Showing posts with label മംഗളം. Show all posts
Showing posts with label മംഗളം. Show all posts

Tuesday, January 24, 2012

പാകത്തിന്‌ എരിവും പുളിയും ചേര്‍ന്ന സൗഹൃദത്തിന്റെ രുചി

ഞാന്‍ തിരുവനന്തപുരത്തു താമസിക്കുമ്പോള്‍ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു അഴീക്കോട്‌. വരുമ്പോള്‍ ഭക്ഷണം കഴിക്കും. കുടംപുളിയും തേങ്ങാപ്പാലും ചേര്‍ത്തുവച്ച മീന്‍കറിയും ചെറുപയര്‍ ഉലത്തിയതുമായിരുന്നു പ്രിയം. എനിക്കു കത്തെഴുതുമ്പോഴെല്ലാം അവസാനിപ്പിക്കുന്നത്‌ 'തേങ്ങാപ്പാല്‍ മീന്‍കറി പ്രതീക്ഷിച്ചുകൊണ്ട്‌...' എന്നാവും. ആശുപത്രിയിലായപ്പോള്‍ വിളിച്ചു: 'തേങ്ങാപ്പാല്‍ മീന്‍കറി ഇനി കിട്ടിയാലും കഴിക്കും'. ഒരാഴ്‌ച മുമ്പ്‌ ആശുപത്രിയില്‍ അഴീക്കോടിനെ കാണാന്‍ പോയപ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത മീന്‍കറിയും എടുത്തിരുന്നു. ഒന്നിച്ചു ഭക്ഷണം കഴിച്ചാണു പിരിഞ്ഞത്‌. ചൂരല്‍ വടിപോലെ നടക്കുന്ന ആളല്ല, ആശയമായിരുന്നു അഴീക്കോട്‌.
ലളിതജീവിതം, അതും ചിട്ടയോടെ. എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്‌. സാഹിത്യ, സാംസ്‌കാരിക, രാഷ്‌ട്രീയരംഗത്ത്‌ സൂര്യപ്രഭ വിതറിയ വിജ്‌ഞാനകേസരി. ഉന്നതനാണെന്ന ഭാവമുണ്ടായിരുന്നില്ല. അന്യായം കണ്ടാല്‍ ക്ഷോഭിക്കുന്ന പ്രകൃതം. അതുപോലെതന്നെ തണുക്കും. ക്ഷോഭത്തിന്റെ അടിയില്‍ ഊറിക്കിടക്കുന്നതു സ്‌നേഹമാധുര്യം. ആ മധുരം ടി. പത്മനാഭനും എം.കെ. സാനുവിനും മോഹന്‍ലാലിനുമൊക്കെ ഒടുവില്‍ അനുഭവിക്കാന്‍ സാധിച്ചു. അതു തിരിച്ചറിഞ്ഞാണല്ലോ അവരെല്ലാം എത്തിയത്‌. അരനൂറ്റാണ്ടിന്റെ പരിചയമുണ്ടെനിക്ക്‌. അടിസ്‌ഥാനപരമായി ഗാന്ധിയനായിരുന്നു അഴീക്കോട്‌. എന്നാല്‍ കുബേര ഗാന്ധിയനായിരുന്നില്ല. അധികാരക്കൊതി മൂത്ത കോണ്‍ഗ്രസുകാരെ എതിര്‍ത്തപ്പോള്‍ അദ്ദേഹം ഇടതുപക്ഷത്താണോ എന്നു തോന്നിപ്പിച്ചു.

കത്തെഴുതല്‍ ശീലമായിരുന്നു. മുടങ്ങാതെ കാര്‍ഡില്‍ എഴുതി അയയ്‌ക്കും. കഴിഞ്ഞ നവംബര്‍ 28-നാണ്‌ ഒടുവിലത്തെ കത്തു കിട്ടിയത്‌. ആശുപത്രിയിലാവുന്നതിന്‌ ഒമ്പതുദിവസം മുമ്പ്‌. 'അസുഖംമൂലം ധൈര്യം ചോര്‍ന്നുപോകുംപോലെ. മറികടക്കാന്‍ ശ്രമിക്കുന്നു...' ഒടുവിലത്തെ വാചകം.

-ചെമ്മനം ചാക്കോ

ഇങ്ങനെയൊക്കെയുള്ള 'അതു ഞാനാകുന്നു'

രോഗശയ്യയില്‍ നിസ്സഹായനായി കിടക്കുന്ന സുകുമാര്‍ അഴീക്കോട്‌ കേരളത്തിനു തീരെ പരിചയമില്ലാത്ത കാഴ്‌ചയായിരുന്നു. ഉപനിഷത്തുകളുടെ ഉള്‍പ്പൊരുള്‍ തെരഞ്ഞ ആ വന്ദ്യവയോധികന്‍ ജീവിതത്തേയും മരണത്തേയും എങ്ങനെയാണു വീക്ഷിച്ചിരുന്നത്‌? അഴീക്കോടിന്റെ 'നികത്താനാകാത്ത അഭാവ'ത്തേക്കുറിച്ച്‌ അനുശോചനങ്ങള്‍ പ്രവഹിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മകഥയിലെ ചില വാചകങ്ങള്‍ക്കു പ്രവചനസ്വഭാവം കൈവരുന്നു. '85 വര്‍ഷം ഈ ലോകസുഖങ്ങളും ജീവിതദുഃഖങ്ങളും അനുഭവിക്കാന്‍ വിധിക്കപ്പെട്ടു എന്നതു വലിയൊരു ഭാഗ്യമാണ്‌... എന്റെ ശതാഭിഷേകം കഴിഞ്ഞ ജീവിതം വളരെ നീണ്ടതാണെന്ന്‌ എനിക്കു തോന്നുന്നു...ജീവിതത്തില്‍ നമുക്ക്‌ രണ്ടാമതൊരു അവസരമില്ല. ജീവിതം അദ്വിതീയമായ ഒരു ഏകാന്താവസരമാണ്‌.'
ജീവിതം അവസാനിക്കുമ്പോള്‍ ഉണ്ടാകുന്ന അഭാവം എന്നത്രേ മരണത്തിന്‌ അഴീക്കോടിന്റെ നിര്‍വചനം. 'ജീവനില്‍നിന്നേ ജീവനുണ്ടാകൂ. അതുകൊണ്ട്‌ ജീവനെന്ന ഭാവത്തെപ്പറ്റി മാത്രം ചിന്തിച്ചാല്‍ മതി. മരണം എന്ന അഭാവത്തേപ്പറ്റി വ്യാകുലപ്പെടേണ്ടതില്ല.' ഉറ്റവരുടെ വേര്‍പാടിനേത്തുടര്‍ന്ന്‌ ഇനി എനിക്കു ജീവിക്കേണ്ടതില്ല എന്നു പറയുന്നവരെപ്പോലും കാലം മാറ്റിയെടുക്കുന്നതിനെപ്പറ്റി പറയുമ്പോള്‍, 'മനുഷ്യന്‍ എന്തിനും മോങ്ങുന്ന മന്ദബുദ്ധിയായി തീര്‍ന്നിരിക്കുന്നു'വെന്ന്‌ അഴീക്കോട്‌. മരണത്തെയും മരണത്തിനുശേഷമുള്ള ഉപചാരങ്ങളെയുംപോലും ആ മഹാമനീഷി വിമര്‍ശനാത്മകമായാണു സമീപിച്ചതെന്ന്‌ അദ്ദേഹത്തിന്റെ ആത്മകഥ നമുക്കു പറഞ്ഞുതരുന്നു.

ജീവിതം 'ക്ഷണിക'മാണെന്ന സ്‌ഥിരം തത്വചിന്തയെ പരിഹസിക്കുന്ന അഴീക്കോട്‌ അതിനു ദൃഷ്‌ടാന്തമായി ശതാഭിഷേകം പിന്നിട്ട തന്റെ ജീവിതംതന്നെ ചൂണ്ടിക്കാട്ടുന്നു. 'ഞാന്‍ അല്‍പ്പായുസാണെന്ന്‌ ഏതോ ഒരു ജോത്സ്യന്‍ ജാതകം നോക്കി അച്‌ഛനോട്‌ സ്വകാര്യം പറഞ്ഞിരുന്നു. ഇന്നോ, ഞാന്‍ 21-ാം നൂറ്റാണ്ടിന്റെ ഒന്നാം ദശാബ്‌ദം പിന്നിട്ട്‌ മുന്നോട്ടു നിശബ്‌ദം പോവുകയാണ്‌'. ഈ വാചകത്തിലെ 'നിശബ്‌ദ'മെന്ന പ്രയോഗം അഴീക്കോടിന്റെ സ്വയംഹാസമാകാം. രോഗങ്ങള്‍ക്കും മരണത്തിനുമെല്ലാം ഉപരി അഴീക്കോട്‌ ഭയന്നിരുന്നതു വാര്‍ധക്യത്തിലെ ഓര്‍മക്കുറവെന്ന ദുര്‍ഭൂതത്തെയാണ്‌. ആത്മകഥയില്‍ അടുക്കോടെ സംഭവങ്ങളെയും കൃത്യതയോടെ വ്യക്‌തികളെയും ഓര്‍മിച്ചെടുക്കാന്‍ സാധിക്കുന്നതില്‍ രചനാവേളയില്‍ത്തന്നെ അദ്ദേഹം അനല്‍പ്പമായ അഭിമാനം പ്രകടിപ്പിച്ചിരുന്നു. '...ഓര്‍മക്കുറവ്‌ ശതാഭിഷേകത്തിന്റെ ഈ കടുംപ്രായത്തിലും എന്നെ അത്ര ബാധിച്ചു കാണുന്നില്ല...എന്റെ ഓര്‍മയെപ്പറ്റി നിങ്ങള്‍ക്ക്‌ എന്തു തോന്നുന്നു. എനിക്കു സന്തോഷവും അഭിമാനവും ഒപ്പം ചെറിയൊരു ഭയവും. വാര്‍ധക്യത്തില്‍ വിശേഷിച്ച്‌, എപ്പോഴും പറന്നുപോകാവുന്ന ഒരു കിളിയാണ്‌ സ്‌മരണ എന്നത്‌...'- ആത്മകഥനത്തിന്റെ ഒരുഘട്ടത്തില്‍ അഴീക്കോട്‌ വായനക്കാരോട്‌ സംവദിക്കുന്നതിങ്ങനെ.
വീണുപോകുന്നതിനു തൊട്ടുമുമ്പുവരെയും കര്‍മനിരതനായി സഞ്ചരിക്കുക, അസ്‌തമയമടുത്തതു കൃത്യമായി തിരിച്ചറിഞ്ഞെന്നോണം ആത്മകഥ മുഴുമിപ്പിക്കുക, ബൃഹദ്രചനകള്‍ ഇനിയും തനിക്കു സാധ്യമാണെന്ന്‌ പറഞ്ഞുറപ്പിക്കുക...അഴീക്കോട്‌ സ്വയം അടയാളപ്പെടുത്തിയത്‌ ഇങ്ങനെയൊക്കെയാണ്‌. 'കളി തീര്‍ന്ന നട്ടുവന്‍ അരങ്ങില്‍നിന്നു പിരിയണം' എന്ന ആശാന്റ വരികള്‍ രാഷ്‌ട്രീയക്കാരെ ഓര്‍മിപ്പിക്കുമ്പോഴും വിശ്രമജീവിതം മാഷ്‌ സ്വയം വിധിച്ചിരുന്നില്ല.

നടന്നതെല്ലാം ന(ട)ന്നെന്നു തോന്നുന്ന ഒരു വിരാമദിശയില്‍നിന്ന്‌ അഴീക്കോട്‌ മാഷ്‌ ഇങ്ങനെ എഴുതി: 'മനുഷ്യന്‍ മരിച്ചുകഴിഞ്ഞ്‌ ഭൗതികശരീരം പഞ്ചഭൂതങ്ങളില്‍ ലയിച്ചാല്‍ ആ അണുക്കളും സൂര്യചന്ദ്രാദികളെപ്പോലെ അപാരകാലത്തില്‍ നിലനില്‍ക്കും...സ്വഛസൗന്ദര്യം നിറഞ്ഞ സംസ്‌കൃതപഠനത്തിന്റെ രണ്ടുകൊല്ലത്തിന്റെ ഓര്‍മയായിരിക്കും എന്റെ ചിതയില്‍ ഏറ്റവും അവസാനം കത്തിത്തീരുക.'

-എസ്‌. ശ്രീകുമാര്‍

ക്ഷിപ്രകോപി

അഴീക്കോടിന്റെ കോപവും മുന്‍ശുണ്‌ഠിയും ഏറെ പ്രശസ്‌തം. പാപ്പിനിശേരിയില്‍ പാമ്പുകളെ ചുട്ടുകൊന്ന സംഭവത്തില്‍ പ്രസ്‌താവന തയാറാക്കി ഒപ്പുവാങ്ങാന്‍ ചെന്നവരുടെ അനുഭവമിങ്ങനെ:- 'ഞാന്‍ എന്തു പ്രസ്‌താവന ചെയ്യണമെന്ന്‌ തീരുമാനിക്കേണ്ടതു നിങ്ങളാണോ..!' സി.പി.എമ്മിനെ എതിര്‍ക്കാന്‍ താല്‍പര്യമില്ലാത്തതാണ്‌ കാരണമെന്നു കരുതി തിരിച്ചു മടങ്ങാനൊരുങ്ങുമ്പോള്‍ അഴീക്കോടിന്റെ ശബ്‌ദം: നാളത്തെ പത്രം നോക്കുക..! പിറ്റേന്ന്‌ പത്രങ്ങളില്‍ അഴീക്കോടിന്റെ പ്രസ്‌താവനയുണ്ടായിരുന്നു. കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ മലയാളവിഭാഗം തലവനായിരുന്നപ്പോള്‍ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മുറിയിലേക്കു പോകാന്‍ പോലും ഭയപ്പെട്ടിരുന്നു. അധ്യാപകനോ വിദ്യാര്‍ഥിയോ ആരുമാകട്ടെ, തനിക്കിഷ്‌ടപ്പെട്ടില്ലെങ്കില്‍ ഉടന്‍ വിളിക്കും സ്‌റ്റാഫ്‌ മീറ്റിംഗ്‌. പിന്നെ ശകാരിച്ച്‌ ചെവി പൊട്ടിക്കും. അലിയാനും നിമിഷാര്‍ധം മതിയായിരുന്നു അഴീക്കോടിന്‌. ഒരിക്കല്‍ ക്ലാസെടുക്കുമ്പോള്‍ ഉറങ്ങിയ കുട്ടിയെ ഉടന്‍ പുറത്താക്കി. കോപം കൊണ്ട്‌ കലിതുള്ളി ക്ലാസ്‌ നിര്‍ത്തി മുറിയില്‍ പോയി. ആര്‍ക്കും അദ്ദേഹത്തെ സമീപിക്കാന്‍ ധൈര്യമുണ്ടായില്ല. ഏറെക്കഴിഞ്ഞു ഡോ. എം.എം. ബഷീര്‍ ധൈര്യം സംഭരിച്ച്‌ ചെന്നു, കുട്ടിയെക്കുറിച്ചു പറഞ്ഞു. ''ദരിദ്രമായ വീട്ടില്‍ നിന്നാണ്‌ അവന്‍ വരുന്നത്‌. ആകെയുള്ള അമ്മ തളര്‍ന്നു കിടപ്പും. ഹോസ്‌റ്റലില്‍ താമസിക്കുന്ന അവന്‍ തനിക്കു ലഭിക്കുന്ന ഭക്ഷണം മറ്റൊരാള്‍ക്കു കൊടുത്ത്‌ അതിന്റെ പണം വാങ്ങി പകുതി അമ്മയ്‌ക്ക് അയച്ചു കൊടുക്കും. എന്നും അരവയറുമായി തള്ളിനീക്കും. രണ്ടുദിവസമായി അമ്മ ആശുപത്രിയിലാണ്‌. കൂടെ നില്‌ക്കാന്‍ അവന്‍ മാത്രം. രാത്രി ഉറങ്ങാത്തതുകൊണ്ടാണു പകല്‍ ക്ലാസിലിരുന്ന്‌ ഉറക്കം തൂങ്ങിയത്‌'' കഥ കേട്ട അഴിക്കോടിന്റെ കണ്ണുകള്‍ നിറഞ്ഞു. ഉടന്‍ കുട്ടിയെ വിളിച്ച്‌ ഒരു ചെക്കെഴുതി നിര്‍ബന്ധിച്ചു പോക്കറ്റില്‍വച്ചു. ഈ സംഭവം വൈക്കം മുഹമ്മദ്‌ ബഷീറും ഒരു ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌.


കവി അയ്യപ്പന്റെ സംസ്‌കാരം വൈകിയപ്പോള്‍ 'അയ്യപ്പന്‍ അനാഥനല്ല' എന്ന്‌ മന്ത്രി എം.എ. ബേബിയോട്‌ ആദ്യം വിളിച്ചുപറഞ്ഞതും അഴീക്കോട്‌. വിനോദങ്ങളിലും എത്തിയിരുന്നു അഴീക്കോടിന്റെ കണ്ണുകള്‍. ഫുട്‌ബോള്‍ പണ്ടേ ഹരം. പിന്നെ ക്രിക്കറ്റ്‌. തത്വമസി എഴുതിയ വ്യക്‌തി സച്ചിന്റെ ആരാധകന്‍. അതായിരുന്നു കാഴ്‌ച്ചപ്പാടിന്റെ വിസ്‌തൃതി.

സമരങ്ങളുടെ അമരക്കാരന്‍

ജനകീയ സമരങ്ങള്‍ പാര്‍ട്ടിക്കാര്‍ ഏറ്റെടുക്കാന്‍ വൈകിയാല്‍ മുന്‍ നിരയില്‍ അഴീക്കോട്‌ ഉണ്ടാകും. സമരനേതാക്കള്‍ ആദ്യം പരിഗണിച്ചിരുന്ന പേരും അഴീക്കോട്‌ എന്നതു തന്നെ. പ്ലാച്ചിമടയും നര്‍മ്മദയും എന്‍ഡോസള്‍ഫാനും അതിരപ്പിള്ളിയും മൂലമ്പിള്ളിയും ലാലൂരുമൊക്കെയായി പട്ടിക നീളും. പക്ഷമില്ലാതെ, ഇരുപക്ഷത്തിനും രൂക്ഷ വിമര്‍ശനങ്ങള്‍. കത്തിനില്‍ക്കുന്ന സമരങ്ങളില്‍ അഴീക്കോട്‌ എത്തുന്നുണ്ടെങ്കില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ ഭയപ്പെട്ടിരുന്നു. ആരെയെങ്കിലും വേദനിപ്പിക്കുമോ എന്ന്‌ വിമര്‍ശിക്കുംമുമ്പ്‌ അദ്ദേഹം നോക്കിയിരുന്നില്ല. ശത്രുക്കളും കുറവായിരുന്നില്ല.

ചിലരോടുള്ള എതിര്‍പ്പ്‌ രൂക്ഷമായി കൊണ്ടുനടന്നപ്പോള്‍ ചിലരുമായി ഒത്തുതീര്‍ന്നു. ഒരു ഗാന്ധിയന്‌ ഇത്രയ്‌ക്കു പക പാടുണ്ടോ എന്ന്‌ മോഹല്‍ലാല്‍ വിഷയത്തില്‍ ഉയര്‍ന്ന ചോദ്യത്തിനു താന്‍ വായില്‍ വിരലിട്ടാല്‍ കടിക്കാത്ത ഗാന്ധിയുടെയല്ല, മറിച്ച്‌ പൊരുതുന്ന ഗാന്ധിയുടെ ശിഷ്യനെന്നായിരുന്നു മറുപടി. അമൃതാനന്ദമയിയുടെ ശിഷ്യരുടെ ഭീഷണി ഫോണുകള്‍ക്കു മുന്നിലും പതറിയില്ല. ബാബറി മസ്‌ജിദ്‌ തകര്‍ത്തവര്‍ക്ക്‌ അഴിക്കോട്‌ മറുപടി പറഞ്ഞത്‌ 'എന്താണു ഭാരതീയത' എന്ന ഏഴു ദിവസത്തെ പ്രഭാഷണ പരമ്പരയിലൂടെ

പിണക്കങ്ങള്‍...ഇണക്കങ്ങള്‍...

*കെ. കരുണാകരന്‍


അഴിക്കോട്‌ ജീവിതത്തില്‍ ഏറ്റവും അക്രമിച്ചതു കെ. കരുണാകരനെ. കാലിക്കറ്റ്‌ സര്‍വകലാശാലയുടെ വൈസ്‌ ചാന്‍സലര്‍ പദവി അടുത്തെത്തിയ അഴിക്കോടിന്‌് അതു നിഷേധിച്ചെന്നും പ്രൊ വൈസ്‌ ചാന്‍സലര്‍ പദവിയില്‍നിന്ന്‌ നീക്കിയതിനും പിന്നില്‍ കരുണാകരനാണെന്ന ധാരണയാണ്‌ ഇതിനു കാരണമായത്‌.

ഒന്നാം ലോക മലയാള സമ്മേളനത്തില്‍ വച്ചാണു കരുണാകരനടക്കമുള്ളവരെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്‌. പ്രസംഗം കഴിഞ്ഞപ്പോഴേക്കും പ്രൊ വൈസ്‌ ചാന്‍സലര്‍ പദവി പോയി. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചവരോടെല്ലാം അഴീക്കോട്‌ തട്ടിക്കയറി. തനിക്കേറ്റവും സ്‌നേഹമുണ്ടായിരുന്ന കോണ്‍ഗ്രസിനെ കരുണാകരന്‍ നശിപ്പിക്കുന്നെന്നായിരുന്നു അഴീക്കോട്‌ ആരോപിച്ചിത്‌. കരുണാകരന്റെ കാറിന്റെ വേഗതയ്‌ക്കും കിട്ടി വിമര്‍ശം. കരുണാകരന്‍ പങ്കെടുത്ത യോഗങ്ങള്‍ ബഹിഷ്‌കരിച്ചു. കരുണാകരനെ വിമര്‍ശിക്കുമ്പോള്‍ ഇ.എം.എസിനോടു മൃദു സമീപനമെന്താണെന്ന ചോദ്യത്തിന്‌ മാര്‍ഗം എന്തായാലും ലക്ഷ്യം നന്നായാല്‍ മതിയെന്നു വിശ്വസിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണ്‌ ഇ.എം.എസ്‌ എന്നും മാര്‍ഗം ശരിയാകണമെന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണു കരുണാകരനെന്നുമായിരുന്നു മറുപടി. ആദര്‍ശം മാത്രമെ ആന്റണിക്കുള്ളു എന്നും കരുണാകരനും ആന്റണിയും ചേര്‍ന്ന മിശ്രിതമാണ്‌ കേരളത്തിനാവശ്യമെന്നും അഴിക്കോട്‌ കൂട്ടിചേര്‍ത്തു. പിന്നീട്‌, എഴുപതാം ജന്മദിനത്തില്‍ ആശംസയുമായി കരുണാകരനെത്തിയപ്പോഴാണു മഞ്ഞുരുകിയത്‌. ഇ.എം.എസും ആന്റണിയും അന്ന്‌ അവിടെയുണ്ടായിരുന്നു.

*എം.പി. വീരേന്ദ്രകുമാര്‍

കുട്ടിക്കൃഷ്‌ണമാരാര്‍, ശങ്കരക്കുറുപ്പ്‌, സഞ്‌ജയന്‍, എന്‍.വി കൃഷ്‌ണവാര്യര്‍ എന്നിവരുമായെല്ലാം അഴിക്കോട്‌ ആശയപരമായി ഏറ്റുമുട്ടി. പീന്നീടു പലതും അങ്ങനെയായിരുന്നില്ല. എം.പി. വീരേന്ദ്രകുമാറും അഴിക്കോടുമായി 'രാമന്റേയും ഗുരുവിന്റേയും ദുഖ'ങ്ങളുടെ പേരില്‍ ഉണ്ടായ കോലാഹലങ്ങള്‍ നിരവധി. പകരം, തന്റെ പത്രത്തില്‍നിന്ന്‌ വീരേന്ദ്രകുമാര്‍ അഴിക്കോടിനെ പൂര്‍ണമായും ഒഴിവാക്കി. അഴിക്കോട്‌ കിട്ടിയ വേദികളിലെല്ലാം തിരിച്ചടിച്ചു. അവസാനം പ്ലാച്ചിമട സമരവേദിയില്‍ ആ യുദ്ധവും ഒത്തുതീര്‍ന്നു. പിന്നീട്‌ പരസ്‌പരം പുരസ്‌കാരങ്ങള്‍. അഴിക്കോടിന്റെ രാമായണ പ്രഭാഷണം ഉദ്‌ഘാടനം ചെയ്യാന്‍ വീരേന്ദ്രകുമാര്‍ എത്തുന്നതു വരെയെത്തി സ്‌നേഹബന്ധം.

*എം.കെ. സാനു
ജസ്‌റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യര്‍ അഴിക്കോടിന്റെ അടുത്ത സുഹൃത്തായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സന്തതസഹചാരി എം.കെ. സാനുവും അഴിക്കോടും നേരിട്ടുകാണുന്നതിനെ കൃഷ്‌ണയ്യര്‍ പോലും ഭയപ്പെട്ടിരുന്നു. ചെറുപ്പം മുതല്‍ അഴീക്കോടിന്റെ സുഹൃത്തായിരുന്നു സാനു. 'ശങ്കരക്കുറുപ്പ്‌ വിമര്‍ശിക്കപ്പെടുന്നു' എന്ന പുസ്‌തകത്തിന്റെ രചനയില്‍ എം.കെ. സാനുവിനും പങ്കുണ്ട്‌. വിലാസിനിയുമായുള്ള ബന്ധത്തില്‍നിന്ന്‌ അഴിക്കോടു പിന്മാറിയതാണ്‌ വഴക്കിനു കാരണം. സഹോദരിമാരുടെ വിവാഹ പ്രശ്‌നമാണ്‌ അഴീക്കോടിന്റെ പിന്മാറ്റത്തിനു കാരണം. എം.കെ. സാനു ഇത്‌ അംഗീകരിച്ചില്ല. അഴിക്കോട്‌ വിലാസിനി ടീച്ചര്‍ക്കയച്ച കത്തുകള്‍ വര്‍ഷങ്ങള്‍ക്കുശേഷം പരസ്യമായതിനു പിന്നില്‍ എം.കെ. സാനുവാണെന്നുവരെ റിപ്പോര്‍ട്ടുകള്‍ വന്നു. ഈ കലഹം തീര്‍ന്നതും ആശുപത്രിക്കിടക്കയില്‍.

*ഡോ. എസ്‌.കെ. നായര്‍
ഡോ. എസ്‌.കെ. നായരുമായുള്ള അഴിക്കോടിന്റെ വഴക്ക്‌ ഒരു ഘട്ടത്തില്‍ അതിരു കടന്നു. അഴീക്കോട്‌ ആത്മാര്‍ഥതയില്ലാത്ത വ്യക്‌തിയാണെന്നു പറഞ്ഞ നായര്‍ക്കെതിരേ അവസരം കിട്ടിയപ്പോള്‍ ആഞ്ഞടിച്ചു. ഇല്ലസ്‌ട്രേറ്റഡ്‌ വീക്കിലിയില്‍ നായരെഴുതിയ ലേഖനത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി വിവരക്കേടെന്നു പരിഹസിച്ചു. തന്റെ വീട്ടില്‍നിന്ന്‌ സായിപ്പു വിവാഹം കഴിക്കാത്തതിനാല്‍ ഇംഗ്ലീഷില്‍ ജ്‌ഞാനം കുറവാണെന്നായിരുന്നു നായരുടെ മറുപടി. അഴിക്കോടിന്റെ ജന്മസ്‌ഥലമായ കണ്ണൂരില്‍ നിന്ന്‌ നേരത്തെ പല സായിപ്പുമാരും വിവാഹം കഴിച്ചിട്ടുണ്ടെന്ന ധ്വനിയായിരുന്നു അത്‌. നായരുടെ മക്കളാരെങ്കിലും ഇംഗ്ലീഷ്‌ പഠിച്ചാല്‍ അവരുടെ പിതൃത്വത്തെ സംശയിക്കേണ്ടിവരുമല്ലോ എന്നായി അഴിക്കോട്‌. സുകുമാരന്‍ എന്നു തന്നെ കളിയാക്കിയ എസ്‌.കെ. നായരോട്‌ അഴീക്കോട്‌ ഇങ്ങനെയും പറഞ്ഞു: 'എന്റെ പേരിന്റെ കൂടെ ഒരു ചില്ലക്ഷരം ചേര്‍ത്തപോലെ അങ്ങേരുടെ പേരിലെ ചില്ലക്ഷരം ഞാന്‍ മാറ്റുന്നു' എന്ന്‌! അവിടെത്തീര്‍ന്നു യുദ്ധം.

*കെ.പി അപ്പന്‍
പ്രശസ്‌ത നിരൂപകന്‍ കെ.പി അപ്പനോടും ഏറെ തര്‍ക്കിച്ചിട്ടുണ്ട്‌. ആവര്‍ത്തിച്ചുവരുന്ന ഉപനിഷത്തുകളും ഗാന്ധിയും മറ്റും കൊണ്ട്‌ യാഥാസ്‌ഥിതിക വിമര്‍ശകനാണ്‌ അഴീക്കോട്‌ എന്നായിരുന്നു അപ്പന്റെ നിലപാട്‌. പക്ഷെ, അവയൊന്നും മാന്യതയുടെ സീമ ലംഘിച്ചില്ല. എന്നാല്‍ വി. രാജകൃഷ്‌ണന്‍ അഴിക്കോട്‌ സാഹിത്യവിമര്‍ശകനല്ല, മൈതാന പ്രാസംഗികനാണെന്നു പറഞ്ഞപ്പോള്‍ 'താന്‍ പ്രസംഗിച്ചാല്‍ മൈതാനത്തില്‍ ആളുണ്ടാകും, രാജകൃഷ്‌ണനായാല്‍ മൈതാനമേ കാണൂ' എന്നായിരുന്നു മറുപടി. 'ചെറിയ ലഹളകള്‍ ഒഴിവാക്കൂ, വലിയ യുദ്ധങ്ങള്‍ക്കുണ്ടെങ്കില്‍ വരൂ' എന്നും വെല്ലുവിളിച്ചു.

*എം.വി. ദേവന്‍
എം.വി. ദേവന്‍ തൃശൂരില്‍ വരുമ്പോഴൊക്കെ മാധ്യമങ്ങള്‍ ഓടിയെത്തും. അഴിക്കോടിനെ ശകാരിക്കുന്നതു കേള്‍ക്കാന്‍. അതിന്റെ തുടക്കം സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട ഒരു വിവാദത്തില്‍നിന്ന്‌. 'പരിണാമം' എന്ന കൃതിക്കു ലഭിച്ച സാഹിത്യ അക്കാദമി പുരസ്‌കാരം എം.പി. നാരായണപിള്ള നിരസിച്ചതായിരുന്നു വിഷയം. അവാര്‍ഡ്‌ അക്കാദമി പിന്‍വലിച്ചു.
അവാര്‍ഡ്‌ നിരസിക്കാന്‍ എഴുത്തുകാരന്‌ അവകാശമുണ്ടെന്നു പറഞ്ഞു കിട്ടിയ പുരസ്‌കാരങ്ങളും വിശിഷ്‌ടാംഗത്വവും അഴിക്കോട്‌ തിരിച്ചേല്‍പ്പിച്ചു. അതിനെതിരേ ദേവന്‍ രംഗത്തെത്തി. എം.ടി പ്രസിഡന്റായപ്പോള്‍ അക്കാദമിയും തുടര്‍ന്ന്‌ അഴിക്കോടും പഴയ തീരുമാനം തിരുത്തിയെങ്കിലും ആ യുദ്ധം തുടര്‍ന്നു.

'പപ്പുവും സുകുവും'

കഥാകൃത്ത്‌ ടി. പത്മനാഭനുമായും അഴിക്കോട്‌ ശത്രുതയിലായിരുന്നു. കണ്ണൂരിലെ ഒരു സാഹിത്യ സമ്മേളനത്തില്‍ അഴിക്കോട്‌ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മലയാള സാഹിത്യസമ്മേളനത്തില്‍ സംസ്‌കൃത എഴുത്തുകാരെ എന്തിനു ക്ഷണിച്ചു എന്നാരോപിച്ച്‌ പത്മനാഭന്‍ ഇറങ്ങിപ്പോയി. ഈ യോഗത്തില്‍ വച്ച്‌ അഴീക്കോട്‌ പത്മനാഭനെ 'പപ്പു' എന്നാണ്‌ വിശേഷിപ്പിച്ചത്‌. ഇനി താന്‍ അഴീക്കോടിനെ 'സുകു' എന്നേ വിളിക്കൂ എന്ന്‌ പത്മനാഭന്‍ മറ്റൊരുവേദിയില്‍ തിരിച്ചടിച്ചു.
ആജന്മശത്രുവായ എം.ടിയുടെ നേതൃത്വത്തില്‍ തുഞ്ചന്‍ സ്‌മാരകത്തില്‍ കുടിലുകള്‍ കെട്ടിയപ്പോള്‍ അവ മദ്യപിക്കാനെന്നു പത്മനാഭന്‍ ആരോപിച്ചു. എം.ടി. പ്രതികരിച്ചില്ലെങ്കിലും അഴിക്കോട്‌ രംഗത്തിറങ്ങി. പിന്നീട്‌ തരം കിട്ടുമ്പോഴൊക്കെ ആക്രമണം. 'നിന്റെ കഥ എന്തിനു കൊള്ളാം, നിന്റെ പ്രസംഗമോ' എന്നിങ്ങനെപോയി അത്‌. ഒടുവില്‍, പത്മനാഭനുമെത്തി ആശുപത്രിയില്‍. 'എന്നെ കാണാന്‍വന്ന നിന്റെ മഹത്വം കൂടിയെന്നും' 'ഇപ്പോള്‍ അങ്കത്തിനു തനിക്ക്‌ ബാല്യമില്ലെന്നു'മാണ്‌ അഴീക്കോട്‌ പറഞ്ഞത്‌. വിതുമ്പിക്കൊണ്ടാണ്‌ പത്മനാഭന്‍ ആശുപത്രിയില്‍ നിന്നിറങ്ങിയത്‌.

ലാല്‍, സിനിമ, ഇന്നസെന്റ്‌
മലയാള സിനിമ ഒറ്റപ്പെടുത്തിയ തിലകനു താങ്ങായിവന്ന്‌ മോഹന്‍ലാലിനോടും ശണ്‌ഠകൂടി. സൂപ്പര്‍ സ്‌റ്റാറുകള്‍ മലയാള സിനിമ തകര്‍ക്കുന്നെന്ന്‌ അഴീക്കോട്‌ പരസ്യമായി പറഞ്ഞു. ഇവര്‍ ജ്വല്ലറികളുടെയും മദ്യത്തിന്റേയും അംബാസഡര്‍മാരാകുന്നെന്നും തുറന്നടിച്ചു. അഴീക്കോടിനു മതിഭ്രമം എന്നായിരുന്നു ലാലിന്റെ പ്രതികരണം. അതിനെതിരേ അഴീക്കോട്‌ വക്കീല്‍ നോട്ടീസും അയച്ചു. ലാലിനു നല്‍കിയ ലഫ്‌. കേണല്‍ പദവി നീക്കണമെന്നും ഡി-ലിറ്റ്‌ നല്‍കി ആദരിക്കരുതെന്നും മദ്യത്തിനു മോഡലായ ലാലിനെ ഖാദി അംബാസഡറാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടയിലാണ്‌ ലാല്‍ അഭിനയിച്ച 'പ്രണയം' സിനിമ കണ്ടത്‌. ലാല്‍ ഒന്നു വിളിച്ചാല്‍ താന്‍ മാനനഷ്‌ട കേസില്‍നിന്നു പിന്മാറുമെന്ന്‌ അഴീക്കോട്‌ പറഞ്ഞു. ലാല്‍ സ്വന്തം അമ്മയെക്കൊണ്ടു ഫോണ്‍ ചെയ്യിപ്പിച്ചാണ്‌ ഇതിനോടു പ്രതികരിച്ചത്‌. ഇതേ സംഭവത്തിന്റെ പേരില്‍ ഇന്നസെന്റുമായും പോരടിച്ചു.
ഇന്നസെന്റിന്‌ ആ പേര്‌ എങ്ങനെ ലഭിച്ചു എന്നായിരുന്നു അഴീക്കോട്‌ ചോദിച്ചത്‌. ഒട്ടും മോശക്കാരനല്ലാത്ത ഇന്നസെന്റും തിരിച്ചടിച്ചു. 'സുകുമാരന്‍' എന്ന പേര്‌ എങ്ങനെ ലഭിച്ചു എന്നായിരുന്നു മറുചോദ്യം. എങ്കിലും ലാലിന്റെ വിളിക്കു പിന്നാലെ ഇന്നസെന്റ്‌ ആശുപത്രിയില്‍ ഓടിയെത്തി.

*ബാലചന്ദ്രന്‍ ചുള്ളിക്കാട്‌
ബാലചന്ദ്രന്‍ ചുള്ളിക്കാടുമായും ഇടക്കാലത്ത്‌ അഴീക്കോട്‌ മുട്ടി. അടിയന്തരാവസ്‌ഥക്കാലത്തെ അഴിക്കോടിന്റെ നിശബ്‌ദതയ്‌ക്കെതിരേ ബാലചന്ദ്രന്‍ സംസാരിച്ചതായിരുന്നു പ്രശ്‌നമായത്‌. താന്‍ പ്രതികരിച്ചിരുന്നു എന്നായി അഴീക്കോട്‌. എന്നാല്‍, അടിയന്തരാവസ്‌ഥയെ പ്രകീര്‍ത്തിച്ച്‌ അഴിക്കോട്‌ എഴുതിയതു ചുള്ളിക്കാട്‌ ഹാജരാക്കി. പിന്നീട്‌ വര്‍ഗീയ ഫാസിസത്തിനെതിരേ കര്‍ക്കശമായ നിലപാടെടുത്തതുകൊണ്ട്‌ അഴീക്കോടിന്റെ ഏതൊരു തെറ്റും മലയാളി ക്ഷമിക്കുമെന്നായി ചുള്ളിക്കാട്‌. എന്നാല്‍, നിരൂപകനായ ബാലചന്ദ്രന്‍ വടക്കേടത്തുമായി അവസാന കാലത്ത്‌ അഴീക്കോട്‌ പിണങ്ങിയിരുന്നു. അഴീക്കോടിന്റെ ആത്മകഥയില്‍ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തെ വിമര്‍ശിച്ചിരുന്ന ആദ്യകാലം വിട്ടുകളഞ്ഞു എന്ന വടക്കേടത്തിന്റെ പ്രസ്‌താവനയായിരുന്നു അഴിക്കോടിനെ ചൊടിപ്പിച്ചത്‌.

*രാജിക്കത്ത്‌ എപ്പോഴും പോക്കറ്റില്‍
വ്യക്‌തികളോടു മാത്രമല്ല, സംസ്‌കാരിക അധികാര കേന്ദ്രങ്ങളോടും അദ്ദേഹം കലഹിച്ചു. ഏതെങ്കിലും സാംസ്‌കാരിക കേന്ദ്രങ്ങളില്‍ എത്തപ്പെട്ടപ്പോഴും വളരെ കുറച്ചു കാലമേ ഇരുന്നിട്ടുള്ളൂ. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ പോക്കറ്റില്‍ രാജിക്കത്തുമുണ്ടായിരുന്നു. അവിടേയും അദ്ദേഹം കലഹിച്ചു. ചിലപ്പോള്‍ പെട്ടന്നു ചൂടായി, അല്ലെങ്കില്‍ ആശയപരമായ പ്രശ്‌നത്തിന്റെ പേരില്‍ അദ്ദേഹം ചാടിവീണ്‌ രാജിവയ്‌ക്കുമായിരുന്നു. ഒരിക്കല്‍ തന്റെ സൗകര്യത്തിനനുസരിച്ച്‌ യോഗങ്ങള്‍ മാറ്റിവെക്കുന്ന പ്രസിഡന്റ്‌ തകഴിയുടെ നടപടിക്കെതിരേ അക്കാദമി നിര്‍വാഹക സമിതിയില്‍നിന്ന്‌ രാജിവെക്കാനൊരുങ്ങി അദ്ദേഹം.

കൈയെത്തും ദൂരത്തെത്തിയ കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ്‌ സ്‌ഥാനം അദ്ദേഹം ഉപേക്ഷിച്ചത്‌, തനിക്കു പ്രസിഡന്റായാല്‍ കൊള്ളാമെന്ന യു. ആര്‍. അനന്തമൂര്‍ത്തിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്നായിരുന്നു. നാഷണല്‍ ബുക്‌ ട്രസ്‌റ്റ് ചെയര്‍മാന്‍ സ്‌ഥാനം മാത്രമായിരുന്നു അദ്ദേഹം വഹിച്ച ഉയര്‍ന്ന പദവി. അവിടെ ആരുമായും കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ രാജി ഭീഷണിയുമുണ്ടായില്ല.

*ഒടുവില്‍ വിലാസിനിയെത്തി...
ആശുപത്രിയില്‍ ഏറ്റവും വൈകാരിക രംഗങ്ങളുണ്ടായതു മുന്‍ കാമുകി വിലാസിനിയെത്തിയപ്പോള്‍തന്നെ. 'താന്‍ ചീത്ത സ്‌ത്രീയാണെന്ന്‌ ധരിച്ചില്ലേ' എന്ന ചോദ്യം ടീച്ചറുടേത്‌... 'പഴയ കത്തുകള്‍ പ്രസിദ്ധീകരിച്ചില്ലേ' എന്ന്‌ അഴിക്കോട്‌...കലഹം പ്രണയത്തിനു വഴിമാറാന്‍ അധിക സമയമെടുത്തില്ല.
'കൂടെവന്നാല്‍ പൊന്നു പോലെ നോക്കുമെന്നായി ടീച്ചര്‍'... എന്നാല്‍ 'ചില പിരിയലുകളാണു കൂടിച്ചേരലുകളേക്കാള്‍ തീവ്രമെന്നായിരുന്നു' വിധി. ടീച്ചര്‍ക്കുപിന്നാലെ അഴിക്കോടിന്റെ കത്തുകള്‍ പ്രസിദ്ധീകരിച്ച ക്രൈം നന്ദകുമാറും ആശുപത്രിയിലെത്തി. കൂടെയുള്ള പലര്‍ക്കും അതു ദഹിച്ചില്ലെങ്കിലും അഴിക്കോട്‌ നന്ദകുമാറിനേയും സ്വീകരിച്ചു. താനതു ചെയ്‌തില്ലായിരുന്നെങ്കില്‍ ടീച്ചറെ കേരളം അറിയുമായിരുന്നില്ല എന്നായിരുന്നു നന്ദകുമാറിന്റെ ന്യായീകരണം.

*വെള്ളാപ്പള്ളി നടേശന്‍
വെള്ളാപ്പള്ളി നടേശനും അറിഞ്ഞു അഴീക്കോടിന്റെ നാവിന്റെ മുര്‍ച്ച. നാരായണഗുരുവിന്റേയും കുമാരനാശാന്റേയുമൊക്കെ പിന്‍ഗാമിയായി വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ എത്തുന്നതിന്റെ ജീര്‍ണയാണ്‌ അദ്ദേഹം വിമര്‍ശിച്ചത്‌.
അഴിക്കോടിന്റെ വിമര്‍ശനങ്ങള്‍ക്കെല്ലാം ഒപ്പത്തിനൊപ്പം മറുപടി പറയാന്‍ വെള്ളാപ്പള്ളിയും മടിച്ചില്ല.

കൂലിപ്രസംഗകന്‍, കള്ളുകച്ചവടക്കാരന്‍ എന്നൊക്കെ പരസ്‌പരം വിശേഷിപ്പിച്ചു. അവസാനഘട്ടത്തില്‍ ഭാര്യക്കൊപ്പം ആശുപത്രിയിലെത്തി അഴീക്കോടിനോട്‌ ക്ഷമ പറയാന്‍ വെള്ളാപ്പള്ളി തയാറായി- പൊട്ടിക്കരച്ചിലോടെ...

*എം.എന്‍. വിജയന്‍
എം.എന്‍. വിജയനും അഴീക്കോടും ഒരുകാലത്തും നല്ല ബന്ധത്തിലായിരുന്നില്ല. ഇരുവരും പരസ്‌പരമുള്ള പരാമര്‍ശങ്ങള്‍ പരമാവധി കുറച്ചിരുന്നു.

രണ്ടുപേരുടേയും സാഹിത്യവിമര്‍ശന രീതി തികച്ചും വ്യത്യസ്‌തമായതുമാത്രമല്ല, പ്രഭാഷകന്‍ എന്ന നിലയില്‍ ആരാണ്‌ 'നമ്പര്‍വണ്‍' എന്ന ചോദ്യവും അതിനു കാരണമായിരുന്നു. വിജയന്‍ മാഷുടെ അവസാനകാലത്തെ രാഷ്‌ട്രീയത്തെ അദ്ദേഹം മരിച്ചു കിടക്കുമ്പോള്‍പോലും അഴീക്കോട്‌ വിമര്‍ശിച്ചു. അതിന്റെ പേരില്‍ പി. സുരേന്ദ്രനെ പോലെ നിരവധി പേര്‍ അഴീക്കോടിനെതിരേ രംഗത്തെത്തി.

പൂര്‍ത്തിയാക്കാത്ത പ്രഭാഷണംപോലെ പ്രണയകാലം

അഴീക്കോട്‌ ചെറുപ്പത്തില്‍ എഴുതിയ പ്രണയ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്‌ വലിയ ചര്‍ച്ചയായി. പിന്നാലെ വലിയൊരു പുസ്‌തകവും ഇറങ്ങി. എന്നാല്‍, ഇതൊന്നും നിഷേധിക്കാതെ അഴീക്കോട്‌ മഹത്വം ഒന്നുകൂടി കൂട്ടി. മാധവിക്കുട്ടിപോലും പറഞ്ഞു, തനിക്കുപോലും ഇത്ര മനോഹര പ്രണയലേഖനങ്ങള്‍ ലഭിച്ചിട്ടില്ലെന്ന്‌! മലയാള സാഹിത്യത്തിനു മുതല്‍കൂട്ടാണ്‌ പുസ്‌തകമെന്ന്‌ ബാലചന്ദ്രന്‍ ചുള്ളിക്കാടും പറഞ്ഞു. സാഹിത്യ അക്കാദമയില്‍ കോവിലന്റെ മൃതദേഹത്തിനുമുന്നില്‍വച്ച്‌ വിലാസിനിയെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ മദ്യപിച്ചിട്ടാണെങ്കിലും പരസ്യമായി കഥാകൃത്ത്‌ വി.ആര്‍. സുധീഷ്‌ കലഹിച്ചപ്പോഴും അഴിക്കോട്‌ ചിരിച്ചു.
ചെറുപ്പത്തിലെങ്കിലും പ്രണയിക്കുന്ന മനസില്ലാത്തവരെ എന്തിനുകൊള്ളാം? പ്രണയം എന്ന സിനിമ അഴിക്കോടിനു പ്രിയങ്കരമായി. മോഹന്‍ലാലിനെ പ്രശംസിച്ചു.
'രണ്ടു സഹോദരിമാര്‍ വിവാഹിതരാകാതെ നില്‌ക്കുമ്പോള്‍ നീ വിവാഹം കഴിക്കുന്നതു ശരിയോണോ' എന്ന അമ്മയുടെ ചോദ്യമാണ്‌ അഴീക്കോടിനെ സ്വന്തം വിവാഹത്തില്‍നിന്നും മാറിനില്‍ക്കാന്‍ ചിന്തിപ്പിച്ചത്‌.
അഴീക്കോടും കാമുകിയും ജീവിതമിത്രയും അവിവാഹിതരായിരുന്നു എന്നത്‌ വിമര്‍ശകര്‍ മറക്കുന്നു. പ്രണയവും കലഹവും ആശുപത്രി വാസത്തിനിടെ അണപൊട്ടിയൊഴുകിയതും കേരളം കണ്ടു. ഇനി വരുന്നത്‌ വിലാസിനിയുടെ ആത്മകഥയാണ്‌. പേര്‌ -'അഴിക്കോടിന്റെ കാമുകി'.
വിവാഹിതനാകാത്തതിനാല്‍ ജീവിതത്തില്‍ ധാരാളം സ്വാതന്ത്ര്യം കിട്ടിയെന്ന്‌ അഴീക്കോട്‌ പറയുമായിരുന്നു. കാറുവാങ്ങിയപ്പേള്‍ സ്വാതന്ത്ര്യം പൂര്‍ണമായെന്നും. എവിടെയും എപ്പോഴും പോകാം. എങ്കിലും, നല്ല ഭക്ഷണം കിട്ടുന്നില്ലെന്നു പറഞ്ഞു പാചകക്കാരന്‍ ഉണ്ണിനായരെ ചീത്ത പറഞ്ഞിരുന്നു. അതുകേട്ട്‌ ഒരുദിനം നടന്‍ ശ്രീരാമന്‍ അതിരാവിലെതന്നെ ഒരുപാട്‌ ഇഡ്‌ഢലിയും ദോശയും പുട്ടും മറ്റുമായി അഴിക്കോടിന്റെ വീട്ടിലെത്തിച്ചു.

ചീത്ത സഹിക്കാതെ ഒരു രാത്രി ഉണ്ണിനായര്‍ അഴിക്കോടിന്റെ ജുബ്ബയണിഞ്ഞു റോഡിലിറങ്ങി. പിറ്റേന്ന്‌ ഉണ്ണിനായര്‍ പുറത്ത്‌!

മിണ്ടാത്ത ഗാന്ധിയെക്കണ്ട്‌ അഴീക്കോട്‌ മിണ്ടിത്തുടങ്ങി

അഴീക്കോട്‌ എറ്റവും പ്രസിദ്ധനായത്‌ പ്രഭാഷണങ്ങളിലൂടെ. പ്രഭാഷണങ്ങളില്‍ ഏറ്റവുമധികം ഉദ്ധരിച്ചത്‌ ഗാന്ധിയെ. എന്നാല്‍ അഴിക്കോട്‌ ആദ്യമായി കണ്ട ഗാന്ധി ഒരക്ഷരം അദ്ദേഹത്തോട്‌ ഉരിയാടിയില്ല എന്നതാണു യാഥാര്‍ഥ്യം.

മറ്റാരേയും പോലെ പഠിപ്പ്‌ കഴിഞ്ഞ്‌ ഇനിയെന്ത്‌ എന്ന ചോദ്യത്തിന്‌ ഉത്തരമന്വേഷിക്കുന്ന കാലം. വയസ്‌ 20. കൈയിലെത്തിയ, ബാങ്കിലെ ഗുമസ്‌തപ്പണി വേണ്ടെന്നുവച്ചു. മനസുനിറയെ സാഹിത്യം. പഠിക്കുമ്പോള്‍ തന്നെ ഉള്ളൂരും വള്ളത്തോളുമടക്കമുള്ളവരില്‍നിന്ന്‌ അഭിനന്ദനം ലഭിച്ച ഒരാള്‍ കണക്കപ്പിള്ളയാകുകയോ? എന്നാല്‍, ജോലി വേണ്ടെന്നുവച്ച്‌ വീട്ടില്‍ നില്‌ക്കാനാവാത്ത അവസ്‌ഥ. എല്ലാവരുംകൂടി അഴിക്കോടിനെ ഡല്‍ഹിക്കയച്ചു. വി.പി മേനോനെ കണ്ടാല്‍ ഡല്‍ഹി സെക്രട്ടേറിയറ്റില്‍ ജോലി ഉറപ്പ്‌. എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ ട്രെയിന്‍ കയറി. സംഭവിക്കേണ്ടതുതന്ന സംഭവിച്ചു. മഹാനഗരത്തിലെ ആള്‍ക്കുട്ടത്തില്‍ ലയിക്കേണ്ടവനല്ല താന്‍ എന്നു തന്നെയായിരുന്നു അഴിക്കോടിന്റെ തീരുമാനം. കിട്ടിയ സമയത്തിനുള്ളില്‍ മദിരാശി ഗ്രാന്റ്‌ ട്രങ്ക്‌ എക്‌സ്പ്രസില്‍ കയറി നാട്ടിലേക്കുതന്നെ തിരിച്ചു. നാട്ടിലെത്തിയാല്‍ എല്ലാവരോടും എന്തുപറയും എന്ന ചിന്ത അലട്ടിയിരുന്നു.
ഭാവിയെക്കുറിച്ചുള്ള ചിന്തയിലിരിക്കുമ്പോഴാണ്‌ ട്രെയിന്‍ വാര്‍ധ സ്‌റ്റേഷനില്‍ എത്തിയത്‌. എന്തോ ഒരു ഉള്‍വിളിയുടെ പ്രേരണയില്‍ അഴിക്കോടു ചാടിയിറങ്ങി. ഇതാണ്‌ താന്‍ തേടിയ ഇടമെന്നുതന്നെ തീരുമാനിച്ചായിരുന്നു ചാടിയിറങ്ങിയത്‌. വെച്ചുപിടിച്ചു ഗാന്ധിയുടെ സേവാഗ്രാമിലേക്ക്‌. അദ്ദേഹമവിടെയുണ്ടാകണേ എന്ന പ്രാര്‍ഥനയോടെ. ഗാന്ധിയെ കാണാനും ശ്രവിക്കാനും ഹൃദയം തുടിച്ചായിരുന്നു യാത്രയെന്ന്‌ അഴിക്കോട്‌ പിന്നീട്‌ പലവട്ടം പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ സംഭവിച്ചതെന്താ? ഗാന്ധിയെ കാണാന്‍ കഴിഞ്ഞു. എന്നാല്‍ കേള്‍ക്കാനായില്ല.
കാരണം അദ്ദേഹം മൗനവ്രതത്തില്‍. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുമെന്ന്‌ ഉറപ്പായ സമയമായിരുന്നു അത്‌. എല്ലാ കോണ്‍ഗ്രസ്‌ നേതാക്കളും സ്വാതന്ത്ര്യത്തിനുശേഷം എന്ത്‌ എന്നതിനെ കുറിച്ച്‌ ഡല്‍ഹിയിലും മറ്റുമിരുന്ന്‌ ഘോരഘോരം സംസാരിക്കുമ്പോഴായിരുന്നു ഗാന്ധിയുടെ മൗനവ്രതം. മിണ്ടാതിരുന്ന്‌ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ഗാന്ധി...! ഗാന്ധിയോട്‌ സംസാരിക്കാനായില്ലെങ്കിലും ആശ്രമത്തിലെ മറ്റുള്ളവരോട്‌ അവിടെ ഗാന്ധിക്കടുത്ത്‌ തങ്ങാന്‍ തനിക്കാഗ്രഹമുണ്ടെന്ന്‌ അഴിക്കോട്‌ പറഞ്ഞു.

അവരതനുവദിച്ചില്ല. ജീവിതം കൊണ്ടാണ്‌ ഗാന്ധിയോട്‌ അടുക്കേണ്ടതെന്നും അതിന്‌ അവിടെ തങ്ങേണ്ടതില്ലെന്നും അവര്‍ അറിയിച്ചു. ഗാന്ധിയെ വണങ്ങി, അനുഗ്രഹം വാങ്ങി അഴീക്കോട്‌ മടങ്ങി. പിന്നെ മിണ്ടാതിരുന്ന ഗാന്ധിയെ ഓര്‍ത്ത്‌ ജീവിതം മുഴുവന്‍ അഴിക്കോട്‌ സംസാരിച്ചുകൊണ്ടേയിരുന്നു. മിക്കവാറും ഗാന്ധിയെക്കുറിച്ചുതന്നെ.

മൈക്കുകാലി'നേക്കാള്‍ മെലിഞ്ഞ അഴീക്കോട്‌

ബഹുമുഖ പ്രതിഭയായിരുന്നു അഴീക്കോട്‌ എങ്കിലും സാമാന്യജനം അദ്ദേഹത്തെ അറിഞ്ഞിരുന്നത്‌ മുഖ്യമായും പ്രഭാഷകന്‍ എന്ന നിലയില്‍. ഒരുപക്ഷേ, ഇ.എം.എസ്‌ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രസംഗിച്ചിട്ടുള്ളതും പ്രസംഗങ്ങള്‍ റെക്കോഡ്‌ ചെയ്യപ്പെട്ടിട്ടുള്ളതും അഴിക്കോടിന്റെ. ഇ.എം.എസ്‌ കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായിരുന്നു. അഴീക്കോടാകട്ടെ ഒറ്റയാനും. അഴിക്കോടിന്റെ പ്രഭാഷണം എം.എന്‍. വിജയന്റേതുപോലെ ആലങ്കാരികമായിരുന്നില്ല. സച്ചിദാനന്ദന്റേതുപോലെ ആഴത്തിലുള്ളതായിരുന്നില്ല. കെ. വേണുവിന്റേതുപോലെ രാഷ്‌ട്രീയ ചിന്തയുടേതായിരുന്നില്ല. പി. പരമേശ്വരന്റേതുപോലെ ആത്മീയമായിരുന്നില്ല. എന്നാല്‍, പ്രഭാഷണകലയുടെ രാജാവ്‌ അഴീ

ക്കോടായിരുന്നു. കാരണം അതു വെറും പ്രസംഗമായിരുന്നില്ല. പ്രേക്ഷകര്‍ക്കുവേണ്ടതെല്ലാം അതിലുണ്ടായിരുന്നു. ഫലിതവും പരിഹാസവും മുതല്‍ രാഷ്‌ട്രീയവും തത്വചിന്തയും വരെ. ഗാന്ധിയും വിവേകാനന്ദനും നാരായണഗുരുവുമൊക്ക ആ വാചകങ്ങളില്‍ നിറഞ്ഞുനിന്നു.

മൈക്കിനുമുന്നില്‍ അതിനേക്കാള്‍ മെലിഞ്ഞ അഴീക്കോട്‌ നില്‌ക്കുമ്പോള്‍ ആദ്യമായി കാണുന്ന ആരും വരാന്‍ പോകുന്നത്‌ അണപൊട്ടിയൊഴുകുന്ന പ്രഭാഷണ നദിയാണെന്ന്‌ കരുതില്ല. ആ വിരലുകള്‍ പതുക്കെ ഉയരുമ്പോഴും ഒരു പ്രസംഗം തുടങ്ങുന്നു എന്നേ കരുതൂ. എന്നാല്‍ വളരെ പെട്ടെന്നുതന്നെ അതൊരു സിംഹഗര്‍ജ്‌ജനമാകുന്നു. ജനസഞ്ചയത്തെ നോക്കി പ്രഭാഷണം നടത്തുമ്പോഴും താന്‍ ഏകനാണെന്ന്‌ അദ്ദേഹം പറയുമായിരുന്നു. ഉള്ളില്‍ ഉള്ളതെല്ലാം ചോരകുരുതിയായി ആവശ്യപ്പെടുന്ന ഏകാന്തകലയാണ്‌ പ്രഭാഷണം എന്ന്‌ അഴിക്കോട്‌ വിശ്വസിച്ചു. എന്നാല്‍, അതിനും വേണം ഒരു സ്വയം നിയന്ത്രണം. അമല ആശുപത്രിയില്‍ വീല്‍ചെയറിലിരുന്ന്‌, ക്രിസ്‌മസ്‌ ആഘോഷിക്കാനെത്തിയ വിദ്യാര്‍ഥികളോട്‌ അവസാനമായി സംസാരിച്ചപ്പോഴും ക്ഷീണിതമെങ്കിലും ആ ശബ്‌ദത്തിനു കീറിമുറിക്കുന്ന മൂര്‍ച്ചയുണ്ടായിരുന്നു.

പ്രഭാഷണകലയില്‍ അഴീക്കോടിന്റെ പ്രചോദനം വാഗ്‌ഭടാനന്ദനായിരുന്നു. ബാല്യം മുതലെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ അഴിക്കോട്‌ കേട്ടിരുന്നു. ആ വാക്‌ചാതുരിയില്‍ മണിക്കൂറുകളോളം അദ്ദേഹം ലയിച്ചുനിന്നിരുന്നു. കൂടാതെ വാഗ്‌ഭടാനന്ദന്റെ ശിഷ്യരായ എം.ടി. കുമാരന്റേയും സ്വാമി ബ്രഹ്‌മവ്രതന്റേയും പ്രഭാഷണങ്ങളും അദ്ദേഹത്തിന്‌ ആവേശമായി. അഴീക്കോടില്‍ ഒരു പ്രഭാഷകന്‍ ജനിച്ചതങ്ങനെ.

അഴീക്കോടിന്റെ പ്രഭാഷണം ഒരിക്കലെങ്കിലും കേള്‍ക്കാത്ത മലയാളികള്‍ കുറയും. അവ പലപ്പോഴും ഹൃദയത്തിനു സാന്ത്വനമായിരുന്നെങ്കില്‍ പലപ്പോഴും ചിന്തകളെ ഉദ്ദീപിപ്പിക്കുന്നതായിരുന്നു. ചിലപ്പോഴൊക്കെ ആവേശത്തിന്റെ കെട്ടഴിച്ചുവിടുന്നതും. ഗാന്ധിയുടെ 125-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി 125 ഗ്രാമങ്ങളില്‍ നടത്തിയ പ്രഭാഷണപരമ്പര ആദ്യത്തേതില്‍ പെടുത്താമെങ്കില്‍ രാമായണ മാസത്തില്‍ നടത്തിയ രാമകഥാ പ്രഭാഷണ പരമ്പരയുടെ സ്‌ഥാനം രണ്ടാമത്തെ ഗണത്തിലാണ്‌. ബാബറി മസ്‌ജിദ്‌ തകര്‍ത്തപ്പോള്‍ കേരളത്തിലുടനീളവും പിന്നീട്‌ തൃശൂര്‍ പബ്ലിക്‌ ലൈബ്രറിയില്‍ എന്താണ്‌ ഭാരതീയത എന്നപേരില്‍ നടത്തിയ പ്രഭാഷണങ്ങള്‍ വര്‍ഗീയതയ്‌ക്കെതിരായ കുത്തൊഴുക്കായിരുന്നു. അവയെ മൂന്നാമത്തെ ഗണത്തില്‍ പെടുത്താം. പിന്നെ പുസ്‌തക പ്രകാശനങ്ങള്‍, സമരങ്ങളുടെ ഉദ്‌ഘാടനങ്ങള്‍, സമ്മേളനങ്ങളുടെ ഉദ്‌ഘാടനങ്ങള്‍... അങ്ങനെയങ്ങനെ എത്രയോ ആയിരം പ്രഭാഷണങ്ങള്‍. ഇനിയവ കേരളത്തിലെ തെരുവുകളിലും ഓഡിറ്റോറിയങ്ങളിലും സമ്മേളന നഗരികളിലും ഉണ്ടാകില്ല എന്നതാണ്‌ അഴീക്കോടിന്റെ വിയോഗമുണ്ടാക്കുന്ന പ്രധാന നഷ്‌ടം.

അരങ്ങൊഴിഞ്ഞ അക്ഷരത്തമ്പുരാന്‍

അക്ഷരങ്ങളെ അഗ്നിശോഭയോടെ നാവിന്‍തുമ്പിലും തൂലികയിലും ആവാഹിക്കാന്‍ കഴിഞ്ഞ ബഹുതല ശോഭിത വ്യക്‌തിത്വമായിരുന്നു ഇന്നലെ അന്തരിച്ച ഡോ. സുകുമാര്‍ അഴീക്കോട്‌. അനര്‍ഗളം വിനര്‍ഗളിക്കുന്ന വാക്‌ധോരണിയിലൂടെ മലയാളികളെ അനുഭൂതിയുടെ അഭൗമമണ്ഡലത്തിലേക്കു നയിച്ച സമാനതകളില്ലാത്ത പ്രഭാഷകനെയാണ്‌ അഴീക്കോടിന്റെ ദേഹവിയോഗത്തോടെ നമുക്കു നഷ്‌ടമായത്‌. ഏതു പ്രതിസന്ധിഘട്ടത്തെയും അക്ഷരംകൊണ്ടും ആശയംകൊണ്ടും നേരിടാനുള്ള അന്യാദൃശ്യമായ ആര്‍ജവമാണ്‌ അഴീക്കോട്‌ മാസ്‌റ്ററുടെ വ്യക്‌തിത്വ സവിശേഷത.

അഹിംസാത്മക സഹനസമരത്തിലൂടെ സൂര്യന്‍ അസ്‌തമിക്കാത്ത സാമ്രാജ്യത്തിനെതിരേ ധാര്‍മികവും രാഷ്‌ട്രീയവുമായ വിജയം നേടിയ ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ ബാല്യം മുതല്‍ ആകൃഷ്‌ടനായ അഴീക്കോട്‌ ജീവിതാന്ത്യംവരെ ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അധിഷ്‌ഠിതമായ ജീവിതമാണു നയിച്ചത്‌. അധ്യാപനവും സാഹിത്യവും പ്രഭാഷണവും ഉപനിഷത്തുകളുമായിരുന്നു അദ്ദേഹം പ്രണയിച്ച വിഷയങ്ങള്‍.

കേരളീയ സാമൂഹിക ജീവിതത്തില്‍ ഉയര്‍ന്നുവരുന്ന കാലികപ്രശ്‌നങ്ങളില്‍ വേറിട്ടൊരു അഭിപ്രായം കേള്‍ക്കാന്‍ ജനങ്ങള്‍ അഴീക്കോടിനുവേണ്ടിയാണ്‌ കാതോര്‍ത്തിരുന്നത്‌. നിഷ്‌പക്ഷവും നിര്‍ഭയവുമായി അദ്ദേഹം തുറന്നടിക്കുന്ന അഭിപ്രായങ്ങള്‍ ചരിത്രബോധവും പ്രായോഗികതയും മതനിരപേക്ഷതയും നിസ്വാര്‍ഥതയും നിറഞ്ഞതായിരുന്നു.

സാഹിത്യവും പ്രഭാഷണവുമാണ്‌ മുഖ്യകര്‍മമണ്ഡലങ്ങളെങ്കിലും രാഷ്‌ട്രീയരംഗത്തെ സൂക്ഷ്‌മചലനങ്ങള്‍പോലും നിരീക്ഷിക്കാനും നിശിതമായ വിമര്‍ശനബുദ്ധിയോടെ അവയെ വിലയിരുത്താനും കഴിഞ്ഞ അഴീക്കോട്‌ കേരളീയ പൊതുജീവിതത്തിലെ തിരുത്തല്‍ ശക്‌തിയായിരുന്നു.

കോണ്‍ഗ്രസ്‌ പ്രസ്‌ഥാനത്തിലൂടെയാണ്‌ അഴീക്കോട്‌ പൊതുജീവിതത്തിലേക്കു കടന്നുവന്നത്‌. സ്വാതന്ത്ര്യസമര വേളയിലും പിന്നീട്‌ വിമോചനസമര വേളയിലും അഴീക്കോടു നടത്തിയ രാഷ്‌ട്രീയ പ്രസംഗങ്ങള്‍ കൊടുങ്കാറ്റായി മാറി. പിന്നീട്‌ കക്ഷിരാഷ്‌ട്രീയത്തിന്റെ അതിര്‍വരമ്പുകളില്‍ അടിഞ്ഞുകൂടിക്കിടക്കാന്‍ തന്റേടിയായ ആ ചിന്തകനു മനസു വന്നില്ല. ഏതു രാഷ്‌ട്രീയകക്ഷിയെന്നോ ഏതു നേതാവെന്നോ നോക്കാതെ പ്രശ്‌നങ്ങളുടെ ന്യായാന്യായതയുടെ അടിസ്‌ഥാനത്തില്‍ സ്വന്തം അഭിപ്രായം വെട്ടിത്തുറന്നു പറയാന്‍ അഴീക്കോടു തയാറായി. അധികാരത്തിന്റെ അന്തപ്പുരങ്ങളില്‍ ഭാഗ്യാന്വേഷിയായി അലയാതെ അധികാര കേന്ദ്രങ്ങളുടെ താളപ്പിഴകളെ താക്കീതിന്റെ സ്വരത്തില്‍ വിമര്‍ശിക്കാന്‍ അദ്ദേഹം ഒരിക്കലും മടിച്ചില്ല.

വിവാദങ്ങളുടെ നാടായ കേരളത്തില്‍ വിവാദങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ മുമ്പനായിരുന്നു അഴീക്കോട്‌. പൊതുവേദികളില്‍ നടത്തിയ പ്രസംഗങ്ങളിലെ പല പരാമര്‍ശങ്ങളും നിയമയുദ്ധത്തിനും വിവാദത്തിനും ഇടയാക്കിയിട്ടുണ്ടെങ്കിലും അതിലൊന്നും പതറാതെ തന്റെ പതിവു ശൈലിയില്‍ ഏതു വിഷയത്തിലും കത്തിക്കയറാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. കെ. കരുണാകരന്‍, വി.എസ്‌. അച്യുതാനന്ദന്‍, എ.കെ. ആന്റണി, കുഞ്ഞാലിക്കുട്ടി, ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കെ.വി. ജോസഫ്‌, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, താരസംഘടനയായ അമ്മ, നടന്‍ മോഹന്‍ലാല്‍, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങി അഴീക്കോടിന്റെ വിമര്‍ശന ശരങ്ങളേല്‍ക്കാത്ത പ്രമുഖര്‍ ചുരുക്കം. പക്ഷേ വിമര്‍ശനത്തിനൊപ്പം വ്യക്‌തിബന്ധങ്ങളിലെ നൈര്‍മല്യം കാത്തുസൂക്ഷിക്കാനും അഴീക്കോട്‌ ബദ്ധശ്രദ്ധനായിരുന്നു.

ഗാന്ധിയന്‍ കാഴ്‌ചപ്പാട്‌ ഉള്‍ക്കൊണ്ട ഇടതുപക്ഷ നയസമീപനമായിരുന്നു അദ്ദേഹം അവസാന കാലങ്ങളില്‍ സ്വീകരിച്ചിരുന്നത്‌. പക്ഷേ, കമ്മ്യൂണിസ്‌റ്റ് നേതാക്കളുടെ പാളിച്ചകള്‍ക്കെതിരേ ആഞ്ഞടിക്കാനുള്ള സന്ദര്‍ഭങ്ങളൊന്നും അദ്ദേഹം വിട്ടുകളഞ്ഞില്ല. മതമൗലികവാദം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ഭീഷണികള്‍ വകവയ്‌ക്കാതെ അതിനെതിരേ ആശയമെന്ന ആയുധം പ്രയോഗിക്കാന്‍ അഴീക്കോട്‌ മാഷ്‌ മുന്‍പന്തിയിലുണ്ടായിരുന്നു.

ഒരിക്കല്‍ മാത്രമാണ്‌ അദ്ദേഹം പാര്‍ലമെന്ററി രാഷ്‌ട്രീയം പരീക്ഷിച്ചത്‌. തലശേരി ലോക്‌സഭാ മണ്ഡലത്തില്‍ എസ്‌.കെ. പൊറ്റക്കാടുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടതോടെ തെരഞ്ഞെടുപ്പു രാഷ്‌ട്രീയം ഉപേക്ഷിക്കുകയായിരുന്നു. പാര്‍ലമെന്റിലും നിയമസഭയിലും പ്രാതിനിധ്യം ലഭിച്ചില്ലെങ്കിലും മരണം വരെ ജനങ്ങളുടെ പ്രതിനിധി എന്ന നിലയില്‍ കേന്ദ്ര-സംസ്‌ഥാന ഭരണകൂടങ്ങളുമായി സംവദിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പല ജനപ്രതിനിധികളെയുംകാള്‍ ഫലപ്രദമായി ജനകീയ പ്രശ്‌നങ്ങള്‍ അധികാരികളെ ബോധ്യപ്പെടുത്താന്‍ ആ ശബ്‌ദഗാംഭീര്യത്തിനു സാധിച്ചു.വിദ്യാഭ്യാസ വിചക്ഷണന്‍, സാഹിത്യ വിമര്‍ശകന്‍, പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, കോളമിസ്‌റ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ വൈശിഷ്‌ട്യമാര്‍ന്നതായിരുന്നു അഴീക്കോടിന്റെ സ്‌നേഹ സേവനങ്ങള്‍. സ്വാതന്ത്ര്യജൂബിലി, ഗാന്ധിജയന്തി ശതോത്തര രജതജൂബിലി, ബാബ്‌റിമസ്‌ജിദിന്റെ തകര്‍ച്ച തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ജനങ്ങളില്‍ ദേശീയബോധം കരുപ്പിടിപ്പിക്കാന്‍ അഴീക്കോടു നടത്തിയ പ്രഭാഷണ പരമ്പരകള്‍ മാനവികതയുടെ മഹത്തായ സന്ദേശമാണു പകര്‍ന്നത്‌.

മംഗളവുമായും സ്‌ഥാപക പത്രാധിപര്‍ എം.സി. വര്‍ഗീസുമായും ഏറെ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന ഡോ. സുകുമാര്‍ അഴീക്കോട്‌ മംഗളത്തിന്‌ എന്നും ഉത്തമ സുഹൃത്തായിരുന്നു. മംഗളം നടത്തിയ നിരവധി സമൂഹവിവാഹ ചടങ്ങുകളില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹം മംഗളത്തിന്റെ വികസനപതിപ്പായ ഫോക്കസിന്റെ പ്രകാശനവും നിര്‍വഹിച്ചു. കുറേക്കാലം മംഗളത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രത്യേക കോളവും മാഷ്‌ കൈകാര്യം ചെയ്‌തു. മംഗളത്തിന്റെ ഓണം വിശേഷാല്‍ പ്രതികളില്‍ മാഷ്‌ സ്‌ഥിരം എഴുത്തുകാരനായിരുന്നു. ധീരവും ഉറച്ച നിലപാടുകളുമായി ജനപക്ഷ പത്രപ്രവര്‍ത്തനം തുടരുന്ന മംഗളത്തിനു ശോഭനമായ ഭാവിയുണ്ടെന്ന്‌ അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാഷിനെ സന്ദര്‍ശിക്കാനെത്തിയ മംഗളം മാനേജിംഗ്‌ ഡയറക്‌ടര്‍ സാജന്‍ വര്‍ഗീസിനോട്‌ അദ്ദേഹം പറഞ്ഞത്‌ മംഗളത്തിന്റെ ഭാവിയുടെ രജതരേഖയായി ഞങ്ങള്‍ കാണുന്നു. ജീവിതത്തില്‍ ഒന്നിനോടും സന്ധിചെയ്യാതിരുന്ന അഴീക്കോട്‌ ഒടുവില്‍ മരണത്തിനു കീഴടങ്ങിയെങ്കിലും ആ പ്രഭാഷണത്തിന്റെ അലയൊലികളും അക്ഷരങ്ങളുടെ നക്ഷത്രത്തിളക്കവും മലയാളികളുടെ മനസില്‍ തരംഗമായി നിലനില്‍ക്കും.