Showing posts with label മാധ്യമം. Show all posts
Showing posts with label മാധ്യമം. Show all posts

Tuesday, January 24, 2012

പുരോഗമന കേരളത്തിന്‍െറ വിചാരശില്‍പി

കേരളീയ സമൂഹത്തെ അരനൂറ്റാണ്ടിലേറെക്കാലം ചലനാത്മകമായി നിലനിര്‍ത്തിയ ധൈഷണികതയുടെ പ്രകാശഗോപുരമാണ് അണഞ്ഞുപോയത്. മൗലിക ചിന്തയുടെ കാന്തസ്പര്‍ശമേറ്റ വാമൊഴിയും വരമൊഴിയും കൊണ്ട് ആറു ദശകങ്ങളോളം മലയാളിയുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവിതത്തെ ജ്വലിപ്പിച്ചുനിര്‍ത്തിയ ധിഷണാശാലിയായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്. മലയാളിയുടെ ചിന്താപ്രപഞ്ചത്തെ  ആഴത്തില്‍ സ്വാധീനിച്ച അദ്ദേഹം നമ്മുടെ ആശയ ലോകത്തെ സമ്പുഷ്ടമാക്കുകയും കേരളീയ സമൂഹത്തെ പുരോഗനാത്മകമായ ദിശയിലേക്ക് നയിക്കുകയും ചെയ്തു. സാഹിത്യവിമര്‍ശകനും പ്രഭാഷകനുമായി പൊതുജീവിതമാരംഭിച്ച അഴീക്കോട് മലയാളഭാഷക്കും സാഹിത്യത്തിനും സാംസ്കാരിക രാഷ്ട്രീയരംഗങ്ങള്‍ക്കും നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്.
ഈ നൂറ്റാണ്ടിന്‍െറ നെടുംപുറത്ത് ആഞ്ഞുപതിച്ച ചാട്ടവാറ് എന്നാണ് ബര്‍നാഡ്ഷായെ എ.ജി.ഗാര്‍ഡിനര്‍ വിശേഷിപ്പിച്ചത്. മനുഷ്യന്‍െറ ബുദ്ധിമോശങ്ങളുടെനേരെ ആഞ്ഞുചുഴറ്റിയ ആ ചാട്ടവാറിന്‍െറ കേരളീയ പതിപ്പായിരുന്നു ഡോ. അഴീക്കോട്. കേരളീയ പൊതുമണ്ഡലത്തെ ഇത്രയേറെ ഇളക്കിമറിച്ച മറ്റൊരു വ്യക്തിയെ അരനൂറ്റാണ്ടിനിടയില്‍ മലയാളി കണ്ടിട്ടില്ല. അഴീക്കോട് ഒരു അഭിപ്രായം പറയുമ്പോള്‍ ആശയപരമായി വിരുദ്ധധ്രുവങ്ങളിലുള്ളവര്‍ പോലും ചെവിയോര്‍ത്തുനില്‍ക്കുമായിരുന്നു. നിലപാടുകള്‍ നിര്‍ഭയം തുറന്നു പറയുമായിരുന്നു അദ്ദേഹം. ഉരുളക്കുപ്പേരി പോലെ മറുപടി പറയാന്‍ കഴിയുന്ന പ്രത്യുല്‍പന്നമതിത്വം എന്ന ബൗദ്ധികസിദ്ധി ബര്‍നാഡ്ഷായെ പോലെ അദ്ദേഹത്തിനുമുണ്ടായിരുന്നു.
വിശ്വമാനവികതക്കുവേണ്ടിയാണ് എന്നും അദ്ദേഹം നിലകൊണ്ടിരുന്നത്. തൂലിക ചലിപ്പിച്ചതും പ്രസംഗവേദികളെ പ്രകമ്പനംകൊള്ളിച്ചതും മനുഷ്യവിമോചനത്തിനായുള്ള ആദര്‍ശങ്ങളാല്‍ പ്രചോദിതനായായിരുന്നു. ഭാരതീയതയെക്കുറിച്ചുളള ഡോ. അഴീക്കോടിന്‍െറ പ്രഭാഷണങ്ങളില്‍ സംവാദത്തെ അദ്ദേഹം നിര്‍വചിക്കുന്നത് സമൂഹത്തിനും നാടിനും വേണ്ടി എല്ലാ മനുഷ്യര്‍ക്കും വേണ്ടി ഒരഭിപ്രായത്തില്‍ എത്തിച്ചേരുക എന്നാണ്. അതു തന്നെയായിരുന്നു അദ്ദേഹത്തിന്‍െറ ദൗത്യവും. സംവാദങ്ങളിലൂടെ അദ്ദേഹം കേരളീയ സാമൂഹിക സാംസ്കാരിക ധൈഷണിക ജീവിതത്തെ സജീവമാക്കി. വിവിധ വിജ്ഞാന ശാഖകളുടെയും ദര്‍ശനങ്ങളുടെയും ആധ്യാത്മിക പാരമ്പര്യങ്ങളുടെയും വിഭജനരേഖകള്‍ മറികടന്ന് മനുഷ്യപുരോഗതിക്ക് അനുഗുണമായ ആശയങ്ങള്‍ കണ്ടെടുത്ത് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പാശ്ചാത്യ ചിന്താസരണികളിലും ഭാരതീയ ദര്‍ശനങ്ങളിലും രാഷ്ട്രമീമാംസയിലും അസാമാന്യമായ അവഗാഹമുണ്ടായിരുന്നു അദ്ദേഹത്തിന്.  അഴീക്കോടിന്‍െറ സൂക്ഷ്മദൃഷ്ടി  പതിയാത്ത കര്‍മമണ്ഡലങ്ങള്‍ കുറവായിരുന്നു. രാഷ്ട്രീയവും സാഹിത്യവും സിനിമയും ദാര്‍ശനികതയും കലയും അദ്ദേഹത്തിന്‍െറ മൂര്‍ച്ചയേറിയ വിമര്‍ശശരങ്ങള്‍ക്കു വിധേയമായി. തന്‍െറ ഗഹനവും സങ്കീര്‍ണവുമായ ചിന്തകളെ അസാമാന്യമായ ഒരാര്‍ജവത്തോടെയും ലാളിത്യത്തോടെയും ആവിഷ്കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
പ്രഭാഷണകലയില്‍ കേരളം കണ്ട എക്കാലത്തെയും വലിയ പ്രതിഭയായിരുന്നു അഴീക്കോട്. പണ്ഡിത, പാമരഭേദമില്ലാതെ ജനലക്ഷങ്ങള്‍ അദ്ദേഹത്തിന്‍െറ ശബ്ദത്തിനു കാതോര്‍ത്തുനിന്നു. സമകാലിക പ്രസക്തിയുള്ള പ്രശ്നങ്ങളിലേക്ക് ജനശ്രദ്ധയാകര്‍ഷിക്കാനും അവരെ പ്രവര്‍ത്തനപഥത്തില്‍ ചലനാത്മകമായി നിര്‍ത്തുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. സ്വാതന്ത്ര്യജൂബിലി പ്രഭാഷണപരമ്പര, ഗാന്ധിജിയുടെ 125ാം ജയന്തിയോടനുബന്ധിച്ച് 125 ഗ്രാമങ്ങളില്‍ നടത്തിയപ്രഭാഷണപരമ്പര, ഭാരതീയതയെക്കുറിച്ച് ഏഴു ദിവസം തുടര്‍ച്ചയായി തൃശൂരില്‍ നടത്തിയ പ്രഭാഷണപരമ്പര എന്നിവ ഈ പ്രതിഭാവിശേഷത്തിന്‍െറ സമാനതകളില്ലാത്ത നിദര്‍ശനങ്ങളായിരുന്നു.
പത്രപ്രവര്‍ത്തനം ഒരു സാമൂഹിക രാഷ്ട്രീയ ദൗത്യമായിരുന്ന കാലത്ത് ആ രംഗത്തേക്കു കടന്നുവന്ന് നവോത്ഥാനകേരളത്തിന്‍െറ പുരോഗമനമൂല്യങ്ങള്‍ പ്രസരിപ്പിക്കുകയും ചെയ്തു അദ്ദേഹം. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ തുടങ്ങിയ പത്രങ്ങളിലൂടെ അഴീക്കോട് സാമൂഹിക ജീര്‍ണതക്കെതിരെ ശബ്ദമുയര്‍ത്തി. സ്വാതന്ത്ര്യത്തിന്‍െറയും മാനവികതയുടെയും ജനാധിപത്യത്തിന്‍െറയും ഉന്നതമായ മൂല്യങ്ങള്‍ പ്രസരിപ്പിക്കുന്നതിന് അദ്ദേഹം വിവിധ പത്രങ്ങളിലെ പംക്തികള്‍ ഉപയോഗിച്ചു.
രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ കാര്യങ്ങളില്‍ നാടിന്‍െറ ആദര്‍ശമൂല്യാധിഷ്ഠിതമായ പ്രതിബദ്ധത അതിവേഗം ക്ഷയിക്കുകയും ശിഥിലമാവുകയും ചെയ്യുന്ന ഈ കാലത്ത് ഒന്നും കണ്ടില്ളെന്നു നടിക്കുന്ന മരുഭൂജീവിയായി കഴിയാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. എഴുത്തുകാരന്‍ ദന്തഗോപുരവാസിയായിരിക്കരുതെന്ന നിര്‍ബന്ധബുദ്ധിക്കാരനായിരുന്നു അദ്ദേഹം. ഭരണകൂടത്തോടും അധികാരസ്ഥാപനങ്ങളോടുമുള്ള വിയോജിപ്പുകള്‍ മറച്ചുവെക്കാനോ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി അവയുമായി നിരുപാധികം സന്ധിയാവാനോ അദ്ദേഹം സന്നദ്ധനായിരുന്നില്ല. രാഷ്ട്രീയപക്ഷപാതങ്ങളില്‍നിന്ന് സ്വാതന്ത്ര്യം നേടിയ ഒരു ദര്‍ശനം അദ്ദേഹത്തിനുണ്ടായിരുന്നു. ഗാന്ധിജിയെയും ഇ.എം.എസിനെയും ഒരേ ഹൃദയതാളങ്ങളില്‍ വെച്ച് സമന്വയിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഒരുപാടു തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുകൊടുത്ത പ്രഗല്ഭനായ അധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം. കലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ മലയാളം പ്രഫസറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം വിവിധ വിജ്ഞാനധാരകളെ അയത്നലളിതമായി സമന്വയിപ്പിച്ചുകൊണ്ട് അധ്യാപനത്തിന്‍െറ സാമ്പ്രദായിക രീതികളില്‍നിന്നു വഴിമാറി നടന്നു. യു.ജി.സിയുടെ ഭാരതീയഭാഷാപഠനത്തിന്‍െറ പാനല്‍ അംഗമായും കേന്ദ്രകേരള സാഹിത്യ അക്കാദമികളില്‍ നിര്‍വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ച അഴീക്കോട് മലയാളഭാഷയുടെ സാംസ്കാരിക സ്ഥാനപതിയായി ദേശീയതലത്തില്‍ സജീവസാന്നിധ്യമറിയിച്ചു.
വിവാദങ്ങള്‍ അഴീക്കോടിന്‍െറ സന്തതസഹചാരിയായിരുന്നു. എന്നാല്‍, കേരളീയ സമൂഹത്തെ പുരോനയിക്കുന്നതിനുള്ള ക്രിയാത്മകമായ വിമര്‍ശങ്ങളാണ് അദ്ദേഹം എക്കാലവും ഉയര്‍ത്തിയിട്ടുള്ളത്. വ്യക്തിവിദ്വേഷമോ മുന്‍വിധികളോ ആയിരുന്നില്ല അദ്ദേഹത്തിന്‍െറ മുനകൂര്‍ത്ത വിമര്‍ശങ്ങളുടെ കാതല്‍. അദ്ദേഹം കലഹിക്കുമ്പോള്‍ അതിനു പിന്നില്‍ സാമൂഹികമായ ഒരു കാരണമുണ്ടായിരുന്നു. ഒറ്റയാനായി ജീവിച്ച അദ്ദേഹത്തിന് വ്യക്തിപരവും സ്വജനപക്ഷപാതപരവും സ്വാര്‍ഥവുമായ താല്‍പര്യങ്ങളില്ലായിരുന്നു. ഒരിക്കല്‍ കേരള സാഹിത്യ അക്കാദമിയോടുള്ള വിയോജിപ്പുകാരണം അക്കാദമിയുടെ എല്ലാ ബഹുമതികളും ഉപഹാരങ്ങളും പാരിതോഷികങ്ങളും അദ്ദേഹം തിരിച്ചേല്‍പിക്കുകയുണ്ടായി. നിലപാടുകള്‍ വിട്ട് തന്‍െറ ആദര്‍ശത്തിനു നിരക്കാത്ത ഒത്തുതീര്‍പ്പുകള്‍ക്കു നിന്നുകൊടുത്തിട്ടില്ല അഴീക്കോട്.
കേരളീയ നവോത്ഥാനത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ചിന്താപരവും ബുദ്ധിപരവും സാഹിത്യപരവുമായ ഭൂമികയില്‍നിന്നുകൊണ്ട് നമ്മെ നയിച്ച മാര്‍ഗദീപങ്ങളിലൊന്നാണ് അണഞ്ഞുപോയത്. അദ്ദേഹത്തിന്‍െറ ഭൗതികമായ സാന്നിധ്യം മാത്രമേ നമുക്ക് നഷ്ടമായിട്ടുള്ളൂ. അനീതിക്കെതിരായ പ്രതിരോധത്തിന്‍െറ ഊര്‍ജം ഉള്‍ക്കൊള്ളുന്ന തീക്ഷ്ണവും വാചാലവുമായ ചിന്തകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം കടന്നുപോയത്. നിതാന്തമായ ചിന്താജാഗ്രത പുലര്‍ത്തി സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള ആ ദീപജ്വാല വരുംതലമുറകള്‍ ഏറ്റുവാങ്ങുമെന്ന് പ്രതീക്ഷിക്കാം.

ആ വാഗ്ഭടനും പോയി

ആ സാഗര ശബ്ദവും നിലച്ചു. കുറച്ചു നാളായി ആശുപത്രിക്കിടക്കയില്‍ തിരയടങ്ങി. എന്നാല്‍, ആഴിയുടെ ആഴംപോലെ ശാന്തത പൂണ്ട് കിടക്കുകയായിരുന്നു.  അനേകം അമൂല്യ വിജ്ഞാനങ്ങളുടെ ശേഖരമായിരുന്നു ആ അകക്കാമ്പ്. നെറികേടിന് നേരെ ഉച്ചൈസ്ഥരം ഗര്‍ജ്ജിച്ചിരുന്ന ആ നാവ് നിശ്ശബ്ദമായി. നേരിന് വേണ്ടി ത്രസിച്ചിരുന്ന ആ ഹൃദയം നിശ്ചലമായി. ഉച്ചനീചത്വത്തിനെതിരെ ശബ്ദിച്ച ആ വാഗ്ഭടന്‍ ഓര്‍മ്മയായി. കണ്ണൂരിന്‍െറ തന്നെ മറ്റൊരു മഹാസംഭാവനയായ വാഗ്ഭടാനന്ദന്‍െറ പാദുകപ്പാടുകള്‍ പിന്തുടര്‍ന്ന്, ശ്രീനാരായണഗുരുവിന്‍െറ ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച് സത്യത്തിനും ധര്‍മത്തിനും സനാതന മൂല്യങ്ങള്‍ക്കും വേണ്ടി അടരാടിയ സുകുമാര്‍ അഴീക്കോട് ജന്മദേശത്ത് വാഗ്ഭടാനന്ദന്‍ സ്ഥാപിച്ച ആത്മവിദ്യാസംഘത്തിന്‍െറ നടത്തിപ്പില്‍ സഹകരിച്ചു പോന്നിരുന്നു.
കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ ആ വ്യക്തിത്വം നാട്ടുകാരനെന്ന എന്‍െറ സാമീപ്യ ബോധത്തിന് എന്നും അനുകമ്പാര്‍ഹമായ അംഗീകാരമായിരുന്നു നല്‍കിയിരുന്നത്. മാധ്യമംകോഴിക്കോട് ആരംഭിക്കുന്നതിന് മുമ്പുതന്നെ അദ്ദേഹവുമായുള്ള ബന്ധത്തിന് തുടക്കം കുറിച്ചിരുന്നു. കണ്ണൂരിലും പരിസരങ്ങളിലും വിവിധ പരിപാടികളില്‍ ഒന്നിച്ചപ്പോഴൊക്കെ ആ സ്നേഹബന്ധം പ്രകടമായി. ജമാഅത്തെ ഇസ്ലാമിയുടെ ഭാരവാഹിത്തം വഹിച്ചിരുന്ന 80കളില്‍ ആ ബന്ധം ഒന്നുകൂടി സുദൃഢമായി. ജമാഅത്തിന്‍െറ ദഅ്വത്ത് നഗര്‍ സമ്മേളനത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാന്‍ പോയത് ആ ബന്ധം മുന്‍നിര്‍ത്തിയായിരുന്നു. സസന്തോഷം അദ്ദേഹം ക്ഷണം സ്വീകരിച്ചു. തൃശൂരില്‍ നിന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ ഞങ്ങള്‍ അയച്ചത് പ്രസ്ഥാന പ്രവര്‍ത്തകന്‍ കൂടിയായ ഡ്രൈവറെയായിരുന്നു. സമ്മേളന നഗരിയിലെത്തും വരെ അഴീക്കോടിന് ജമാഅത്തിനെ പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം. സമ്മേളന നഗരിയിലേക്ക് പ്രവേശിച്ചതും പതിനായിരങ്ങളുടെ ശാന്ത ഗംഭീരമായ സദസ്സ് അദ്ദേഹത്തെ അല്‍ഭുതപ്പെടുത്തി. വിസ്മയാവഹമായ ആ ജനസാഗരത്തെ സാക്ഷ്യപ്പെടുത്തി അദ്ദേഹം നടത്തിയ പ്രൗഢോജ്വലമായ പ്രഭാഷണം തുടങ്ങിയത് തിരയടങ്ങിയ മഹാസാഗരം എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ്. മാധ്യമംആവശ്യപ്പെടുമ്പോഴൊക്കെ ലേഖനങ്ങള്‍ തന്ന് സഹായിച്ചിരുന്ന അദ്ദേഹം കനപ്പെട്ട വല്ല സൃഷ്ടിയും വായനക്കാരിലെത്തണമെന്നുണ്ടെങ്കില്‍ മാധ്യമം തന്നെ വേണം എന്ന് പറയുമായിരുന്നു. വര്‍ത്തമാനം പത്രത്തിന്‍െറ മുഖ്യ പത്രാധിപരായിരുന്ന കാലയളവിലും അദ്ദേഹം മാധ്യമത്തിന് സൃഷ്ടികള്‍ അയച്ചുതരുമായിരുന്നു.
ഗള്‍ഫ് മാധ്യമം തുടങ്ങിയ ശേഷം ഗള്‍ഫ് സന്ദര്‍ശന വേളകളില്‍ മാധ്യമത്തിന് ഒരിടം അദ്ദേഹം നല്‍കിയിരുന്നു. സ്നേഹാദരപൂര്‍വമായ അദ്ദേഹത്തിന്‍െറ പെരുമാറ്റം ആരിലും മതിപ്പുളവാക്കും. സാംസ്കാരിക നായകന്മാരില്‍ പലരുമായും ഇടഞ്ഞിട്ടുണ്ടെങ്കിലും ആ പിണക്കം സൗഹൃദത്തിന്‍െറ കലങ്ങിമറിയലാണെന്ന് അദ്ദേഹം തെളിയിച്ചു. വിഷയങ്ങളെ ദാര്‍ശനിക ശൈലിയില്‍ അപഗ്രഥിക്കാനുള്ള അദ്ദേഹത്തിന്‍െറ പാടവം അസാമാന്യമാണ്. ഇടതുപക്ഷ വീക്ഷഗതിക്കാരനായ എം.എന്‍. വിജയനും വലതുപക്ഷ ചിന്താഗതിക്കാരനായ സുകുമാര്‍ അഴീക്കോടും യോജിക്കുന്ന ഒരു ബിന്ദുവുണ്ട് -ആദര്‍ശം.മാനവിക ഐക്യത്തിന്‍െറയും സമസൃഷ്ടി സ്നേഹത്തിന്‍െറയുംഅത്യുദാത്തമായ സന്ദേശം. കുറ്റിയറ്റുപോകുന്ന അത്തരം ആദര്‍ശ ധീരന്മാരുടെ വിടവ് നികത്താന്‍ പുതുതലമുറക്കാകുമോ? ‘ചിതയിലെ വെളിച്ചവും’ ‘തത്ത്വമസിയുംനമുക്ക് പറഞ്ഞുതരാന്‍ ഇനിയാരുണ്ട്? ഈ ശൂന്യത നികത്തപ്പെടട്ടെ എന്നാശിക്കുക. സുകൃതങ്ങളുടെ സുകുമാര ശൈലത്തിന് ആത്മശാന്തി നേരുന്നു. ഗള്‍ഫ് മാധ്യമംകുടുംബത്തിന്‍െറ ബാഷ്പാഞ്ജലി അര്‍പ്പിക്കുന്നു.

മരണം കാത്തുനിന്നു 64 മണിക്കൂര്‍

തൃശൂര്‍: ശത്രുക്കളെല്ലാം കീഴടങ്ങിയ അഴീക്കോടിനെ കീഴടക്കാന്‍ മരണമെടുത്തത് 64:13:00 മണിക്കൂര്‍. ജനുവരി 21ന് ഉച്ചക്ക് 2.20നാണ് മരണം  പോര്‍വിളിയുമായി അദ്ദേഹത്തിന്‍െറ മുന്നിലെത്തിയത്. ഒരിടത്തും മുട്ടുമടക്കാത്ത അദ്ദേഹം അനാരോഗ്യത്തിലും  പൊരുതി. മരണവുമായുള്ള മല്‍പിടിത്തത്തില്‍ ഓക്സിജന്‍ മാസ്ക് വലിച്ചൂരിയ മാഷിന്‍െറ കൈകള്‍ മൂക്കിനുമേല്‍ സാരമായ പോറലുണ്ടാക്കി.
21ന് രാവിലെ സഹായി സുരേഷ് അദ്ദേഹത്തിന്‍െറ മുഖം വടിക്കുമ്പോഴും  സംസാരിച്ചതാണ് മാഷ്. ഉച്ചക്ക് പൊടുന്നനെയാണ് ശ്വാസതടസ്സം കലശലായത്. ഡോക്ടര്‍മാരെത്തി  ഓക്സിജനും സോഡിയവും നല്‍കി.  ശരീരം വിയര്‍ത്തു. മുറിയിലെ നേരിയ തണുപ്പിനാല്‍ വലിഞ്ഞുമുറുകിയ ത്വക്കിലെ വേദനിപ്പിക്കുന്ന ചൊറിച്ചിലകറ്റാന്‍ മാഷ് ശ്രമിച്ചു.
രാത്രി 8.42ന് മരണം വീണ്ടും  പിടിച്ചുലച്ചു. വാക്കുകള്‍ പുറത്തുവരാതെ പ്രയാസപ്പെട്ടു.   പതിഞ്ഞ സ്വരമുള്ള തൊണ്ടയില്‍നിന്ന് ഉച്ചത്തിലുള്ള മുരള്‍ച്ച. ശരീരമാകെ വരിഞ്ഞുകെട്ടിയ പോലെ മാഷ് കുതറിക്കൊണ്ടിരുന്നു. തടയാന്‍ സാന്ത്വന ചികിത്സക്കുണ്ടായിരുന്നവര്‍ പ്രയാസപ്പെട്ടു. മുറിക്കുള്ളിലുണ്ടായിരുന്ന ഒരു സ്വാമി ഉച്ചത്തില്‍ മന്ത്രമരുവിട്ട് വെള്ളം നല്‍കി. പുഷ്ടിവര്‍ധകം... മൃത്യു മോക്ഷം...പുണ്യനദീജലം...’-മന്ത്രംകേട്ട് പുറത്തുള്ളവര്‍ മുറിയിലേക്ക് പാഞ്ഞു.ഇതുകണ്ട്  ഒരു  ചാനല്‍ അദ്ദേഹം മരിച്ചെന്ന് വിളിച്ചുപറഞ്ഞു. അതുകേട്ട്് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക  പ്രമുഖര്‍ ആശുപത്രിയിലേക്ക് കുതിക്കുമ്പോള്‍, 8.57ന് ഡോ.ശ്രീകുമാര്‍ പിള്ളയെത്തി മയക്കത്തിന് കുത്തിവെപ്പിന് നിര്‍ദേശിച്ചു. സഹായി രമ മാഷുടെ തലയിലും നെറ്റിത്തടത്തിലും തടവിക്കൊണ്ടിരുന്നു. സുരേഷ് സമീപത്തിരുന്ന് കൈകളില്‍ തിരുമ്മി. അമലയിലെ നഴ്സുമാരെത്തി പള്‍സും രക്തസമ്മര്‍ദവും ഇ.സി.ജിയും പരിശോധിച്ചു. എല്ലാം സാധാരണനിലയില്‍. പക്ഷേ, മാഷും മരണവും ഏറ്റുമുട്ടുകയായിരുന്നു.
9.14ഓടെ അവസ്ഥ വീണ്ടും മോശമായി. അര മണിക്കൂറോളം എന്തും സംഭവിക്കാവുന്ന അവസ്ഥ. മരണവെപ്രാളം കണ്ട്   രമ   കുഴഞ്ഞുവീണു.
വൈകാതെ സ്ഥിതി  മെച്ചപ്പെട്ടു. സാധാരണ പോലെ അദ്ദേഹം കൈകള്‍ പരസ്പരം തടവി. 10.22ന് വീണ്ടും ഡോ.ശ്രീകുമാറെത്തി.  സുരേഷിനോട് മാഷെ വിളിക്കാന്‍   പറഞ്ഞു.   വിളി കേട്ടു. വെള്ളം വേണോ എന്നു ചോദിച്ചപ്പോള്‍ തലയനക്കി പതുക്കെ മൂളി. വീണ്ടും വെള്ളം നല്‍കി. പാലിയേറ്റിവ് കെയര്‍ യൂനിറ്റിലെ ഷൈനി മാഷെ ചരിച്ചുകിടത്തി പുറത്തെ വിയര്‍പ്പുമാറ്റി.
10.30ഓടെ മാഷിന് മയക്കത്തിന് കുത്തിവെപ്പെടുത്തു. രക്തസമ്മര്‍ദം സാധാരണനിലയിലായി (138/87). 12.30ന് രക്തസമ്മര്‍ദം 85/50 ആയി . ഡോ.ശ്രീകുമാറെത്തി പരിശോധിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 2.35ന് മലബാര്‍ കാന്‍സര്‍ സെന്‍ററില്‍നിന്ന് ഡോ.സലീഷ് വന്നു. രാവിലെ 42/67 എന്ന നിലയിലേക്ക് രക്തസമ്മര്‍ദം കുറഞ്ഞതോടെ ആശങ്ക വര്‍ധിച്ചു. മരണം പിടി യയച്ചു.അദ്ദേഹം  തളര്‍ന്നുറങ്ങി. പുറത്ത് അഭ്യൂഹങ്ങള്‍ ഉണര്‍ന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും മറ്റും  അഴീക്കോടിനെ കാണാനെത്തി. വിദഗ്ധര്‍ പറഞ്ഞ സമയവും അതിജീവിച്ച്  മയക്കത്തിലായ അഴീക്കോടിന്‍െറ രക്തസമ്മര്‍ദം ഞായറാഴ്ച അര്‍ധരാത്രി സാധാരണനിലയിലായി-131/82. തിങ്കളാഴ്ച രാവിലെ വീണ്ടും  കുറഞ്ഞു- 52/71. തിങ്കള്‍ മുഴുവനും  ആരോഗ്യസ്ഥിതി ഒരേ രീതിയില്‍ തുടര്‍ന്നു. രക്തസമ്മര്‍ദം മാത്രം മാറിമറിഞ്ഞു. മരണത്തെ ജയിച്ച് തളര്‍ന്നുകിടക്കുന്ന അഴീക്കോടിനെ കാണാന്‍ നടന്‍ മോഹന്‍ലാലെത്തി.
തിങ്കളാഴ്ച അഴീക്കോടിന്‍െറ ആരോഗ്യസ്ഥിതി ഒരേ അവസ്ഥയിലായിരുന്നു. രക്തസമ്മര്‍ദത്തില്‍മാത്രം നേരിയ വ്യത്യാസം. വൈകീട്ട് ഏഴിന് ചെറിയ പ്രയാസങ്ങളുണ്ടായി. അധികം വൈകാതെ രക്തസമ്മര്‍ദം സാധാരണനിലയിലെത്തി. രാത്രി 9.15ന് പരിശോധിക്കുമ്പോള്‍ സമ്മര്‍ദം കുറഞ്ഞിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ തുടങ്ങിയ മയക്കത്തില്‍നിന്ന് അദ്ദേഹം മോചിതനായിരുന്നില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ 5.10ന് രക്തസമ്മര്‍ദം പരിശോധിക്കുമ്പോള്‍ സാധാരണനിലയേക്കാള്‍ നേരിയ വ്യത്യാസം മാത്രമാണുണ്ടായത്. പിന്നീട് പള്‍സ് നോക്കിയപ്പോഴും നോര്‍മല്‍. മയക്കം വിടാതെ കിടന്ന മാഷിനെ 6.20ഓടെ മരണം മുറുകെ പിടികൂടി. ശേഷിച്ച ജീവനെക്കൂടി ഇല്ലാതാക്കിയ മരണത്തിന് പക്ഷേ, അഹങ്കരിക്കാന്‍ മാഷ് അനുവദിച്ചില്ല; ഒട്ടിക്കിടന്നിരുന്ന കവിള്‍ത്തടം പതിവുപോലെ വീര്‍ത്തു, വരണ്ടുണങ്ങിയ ചുണ്ടുകള്‍ പഴയപോലെ തടിച്ചു. ജനഹൃദയങ്ങളിലേക്ക് അഴീക്കോട് മാഷ്  വീണ്ടുമിറങ്ങി...നിലക്കാത്ത ആരവമായി.

സ്വന്തം വിലാസിനി

മരണത്തിന്‍െറ കണങ്ങള്‍ കാന്‍സറിന്‍െറ രൂപത്തില്‍ അഴീക്കോടിന്‍െറ അണുക്കളോരോന്നിനെയും കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിനുവേണ്ടി മഹാമൃത്യുജ്ഞയഹോമം നടത്തി വിലാസിനി ടീച്ചര്‍ കാത്തിരുന്നു. വിഫലമാണെന്നറിയാമെങ്കിലും അദ്ദേഹത്തിന്‍െറ മരണം നീട്ടിവെപ്പിച്ചത് തന്‍െറ പ്രാര്‍ഥനകളും  ആ ഹോമവുമാണെന്ന് അവര്‍ കരുതുന്നു. നാടാകെ ആ സാഗരഗര്‍ജനത്തിന്‍െറ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ അവര്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തയായി  അവര്‍ ഉള്ളുരുകി കഴിഞ്ഞു. അഴീക്കോടിന്‍െറ ജീവിതത്തിലെ ഏക സ്ത്രീ, അദ്ദേഹത്തെ കാമുകനായി മനസ്സില്‍വരിച്ച സ്ത്രീ, വിലാസിനി ടീച്ചറുടെ കഥയില്ലാതെ ഡോ. സുകുമാര്‍ അഴീക്കോടെന്ന മഹാമേരുവിന്‍െറ ജീവിതകഥ പൂര്‍ണമാവില്ല.
അന്ധമായൊരു തിരസ്കാരത്തിന്‍െറയും മഹാനുരാഗത്തിന്‍െറയും കഥയാണത്. ആയുസ്സത്രയും ഒരു പുരുഷനുവേണ്ടി കാത്തിരുന്ന സ്ത്രീയുടെ അക്കഥകൂടി ചേരുമ്പോള്‍ അദ്ദേഹത്തിന്‍െറ ജീവിതം പുതിയ മാനം കൈവരിക്കും. അഴീക്കോട് മരണവുമായി മുഖാമുഖം നില്‍ക്കുന്ന നിമിഷങ്ങളോരോന്നിലും അകലെ അഞ്ചലെന്ന ഗ്രാമത്തില്‍ പ്രണയം വ്യര്‍ഥമാക്കിയ ഒരായുസ്സിന്‍െറ വിഹ്വലതകളില്‍ പ്രഫ. വിലാസിനി എന്ന അദ്ദേഹത്തിന്‍െറ കാമുകി വെന്ത് നീറുകയായിരുന്നു.
ആള്‍ക്കൂട്ടങ്ങളെ തന്‍െറ വാക്കുകള്‍കൊണ്ട് അമ്മാനമാടി സംവേദനത്തിന്‍െറ അജ്ഞാത തീരങ്ങളിലേക്ക് കൊണ്ടുപോകുന്ന ഈ ഋഷിസമാനന്‍ കാതരനായൊരു കാമുകന്‍ കൂടിയായിരുന്നു. രാഗതീവ്രവും കാവ്യസമ്പന്നവുമായ അമ്പതോളം പ്രണയലേഖനങ്ങള്‍ അദ്ദേഹം ടീച്ചര്‍ക്കെഴുതി. പ്രണയമെന്ന വാക്ക് പരസ്പരമുപയോഗിക്കാതെ ഒരു വര്‍ഷത്തോളമവര്‍ തീവ്രപ്രണയത്തിലായിരുന്നു.
മൂത്തകുന്നം ട്രെയ്നിങ് കോളജില്‍ പ്രിന്‍സിപ്പലായിരിക്കെ 66 -67 കാലത്ത് തിരുവനന്തപുരം ഗവ. ബി.എഡ് കോളജില്‍ ടീച്ചിങ് ക്ളാസ് പരിശോധിക്കാന്‍ ചെന്നപ്പോഴാണ് അഞ്ചലിലെ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നുള്ള വിലാസിനിയെന്ന വിദ്യാര്‍ഥിയെ അഴീക്കോട് കാണുന്നത്.അവര്‍ വൈവക്ക് ഹാജരായതും അദ്ദേഹത്തിന്‍െറ മുന്നില്‍. പിന്നാലെ കോളജ് അസോസിയേഷന്‍ യോഗത്തില്‍ അഴീക്കോട് പ്രസംഗിക്കാന്‍ ചെന്നു. കൃശഗാത്രനായ അധ്യാപകന്‍ ആ വിദ്യാര്‍ഥിനിയുടെ മനസ്സിലുടക്കുന്നത് അവിടെ വെച്ചാണ്. ഇത് തന്‍െറ കുടുംബത്തില്‍പെട്ട, തനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണെല്ളോ... എന്ന് ആ വിദ്യാര്‍ഥിനി തിരിച്ചറിഞ്ഞു. പിന്നെയൊരിക്കല്‍, അവരെപ്പറ്റി കൂടുതലറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചും മറുപടി പ്രതീക്ഷിച്ചും അഴീക്കോടിന്‍െറ ആദ്യത്തെ കത്ത് വിലാസിനിക്ക് ചെന്നു.
അതൊരു തുടക്കമായിരുന്നു. അക്ഷരങ്ങളില്‍ മനസ്സാവാഹിച്ച് കത്തുകള്‍ പ്രവഹിച്ചു.പ്രണയത്തിന്‍െറ തീക്ഷ്ണാനുഭൂതികളില്‍ അദ്ദേഹം വിലോലിതനായി. ഗാഢനിദ്രയില്‍ ഞാന്‍ വിലയം പ്രാപിച്ച് കിടക്കുമ്പോള്‍ വന്നാല്‍ എന്‍െറ സൂക്ഷമാണുക്കള്‍ പോലും നിന്നെ തിരിച്ചറിയുമെന്ന് ഒരിക്കല്‍ അദ്ദേഹം എഴുതി. അത്രമേല്‍ മനസ്സുകൊണ്ട് അവര്‍ പരസ്പരം അറിഞ്ഞു. അനുരാഗത്തിന്‍െറ ദിനങ്ങള്‍ക്കൊടുവില്‍, ഒരു വര്‍ഷത്തിനുശേഷം അഞ്ചലിലെ വീട്ടില്‍ അഴീക്കോട് കൂട്ടുകാരുമൊത്ത് പെണ്ണുകാണാന്‍ ചെന്നു. എല്ലാം സമ്മതിച്ച് ഭാവിവധുവിന്‍െറ ഇരു കരങ്ങളും കൂട്ടിപ്പിടിച്ച് കണ്ണുകളില്‍ നോക്കി വീണ്ടും വരുമെന്ന് വാഗ്ദാനം നല്‍കിയിറങ്ങി -68 മാര്‍ച്ച് 18ന്.
2011 ഡിസംബര്‍ 18ന് വീണ്ടും കാണുംവരെ ആ വാഗ്ദാനമായിരുന്നു ആദ്യവും അവസാനവുമായി അവര്‍ക്കിടയിലെ വാക്കുകള്‍. ഇന്നും അജ്ഞാതമായ കാരണങ്ങളാല്‍ ആ പ്രണയത്തില്‍നിന്നും അഴീക്കോട് ഏകപക്ഷീയമായി പിന്മാറി. വിവാഹം കഴിഞ്ഞാല്‍ വിലാസിനി ഒരിക്കലും വീട്ടിലേക്ക് പോകരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നുവത്രേ. ഒരു കുടുംബത്തിന്‍െറ താങ്ങായ ആ യുവതിക്ക് അത് ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു എന്ന് അവര്‍ ഓര്‍ക്കുന്നു. ഒരു സാഹിത്യകാരനുമായി തന്‍െറ കാമുകിക്ക് ബന്ധമുണ്ടെന്ന് അദ്ദേഹം സംശയിച്ചതായി വേറൊരു വാദമുണ്ട്. അതല്ല, ആത്മീയ ജീവിതത്തില്‍ ആകൃഷ്ടനായതും അമ്മയോടുള്ള ചില വാഗ്ദാനങ്ങളുമാണ്   വിവാഹത്തില്‍നിന്ന് പിന്മാറാനുള്ള കാരണമെന്ന് രോഗശയ്യയില്‍ വെച്ചുണ്ടായ സമാഗമത്തില്‍ അഴീക്കോട് കാമുകിയോട് നേരിട്ട് കുറ്റസമ്മതം നടത്തി. തനിക്കെതിരെ പരപുരുഷ ബന്ധമാരോപിച്ച അഴീക്കോടിന്‍െറമുന്നില്‍ തന്‍െറ നിലപാട് വ്യക്തമാക്കാന്‍ തനിക്കെഴുതിയ പ്രണയ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച ടീച്ചറുടെ നടപടി അദ്ദേഹത്തെ പിടിച്ചുലച്ചിരുന്നു. ഡിസംബര്‍ 18ന് രോഗശയ്യയില്‍ കാണാന്‍ വന്ന കാമുകിയോട് അദ്ദേഹം തന്‍െറ പരിഭവം തുറന്നുപറഞ്ഞു -വിലാസിനി ചാനലില്‍ വന്ന് പറഞ്ഞ് എന്‍െറ ഫെയ്മിനെ വല്ലാതെ ബാധിച്ചു. സപ്തലോകത്തും താങ്കളെയല്ലാതെ ഞാന്‍ മറ്റാരെയും സ്നേഹിച്ചിട്ടില്ല എന്നും അവര്‍ തിരിച്ചടിച്ചു.
അനുരാഗത്തിന്‍െറ ഹര്‍ഷവും പരിത്യക്തതയുടെ രോഷവും പതഞ്ഞുപൊന്തിയതായിരുന്നു കാലം കാത്തുവെച്ച ആ കൂടിക്കാഴ്ച. ഒരു മഹാത്മാവിന്‍െറ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടന്നേക്കാവുന്ന സംഭവം.
ആശങ്കയോടെ കടന്നുവന്ന കാമുകിയെ വൈരമത്രയും മറന്ന് നാലരപ്പതിറ്റാണ്ട് മുമ്പത്തെ മനസ്സില്‍ നിന്നെടുത്ത ഗൂഢസ്മിതം പ്രകാശം പരത്തിയ മുഖത്തോടെയാണ് അഴീക്കോട് വരവേറ്റത്. 45 വര്‍ഷം മുമ്പ്, കോണ്‍വൊക്കേഷന് തിരുവനന്തപുരത്ത് പോകുന്ന കാര്യം അറിയിച്ചപ്പോള്‍ അന്ന് അവിടെ ലോഡ്ജില്‍ താമസിക്കുകയായിരുന്ന അഴീക്കോട് എഴുതിയിരുന്നു, വിലാസിനിക്ക് കാണണമെന്ന് തോന്നുന്നുവെങ്കില്‍ വന്നുകൊള്ളുക എന്ന്. ആ ഓര്‍മയുടെ ബലത്തില്‍ ചെന്ന അവരെ അഴീക്കോട് നിരാശപ്പെടുത്തിയില്ല. ആദ്യത്തെ ശുണ്ഠിക്ക് ശേഷം അഴീക്കോട് ചോദിച്ചു- ചന്ദ്രനെ കാര്‍മേഘം മറച്ചാല്‍ എത്ര സമയം കൊണ്ട്, ആ കാര്‍മേഘം മായും?
അത് പെട്ടന്നങ്ങ് മായും-അവര്‍ മറുപടി നല്‍കി.
ആര്‍ദ്രമായ കണ്ണുകളോടെയാണ് അഴീക്കോട് അതിനോട് പ്രതികരിച്ചത് -പക്ഷേ, വിലാസിനിയുടെ മനസ്സിനെമൂടിയ കാര്‍മേഘം ഒരു പാടുകാലം മായാതെനിന്നു.
വീണ്ടുംഅഴീക്കോട് കാതരനായ കാമുകനായി  -എപ്പോഴെങ്കിലും നിന്നെ ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടോ?
 തുളുമ്പുന്ന കണ്ണുകളിലേക്ക് നോക്കി വിതുമ്പലോടെ ടീച്ചര്‍ പറഞ്ഞു -എനിക്കൊരു ദേഷ്യവുമില്ല.
പ്രണയ സാഫല്യത്തിന്‍െറ നിമിഷങ്ങളായിരുന്നു അത്. കൈ്ളമാക്സ് മാറിമറിഞ്ഞ തന്‍െറ കഥയിലെ ഈ നിര്‍ണായക അധ്യായത്തെ ഉജ്ജ്വലമുഹൂര്‍ത്തം എന്നാണ് വിലാസിനി ടീച്ചര്‍ വിഷേശിപ്പിക്കുന്നത്. ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്ചക്കിടയിലെ കാലമത്രയും വിലാസിനി ടീച്ചറുടെ സ്വപ്നങ്ങളില്‍ അഴീക്കോട് മാത്രമേ ഉണ്ടായിരുന്നുള്ളു.
പുനഃസമാഗമത്തിന്‍െറ ഹരിത സ്വപ്നങ്ങളായാണ്   സ്വപ്നങ്ങളെയും കൂടിക്കാഴ്ചയേയും വിലാസിനി ടീച്ചര്‍ കണ്ടത്. മടങ്ങി വീട്ടിലെത്തിയിട്ടും അഴീക്കോടിനെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പൂര്‍വാധികം തീവ്രമായി. ക്രിസ്മസ് ദിനത്തില്‍ അഴീക്കോടിന്‍െറ നമ്പറിലേക്ക് അവര്‍ വിളിച്ചു. മറുപുറത്ത് ഫോണെടുത്ത സഹായി സുരേഷ് ഫോണ്‍ അദ്ദേഹത്തിന് കൊടുത്തു. വിശേഷങ്ങളാരാഞ്ഞ വിലാസിനിയോട് അദ്ദേഹം പറഞ്ഞു- അനന്തമായ ആകാശത്തില്‍ ഉയര്‍ന്നുപറക്കാന്‍ വിലാസിനിയെന്നെ സഹായിക്കണം.
ഞാന്‍ വരണോ? -അവര്‍ ചോദിച്ചു.
നാളെ ആന്‍റണി വരും. പിന്നെ മതി -അദ്ദേഹം പറഞ്ഞു.
അന്ന് കണ്ടപ്പോള്‍ ഒരു കാര്യം പറയാന്‍ മറന്നു -ടീച്ചര്‍ വീണ്ടും.
 പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഫോണില്‍ ചുണ്ടമര്‍ത്തി അവര്‍ അദ്ദേഹത്തോട് പറഞ്ഞു -ചേരും നാമൊന്നായ്.
മറുപുറത്തെ നനുത്ത ചിരിയുടെ  ബാഷ്പം ഒരു മധുര നൊമ്പരമായ് ടീച്ചറുടെ മനസ്സിലിപ്പോഴും.
 മൃത്യുഞ്ജയ ഹോമം നടത്തട്ടേ എന്ന് അന്ന് അഴീക്കോടിനോട് അവര്‍ ചോദിച്ചു. സമ്മതം കിട്ടി. ഡിസംബര്‍ അവസാനം അവര്‍ അതിനായെത്തി. രണ്ടുദിവസം നഗരത്തില്‍ തങ്ങി. അത് നിര്‍വഹിച്ച് ആശുപത്രിക്കിടക്കയില്‍ പ്രസാദമെത്തിച്ച് അവര്‍ മടങ്ങി. ആരുമറിയാതെ, വീണ്ടുമൊന്ന് കാണാന്‍ പോലും നില്‍ക്കാതെ.
‘90കളില്‍, അഴീക്കോട് തൃശൂര്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍, വിയ്യൂരിലെ അദ്ദേഹത്തിന്‍െറ വീട്ടില്‍ നിന്നും ഒരു സായാഹ്നസവാരിയുടെ ദൂരത്തില്‍ നാല് വര്‍ഷകാലം അദ്ദേഹത്തിന്‍െറ കാമുകി താമസിച്ചിരുന്നു. തൃശൂര്‍ ബി.എഡ് കോളജിന്‍െറ പ്രിന്‍സിപ്പലായി ചെമ്പൂക്കാവിലെ വൈ.ഡബ്ളിയു.സി.എയില്‍. തൊട്ടടുത്താണെന്ന കാര്യം ഇരുവരും അവഗണിച്ചു. ഒരിക്കല്‍പോലും കാണാതിരിക്കാന്‍  ഇരുവരും ശ്രദ്ധിച്ചു.
വിലാസിനി ടീച്ചര്‍ എന്ന അസ്തിത്വത്തെ അഴീക്കോട്  എങ്ങനെയാണ് കണ്ടത് എന്ന ചോദ്യം ദുരൂഹമായി തുടരുന്നു. നിരസിക്കുകയും തള്ളിപ്പറയുകയുമൊക്കെ ചെയ്തുവെങ്കിലും വിലാസിനി ടീച്ചര്‍ സുകുമാര്‍ അഴീക്കോട് എന്ന സാഗരഗര്‍ജനത്തിന്‍െറ കുളിരായിരുന്നില്ളേ? സ്വന്തം പ്രതിഛായയുമായുള്ള ആത്മരതിയില്‍ ആത്മാവിന് തുല്യം തന്നെ സ്നേഹിച്ച സ്ത്രീയെ അദ്ദേഹം വേദനിപ്പിച്ചത് എന്തിനെന്നത് ഒരു കടങ്കഥയാണ്.
എങ്കിലും, വിലാസിനി ടീച്ചര്‍ തന്‍െറ ജീവിതം കൊണ്ട് അഴീക്കോടിന്‍െറ ജീവിതത്തിന്‍െറ ശോഭ വര്‍ധിപ്പിക്കുന്നു. പുറംകാല്‍കൊണ്ട്, തട്ടിയെറിഞ്ഞ കാമുകനെ ധ്യാനിച്ച് മറ്റെല്ലാം ത്യജിച്ച് സ്വയം ഉരുകി തീര്‍ന്ന കാമുകിയാണ് അവര്‍. ഉപഗുപ്തന്‍െറയും വാസവദത്തയുടെയും കഥ മറ്റൊരര്‍ഥത്തില്‍ ഇവിടെ പുനരാവിഷ്കരിക്കപ്പെടുന്നു. മരണം വ്യാളിയെപ്പോലെ ചുറ്റി വരിഞ്ഞ്, ചോരയും നീരും വറ്റിയ കാമുകനെ 70ാം വയസ്സിലും 17ന്‍െറ തീവ്രതയോടെ വിലാസിനി ടീച്ചര്‍ പ്രണയിക്കുമ്പോള്‍ ഇതൊരു അനശ്വര പ്രണയകാവ്യമാവുന്നു.

‘വേദാന്തത്തെ രസകരമാക്കിയ എഴുത്തുകാരന്‍’

സുകുമാര്‍ അഴീക്കോടിന്‍െറ തത്ത്വമസിവായിച്ച് മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ പറഞ്ഞു: അഴീക്കോട് വേദാന്തത്തെ രസകരമാക്കി.അത്ര ആസ്വാദ്യകരമായി ഉപനിഷത്തുകള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വേദങ്ങളും ഉപനിഷത്തുകളും സാഹിത്യവും ഭാരതീയ തത്ത്വചിന്തയുമെല്ലാം ഹൃദയത്തില്‍ ഒപ്പിയെടുത്ത എഴുത്തുകാരനായിരുന്നു അഴീക്കോട്. സാഹിത്യ വിമര്‍ശത്തിന് അദ്ദേഹം പുതിയ രൂപവും ഭാവവും നല്‍കി.
1954ല്‍ പുറത്തിറങ്ങിയ ആശാന്‍െറ സീതാകാവ്യംതൊട്ട് 30ഓളം കൃതികള്‍. 1944 ജനുവരി ഒമ്പതിന്‍െറ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 18ാമത്തെ വയസ്സില്‍ എഴുതിയ ലെനിന്‍െറ അദ്ഭുതകഥകള്‍ എന്ന ആദ്യ ലേഖനം തൊട്ട് 1500ഓളം ലേഖനങ്ങള്‍- എഴുത്തുകാരനായ അഴീക്കോടിന്‍െറ സംഭാവനകളെ ഇങ്ങനെ ചുരുക്കിപ്പറയാം.
നന്നേ ചെറുപ്പത്തിലേ വായനയുടെ വിശാല ലോകത്തേക്ക് നടന്നുകയറിയ അഴീക്കോടിന്, എഴുതിയേ പറ്റൂ എന്ന് വരുമ്പോള്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ എഴുതാന്‍ കഴിയുമായിരുന്നു. നിരന്തരമായ സ്വയം പഠനമാണ് ഇതിന് അദ്ദേഹത്തെ സഹായിച്ചത്. തന്‍െറ സ്വയം പഠനത്തിന്‍െറ ഫലമാണ് തത്ത്വമസിഎന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതി എന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്.
സാഹിത്യ വിമര്‍ശ രംഗത്ത് അഴീക്കോടിന്‍െറ തുടക്കംതന്നെ ഗംഭീരമായിരുന്നു. കുമാരനാശാന്‍െറ ചിന്താവിഷ്ടയായ സീതസമഗ്രപഠനത്തിന് വിധേയമാക്കി രചിച്ച ആശാന്‍െറ സീതാകാവ്യംഎന്ന ആദ്യ കൃതിയിലൂടെത്തന്നെ അദ്ദേഹം പ്രശസ്തിയുടെ ഉയരങ്ങളിലെത്തി. സാധാരണ എഴുത്തുകാരുടെ ഒമ്പതാമത്തെ പുസ്തകം കൈവരിക്കുന്ന കൈയടക്കമാണ് അഴീക്കോടിന്‍െറ ആദ്യ പുസ്തകത്തിനുള്ളത് എന്നാണ് കുട്ടികൃഷ്ണമാരാര്‍ അഭിപ്രായപ്പെട്ടത്. സാഹിത്യത്തിന്‍െറ വിശാല ലോകത്തേക്ക് ഇറങ്ങിച്ചെല്ലുംമുമ്പ് എഴുതിയ ഈ കൃതിയില്‍, സാഹിത്യ മീമാംസ പഠിച്ചശേഷവും തിരുത്തലുകള്‍ വരുത്തണമെന്ന് തോന്നിയിട്ടില്ളെന്ന് അഴീക്കോട് പിന്നീടൊരിക്കല്‍ പറഞ്ഞു.
സംസ്കൃതത്തിലെ മഹദ്ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്തവരെ മൂലഗ്രന്ഥകാരന്‍െറ പേര് ചേര്‍ത്ത് വിളിക്കുന്ന രീതി അനുസരിച്ച് വള്ളത്തോളാണ് കേരള വാല്മീകി. എന്നാല്‍, രാമായണം രാമന്‍ രാവണനെ തോല്‍പിച്ച കഥ മാത്രമല്ല; സീതയുടെ മുന്നില്‍ തോറ്റുപോയ രാമന്‍െറ കഥ കൂടിയാണ് എന്ന് തന്‍െറ കാവ്യത്തിലൂടെ അവതരിപ്പിച്ച കുമാരനാശാനാണ്, വള്ളത്തോളല്ല കേരള വാല്മീകിയായി അറിയപ്പെടേണ്ടതെന്ന് അഴീക്കോട് എഴുതി.
രാമായണമെന്നത് രാമന്‍െറ അയനമല്ല; സീതയുടെ അയനമാണ് എന്ന് അഴീക്കോട് ഈ കൃതിയില്‍ സ്ഥാപിക്കുന്നു. മലയാള കവിതയിലെ സ്ത്രീപക്ഷ വായനയുടെ തുടക്കമായി ഇതിനെ കാണുന്നവരുണ്ട്.
കവിതയുള്‍പ്പെടെയുള്ള സാഹിത്യ രൂപങ്ങളില്‍നിന്ന് വായനക്കാരെ അകറ്റുന്ന ആധുനിക വിമര്‍ശത്തിന്‍െറ ഉപദ്രവമേല്‍ക്കാത്ത രചന കൂടിയാണ് ആശാന്‍െറ സീതാ കാവ്യംഎന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്.
ഏറെ ചര്‍ച്ചചെയ്യപ്പെടുകയും വിവാദ കോലാഹലങ്ങളുയര്‍ത്തുകയും ചെയ്ത തത്ത്വമസിഎന്ന കൃതി 1984ലാണ് പുറത്തിറങ്ങിയത്. ഉപനിഷത്തുകളുടെ ലളിതമായ ആഖ്യാനമാണ് ഈ കൃതി. തത്ത്വമസിയെ വായനക്കാരന് ആസ്വാദ്യകരമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് തന്‍െറ അഭിമാനമെന്ന് അഴീക്കോട് പറയുന്നു. പണ്ഡിതന്മാര്‍ക്ക് കഴിയാത്ത ഒന്നാണ് ഈ പ്രവൃത്തി എന്ന് വിശ്വപ്രശസ്ത സംസ്കൃത പണ്ഡിതനായ കുഞ്ചുണ്ണിരാജ അഭിപ്രായപ്പെട്ടു.
തത്ത്വമസിഎഴുതുമ്പോള്‍ അവലംബിച്ച കൃതികളൊക്കെ അഴീക്കോട്  യൗവനത്തില്‍തന്നെ വായിച്ച് സംസ്കാരത്തിന്‍െറ ഭാഗമാക്കിയതാണ്. മദ്രാസിലെ നടേശന്‍ ആന്‍ഡ് കമ്പനി രണ്ട് രൂപക്ക് പുറത്തിറക്കിയിരുന്ന ഉപനിഷത്തുകളുടെ തെരഞ്ഞെടുത്ത പതിപ്പുകള്‍ പോലും ഈ കൃതിയുടെ രചനയില്‍ അവലംബിച്ചിട്ടുണ്ട്.
ഹിന്ദുമതത്തിലെ മൗലിക ഗ്രന്ഥങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നവിധം അവതരിപ്പിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് തത്ത്വമസി രചിച്ചതെന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്.
ചെറുപ്പം മുതല്‍ ഉപനിഷത്ത് അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ഏറ്റവും കുറച്ചുമാത്രം എഴുതുകയും പറയുകയും ചെയ്തതായി സമ്മതിക്കപ്പെട്ടുകഴിഞ്ഞ ഉപനിഷത്താണ് എന്‍െറ ഉള്ളിലെ പ്രബലമായ പ്രഭാവം. എന്‍െറ സാഹിതീപ്രേമത്തിന്‍െറയും ഗാന്ധിഭക്തിയുടെയും അടിവേരുകള്‍ അതിലേക്ക് വീണുകിടക്കുന്നുണ്ടെന്ന് ഇന്നു ഞാന്‍ നന്നായി മനസ്സിലാക്കുന്നു’-തത്ത്വമസിയുടെ ആമുഖത്തില്‍ അഴീക്കോട് പറയുന്നു. തത്ത്വമസി മോഷണമാണെന്ന ആരോപണവുമായി എം.പി. വീരേന്ദ്രകുമാര്‍ രംഗത്തെത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മാര്‍ക്സ് മുള്ളറുടെ ‘History of Ancient Sanskrit Literature’ എന്ന കൃതിയില്‍നിന്നും അരവിന്ദ് ഘോഷിന്‍െറ കൃതികളില്‍നിന്നും പദാനുപദ തര്‍ജമ നടത്തുകയാണ് അഴീക്കോട് ചെയ്തതെന്നായിരുന്നു ആരോപണം.
എന്നാല്‍, ഒരേ തത്ത്വചിന്ത പലരും ആവിഷ്കരിക്കുമ്പോള്‍ അതില്‍ ആശയങ്ങളുടെയും വാക്കുകളുടെയും ആവര്‍ത്തനവും ഉണ്ടായെന്നുവരാമെന്നും അതിനെ മോഷണം എന്ന് ആരോപിക്കുന്നത് ശരിയല്ളെന്നുമായിരുന്നു അഴീക്കോടിന്‍െറ മറുപടി.
കാവ്യമെന്ന നിലയില്‍ ചങ്ങമ്പുഴയുടെ രമണന്‍ പരാജയമാണെന്ന് സ്ഥാപിക്കുന്നതാണ് രമണനും മലയാള കവിതയും’ (1956) എന്ന കൃതി. അനുകരണാത്മകതയില്‍ മാത്രം പിടിച്ചുനില്‍ക്കുന്നതാണ് ജി. ശങ്കരകുറുപ്പിന്‍െറ കവിതകള്‍ എന്ന വിമര്‍ശം ശങ്കരകുറുപ്പ് വിമര്‍ശിക്കപ്പെടുന്നു’ (1963) എന്ന കൃതിയില്‍ കാണാം. സ്വന്തമായി വയലോ വലയോ ഇല്ലാത്ത കവി എന്ന വിശേഷണവും അദ്ദേഹം കവിക്ക് ചാര്‍ത്തിക്കൊടുക്കുന്നു.
1993 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ആറു വരെ എന്താണ് ഭാരതീയതഎന്ന വിഷയത്തില്‍ തൃശൂരില്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ സമാഹാരമാണ് 1999ല്‍ പുറത്തിറങ്ങിയ ഭാരതീയതഎന്ന കൃതി.
സാഹിത്യ വിമര്‍ശത്തില്‍ മൂല്യബോധവും വ്യക്തമായ നിലപാടുകളും സാമൂഹിക ചിന്തകളും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. സാഹിത്യ വിമര്‍ശ രംഗത്ത് കുട്ടികൃഷ്ണമാരാര്‍, ജോസഫ് മുണ്ടശ്ശേരി എന്നിവര്‍ക്ക് തൊട്ടുപിന്നാലെയാണ് അഴീക്കോടിന്‍െറ രംഗപ്രവേശം. ഇവരില്‍ മാരാരോടാണ് അഴീക്കോടിന് കൂടുതല്‍ അടുപ്പം.
പുരോഗമന സാഹിത്യത്തെ അദ്ദേഹം എതിര്‍ത്തിരുന്നു. പുരോഗമന സാഹിത്യവും മറ്റും’ (1957) എന്ന കൃതിയില്‍ ആ പ്രസ്ഥാനത്തോടുള്ള എതിര്‍പ്പ് കാണാം. പുരോഗമന സാഹിത്യകാരന്മാര്‍ സംഘടന ഉണ്ടാക്കുന്നുവെന്നും അവര്‍ സാഹിത്യത്തെ സിദ്ധാന്തങ്ങള്‍ക്ക് കീഴ്പ്പെടുത്തുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്‍െറ ആരോപണം. ആശാന്‍െറ സീതാകാവ്യത്തിന് മുമ്പ് കലയെക്കുറിച്ച് മറ്റൊരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ അഴീക്കോട് ആഗ്രഹിച്ചിരുന്നു. കലയുടെ കാതല്‍ എന്ന് പേരിട്ട ആ പുസ്തകത്തിന് കുട്ടികൃഷ്ണമാരാരെക്കൊണ്ട് അവതാരിക എഴുതിക്കുകയും ചെയ്തു. 1947ല്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായിരുന്നു അത്. എന്നാല്‍, ആ ലേഖനങ്ങളും അവതാരികയും എങ്ങനെയോ നഷ്ടപ്പെട്ടുപോവുകയാണ് ചെയ്തത്.

ചോദിക്കാനും പറയാനും ഇനിയാര്?

അഴീക്കോടിന്‍െറ വിവാദപര്‍വങ്ങളുടെ തുടക്കം ഗുരുതുല്യനായ ജി.ശങ്കരക്കുറുപ്പിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു. താന്‍ രചിച്ച ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുമ്പോള്‍ കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍തന്നെ ശങ്കരക്കുറുപ്പിന്‍െറ കുടുംബവുമായി അഴീക്കോട് അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ശങ്കരക്കുറുപ്പിന്‍െറ സഹധര്‍മിണി സുഭദ്രാമ്മയെ അമ്മയുടെ സ്ഥാനത്തായിരുന്നു അദ്ദേഹം കണ്ടിരുന്നത്. അവരുടെ ആതിഥ്യം അഴീക്കോടിനെ സംബന്ധിച്ചിടത്തോളം ഗൃഹാതുരത്വം  തുളുമ്പുന്ന ഓര്‍മയായിരുന്നു.
ഇതേ വിമര്‍ശനത്തിന്‍െറ പേരില്‍തന്നെ അഴീക്കോട് എം.എന്‍. വിജയനുമായും ഇടഞ്ഞു. എന്നാല്‍, ഇണങ്ങിയും പിണങ്ങിയും പോവുന്നതായിരുന്നു അവരുടെ സൗഹൃദം. വിജയന്‍മാഷിന്‍െറ മരണത്തെക്കുറിച്ചുള്ള അഴീക്കോടിന്‍െറ പരാമര്‍ശങ്ങളും വിവാദത്തിന്‍െറ കമ്പക്കെട്ടിനാണ് തിരികൊളുത്തിയത്. രോഗിയായ വിജയന്‍മാഷെ, പടികള്‍ കയറ്റിച്ച് വാര്‍ത്താസമ്മേളനത്തിനെത്തിച്ച് കൊല്ലിക്കയായിരുന്നെന്നായിരുന്നു അഴീക്കോടിന്‍െറ വിമര്‍ശം. ഒടുവില്‍ ചരിത്രത്തിന്‍െറ കാവ്യനീതിയെന്നപോലെ അര്‍ബുദക്കിടക്കില്‍ അഴീക്കോട് നീറുമ്പോള്‍ വിജയന്‍ മാഷിന്‍െറ ഋഷിതുല്യമായ ക്ഷിപ്ര മരണം ഓര്‍ക്കാത്തവരുമില്ല.
 കെ. കരുണാകരന്‍െറ നിതാന്ത വിമര്‍ശകനായിരുന്നു ഒരു കാലത്ത് അഴീക്കോട്. ഗുരുവായൂരപ്പന്‍ ഭക്തി, കാറിന്‍െറ സ്പീഡ് തുടങ്ങിയ വിഷയങ്ങളില്‍ ലീഡര്‍ക്കെതിരെ അദ്ദേഹം നടത്തിയിരുന്ന പ്രസ്താവനകള്‍ തലക്കെട്ടുകള്‍ പിടിച്ചുപറ്റുന്ന കാലത്താണ് കല്യാണിക്കുട്ടിയമ്മയുടെ മരണം. പൂങ്കുന്നത്തെ മുരളി മന്ദിരത്തില്‍ ഭാര്യാ വിയോഗത്തില്‍ ദുഃഖിതനായി കഴിയുന്ന ലീഡറെ ആശ്വസിപ്പിക്കാന്‍ അഴീക്കോട് എത്തിയത് ഏവരെയും അദ്ഭുതപ്പെടുത്തി.മുരളീധരനും പത്മജയുമൊക്കെ ആ വിശ്വവിഖ്യാതമായ നാക്കിന്‍െറചാട്ടവാറടിയില്‍ പലതവണ പുളഞ്ഞവരാണ്.
അടിയന്തരാവസ്ഥയും
അഴീക്കോടും
അടിയന്തരാവസ്ഥയില്‍ അഴീക്കോടിന്‍െറ പങ്ക് പലതവണ വിമര്‍ശ വിധേയമായതാണ്. ആദ്യം അടിയന്തരാവസ്ഥയെ ജനങ്ങള്‍ സ്വയം വരിച്ച മൗനമായികണ്ട മാഷ് പീന്നീടത് തിരുത്തി. ഇതേച്ചൊല്ലി പിന്നീട് കവി ബാലചന്ദ്രന്‍ ചുള്ളിക്കാടുമായും മാഷ് ഉടക്കി. കാലിക്കറ്റ് വാഴ്സിറ്റിയിലെ കുട്ടികളെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത് നോക്കി  നിന്ന അഴീക്കോടിന് ഇതേക്കുറിച്ച് സംസാരിക്കാന്‍ എന്തവകാശമെന്നതായിരുന്നു ചുള്ളിക്കാടിന്‍െറ ചോദ്യം. ഒടുവില്‍ ചുള്ളിക്കാടിന്‍െറത് മദ്യപന്‍െറ ജല്‍പനങ്ങളാണെന്ന് പറഞ്ഞ് അഴീക്കോട് സുല്ലിട്ടപ്പോള്‍, മദ്യപിക്കുന്നത് തന്‍െറ വ്യക്തിപരമായ കാര്യമാണെന്നും , കല്യാണം കഴിക്കാത്ത അഴീക്കോട് സ്ത്രീവിഷയങ്ങളില്‍ പ്രതികരിക്കാന്‍പാടില്ളെന്ന് താന്‍ പറഞ്ഞാല്‍ അത് എത്രമാത്രം ബാലിശമായിപ്പോകും എന്നു പറഞ്ഞാണ് ചുള്ളിക്കാട് തിരിച്ചടിച്ചത്. 59ല്‍ കമ്യൂണിസത്തിന്‍െറ ഉദയത്തോടുകൂടി കൊലപാതകവും വഞ്ചനയും തുടങ്ങിയെന്ന് കടുത്ത ഭാഷയില്‍ എഴുതിയ അഴീക്കോട് പിന്നീട് ഇടതു സഹയാത്രികനായതും കാലത്തിന്‍െറ കളികള്‍ തന്നെ.
വി.എസ്  X അഴീക്കോട്
വി.എസ്. അച്യുതാനന്ദനെ ഏറെ ആദരിക്കുകയും അദ്ദേഹത്തിന്‍െറ നിലപാടുകളെ പ്രസംഗങ്ങളിലും ലേഖനങ്ങളിലും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നതിനിടയില്‍ തന്നെയായിരുന്നു അഴീക്കോട് വിമര്‍ശവുമായി രംഗത്തുവന്നിരുന്നത്. ഒരു അഭിമുഖത്തില്‍ വി.എസിന് അദ്ദേഹം നല്‍കിയ വിശേഷണം ഏറെ തെറ്റിദ്ധരിക്കപ്പെട്ടു. ഇക്കാര്യത്തില്‍ അഴീക്കോട് നല്‍കിയ വിശദീകരണം വരുംമുമ്പേ വി.എസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിക്കുകയുണ്ടായി. പിന്നീട് അഴീക്കോടിനു വന്ന ഒരു ഫോണ്‍കോള്‍ വി.എസ്. അച്യുതാനന്ദന്‍െറതാണെന്ന സംശയവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. താന്‍ അത്തരമൊരു ഫോണ്‍ വിളിച്ചിട്ടില്ളെന്നായിരുന്നു വി.എസിന്‍െറ വെളിപ്പെടുത്തല്‍. വി.എസ് തന്നെ വിളിച്ചതോടെ പ്രശ്നം അവസാനിച്ചുവെന്ന നിലപാട് സ്വീകരിക്കാന്‍ അഴീക്കോട് തയാറായി എന്നിടത്താണ് അദ്ദേഹത്തിന്‍െറ വ്യക്തിത്വം തെളിയുന്നത്.
ആശുപത്രിക്കിടക്കയില്‍ തന്നെ കാണാനെത്തിയ വി.എസിനെ കണ്ടപ്പോള്‍ അഴീക്കോട്് എല്ലാ രോഗവും മറന്നു. അവിടം പൊട്ടിച്ചിരികളാല്‍ മുഖരിതമാകാന്‍ താമസമുണ്ടായില്ല. നിങ്ങളെല്ലാവരും വന്ന് പേടിപ്പിക്കാന്‍ നോക്കേണ്ട, ഞാന്‍ അങ്ങനെ പേടിക്കുന്ന ആളല്ല’-അഴീക്കോട് വി.എസിനോടായി പറഞ്ഞു.
പത്രത്തെ
ടിഷ്യൂപേപ്പറാക്കരുത്
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എം.പി. വീരേന്ദ്രകുമാറും ടി. പത്മനാഭനുമായിരുന്ന അഴീക്കോടിന്‍െറ വാക്ശരങ്ങള്‍ ഏറ്റുവാങ്ങിയ പ്രധാന വ്യക്തിത്വങ്ങള്‍. ഒരു കാലത്ത് മാതൃഭൂമിയില്‍, ഉടമകൂടിയായ എം.പി. വീരേന്ദ്രകുമാറിന്‍െറ ചിത്രം പതിവായി അടിച്ചുവരുന്നതാണ് അഴീക്കോടിനെ പ്രകോപിപ്പിച്ചത്. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന  സാംസ്കാരികയോഗത്തില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പത്രത്തെ നിങ്ങളുടെ ആസനം തുടക്കാനുള്ള ടിഷ്യൂപേപ്പറാക്കി മാറ്റരുതെന്നായിരുന്നു മാഷിന്‍െറ ആക്രമണം. രാമന്‍െറ ദുഃഖംഎന്ന വീരന്‍െറ പുസ്തകംപോലും തന്‍െറ ഗുരുവിന്‍െറ ദുഃഖംഎന്ന തലക്കെട്ട് അനുകരിച്ചതാണെന്ന് അദ്ദേഹം പൊട്ടിത്തെറിച്ചു. -എന്നാല്‍ ദീര്‍ഘനാളത്തെ ശത്രുതക്കുശേഷം വീരേന്ദ്രകുമാറുമായി അഴീക്കോട് സൗഹൃദത്തിലായി.
എന്നാല്‍, വെള്ളാപ്പള്ളി നടേശനോടുള്ള ബന്ധത്തിന് അല്‍പംപോലും ശമനമുണ്ടായില്ല. മദ്യവ്യവസായത്തില്‍ ഏര്‍പ്പെടുന്നുവെന്നതായിരുന്നു അദ്ദേഹത്തോടുള്ള എതിര്‍പ്പിന്‍െറ മുഖ്യകാരണം. കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചനെതിരെയും അഴീക്കോട് ഈ ഒരൊറ്റ നിലപാട് മുന്‍നിര്‍ത്തി തന്‍െറ പ്രസംഗങ്ങളില്‍ രോഷം തീര്‍ത്തിരുന്നു.  ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അപചയങ്ങള്‍ക്കെതിരെ ആദ്യമായി പ്രതികരിക്കാന്‍ ധൈര്യപ്പെട്ടതും അഴീക്കോട് തന്നെയായിരുന്നു.
പപ്പുവും സുകുവും
ടി.പത്മനാഭനും സുകുമാര്‍ അഴീക്കോടും തമ്മിലുള്ള ശത്രുതയുടെ ഉള്ളില്‍ നര്‍മത്തിന്‍െറ ചാലുകള്‍ കണ്ടെത്താന്‍ കഴിയുന്നവര്‍ക്ക് അത് അത്രമാത്രം കാഠിന്യമുള്ളതായി തോന്നിയിരുന്നില്ല. അഴീക്കോടിനെ സുകുഎന്ന ഓമനപ്പേര് വിളിച്ച പത്മനാഭനെ, തിരിച്ച് പപ്പുഎന്ന വിളിപ്പേര്‍ നല്‍കാനും മാഷ് മറന്നില്ല. ഒടുവില്‍ പപ്പുഅമലയിലെത്തിയപ്പോള്‍ മൗനം ഘനീഭവിച്ചെന്നപോലെ വികാര സാന്ദ്രമായിരുന്നു ആ കൂടിക്കാഴ്ച.
കോടതികയറിയ തിലകന്‍
വിവാദം
ഏറ്റവുമൊടുവില്‍ അഴീക്കോട് കൊമ്പുകോര്‍ത്തത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലുമായായിരുന്നു.  അത് അപകീര്‍ത്തിക്കേസിനുവരെ വഴിവെച്ചു. മോഹന്‍ലാലിന് തൃശൂര്‍ കോടതിയിലെത്തി മുന്‍കൂര്‍ ജാമ്യം എടുക്കേണ്ടിയും വന്നു. ലാല്‍ ഒന്ന് ഫോണ്‍വിളിച്ച് ഖേദം പ്രകടിപ്പിച്ചാല്‍ പ്രശ്നം തീര്‍ന്നുവെന്ന്് അദ്ദേഹം പലപ്പോഴും വെളിപ്പെടുത്തിയിരുന്നു. തിലകനുമായി ബന്ധപ്പെട്ടുണ്ടായ അമ്മയുടെ പ്രശ്നത്തില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെയുള്ള പരാമര്‍ശത്തിലാണ് അഴീക്കോട് ലാലുമായി തെറ്റിയത്. ഈ പ്രശ്നം കോടതിയില്‍ നിലനില്‍ക്കവെയാണ് അഴീക്കോട് ലാലിന്‍െറ പ്രണയംസിനിമ കാണാന്‍ തിയറ്ററില്‍ എത്തുന്നത്. ലാലിന്‍െറ അഭിനയത്തെ പുകഴ്ത്തിയാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്. ലാല്‍ വിഗ് ധരിക്കുന്നതിനെ കുറിച്ചും മൂല്യങ്ങള്‍ ബലികഴിക്കുംവിധം പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നതിനെകുറിച്ചും വാര്‍ത്താസമ്മേളനങ്ങളിലും പ്രസംഗങ്ങളിലും നിശിതമായി വിമര്‍ശിച്ചിരുന്നു.അതേസമയം, വിഗില്ലാതെ റിയലിസ്റ്റിക്ക്് ആയി വേഷം ചെയ്ത ലാലിന്‍െറ കഴിവിനെ ശ്ളാഘിക്കാനും അദ്ദേഹം മറന്നില്ല.
അമല ആശുപത്രിയില്‍ വെച്ചുതന്നെയാണ് ലാലുമായുള്ള പ്രശ്നം പരിഹരിക്കപ്പെട്ടത്. പറഞ്ഞതുപോലെ, അഭിഭാഷകരുടെ സഹായത്താല്‍ ലാല്‍, ഫോണില്‍ വിളിച്ചു. മാഷ് കേസ് അവസാനിപ്പിച്ചു.അവസാനം ലാലും അമലയിലെത്തി . എറ്റവും വികാര ഭരിതം അദ്ദേഹത്തിന്‍െറ പ്രണയിനിയായിരുന്ന  വിലാസിനി ടീച്ചര്‍ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു. കാലം കാത്തിരുന്നതുപോലുള്ള ആ സമാഗമം കണ്ണീരില്‍ കുതിര്‍ന്നാണ് അവസാനിച്ചത്.
ഒരു ചില്ലക്ഷര വിവാദം
വിവാദങ്ങളുടെ തോഴനായി ജീവിക്കുകയെന്നത് അഴീക്കോടിനെ സംബന്ധിച്ചിടത്തോളം ഹരമുള്ളതാണ്. മലയാളനാട് പത്രാധിപരായിരുന്ന പരേതനായ എസ്.കെ. നായരുമായി അഴീക്കോട് കൊമ്പുകോര്‍ത്തത്് എഴുപതുകളില്‍ വലിയൊരു വിവാദത്തിന് തുടക്കമിട്ടിരുന്നു. തന്‍െറ ലേഖനത്തില്‍ സുകുമാരന്‍ അഴീക്കോടന്‍ എന്ന് ഒരിടത്ത് മാഷിനെ പരിഹസിച്ച എസ്.കെ. നായര്‍ക്ക് കനത്ത വിലനല്‍കേണ്ടിവന്നു. തന്‍െറ പേരില്‍ എസ്.കെ നായര്‍ മാറ്റംവരുത്തിയതിനെ അദ്ദേഹം നേരിട്ടത് അല്‍പം കടന്ന രീതിയിലായിരുന്നു. എന്‍െറ പേരില്‍ ചില്ലക്ഷരം ചേര്‍ത്ത നായരുടെ പേരിലെ ചില്ലക്ഷരം ഞാന്‍ എടുത്തുകളയുന്നുവെന്നായിരുന്നു അത്.
എസ്.കെ. നായരുമായി ഇംഗ്ളീഷ് ഭാഷയെ ചൊല്ലിയും മാഷ് ഒരിക്കല്‍ ഏറ്റുമുട്ടി. തന്‍െറ ഇംഗ്ളീഷ് പ്രയോഗത്തിലെ പിശക് ചൂണ്ടിക്കാട്ടിയ അഴീക്കോടിനെ കളിയാക്കി നായര്‍ നടത്തിയ പരിഹാസവും അതിരുകടന്നു. അഴീക്കോടിന്‍െറ ഇംഗ്ളീഷില്‍ തെറ്റ് വരാന്‍ സാധ്യതയില്ളെന്നും അത് തീര്‍ച്ചയായും നല്ല ഇംഗ്ളീഷ് ആയിരിക്കുമെന്നും പറഞ്ഞുകൊണ്ട് നായര്‍ തന്‍െറ പ്രസ്താവനയില്‍ ദുസ്സൂചന നല്‍കാന്‍ മറന്നില്ല. തലശ്ശേരി, കണ്ണൂര്‍ ഭാഗങ്ങളിലെ തിയ്യ സമുദായത്തില്‍ പെട്ടവര്‍ക്ക് ബ്രിട്ടീഷ് ഭരണകര്‍ത്താക്കളുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നായിരുന്നു അത്. അഴീക്കോടും വിട്ടുകൊടുക്കാന്‍ തയാറായില്ല. കണ്ണൂര്‍ മേഖലയിലെ സമ്പന്നരായ തിയ്യ സമുദായാംഗങ്ങള്‍ ബ്രിട്ടീഷുകാരുമായി നിയമപ്രകാരം വിവാഹബന്ധത്തിലേര്‍പ്പെട്ടുവെന്ന കാര്യം വിശദീകരിച്ച അദ്ദേഹം ഇത്തരമൊരു വിഷയത്തില്‍ പിതൃത്വ പ്രസ്താവന നടത്തേണ്ടിയിരുന്നില്ളെന്ന് സൗമ്യമായി എസ്.കെ. നായര്‍ക്ക് മറ്റൊരു ഉപദേശം നല്‍കി. അത് ഇങ്ങനെയായിരുന്നു; ‘അങ്ങനെയെങ്കില്‍ തന്‍െറ വീട്ടില്‍ ഏതെങ്കിലുമൊരു കുട്ടി നല്ലവണ്ണം ഇംഗ്ളീഷ് പ്രയോഗിക്കുന്നത് കേട്ടാല്‍ എസ്.കെ. നായര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള സംശയങ്ങള്‍ ഉണ്ടാകുമല്ളോ?’
കെട്ടിപ്പിടിക്കേണ്ടത്
റിട്ടയര്‍ചെയ്ത ഉദ്യോഗസ്ഥരെയല്ല;
കുഷ്ഠരോഗികളെ
കേരളത്തില്‍ വളര്‍ന്നുവരുന്ന ആള്‍ദൈവവ്യവസായത്തിനും ആത്മീയ കള്‍ട്ടുകള്‍ക്കുമെതിരെ പ്രതികരിക്കാന്‍ എല്ലുറപ്പുകാട്ടിയ അപൂര്‍വം സാംസ്കാരിക നായകരില്‍ ഒരാളാണ് അഴീക്കോട്. അമൃതാനന്ദമയിയുടേത് കെട്ടിപ്പിടിക്കല്‍ വ്യവസായമാണെന്നായിരുന്നുഅദ്ദേഹത്തിന്‍െറ ആക്രമണം.
റിട്ടയര്‍ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയല്ല  അമൃതാനന്ദമയി കെട്ടിപ്പിടിക്കേണ്ടത്, ഫാദര്‍ ഡാമിയനെയും മദര്‍തെരേസയെയുംപോലെ കുഷ്ഠരോഗികളെയാണ്. അങ്ങനെയായിരുന്നെങ്കില്‍ ഞാന്‍ അവരെ ബഹുമാനിക്കുമായിരുന്നു. അമൃതാനന്ദമയിയുടെ വാണിജ്യസാധ്യതകള്‍ മനസ്സിലാക്കി കുറേപേര്‍ അവര്‍ക്കൊപ്പം കടന്നുകൂടിയിട്ടുണ്ട്. ജനങ്ങളുടെ ദാരിദ്ര്യവും ദുരിതവും മാറ്റാന്‍പറ്റിയ എന്തെിലും അവരുടെ കൈയിലുണ്ടോ. ഞാന്‍ വേദങ്ങളും ഉപനിഷത്തുക്കളും മറ്റും ഇതിനേക്കാള്‍ നന്നായി വ്യാഖ്യാനിക്കയും പഠിക്കയും ചെയ്യുന്നയാളാണ്. നല്ലപ്രായത്തില്‍ ഞാന്‍ ശ്രമിച്ചിരുന്നെങ്കെില്‍ ഇവരേക്കാള്‍ നല്ല  സ്വാമിയായി മാറുമായിരുന്നു.മലപ്പുറത്ത് സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായിനടന്ന സാംസ്കാരികപരിപാടി ഉദ്ഘാടനംചെയ്യവെ പറഞ്ഞ വാക്കുകള്‍ അഴീക്കോട് പലേടത്തും ആവര്‍ത്തിച്ചു.
മകരജ്യോതി വിവാദം കോടതി കയറുന്നതിന് എത്രയോ വര്‍ഷം മുമ്പുതന്നെ അഴീക്കോട് ഇതിന്‍െറ നിജസ്ഥിതി വെളിപ്പെടുത്തിയിരുന്നു. തികഞ്ഞ മതേതരവാദിയായ അഴീക്കോട്, വയലാര്‍ രവിയുടെ മകന്‍ ഗുരുവായൂര്‍ക്ഷേത്രത്തില്‍ കയറിയതിന്‍െറ ഭാഗമായുണ്ടായ വിവാദത്തില്‍ ശരിക്കും പൊട്ടിത്തെറിക്കയായിരുന്നു.
മനുഷ്യന്‍ അമ്പലത്തില്‍ കടന്നതിന് പുണ്യാഹം തളിച്ചവരുടെ ദേഹത്താണ് പുണ്യാഹം തളിച്ച് ശുദ്ധമാക്കേണ്ടതെന്ന് അദ്ദേഹം ക്ഷോഭിച്ചു.
യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റണമെന്നതിന്‍െറ പേരിലുണ്ടായ വിവാദത്തില്‍ സംഗീതം ഈശ്വരനാണെന്നും യേശുദാസിന് അയിത്തംകല്‍പിക്കുന്നവര്‍ ദൈവത്തെയാണ് അകറ്റുന്നതെന്നുംഅഴീക്കോട് പ്രതികരിച്ചു. അധികാരത്തിനായി കടിപിടികൂടിയ ശിവഗിരിയിലെ സ്വാമിമാരും ആ നാവിന്‍െറ ചൂടറിഞ്ഞു.  
എന്‍െറ അസുഖത്തേക്കാള്‍
വലുതാണ് മുല്ലപ്പെരിയാര്‍
സാമൂഹിക പ്രശ്നങ്ങളില്‍ അതിശക്തമായി ഇടപെട്ട അഴീക്കോട് ലാലൂര്‍മാലിന്യ പ്രശ്നംതൊട്ട്  ഐസക്രീംകേസില്‍വരെ ഇടപെട്ടു. അന്വേഷിയുടെ ഒരു പൊതുയോഗത്തില്‍ പങ്കെടുത്ത മാഷ്  ‘കേസ് അട്ടിമറിച്ച പ്രോസിക്യൂട്ടറെ പിരിച്ചുവിട്ടാല്‍ മാത്രം പോര, കൈയും കാലുംപിരിച്ചെടുത്ത് ആശുപത്രിയിലാക്കണം എന്നും ഗര്‍ജ്ജിച്ചു.
ഇതിനെതിരെ അന്നത്തെ പ്രോസിക്യൂട്ടര്‍ കോടതിയെ സമീപിച്ചിരുന്നു. വ്യാജമരുന്നുകള്‍ക്കെതിരെയും ആഞ്ഞടിച്ച മാഷ്  ഐ.എം.എയെ കൊലയാളികളുടെ സംഘടനയെന്നാണ് വിശേഷിപ്പിച്ചത്. ചോദിക്കാനും പറയാനും ആളുണ്ട് എന്നതോന്നലുണ്ടാന്‍ പല കാര്യത്തിലും അഴീക്കോടിന് കഴിഞ്ഞു.
രോഗക്കിടക്കയിലും അദ്ദേഹം പ്രതികരിച്ചു: എന്‍െറ അസുഖത്തേക്കാള്‍ വലുതാണ് മുല്ലപ്പെരിയാര്‍’.

‘ജാജ്ജ്വല്യമാനം’

ജാജ്ജ്വല്യമാനം എന്ന വാക്ക് ഏറ്റവും കൂടുതല്‍ തവണ, ഏറ്റവും നന്നായി ഉപയോഗിച്ച മലയാളി സുകുമാര്‍ അഴീക്കോടായിരിക്കും. ആ വാക്കിന്‍െറ ദീപ്തിമത്തായ’, ‘ശോഭ നിറഞ്ഞഎന്നീ അര്‍ഥങ്ങളില്‍ മുഴുവനായും വിശ്വസിക്കുന്നുവെന്ന പ്രതീതി കേള്‍വിക്കാരില്‍ ഉണ്ടാക്കിക്കൊണ്ട് ആ വിശേഷണപദം ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നതിലാണ് അഴീക്കോട് മാഷിന്‍െറ മികവിരിക്കുന്നത്. താന്‍ ഏതു വ്യക്തിത്വത്തെയാണോ, ആശയത്തെയാണോ ആ വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നത്, ആ വ്യക്തിത്വത്തില്‍നിന്നോ ആ മുഖത്തില്‍നിന്നോ പുറപ്പെടുന്ന വെളിച്ചത്തെ കണ്‍മുന്നില്‍ കാണുന്ന വികാരത്തോടെയാണ് അദ്ദേഹം വേദിയില്‍ ജാജ്ജ്വല്യമാനംഎന്നുച്ചരിച്ചുപോന്നത്. തന്‍െറ വിവരണകലയുടെ അന്ത്യബിന്ദുവായി അദ്ദേഹം ആ വാക്കിനെ കണ്ടു.
വാസ്തവത്തില്‍ അത് അഴീക്കോടിനെ സംബന്ധിച്ചിടത്തോളം ഒരു വാക്കുമാത്രമായിരുന്നില്ല. അദ്ദേഹത്തിന്‍െറ വിമര്‍ശ ലേഖനങ്ങളിലും ഉപനിഷത് പഠനങ്ങളിലും വിദ്യാഭ്യാസാലോചനകളിലും സാമൂഹിക വിമര്‍ശാഖ്യാനങ്ങളിലും പൊതുവായി കാണുന്ന, ‘അടിസ്ഥാനപരംഎന്ന് ഉറപ്പിച്ചു പറയാവുന്ന, ഒരു സങ്കല്‍പത്തിന്‍െറ ഉപാസനയില്‍നിന്നാണ് ജാജ്ജ്വല്യമാനംഎന്ന വാക്ക് പിറന്നത്. ദേശീയ സ്വാതന്ത്ര്യ സമരകാലത്തെ ആദര്‍ശശക്തിയുടെയും സഹനശേഷിയുടെയും ത്യാഗബുദ്ധിയുടെയും നിസ്വാര്‍ഥതാ ശീലത്തിന്‍െറയും സംസ്കാര നവീകരണ ത്വരയുടെയും സന്ദര്‍ഭമായി മനസ്സിലാക്കുന്നതില്‍നിന്നുണ്ടാകുന്ന ഒരു വികാരത്തിന്‍െറ ആവിഷ്കാരമാണ് ആ വാക്കിന്‍െറ പ്രയോഗത്തിലൂടെ അഴീക്കോട്  സാധിച്ചത്.
സ്വാതന്ത്ര്യസമര കാലഘട്ടംപോലെ മാനവീകൃതമായ ഒരു കാലം ദേശ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്ന ഉത്തമവിശ്വാസത്തിന്‍െറ പ്രചാരകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍െറ സാമൂഹിക വിമര്‍ശത്തിന്‍െറ സ്വഭാവം ദേശീയ സ്വാതന്ത്ര്യ സമരകാല ദീപ്തിക്കെതിരെ സമകാലികമായ അന്ധകാരത്തെ സങ്കല്‍പിച്ച്, അതിന്‍െറ കാരണങ്ങളും വസ്തുതകളും വിശദീകരിക്കുക എന്നതായിരുന്നു. ഗാന്ധിജിയെ തന്‍െറ ആശയജീവിതത്തിന്‍െറ കേന്ദ്ര പ്രതിഷ്ഠയായി കാണുന്നത് ഈ സ്വഭാവത്തിന്‍െറ ഭാഗമാണ്. ദേശീയ സ്വാതന്ത്ര്യസമരം രാഷ്ട്രീയാധികാര ലബ്ധിക്കായുള്ള യത്നം എന്നതിനോടൊപ്പം കാലത്തോടും പ്രകൃതിയോടും സഹജീവികളോടും സംസ്കാരത്തോടും സൗന്ദര്യത്തോടെയും സ്വാഭാവികതയോടെയും ബന്ധപ്പെടാന്‍ കഴിയുന്ന പുതിയ ഭാരതീയരുടെ രചനക്കായുള്ള ക്ളേശം നിറഞ്ഞ പ്രവര്‍ത്തനവുമായിരുന്നു എന്ന വായന അഴീക്കോടിന്‍െറ മുഖ്യ പ്രമേയമായിരുന്നു എന്ന് കാണാന്‍ ഒട്ടും പ്രയാസമില്ല.
വൈരുധ്യങ്ങള്‍കൂടിയുണ്ട് ഗാന്ധിയന്‍ വ്യവഹാരത്തിന് എന്ന കാര്യം അദ്ദേഹം  അത്രകണ്ട് പരിഗണിക്കാന്‍ ഇഷ്ടപ്പെടാത്ത വിഷയമായിരുന്നു. ഗാന്ധിജിയുടെ മതചിന്തക്ക് വല്ലാത്തൊരു പരിമിതിയുണ്ടായിരുന്നു. 1933 മേയ് രണ്ടിന് മതേതരവാദിയായ നെഹ്റുവിന് എഴുതിയ കത്തില്‍ ഗാന്ധിജി പറയുന്നു. ‘‘My Life would be a burden to me if Hinduism failed me. I love Christianity, Islam and many other faiths through Hinduism. Take it away from me and nothing remains for me’’. അഴീക്കോട് ഈ വിശ്വാസക്കാരനായിരുന്നില്ല. ഹൈന്ദവതക്ക് ആധികാരികത നല്‍കുകയല്ല അദ്ദേഹത്തിന്‍െറ ഉപനിഷത് പഠനങ്ങളുടെ ലക്ഷ്യം. വര്‍ഗീയവാദത്തെ കഠിനഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചുപോന്നതും. വാഗ്ഭടാനന്ദ ഗുരുവിന്‍െറ സ്വാധീനം മാത്രമല്ല ഈ ഉദാരമാനവികതാബോധത്തിലുള്ളത്. താന്‍ എഴുതിയും സംസാരിച്ചും സഞ്ചരിച്ചും പോന്ന കേരളത്തിന്‍െറ പൊതുവായ ഇച്ഛയുടെ പ്രതിഫലനമാണ് അഴീക്കോടിന്‍െറ മതേതര നിലപാടില്‍ കാണാവുന്നത്. അതിനൊത്ത മട്ടിലാണ് അദ്ദേഹം ഗാന്ധിജിയെയും വായിച്ചവതരിപ്പിച്ചത്. സ്വാതന്ത്ര്യസമര കാലത്തിന്‍െറ നന്മകളായി, പ്രസക്ത മൂല്യങ്ങളായി താന്‍ കണ്ട എല്ലാ സമര-സര്‍ഗാത്മക-സഹന ഭാവങ്ങളുടെയും ആള്‍രൂപമായിരുന്നു അഴീക്കോടിന്‍െറ വാക്കുകളില്‍ അവതരിക്കുന്ന ഗാന്ധി. ഇത് ഒരു വ്യാഖ്യാനമാണ്, ചില പൊതുവായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പാഠനിര്‍മിതിയാണ്. ഇക്കാര്യം മനസ്സിലാകുന്നവരാണ് അഴീക്കോടിനെ ശരിയായി അറിയുന്നത്.
പ്രസംഗത്തെ ശ്രേഷ്ഠമായ ഒരു പ്രവര്‍ത്തനമാക്കിത്തീര്‍ത്ത അപൂര്‍വം മലയാളികളിലൊരാളായിരുന്നു സുകുമാര്‍ അഴീക്കോട്. ഇതിലും ഗാന്ധിജിയുടെ സ്വാധീനം കാണാം. വാഗ്ഭടാനന്ദ ഗുരുവിന്‍െറ സമീപസ്ഥ സ്വാധീനവും നിര്‍ണായകമായിരുന്നു. വാഗ്ഭടന്‍ എന്ന വാക്കിന്‍െറ യഥാര്‍ഥമായ അര്‍ഥം അഴീക്കോട് പ്രയോഗത്തില്‍ വരുത്തിയെന്നും പറയാം. വാക്കും സാമൂഹിക യുദ്ധവും തമ്മിലുള്ള ബന്ധത്തിന്‍െറ ശക്തി സ്വയം തിരിച്ചറിഞ്ഞും മറ്റുള്ളവരെ ബോധ്യപ്പെടുത്തിയുമാണ് അദ്ദേഹം കേരളത്തില്‍ തനിയെ ഒരു സ്ഥാപനമായിത്തീര്‍ന്നത്. പലരും പറയാന്‍ ആഗ്രഹിക്കുന്നതും എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ പറയാത്തതുമായ വാസ്തവങ്ങള്‍ അഴീക്കോടിന്‍െറ വേദികളെ സജീവമാക്കി. അവതരണത്തിലെ കൃത്യതയും  തെളിച്ചവുമുള്ള വാദങ്ങള്‍ കൂടുതല്‍ ആളുകളിലെത്തിക്കാന്‍ സഹായകമായി.
സമൂഹത്തില്‍ താന്‍ ഇടപെടുന്നതിന്‍െറ മാര്‍ഗമായിത്തന്നെ അഴീക്കോട് മാഷ് പ്രസംഗത്തെ കണ്ടിരുന്നു. രാഷ്ട്രീയ നേതാക്കളുടെ പ്രസംഗംപോലെയല്ല അത്, ഒരു സംഘടനയുടെ പ്രചാരണത്തിനോ ന്യായീകരണത്തിനോ വിശദീകരണത്തിനോ ഉള്ള ഒരുമ്പെടലല്ല. സംഘടനാ പ്രവര്‍ത്തനത്തിന്‍െറ ഉപോല്‍പന്നമല്ലായിരുന്നു അഴീക്കോടിന് പ്രസംഗം. പ്രസംഗം സമൂഹത്തില്‍, വ്യക്തിയില്‍ നേരിട്ടിറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. സ്വന്തമായി നവഭാരതവേദി പോലൊരു സംഘടനയുണ്ടാക്കിയിട്ടുണ്ട് അദ്ദേഹം. പക്ഷേ, അതൊന്നും അദ്ദേഹത്തിന്‍െറ ഭാവനക്കൊത്ത് വലുതായില്ല.
പ്രഭാഷണകലഎന്നൊരു നല്ല പ്രബന്ധം സുകുമാര്‍ അഴീക്കോടിന്‍േറതായിട്ടുണ്ട്. പ്രസംഗത്തെ ഒരു പ്രകടനം (performance) ആയി കാണുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു എന്നര്‍ഥം. കേള്‍വിക്കാരുടെ പ്രതികരണങ്ങള്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചുപോന്നു. അഴീക്കോട് മാഷിന്‍െറ പ്രസംഗത്തിന്‍െറ ശബ്ദ വിന്യാസത്തെ ടി.പി. സുകുമാരനെപ്പോലൊരു സൗന്ദര്യശാസ്ത്രകാരന്‍ വിദഗ്ധമായി പഠിച്ചിട്ടുണ്ട്. ഒരു വിഷയത്തെ മറ്റു ചില വിഷയങ്ങളുമായും സാഹചര്യങ്ങളുമായും ബന്ധിപ്പിക്കുന്ന സമീപനമാണ് പ്രസംഗവേദിയില്‍ അഴീക്കോട് ് സ്വീകരിച്ചുപോന്നത്. സാമൂഹിക നിരീക്ഷണങ്ങളാണ് ആ അവതരണത്തെ ശക്തമാക്കുക. വിഷയം ഏതായാലും സമകാലികമായ നെറികേടുകളെ വിമര്‍ശിക്കാനുള്ള ധൈഷണികായുധമായി അതിനെ മാറ്റിത്തീര്‍ക്കാനുള്ള സന്നദ്ധത അഴീക്കോടില്‍ എന്നും ഉണര്‍ന്നുതന്നെ വര്‍ത്തിച്ചിരുന്നു. വാക്കിനോടുള്ള ശ്രദ്ധയും വാക്കിന്‍െറ കളികളിലുള്ള കൗതുകവും ഈ സന്നദ്ധതയുമായി ഇണങ്ങിപ്പോവുകയും ചെയ്തു. സിവില്‍ സെര്‍വന്‍റ്സ് എന്നതിനെ സിവില്‍ സെര്‍പന്‍റ്സ് എന്ന് മാറ്റിപ്പറഞ്ഞത് ഒരുദാഹരണം മാത്രം. പട്ടാഭിസീതാരാമയ്യ ഇന്നത്തെ കോണ്‍ഗ്രസുകാര്‍ക്ക് പട്ടാമ്പിയിലോ മറ്റോ ഉള്ള ഒരു തുണിവില്‍പനക്കാരനോ മറ്റോ ആണ് എന്നത് വേറൊരു വേദിയിലെ പ്രയോഗം. രണ്ടിലും കൗതുകരസവും വിമര്‍ശ ശക്തിയും ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നു. തന്‍െറ ഇംഗ്ളീഷ് പ്രസംഗങ്ങളെപ്പറ്റിയും അഴീക്കോടിന് അഭിമാനമുണ്ടായിരുന്നു. ചെന്നൈയില്‍ മാര്‍പാപ്പയുടെ മുന്നില്‍വെച്ച് നടത്തിയ പ്രസംഗത്തെപ്പറ്റി അദ്ദേഹം പല സ്വകാര്യ സംഭാഷണങ്ങളിലും സന്തോഷം പ്രകടിപ്പിച്ചുവന്നു.
സാഹിത്യവേദികളില്‍ അഴീക്കോട് മാഷ് ടാഗോറിനെക്കുറിച്ചും ആശാനെക്കുറിച്ചും ധാരാളം പരാമര്‍ശിക്കാറുണ്ട്. എന്നാല്‍, വിമര്‍ശകശേഷികൊണ്ട്  ഏറ്റവുമധികം പിന്തുണച്ചതും വിശദീകരിച്ചതും പി. കുഞ്ഞിരാമന്‍ നായരുടെ പ്രതിഭയെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. മാടായി കോളജില്‍ ഫോക്ലോറിനെക്കുറിച്ച് നടന്ന ഒരു സെമിനാറില്‍ ബപ്പിരിയന്‍ തെയ്യത്തെക്കുറിച്ച് ഒരു ചെറിയ ഓര്‍മ പങ്കുവെച്ചശേഷം അദ്ദേഹം ഒരുപക്ഷേ, സ്വയമറിയാതെ കുഞ്ഞിരാമന്‍ നായര്‍ കവിതയിലേക്ക് കടക്കുകയും നാട്ടറിവുകളുടെ വിശാലഭൂമിയും മഹാഖനിയുമായി ആ കവിതയെ വീണ്ടും കണ്ടെത്തുകയും (re-discover) ചെയ്തത് മികച്ചൊരനുഭവമായി ഈ ലേഖകന്‍െറ മനസ്സിലുണ്ട്.
തന്‍െറ കേന്ദ്ര പ്രമേയം-സ്വാതന്ത്ര്യ സമരകാല ദീപ്തിയും പില്‍ക്കാലത്തെയന്ധകാരവും എന്നത്- കുഞ്ഞിരാമന്‍ നായരിലും വിമര്‍ശ-സങ്കടരൂപങ്ങളോടെയുണ്ട് എന്നതുതന്നെയാണ് ഓര്‍മിക്കേണ്ട കാര്യം. കുഞ്ഞിരാമന്‍ നായരുടെ അടിസ്ഥാന ദര്‍ശനത്തെപ്പറ്റി ഏറ്റവും നന്നായി എഴുതിയത് സുകുമാര്‍ അഴീക്കോടാണ്... അദ്ദേഹത്തിന്‍െറ സ്നേഹവിഷയം അസ്തമിച്ചുപോയ ഒരു മനുഷ്യസമൂഹത്തിന്‍െറ സുന്ദരസംസ്കാരമാണ്. കേരളത്തിന്‍െറ ഗ്രാമീണജീവിതത്തിലും ഭാരതത്തിന്‍െറ പ്രാക്തനചിന്തയിലുമുള്ള അനശ്വരവും മനോഹരവുമായ എല്ലാ ഘടകങ്ങളും കൂട്ടിക്കലര്‍ത്തി ത്രിലോകങ്ങളിലെവിടെയും ഇല്ലാത്തവിധം സങ്കല്‍പസാന്ദ്രമായ ഒരു മാംഗലിക ജീവിതവ്യവസ്ഥയെ കുഞ്ഞിരാമന്‍ നായര്‍ വിഭാവനം ചെയ്യുന്നു, തേടിത്തേടിപ്പോകുന്നു’. അഴീക്കോട് മാഷിന്‍േറതുകൂടിയാണ് ഈ ഉട്ടോപ്പിയ.
അഴീക്കോടിലും  കാല്‍പനികതയുടെ നവനിലാവ്ഉണ്ട്. ദൈനംദിന കാര്യങ്ങളെക്കുറിച്ച് എല്ലായാഴ്ചയും കുറിപ്പ് എഴുതുന്ന ആളായിരുന്നിട്ടും പുതിയ ജീവിതത്തിന്‍െറ മുതലാളിത്ത ചൂഷണസാമര്‍ഥ്യത്തിന്‍െറ, വിപുലമായ മനഃശാസ്ത്ര യുദ്ധത്തിന്‍െറ സങ്കീര്‍ണതകളെപ്പറ്റി അത്രയൊന്നും സമര്‍ഥിക്കാന്‍ അഴീക്കോട്  താല്‍പര്യപ്പെട്ടിരുന്നില്ല. ചില പരാമര്‍ശങ്ങള്‍ക്കപ്പുറം, സൈദ്ധാന്തികമായ കണക്കെടുപ്പുകളോടെ സമകാലികാവസ്ഥയെ വിശകലനം ചെയ്യുക എന്നതായിരുന്നില്ല അദ്ദേഹത്തിന്‍െറ രീതി. മുകളില്‍പറഞ്ഞ കാല്‍പനികതയുടെ സാന്നിധ്യമാണ് അത്തരം കൃത്യതകളിലേക്ക് കടക്കുന്നതില്‍നിന്ന് മാഷെ തടഞ്ഞത്.
കല്യാണം കഴിച്ചിട്ടില്ല, കുടുംബമില്ല എന്ന കാര്യം കഴിഞ്ഞ പത്തിരുപതു കൊല്ലക്കാലത്തെ പ്രസംഗങ്ങളില്‍ അദ്ദേഹം പലവുരു പറഞ്ഞുവന്നിരുന്നു. കുടുംബം മനുഷ്യരെ ആദര്‍ശാഭിനിവേശത്തില്‍നിന്ന് സമരസപ്പെടലിലേക്ക് കൈപിടിച്ചു നടത്തുന്ന വ്യവസ്ഥാനുകൂലമായ സ്ഥാപനമാണെന്ന ഉറച്ച ബോധ്യത്തില്‍നിന്നാണ് ഈ പറച്ചില്‍ വന്നത്. തന്‍െറ വിമര്‍ശ ധൈര്യത്തിന്‍െറ ഉറവിടം വെളിപ്പെടുത്തുകയായിരുന്നു കുടുംബമില്ലായ്മയെക്കുറിച്ചുള്ള വിളംബരത്തിലൂടെ അഴീക്കോട് മാഷ്. അദ്ദേഹത്തിന്‍െറ ആ പരാമര്‍ശം വെറും തമാശയായിട്ടാണ് പൊതുവേ സ്വീകരിക്കപ്പെട്ടത് എന്നത് ഒരര്‍ഥത്തില്‍ സ്വാഭാവികമാണ്. അത്രമേല്‍ ശക്തമാണ് കേരളത്തിലെ കുടുംബ പ്രത്യയശാസ്ത്ര സാന്നിധ്യം.
രാഷ്ട്രീയ നേതാക്കള്‍ പ്രസംഗത്തില്‍ പൊതുവേ ഞാന്‍ എന്നു പറയാറില്ല; അഴീക്കോട് അത് ലോഭമില്ലാതെ പറയും. തന്‍െറ സ്വന്തം നിരീക്ഷണങ്ങളും പരീക്ഷണഫലങ്ങളും സ്വന്തം ഉത്തരവാദിത്തത്തില്‍ (സംഘടനാ ബലമില്ലാതെ) പറയുകയാണ് അദ്ദേഹം ചെയ്തത്. ഞാനിന്‍െറ കൂടിയ ആവൃത്തിയിലൂടെ തന്‍െറ പോരിമയും വ്യത്യസ്തതയും വ്യക്തമാക്കുകയായിരുന്നു അഴീക്കോട്. ഗാന്ധി വചനങ്ങളിലും ധാരാളം ഞാന്‍ ഉണ്ടെന്നതോര്‍ക്കുക. പക്ഷേ, അഴീക്കോടില്‍ ഞാന്‍ ദുര്‍വാശിയായി വളര്‍ന്നതും ചിലപ്പോള്‍ നാമറിഞ്ഞിട്ടുണ്ട് -എം.എ. റഹ്മാന് എം.എഫില്‍ പ്രവേശം നിഷേധിച്ചതുപോലുള്ള ഏതാനും നല്ലതല്ലാത്ത കാര്യങ്ങള്‍. ഈ ഞാന്‍ അല്ല, പക്ഷേ, അദ്ദേഹത്തിലെ സാമൂഹിക വ്യക്തിത്വത്തിലെ ഞാന്‍’. മലയാള സിനിമയിലെ താരാധികാര വിമര്‍ശമടക്കമുള്ള കാര്യങ്ങള്‍ വെടിപ്പായി നടത്തിയ ഞാന്‍ ഒരു ഏകാന്ത പ്രകടനക്കാരനുമല്ല. താന്‍ തുറന്നുപറയുന്ന കാര്യങ്ങള്‍ പറയാനാഗ്രഹിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഇവിടെയുണ്ട് എന്ന അബോധമായ തിരിച്ചറിവാണ് അഴീക്കോടിനെ തുടര്‍ച്ചയായി ഊര്‍ജസ്വലനാക്കിയത്. ഇതേ കാരണം കൊണ്ടാണ് ഇവിടത്തെ ആയിരക്കണക്കിനാളുകള്‍ സുകുമാര്‍ അഴീക്കോടിനെ ഏഴു പതിറ്റാണ്ടോളം തുടര്‍ച്ചയായി ശ്രദ്ധിച്ചുപോന്നതും.

കേരളം കണ്ട ഏറ്റവും വലിയ പ്രതിഭ


തൃശൂര്‍: സാഹിത്യ സാംസ്കാരിക  രംഗത്തെ പ്രമുഖര്‍ അഴീക്കോടിനെ അനുസ്മരിച്ചു. തന്റെ സുഹൃത്തും ബന്ധുവുമായിരുന്നു അഴീക്കോടെന്ന് ഒ.എന്‍.വി കുറുപ്പ് അനുസ്മരിച്ചു.
കാര്യങ്ങള്‍ തുറന്ന് പറയാനുള്ള മനസാന്നിധ്യത്തിന് അദ്ദേഹം ശക്തിയും പ്രചോദനവുമായെന്ന് ചെമ്മനം ചാക്കോ ഓര്‍മിച്ചു. വേദികളിലെ സിംഹഗര്‍ജനം നിലച്ചെന്നാണ് സച്ചിദാനന്ദന്‍ പ്രതികരിച്ചത്.  
പാഠപുസ്തകം ക്ലാസ് മുറിക്ക് പുറത്താണെന്ന് മനസ്സിലാക്കിത്തന്ന അധ്യാപകനാണ് അഴീക്കോടെന്നും ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിന്റെ ശിഷ്യനാണെന്ന് ഓര്‍ക്കാനാണിഷ്ടപ്പെടുന്നതെന്നും എം.എന്‍ കാരശ്ശേരി പറഞ്ഞു.
 സാമൂഹ്യ ജീര്‍ണതകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച വ്യക്തിത്വമായിരുന്നു അഴീക്കോടെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മുഖം നോക്കാതെ തിന്‍മകള്‍ക്കെതിരെ പ്രതികരിച്ചിരുന്നുവെന്ന് എ.കെ ആന്റണിയും അനുസ്മരിച്ചു.
ഒരു വേദിയില്‍ വെച്ച് അഴീക്കോട് നടത്തിയ 'താരങ്ങള്‍ക്ക് മിന്നിത്തിളങ്ങാന്‍ ആകാശമൊരുക്കിയവനാണ് തിലകന്‍'എന്ന  പ്രസ്താവനയാണ് ജീവിതത്തിലെ ഏറ്റവും വലിയ പുരസ്കാരമെന്നായിരുന്നു തിലകന്റെ പ്രതികരണം. ആ നഷ്ടം ഒരിക്കലും നികത്താനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വല്ലാത്ത മസ്മരികതയായിരുന്നു ആ വാക്കുകള്‍ക്ക്
സിംഹാസനങ്ങളെയും അഹംകാരികളെയും വിറപ്പിച്ച
അനീതിയുടെ നെട്ടപുറത്ത് തീര്‍ത്തറങ്ഹ ചട്ടവാറടികള്‍ 
 
തീരാ നഷ്ടമാണീ വേര്‍പാട്‌
കേരളീയ സമൂഹത്തിന് ഒന്നാകെ
 
സമൂഹത്തിന്റെ എല്ലാ വ്യാകുലകളെയും തന്ടീതെന്ന പോലെ
അഭിമുഖീകരിച്ചു അഴീകോട് മാഷ്‌
 
താങ്കള്‍ മരിക്കുന്നില്ല
താങ്കള്‍ പരത്തിയ അറിവിന്‍റെ, തിരിച്ചറിവിന്‍റെ വെളിച്ചത്തില്‍
ഞങ്ങള്‍ മുന്നോട്ടു പോവുവോളം-
abdul nasar mohamed 



ഡോ. സുകുമാര്‍ അഴീക്കോട് അന്തരിച്ചു


തൃശൂര്‍: നാവില്‍ അക്ഷരങ്ങളുടെ സാഗരത്തിരയുമായി മലയാളിയുടെ ഇടനെഞ്ചില്‍ വാക്കുകളുടെ വേലിയേറ്റങ്ങളുണ്ടാക്കിയ ഡോ. സുകുമാര്‍ അഴീക്കോട് യാത്രയായി.  അധ്യാപകന്‍, നിരൂപകന്‍, ഗ്രന്ഥകാരന്‍, പത്രാധിപര്‍, പ്രഭാഷകന്‍ തുടങ്ങി  വിശേഷണങ്ങളുടെ കൊടുമുടിയില്‍  ഏഴ് പതിറ്റാണ്ട് കാലം കേരളത്തിന്റെ  പൊതുപ്രവര്‍ത്തന മേഖലകളില്‍ നിറഞ്ഞുനിന്ന  പ്രതിഭയുടെ അന്ത്യം ചൊവ്വാഴ്ച രാവിലെ 6.40ന് തൃശൂര്‍ അമല ആശുപത്രിയിലായിരുന്നു. 84 വയസായിരുന്നു. രാവിലെ എട്ട് മണിയോടെ മൃതദേഹം ഇരവിമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോയി. 10മണിക്ക് സാഹിത്യ അക്കാദമിയിലേക്ക് മാറ്റി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ സി.എം ബാലകൃഷ്ണന്‍, ഇബ്രാഹിംകുഞ്ഞ്, വി.എം സുധീരന്‍ തുടങ്ങി സാമൂഹ്യ, സാംസ്കാരിക രംഗത്തെ  പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ  സംസ്കാരം ബുധനാഴ്ച കണ്ണൂരിലെ പയ്യാമ്പലത്ത്നടക്കും.
മരണസമയത്ത് അനന്തരവന്‍മാരായ മനോജ്, രാജേഷ് എന്നിവര്‍ സമീപത്തുണ്ടായിരുന്നു. തേറമ്പില്‍ രാമകൃഷ്ണന്‍ എം.പി , അക്ബര്‍ കക്കട്ടില്‍, സി.രാവുണ്ണി, പി.എ രാധാകൃഷ്ണന്‍, കെ.പി രാജേന്ദ്രന്‍, കെ.എം രാഘവന്‍ നമ്പ്യാര്‍ എന്നിവരടക്കം പ്രമുഖര്‍ സ്ഥലത്തെത്തി.
വായില്‍(മോണ)  അര്‍ബുദ ലക്ഷണങ്ങള്‍ കണ്ടതിനെ കുറച്ച് നാളായി  തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കുളിമുറിയില്‍ വീണ് ഡിസംബര്‍ എട്ടിനാണ് തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയില്‍('സണ്‍ മെഡിക്കല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍') പ്രവേശിപ്പിച്ചത്.  പിന്നീട് പരിശോധനയില്‍ നട്ടെല്ലിലേക്ക് അര്‍ബുദം വ്യാപിച്ചതായി കണ്ടെത്തി.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക നിര്‍ദേശപ്രകാരം അഴീക്കോടിനെ ഡിസംബര്‍ 10ന് അമല മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആദ്യ ദിവസങ്ങളില്‍ നടന്ന റേഡിയേഷന്‍ തുടങ്ങിയെങ്കിലും, രോഗം വ്യാപിച്ച അവസ്ഥയില്‍ കീമോ തെറാപ്പിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ അഴീക്കോടിന്റെ നില ഗുരുതരമായി. ഇന്ന് കാലത്ത് 6.40ഓടെ അന്ത്യം സംഭവിക്കുകയും ചെയ്തു.
1926 മേയ് 12ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും മകനായി ജനിച്ച സുകുമാരനാണ്, പില്‍കാലത്ത് കാലിക്കറ്റ് സര്‍വകലാശാലയുടെ ആക്റ്റിങ്ങ് വൈസ് ചാന്‍സലറും നാഷണല്‍ ബുക്ക് ട്രസ്റ് ചെയര്‍മാനും ഉള്‍പ്പെടെയുള്ള പദവികള്‍ വഹിച്ച ഡോ. സുകുമാര്‍ അഴീക്കോടായി മാറിയത്. തിരക്കേറിയ പൊതു ജീവിതത്തില്‍ വ്യാപൃതനായിരുന്ന അദ്ദേഹം വിവാഹിതനായിരുന്നില്ല.
ചിറക്കല്‍ രാജാസ് ഹൈസ്കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി വിജയിച്ച ശേഷം കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ ഒരു വര്‍ഷത്തോളം വൈദ്യപഠനം നടത്തിയിരുന്നു. പ്രശസ്തമായ സെന്റ് ആഗ്നസ് കോളജിലെ മലയാളം പ്രഫസറായിരുന്നു പിതാവ് ദാമോദരന്‍. മദിരാശി സര്‍വകലാശാലയില്‍ നിന്നും 1946ല്‍ കോമേഴ്സില്‍ ബിരുദം നേടിയ അഴീക്കോടിന് ഇന്ത്യന്‍ ഓവര്‍ സീസ് ബാങ്കില്‍  ഉദ്യോഗം കാത്തിരിപ്പുണ്ടായിരുന്നു. എന്നാല്‍ ഉദ്യോഗം സ്വീകരിക്കാതെ അധ്യാപകനാകാനായിരുന്നു അദ്ദേഹത്തിന്റെ  തീരുമാനം.  ബി.ടി ബിരുദം നേടി പിന്നീട് സംസ്കൃതത്തിലും മലയാളത്തിലും മാസ്റര്‍ ബിരുദം നേടി. കേരള സര്‍വകലാശാലയില്‍ നിന്ന് 'മലയാള സാഹിത്യ വിമര്‍ശനം എന്ന ഗവേഷണ പ്രബന്ധത്തിന് ഡോക്ടറേറ്റ് ലഭിച്ചു.
താന്‍ സ്കൂള്‍ വിദ്യാഭ്യാസം നിര്‍വഹിച്ച രാജാസ് ഹൈസ്കൂളില്‍ അധ്യാപകനായിട്ടായിരുന്നു ആദ്യ നിയമനം. മംഗലാപുരം സെന്റ് അലോഷ്യസ്, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജുകളില്‍ ലക്ചറര്‍, മൂത്തകുന്നം എസ്.എന്‍.എ. ട്രെയിനിങ്ങ് കോളജ് പ്രിന്‍സിപ്പല്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് കാലിക്കറ്റ് സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലറായത്. പിന്നീട് ആക്ടിങ്ങ് വൈസ് ചാന്‍സലറായും സേവനം അനുഷ്ടിച്ചു.
1986 ല്‍ കോഴിക്കോട് നിന്ന് തൃശൂരിലെ വിയ്യരിലേക്ക് താമസം മാറി. പിന്നീട് തൃശൂരിലെ തന്നെ ഇരവിമംഗലത്ത് പുതിയ വീട് നിര്‍മിച്ച് അങ്ങോട്ട് മാറി. 1985 ല്‍ പുറത്ത് വന്ന തത്വമസിയാണ് അഴീക്കോടിന്റെ മാസ്റര്‍ പീസ് രചനയായി കണക്കാക്കുന്നത്. കേന്ദ്ര കേരള സാഹിത്യ അക്കാദമി, വയലാര്‍, രാജാജി അവര്‍ഡുകള്‍, ഉള്‍പ്പെടെ 12 പുരസ്കാരങ്ങള്‍ ലഭിച്ച ഈ കൃതി വിവിധ ഭാഷകളിലേക്ക് മൊഴി മാറ്റം ചെയ്തിട്ടുണ്ട്.
വേദങ്ങളിലും ഉപനിഷത്തുകളിലും അധിഷ്ടിതമായ ഇന്ത്യന്‍ തത്വചിന്തയെ ആധാരമാക്കിയുള്ള ഈ രചന ഭാഷയിലും സാഹിത്യത്തിലും ചിന്താപരമായുള്ള അഴീക്കോടിന്റെ പാണ്ഡിത്യം വെളിപ്പെടുത്തുന്നതാണ്. വ്യക്തിപരമായി ഏറെ അടുപ്പമുള്ള ഗുരുതുല്യനായ പ്രശസ്ത കവി ജി. ശങ്കരകുറുപ്പിന്റെ രചനകളെ സൃഷ്ടിപരമായി വിമര്‍ശിച്ച് ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന ഗ്രന്ഥത്തിലൂടെ സുകുമാര്‍ അഴീക്കോട് ഏറെ ശ്രദ്ധേയനായി. ആശാന്റെ സീതാകാവ്യം, രമണനും മലയാള കവിതയും, മഹാത്മാവിന്റെ മാര്‍ഗം, പുരോഗമന സാഹിത്യവും മറ്റും, മലയാള സാഹിത്യ വിമര്‍ശം, തത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിന് ഭാരതധരേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍, ഗുരുവിന്റെ ദുഃഖം, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, ഭാവന എന്ന വിസ്മയം, ഭാവയാത്രകള്‍, തുടങ്ങിയ 35 ല്‍ അധികം കൃതികള്‍ രചിച്ചിട്ടുണ്ട്.
മലബാറിലെ ആത്മീയ ഗുരുവായിരുന്ന  വാഗ്ഭടാനന്ദന്റെ ശിഷ്യനായ അഴീക്കോട് ഗാന്ധിയന്‍ ദര്‍ശനങ്ങളായിരുന്നു ജീവിതത്തില്‍ പകര്‍ത്തിയത്. ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മദ്യ വിരുദ്ധ മതേതര നിലപാടുകളില്‍ ഉറച്ച് വിശ്വസിച്ചു.
1962 ല്‍ കോഴിക്കോട് ദേവഗിരി കോളജ് അധ്യാപകനായിരിക്കെ അദ്ദഹേം കെ.പി.സി.സി പ്രസിഡന്റ് സി.കെ. ഗോവിന്ദന്‍ നായരുടെ നിര്‍ദേശപ്രകാരം തലശേരി നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി. പിന്നീട് കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകനും ഇടതുപക്ഷ സഹയാത്രികനുമായി മാറിയെങ്കിലും കോണ്‍ഗ്രസിലെ നേതാക്കളോടുള്ള സൌഹൃദം മുറിക്കാന്‍ തയാറായിരുന്നില്ല. കഴിഞ്ഞ രണ്ട് മാസമായി ശാരീരികമായ അവശതയിലായിരുന്നു അഴീക്കോട്. എന്നിരുന്നാലും  ചര്യകളില്‍ മുടക്കം വരുത്തിയിരുന്നില്ല. പൊതുപരിപാടികളിലും എഴുത്തിലും അദ്ദഹേം സജീവമായിരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ഡിസംബര്‍ ഒന്നിന് സാഹിത്യ അക്കാദമിയില്‍ നടന്ന പ്രകൃതി ചികിത്സകന്‍ ജേക്കബ് വടക്കന്‍ചേരിയുടെ ഗ്രന്ഥം പ്രകാശനം ചെയ്തത് അദ്ദേഹമായിരുന്നു.
തിന്‍മകള്‍ക്ക് എതിരെ പ്രതികരിക്കുന്ന നവഭാരത വേദി എന്ന സാമൂഹിക സാംസ്കാരിക പ്രസ്ഥാനം അഴീക്കോടിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടിരുന്നു. 2007 ജനുവരിയില്‍ അദ്ദഹേത്തെ പത്മശ്രീക്കായി തെരഞ്ഞെടുത്തുവെങ്കിലും ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമാണ് പുരസ്കാരം സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദഹേം അത് നിരസിക്കുകയുണ്ടായി. എം.പി. നാരായണ പിള്ളക്ക് നല്‍കിയ പുരസ്കാരം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് 1992 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും പതക്കവും മറ്റും തിരിച്ച് നല്‍കി അഴീക്കോട്  നിലപാട് വ്യക്തമാക്കിയിരുന്നു. 2002 ല്‍ സി.എന്‍. അഹമ്മദ് മൌലവി എം.എസ്.എസ് അവാര്‍ഡിന് അദ്ദേഹം അര്‍ഹനായി. സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്കാരവും അഴീക്കോടിനെ തേടിയെത്തി. നവയുഗം, ദിനപ്രഭ, ദേശമിത്രം, ദീനബന്ധുമലയാള ഹരിജന്‍, വര്‍ത്തമാനം തുടങ്ങിയ പത്രങ്ങളിലും അഴീക്കോട് പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.