഞ്ഞപ്പോള്‍ നൂറുവട്ടം സമ്മതം. നിയമസഭാ സമ്മേളനം പിരിഞ്ഞശേഷമുള്ള സമയം അതിനായി നിശ്ചയിച്ചു.
അന്ന് വൈകുന്നേരം നിയമസഭ പിരിയുന്നതുവരെയുള്ള സമയത്ത് ഉച്ചഭക്ഷണം കഴിഞ്ഞ് കഷ്ടിച്ച് അരമണിക്കൂര്‍ വിശ്രമിച്ചു എന്നതൊഴിച്ചാല്‍ മുഴുവന്‍ സമയവും അദ്ദേഹം സഭാനടപടികള്‍ വീക്ഷിച്ചു.


"ഇവര്‍ക്ക് 45 മാര്‍ക്ക് കൊടുക്കേണ്ടി വരുമെന്നേ കരുതിയുള്ളൂ. നേരിട്ടു കണ്ടപ്പോള്‍ നൂറില്‍ 70 മാര്‍ക്ക് നല്‍കാന്‍ തോന്നുന്നു" - അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും മികച്ച സാമാജികനായി അഴീക്കോട് മാഷ് തിരഞ്ഞെടുത്ത സി.കെ.പി പദ്മനാഭന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി. എം സീറ്റ് നല്‍കാത്തതിനെ വിധിയുടെ ഫലിതമായി കരുതാം.
അന്ന് സമ്മേളനം കഴിഞ്ഞ ഉടന്‍ വാര്‍ത്ത തയാറാക്കുന്നതില്‍ കാട്ടിയ ജാഗ്രത അഴീക്കോടിലെ പ്രൊഫഷണല്‍ ജേര്‍ണലിസ്റ്റിനെ കാട്ടിത്തരികയായിരുന്നു. അതുകഴിഞ്ഞ് വിവിധ ചാനലുകളിലെ 'ന്യൂസ് അവര്‍' ചര്‍ച്ചകളിലേക്ക് ക്ഷണം. അത് സ്വീകരിക്കാമോ എന്ന് സംശയം. 'കേരളകൌമുദി'യുടെ ക്ഷണം സ്വീകരിച്ചശേഷം മറ്റ് മാദ്ധ്യമങ്ങളില്‍ പോകുന്നത് ശരിയാണോ എന്ന ചിന്തയായിരുന്നു അതിന് കാരണം. 'കേരളകൌമുദി' തന്നെ അതിനായി വാഹനംവിട്ടുകൊടുത്തപ്പോള്‍ മാഷിന് സന്തോഷമായി.
മാഷിനോടുള്ള ആദരസൂചകമായി നക്ഷത്രഹോട്ടലില്‍ ഒരുക്കിയ അത്താഴവിരുന്നില്‍ ന്യൂസ് അവര്‍ ചര്‍ച്ച കഴിഞ്ഞ് എത്തിയപ്പോള്‍ വൈകി. അപ്പോഴും 'കേരളകൌമുദി'യിലെ പ്രമുഖര്‍ കാത്തിരുന്നത് മാഷിനെ വികാരാധീനനാക്കി...
ചരിത്രം തേരോടിച്ച ആ സുന്ദരമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയും പങ്കാളിയുമാകാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏത് അദ്ധ്യായത്തെക്കാളും മുകളിലല്ലേ? ഒരുപാട് കയ്പ് ചവര്‍പ്പുകള്‍ക്കിടയില്‍, കാലം കാത്തുവച്ച സൌഭാഗ്യങ്ങളാവാം ഇങ്ങനെയൊക്കെ വീണുകിട്ടുന്നത്.

തൃശൂരിന്റെ തലയെടുപ്പ് താണു

വടക്കുന്നാഥന്‍ വാണരുളുന്ന മണ്ണിലേക്ക് വടക്കുനിന്നെത്തി വാസമുറപ്പിച്ച ആ സ്നേഹധനന്‍ തൃശൂരിന് ഇനി കണ്ണീരിലെഴുതിയ ഓര്‍മ്മ മാത്രം. സാംസ്കാരിക തലസ്ഥാനത്തിന് പ്രൌഢശോഭ പരത്തിയ സൂര്യന്‍ അസ്തമിച്ചു. ജീവന്‍ തുടിച്ച പകലുകള്‍ക്കും സ്നേഹം പകര്‍ന്ന സായന്തനങ്ങള്‍ക്കും വിട.
കര്‍മ്മം കൊണ്ട് തൃശൂരുകാരനാവുക. അങ്ങനെ ഒട്ടേറെ പ്രമുഖരുണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ മുതല്‍ക്കുളള ആ നിരയില്‍ ഒരു പന്തവുമേന്തി സുകുമാര്‍ അഴീക്കോട് മുന്നിലുണ്ടായിരുന്നു. രണ്ടര ദശാബ്ദത്തിന്റെ തൃശൂര്‍ പാരമ്പര്യം.
1956 ല്‍ പൂങ്കുന്നം ആശ്രമത്തിലായിരുന്നു തൃശൂരിന്റെ മണ്ണില്‍ അഴീക്കോടിന്റെ ശബ്ദം മുഴങ്ങിയത്. സാഹിത്യ അക്കാഡമിയുമായുളള ബന്ധമാണ് പിന്നീട് തൃശൂരുമായി അടുപ്പിച്ചത്. 1958 മുതല്‍ അക്കാഡമിയുടെ സാമാന്യ അംഗവും 1971 മുതല്‍ 84 വരെ നിര്‍വ്വാഹകസമിതി അംഗവുമായി.


പൊന്‍കുന്നം വര്‍ക്കിയും കേശവദേവും ഉറൂബും തകഴിയും വൈക്കം മുഹമ്മദ് ബഷീറുമെല്ലാം നിറഞ്ഞ മലയാള സാഹിത്യത്തിന്റെ പരമോന്നതപീഠമായിരുന്നു അന്ന് അക്കാഡമി. ആ പ്രതിഭകളോടൊത്തുളള അക്കാഡമി ദിനങ്ങളും സായന്തനങ്ങളും സംഗമങ്ങളും ജീവിതത്തിലെ രജതപ്രഭകളായി എന്നും നില്‍ക്കുന്നുവെന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്.
തൃശൂരിലെ എക്സ്പ്രസ് പത്രത്തിന്റെ പത്രാധിപര്‍ വി.കരുണാകരന്‍ നമ്പ്യാരാണ് അഴീക്കോടിനോട് തൃശൂരില്‍ താമസമാക്കാന്‍ ഉപദേശിച്ചത്. 1984 ല്‍ വിയ്യൂരില്‍ സ്ഥലം വാങ്ങി. തകഴിയായിരുന്നു രജിസ്ട്രേഷന്റെ സാക്ഷി. 1986 ല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പിരിഞ്ഞ് തൃശൂരിന്റെ മണ്ണില്‍ കാലൂന്നി. കോഴിക്കോട്ടേക്ക് മടങ്ങാനുള്ള നിര്‍ബന്ധങ്ങള്‍ സ്നേഹപൂര്‍വം തിരസ്കരിച്ചു.


വിയ്യൂരില്‍ ഇരുപതു വര്‍ഷത്തെ ജീവിതത്തിനു ശേഷം എരവിമംഗലം എന്ന ഉള്‍നാടന്‍ ഗ്രാമത്തിലേക്ക് അഴീക്കോട് ചേക്കേറി. കനാലും കാടും കൃഷിയുമെല്ലാമുളള എരവിമംഗലം അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. എരവിമംഗലത്തുകാര്‍ അദ്ദേഹത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. വീടിനു മുന്നിലെ റോഡിന് സുകുമാര്‍ അഴീക്കോട് റോഡ് എന്ന് പേരുമിട്ടു.
എരവിമംഗലത്തെ മനോഹരമായ ഇരുനിലവീട്ടിലെ സ്വീകരണമുറിയില്‍ ലോകമെങ്ങുമുളള മലയാള സംഘടനകളുടെ സാന്നിദ്ധ്യമുണ്ട്.
എഴുത്തച്ഛന്‍ പുരസ്കാരവും വളളത്തോള്‍ പുരസ്കാരവും സാഹിത്യ അക്കാഡമി വിശിഷ്ടാംഗത്വവും 'തത്ത്വമസി'ക്ക് ലഭിച്ച കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡും വയലാര്‍ അവാര്‍ഡും സാഹിത്യ അക്കാഡമി അവാര്‍ഡുമെല്ലാം സ്വീകരണമുറിയില്‍ പ്രഭപരത്തുന്നു.
എം.പി. പോള്‍, മുണ്ടശ്ശേരി, പ്രൊഫ.പി. ശങ്കരന്‍നമ്പ്യാര്‍, പുത്തേഴത്ത് രാമന്‍മേനോന്‍, വൈലോപ്പിളളി, കെ.പി. നാരായണപിഷാരടി, ആര്‍. എം. മനയ്ക്കലാത്ത്, സി. അച്യുതമേനോന്‍ തുടങ്ങിയ മഹാരഥന്മാര്‍ ജീവിച്ച മണ്ണിനെ അഴീക്കോട് നെഞ്ചോടു ചേര്‍ത്തു.

'പ്രസംഗമില്ലാതെ ഞാന്‍ ജീവിച്ചിട്ടെന്തുകാര്യം?'

"ഞാനൊരു പബ്ളിക്ക് മാനാണ്. റേഡിയേഷന്‍ ചെയ്താല്‍ വായ ഒരു വശത്തേക്ക് കോടിപ്പോകും. പ്രസംഗിക്കാന്‍ കഴിയാതെ ഞാന്‍ ജീവിച്ചിരുന്നിട്ടെന്തു കാര്യം?" ആറുമാസങ്ങള്‍ക്ക് മുമ്പ് തനിക്ക് അര്‍ബുദ രോഗബാധയുണ്ടെന്ന് മനസിലായപ്പോള്‍ അഴീക്കോട് മാഷുടെ പ്രതികരണം ഇങ്ങനെയായിരുന്നു. പലരും നിര്‍ബന്ധിച്ചിട്ട് വഴങ്ങാതിരുന്നപ്പോഴാണ് കോട്ടയത്ത് പ്രാക്ട്രീസ് ചെയ്യുന്ന ഗുജറാത്തി ഡോക്ടറായ പട്ടേലിന്റെയടുത്ത് ചികിത്സ ആരംഭിച്ചത്.
പല്ലുവേദനയുടെ രൂപത്തിലായിരുന്നു അസുഖത്തിന് തുടക്കം. തിരുവനന്തപുരത്തെ സുഹൃത്തായ ഡോക്ടറുടെ അടുത്ത് നിന്ന് അണപ്പല്ല് എടുത്ത് ഇരവിമംഗലത്തെ വീട്ടില്‍ വന്നെങ്കിലും വായിലെ മുറിവ് ഉണങ്ങിയില്ല. ആന്റിബയോട്ടിക് രണ്ടു കോഴ്സ് പൂര്‍ത്തിയാക്കിയിട്ടും മുറിവ് ഉണങ്ങാതിരുന്നപ്പോഴാണ് സംശയം തോന്നിയത്. ഉണങ്ങാത്ത ഭാഗം പരിശോധനയ്ര്‍ക്കയച്ച് ബയോപ്സി ചെയ്തപ്പോള്‍ അസുഖം അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചു.
തൊണ്ടയിലെ ചെറിയ മുഴ റേഡിയേഷനിലൂടെ സുഖപ്പെടുത്താമെന്ന് പറഞ്ഞപ്പോഴായിരുന്നു പ്രസംഗം വിട്ട് തനിക്കൊരു ജീവിതമില്ലെന്ന് പ്രതികരിച്ചത്. ഹോമിയോ ചികിത്സ ശരീരവേദന കുറച്ചു. രോഗം തന്നെ കാര്‍ന്നുതുടങ്ങിയെന്നത് വകവയ്ക്കാതെ മാഷ് വിവിധ പരിപാടികളില്‍ ഓടി നടന്നു.


ഡിസംബര്‍ ഏഴിന് തേക്കിന്‍കാട് മൈതാനത്ത് നടന്ന സ്വാമി സുനില്‍ദാസിന്റെ പരിപാടിയിലാണ് മാഷ് അവസാനമായി പങ്കെടുത്തത്. അന്നു വൈകി രാത്രി ഇരവിമംഗലത്തെ വീട്ടിലെത്തുമ്പോഴേക്കും പനിയുടെ ലക്ഷണങ്ങള്‍ കണ്ടിരുന്നു.
എട്ടിന് രാവിലെ കുളിമുറിയില്‍ പോയ മാഷ് കാല്‍കുഴഞ്ഞ് തറയിലിരുന്നു. വീട്ടിലെ ജോലിക്കാരനെ പലതവണ വിളിച്ചെങ്കിലും വിളികേട്ടില്ല. രണ്ടുമണിക്കൂറിന് ശേഷം മാഷെ ആശുപത്രിയിലെത്തിക്കുന്നത് ഡോ. ത്രേസ്യാ ഡയസും മകനെപ്പോലെ അവസാനം വരെ കൂടെയുണ്ടായിരുന്ന സുരേഷും ചേര്‍ന്നായിരുന്നു.
മുന്‍പ് മാഷിന് ഇക്കിളിന്റെ വല്ലായ്മയുണ്ടായപ്പോള്‍ തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയിലായിരുന്നു ചികിത്സിച്ചത്. അവിടുത്ത ശുശ്രൂഷ മാഷിന് ഇഷ്ടമായിരുന്നു. ഇതിനാല്‍ ഹാര്‍ട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചത് മാഷ് തന്നെ.


അവിടത്തെ പരിശോധനയില്‍ അര്‍ബുദരോഗം രണ്ടാംഘട്ടത്തിലേക്ക് പ്രവേശിച്ചതായി കണ്ടെത്തി. നട്ടെല്ലിലേക്ക് അര്‍ബുദബാധ പടര്‍ന്നതിനാലായിരുന്നു കാല്‍കുഴഞ്ഞത്. രണ്ടുദിവസത്തിനു ശേഷം മാഷുടെ കാല്‍ പൂര്‍ണ്ണമായും തളര്‍ന്നു. റേഡിയേഷന്‍ അനിവാര്യമായതിനാല്‍ തൃശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റി. ആദ്യം റേഡിയേഷനെ എതിര്‍ത്ത മാഷ് പിന്നീട് സമ്മതിച്ചു.
ഡോക്ടറുടെ കുറിപ്പുകളെക്കാളും പാലിയേറ്റീവ് ചികിത്സയെക്കാളും രോഗത്തിന് ശമനം നല്‍കിക്കൊണ്ടുള്ള മരുന്ന് മാഷിന് ലഭിച്ചത് ആശുപത്രിയിലെ സന്ദര്‍ശകരിലൂടെയായിരുന്നു.
ഓരോ ദിവസവും പ്രമുഖരായ ആള്‍ക്കാര്‍ വരുമ്പോള്‍ മാഷ് വാതോരാതെ സംസാരിക്കും. അവര്‍ പോയിക്കഴിയുമ്പോള്‍ തന്റെ സംസാരത്തെക്കുറിച്ച് മാഷ് തന്നെ ആശുപത്രിയിലെ ഉറ്റവരോട് പറഞ്ഞ് അഭിമാനം കൊള്ളും.


ഇന്ന് മുഖ്യമന്ത്രിവരും. നാളെ എ.കെ. വരും. അവരൊക്കെ വലിയ ആളുകളല്ലേ. വെള്ളാപ്പള്ളി വരുന്നുണ്ട്. പപ്പനും. ഇങ്ങനെ കാണാന്‍ വരുന്നവരെക്കുറിച്ച് നേരത്തെ വിവരം ലഭിക്കുമ്പോള്‍ മാഷിന് ലഭിച്ചിരുന്ന സന്തോഷമായിരുന്നു ഏറ്റവും വലിയ മരുന്ന്.
രോഗം ശ്വാസകോശത്തെ ബാധിച്ച സമയത്ത് മാഷ് പറഞ്ഞു. "എനിക്കറിയാം, ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമെന്ന്. പക്ഷേ ഇവിടെയുള്ളവരും എന്നെ കാണാന്‍ വരുന്നവരെയും കാണുമ്പോള്‍ എനിക്കതാണ് വലിയ സന്തോഷം."
ഒടുവില്‍ അവസാനനാളുകളില്‍ സന്ദര്‍ശകര്‍ക്ക് ആശുപത്രിയില്‍ നിയന്ത്രണം വന്നു. മാഷുടെ പ്രധാന ഔഷധമാണ് അതോടെ നിലച്ചത്. ആരോടും സംസാരിക്കാന്‍ കഴിയാതെയുള്ള ആ കിടപ്പ് തളര്‍ത്തി. ഇനി എത്രനാളാ. അസുഖം മാറുന്നില്ലല്ലോ. എനിക്ക് വീട്ടില്‍പോകണം. മാഷിന്റെ നിര്‍ബന്ധത്തിനുമുന്നില്‍ ആര്‍ക്കും ഒന്നും പറയാന്‍ കഴിഞ്ഞില്ല. പലതും പറഞ്ഞ് ദിവസങ്ങള്‍ നീട്ടി. രോഗം തലച്ചോറിലേക്ക് കടന്നപ്പോള്‍ ഓര്‍മ്മശക്തി നിലച്ചു. കണ്ണുകള്‍ കാണാതായി. വിളിച്ചാല്‍ ഒന്നു കണ്ണു തുറന്നു നോക്കും. അത്ര മാത്രം. ഒടുവില്‍ പ്രസംഗഗോപുരം വാക്കുകള്‍ നിശബ്ദമാക്കി ചരിത്രത്തിലേക്ക് അടര്‍ന്നുവീണു.

സന്യാസിയുടെ ഗര്‍ജ്ജനം -ONV

ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തെ മനുഷ്യാലയമാക്കാന്‍ നിസ്തന്ദ്രം പ്രയത്നിച്ച മഹാമനീഷികളുടെ അവസാനത്തെ കണ്ണിയാണ് തന്റെ ഭൌതികപഞ്ജരമുപേക്ഷിച്ച് ചരിത്രത്തിന്റെ താളുകളിലേക്ക് കടന്നുപോയിരിക്കുന്നത്. ഡോ.സുകുമാര്‍ അഴീക്കോട് കേരളത്തിലെ ജനങ്ങളുടെ സ്മൃതിമണ്ഡപത്തിലെ കെടാത്ത ജ്വാലയായി മറ്റൊരു ജന്‍മം കൈവരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ മുമ്പുവരെ, എല്ലാ സായാഹ്നങ്ങളിലും ഒരു മൈക്കിന്റെ പിന്നില്‍ നിന്ന് ആ മൈക്കുപോലെത്തന്നെ കൃശഗാത്രനായൊരാള്‍ സിംഹഗര്‍ജ്ജനം നടത്തുന്നതിന് ഉല്‍ബുദ്ധസദസ്സുകള്‍ സാക്ഷിയായിരുന്നിട്ടുണ്ട്. അത് സ്നേഹത്തിന്റെ സിംഹനാദമായിരുന്നു. മനസ്സ് നിര്‍ഭയവും ശിരസ്സ് സമുന്നതവുമായിരിക്കാന്‍ ഏതൊരു പൌരനും സാധിക്കുന്ന സ്വാതന്ത്യ്രത്തിലേക്കുളള പ്രയാണത്തില്‍ എവിടെവിടെ പ്രതിസന്ധികളുണ്ടാവുന്നുണ്ടോ അതിനെതിരേയുളള താക്കീതും പ്രതിഷേധവുമായിരുന്നു. മലയാളഭാഷയേയും അതിന്റെ മഹനീയ പൈതൃകത്തേയും നിന്ദിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നവര്‍ക്കെതിരേയുളള ധീരോദാരമായ ശബ്ദമായിരുന്നു. തന്റെ ഗുരുവായി യൌവനാരംഭത്തിലേ മനസാ വരിച്ച മഹാത്മജിയുടെ മാര്‍ഗത്തില്‍ നിന്ന് അനുയായികള്‍ വ്യതിചലിക്കുന്നതു കണ്ട് വേദനിക്കുന്നവരുടെ മഹാരുദിതങ്ങളായിരുന്നു. മാര്‍ക്സിസത്തിന്റെ നേര്‍ക്ക് അലര്‍ജിയില്ലാതിരുന്ന ഒരു ഗാന്ധിയന്റെ ഗരുഡനാദമായിരുന്നു. പ്രത്യേകിച്ചൊരു കളത്തിലും ഒതുങ്ങിനില്‍ക്കാത്തൊരു മനുഷ്യസ്നേഹിയുടെ താരസ്വരമായിരുന്നു. അഴീക്കോട് പലരേയും അത്ഭുതപ്പെടുത്തി. പണ്ടൊരിക്കല്‍ മുണ്ടശ്ശേരിമാസ്റ്റര്‍, തൃശൂര്‍ റൌണ്ടില്‍ ട്രാഫിക് നിയന്ത്രണത്തിന് അടയാളരേഖകള്‍ വരപ്പിച്ചു നിന്ന ഒരുന്നത പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞതുപോലെ "ആരും വരച്ചവരയിലൂടെ താന്‍ നടന്നു ശീലിച്ചിട്ടില്ലെന്ന്" ഫലത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു അഴീക്കോട്. കൊടുങ്ങല്ലൂരിലൊരു മുസ്ളീം പളളിയിലെ സാധുപരികര്‍മ്മിയെ ആരോ ആക്രമിച്ചപ്പോള്‍, എഴുത്തുകാരുടെ ഒരു നിശ്ശബ്ദജാഥയെ നയിച്ച് ആ തെരുവീഥികളിലൂടെ നടന്നുപോയ അഴീക്കോടിന്റെ ആ തലയെടുപ്പിനു മുന്നില്‍ നിയമപാലകരും വഴിയൊഴിഞ്ഞു നിന്നത് ഞാനോര്‍ക്കുന്നു. അതാണ് ആത്മാവില്‍ സ്വയമുദിക്കുന്ന സ്വാതന്ത്യ്രബോധം. സംസാരദു:ഖങ്ങളില്‍ നിന്നും, സ്വകാര്യതാല്‍പ്പര്യങ്ങളില്‍ നിന്നും, സ്വാര്‍ത്ഥമോഹങ്ങളില്‍ നിന്നും മുക്തിപ്രാപിച്ച കാഷായം ധരിക്കാത്ത ഒരു സന്യാസിയായിരുന്നു സുകുമാര്‍ അഴീക്കോട്. അത് തിരിച്ചറിയാത്ത പലരും ആ മുഴങ്ങുന്ന ശബ്ദത്തെ ധിക്കാരത്തിന്റേതായി തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാലത് മറിച്ചായിരുന്നു. ബഷീറിന്റെ വിഖ്യാതമായ ആ പ്രയോഗമുണ്ടല്ലോ, 'സാഗരഗര്‍ജ്ജനം' എന്നത്, അഴീക്കോടിന്റെ ശബ്ദത്തിന്റെ ഒരു സ്ഥായി മാത്രമായിരുന്നു. സാഗരത്തിന് ഏതാണ്ട് മൌനത്തിനോടടുത്ത നിശ്ശബ്ദഭാവം കൈവരിക്കാനും കഴിയുമെന്ന് നമുക്കറിയാം. "കല്ലോലമില്ലാതെഴുമാഴി" എന്ന് കാളിദാസന്‍ വിശേഷിപ്പിച്ചതിനോടടുത്ത ഒരവസ്ഥ. കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മലയാളം വിഭാഗത്തില്‍ അഴീക്കോട് ക്ളാസെടുക്കുമ്പോള്‍ പുറത്തു നില്‍ക്കുന്നവര്‍ക്ക് ഒരു ഇലയനക്കത്തിന്റെ ഒച്ചപോലും കേള്‍ക്കാനാവുമായിരുന്നില്ല-തൊട്ടടുത്തെന്റെ മുറിയിലിരുന്ന് അത്ഭുതത്തോടെ ഞാന്‍ നിരീക്ഷിച്ചിട്ടുണ്ടത്- ഏതാണ്ട് മന്ത്രോച്ചാരണം പോലെയാവുമത്-അവിടെ സരസ്വതിക്ക് ലാസ്യമേയുളളൂ. താണ്ഡവമില്ല. എന്നാലൊരിക്കല്‍ മറ്റൊരു കലാലയത്തില്‍വച്ച്, തന്റെ ഏതഭിപ്രായത്തേയും ഖണ്ഡിച്ചു പോന്നിരുന്ന ഒരു സാഹിത്യകാരന്റെ സാന്നിദ്ധ്യം പോലും തന്നെ പ്രകോപിപ്പിച്ചതുപോലെ അഴീക്കോട് ശരിക്കും ശബ്ദാടോപപ്രധാനമായി ഉച്ചസ്ഥായിയില്‍ സംസാരിച്ച് കയറുന്നതിനും സാക്ഷിയാവാന്‍ കഴിഞ്ഞിട്ടുണ്ട്. വിഷം കലര്‍ന്ന ഭക്ഷ്യവസ്തു കണ്ടാല്‍ കണ്ണു ചൊകചൊകന്നതാകുന്ന' ചകോരപ്പക്ഷി'യെ പറ്റി സംസ്കൃതകാവ്യങ്ങളില്‍ പരാമര്‍ശിക്കുന്നു. സാമൂഹികജീവിതത്തിലായാലും, സര്‍ഗാത്മകകൃതികളിലായാലും, ആശയമണ്ഡലത്തിലായാലും വിഷമയമെന്ന് തോന്നുന്നതിനു മുന്നില്‍ അഴീക്കോടിന്റെ മനസ്സും വാക്കും, ചിലപ്പോള്‍ ശരീരഭാഷ തന്നെയും തുടുത്തുജ്ജ്വലിക്കുന്നു. അന്യരുടെ നേര്‍ക്കുളള കരുണയും കരുതലുമാണ് സംസ്കാരത്തിന്റെ പ്രാരംഭബിന്ദുവെന്ന സത്യത്തെ ഉദാഹരിക്കാന്‍ അഴീക്കോടിന്റെ കര്‍മ്മപഥത്തില്‍ പലതും കണ്ടെത്താന്‍ കഴിയുന്നു. രോഗശയ്യയില്‍ അവശനായി കിടക്കുമ്പോഴും, മുല്ലപ്പെരിയാറിനെപ്പറ്റി ഉത്കണ്ഠപ്പെടുന്ന അഴീക്കോട്, സംസ്കാരത്തിന്റെ രാജരഥ്യകളിലൂടെ നടന്നുകയറുകയായിരുന്നു. തന്റെ ചിരകാലപ്രവര്‍ത്തനരംഗമായിരുന്ന കേരള സാഹിത്യ അക്കാഡമിയുടെ അങ്കണത്തില്‍ നിന്ന് അഴീക്കോട് നിശ്ചേതനനായി പടിയിറങ്ങുന്നത് നോക്കിനില്‍ക്കുമ്പോള്‍, നമ്മുടെ സാംസ്കാരികജീവിതത്തില്‍ നിന്ന് ഒരു കാലഘട്ടം ഏതോ കറുത്ത യവനികയ്ക്കു പിന്നിലേക്ക് മറയുന്നതായി തോന്നി. ചുമരില്‍ അങ്ങനെ മറഞ്ഞുപോയ പലരുടേയും ചിത്രങ്ങള്‍ ഉറ്റുനോക്കുന്നതു പോലെ തോന്നി: ബഷീറിന്റെ, പൊറ്റെക്കാടിന്റെ, തകഴിയുടെ, ദേവിന്റെ, ഉറൂബിന്റെ, അന്തര്‍ജ്ജനത്തിന്റെ അവരെല്ലാവരും ചേര്‍ന്ന ഒരു കാലഘട്ടത്തിന്റെ! അതിജീവിക്കുന്നതിന്റെ വേദനയോടെ അത് നോക്കിനിന്നുപോയി-എല്ലാ ബന്ധനങ്ങളില്‍ നിന്നും വിമുക്തരാവുന്ന ധീരമാനസരായ മനുഷ്യരെ സൃഷ്ടിക്കാനുളള ഒരു മഹായജ്ഞത്തിന്റെ വേദിയില്‍ നിന്ന്, ഒടുവില്‍ 'തത്ത്വമസികാര' നും യാത്രയാവുന്ന ഈ വിഷാദസന്ധ്യയില്‍, ആ വലിയ മനുഷ്യന്‍ അവശേഷിപ്പിച്ചുപോയ ആ വിശിഷ്ടാംശത്തെ കേരളത്തിലെ ജനങ്ങള്‍ അവരുടെ നിത്യഹരിതമായ ഓര്‍മ്മകളിലേക്ക് ഏറ്റുവാങ്ങുമെന്ന് ആശ്വസിക്കാം-തൈത്തെങ്ങിന്റെ ഉച്ചിയില്‍ വീണുപോകുന്ന ഇടിത്തീ നമ്മുടെ പൂര്‍വ്വികര്‍ തിരിയില്‍ പകര്‍ന്ന് വീട്ടിന്റെ മച്ചില്‍ സൂക്ഷിച്ചിരുന്നതുപോലെ.
                                                                 ഒ.എന്‍.വി. കുറുപ്പ്

നഷ്ടമായത് തിരുത്തല്‍ ശക്തിയെ: ആന്റണി


ന്യൂഡല്‍ഹി: സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തിരുത്തല്‍ ശക്തിയെ ആണ് സുകുമാര്‍ അഴീക്കോടിന്റെ മരണത്തിലൂടെ നഷ്ടമായതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി അനുസ്മരിച്ചു. മുഖം നോക്കാത്തെയുള്ള വിമര്‍ശനമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. അനീതി, സ്വജനപക്ഷപാതം തുടങ്ങിയ കാര്യങ്ങളെ അദ്ദേഹം കര്‍ക്കശമായ ഭാഷയില്‍ വിമര്‍ശിച്ചു. അങ്ങനെ അഴീക്കോട് നിരവധി ശത്രുക്കളെ സമ്പാദിച്ചു. എന്നാല്‍ അതൊന്നും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തെ ഒരിക്കലും ബാധിച്ചിട്ടില്ള.

അഴീക്കോട് സാംസ്കാരികരംഗത്തിന് നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കേരളം ഒന്നടങ്കം വേദനിക്കുകയാണെന്നും ആന്റണി പറഞ്ഞു.

അഴീക്കോടിന്റെ മരണത്തോടെ ഒരു വിജ്ഞാന ഭണ്ഡാരത്തെ ആണു കേരളത്തിനു നഷ്ടപ്പെട്ടതെന്ന് നടന്‍ തിലകന്‍. നടനെന്ന നിലയില്‍ തനിക്ക് ഏറ്റവും വലിയ സ്ഥാനം വാക്കുകളാല്‍ തന്ന ആളാണ് സുകുമാര്‍ അഴീക്കോടെന്ന് തിലകന്‍ അനുസ്മരിച്ചു. അതിലും വലിയ ഒരു പുരസ്കാരം തനിക്കു ലഭിക്കാനില്ളെന്നും തിലകന്‍ അഭിപ്രായപ്പെട്ടു.

സുകുമാര്‍ അഴീക്കോട് എന്ന രാഷ്ട്രീയക്കാരന്‍


ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും ആദ്ധ്യാത്മികവുമായ മഹനീയമായ അഭിലാഷങ്ങളെ അദ്വൈത വേദാന്തത്തിന്റെ വെളിച്ചത്തില്‍ നവീകരിച്ചുകൊണ്ട് മധുരമായ മലയാളത്തില്‍ പ്രഭാഷണങ്ങള്‍ നടത്തിയും എഴുതിയും ജനങ്ങളെ ഉദ്ബുദ്ധരാക്കിയിരുന്ന ഒരാള്‍ വടക്കേ മലബാറില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ സന്ദേശപ്രചരണം നടത്തിവന്നിരുന്നു. അത് വാഗ്ഭടനായിരുന്നു. അന്ന്, ഗാന്ധിജിയും സാഹിത്യവും സംസ്കൃതവുമൊക്കെ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പറഞ്ഞു കേള്‍ക്കാന്‍ ആള്‍ക്കൂട്ടം കാതോര്‍ത്തു നിന്നു.


വാഗ്ഭടനില്‍ നിന്നും കൈമാറിക്കിട്ടിയ ഈ സിദ്ധിവൈഭവമായിരുന്നു കണ്ണൂര്‍ ചിറക്കല്‍ അഴീക്കോട് സ്വദേശി സുകുമാരന്‍ എന്ന സുകുമാര്‍ അഴീക്കോടും അഴീക്കോടിന്റെ ജീവിതവും, അഴീക്കോടിന്റെ രാഷ്ട്രീയവും. രാഷ്ട്രത്തെ രാഷ്ട്രീയം പഠിപ്പിക്കാന്‍ പ്രയത്നിച്ചയാളായിരുന്നു അഴീക്കോട്. രാഷ്ട്രീയക്കാരനെ രാഷ്ട്രീയം കൊണ്ട് നേരിട്ടുകൊണ്ടേയിരുന്ന ആളുമായിരുന്നു സുകുമാര്‍ അഴീക്കോട്. ആ ജനുസ്സില്‍ ഇനി ഇങ്ങനെയൊരാളില്ലെന്നറിയുമ്പോഴാണ് അഴീക്കോടിന്റെ രാഷ്ട്രീയ വലുപ്പം എത്രയെന്ന് അറിയുക, മനസ്സിലാവുക.


വിദ്വാന്‍ പി.ദാമോദരന്റെ മകന്‍ സുകുമാരന്‍ ചെറുപ്പകാലത്ത് അസ്സല്‍ കക്ഷിരാഷ്ട്രീയക്കാരനായിരുന്നു! കോണ്‍ഗ്രസ് നേതാവായിരുന്ന പാമ്പന്‍ മാധവന്റെ ശിഷ്യന്‍. പാമ്പന്‍ മാത്രമല്ല, എം.ടി.കുമാരന്‍, സ്വാമി ബ്രഹ്മവ്രതന്‍, ടി.വി. അനന്തന്‍ എന്നിവരും ഇദ്ദേഹത്തിന് പൊതുജീവിതത്തിലെ ഗുരുനാഥന്മാരായിരുന്നു. അക്കാലത്തെ തന്റെ രാഷ്ട്രീയഗുരുവിനെക്കുറിച്ച് അദ്ദേഹം പറയാറുള്ളത് ഇങ്ങനെയാണ്:


പാമ്പന്റെ മുന്നില്‍ തല ഉയര്‍ത്തി സംസാരിക്കാന്‍ കഴിവുള്ള ഒരാളും അക്കാലത്തുണ്ടായിരുന്നില്ല. പുസ്തകം വായിക്കാത്തവര്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ മുഖ്യനേതാക്കളായി വന്നപ്പോള്‍ പാമ്പനു പോലും ആ കക്ഷി വിടേണ്ടതായി വന്നു!


തന്റെ മതവും സാഹിത്യവും രാഷ്ട്രീയവും ജീവിതം തന്നെയും മറ്റുള്ളവര്‍ക്കു വേണ്ടി പ്രയോജനപ്പെടുത്തുക എന്ന തീരുമാനവും തിരിച്ചറിവും അങ്ങനെയാണ് സുകുമാരനെ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയക്കാരനാക്കിയത്. അങ്ങനെയാണ് സുകുമാര്‍ അഴീക്കോട് കോണ്‍ഗ്രസ്സുകാരനാവുന്നത്. അന്ന് കോണ്‍ഗ്രസ്സാകാന്‍ വരിസംഖ്യ കൊടുക്കുന്നതിനേക്കാള്‍ പ്രധാനം ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുകയായിരുന്നു. കാവ്യാസ്വാദനം പോലും നൂല്‍നൂല്‍പ്പോളം അനുഭൂതിദായകമല്ലെന്നാണ് അദ്ദേഹം തന്റെ ചര്‍ക്കയിലെ നൂല്‍ നൂല്‍പ്പനുഭവങ്ങളെക്കുറിച്ച് പറയാറുള്ളത്.


പ്രസംഗവേദിയില്‍ തന്റെ നേതാക്കളെപോലെ രാഷ്ട്രീയത്തെ സാഹിത്യവും ആത്മീയതയുമായി കൂട്ടിയിണക്കി അവതരിപ്പിച്ചപ്പോള്‍ സുകുമാരന്‍ മലബാറിലെ അനിഷേധ്യനായ മുന്‍നിര കോണ്‍ഗ്രസ്സ് യുവപ്രഭാഷകനായി മാറി. ഇന്നത്തെപ്പോലെ പ്രതിയോഗിയെ തെറി വിളിക്കുകയും അപവാദം ഉയര്‍ത്തുകയും ചെയ്യുന്നതായിരുന്നില്ല അക്കാലത്തെ രാഷ്ട്രീയ പ്രസംഗം. ആദര്‍ശത്തിനും ലക്ഷ്യപ്രാപ്തിക്കും ആശയ സംഹിതകള്‍ക്കും ഊന്നല്‍ നല്‍കി സുകുമാരന്‍ അക്കാലങ്ങളില്‍ പ്രസംഗവേദികളില്‍ നിന്നും പ്രസംഗവേദികളിലേക്ക് പാഞ്ഞു നടന്നു. പില്‍ക്കാലത്ത് അദ്ദേഹമൊരു പ്രസംഗശക്തിയാവുന്നത് അന്നത്തെ ആ അനുഭവങ്ങളില്‍ നിന്നായിരുന്നു.


കോണ്‍ഗ്രസ്സിന്റെ ധര്‍മ്മഭ്രംശത്തെ അതിനിശിതമായി എതിര്‍ക്കാന്‍ തന്റേടം കാണിച്ചതും ഈ ആദ്യകാലാനുഭവങ്ങളില്‍ നിന്നും ആത്മാര്‍ത്ഥതയില്‍ നിന്നും തന്നെയായിരുന്നു. അക്കാലത്തെ കോണ്‍ഗ്രസ്സിന്റെ സ്റ്റഡി ക്ളാസ്സുകളില്‍ കോണ്‍ഗ്രസ്സ് നേതാക്കളെ പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടത് സുകുമാരനായിരുന്നു. അങ്ങനെ അദ്ദേഹം സംസഥാന യൂത്ത് കോണ്‍ഗ്രസ്സ് ഉപദേശക സമിതിയിലും കെ.പി.സി.സിയിലും നോമിനേറ്റഡ് അംഗമായി മാറി.


1962ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. അന്ന് തലശ്ശേരി പാര്‍ലിമെന്റ് സീറ്റില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സുകുമാര്‍ അഴീക്കോടായിരുന്നു. അന്നദ്ദേഹം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജില്‍ അദ്ധ്യാപകനായിരുന്നു. 


അന്നത്തെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെക്കുറിച്ച് അദ്ദേഹം പറയാറുള്ളത് ഇങ്ങനെയാണ്: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്ന ഏര്‍പ്പാട് അന്നുണ്ടായിരുന്നില്ല. പിന്നീടെന്നോ കാലം കണ്ടുപിടിച്ച വൃത്തികെട്ട ഒരു പദമാണ് മത്സരിക്കാന്‍ ടിക്കറ്റു നല്‍കുകയെന്നത്. തിരഞ്ഞെടുപ്പിന് സംഭവിച്ച അപകര്‍ഷത്തിന്റെ നാറ്റം മുഴുവന്‍ ആ പദത്തിലുണ്ട്. കാശു കൊടുത്തു വാങ്ങുന്ന ഒരു കൊള്ളക്കൊടുക്കയുടെ പ്രതീതി ജനിപ്പിക്കുന്നു അത്. സീറ്റിനു വേണ്ടി അന്ന് ഒരു നേതാവിന്റെ അടുക്കലും കാത്തു കിടന്നിട്ടില്ല. കെ.പി.സി.സി പ്രസിഡന്റ്, ത്യാഗിയായ സി.കെ.ഗോവിന്ദന്‍ നായരും കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി.ഗോപാലനും സ്ഥാനമൊഴിയാന്‍ തീരുമാനിച്ച അന്നത്തെ എം.പി ജിനചന്ദ്ര ഗൌണ്ടനും കൂടി ഒരു ദിവസം ദേവഗിരി കോളേജില്‍ വന്ന് ക്ളാസ്സില്‍ നിന്നും പുറത്തു വിളിച്ചു കൊണ്ടു പോയി അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വരുമെന്ന് ആവശ്യപ്പെടുകയായിരുന്നു!


ആ തിരഞ്ഞെടുപ്പില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരനായ എസ്.കെ.പൊറ്റെക്കാടിനോടാണ് അഴീക്കോട് പരാജയപ്പെട്ടത്. പിന്നീടദ്ദേഹം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പങ്കുചേര്‍ന്നിട്ടില്ല. മാത്രമല്ല രാഷ്ട്രീയത്തിന്റെ വിശുദ്ധി ചോര്‍ന്നു പോയതില്‍ മനംനൊന്ത് ദീര്‍ഘകാലം അദ്ദേഹം വോട്ടെടുപ്പുകളില്‍ വരെ പങ്കാളിയാവാതെ തന്റെ വോട്ടവകാശം പോലും വിനിയോഗിക്കാതെ പ്രതിഷേധത്തിന്റെ പാതയില്‍ നിലകൊള്ളുകയും ചെയ്തിരുന്നു.


തിരഞ്ഞെടുപ്പില്‍ തോറ്റെന്നറിഞ്ഞപ്പോള്‍ ഒട്ടും പരിചയമോ അടുപ്പമോ ഇല്ലാതിരുന്ന പ്രവര്‍ത്തകര്‍ പോലും ചുറ്റും കൂടി പൊട്ടിക്കരയുകയായിരുന്നു എന്ന് ആദ്യത്തെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അദ്ദേഹം ഓര്‍ക്കുമായിരുന്നു. രാഷ്ട്രീയത്തില്‍ അഴീക്കോട് കാലുകുത്താന്‍ മടിച്ചില്ലെങ്കിലും തലകുത്തി നില്‍ക്കാന്‍ തയ്യാറായില്ലെന്നത് ചരിത്രം. പില്‍ക്കാലത്ത് പലപ്പോഴും കോണ്‍ഗ്രസ്സിന്റെ വിമര്‍ശകനായി നിലകൊണ്ടെങ്കിലും മാന്യതയുള്ള കോണ്‍ഗ്രസ്സുകാരാരും ഒരിക്കലും അദ്ദേഹത്തെ ശത്രുപക്ഷമായി കാണുകയോ, ശത്രുപക്ഷത്ത് നിര്‍ത്തുകയോ ചെയ്തിരുന്നില്ല.


അതേസമയം, എതിര്‍പക്ഷം, കേരളത്തിലെ ഇടതുപക്ഷം അഴീക്കോടിനെ തങ്ങളുടെ ചേരിയില്‍ നിര്‍ത്തി ഒരു എം. എല്‍. എയോ, എം.പിയോ, മന്ത്രിയോ ഒക്കെയാക്കി മാറ്റാന്‍ ദീര്‍ഘകാലം കഠിനയത്നം നടത്തി. എന്നാല്‍ അതിനദ്ദേഹം ഒരിക്കലും വഴങ്ങിയില്ല. ജീര്‍ണ്ണിച്ച കോണ്‍ഗ്രസ്സ് സംസ്കാരത്തേക്കാള്‍ അദ്ദേഹത്തിന് ആഭിമുഖ്യം താരതമ്യേന രാഷ്ട്രീയ സംശുദ്ധി പുലര്‍ത്തുന്ന ഇടതുപക്ഷത്തോടും അതിന്റെ നേതാക്കളോടും തന്നെയായിരുന്നു. എന്നിട്ടും അധികാര രാഷ്ട്രീയത്തെ അദ്ദേഹം ഹീനമായി ഗണിച്ചു. 


രാഷ്ട്രീയക്കാരേയും ജനങ്ങളേയും രാഷ്ട്രീയത്തിന്റെ നല്ല പാഠങ്ങള്‍ പഠിപ്പിക്കാന്‍ അദ്ദേഹം ആരുടെ ഭാഗത്തു നിന്നുള്ള കുറ്റപ്പെടുത്തലുകളേയും വകവെക്കാതെ ഒരു ഗാന്ധിയന്‍ സാമൂഹ്യ വിമര്‍ശകന്റെ കുപ്പായം ധരിച്ച് ജീവിക്കുകയായിരുന്നു. എന്നും, ഏകനായി!!

വായന സ്വര്‍ഗമാക്കിയ ബാല്യകൌമാരങ്ങള്‍



കണ്ണൂര്‍: വായിച്ചാല്‍ മനസ്സിലാകില്ലെന്നറിയാവുന്ന കാര്യങ്ങള്‍ വായിക്കുക. മുതിര്‍ന്നവര്‍ പിടികിട്ടാത്ത കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ കേട്ടിരിക്കുക.  ഇക്കാലത്ത് 'ദുശ്ശീലങ്ങളെ'ന്നു തോന്നുന്ന ഇത്തരം കാര്യങ്ങളിലായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട് എന്ന സുകുമാരന്റെ കുട്ടിക്കാലത്തെ ശ്രദ്ധയത്രയും. അക്കാലത്ത് പിതാവ് ദാമോദരന്‍ മാഷിനെ കാണാന്‍ വേണ്ടി വീട്ടിലെത്തുന്നവരും ചില്ലറക്കാരായിരുന്നില്ല. ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകന്‍ വാഗ്ഭടാനന്ദ ഗുരുദേവന്‍, എം.ടി. കുമാരന്‍, സ്വാതന്ത്യ്രസമരസേനാനിയായിരുന്ന ടി. വി. അനന്തന്‍ എന്നിവരൊക്കെ ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്നു. ടി.വി. അനന്തന്റെ പേരിലുള്ള അവാര്‍ഡ് ഡിസംബര്‍ ആദ്യവാരത്തില്‍ ഏറ്റുവാങ്ങാന്‍ അഴീക്കോടിനായില്ല. പകരം സഹോദരീപുത്രനാണ് മഹാത്മാമന്ദിരത്തില്‍ ഒരുക്കിയ ചടങ്ങില്‍ വച്ച് അവാര്‍ഡ് ഏറ്റുവാങ്ങിയത്.


അഴീക്കോട് തനിക്ക് ലഭിച്ചുവെന്ന് പറയുന്ന പൈതൃകസ്വത്തുക്കളില്‍ ഏറ്റവും വിലപ്പെട്ടത് സംസ്കൃതപണ്ഡിതനും പ്രാസംഗികനുമായിരുന്ന പിതാവ് വാങ്ങി സൂക്ഷിച്ചിരുന്ന പുസ്തകങ്ങളാണ്. പല ഗ്രാമീണ വായനശാലകളിലെയും പുസ്തകങ്ങളുടെ എണ്ണത്തെ തോല്‍പ്പിക്കുന്ന തരത്തിലുള്ള ശേഖരമായിരുന്നു അതെന്ന് അഴീക്കോട് പലതവണ പറഞ്ഞിട്ടുണ്ട്. പത്തു മുതല്‍ പതിനാറു വയസ്സുവരെ ഈ പുസ്തകങ്ങളിലായിരുന്നു സുകുമാരന്‍ അഭയം തേടിയിരുന്നത്. അദ്ദേഹത്തിന്റെ വായനയുടെ സ്വര്‍ഗത്തിലേയ്ക്കുള്ള കവാടവും അതുതന്നെ. 


പുരാണേതിഹാസങ്ങളും ഖണ്ഡകാവ്യങ്ങളും മഹാകാവ്യങ്ങളുമായിരുന്നു അഴീക്കോടിന്റെ വായനയുടെ ആദ്യഖണ്ഡം. ഈ കാലഘട്ടത്തില്‍ വായിച്ചിരുന്നതെല്ലാം സാഹിത്യമായിരുന്നുവെന്ന ബോധം തനിക്കുണ്ടായിരുന്നില്ലെന്ന് അഴീക്കോട് പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കവിത്രയത്തിന്റെ കൃതികളും ശ്രീകൃഷ്ണചരിതം ഉള്‍പ്പെടെയുള്ള മണിപ്രവാളകൃതികളും വായിക്കാന്‍ തുടങ്ങിയപ്പോഴാണ് എഴുത്തിലെ സാഹിത്യം തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി. 


വായനയുടെ ഒരു കവാടം തുറന്നുകിട്ടിയതോടെ മലയാള, സംസ്കൃത കൃതികള്‍ക്കൊപ്പം ഇംഗ്ളീഷ് പുസ്തകങ്ങളും വായിക്കാന്‍ തുടങ്ങി. അക്കാലത്ത് ലഭ്യമായിരുന്ന കനപ്പെട്ട പുസ്തകങ്ങളെല്ലാം അദ്ദേഹം വായിച്ചുതീര്‍ത്തു. സംസ്കൃതകൃതികളിലുള്ള അവഗാഹം പില്‍ക്കാലത്ത് എം.എ മലയാളത്തിന് സ്വര്‍ണ്ണമെഡല്‍ നേടാന്‍ തന്നെ സഹായിച്ചതായി അഴീക്കോട് ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 


വായനശാലകള്‍ കുറവായിരുന്ന കാലത്ത് അഴീക്കോട്ടെ മിക്ക രാഷ്ട്രീയ, സാമൂഹിക നേതാക്കളുടെ വീടുകളിലും ചെറിയ തോതിലെങ്കിലും പുസ്തകശേഖരമുണ്ടായിരുന്നു. ഇതില്‍ വലിയ പുസ്തകശേഖരം ഉണ്ടായിരുന്നത് കോണ്‍ഗ്രസ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന പാമ്പന്‍ മാധവന്റെ വീട്ടിലായിരുന്നു.  ആ ഗ്രന്ഥശേഖരം അഴീക്കോട് ഏറെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വേദോപനിഷത്തുകളും ലോകോത്തര ക്ളാസ്സിക്കുകളും അനായാസം വായിച്ച് പ്രഭാഷണവേദികളില്‍ ഉദ്ധരിക്കുന്ന ഡോ. സുകുമാര്‍ അഴീക്കോടിന്റെ ശേഖരത്തില്‍ ആയിരത്തോളം കുറ്റാന്വേഷണ നോവലുകളുമുണ്ട്. അതെ, അഴീക്കോടിന്റെ വായനയുടെ സ്വര്‍ഗത്തില്‍ അവയ്ക്കും നിസ്തുലമായ ഒരു സ്ഥാനമുണ്ടായിരുന്നു

ഹിമശൈലം പോലെയും ഹിമബിന്ദു പോലെയും



ഹിമാലയം ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, ഹിമാലയത്തെക്കുറിച്ചുള്ള എന്റെ പ്രസംഗം കേട്ടിട്ട്, രോമാഞ്ചം വന്നിട്ട്, ആശുപത്രിയിലായവരുടെ എണ്ണം നിരവധിയാണ്! ഹിമാലയം ഞാന്‍ ഇപ്പോഴും കണ്ടിട്ടില്ല!സദസ്സിനോട് ഇങ്ങനെ സംസാരിക്കാന്‍ ഒരാള്‍ക്കു മാത്രമേ കഴിയൂ. സുകുമാര്‍ അഴീക്കോടിനു മാത്രം. കാപട്യത്തെ ഇതിനേക്കാള്‍ മൂര്‍ച്ചയോടെ വേദിയില്‍ ആവിഷ്കരിക്കാന്‍ സാധ്യമല്ല. ആത്മവിമര്‍ശനത്തോളവും ആത്മപരിഹാസത്തോളവും ശ്രേഷ്ഠമായി മറ്റൊരു വിമര്‍ശനമോ പരിഹാസമോ ഇല്ല. നമ്മുടെ പ്രമുഖരായ പലര്‍ക്കും സ്വപ്നത്തില്‍പ്പോലും ആലോചിക്കാനാവാത്ത കാര്യമാണ് അത്. അവിടെയാണ് അഴീക്കോടിന്റെ മഹത്വവും. ജനമനസ്സില്‍ അതുപോലെ കൈയടി കിട്ടുന്ന മറ്റൊന്നില്ലല്ലോ. 


ഈ ലോകത്ത് എന്നേക്കാള്‍ മെലിഞ്ഞതായി മൈക്ക് മാത്രമേയുള്ളൂ എന്ന് അദ്ദേഹം പറയുമ്പോള്‍ അത് സമാനതകളില്ലാത്ത പരിഹാസമായിത്തീരുന്നു. ചെറുപ്പത്തില്‍ അഴീക്കോടിനെ ചികിത്സിച്ച   ഡോക്ടര്‍ പറഞ്ഞത്രേ:


"വിറ്റാമിന്‍ ഡെഫിഷ്യന്‍സി ആണ്. വിറ്റാമിന്‍ എ ഇല്ല, ബി ഇല്ല, സി ഇല്ല, ഡി ഇല്ല... മൊത്തം ഡെഫിഷ്യന്‍സി ആണ്. ഇങ്ങനെ പോയാല്‍ പെട്ടെന്ന് തട്ടിപ്പോകും." പെട്ടെന്ന് അഴീക്കേട് ചോദിച്ചു: "ഡോക്ടര്‍ക്ക് എന്തെങ്കിലും ഡെഫിഷ്യന്‍സി ഉണ്ടോ?" "സാമ്പത്തികമായി അല്‍പ്പം ഡെഫിഷ്യന്‍സി ഉണ്ട്. അതല്ലാതെ വിറ്റാമിന്‍ ഡെഫിഷ്യന്‍സി ഒന്നുമില്ല!"


അഴീക്കോടിന്റെ ടിപ്പണി: "അങ്ങേര് ആറുമാസം കഴിഞ്ഞപ്പോള്‍ തട്ടിപ്പോയി. ഈ പറഞ്ഞ എല്ലാ ഡെഫിഷ്യന്‍സിയോടും കൂടി ഞാന്‍ ഇപ്പോഴും പ്രസംഗവും എഴുത്തുമൊക്കെയായി ജീവിക്കുന്നു."


ആരാധകര്‍ക്ക് സ്വാദു നല്‍കാനായി പ്രഭാഷകര്‍ ബോധപൂര്‍വം ചേര്‍ക്കാറുള്ള ചില ചേരുവകളുണ്ട്. അത് ഫലിതമാകാം, ഉദ്ധരണികളാകാം, ലേശം കവിതയാകാം... വേണമെങ്കില്‍ എം.വി. രാഘവനും പന്ന്യനുമൊക്കെ ചെയ്യാറുള്ളതുപോലെ മോണോ ആക്ടും നാടകവുമാകാം. എന്നാല്‍ പ്രഭാഷണത്തില്‍ അത്യാവശ്യത്തിന് ക്ഷോഭവും ആകാമെന്നു തെളിയിച്ചയാളാണ് സുകുമാര്‍ അഴീക്കോട്. ചുരുക്കിപ്പറഞ്ഞാല്‍ മാഷിന്റെ ക്ഷോഭമാണ് ജനത്തെ കൂടുതല്‍ ആകര്‍ഷിക്കുന്നത്!


മാഷ് ഇടയ്ക്കൊന്ന് ക്ഷോഭിച്ചില്ലെങ്കില്‍ ആ പ്രസംഗത്തിന് എന്തോ   ഒരു അപൂര്‍ണതയുള്ളതു പോലെയാണ് തോന്നുക. അപ്പോള്‍ ക്ഷോഭം ഇവിടെ ആസ്വദിക്കപ്പെടുകയാണ്! എന്തുകൊണ്ട്? അഴീക്കോട് ക്ഷോഭിക്കുന്നത് ക്ഷോഭിക്കാന്‍ വേണ്ടിയല്ല എന്നതുകൊണ്ട്.


എങ്കില്‍, എപ്പോഴൊക്കെയാണ് അഴീക്കോട് ക്ഷോഭിക്കുന്നത്? ആത്മാര്‍ത്ഥതയ്ക്ക് തീപിടിക്കുമ്പോള്‍. അത്യന്തം ലജ്ജാകരമായ കാര്യങ്ങള്‍ സമൂഹത്തില്‍ സംഭവിക്കുമ്പോള്‍... അങ്ങനെ പ്രസംഗത്തിന് ഒരു പുതിയ നിര്‍വചനം തന്നെ രൂപപ്പെട്ടിട്ടുണ്ട്- 'ആത്മാര്‍ത്ഥതയ്ക്ക് തീപിടിക്കുമ്പോള്‍ എന്താണോ സംഭവിക്കുന്നത്, അതാണ് പ്രസംഗം!'


നമുക്കുചുറ്റും ഒരുപാട് വിരോധാഭാസങ്ങളുണ്ട്. സിനിമയില്‍ കുടുകുടാ ചിരിപ്പിക്കുന്നവരോട് നേരിട്ട് സംസാരിച്ചുനോക്കണം- 'ഡ്രൈ' ആയിരിക്കും ആ അനുഭവം. അവരുടെ പ്രസംഗം അതിനേക്കാള്‍ 'ഡ്രൈ' ആയിരിക്കും. കവിതയിലൂടെ അമൃത് കടയുന്നവരുണ്ട്. അവരുടെയും സംഭാഷണം അറുബോറായിരിക്കും. പ്രസംഗം പിന്നെ ആലോചിക്കുകയും വേണ്ട. പക്ഷേ, നിരൂപകനും വേദാന്തപണ്ഡിതനുമായ സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ എന്നും കാവ്യനിഷ്യന്ദികളായിരുന്നു. കല്പനാമുദ്രിതങ്ങളായിരുന്നു. ഭാഷ പുഷ്പിക്കാത്ത, വികാരം തളിര്‍ക്കാത്ത, ഭാവനയ്ക്ക് പുളകം ചാര്‍ത്താത്ത ഒരൊറ്റ വാചകംപോലും അദ്ദേഹം ഉപയോഗിക്കാറില്ല.


ആന്റണി കഴിഞ്ഞ ദിവസം അമലാ ആശുപത്രിയില്‍ വന്നപ്പോള്‍ അദ്ദേഹം എന്താ പറഞ്ഞത്? ഹിമാലയം മഞ്ഞുതുള്ളിയെ കാണാന്‍ വന്നതുപോലെ എന്ന്! കണ്ടില്ലേ- സര്‍വ അവശതകളേയും അതിലംഘിച്ചുകൊണ്ട് ആ ഹൃദയം കാവ്യവസന്തമാവുകയാണ്. മാഷ് കവിതയെഴുതാതെ പോയത് എന്തുകൊണ്ടായിരിക്കും? ഒരുപക്ഷേ, മുമ്പ് കവിതകളില്‍ ജ്ഞാനപീഠം കിട്ടിയവരുടെയും ഇനി കിട്ടാന്‍ പോകുന്നവരുടെയും ഭാഗ്യംകൊണ്ടായിരിക്കാം! എന്തായാലും എല്ലാ ഭാഷാസ്നേഹികളുടെയും ഹൃദയപീഠം എന്നും അഴീക്കോടിന് സ്വന്തമായിരിക്കും.


മാഷിന്റെ വാക്കിന് ആത്മാര്‍ത്ഥതയുടെ മാധുര്യമുണ്ട്. ചിന്തകള്‍ക്ക് സൂചിസൂക്ഷ്മമായ ഏകാഗ്രതയുണ്ട്. എതിര്‍പക്ഷത്തേക്ക് തുളച്ചുകയറുന്ന ആ മൂര്‍ച്ച അപ്രതിരോധ്യമാണ്. എ.ആര്‍. രാജരാജവര്‍മ്മയെക്കുറിച്ച് കാവ്യമധുരമായി അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: "മലയാളഭാഷയുടെ വ്യാകരണവീഥിയിലൂടെ ഇനി മറ്റൊരു രാജപുരുഷന്‍ കടന്നുപോകില്ല!" ആ വചനം അനുസ്മരിച്ചുകൊണ്ടും അനുകരിച്ചുകൊണ്ടും പറയട്ടെ- 'മലയാളഭാഷയുടെ പ്രഭാഷണവീഥിയിലൂടെ ഇനി മറ്റൊരു അവകാശപുരുഷന്‍ കടന്നുപോകില്ല!'


'അമല'യില്‍ അദ്ദേഹം കിടന്ന മുറിക്കു പുറത്തുവച്ച് ഞാന്‍ ഈ വാചകം പബ്ളിക് റിലേഷന്‍സിലെ ശ്രീ. നാസറിനോട് പറഞ്ഞു. (കെ.പി. അപ്പന്‍ സാറിന്റേയും അഴീക്കോട് മാഷിന്റേയുമൊക്കെ ആത്മസുഹൃത്താണ് നാസര്‍). മാഷിന് രോഗത്തിന്റെ തീവ്രത മനസ്സിലായത് കഴിഞ്ഞ ദിവസം മാത്രമാണ്. കണ്ണൂര് കൊണ്ടുപോകണമെന്നു പറഞ്ഞു. ആത്മവിദ്യാപീഠത്തിന്റെ ചടങ്ങുകള്‍ മാത്രം. പ്രാര്‍ത്ഥനയാണ് ഉദ്ദേശിക്കുന്നതെന്നു തോന്നുന്നു...


പെട്ടെന്ന് മാഷിന്റെ അനന്തരവന്‍ പോയി രണ്ടു ഡോക്ടര്‍മാരെ കൂട്ടിക്കൊണ്ടുവന്നു. അവരോടൊപ്പം ഞങ്ങളും മുറിയിലേക്കു കയറി. നഴ്സ് ദുര്‍ബലമായ ആ കൈത്തണ്ടയില്‍ മരുന്ന് കുത്തിവയ്ക്കുന്നു. അദ്ദേഹം മയക്കത്തിലേക്ക് മറിയുന്നതുപോലെ... അല്പം കഴിഞ്ഞ് ഡോക്ടര്‍മാര്‍ പോയി. പിന്നെ, മാഷ് കണ്ണു തുറന്നു. നാസര്‍ അരികിലേക്കാഞ്ഞ് ചോദിച്ചു: "സുദര്‍ശനന്‍ നില്‍ക്കുന്നതു കണ്ടില്ലേ?"
 "കണ്ടു; സംസാരിക്കുകയും ചെയ്തു. മോനും വന്നിട്ടുണ്ട്. നാളെ എറണാകുളത്ത് ഫൌണ്ടേഷന്റെ പരിപാടി അല്ലേ?"


അഴീക്കോടിന്റെ രോഗശാന്തിക്കും മുല്ലപ്പെരിയാറിന്റെ രക്ഷയ്ക്കുമായി ഡോ. സുകുമാര്‍ അഴീക്കോട് ഫൌണ്ടേഷന്‍ കലൂരില്‍ സംഘടിപ്പിച്ച ഉപവാസവും പ്രഭാഷണ യജ്ഞവുമാണ് അദ്ദേഹം സൂചിപ്പിച്ചത്. അഴീക്കോടിനെ സ്നേഹിക്കുന്ന, അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ധാരാളം പേര്‍ ആ ചടങ്ങില്‍ പങ്കുചേര്‍ന്നു.


മടക്കയാത്രയില്‍ മനസ്സ് പറഞ്ഞു- മുല്ലപ്പെരിയാറും സുകുമാര്‍ അഴീക്കോടും നമ്മുടെ രണ്ട് അണകളാണ്. ഒന്നില്‍ നിറച്ചിരിക്കുന്നത് ജലമാണെങ്കില്‍ മറ്റേതില്‍ ജ്ഞാനമാണ്. ഒന്ന് 999 വര്‍ഷത്തേക്ക് വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നതിലെ ആശങ്കയും ആപത്തുമാണ് നമ്മെ അസ്വസ്ഥരാക്കുന്നത്. മറ്റേതാകട്ടെ, ഇനിയും 999 വര്‍ഷംകൂടി നിലനിന്നെങ്കില്‍ എന്ന അഭിലാഷവും ആനന്ദവുമാണ് നമുക്ക് സമ്മാനിക്കുന്നത്.

അന്നൊരു വിഷുദിനത്തില്‍ ഈ സാഗരം ഗര്‍ജിച്ചുതുടങ്ങി


തൃശൂര്‍: അരുവിയിലെ കുഞ്ഞോളം പോലെ തുടക്കം. വളരെ പതിയെ, ശാന്തമായി. പിന്നീട് ആവേശത്തിന്റെ ഉച്ചസ്ഥായിയിലാകും, ഒടുവില്‍   അതൊരു സാഗരഗര്‍ജനമാകും. 1945 ഏപ്രില്‍ 14 ന്, മേടം ഒന്ന് വിഷുദിനത്തിലാണ് സുകുമാര്‍ അഴീക്കോട് എന്ന പ്രാസംഗികന്റെ പിറവി. മംഗലാപുരത്ത് ബി.കോമിന് പഠിച്ചുകൊണ്ടിരുന്ന യുവാവാണ് അന്ന് അഴീക്കോട്. 19 വയസ് പ്രായം. അക്കാലത്ത് ഡോ.ഭാസ്കരന്‍നായര്‍   കുമാരനാശാന്റെ വിഷാദാത്മകതയെ വിമര്‍ശിച്ച്  ഒരു പ്രസിദ്ധീകരണത്തില്‍ എഴുതിയ ശക്തമായ ലേഖനത്തിനുളള മറുപടിയായിരുന്നു ആ പ്രസംഗം. 


ഭാസ്കരന്‍നായര്‍ക്കുളള മറുപടിക്കുറിപ്പ് അഴീക്കോട് അയച്ചെങ്കിലും പ്രസിദ്ധീകരിച്ചില്ല. അപ്പോഴാണ് സാഹിത്യതല്‍പ്പരരായ,  കണ്ണൂരില്‍ നിന്നുളള കുറച്ചു ചെറുപ്പക്കാര്‍ ആശാന്റെ വിഷാദാത്മകതയെ കുറിച്ച്  പ്രഭാഷണം നടത്താന്‍ അഴീക്കോടിനെ നിര്‍ബന്ധിക്കുന്നത്.   കണ്ണൂര്‍ നഗരത്തിന്റെ നടുവില്‍ ഒരു മാടക്കടയുടെ ഉളളിലുളള മുറിയിലായിരുന്നു  കന്നിപ്രസംഗം.   സാഹിത്യതല്‍പ്പരരായ നാല്‍പ്പതോളം പേര്‍  അന്ന് കേള്‍വിക്കാരായി ഉണ്ടായിരുന്നുവത്രേ.  ഭാസ്കരന്‍നായര്‍ക്ക് അന്ന് പല വലിയ എഴുത്തുകാരും മറുപടി പറഞ്ഞതുകൊണ്ട് പ്രസംഗ വിഷയം വളരെ സജീവമായി. ഒരു പൊതുവേദിയിലുളള തന്റെ ആദ്യപ്രസംഗത്തിന് വലിയ സഭാകമ്പമൊന്നും ഉണ്ടായിരുന്നില്ലെന്ന് അഴീക്കോട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 


ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ആഴ്ചതോറും ഡിബേറ്റിനുളള പീരിയഡില്‍ പ്രസംഗിച്ച പരിചയം മാത്രമേ  അന്ന് തനിക്കുണ്ടായിരുന്നുളളൂവെന്ന് അദ്ദേഹം പറയാറുണ്ട്.  ലേഖനം മന:പാഠമാക്കിയായിരുന്നു ആദ്യ പ്രസംഗം.  ആദ്യ പ്രസംഗത്തിനു  ശേഷം  അദ്ദേഹമൊരു തീരുമാനമെടുത്തു, ഇനിയൊരിക്കലും മന:പാഠം പഠിച്ച് പ്രസംഗിക്കില്ലെന്ന്. ആദ്യത്തെ പ്രസംഗം പോലെ ഒരിക്കലും രണ്ടാമത്തെ പ്രസംഗം   ചെയ്യില്ല എന്നും   തീരുമാനിച്ചു. 


അഴീക്കോട്ടെ ആത്മവിദ്യാസംഘത്തിന്റെ  സ്വാധീനത കുട്ടിക്കാലത്തു തന്നെ അഴീക്കോടിനെ ധൈഷണികസംവാദത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചിരുന്നു. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലെ  അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ഇംഗ്ളീഷ് പ്രസംഗങ്ങളാണ് അഴീക്കോടിന്റെ മനസ്സില്‍  പ്രസംഗത്തിന്റെ ആദ്യപാഠങ്ങള്‍ എഴുതിയിടുന്നത്.  സ്വാമി ആര്യഭടന്‍, എം.ടി. കുമാരന്‍, വാഗ്ഭടാനന്ദന്‍ എന്നിവരുടേയെല്ലാം പ്രഭാഷണങ്ങള്‍ അഴീക്കോട് എന്ന പ്രഭാഷകന്റെ ചിന്തയേയും വാക്കിനേയും ഊതിക്കാച്ചി പൊന്നാക്കിമാറ്റി. വേദാന്തവും സാഹിത്യവും സമന്വയിപ്പിച്ചായിരുന്നു വാഗ്ഭടാനന്ദന്റെ ശിഷ്യര്‍ പോലും പ്രസംഗിച്ചിരുന്നത്.  എഴുതി വായിച്ചാല്‍ ഇവരെപ്പോലെയാവാന്‍   കഴിയില്ലെന്ന്  തിരിച്ചറിഞ്ഞ് അഴീക്കോട് പ്രസംഗവേദികളിലേക്ക് കാലെടുത്തുവച്ചു.   


യുവാവാകുമ്പോഴേക്കും ഉത്തരകേരളത്തിലുടനീളം പ്രശസ്തിയാര്‍ജ്ജിച്ച പ്രഭാഷകനായി അഴീക്കോട് മാറി.  സാഹിത്യം, തത്ത്വചിന്ത, സാമൂഹികജീവിതം, ദേശീയത, രാഷ്ട്രീയം എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള നൈപുണ്യവും ഭാഷയുടെ ചടുലതയും അഴീക്കോടിന്‍െറ പ്രഭാഷണങ്ങളെ സവിശേഷമാക്കി. മലയാളത്തിന്‍െറ പ്രിയങ്കരനായ വാഗ്മിയായി അഴീക്കോട് വളര്‍ന്നുപന്തലിച്ചത് ആ വാക്കുകളുടെ ശക്തികൊണ്ടുതന്നെയായിരുന്നു.  കേരളത്തിന്‍െറ നാനാഭാഗങ്ങളില്‍ അഴീക്കോട് പ്രസംഗിച്ചിട്ടുണ്ട്.  ഔദ്യാഗികജീവിതത്തില്‍ നിന്ന് പിരിഞ്ഞതിനു ശേഷം പ്രഭാഷണം തന്നെയായി അഴീക്കോടിന്‍െറ മുഖ്യ ആവിഷ്കാരമാര്‍ഗ്ഗം. സാഹിത്യത്തെക്കാള്‍ രാഷ്ട്രീയം ഉള്‍പ്പെടെയുള്ള പൊതുവിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടുള്ള  പ്രഭാഷണങ്ങള്‍ നിശിതമായ വിമര്‍ശനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. 


1990 കളില്‍  തൃശൂര്‍ പബ്ളിക് ലൈബ്രറിയില്‍ ഭാരതീയതയുടെ വിവിധ വശങ്ങളെ കുറിച്ച് ഏഴു ദിവസം തുടര്‍ച്ചയായി പ്രഭാഷണം നടത്തിയത് ഏറെ  ചര്‍ച്ച ചെയ്യപ്പെട്ടു.  സാഹിത്യവും തത്വചിന്തയും  വിദ്യാഭ്യാസവും ശാസ്ത്രവും കണ്ടുപിടിത്തവുമെല്ലാം ഉള്‍ക്കൊളളുന്നതായിരുന്നു ആ പ്രഭാഷണം. വിഷയത്തില്‍ കേന്ദ്രീകരിച്ച്  വളരെ ആഴത്തിലുള്ള   പ്രഭാഷണമായിരുന്നെങ്കിലും ഒരു കുറിപ്പും  അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നില്ല.   ആ പ്രഭാഷണപരമ്പര പിന്നീട് പുസ്തകമായി. തൃശൂരില്‍ രാമായണകാലത്ത് അദ്ദേഹം നടത്തിയ രാമകഥാപ്രഭാഷണപരമ്പരയും ശ്രദ്ധേയമായിരുന്നു. 


സദസിലുളളവരെ കാണുമ്പോള്‍    മനസിന്റെ വാതിലുകള്‍ താനേ തുറക്കുമെന്നും  മുന്‍പ് പഠിച്ചതെല്ലാം ഓര്‍മ്മയില്‍ തെളിയുമെന്നും പ്രസംഗവേദിയിലായിരിക്കുമ്പോള്‍    മനസ്സ് എപ്പോഴും പരതിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം പറയാറുണ്ട്. ആശയം പറയുമ്പോള്‍ അതിനോട് കണക്ട് ചെയ്ത് പഠിച്ചതെല്ലാം വരും. കവി അയ്യപ്പപ്പണിക്കര്‍ ഒരിക്കല്‍ പറഞ്ഞത് അഴീക്കോട് ചിന്തിക്കുന്നത് നമുക്ക് കാണാന്‍ കഴിയുമെന്നാണ്. റിഹേഴ്സലില്ലാത്ത ഒരേയൊരു കലയേയുളളൂ അതാണ് കുറിപ്പുകളൊന്നും ഇല്ലാതെയുളള പ്രസംഗമെന്നും നൂതനത്വമാവണം അതിന്റെ സവിശേഷതയെന്നും  അദ്ദേഹം വിശ്വസിച്ചു. എന്താണ് ഈ പ്രസംഗത്തിന്റെ രഹസ്യം  എന്നൊരിക്കല്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 


"യു.എന്‍.ഒ.യില്‍ ഈ നിമിഷം പ്രസംഗിക്കാന്‍ പറഞ്ഞോളൂ ഞാന്‍ തയ്യാറാണ്. ഒന്നും റഫര്‍ ചെയ്യേണ്ടതില്ല. തുടക്കത്തില്‍ ഒരു എക്സൈറ്റ്മെന്റ് സ്വാഭാവികമാണ്. പിന്നെ ഒന്നുമുണ്ടാകാറില്ല.  നാഷണല്‍ ബുക് ട്രസ്റ്റിന്റെ ചെയര്‍മാനായിരുന്നപ്പോള്‍ ഡല്‍ഹിയില്‍ വേള്‍ഡ് ബുക് ഫെയര്‍ നടന്നിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന അര്‍ജുന്‍ സിംഗായിരുന്നു ഉദ്ഘാടകന്‍. സ്വാഗതപ്രസംഗകനായിരുന്നു ഞാന്‍. എന്റെ പ്രസംഗം കഴിഞ്ഞപ്പോള്‍ യു.ആര്‍. അനന്തമൂര്‍ത്തിയും മറ്റു ചില മലയാളി എഴുത്തുകാരും  എനിക്കു കിട്ടിയ കൈയടി കണ്ട് അതിശയിച്ചുപോയി.  കൈയില്‍ കുറിപ്പുകളൊന്നുമുണ്ടായിരുന്നില്ല എന്നത് അവര്‍ക്ക് അവിശ്വസനീയമായിരുന്നു."  


അഴീക്കോടിന്റെ വാക്കുകള്‍ ഏറ്റവും കൂടുതല്‍ മുഴങ്ങിയത് കോഴിക്കോട്ടും പിന്നെ തൃശൂരുമായിരിക്കണം. പതിനായിരത്തിനും അപ്പുറം വേദികള്‍, പ്രഭാഷണത്തിനായി ദിവസവും മൈലുകളോളം യാത്രകള്‍, സൂര്യനു കീഴിലുളള എത്രയോ വിഷയങ്ങള്‍...  വേദത്തെ കുറിച്ച് പറയുമ്പോഴും  മന്‍മോഹന്‍സിംഗിനെ കുറിച്ച് പറയുന്ന, എഴുത്തച്ഛനെ കുറിച്ച് പറയുമ്പോഴും സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കുറിച്ച് പറയുന്ന, സാഹിത്യലോകത്തെ ആ കടലിരമ്പത്തിന്റെ ആരവം ഇപ്പോഴും മലയാളിമനസ്സുകളില്‍  മുഴങ്ങുന്നില്ലേ?

അഴീക്കോട് കണ്ട നിയമസഭ


കരള നിയമസഭയിലും ഡോ.സുകുമാര്‍ അഴീക്കോട് അന്ന് ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഇന്ത്യയിലെ നിയമനിര്‍മ്മാണ സഭകള്‍ക്ക് കേരള നിയമസഭ എന്നും മാതൃകയായിരുന്നു. എന്നാല്‍, ഇതിനെ അറിഞ്ഞവര്‍ക്കൊക്കെ അപൂര്‍വ്വം  എന്നേ വിശേഷിപ്പിക്കാനായുള്ളൂ. 


2006 ഒക്ടോബര്‍ 10. അന്ന് കേരള നിയമസഭയിലേക്ക് അഴീക്കോട് വരികയാണ്. അതിനുമുമ്പ് പല തവണ എം. എല്‍. എ ആയി കടന്നുവരാന്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കക്ഷികള്‍ ഉറച്ച സീറ്റുകള്‍ വാഗ്ദാനം ചെയ്ത് മാഷിനെ ക്ഷണിച്ചതാണ്. പക്ഷെ, അദ്ദേഹം അതിനോട് മുഖം തിരിഞ്ഞ് നില്‍ക്കുകയായിരുന്നു.


ഇവിടെ, അദ്ദേഹം കേരള നിയമസഭയിലേക്ക് എത്തുന്നത് 'കേരളകൌമുദി' ലേഖകന്‍ എന്ന നിലയിലാണ്. പത്രപ്രവര്‍ത്തനം തൊഴിലല്ലാത്ത ഒരു സാംസ്കാരികനായകന്‍ പത്രപ്രവര്‍ത്തകനായി കേരള നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ടുചെയ്യുക എന്ന ചരിത്രനിയോഗം ഏറ്റെടുത്താണ് അദ്ദേഹത്തിന്റെ വരവ്. ഇന്ത്യയിലെ മറ്റൊരു നിയമനിര്‍മ്മാണ സഭയിലും സമാനമായ മറ്റൊരു സംഭവമില്ല.


രാവിലെ 8.30നാണ് നിയമസഭ തുടങ്ങുന്നതെങ്കിലും റിപ്പോര്‍ട്ടറായ മാഷ് എട്ടിനുതന്നെ എത്തി. അന്ന് 'കേരളകൌമുദി' തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ഈ ലേഖകന്‍,രാഷ്ട്രീയ ലേഖകന്‍ ബി.വി.പവനന്‍,പ്രത്യേക ലേഖകരായ എം. എം.സുബൈര്‍, എ.സി.റെജി,കാര്‍ട്ടൂണിസ്റ്റ് ടി.കെ.സുജിത് എന്നിവരോടൊപ്പമാണ് അദ്ദേഹം നിയമസഭാ മന്ദിരത്തിലേക്ക് വന്നത്. നിയമസഭാ മന്ദിരത്തിന് മുന്നിലെ മഹാത്മാ ഗാന്ധിയുടെ കുനിഞ്ഞിരിക്കുന്ന പ്രതിമ കണ്ടതും അദ്ദേഹത്തിലെ വിമര്‍ശകന്‍ ഉണര്‍ന്നു.


"ശരിക്കും ഇങ്ങനെയല്ല ഗാന്ധി. ഇങ്ങനെ കുനിഞ്ഞ് താഴോട്ട് നോക്കിനില്‍ക്കുന്ന ഗാന്ധി വേറെ എവിടെയുമില്ല. നമ്മുടെ സാമാജികരെ നേരേ നോക്കാന്‍ പറ്റാത്തതുകൊണ്ടാവും ഗാന്ധി തോഴോട്ട് നോക്കിനില്‍ക്കുന്നത്" - ഞങ്ങളെ മാഷ് ചിരിപ്പിച്ചു. സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ അഴീക്കോട് മാഷെ കാത്തിരിക്കുകയായിരുന്നു. അദ്ദേഹമായിരുന്നു അഴീക്കോടിനെ  സഭയിലെത്തിക്കുന്നതില്‍ നിര്‍ണായക തീരുമാനമെടുത്തത്.


'കേരളകൌമുദി'യിലെ പത്രപ്രവര്‍ത്തകരുടെ ഒരു യോഗത്തില്‍ നിയമസഭ എങ്ങനെ വ്യത്യസ്തമായി റിപ്പോര്‍ട്ട് ചെയ്യാം എന്ന് ആലോചിച്ചു.  മഹദ് വ്യക്തികളെ കൊണ്ടുവന്ന് റിപ്പോര്‍ട്ടിംഗ് പരീക്ഷിക്കാമെന്ന് ന്യൂസ് എഡിറ്റര്‍ പത്മനാഭന്‍ നമ്പൂതിരി നിര്‍ദ്ദേശിച്ചു. അദ്ദേഹം പറഞ്ഞ പേരുകളില്‍ എക്സിക്യുട്ടീവ് എഡിറ്ററായിരുന്ന ബി.സി.ജോജോയാണ് അഴീക്കോട് മാഷിനെ കൊണ്ടുവരാമെന്ന് അഭിപ്രായപ്പെട്ടത്.മാനേജിംഗ് എഡിറ്റര്‍ ദീപുരവിയും അതിനോട് യോജിച്ചു. അന്നുതന്നെ ജോജോ അഴീക്കോട് മാഷെ ഫോണില്‍ വിളിച്ച് ഇതേക്കുറിച്ച് സംസാരിച്ചു. പദ്ധതി കേട്ട മാഷ്   ആവേശഭരിതനായി.


ഇതേതുടര്‍ന്ന് നിയമസഭയില്‍ 'കേരളകൌമുദി'ക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ അഴീക്കോട് മാഷിന് പാസ് അനുവദിക്കണമെന്ന് സ്പീക്കര്‍ക്ക് കത്തുനല്‍കി. ഒരു പ്രത്യേക വ്യക്തിക്ക് ഇങ്ങനെ പറ്റില്ലെന്നും നിങ്ങളുടെ സ്റ്റാഫ് ആയി നിയമിച്ചശേഷം അപേക്ഷിച്ചാല്‍ പരിഗണിക്കാമെന്നായിരുന്നു നിയമസഭാ സെക്രട്ടേറിയറ്റിന്റെ നിലപാട്. ഇക്കാര്യം മാഷോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ എന്നെ അഡ്വൈസറായി നിയമിച്ചുവെന്ന് പറഞ്ഞ് കത്ത് കൊടുക്കെന്ന് നിര്‍ദ്ദേശിച്ചത് അദ്ദേഹംതന്നെയായിരുന്നു. ഇക്കാര്യത്തില്‍  ഇടപെട്ട പവനനോട് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനുമായും പ്രതിപക്ഷനേതാവ്  ഉമ്മന്‍ചാണ്ടിയുമായും സംസാരിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയോട് ഈ ലേഖകനും ഉമ്മന്‍ചാണ്ടിയോട് പവനനും സംസാരിച്ചു. ഇരുവരും പൂര്‍ണമനസ്സോടെ അഴീക്കോടിനെ സ്വാഗതം ചെയ്യുകയായിരുന്നു. ഇത് രഹസ്യമായി സൂക്ഷിക്കണമെന്ന അഭ്യര്‍ത്ഥന മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറും പാലിച്ചു.


അതുകൊണ്ടുതന്നെ, 'കേരളകൌമുദി ലേഖകനാ'യി സുകുമാര്‍ അഴീക്കോടിനെ നിയമസഭയുടെ പ്രസ്ഗ്യാലറിയില്‍ കണ്ടപ്പോള്‍ എം. എല്‍. എമാര്‍ അമ്പരന്നു. പിന്നീട് അത് ആദരവുകലര്‍ന്ന അത്ഭുകമായി. അതുകൊണ്ടുതന്നെ അന്ന് നിയമസഭാ നടപടികള്‍ ഉന്നത നിലവാരം പുലര്‍ത്തി. തരംതാണ കമന്റുകളോ അനാവശ്യബഹളമോ ഇറങ്ങിപ്പോക്കോ ഉണ്ടായില്ല.


മാഷെ പ്രസ്ഗ്യാലറിയില്‍ കണ്ടതും മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ ഇങ്ങോട്ടുവന്ന് കാണുകയായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദും നിയമസഭാചട്ടമനുസരിച്ച് ഇവിടെ വന്ന് പത്രക്കാരെ കാണാന്‍ പാടില്ലെന്ന് മാഷിനെ ഓര്‍മിപ്പിച്ചശേഷം ചോദിച്ചു: " മാഷ് ഇവിടെ വന്നിരിക്കുമ്പോള്‍ വന്നു കാണാതിരിക്കുന്നതെങ്ങനെയാണ്?"


"നിയമസഭ ടി.വിയില്‍ കണ്ടിട്ടേയുള്ളൂ. എനിക്ക് 80 വയസ്സായി. വല്ലതും സംഭവിക്കുന്നതിന് മുമ്പ് ഇതൊന്ന് കാണണം" - തന്നെ വന്നുകണ്ട് മാഷ് ഇവിടെയല്ല മുന്നില്‍ (മന്ത്രിമാരും കക്ഷിനേതാക്കളും ഇരിക്കുന്ന നിരയില്‍) ആണ് ഇരിക്കേണ്ടതെന്ന് പറഞ്ഞവരോട് 'നേരത്തേതന്നെ പലരും അത് വാഗ്ദാനം ചെയ്തതാണെന്നറിയാമല്ലോ' എന്ന് പറഞ്ഞശേഷം അദ്ദേഹം എന്തുകൊണ്ട് ഇപ്പോള്‍വന്നു എന്നതിന്റെ ഉത്തരം നല്‍കി.


രാവിലെ 11 ന് അന്നത്തെ 'കേരളകൌമുദിഫ്ളാഷ്' നിയമസഭയിലെത്തി. മദ്ധ്യാഹ്നപത്രത്തിന്റെ അന്നത്തെ പ്രധാന വാര്‍ത്തയും ചിത്രവും അഴീക്കോടിന്റെ 'സഭാപ്രവേശ'മായിരുന്നു. "ഫ്ളാഷ് നന്നായിട്ടുണ്ട്. ഇതുകൊണ്ട് ഞാന്‍ വീട്ടില്‍ പോയാല്‍ നാട്ടുകാര്‍ എന്നെ മാലയിട്ട് സ്വീകരിക്കും" - അദ്ദേഹം സന്തോഷം മറച്ചുവച്ചില്ല.


മാഷിന്റെ നിയമസഭാ റിപ്പോര്‍ട്ടിംഗ് മറ്റ് പത്രലേഖകര്‍ക്കും ദൃശ്യമാദ്ധ്യമങ്ങളിലെ ലേഖകര്‍ക്കും ആവേശമായി. ചരിത്രനിയോഗത്തിന് സാക്ഷ്യം വഹിക്കുന്നതിലെ സന്തോഷമായിരുന്നു അവര്‍ക്ക്. മാഷിന്റെ 'മീറ്റ് ദി പ്രസ്' വേണമെന്നായിരുന്നു അവരുടെ ആവശ്യം.പനിക്കിടക്കയിലായിരുന്ന 'കേരളകൌമുദി' പ്രത്യേകലേഖകനും പ്രസ്ക്ളബ്ബ് സെക്രട്ടറിയുമായിരുന്ന വി. എസ്.രാജേഷിനോട് പറഞ്ഞപ്പോള്‍ നൂറുവട്ടം സമ്മതം. നിയമസഭാ സമ്മേളനം പിരിഞ്ഞശേഷമുള്ള സമയം അതിനായി നിശ്ചയിച്ചു.


അന്ന് വൈകുന്നേരം നിയമസഭ പിരിയുന്നതുവരെയുള്ള സമയത്ത് ഉച്ചഭക്ഷണം കഴിഞ്ഞ് കഷ്ടിച്ച് അരമണിക്കൂര്‍ വിശ്രമിച്ചു എന്നതൊഴിച്ചാല്‍ മുഴുവന്‍ സമയവും അദ്ദേഹം സഭാനടപടികള്‍ വീക്ഷിച്ചു. " ഇവര്‍ക്ക് 45 മാര്‍ക്ക് കൊടുക്കേണ്ടി വരുമെന്നേ കരുതിയുള്ളൂ. നേരിട്ടു കണ്ടപ്പോള്‍ നൂറില്‍ 70 മാര്‍ക്ക് നല്‍കാന്‍ തോന്നുന്നു" - അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും മികച്ച സാമാജികനായി അഴീക്കോട് മാഷ് തിരഞ്ഞെടുത്ത സി.കെ.പി പത്മനാഭന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി. എം സീറ്റ് നല്‍കാത്തതിനെ വിധിയുടെ ഫലിതമായി കരുതാം.


അന്ന് സമ്മേളനം കഴിഞ്ഞ ഉടന്‍ വാര്‍ത്ത തയ്യാറാക്കുന്നതില്‍ കാട്ടിയ ജാഗ്രത അഴീക്കോടിലെ ഒരു പ്രൊഫഷണല്‍ ജേണലിസ്റ്റിനെ കാട്ടിത്തരികയായിരുന്നു. അതുകഴിഞ്ഞ് വിവിധ ചാനലുകളിലെ ' ന്യൂസ് അവര്‍' ചര്‍ച്ചകളിലേക്ക് ക്ഷണം. അത് സ്വീകരിക്കാമോ എന്ന് സംശയം. 'കേരളകൌമുദി'യുടെ ക്ഷണം സ്വീകരിച്ചശേഷം മറ്റ് മാദ്ധ്യമങ്ങളില്‍ പോകുന്നത് ശരിയാണോ എന്ന ചിന്തയായിരുന്നു അതിന് കാരണം. 'കേരളകൌമുദി'തന്നെ അതിനായി വാഹനംവിട്ടുകൊടുത്തപ്പോള്‍ മാഷിന് സന്തോഷമായി.


മാഷിനോടുള്ള ആദരസൂചകമായി നക്ഷത്രഹോട്ടലില്‍ ഒരുക്കിയ അത്താഴവിരുന്നില്‍ ന്യൂസ് അവര്‍ ചര്‍ച്ച കഴിഞ്ഞ്  എത്തിയപ്പോള്‍ വൈകി. അപ്പോഴും 'കേരളകൌമുദി'യിലെ പ്രമുഖര്‍ കാത്തിരുന്നത് മാഷിനെ വികാരാധീനനാക്കി...


ചരിത്രം തേരോടിച്ച ആ സുന്ദരമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയും പങ്കാളിയുമാകാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏത് അദ്ധ്യായത്തെക്കാളും മുകളിലല്ലേ?  ഒരുപാട് കവര്‍പ്പുകള്‍ക്കിടയില്‍, കാലം കാത്തുവച്ച സൌഭാഗ്യങ്ങളാവാം  ഇങ്ങനെയൊക്കെ വീണുകിട്ടുന്നത്.

'ഒന്നാകും, അടുത്ത ജന്മത്തിലെങ്കിലും'


കൊല്ലം: അടുത്ത ജന്മത്തിലെങ്കിലും ഒന്നിക്കുമെന്ന പ്രതീക്ഷയില്‍ വിലാസിനി ടീച്ചര്‍ കാത്തിരിക്കുകയാണ്. ഒരു ജീവിതകാലം മുഴുവന്‍ പ്രണയപരവശയായി കാത്തിരുന്ന  വിലാസിനി ടീച്ചര്‍, അദ്ദേഹത്തിന്റെ വേര്‍പാടിന്റെ ദുഃഖത്തിലും അടുത്ത ജന്മത്തിലെങ്കിലും  ഒന്നാകുമെന്ന വിശ്വാസത്തിലാണ്.  പതിവില്ലാതെ ഇന്ന് പുലര്‍ച്ചെ നാല് മണി മുതല്‍ ഉണര്‍ന്ന് കിടക്കുകയായിരുന്നു ടീച്ചര്‍. മാഷിന്റെ അന്ത്യമായെന്ന ചിന്ത അപ്പോഴേ മനസിലുണ്ടായിരുന്നു. ആറര കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍കോള്‍. 'എല്ലാം കഴിഞ്ഞു പോയി ടീച്ചറെ' അഴീക്കോട് മാഷിന്റെ ഡ്രൈെവറുടെ ഭാര്യ രമണിയായിരുന്നു മറുതലയ്ക്കല്‍. 


'അദ്ദേഹത്തെ ആത്മാര്‍ത്ഥമായി സ്നേഹിച്ചതിന്റെ പേരില്‍ എനിക്കൊരു ജീവിതം ഇതുവരെ ഇല്ലായിരുന്നു, അദ്ദേഹം സാഹിത്യവും പ്രസംഗവുമായി എല്ലാറ്റിനേയും അതിജീവിച്ചു.' വിലാസിനി ടീച്ചര്‍ പറയുന്നു. 'ഞാന്‍ ആശുപത്രിയില്‍ പോയി അദ്ദേഹത്തെ കണ്ടത് ഒരു വലിയ വിഭാഗത്തിന് ഇഷ്ടമായില്ല, അതിനാല്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നില്ല. അദ്ദേഹത്തിന്റെ നിത്യശാന്തിക്കായുള്ള പ്രാര്‍ത്ഥനയുമായി ഞാന്‍ എന്റെ വീട്ടിലിരിക്കും. തൃശൂരില്‍ പോയി മാഷിനെ കണ്ട് മടങ്ങിയ ശേഷം എല്ലാ ദിവസവും ഡ്രൈവറെ വിളിക്കുമായിരുന്നു. ക്രിസ്മസ് ദിനത്തില്‍ വിളിച്ചപ്പോള്‍ ഫോണ്‍  അദ്ദേഹത്തിന് കൊടുക്കട്ടേയെന്ന് ഡ്രൈവര്‍ ചോദിച്ചു. ഫോണ്‍ കൊടുത്തപ്പോള്‍ വിലാസിനിയാണെന്ന് പറഞ്ഞു. 'നിന്റെ മനസില്‍ എന്നെപ്പറ്റിയുള്ള വിഷമങ്ങള്‍ മാറിയോ'  എന്ന് അദ്ദേഹം ആരാഞ്ഞു. 'അതെന്നേ മാഞ്ഞു പോയി'  എന്ന് ഞാന്‍ കള്ളം പറഞ്ഞു.

നഷ്ടപ്പെട്ടത് അടുത്ത സുഹൃത്തിനെ: വി. എസ്


തിരുവനന്തപുരം:ഡോ.സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തോടെ വ്യക്തിപരമായി വളരെ അടുത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് പ്രതിപക്ഷനേതാവ് വി. എസ് അച്യുതാനന്ദന്‍ അനുസ്മരിച്ചു.


അനീതിക്കെതിരെ സ്വന്തം നിലയ്ക്കുതന്നെ ഒരു പ്രസ്ഥാനമായിരുന്നു അഴീക്കോട്. സ്വന്തം നിലപാട് നിര്‍ഭയം പ്രകടിപ്പിക്കുകയും എതിര്‍പ്പുകളെ ശക്തമായി ആക്രമിച്ചു തകര്‍ക്കുകയും ചെയ്ത പോരാളിയായിരുന്നു അദ്ദേഹം. നീതിക്കുവേണ്ടിയുള്ള സിംഹഗര്‍ജനങ്ങളായിരുന്നു അഴീക്കോടിന്റെ പ്രസംഗങ്ങള്‍.


മുരത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനും കോണ്‍ഗ്രസിന്റെ ശക്തനായ വക്താവുമായിരുന്ന അഴീക്കോട് അടിയന്തരാവസ്ഥാനന്തരം കോണ്‍ഗ്രസിന്റെ തനിനിറം മനസ്സിലാക്കി ഇടതുപക്ഷത്തിന്റെയും സി.പി. എമ്മിന്റെയും ബന്ധുവും അഭ്യുദയാകാംക്ഷിയുമായി മാറി. വര്‍ഗീയതയ്ക്കും ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ക്കും സാംസ്കാരിക ജീര്‍ണതകള്‍ക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരെ ശക്തമായ ആശയസമരമാണദ്ദേഹം നടത്തിയത്. സാഹിത്യനിരൂപകന്‍, ഉത്പതിഷ്ണുവായ സാംസ്കാരിക നായകന്‍, രാഷ്ട്രീയ ചിന്തകന്‍, സര്‍വോപരി മഹാനായ പ്രഭാഷകന്‍ എന്നീ നിലകളിലെല്ലാം തലമുറകള്‍ അഴീക്കോടിനെ ഓര്‍ക്കുമെന്ന് വി. എസ് പറഞ്ഞു.

സുകുമാര്‍ അഴീക്കോട് അന്തരിച്ചു



തൃശൂര്‍: വാക്കുകള്‍ക്ക് മാസ്മരികതയുടെ തേജസ്സ് സമ്മാനിച്ച കേരളത്തിലെ പ്രഭാഷണാചാര്യന്‍ ഡോ.സുകുമാര്‍ അഴീക്കോട് അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ന് രാവിലെ 6.33ന് തൃശൂര്‍ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കുറച്ചുനാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.  അടുത്ത ബന്ധുക്കളും സന്തതസഹചാരിയായ സുരേഷും ചികിത്സിച്ചിരുന്ന പാനലിലെ ഡോക്ടര്‍മാരുമെല്ലാം അന്ത്യസമയത്ത് സമീപമുണ്ടായിരുന്നു. 


മൃതദേഹം രാവിലെ എട്ടിന് അമല ആശുപത്രിയില്‍ നിന്നും ഇരവിമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പത്തുമണിക്ക് സാഹിത്യ അക്കാഡമി ഹാളില്‍  പൊതുദര്‍ശനത്തിന് വച്ചു. വൈകിട്ട് നാലിന് മൃതദേഹം സ്വദേശമായ കണ്ണൂരിലെ അഴീക്കോട്ടേക്ക് കൊണ്ടുപോകും. നാളെ രാവിലെ 11 മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം.  തൃശൂരിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സാഹിത്യ രംഗത്തെ ഉറ്റവരും സംസ്കാരം തൃശൂരിലാക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അതേ സമയം ബന്ധുക്കള്‍ കണ്ണൂരിലെ പയ്യമ്പലത്ത് തന്നെ സംസ്കാരം നടത്തണമെന്ന ആഗഹം പ്രകടിപ്പിച്ചു. ബന്ധുക്കളുടെ ഇഷ്ടപ്രകാരമായിരിക്കും തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. 


2011 ഡിസംബര്‍ ഏഴിന് വൈകിട്ടോടെ ചെറിയൊരു തലക്കറക്കമുണ്ടായതിനെ തുടര്‍ന്ന് തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ഹോസ്പിറ്റലിലേക്കെത്തുമ്പോഴാണ് രോഗാതുരനായ അഴീക്കോട് മാഷിനെ ലോകം ആദ്യം കാണുന്നത്. രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് കിടക്കയില്‍ നിന്ന് നിലത്തേക്ക് വീഴുകയായിരുന്നു മാഷ്. സേക്രഡ് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ നിന്നും അടുത്ത ദിവസം തന്നെ മാഷിനെ അമല ആശുപത്രിയിലേക്ക് മാറ്റി. അമലയിലെ മെഡിക്കല്‍ ബുള്ളറ്റിനുകളിലാണ് മാഷിന് അര്‍ബുദ രോഗ ബാധയുണ്ടെന്ന വിവരം പുറംലോകം അറിഞ്ഞത്. എന്നാല്‍ അസുഖവിവരം നേരത്തേതന്നെ അദ്ദേഹത്തിന് അറിയാമായിരുന്നു. ഡിസംബര്‍ ഏഴുവരെ പൊതുചടങ്ങുകളില്‍ സജീവമായിരുന്നു മാഷ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കിടക്കയില്‍ കിടന്നുകൊണ്ട് പുസ്തക പ്രകാശനം,  അവാര്‍ഡ് ദാനം, അവാര്‍ഡ് ഏറ്റുവാങ്ങല്‍ അടക്കമുള്ള ചടങ്ങുകള്‍ നടന്നിരുന്നു.


അണപ്പല്ലിന് പിറകില്‍ മോണയോട് ചേര്‍ന്ന് കാണപ്പെടുന്ന റിട്രോമോളാര്‍ ട്യൂമര്‍ അഥവാ ആല്‍വിയോലാര്‍ ട്യൂമര്‍ എന്ന അര്‍ബുദമായിരുന്നു മാഷിനെന്ന് നേരത്തേതന്നെ കണ്ടെത്തിയിരുന്നു. വളരെ വിരളമായാണ് ഈ അസുഖം കണ്ടുവരുന്നത്. വിശ്രമമില്ലാത്ത മാഷിന്റെ പൊതുജീവിതം അസുഖം മൂര്‍ച്ഛിക്കാന്‍ കാരണമായി. അമല ആശുപത്രിയില്‍ എത്തുംമുമ്പ് തന്നെ അസുഖം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത വിധത്തിലായി. 


അണപ്പല്ലിലെ ക്യാന്‍സര്‍ നട്ടെല്ലിലും എല്ലുകളിലേക്കും വ്യാപിച്ച് എല്ലുകള്‍ പൊട്ടുകയും തേയ്മാനം സംഭവിക്കുകയും ചെയ്തു. ശ്വാസകോശമടക്കമുള്ള ആന്തരികാവയവങ്ങളെയും രോഗം കാര്‍ന്നുതിന്നാന്‍ തുടങ്ങി. രോഗനിര്‍ണ്ണയം നേരത്തേ നടത്തിയിരുന്നെങ്കിലും വളരെ രഹസ്യമായി മാഷ് ഹോമിയോ ചികിത്സ നടത്തിയിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. അവസാന ദിവസങ്ങളില്‍ കീമോതെറാപ്പിക്കോ റേഡിയേഷന്‍ തെറാപ്പിക്കോ മാഷ് നിന്നുകൊടുത്തില്ല. മിക്കവാറും വേദനസംഹാരികള്‍ മാത്രമാണ് മാഷിന് നല്‍കിയിരുന്നത്. മാഷിന്റെ ചികിത്സാച്ചെലവുകളെല്ലാം സര്‍ക്കാര്‍ നേരിട്ട് നല്‍കി. 


രോഗക്കിടക്കയിലായ ശേഷം കേരളത്തിലെ സാംസ്കാരിക, സമൂഹിക, രാഷ്ട്രീയ മേഖലകളിലുള്ള പ്രമുഖര്‍ മാഷിനെ സന്ദര്‍ശിച്ചു. അവസാന സന്ദര്‍ശകന്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആയിരുന്നു. സിനിമാവിവാദങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന കേസുകളെല്ലാം മോഹന്‍ലാലും മാഷും നേരത്തേ പിന്‍വലിച്ചിരുന്നു.


സുകുമാര്‍ അഴീക്കോട്


കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കലില്‍ വിദ്വാന്‍ പി.ദാമോദരന്റെയും കെ.ടി. മാധവിയമ്മയുടെയും മകനായി 1926ല്‍ ആയിരുന്നു സുകുമാര്‍ അഴീക്കോടിന്റെ ജനനം. എം. എ. മലയാളം, സംസ്കൃതം. ബി കോം, ബി.ടി, പി. എച്ച്. ഡി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. 


അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് സര്‍വ്വകലാശാല പ്രോ- വൈസ് ചാന്‍സലറും ആക്ടിംഗ് വൈസ് ചാന്‍സലറും ആയിരുന്നു. യു.ജി.സി ഭാരതീയ ഭാഷാപഠനത്തിന്റെ പാനല്‍ മെംബര്‍. കോഴിക്കോട് സര്‍വ്വകലാശാല എമിററ്റസ് പ്രൊഫസര്‍. കേരള സാഹിത്യ അക്കാഡമിയിലും കേന്ദ്രസാഹിത്യ അക്കാഡമിയിലും അംഗമായിരുന്നു. നവഭാരതവേദി സ്ഥാപകാദ്ധ്യക്ഷന്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമിയുടെ വിശിഷ്ടാംഗത്വവും ലഭിച്ചിട്ടുണ്ട്. 


തത്വമസി, മലയാള സാഹിത്യ വിമര്‍ശനം, ആശാന്റെ സീതാകാവ്യം, രമണനും മലയാള സാഹിത്യവും, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, വിശ്വസാഹിത്യ പഠനങ്ങള്‍, ഗുരുവിന്റെ ദു:ഖം, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 


വയലാര്‍ അവാര്‍ഡ് (തത്വമസി-1989ല്‍), കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ് (തത്വമസി), മലയാള സാഹിത്യ വിമര്‍ശനം 1984, എഴുത്തച്ഛന്‍ പുരസ്കാരം, വള്ളത്തോള്‍ പുരസ്കാരം (2007) എന്നീ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 2007ല്‍ പദ്മശ്രീ നല്‍കി ആദരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അഴീക്കോട് അത് നിരസിച്ചു.