കണ്ണൂര്‍ : ജ്വലിക്കുന്ന ഓര്‍മകളുമായി ഒത്തുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി അഴീക്കോടിന് കണ്ണൂര്‍ പയ്യാമ്പലത്ത് അന്ത്യവിശ്രമം. സാമൂഹ്യമാറ്റത്തിന് സന്ധിയില്ലാതെ പൊരുതിയവരുടെ സ്മൃതികള്‍ ഇരമ്പുന്ന സാഗരതീരത്ത് മലയാളികള്‍ കാതോര്‍ത്ത ആ സിംഹഗര്‍ജനവും ഇനി നിദ്രകൊള്ളും. പരമ്പരാഗത രീതിയില്‍ ചിതയൊരുക്കിയാണ് മൃതദേഹം സംസ്കരിച്ചത്. സഹോദരി പുത്രന്മാരായ മാനോജ്, രാജേഷ്, സഹായി സുരേഷ് എന്നിവര്‍ ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തി. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മുരിക്കഞ്ചേരി കേളുമുതല്‍ നാടിനുവേണ്ടി സുധീരം പോരാടിയവരുടെ ഓര്‍മകള്‍ അലയടിക്കുന്ന ചരിത്രഭൂമിയാണ് പയ്യാമ്പലം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും എന്‍ സി ശേഖറും കെ പി ഗോപാലനും അഴീക്കോടന്‍ രാഘവനും ഇ കെ നായനാരും ചടയന്‍ ഗോവിന്ദനും സി കണ്ണനും പാമ്പന്‍ മാധവനുമടക്കമുള്ള മഹാരഥന്മാര്‍ അലിഞ്ഞുചേര്‍ന്ന മണ്ണില്‍ ഇനി അഴീക്കോടും. പാവങ്ങളുടെ പടത്തലവന്‍ ഏ കെ ജിയുടെ സ്മൃതിമണ്ഡപവും ഇവിടെയുണ്ട്. സുകുമാര്‍ അഴീക്കോടിന് കണ്ണൂര്‍ ജന്മനാട് മാത്രമല്ല; ആ സര്‍ഗാത്മക ജീവിതത്തിന് ദിശാബോധം പകര്‍ന്നതും ഈ നാടാണ്. സ്വാമി വാഗ്ഭടാനന്ദന്റെ ചിന്തകള്‍ അഴീക്കോടിന്റെ മനസിലേക്ക് ആഴത്തില്‍ തറയ്ക്കുന്നതും ഉള്ളില്‍ നവോത്ഥാനത്തിന്റെ തീപടരുന്നതും ഇവിടെവച്ച്. ഈ മണ്ണിലേക്കുതന്നെ മടങ്ങിവരണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. രാത്രി ഒരു മണിയോടെ കണ്ണൂരിലെത്തിച്ച മൃതദേഹം കണ്ണൂര്‍ മഹാത്മാ മന്ദരിത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. അഴീക്കോട് ഏറെ വൈകാരിക അടുപ്പം കാത്തുസൂക്ഷിച്ച മന്ദിരമാണിത്. അദ്ദേഹമടക്കമുള്ള ഒരുസംഘം ഗാന്ധിയന്മാരുടെ നേതൃത്വത്തിലാണ് നഗരമധ്യത്തില്‍ ഈ മന്ദിരം സ്ഥാപിച്ചത്. ഒടുവിലായി അഴീക്കോട് പങ്കെടുത്തതും പങ്കെടുക്കാനാവാതിരുന്നതും മഹാത്മാ മന്ദിരത്തിലെ പരിപാടിയിലായിരുന്നു. ബുധനാഴ്ച രാവിലെ ഏഴിന് മൃതദേഹം ടൗണ്‍സ്ക്വയറിലേക്ക് മാറ്റി. പതിനൊന്നു മണിയോടെ വിലാപയാത്രയായി പയ്യാമ്പലത്തേക്ക് കൊണ്ടു പോയി. സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ്ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍ , പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ , എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ , ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി, ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ , എം എ ബേബി, എ കെ ബാലന്‍ , പന്ന്യന്‍ രവീന്ദ്രന്‍ , രാമചന്ദ്രന്‍ കടന്നപ്പിള്ളി, കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍ , കെ സി വേണുഗോപാല്‍ , സംസ്ഥാന മന്ത്രിമാരായ കെ സി ജോസഫ്, എ പി അനില്‍കുമാര്‍ , സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ , എം വി രാഘവന്‍ , വി മുരളീധരന്‍ , എംപിമാരായ കെ സുധാകരന്‍ , എം കെ രാഘവന്‍ എന്നിവര്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തി. എഴുത്തുകാരായ ടി പത്മനാഭന്‍ , എം മുകുന്ദന്‍ , പി വത്സല, കെ പി സുധീര, കണ്ണൂര്‍ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ , കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ മൈക്കിള്‍ തരകന്‍ തുടങ്ങിയവരും ആദരാഞ്ജലിയര്‍ര്‍പ്പിച്ചു. ആദരസൂചകമായി കണ്ണൂര്‍ നഗരസഭാപരിധിയിലും അഴീക്കോട് പഞ്ചായത്തിലും ബുധനാഴ്ച ഉച്ചവരെ ഹര്‍ത്താലാചരിച്ചു.
Labels
- മലയാള മനോരമ (22)
- കേരള കൌമുദി (20)
- മാതൃഭൂമി (14)
- മെട്രോ വാര്‍ത്ത (11)
- മംഗളം (9)
- മാധ്യമം (9)
- ദേശാഭിമാനി (6)
- ചലച്ചിത്രം (4)
- ദ്വീപിക (4)
- DOOL NEWS (1)
- MALAYAL.AM (1)
- THE HINDU (1)
- കൃതികള്‍ (1)
- ജീവിതം (1)
- തേജസ് (1)
Showing posts with label ദേശാഭിമാനി. Show all posts
Showing posts with label ദേശാഭിമാനി. Show all posts
Tuesday, January 24, 2012
നിര്‍ഭയമായ മനസ്സ്; സമുന്നതമായ ശിരസ്സ്
കേരളത്തിന്റെ സാമൂഹിക മനഃസാക്ഷിയുടെ ശബ്ദമായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്. സാമൂഹിക അനീതികള്‍ക്കും രാഷ്ട്രീയ ദുഷിപ്പുകള്‍ക്കും സാംസ്കാരികജീര്‍ണതകള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ മുന്നേറിയ പടയോട്ടമായിരുന്നു അദ്ദേഹത്തിന്റെ കര്‍മനിരതമായ ജീവിതം. നഷ്ടപ്പെട്ട, വിലപ്പെട്ട മൂല്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ചും വര്‍ധിച്ചുവരുന്ന ഉച്ചനീചത്വങ്ങളെക്കുറിച്ച് നാടിനെ ജാഗ്രതപ്പെടുത്തിയും കേരളത്തിലങ്ങോളമിങ്ങോളം നിത്യേനയെന്നോണം മുഴങ്ങിക്കേട്ട ആ പ്രബുദ്ധതയുടെ സിംഹഗര്‍ജനം ഇനിയില്ല. എന്നാല്‍ , സമൂഹത്തിന്റെ മനസ്സില്‍ അതുണ്ടാക്കിയ പ്രതിധ്വനി ഇനിയുമെത്രയോ കാലം അടങ്ങാതെ മുഴങ്ങിക്കൊണ്ടേയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പലവിധത്തിലുള്ള അന്ധകാരം നമ്മെ ചൂഴ്ന്നുകൊണ്ടിരിക്കുന്ന ചരിത്രഘട്ടത്തിലാണ്, ഡോ. സുകുമാര്‍ അഴീക്കോട് മൂല്യങ്ങളുടെ പുനഃസ്ഥാപനത്തിനുവേണ്ടിയുള്ള അണയാത്ത കൈത്തിരികള്‍ നമ്മുടെ സമൂഹത്തില്‍ കൊളുത്തിവച്ചത്.
സാമ്രാജ്യത്വവിരുദ്ധമായ രാഷ്ട്രീയ ഉള്ളടക്കത്തോടുകൂടിയ ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ പൈതൃകത്തില്‍നിന്നുള്ള ഊര്‍ജകണങ്ങളാണ് അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലും പ്രതിഫലിച്ചത്. അതുകൊണ്ടുതന്നെ ദേശീയസ്വാതന്ത്ര്യത്തിന്റെ സ്വപ്നങ്ങള്‍ ശിഥിലമാകുന്ന ഒരുകാലത്ത് വ്യവസ്ഥിതിയുടെ അധികാരഗോപുരങ്ങളില്‍ അത് സാഗരഗര്‍ജനംപോലെ പ്രതിധ്വനിച്ചു. ഭരണാധികാരത്തിന്റെ ഇടനാഴികളില്‍ പടര്‍ന്ന ഭോഗലാലസതകളെ അത് ഞെട്ടിച്ചു. സ്വാര്‍ഥമോഹികളായ അധികാരിവൃന്ദം ആ വാക്കുകളുടെ ജ്വാലയെ അഗ്നിയെപ്പോലെ ഭയന്നുനിന്നു. വലിയ ഒരു തിരുത്തല്‍ശക്തിയായിരുന്നു അഴീക്കോട് മാഷ്. രാഷ്ട്രത്തിന്റെ ഭരണഘടന അതിന്റെ പ്രിയാംബിളിലൂടെതന്നെ പ്രഖ്യാപിച്ച സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നീ അടിസ്ഥാനമൂല്യങ്ങളെ സങ്കുചിത രാഷ്ട്രീയദുഷ്ടലാക്കോടെ അപകടപ്പെടുത്തുന്ന ഭരണാധികാരത്തിന്റെ പുത്തന്‍കൂറ്റുകാരെ ആ വാക്കുകള്‍ വിറളിപിടിപ്പിച്ചിട്ടുണ്ട്. നാടിനെയും ജനതയെയും സംസ്കാരത്തെയും സ്നേഹിക്കുന്ന ത്യാഗധനരായ ദേശാഭിമാനികളെ അത് ഊര്‍ജ്വസ്വലമാംവിധം പ്രചോദിപ്പിച്ചിട്ടുണ്ട്. അകര്‍മണ്യതയിലേക്ക് വഴുതിവീഴുകയായിരുന്ന പുതുതലമുറയിലെ വലിയൊരു വിഭാഗത്തെ കര്‍മധീരതയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കും സുഷുപ്തിയില്‍നിന്ന് ജാഗ്രതയിലേക്കും നാടിനെ നയിക്കാന്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചുപോരുന്ന പുരോഗമനശക്തികള്‍ക്ക് ആവേശവും കരുത്തും പകര്‍ന്നുകൊടുത്തിട്ടുണ്ട്. ഗാന്ധിയനായിരുന്ന അഴീക്കോട് മാഷ് ജീവിതാന്ത്യംവരെ ഗാന്ധിയനായിത്തന്നെ തുടര്‍ന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലും സ്വാശ്രയത്തിലും മതനിരപേക്ഷതാസങ്കല്‍പ്പത്തിലും സോഷ്യലിസ്റ്റ് ആഭിമുഖ്യങ്ങളിലും തുടരെ വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ട്, "ഗാന്ധിയന്‍" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഭരണാധികാരികള്‍ സാമ്രാജ്യത്വവുമായി സന്ധിചെയ്യുന്നത് കണ്ട് ഹൃദയം പൊള്ളിയ അദ്ദേഹം, യഥാര്‍ഥ ഗാന്ധിയന്‍ മൂല്യങ്ങളും നിലപാടുകളും എന്തെന്ന് വ്യക്തമാക്കി നാട്ടിലുടനീളം പ്രഭാഷണപരമ്പരകള്‍ നടത്തി ജനങ്ങളെ ഉണര്‍ത്തി. ആ പ്രക്രിയക്കിടയില്‍ ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: "കോണ്‍ഗ്രസുകാരനായി മരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം; പക്ഷേ, എനിക്കുമുമ്പേതന്നെ കോണ്‍ഗ്രസ് മരിച്ചു." കോണ്‍ഗ്രസ് രാഷ്ട്രീയം എങ്ങനെ ജനവിരുദ്ധവും രാജ്യവിരുദ്ധവുമായി എന്നുള്ളതിന്റെ കൃത്യമായ വിലയിരുത്തല്‍ ആ പരാമര്‍ശത്തിലുണ്ട്. കോണ്‍ഗ്രസ് എങ്ങനെ അതിന്റെ സാമ്രാജ്യത്വവിരുദ്ധ ദേശീയപൈതൃകത്തില്‍നിന്ന് വിപരീതദിശയിലേക്ക് അകന്നുപോയി എന്നതിന്റെ കൃത്യമായ വിമര്‍ശവും അതിലുണ്ട്. അതിലടങ്ങിയിട്ടുള്ള മാറ്റം അദ്ദേഹത്തിന്റെ കര്‍മരംഗത്തും പ്രതിഫലിച്ചു. നാടിനും ജനതയ്ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കമ്യൂണിസ്റ്റുകാരില്‍നിന്നാണ് ഉണ്ടാകുന്നതെന്ന് തിരിച്ചറിഞ്ഞ അഴീക്കോട് മാഷ്, തന്റെ ആദ്യകാല കമ്യൂണിസ്റ്റ് വിരുദ്ധത പാടെ കുടഞ്ഞെറിഞ്ഞുകൊണ്ടും അതേസമയം, ഗാന്ധിയനായി തുടര്‍ന്നുകൊണ്ടും കമ്യൂണിസ്റ്റുകാരുമായി സഹകരിച്ചു. "മാറിയത് ഞാനല്ല കോണ്‍ഗ്രസാണ്" എന്ന ഒറ്റവാചകംകൊണ്ട് സ്വാഭാവികമായ ഈ പരിണതിയെ അഴീക്കോട് മാഷ് വിശദീകരിക്കുകയായിരുന്നു. കേരളം എന്നും ആ വാക്കുകള്‍ക്കുവേണ്ടി കാതോര്‍ത്തിരുന്നു. അഴീക്കോട് മാഷ് പറയുന്നതില്‍ ശരിയുണ്ടാകുമെന്ന് ജനങ്ങള്‍ക്കറിയാമായിരുന്നു. സ്വാര്‍ഥതാസ്പര്‍ശം അദ്ദേഹത്തിന്റെ നിലപാടുകളില്‍ അശേഷമുണ്ടാകില്ലെന്ന് ബോധ്യമുള്ളതുകൊണ്ടായിരുന്നു ഇത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സാമൂഹിക- രാഷ്ട്രീയ വിമര്‍ശങ്ങള്‍ക്കും നിലപാടുകള്‍ക്കും എന്നും കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വിപുലമായ സ്വീകാര്യത ലഭിച്ചു. വര്‍ഗീയതയുടെ ഛിദ്രശക്തികള്‍ക്കെതിരെ മതനിരപേക്ഷതയുടെ പക്ഷത്ത് ഉറച്ചുനിന്നുകൊണ്ട് അദ്ദേഹം എന്നും രാഷ്ട്ര ഐക്യത്തിന്റെയും ജനതയുടെ ഒരുമയുടെയും സന്ദേശം പ്രചരിപ്പിച്ചു. അതില്‍ അസഹിഷ്ണുതപൂണ്ട വിധ്വംസകശക്തികളില്‍നിന്ന് വധഭീഷണിപോലും നേരിടേണ്ടി വന്നു. എന്നാല്‍ , സ്വന്തം നിലപാടുകളില്‍ ധൈര്യത്തിനും സ്ഥൈര്യത്തിനും ജീവനേക്കാള്‍ വിലകല്‍പ്പിച്ച അഴീക്കോട് മാഷ് ഒരിക്കലും തന്റെ വിശ്വാസപ്രമാണങ്ങളില്‍നിന്ന് എള്ളിട വ്യതിചലിച്ചില്ല; കൂടുതല്‍ ശക്തിയോടെ അതില്‍ ഉറച്ചുനിന്നു. കേരളം അദ്ദേഹത്തിന് പ്രതിരോധനിരയും തീര്‍ത്തു. അധികാരസ്ഥാനങ്ങള്‍ ഒരിക്കലും അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. വൈസ് ചാന്‍സലര്‍സ്ഥാനംതൊട്ട് കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റുസ്ഥാനംവരെ എത്രയോ അധികാരക്കസേരകള്‍ അദ്ദേഹം പൂര്‍ണമനസ്സോടെ ത്യജിച്ചു. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം എഴുത്തുകാരന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍വേണ്ടി തിരികെ ഏല്‍പ്പിച്ചു. വാഗ്ഭടാനന്ദന്റെ ശിഷ്യനായിരുന്ന അഴീക്കോട് മാഷ് വാക്കിന്റെ ഭടനായിരുന്നു ജീവിതത്തിലുടനീളം. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ മതസ്ഥാപനത്തിന്റെയോ ഭാഗമായി നിന്നുകൊണ്ടല്ലാതെ ജനങ്ങളെ ഇത്രയേറെ തവണ അഭിസംബോധനചെയ്ത മറ്റൊരു പ്രാസംഗികന്‍ കേരളത്തിന്റെ ചരിത്രത്തിലില്ല. കനല്‍ച്ചീളുകള്‍പോലെ ചിതറിത്തെറിക്കുന്ന വാക്കുകള്‍കൊണ്ട് സ്ഥാപിതതാല്‍പ്പര്യങ്ങളുടെ ദന്തഗോപുരങ്ങള്‍ അദ്ദേഹം തകര്‍ത്തെറിഞ്ഞു. വാഗ്ധോരണികൊണ്ടും ആശയഗരിമകൊണ്ടും ശ്രദ്ധേയമായ പ്രൗഢോജ്വലങ്ങളായ പ്രഭാഷണങ്ങളായി അവ ചരിത്രത്തില്‍ സ്ഥാനംപിടിച്ചു. "മഹാത്മാവിന്റെ മാര്‍ഗം" എന്ന ഗ്രന്ഥവുമായാണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നത്. ഗാന്ധിയന്‍ചിന്തകളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനഗ്രന്ഥമായി അത് വിലയിരുത്തപ്പെടുന്നു. "ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു" എന്ന കൃതിയിലൂടെ ഖണ്ഡനവിമര്‍ശത്തിന്റെ ഗിരിശൃംഗങ്ങള്‍ അളന്നുകുറിച്ച അദ്ദേഹം ആ കൃതിയിലൂടെതന്നെ മലയാളസാഹിത്യത്തിലെ സമുന്നത നിരൂപകവ്യക്തിത്വമായി വിലയിരുത്തപ്പെട്ടു. മാരാരുടെയും മുണ്ടശ്ശേരിയുടെയും കേസരിയുടെയും പ്രതാപകാലത്ത് മറ്റൊരു നിരൂപകന് സ്വന്തം ഇടം സ്ഥാപിച്ചെടുക്കുക എളുപ്പമായിരുന്നില്ല. എന്നാല്‍ , മൗലികചിന്തയുടെ തെളിവെളിച്ചംകൊണ്ട് അഴീക്കോട് മാഷ് അത് നിഷ്പ്രയാസം സാധിച്ചു. സര്‍ഗാത്മകനിരൂപണത്തിന്റെ പുതുചക്രവാളങ്ങള്‍ കണ്ടെത്തിയ "ആശാന്റെ സീതാകാവ്യം" അടക്കം മലയാളത്തില്‍ മറക്കാനാകാത്ത എത്രയോ ഉല്‍കൃഷ്ഠ നിരൂപണകൃതികള്‍!
അഴീക്കോട് മാഷിന്റെ മാസ്റ്റര്‍പീസ് "തത്വമസി"തന്നെയാണ്. ഉപനിഷദ്സന്ദേശസാരം സാധാരണക്കാരന് ആസ്വാദ്യമാംവിധം ആ കൃതിയില്‍ അദ്ദേഹം പകര്‍ന്നുവച്ചു. ആദിശങ്കരന്‍മുതല്‍ മാക്സ് മുള്ളര്‍വരെയുള്ളവരുടെ ഭാഷ്യങ്ങള്‍ അദ്ദേഹം അപഗ്രഥനവിധേയമാക്കി. ഇന്ത്യന്‍ സാഹിത്യചരിത്രത്തില്‍ സമാനതയില്ലാത്ത കൃതിയായി "തത്വമസി" ഉയര്‍ന്നുനില്‍ക്കുന്നു. ദേശാഭിമാനിക്ക് അഴീക്കോടുമായുള്ള ആത്മബന്ധം നന്ദിപൂര്‍വം എടുത്തുപറയേണ്ടതുണ്ട്. മറ്റൊരു പത്രത്തിലും ഇത്ര നീണ്ടകാലം മാഷ് തുടര്‍ച്ചയായി പംക്തി കൈകാര്യം ചെയ്തിട്ടില്ല. എന്നും ദേശാഭിമാനിയോടും അത് പ്രതിനിധാനംചെയ്യുന്ന പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തോടും അദ്ദേഹം സ്നേഹവായ്പോടെ ഗാഢമായ ആത്മബന്ധം പുലര്‍ത്തി. ആ സ്മരണയ്ക്കുമുന്നില്‍ ദേശാഭിമാനി ആദരവോടെ സ്നേഹാഞ്ജലി അര്‍പ്പിക്കുന്നു.
സംസ്കാരം പയ്യാമ്പലത്ത്
തിരു: ഡോ. സുകുമാര്‍ അഴീക്കോടിന്റെ
സംസ്കാരം കണ്ണൂര്‍ പയ്യാമ്പലത്ത് നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കണ്ണൂരിലെ അഴീക്കോടാണ് ജനിച്ചതെങ്കിലും സാംസ്കാരിക നഗരിയുടെ ദത്തുപുത്രനായി
അറിയപ്പെടുന്ന അഴീക്കോടിന്റെ സംസ്കാരം തൃശൂരില്‍ നടത്തണമെന്ന് തൃശൂരിലെ
സാഹിത്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത്
സംസ്കാരം നടത്തണമെന്നാണ് ബന്ധുക്കളും പറഞ്ഞു. ബന്ധുക്കള്‍ ഈ ആവശ്യം ജില്ലാകലക്ടര്‍ക്ക്
രേഖാമൂലം എഴുതി നല്‍കുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രി ഇരു കൂട്ടരുമായും ചര്‍ച്ച
നടത്തിയാണ് തീരുമാനമെടുത്തത്.
സംസ്കാരം സംബന്ധിച്ച്
ഒരു വിവാദവും ഉണ്ടാകില്ലെന്ന് തൃശൂരിലെ ജനപ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും
ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിലെ ജനങ്ങളുടെ വികാരം സര്‍ക്കാര്‍
പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അഴീക്കോടിന് ഉചിതമായ
സ്മാരകം തൃശൂരില്‍ നിര്‍മ്മിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
സുകുമാര്‍
അഴീക്കോടിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തൃശൂരിലെ സാഹിത്യ അക്കാദമി
ഹാളില്‍ നിന്ന് ആരംഭിച്ചു. മന്ത്രി കെ സി ജോസഫ് വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.
വൈകീട്ട് നാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്. ഉച്ചയ്ക്ക് 2ന്
കോഴിക്കോട്ടേയ്ക്ക് മൃതദേഹം കൊണ്ടുപോകുമെന്ന് പറഞ്ഞിരുന്നെങ്കിലും അഴീക്കോടിനെ
അവസാനമായി കാണാനെത്തിയ ജനപ്രവാഹം മൂലം നേരത്തെ നിശ്ചയിച്ചതിലും രണ്ടുമണിക്കൂര്‍
വൈകിയാണ് യാത്ര തുടങ്ങിയത്. സാംസ്കാരിക നഗരി അഴീക്കോടിനെ എത്രമാത്രം
സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവായിരുന്നു സാഹിത്യ
അക്കാദമി ഹാളിലേക്ക് ഒഴുകിയെത്തിയ ജനങ്ങള്‍ . വിലാപയാത്ര വൈകീട്ട്
കോഴിക്കോടെത്തും. കോഴിക്കോട് ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചശേഷം
രാത്രിയോടെ വിലാപയാത്ര കണ്ണൂരിലേക്ക് നീങ്ങും.
അനീതിക്കെതിരെ പോരാടിയ നായകന്‍ : പിണറായി
തിരു: അനീതിക്കെതിരെ പോരാടിയ സാംസ്കാരിക
നായകനെയാണ് അഴീക്കോടിന്റെ വിയോഗത്തോടെ നഷ്ടമായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി
പിണറായി വിജയന്‍ പറഞ്ഞു. ധീരതയുടെയും നീതിയുടെയും ഉറവിടമായിരുന്ന അദ്ദേഹം
സമൂഹത്തില്‍ കാണുന്ന എല്ലാ നെറികേടുകള്‍ക്കെതിരെയും പ്രതികരിച്ച സാംസ്കാരിക
നായകനായിരുന്നു. അഴീക്കോടിന്റെ വിമര്‍ശനങ്ങള്‍ സിപിഐ എം എന്നും ഗൗരവത്തോടെയാണ്
കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണം നികത്താനാകാത്ത
നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും പിണറായി പറഞ്ഞു.
കനത്ത നഷ്ടം:
മുഖ്യമന്ത്രി
മലയാള
സാഹിത്യത്തിനും സാംസ്കാരിക മേഖലയ്ക്കും കനത്ത നഷ്ടമാണ് അഴീക്കോടിന്റെ വിയോഗമെന്ന്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു. സംസ്കാരം എല്ലാ ഔദ്യോഗിക ബഹുമതികളോടെയും
നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അനീതിക്കെതിരായ
പ്രസ്ഥാനം: വി എസ്
സാംസ്കാരിക
ജീര്‍ണ്ണതകള്‍ക്കെതിരെ പോരാടിയ വ്യക്തിത്വത്തെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷനേതാവ്
വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അനീതിക്കെതിരായ പ്രസ്ഥാനമായിരുന്നു അഴീക്കോട്. വ്യക്തിപരമായി
അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്. കേരളീയ സമൂഹത്തിന് നികത്താനാകാത്ത വിടവാണ്
അഴീക്കോടിന്റെ നിര്യാണത്തോടെ സംഭവിച്ചതെന്നും വിഎസ് അനുസ്മരിച്ചു.
കേരളത്തിന്
നഷ്ടമായത് തിരുത്തല്‍ ശക്തി: എ കെ ആന്റണി
അഴീക്കോടിന്റെ
നിര്യാണത്തോടെ കേരളത്തിന് ഒരു തിരുത്തല്‍ ശക്തിയെയാണ് നഷ്ടപ്പെട്ടതെന്ന്
പ്രതിരോധമന്ത്രി എ കെ ആന്റണി. വിദ്യാര്‍ഥിപ്രവര്‍ത്തകനായ കാലംമുതല്‍ തനിക്ക്
അഴീക്കോടുമായി അടുപ്പമുണ്ടെന്ന് ആന്റണി അനുസ്മരിച്ചു. കേരളീയ സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന
അഴിമതി, സ്വജനപക്ഷപാതം, ആര്‍ഭാടം
എന്നിവയ്ക്കെതിരെ ഒരു യോദ്ധാവിനെപ്പോലെ പോരാടിയ വ്യക്തിയായിരുന്നു അഴീക്കോടെന്നും
ആന്റണി അനുസ്മരിച്ചു.
അഴീക്കോടിന്റെ
വിയോഗത്തോടെ ഒരു വിജ്ഞാന ഭണ്ഡാരത്തെയാണ് കേരളത്തിന് നഷ്ടമായതെന്ന് നടന്‍ തിലകന്‍
അനുസ്മരിച്ചു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ , ഒഎന്‍വി കുറുപ്പ്, കെ സച്ചിദാനന്ദന്‍ , സി രാധാകൃഷ്ണന്‍ , ഡി വിനയചന്ദ്രന്‍ , വി മധുസൂദനന്‍ നായര്‍
തുടങ്ങി ജനപ്രതിനിധികള്‍ , സാംസ്കാരിക
പ്രവര്‍ത്തകര്‍ ,
എഴുത്തുകാര്‍
, കേന്ദ്ര-സംസ്ഥാന
മന്ത്രിമാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അഴീക്കോടിനെ അനുസ്മരിച്ചു.
അഴീക്കോട് അന്തരിച്ചു
തൃശൂര്‍ : എഴുത്തുകാരനും
പ്രമുഖവാഗ്മിയും അധ്യാപകനുമായ ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചു. 86
വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.30ഓടെ തൃശൂര്‍
അമല ആശുപത്രിയിലായിരുന്നു അന്ത്യം. അവിവാഹിതനാണ്.
എഴുത്തുകാരന്‍
, വിമര്‍ശകന്‍
, പ്രഭാഷകന്‍
, അധ്യാപകന്‍
, പത്രപ്രവര്‍ത്തകന്‍
, വിദ്യാഭ്യാസചിന്തകന്‍
, ഗാന്ധിയന്‍
, ഉപനിഷത്
വ്യാഖ്യാതാവ്, ഗവേഷകന്‍ എന്നിങ്ങനെ ഒട്ടേറെ തലങ്ങളില്‍ സമാനതകളില്ലാത്ത ഔന്നത്യം
പുലര്‍ത്തിയ അഴീക്കോട് എല്ലാ അര്‍ഥത്തിലും കേരളസംസ്കാരത്തിന്റെ കാവലാളായിരുന്നു.
അനീതിക്കും അധര്‍മത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ അദ്ദേഹം
ഇടതുപക്ഷത്തിന്റെ കരുത്തുറ്റ സഹയാത്രികനും വഴികാട്ടിയുമായിരുന്നു. ജന്മംകൊണ്ട്
കണ്ണൂര്‍ക്കാരനാണെങ്കിലും രണ്ടരപതിറ്റാണ്ടായി തൃശൂരില്‍ താമസിച്ച അദ്ദേഹം
സാംസ്കാരിക തലസ്ഥാനത്തിന്റെ പ്രിയപ്പെട്ട ദത്തുപുത്രനായി. അഴീക്കോടിന്റെ
ഭൗതികശരീരം തൃശൂര്‍ എരവിമംഗലത്തെ വസതിയിലെത്തിച്ചു. രണ്ടുമണിക്കൂര്‍ വീട്ടില്‍
പൊതുദര്‍ശനത്തിന് വെച്ചശേഷം തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിന്
വെക്കും. മരണവിവരം അറിഞ്ഞയുടന്‍ അമല ആശുപത്രിയിലേക്കും എരവിമംഗലത്തെ വീട്ടിലേക്കും
സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ പ്രവഹിക്കുകയായിരുന്നു. മുഖ്യമന്ത്രി എത്തിയശേഷം
ബന്ധുക്കളോടും മറ്റ് സാഹിത്യപ്രവര്‍ത്തകരോടും ചര്‍ച്ചചെയ്തശേഷം സംസ്കാരസ്ഥലം
തീരുമാനിക്കും.
ഡിസംബര്‍
ഏഴിനാണ് ശാരീരിക അവശതകളെ തുടര്‍ന്ന് തൃശൂര്‍ ഹാര്‍ട്സ് ആശുപത്രിയില്‍
പ്രവേശിപ്പിച്ചത്. മോണയില്‍ ക്യാന്‍സര്‍ ബാധയേറ്റ് ചികിത്സയിലായിരുന്നെങ്കിലും
വായനയ്ക്കോ സഞ്ചാരത്തിനോ പ്രഭാഷണങ്ങള്‍ക്കോ കുറവ് വരുത്തിയില്ല. ആശുപത്രിയില്‍
എത്തുന്നതിന്റെ തലേന്നു വൈകിട്ടും തൃശൂരില്‍ പ്രഭാഷണം നടത്തി. പരിശോധനയില്‍
രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറഞ്ഞതായി കണ്ടെത്തി. വീഴ്ചയില്‍ വാരിയെല്ലുകളില്‍
ചിന്നല്‍ വീണിരുന്നു. വിദഗ്ധപരിശോധനയില്‍ ക്യാന്‍സര്‍ ശരീരത്തിന്റെ മര്‍മപ്രധാനഭാഗങ്ങളിക്കേ്
വ്യാപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസംബര്‍ 10ന്് അമല
മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂര്‍ അഴീക്കോട് ഗ്രാമത്തിലെ
പൂതപ്പാറയിലെ പനങ്കാവ് വീട്ടില്‍ വിദ്വാന്‍ പി ദാമോദരന്റെയും കേളോത്ത് തട്ടാരത്ത്
മാധവിയമ്മയുടെയും ആറുമക്കളില്‍ നാലാമനാണ് സുകുമാരന്‍ എന്ന സുകുമാര്‍ അഴീക്കോട്. 1926 മെയ് 12 നാണ്
ജനനം. സഹോദരങ്ങള്‍ : പരേതരായ ദമയന്തി, ലക്ഷ്മി, ഗോപാലകൃഷ്ണന്‍
, പത്മിനി, ദേവദാസ്.
അച്ഛന്‍ അധ്യാപകനായിരുന്ന അഴീക്കോട് സൗത്ത് ഹയര്‍ എലിമെന്ററി സ്കൂള്‍ , ചിറക്കല്‍
രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ഇന്റര്‍മീഡിയറ്റ്
പാസായശേഷം, മദിരാശി സര്‍വകലാശാലയില്‍നിന്ന് 1946ല്‍ ബികോം
പാസായി.
കണ്ണൂരില്‍ ഇന്ത്യന്‍ ഓവര്‍സീസ്
ബാങ്കില്‍ ജോലി ശരിയായെങ്കിലും സാഹിത്യതാല്‍പ്പര്യം കാരണം വേണ്ടെന്നുവച്ചു. 1946ല്‍ വാര്‍ധയിലെത്തി
ഗാന്ധിജിയെ കണ്ടു. ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ അധ്യാപകനായാണ്
ഔദ്യോഗികജീവിതത്തിന്റെ തുടക്കം. 1952ല്‍ കോഴിക്കോട് ഗവ. ട്രെയിനിങ് കോളേജില്‍നിന്ന്
ബിഎഡ് ബിരുദമെടുത്തു. പിന്നീട് മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ബിഎ മലയാളം, സംസ്കൃതം
ഡബിള്‍ മെയിനുമെടുത്ത് പാസായി. 1953ല്‍ മംഗലാപുരം സെന്റ്അലോഷ്യസ് കോളേജില്‍ മലയാളം- സംസ്കൃതം
ലക്ചററായി. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എംഎ മലയാളം ഒന്നാം റാങ്കോടെ പാസായി.
പിന്നീട് കോഴിക്കോട് ദേവഗിരി കോളേജില്‍ മലയാളം ലക്ചററായി. 1962ല്‍ തൃശൂര്‍
മൂത്തകുന്നം ട്രെയ്നിങ് കോളേജ് പ്രിന്‍സിപ്പലായി. 1981ല്‍
മലയാളസാഹിത്യവിമര്‍ശനത്തിലെ വൈദേശികപ്രഭാവം എന്ന വിഷയത്തില്‍ കേരള സര്‍വകലാശാലയില്‍നിന്ന്
ഡോക്ടറേറ്റ് നേടി. 1986 ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചശേഷം തൃശൂരിലേക്ക്
താമസം മാറ്റി.
പതിനെട്ടാം വയസ്സിലാണ് ആദ്യ
ലേഖനം പ്രസിദ്ധീകരിച്ചത്. 1954ല്‍ ആദ്യകൃതി- "ആശാന്റെ സീതാകാവ്യം"
പ്രസിദ്ധീകരിച്ചു. "രമണനും മലയാള കവിതയും" 1956ല്‍
പ്രസിദ്ധീകരിച്ചു. പിന്നീട് "പുരോഗമനസാഹിത്യവും മറ്റും", "മഹാത്മാവിന്റെ
മാര്‍ഗം" എന്നിവയ്ക്കുശേഷം 1963ല്‍ പുറത്തിറങ്ങിയ "ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു"
എന്ന കൃതി മലയാളസാഹിത്യലോകത്ത് കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഭാരതീയ തത്വചിന്തയുടെ
അമൃതായ ഉപനിഷത്തിന്റെ സന്ദേശം സമകാലിക ലോകബോധത്തോടെ എഴുതിയ "തത്വമസി" (1984) എക്കാലത്തെയും
മികച്ച ഗ്രന്ഥമായി. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡടക്കം പതിനഞ്ചോളം
പുരസ്കാരങ്ങള്‍ ഈ ഗ്രന്ഥത്തിന് ലഭിച്ചു. ഏറെവൈകി ഈവര്‍ഷമാണ് ജീവചരിത്രം എഴുതിയത്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍
പുരസ്കാരം, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, അബുദാബി
ശക്തി അവാര്‍ഡ്, മാതൃഭൂമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച അദ്ദേഹം
നാഷണല്‍ ബുക്ക്ട്രസ്റ്റ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. അനര്‍ഹര്‍ക്കും പത്മ
പുരസ്കാരം നല്‍കുന്നത് ചോദ്യംചെയ്ത അഴീക്കോട് പത്മശ്രീ ബഹുമതി ഉപേക്ഷിച്ചു.
ചെറുപ്പംമുതല്‍ അഴീക്കോടിന്റെ രാഷ്ട്രീയാഭിമുഖ്യം കോണ്‍ഗ്രസിനോടായിരുന്നുവെങ്കിലും
ഒരുഘട്ടം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിനോട് വിടചൊല്ലി ഇടതുപക്ഷ സഹയാത്രികനായി.
ദേശാഭിമാനിയില്‍ ദീര്‍ഘകാലം "മറയില്ലാതെ" എന്ന പംക്തി എഴുതിയിരുന്ന
അദ്ദേഹം ദേശാഭിമാനിയുടെ ആത്മബന്ധുവും വഴികാട്ടിയുമായിരുന്നു. ഡിസംബര്‍ ഏഴിനും
മറയില്ലാതെ എന്നകോളം പ്രസിദ്ധീകരിച്ചിരുന്നു.
ഓര്‍മ്മകളില്‍ അലയടിക്കുന്ന സാഗരഗര്‍ജനം
കേരളത്തിലെ കുഗ്രാമങ്ങള്‍ തൊട്ട് വന്‍നഗരങ്ങളിലെ വരേണ്യസദസ്സുകളില്‍ വരെ}ഒരുപോലെ മുഴങ്ങിക്കേട്ട വാഗ്ധോരണി. കേട്ടാലും കേട്ടാലും മതിവരാതെ, മലയാളികളുടെ മനസ്സിലേക്ക് ഒരു ലഹരിയായി പടര്‍ന്നിറങ്ങിയ 'സാഗര ഗര്‍ജനം'. വാക്കും ശബ്ദവും കൊണ്ട് അഴീക്കോട് മാഷ് ശ്രോതാക്കള്‍ക്ക് മുന്നില്‍ ഒരുക്കിയ ചിന്തയുടെ പ്രപഞ്ചത്തിന് സമുദ്രത്തിന്റെ അഗാധത; ആകാശത്തിന്റെ വിശാലത. ആറുപതിറ്റാണ്ടിലേറെ നീണ്ട പ്രഭാഷണ പര്യടനത്തില്‍ അഴീക്കോട് പിന്നിട്ടത് പന്ത്രണ്ടായിരത്തിലേറെ വേദികള്‍!
സംഗീതത്തില്‍ യേശുദാസിനുള്ള സ്ഥാനമാണ് പ്രഭാഷണകലയില്‍ മലയാളികള്‍ അഴീക്കോടിന് പതിച്ച് നല്‍കിയത്. ഭാവനയുടെ ചിറകുകളില്‍ ഉയര്‍ന്ന് പറന്ന് കേള്‍വിക്കാരനെ വിസ്മയിപ്പിക്കാനും ചിന്തയുടെ തീക്കനല്‍ കോരിയിട്ട് അവരെ പ്രകോപിപ്പിക്കാനും അഴീക്കോടിനുള്ള വൈദഗ്ധ്യം അത്ഭുതാവഹമായിരുന്നു. അതുകൊണ്ടാണ് ഉള്ളില്‍ അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുമ്പോള്‍ പോലും പലരും കക്ഷിരാഷ്ട്രീയഭേദമെന്യേ അഴീക്കോടിന്റെ പ്രഭാഷണങ്ങളെ മനസ്സിലേറ്റിയത്. വാക്കുകളുടെ തെരഞ്ഞെടുപ്പിലും പ്രയോഗത്തിലുമുള്ള കേവലമായ മനോഹാരിതക്കപ്പുറം അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കിയത് ആശയങ്ങള്‍ തുറന്നടിക്കുന്നതില്‍ പ്രകടിപ്പിച്ച നിര്‍ഭയത്വമായിരുന്നു. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുക പ്രഭാഷകന്‍ എന്ന നിലയിലുള്ള തന്റെ വ്യക്തിത്വം അഴീക്കോട് മാഷ് നിലനിര്‍ത്തിയത് അങ്ങനെയായിരുന്നു.
'ശുണ്ഠി'യുടെ കാര്യത്തിലെന്ന പോലെ വാശിയുടെ കാര്യത്തിലും ഒട്ടും പിന്നിലായിരുന്നില്ല അദ്ദേഹം. അത്തരമൊരു വാശിയാണ് അദ്ദേഹത്തെ പ്രഭാഷകനാക്കി മാറ്റിയത്. പ്രഗത്ഭ വാഗ്മിയായിരുന്ന എം ടി കുമാരന്റെ പ്രസംഗം കേട്ടപ്പോള്‍ അദ്ദേഹത്തെക്കാള്‍ വലിയ പ്രഭാഷകനാകണമെന്ന് ചെറുപ്പത്തിലേ മനസ്സില്‍ മുളയെടുത്ത മനോഹരമായ വാശി. അതില്‍ നിന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍ 'സാഗരഗര്‍ജ്ജന'മെന്ന് വിശേഷിപ്പിച്ച അഴീക്കോടിന്റെ പ്രഭാഷണകല പിറവിയെടുത്തത്.
ടി എന്‍ ജയചന്ദ്രന്‍ ചൂണ്ടിക്കാട്ടിയത് പോലെ പ്രഭാഷകനായ അഴീക്കോടിനെപ്പറ്റി പലരും പലപ്പോഴും എഴുതിയിട്ടുണ്ടെങ്കിലും, ഏറ്റവും ഭംഗിയായ അവതരണം ഡോ. അയ്യപ്പപ്പണിക്കരുടേതാണെന്ന് തോന്നുന്നു. അഴീക്കോടിന്റെ തത്വമസിക്ക് അയ്യപ്പണിക്കരെഴുതിയ സമകാലപ്രതിഭാസം എന്ന ആമുഖലേഖനത്തിലാണീ അവതരണം: 'എവിടെ നിന്നാണ് ആ മുഴക്കം കേള്‍ക്കുന്നത്? ഇടതടവില്ലാത്ത ഒരു വാക്പ്രവാഹം എവിടെ നിന്നാരംഭിക്കുന്നു? ശ്രോതാക്കളുടെ കരഘോഷത്തില്‍ നിന്നാരംഭിച്ച് അടുത്ത കരഘോഷത്തില്‍ അലിഞ്ഞു ചേരുന്ന ആ പദധോരണിയുടെ ഉറവിടം അന്വേഷിച്ച്് ചെവിവട്ടം പിടിച്ച് പിടിച്ചു നാം ചെല്ലുമ്പോള്‍ കാണാം, ഒരു മെലിഞ്ഞ ദേഹം ക്ഷീണംകൊണ്ടോ ആവേശംകൊണ്ടോ വീണുപോകാതിരിക്കാന്‍ ഉച്ചഭാഷിണിയുടെ ഉരുക്കുദണ്ഡിനെതന്നെ ഇടം കൈകൊണ്ടൊരുമിച്ച് പിടിച്ചിരിക്കുന്നു. വളരെ മൃദുവായ ശബ്ദത്തില്‍ കീഴ്സ്ഥായിയില്‍ തുടങ്ങി പതുക്കെപ്പതുക്കെ ദൃഢമായി ഗൗരവം കലര്‍ന്ന സ്വരത്തില്‍ ഇടക്കല്‍പം ഫലിതവും പരിഹാസവും ചേര്‍ത്ത, ഉച്ചണ്ഡമായ കാലവര്‍ഷക്കൊടുങ്കാറ്റിന്റെ വീറും വീര്യവും പ്രദര്‍ശിപ്പിച്ച്, ഇത്രാമത്തെ മിനിറ്റില്‍ സദസ്സിനെക്കൊണ്ട് കയ്യടിപ്പിക്കാനുദ്ദേശിച്ചുവോ, ആ മിനിറ്റില്‍ തന്നെ കയ്യടിപ്പിക്കാന്‍ കഴിവുള്ള വാഗ്മിത്വവും വാചാലതയും കൂടിച്ചേര്‍ന്ന ഒരു പ്രകടനമാണത് എന്ന് നാം മനസ്സിലാക്കുന്നതോടൊപ്പം ഉച്ചഭാഷിണിയെ ആശ്രയിച്ചു നില്‍ക്കുന്ന മനുഷ്യന്‍ പ്രെഫസര്‍ സുകുമാര്‍ അഴീക്കോടാണെന്ന് കൂടി നാം മനസ്സിലാക്കുന്നു'.
വഴിവിളക്കായത് വാഗ്ഭടാനന്ദന്‍
ശ്രീനാരായണഗുരുവും മഹാത്മാ ഗാന്ധിയും വാഗ്ഭടാനന്ദനുമാണ് അഴീക്കോടിന്റെ ജീവിതത്തെ സ്വാധീനിച്ച മഹാ വ്യക്തിത്വങ്ങള്‍ . ഇതില്‍ വാഗ്ഭടാന്ദന്റെ ചിന്തയും പ്രഭാഷണവുമാണ് അഴീക്കോട് പിന്തുടര്‍ന്നത്. പ്രഭാഷണ കലയില്‍ വാഗ്ഭടാനന്ദന്റെ ശൈലി കടമെടുത്ത് വേദികള്‍ കീഴടക്കി. വാഗ്ഭടാനന്ദന്റെ 'ആത്മവിദ്യ'യെന്ന ഗ്രന്ഥം വായിച്ചത് വഴിത്തിരിവായി. അന്ത്യംവരെ അഴീക്കോട് ഈ ഗ്രന്ഥത്തെ ആശ്രയിച്ചു. അഴീക്കോട്ട് പ്രവര്‍ത്തിച്ചിരുന്ന ആത്മവിദ്യാ
സംഘത്തിലൂടെയാണ് ഗുരുദേവന്റെ ആശയലോകത്തേക്ക് പ്രവേശിച്ചത്. അഴീക്കോട് വന്‍കുളത്ത് വയലിലെ വിശാഖാനന്ദന്‍ എന്ന പൊന്‍മഠത്തില്‍ കൃഷ്ണസ്വാമികളാണ് അനാചാരത്തിനെതിരെ ആദ്യം പടനയിച്ചത്. വാഗ്ഭടാനന്ദന്‍ ഗുരുവായി സ്വീകരിച്ചത് ഇദ്ദേഹത്തെയായിരുന്നു. 1885ല്‍ കണ്ണൂര്‍ പാട്യത്തെ വയലേരി തറവാട്ടില്‍ ജനിച്ച കുഞ്ഞിക്കണ്ണനാണ് കേരളത്തിന്റെ ആത്മീയനഭോമണ്ഡലത്തില്‍ തിളങ്ങിയ വാഗ്ഭടാനന്ദന്‍ . 'അജ്ഞാനം, അടിമത്തം, മൃഗീയത എന്നിവ എവിടെ കണ്ടാലും എതിര്‍ക്കുക. അവയുള്ളപ്പോഴും നിങ്ങളുള്ളപ്പോഴും അടങ്ങിയിരിക്കരുത്'. അഴീക്കോടിന്റെ രക്തത്തില്‍ അലിഞ്ഞതാണ് വാഗ്ഭടാനന്ദന്റെ ഈ ആഹ്വാനം.
ക്ഷേത്രാരാധനയെയും വിഗ്രഹപൂജയെയും വാഗ്ഭടാനന്ദന്‍ എതിര്‍ത്തു. ഗുരുദേവരുടെ ഈശ്വരന്‍ ചിദാകാശത്തിലാണെന്നും പ്രകാശിക്കുന്ന സദാനന്ദ സൂര്യനാണെന്നും ഒരു കുന്നിന്‍ ചെരുവിലെ ക്ഷണിക ജ്യോതിസല്ലെന്നും സുകുമാര്‍ അഴീക്കോട് നിരീക്ഷിക്കുന്നുണ്ട്. ആത്മവിദ്യയെന്ന ഗ്രന്ഥത്തില്‍ ഇന്ത്യക്കാരുടെ ദൈവവിശ്വാസ സംബന്ധിയായ അന്ധവിശ്വാസങ്ങളെ നര്‍മവും ഉജ്വലചിന്തയും കൊണ്ട് വിമര്‍ശിക്കുന്നത് അഴീക്കോട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ വ്യക്തമാക്കിയ മതേതരത്വം, സ്ഥിതിസമത്വം, മാനവികത തുടങ്ങിയവ ഭാരതീയ തത്ത്വചിന്തയില്‍ അന്തര്‍ലീനമാണെന്ന് വാഗ്ഭടാനന്ദന്റെ കൃതികളിലൂടെ സഞ്ചരിച്ച അഴീക്കോട് വ്യക്തമാക്കുന്നു.
പ്രസംഗം ബഹുത് ജോര്‍
മുതിര്‍ന്നതില്‍ പിന്നെ വൈക്കം മുഹമ്മദ് ബഷീര്‍ മൂന്ന് പ്രസംഗമാണത്രെ കേട്ടിട്ടുള്ളത്. ഒന്ന് മുണ്ടശ്ശേരിയുടെ. ഒന്ന് മഹാത്മാഗാന്ധിയുടെ. പിന്നെ ഒന്ന് സുകുമാര്‍ അഴീക്കോടിന്റെ. ഇതിലേതാണ് മെച്ചം? 'അഴീക്കോടിന്റേത് ബഹുത് ജോര്‍!' എന്താണിതിന്റെ പ്രത്യേകത? 'ഘനഗംഭീരമായ സാഗര ഗര്‍ജനമാണത്!' അതില്‍ നിന്നെന്തു പഠിച്ചു? 'ഓ ഞാനൊന്നും പഠിച്ചില്ല. കേട്ടപ്പോള്‍ ഹരം തോന്നി. നല്ല സ്റ്റൈലില്‍ കേട്ടിരുന്നു. ഞാന്‍ പറഞ്ഞില്ലെ, സാഗര ഗര്‍ജനമാണത്. സാഗരഗര്‍ജനത്തില്‍ നിന്നെന്താണ് പഠിക്കുക? പത്രം നിവര്‍ത്തിയാല്‍ എന്നും ഏതെങ്കിലും പേജില്‍ അഴീക്കോടിന്റെ സാഗരഗര്‍ജനമുണ്ടാകും. എവിടെയെങ്കിലും പ്രസംഗിച്ചതിന്റെ മൂന്നു കോളം റിപ്പോര്‍ട്. പിന്നെ ഞാന്‍ പത്രം വായിക്കുകയില്ല. തീപ്പെട്ടിക്കൊള്ളി ഉരസ്സി അതിന് തീ കൊടുക്കുന്നു. എന്നിട്ട് ഒരു കാര്‍ഡ് വാങ്ങി അഴീക്കോടിന് എഴുതും: 'താങ്കളുടെ സാഗരഗര്‍ജനം ഇന്നും പത്രത്തിലുണ്ടായിരുന്നു. ഇന്നത്തെ പത്രത്തിനും ഞാന്‍ തീകൊടുത്തു.'
(ഡോ. എം എം ബഷീര്‍ എഡിറ്റുചെയ്ത 'അഴീക്കോടിനെ അറിയുക' എന്ന പുസ്തകത്തിന് വേണ്ടി എഴുതിയത്)
വജ്രശുദ്ധിയാര്‍ന്ന പ്രണയം
ഡിസംബര്‍ മഞ്ഞിന്റെ മറനീക്കി വിലാസിനി ടീച്ചര്‍ വന്നു. കൈക്കുടന്നയിലേന്തിയ സ്വന്തം ഹൃദയം പ്രിയപ്പെട്ട അവിവാഹിതന്റെ വിറയാര്‍ന്ന കൈകളിലേക്ക് പകര്‍ന്നു. പിന്നെ വിളിച്ചു പറഞ്ഞു 'ഈ പടുവൃദ്ധനോട് എനിക്കിപ്പോഴും പ്രണയം തന്നെ'. 46 ആണ്ടിനുശേഷം പ്രൊഫ. വിലാസിനി, സുകുമാര്‍ അഴീക്കോടിനെ കാണാന്‍ എത്തിയത് 2011 ഡിസംബര്‍ 19ന്്. പൊട്ടിത്തെറിച്ചു ഇരുവരും. കഴിഞ്ഞുപോയ കാര്യങ്ങള്‍ കെട്ടഴിച്ചു, കലഹിച്ചു; കുട്ടികളെപ്പോലെ. പിന്നെ ചിരിച്ചു. ഒടുവില്‍ പൊന്നുപോലെ നോക്കാം കൂടെപോരുവാന്‍ ക്ഷണിച്ചു വിലാസിനി. ആ വാക്കുകള്‍ ഭാഗ്യമായിക്കണ്ടു അഴീക്കോട്. അരനൂറ്റാണ്ടോളം ഒരു പ്രണയത്തെ അതിന്റെ എല്ലാ തീഷ്ണതയോടെയും നിലനിര്‍ത്താനായ ഈ വജ്രത്തെളിമയെ കാണാതെപോയ ലോകത്തെ ഏതു പേരെടുത്താണ് വിളിക്കുക.
മകരനിലാവ് പോലെ ഒഴുകിപ്പരന്ന പ്രണയം അതിന്റെ എല്ലാ തെളിമയോടെയും എന്നും നെഞ്ചില്‍ കാത്തുവെച്ചിരുന്നു അഴീക്കോട്. പൂര്‍ണാര്‍ഥത്തില്‍ ആര്‍ക്കും അത് അനുഭവിക്കാന്‍ കഴിയാതെപോയത് കാലത്തിന്റെ ദുരന്തം. വിവാഹമെന്ന കെട്ടുവള്ളത്തിലേക്ക് കാല്‍വെച്ചുകയറാന്‍ അദ്ദേഹം മടിച്ചത് പ്രണയത്തിന്റെ മരണമാകും അതെന്ന ഉള്‍ക്കാഴ്ചകൊണ്ടുകൂടിയായിരുന്നു. വാര്‍ധക്യത്തിലേക്ക് കടന്നിട്ടും ആ ധിഷണയെ പ്രണയിച്ച പെണ്‍കിടാങ്ങളുണ്ടായിരുന്നു. ഒരു മാത്രപോലും അതിര്‍രേഖ ലംഘിക്കാതെ കാത്തു ഈ മനുഷ്യന്‍ . സ്ത്രീയോടുള്ള ബഹുമാനം അതിന്റെ ഔന്നത്യത്തില്‍ നിലനിര്‍ത്തിയതുകൊണ്ടുതന്നെയാണ് ഒരു സ്ത്രീസൗഹൃദവും പ്രതികാരത്തിലേക്ക് വഴിമാറാതെ പോയതെന്ന് അഴീക്കോട്് പലപ്പോഴും വെളിവാക്കിയിരുന്നു.
'എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു'
'മരിക്കും വരെ കോണ്‍ഗ്രസുകാരനാകാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍ . എന്നാല്‍ , എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു. അതോടെ ഞാന്‍ കോണ്‍ഗ്രസ് വിട്ടു...' എണ്ണമറ്റ വേദികളില്‍ നീണ്ട ഹര്‍ഷാരവങ്ങള്‍ക്കും കൂട്ടച്ചിരികള്‍ക്കുമിടയില്‍ ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞ വാക്കുകള്‍ മരണമില്ലാത്തവയായി മാറുന്നു. ഇടതുപക്ഷത്തിന്റെ വേദികളില്‍ മാത്രമല്ല, കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ച യോഗങ്ങളിലും വിമര്‍ശത്തിന്റെ ആചാര്യന് ഇതു പറയാന്‍ മടിയുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയം. ഇടതുപക്ഷക്കാരനായതില്‍ അഭിമാനം കൊള്ളുന്നുവെന്ന് പ്രഭാഷണങ്ങളിലും ലേഖനങ്ങളിലുമെല്ലാം പരസ്യമായി പറഞ്ഞ അഴീക്കോടിനെ മറ്റുള്ളവര്‍ കൈയൊഴിഞ്ഞില്ലെന്നതും ആ വ്യക്തിത്വത്തിന്റെ മഹിമയായി. തനിക്ക് വിയോജിപ്പുള്ള ഇടതുപക്ഷ നിലപാടുകളെ വിമര്‍ശിക്കാനും അഴീക്കോട് മടികാണിച്ചിട്ടില്ല.
അവസാനത്തേത് അനുഗ്രഹപ്രഭാഷണം
തൃശൂര്‍ : കേരളം കണ്ട എക്കാലത്തെയും മികച്ച പ്രഭാഷകന്റെ ഒടുവിലത്തെ പ്രസംഗം ചരിത്രമുറങ്ങുന്ന തൃശൂര്‍ തേക്കിന്‍കാട് മെതാനിയില്‍ . ഡിസംബര്‍ ആറിനു വൈകിട്ട് വടക്കുന്നാഥ ക്ഷേത്രത്തിനുസമീപം സജ്ജമാക്കിയ വേദിയിലായിരുന്നു അഴീക്കോട് അവസാനമായി പ്രസംഗിച്ചത്. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഭഗവദ്ഗീത പ്രഭാഷണയജ്ഞത്തിന്റെ സമാപനസമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷകനായിരുന്നു അഴീക്കോട്. പതിനായിരക്കണക്കിന് പ്രഭാഷണം നടത്തി മലയാളിയുടെ ചിന്തയില്‍ തീ കോരിയിട്ട ആചാര്യന്റെ ഒടുവിലത്തെ വാക്കുകള്‍ ഗീതയുടെ മഹത്വത്തെ കുറിച്ചായിരുന്നു. 'ഗീതയെ അറിയുക എന്നത് ഒരോ വ്യക്തിയുടെയും ധര്‍മവും രാജ്യത്തോടുള്ള കടപ്പാടുമാണ്. ഗീതാജ്ഞാനയജ്ഞങ്ങള്‍ നമ്മുടെ സംസ്കാരത്തെ ശക്തിപ്പെടുത്തുന്നതാണ്. ഗീതയുടെ സന്ദേശത്തിന് ആഗോളപ്രസക്തിയുണ്ട്. അതിന്റെ മഹത്വം ഐക്യരാഷ്ട്രസഭയില്‍ വരെ എത്തണം' എന്നതായിരുന്നു മൂന്ന് മിനിറ്റുമാത്രം നീണ്ട പ്രസംഗത്തിന്റെ ഉള്ളടക്കം. കടുത്ത ക്ഷീണവും പനിയും ഉണ്ടായിരുന്ന അദ്ദേഹം തീരെ സുഖമില്ലെന്ന് പറഞ്ഞായിരുന്നു പ്രഭാഷണം തുടങ്ങിയത്. ഗീതാജ്ഞാനയജ്ഞമായതുകൊണ്ടു മാത്രമാണ് എത്തിയതെന്നും പറഞ്ഞു. പതിനെട്ടാം വയസ്സില്‍ തുടങ്ങി എണ്‍പത്തിയാറിലും ശക്തമായി തുടര്‍ന്ന പ്രസംഗപരമ്പരയുടെ അപ്രതീക്ഷിതമായ അന്ത്യമായി ആ വേദി മാറുമെന്ന് അന്നാരും കരുതിയില്ല. ആ രാത്രി എരവിമംഗലത്തെ വീട്ടിലെത്തി പതിവിലും നേരത്തെ ഉറങ്ങാന്‍ കിടന്ന അഴീക്കോട് രാവിലെ എഴുന്നേറ്റപ്പോഴാണ് കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചു
Subscribe to:
Posts (Atom)