Showing posts with label ദ്വീപിക. Show all posts
Showing posts with label ദ്വീപിക. Show all posts

Wednesday, January 25, 2012

സാഹിത്യാചാര്യന്‍, ഗുരുശ്രേഷ്ഠന്‍

സാഹിത്യാചാര്യന്‍, ഗുരുശ്രേഷ്ഠന്‍
മംഗലാപുരം സെന്റ് ആഗ്നസ് കോളജില്‍ അധ്യാപകനായിരുന്ന വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്റേയും കേളോത്തു തട്ടാരത്തു മാധവിയമ്മയുടേയും ആറുമക്കളില്‍ നാലാമനായി 1926 മേയ് 12ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോടായിരുന്നു സുകുമാര്‍ അഴീക്കോടിന്റെ ജനനം. തേഡ് ഫോറം വരെ അഴീക്കോട് സൌത്ത് ഹയര്‍ എലിമെന്ററി സ്കൂളിലായിരുന്നു പഠനം. തുടര്‍ന്ന് ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂളില്‍ ചേര്‍ന്ന് 1941ല്‍ എസ്എസ്എല്‍സി പാസായി. മംഗലാപുരം സെന്റ് അലോഷ്യസ് കോളജില്‍നിന്ന് 1946-ല്‍ ബിരുദം നേടി.
ഒരു വര്‍ഷം കോട്ടയ്ക്കല്‍ ആയുര്‍വേദ കോളജില്‍ വൈദ്യപഠനം. കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിംഗ് കോളജില്‍നിന്ന് അധ്യാപക പരിശീലന (ബിടി) ബിരുദം. സ്വകാര്യമായി പഠിച്ച് മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്നു മലയാളത്തിലും സംസ്കൃതത്തിലും എംഎ ബിരുദങ്ങള്‍. 1981 ല്‍ കേരള യൂണിവേഴ്സിറ്റിയില്‍നിന്നു പിഎച്ച്ഡിയും കരസ്ഥമാക്കി.
യൌവനാരംഭത്തില്‍ വാഗ്ഭടാനന്ദഗുരുവിന്റെ ചിന്തകള്‍ സ്വാധീനിച്ചു. 1946 ല്‍ ജോലിതേടി ഡല്‍ഹിയില്‍. ലഭിച്ച ഉദ്യോഗം വേണ്െടന്നുവച്ചു തിരിച്ചുപോരുമ്പോള്‍ സേവാഗ്രാമില്‍ പോയി ഗാന്ധിജിയെ കണ്ടു.
വിദ്യാര്‍ഥികോണ്‍ഗ്രസിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി. 1962ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തലശേരി നിയോജകമണ്ഡലത്തില്‍നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും എസ്.കെ. പൊറ്റെക്കാടിനോടു പരാജയപ്പെട്ടു.
നാഷണല്‍ ബുക്ക് ട്രസ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍(1993-96), സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡന്റ്(1965-77), യുജിസിയുടെ ആദ്യത്തെ മലയാളം നാഷണല്‍ ലക്ചറര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ മലയാളം ലക്ചറര്‍ (1956-62), മൂത്തകുന്നം എസ്എന്‍എം ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ (1962-71), കാലിക്കട്ട് യൂണിവേഴ്സിറ്റി പ്രോ-വൈസ് ചാന്‍സലര്‍, ആക്ടിംഗ് വൈസ് ചാന്‍സലര്‍ (1974-78) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1986 ല്‍ കാലിക്കട്ട് യൂണിവേഴ്സിറ്റിയില്‍നിന്നു വിരമിച്ചു. കാലിക്കട്ട് വാഴ്സിറ്റിയിലെ ആദ്യ എമരിറ്റസ് പ്രഫസര്‍, യുജിസിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനല്‍ അംഗം, കേന്ദ്ര- കേരള സാഹിത്യ അക്കാദമികളില്‍ നിര്‍വാഹകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വിരമിച്ചശേഷം തൃശൂര്‍ ജില്ലയിലെ വിയ്യൂരിലാണ് ഏറെക്കാലം താമസിച്ചതെങ്കിലും പിന്നീട് ഇരവിമംഗലത്തേക്കു താമസം മാറ്റി. അദ്ദേഹം നേടിയ നൂറുകണക്കിനു പുരസ്കാരങ്ങളുടേയും ഗ്രന്ഥങ്ങളുടേയും വന്‍ശേഖരങ്ങളുടെ പ്രദര്‍ശനശാലയ്ക്കു സമാനമാണ് പുത്തൂര്‍ ഇരവിമംഗലത്തെ വസതി.
കടലുകള്‍ കടന്ന പ്രഭാഷണപ്പെരുമ
പ്രഭാഷണത്തിലാണ് അഴീക്കോടിന്റെ പെരുമ. സ്വാതന്ത്യ്രജൂബിലി പ്രഭാഷണ പരമ്പര, ഗാന്ധിജിയുടെ 125-ാം ജയന്തിയോടനുബന്ധിച്ച് 125 ഗ്രാമങ്ങളില്‍ നടത്തിയ പ്രഭാഷണപരമ്പര, ഭാരതീയതയെക്കുറിച്ച് ഏഴുദിവസം തുടര്‍ച്ചയായി തൃശൂരില്‍ നടത്തിയ പ്രഭാഷണപരമ്പര, കാലിക്കട്ട് വാഴ്സിറ്റിയുടെ പ്രഫ. അഴീക്കോട് എന്‍ഡോവ്മെന്റ് വാര്‍ഷിക പ്രഭാഷണപരിപാടി എന്നിവ ഏറെ പ്രശസ്തം. യുഎസ്എ, കാനഡ, ഇംഗ്ളണ്ട്, ശ്രീലങ്ക, സിംഗപ്പൂര്‍, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
പത്രാധിപരായും കോളമിസ്റായും അദ്ദേഹം തിളങ്ങി. നവഭാരതിയുടെ സ്ഥാപകാധ്യക്ഷന്‍. ദിനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ, വര്‍ത്തമാനം എന്നീ പത്രങ്ങളില്‍ പത്രാധിപരായി പ്രവര്‍ത്തിച്ചു. വിവിധ പത്രങ്ങളിലെ കോളങ്ങളും അദ്ദേഹം കൈകാര്യം ചെയ്തു. വൈലോപ്പിള്ളി സ്മാരകസമിതി, പി. കുഞ്ഞിരാമന്‍നായര്‍ സ്മാരകം എന്നിവയുടെ അധ്യക്ഷന്‍.
പുരസ്കാരങ്ങള്‍
കേന്ദ്രസര്‍ക്കാര്‍ 2007ല്‍ പദ്മശ്രീ ബഹുമതി നല്‍കി ആദരിച്ചെങ്കിലും ഡോ. അഴീക്കോട് അതു നിരസിച്ചു. ഉപനിഷത്തുകളുടെ സമഗ്രപഠനമായി അദ്ദേഹം രചിച്ച 'തത്ത്വമസി' എന്ന കൃതി 1985ല്‍ കേന്ദ്ര-കേരള സാഹിത്യഅക്കാദമി അവാര്‍ഡുകളും 1989-ല്‍ വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ്, സുവര്‍ണകൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് തുടങ്ങി 12 അവാര്‍ഡുകളും നേടി. 1985-ല്‍ സാഹിത്യ അക്കാദമിയുടെ സാഹിത്യ വിമര്‍ശനത്തിനുള്ള അവാര്‍ഡ് മലയാള സാഹിത്യവിമര്‍ശം എന്ന കൃതിക്കു ലഭിച്ചു. 1991ല്‍ സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം നല്കി. 2004-ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്കാരവും 2007-ല്‍ വള്ളത്തോള്‍ പുരസ്കാരവും ലഭിച്ചു.
നേടിയ നൂറുകണക്കിനു പുരസ്കാരങ്ങളുടെയും രചിച്ചതും വാങ്ങിക്കൂട്ടിയതുമായ ഗ്രന്ഥങ്ങളുടെയും വലിയ പ്രദര്‍ശനശാലയാണ് അദ്ദേഹത്തിന്റെ വസതി.
നിരൂപകന്‍, 35 കൃതികള്‍
മുപ്പത്തഞ്ചോളം കൃതികളുടെ രചയിതാവാണ് അഴീക്കോട്. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ ആശാന്റെ സീതാകാവ്യം ഏതെങ്കിലും ഒരു ഖണ്ഡകാവ്യത്തെക്കുറിച്ചു മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ സമഗ്രപഠനമായി വിലയിരുത്തപ്പെടുന്നു.
ആശാന്റെ സീതാകാവ്യം(1954), രമണനും മലയാളകവിതയും(1956), പുരോഗമനസാഹിത്യവും മറ്റും(1957), മഹാത്മാവിന്റെ മാര്‍ഗം(1959), ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു(1963), മഹാകവി ഉള്ളൂര്‍-ഇംഗ്ളീഷ്(1979), മഹാകവി ഉള്ളൂര്‍-ഹിന്ദി(1980), മഹാകവി ഉള്ളൂര്‍ - തെലുങ്ക്(83), വായനയുടെ സ്വര്‍ഗത്തില്‍(1980), മലയാള സാഹിത്യവിമര്‍ശനം(1981), ചരിത്രം: സമന്വയമോ സംഘട്ടനമോ(1983), തത്ത്വമസി(1984), മലയാള സാഹിത്യപഠനങ്ങള്‍(1986), വിശ്വസാഹിത്യപഠനങ്ങള്‍(1986), തത്ത്വവും മനുഷ്യനും(1986), ഖണ്ഡനവും മണ്ഡനവും(1986), എന്തിനു ഭാരതധരേ(1989), അഴീക്കോടിന്റെ സംഭാഷണങ്ങള്‍-എഡിറ്റിംഗ് പി.വി.മുരുകന്‍(1993), ഗുരുവിന്റെ ദുഃഖം(1993), അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍(1995), അഴീക്കോടിന്റെ ഫലിതങ്ങള്‍(1995), ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ(1997), പാതകള്‍ കാഴ്ചകള്‍(1997), നവയാത്രകള്‍(1998), ഭാരതീയത(1999), പുതുപുഷ്പങ്ങള്‍(1999), തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍(1999), പ്രിയപ്പെട്ട അഴീക്കോടിന്(2001), ഇന്ത്യയുടെ വിപരീതമുഖങ്ങള്‍(2003), അഴീക്കോടിന്റെ ലേഖനങ്ങള്‍(207), അഴീക്കോട് മുതല്‍ അയോധ്യ വരെ(2007). വിവര്‍ത്തനങ്ങള്‍: ഒരുകൂട്ടം പഴയ കത്തുകള്‍(1964), ഹക്കിള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍(1967), ജയദേവന്‍(1980).
കായികപ്രേമി
കായികമത്സരങ്ങള്‍ അഴീക്കോടിനു ഹരമായിരുന്നു. പുതുതലമുറ ഏറ്റവും ഇഷ്ടപ്പെടുന്ന ക്രിക്കറ്റിനോടാണ് ഏറെ കമ്പം. സച്ചിന്‍ തെണ്ടുല്‍ക്കറെയും വലിയ ഇഷ്ടം. ടെന്നീസ്, ഫുട്ബോള്‍, വോളിബോള്‍, ഹോക്കി എന്നീ കളികളെല്ലാം അദ്ദേഹം ഇഷ്ടപ്പെട്ടു. മുമ്പ് ഗുസ്തിയും ബാഡ്മിന്റണും അക്കൂട്ടത്തിലുണ്ടായിരുന്നു. അര്‍ധരാത്രി കഴിഞ്ഞാലും ടിവിയില്‍ ക്രിക്കറ്റും ടെന്നീസും ഫുട്ബോളുമെല്ലാം ആവേശപൂര്‍വം അദ്ദേഹം കാണുമായിരുന്നു.
അഴീക്കോടിന്റെ സമ്പാദ്യം
ഭാര്യയും മക്കളുമില്ലാത്ത ഡോ. സുകുമാര്‍ അഴീക്കോടിന് എന്തു സമ്പാദ്യം കാണും. അദ്ദേഹം രചിച്ച പുസ്തകങ്ങളുടെ റോയല്‍റ്റി, പ്രസംഗങ്ങള്‍ക്കുള്ള പ്രതിഫലം, മോശമല്ലാത്ത പെന്‍ഷന്‍, നല്ലൊരു വീടും പറമ്പും, അങ്ങനെ ലക്ഷക്കണക്കിനോ കോടിക്കണക്കിനോ മതിക്കുന്ന സമ്പത്ത് അദ്ദേഹത്തിനുണ്െടന്നു കരുതുന്നവര്‍ ധാരാളം. എന്നാല്‍, കാര്യമായ സമ്പാദ്യമൊന്നുമില്ലെന്നാണ് അഴീക്കോട് ആത്മകഥയില്‍ വെളിപ്പെടുത്തുന്നത്.
ഇരവിമംഗലത്തെ വീടും 16 സെന്റ് സ്ഥലവുമാണു പ്രധാന സമ്പാദ്യം. വീട്ടില്‍ ആയിരക്കണക്കിനു പുസ്തകങ്ങളും എണ്ണമറ്റ പാരിതോഷികങ്ങളുമുണ്ട്. ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്നതാണ് ഈ സമാഹാരം. വിയ്യൂരിലെ വീടു വിറ്റുകിട്ടിയ പണംകൊണ്ടാണ് ഇരവിമംഗലത്തു സ്ഥലം വാങ്ങി വീടു നിര്‍മിച്ചത്. പഴയ മാരുതി കാര്‍ വിറ്റു വ ലിയ കാര്‍ വാങ്ങുകയും ചെയ്തു.
ഗ്രന്ഥങ്ങളുടെ റോയല്‍റ്റിയും പ്രതിഫലവും പ്രസാധകര്‍ പതിവായി അയച്ചുതരാറില്ലെന്നു ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. പെന്‍ഷനായി ലഭിക്കുന്ന തുക വീട്ടിലെ പാചകക്കാരിയുടെ ശമ്പളത്തിനുപോലും തികയില്ലത്രേ.

അസ്തമിച്ച ധൈഷണിക സൂര്യന്‍ -പെരുമ്പടവം ശ്രീധരന്‍

നമ്മുടെ സാഹിത്യ-സാംസ്കാരിക-സാമൂഹ്യരംഗങ്ങളുടെ ആകാശത്തു കത്തിജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു സുകുമാര്‍ അഴീക്കോട്. ആചാര്യനെന്ന നിലയില്‍ കേരളം അദ്ദേഹത്തെ അംഗീകരിച്ചിരുന്നു. ഏതു വിഷയത്തിലും ഏതു പ്രശ്നത്തിലും അഴീക്കോടിന്റെ അഭിപ്രായത്തിനായി കേരളം കാതോര്‍ത്തു. തന്റെ സര്‍ഗാത്മക ജീവിതം ആരംഭിക്കുമ്പോള്‍ കുട്ടിക്കൃഷ്ണ മാരാരുടെയും മുണ്ടശേരിയുടെയും വിമര്‍ശനമാര്‍ഗങ്ങള്‍ കണ്ടറിഞ്ഞ അഴീക്കോട് തന്റേതായ വഴി തെരഞ്ഞെടുത്തു.
തനിക്കു ശരിയെന്നു തോന്നുന്ന അഭിപ്രായങ്ങള്‍ അദ്ദേഹം മുറുകെപ്പിടിച്ചു. തെറ്റെന്നു തോന്നിയ ആശയങ്ങളോട് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഒരു യോദ്ധാവിനെപ്പോലെ പടവെട്ടി. ആര്‍ക്കെല്ലാം നോവുമെന്നോ ആര്‍ക്കുനേരെയാണ് ശരങ്ങളയയ്ക്കുന്നതെന്നോ നോക്കാതെയായിരുന്നു ആ യുദ്ധം.
ശിശുസഹജമായ ഒരു നിഷ്കളങ്കത അദ്ദേഹത്തിനുണ്ടായിരുന്നു. അല്ലെങ്കില്‍ എതിര്‍ക്കപ്പെടേണ്ട ആശയങ്ങള്‍ക്കു മുന്നില്‍ നോക്കാതെ ഇങ്ങനെ ക്ഷോഭിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യുമായിരുന്നില്ല. സമൂഹത്തെ നിരുപാധികമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് അഴിക്കോടായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ അദ്ദേഹത്തിന്റെ പ്രസംഗത്തെ സാഗരഗര്‍ജനമെന്നാണു വിശേഷിപ്പിച്ചത്.
ഈ ഗര്‍ജനത്തിനിടയിലും അദ്ദേഹം സൂക്ഷിച്ചിരുന്ന വിശുദ്ധമായ നിശബ്ദതകളില്‍ സ്നേഹവും വാത്സല്യവും പരിഗണനയുമുണ്ടായിരുന്നു. ശിശുസഹജമായ നൈര്‍മല്യമില്ലാത്തവര്‍ക്ക് അങ്ങനെയാവുക അസാധ്യമാണ്.
സാഹിത്യ അക്കാദമി പ്രസിഡന്റായി ചുമതലയേറ്റശേഷം ഞാന്‍ ആദ്യം പോയത് അഴീക്കോടിന്റെ ഇരവിമംഗലത്തെ വീട്ടിലേക്കാണ്. അവിടെ ഒരു പെരുമഴയത്തു വീടിന്റെ വരാന്തയില്‍ അദ്ദേഹം എന്നെ കാത്തുനിന്നിരുന്നു. മാഷിന്റെ അനുഗ്രഹവും ഉപദേശവും നിര്‍ദേശവും ഇനി അക്കാദമിക്കുണ്ടാകണമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ പെരുമ്പടവത്തിനൊപ്പം ഞാനുമുണ്ടാകുമെന്നു പറഞ്ഞെന്നെ ചേര്‍ത്തുപിടിച്ചു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ എന്നും കൂടെയുണ്ടാകുമെന്ന് ആശുപത്രിക്കിടക്കയില്‍വച്ചു കണ്ടപ്പോഴും പറഞ്ഞിരുന്നു.
ഇപ്പോള്‍ അഴീക്കോട് വിടപറഞ്ഞിരിക്കുന്നു. ആത്മീയമായി നാം എത്ര ദരിദ്രരായിത്തീര്‍ന്നിരിക്കുന്നു എന്നാണു ഞാന്‍ പേടിക്കുന്നത്. പകരംവയ്ക്കാന്‍ വേറാരാണുള്ളത്? ധൈഷണിക ജീവിതത്തില്‍ ജ്വലിച്ചിരുന്ന സൂര്യന്‍ അസ്തമിച്ചു.
ഇനി ഏത് ഇരുട്ടിലാണ് നാം ജീവിക്കുക? ആരാണു നമ്മെ സ്നേഹിക്കാനും ശാസിക്കാനുമുള്ളത്? കൈപിടിച്ചു നടത്താനുള്ളത്? മഹാശൂന്യതയാണു കാണുന്നത്. അഴീക്കോടില്ലാത്ത കാലത്തു ജീവിക്കേണ്ടിവരുന്നത് അദ്ദേഹത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്തവര്‍ക്ക് വേദനാജനകമായ കാര്യമാണ്.

Tuesday, January 24, 2012

അഴീക്കോട് മാഷ്: ഒരു അടുപ്പക്കാഴ്ച-ഡോ. സിറിയക് തോമസ്

വര്‍ഷം 1962. പാലായില്‍നിന്നു ഞങ്ങള്‍ ഏതാനും കോളജ് വിദ്യാര്‍ഥികള്‍ കോട്ടയത്ത് ഹൊറര്‍ ഓഫ് ഡ്രാക്കുള എന്ന സിനിമ കാണാന്‍ പുറപ്പെട്ടു. പോകുംവഴിയാണ് വൈഎംസിഎയില്‍ സുകുമാര്‍ അഴീക്കോടിന്റെ പ്രഭാഷണം. ഞങ്ങള്‍ സിനിമ ഉപേക്ഷിച്ച് പ്രസംഗത്തിനു കയറി. അഴീക്കോടിന് അന്ന് ചെറുപ്പം വിട്ടിട്ടില്ല. പ്രസംഗം സാഗരഗര്‍ജനം തന്നെ.
അഴീക്കോട് മാഷിനെ ആദ്യമായി കാണുകയാണ്. കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒരു സെമിനാറായിരുന്നു അത്. നേതൃപാടവത്തെക്കുറിച്ചായിരുന്നു അഴീക്കോടിന്റെ പ്രസംഗം. നെഹ്റു, സരോജനി നായിഡു തുടങ്ങിയ നേതാക്കളെ ഓരോരുത്തരെക്കുറിച്ചും സൂക്ഷ്മമായ നിരീക്ഷണങ്ങളുമായി ഒരു നേതാവ് ആരാണെന്നു പറഞ്ഞ് അഴീക്കോട് സദസിനെ പിടിച്ചിരുത്തി. പ്രസംഗശേഷം അദ്ദേഹത്തെ പോയി പരിചയപ്പെടാനും ഞങ്ങള്‍ തിടുക്കംകൂട്ടി.
അന്നു തുടങ്ങിയ ബന്ധം ഇക്കഴിഞ്ഞ ദിവസം തൃശൂര്‍ അമല ആശുപത്രിയിലെ മുറിയില്‍ എന്റെ പിതാവ് ആര്‍.വി. തോമസിന്റെ പേരിലുള്ള പുരസ്കാരം അദ്ദേഹത്തിനു സമര്‍പ്പിക്കുന്നതുവരെ നീണ്ടു. അര നൂറ്റാണ്ട്. അഴീക്കോട് മാഷിനൊപ്പം ഏറ്റവുമധികം യാത്രചെയ്തിട്ടുള്ള ഒരാള്‍ ഞാനാവണം. നവഭാരതവേദിയുടെ സുവര്‍ണകാലം. അഴീക്കോട് മാഷ് പ്രസിഡന്റ്. ഞാന്‍ ജനറല്‍ സെക്രട്ടറി. കേരളത്തിലങ്ങോളമിങ്ങോളമുള്ള യാത്രകള്‍. പലതും ആഴ്ചകള്‍ നീണ്ടുനില്‍ക്കും. പ്രസംഗങ്ങള്‍, യോഗങ്ങള്‍. യുവാക്കളെ ഒരു കാന്തശക്തിയാലെന്നപോലെ അഴീക്കോട് നവഭാരതവേദിയിലേക്ക് ആകര്‍ഷിച്ചു. കേരളത്തില്‍ ഒരു മൂവ്മെന്റായി മാറി നവഭാരതവേദി.
കാര്‍ യാത്രയായിരുന്നു എന്നും അഴീക്കോടിന് ഇഷ്ടം. എത്ര സഞ്ചരിച്ചാലും മടുപ്പില്ല. മനസിന് ഇണങ്ങിയവരാണ് സഹയാത്രികരെങ്കില്‍ അഴീക്കോട് സംസാരിച്ചുകൊണ്േടയിരിക്കും. പഴയ കാലവും കഥകളും നേതാക്കളുമെല്ലാം വാക്കുകളില്‍ തെളിഞ്ഞുവരും. അഴീക്കോടിന്റെ ഫലിതം അതിന്റെ പൂര്‍ണരൂപത്തില്‍ പുറത്തുവരിക, പ്രസംഗങ്ങളിലോ പകല്‍ സംസാരങ്ങളിലോ അല്ല, രാത്രി യാത്രകളിലായിരുന്നു. മനസിന് അടുപ്പമില്ലാത്തവരാരെങ്കിലും ഇത്തരം യാത്രകളില്‍ ഒപ്പമുണ്ടായാല്‍ അവരിറങ്ങുംവരെ അഴീക്കോട് സുഖമായി ഉറങ്ങും. അവരിറങ്ങേണ്ട സ്ഥലമാവുമ്പോള്‍ കൃത്യമായി ഉണരുകയും ചെയ്യും. പിന്നീടാണു ഫലിത ങ്ങളുടെ കെട്ടഴിക്കുക.
ഒരുനാള്‍ അഴീക്കോട് തന്റെ പഴയ ചെറിയ കാര്‍ ഓടിച്ചുപോകുന്നു. മുന്നില്‍ പോകുന്ന ലോറിക്കാരന്‍ ഒരുവിധത്തിലും അഴീക്കോടിന്റെ കാറിനെ കയറിപ്പോകാന്‍ അനുവദിക്കുന്നില്ല. അമിതമായി ലോഡ് നിറച്ചാണ് ലോറിയുടെ പോക്ക്. നീണ്ട ഹോണടിച്ചിട്ടാണ് ഒരുവിധം മുന്നില്‍ കയറിയത്. കയറിയപാടേ അഴീക്കോട് തന്റെ കാര്‍ ലോറിക്കു വിലങ്ങിട്ടു. പിന്നീട് ഒരു പുകിലായിരുന്നു. നിയമവിരുദ്ധമായി യാത്ര തുടരുന്ന ലോറിയെ ഇനി പോകാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ അഴീക്കോട് പോലീസിനെ വിളിച്ചുവരുത്തി. അന്നു പോകേണ്ടിയിരുന്ന യോഗത്തിനുപോലും പോകാതെയായിരുന്നു അഴീക്കോടിന്റെ ഒറ്റയാള്‍ പോരാട്ടം. അദ്ദേഹത്തിന്റെ ധൈര്യത്തെക്കുറിച്ചു പറയാന്‍ അടുപ്പക്കാര്‍ക്ക് ഇത്തരം സംഭവകഥകള്‍ ഏറെയുണ്ടാവും.
വസ്ത്രധാരണത്തില്‍ അഴീക്കോടിനു വലിയ ശ്രദ്ധയൊന്നുമുണ്ടായിരുന്നെന്നു പറഞ്ഞുകൂടാ. എന്നും ഒരേ ശൈലി. പരുക്കന്‍ ഖദറിന്റെ കട്ടിക്കരയന്‍ ഒറ്റമുണ്ടും ഹൈനെക്ക് ജുബ്ബയും. ജുബ്ബയില്‍ ബട്ടന്‍സ് മിക്കതും പൊട്ടിയിരിക്കും. പകരം മൊട്ടുള്ള മൊട്ടുസൂചി കുത്തും. ജുബ്ബയോ മുണ്േടാ കീറിയാല്‍ അത് തുന്നി തയ്ച്ചിടാനും മടിച്ചിരുന്നില്ല. പഴയ മൂല്യങ്ങളോടെന്നപോലെ പഴയ വസ്ത്രങ്ങളോടും അഴീക്കോടിന് ഒരുതരം നൊസ്റാള്‍ജിയ ഉണ്ടായിരുന്നെന്നു തോന്നുന്നു. തുകല്‍ചെരിപ്പിനോടായിരുന്നു പഥ്യം. അവസാനകാലത്തു മാത്രം ഡോക്ടറുടെ ഉപദേശപ്രകാരം ഷൂ ധരിച്ചു.
ഭക്ഷണത്തിലും ലാളിത്യംതന്നെയായിരുന്നു അഴീക്കോട് ശൈലി. ഒന്നിനോടും ആസക്തിയില്ല. എത്ര ഇഷ്ടമായതായാലും ഒരു വിഭവവും രണ്ടാമതു വിളമ്പാന്‍ സമ്മതിക്കില്ല. മത്സ്യമാംസാദികള്‍ കഴിച്ചിരുന്നു. ഗാന്ധിജി സസ്യഭുക്കായിരുന്നതുകൊണ്ട് ഗാന്ധിയന്മാരും അങ്ങനെ വേണമെന്നൊന്നും അഴീക്കോട് വാശിപിടിച്ചിരുന്നില്ല. പഴങ്ങളോടായിരുന്നു പഥ്യം. സ്വന്തം പറമ്പില്‍ കൃഷിചെയ്തിരുന്ന പഴങ്ങളും പച്ചക്കറികളും ഇഷ്ടസുഹൃത്തുക്കള്‍ക്കു സമ്മാനിക്കുന്നതും അഴീക്കോടിനു ശീലമായിരുന്നു. ചിലപ്പോഴൊക്കെ രണ്ടും മൂന്നും പടല പഴം ഞങ്ങള്‍ക്കു പാലായിലും കൊണ്ടുവന്നു തന്നിരുന്നു.
അഴീക്കോടിന് എന്നും പുസ്തകങ്ങളോടായിരുന്നു ആസക്തി. എത്ര കിട്ടിയാലും സന്തോഷം. വായനയില്‍ മടുപ്പുമില്ല. എന്നാല്‍ യാത്രാവേളകളില്‍ വായിച്ചിരുന്നതേയില്ല. പത്രങ്ങളിലെ സ്പോര്‍ട്സ് പേജ് ഒന്നും വിടാതെ വായിച്ചിരുന്നു. ഡിറ്റക്ടീവ് നോവലുകളും ബലഹീനതയാണ്.
സ്വന്തം എഴുത്തും പ്രസംഗവും അഴീക്കോട് നന്നായി ആസ്വദിച്ചിരുന്നു. എതിരാളികള്‍ക്കെതിരേ പ്രസംഗങ്ങളില്‍ നന്നായി നര്‍മം പ്രയോഗിക്കാനും മടിച്ചിരുന്നില്ല. വലിയ സ്പീഡില്‍ യാത്രചെയ്തിരുന്ന ഒരു മുഖ്യമന്ത്രിയെക്കുറിച്ച് അഴീക്കോട് പറഞ്ഞത്, ജാതകവശാല്‍ പൈലറ്റാവേണ്ട ആളായിരുന്നു എന്നാണ്! ദണ്ഡിയാത്രയുടെ ജൂബിലിവേളയില്‍ ശംഖുമുഖത്തുനിന്നു കിഴക്കേക്കോട്ടയിലേക്ക് ജാഥ നയിച്ച നേതാവിനും കിട്ടി അഴീക്കോടിന്റെ വാക്പ്രഹരം. കിഴക്കേക്കോട്ടയില്‍നിന്നു നേതാവ് ശംഖുമുഖത്തേക്കു (അറബിക്കടല്‍) പോയിരുന്നെങ്കില്‍ കേരളം രക്ഷപ്പെടുമായിരുന്നെന്നായിരുന്നു അഴീക്കോടിന്റെ പരിഹാസം. ഒരിക്കല്‍ ഒരു സമ്മേളനത്തിലെ സ്വാഗതപ്രസംഗകന്‍ എല്ലാ പരിധിയുംവിട്ടു പ്രസംഗം നീട്ടിയപ്പോള്‍ പിന്നാലെ മൈക്കിനു മുന്നിലെത്തിയ അഴീക്കോട് പറഞ്ഞു, ഇത്തരം പ്രസംഗങ്ങള്‍ കേട്ടാണ് ഞാന്‍ ഇത്രമേല്‍ മെലിഞ്ഞുപോയത്!
ക്രിക്കറ്റില്‍ ഒരിക്കല്‍ ഓസ്ട്രേലിയയോട് ഇന്ത്യന്‍ ടീം ദയനീയമായി തോറ്റപ്പോള്‍ അഴീക്കോടിനു ക്ഷോഭമടക്കാനായില്ല. ഇന്ത്യന്‍ ടീമില്‍ ഇവര്‍ക്കു പകരം ഞാനും ആര്‍.എം. മനയ്ക്കലാത്തും കളിക്കുന്നതാണു ഭേദമെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്! പാര്‍ലമെന്റിലേക്കു മത്സരിച്ച കാലത്ത് എതിര്‍പക്ഷം എറിഞ്ഞ കല്ലുകള്‍ തനിക്കു കൊള്ളാതെപോയതു മൈക്കിന്റെ തണ്ടിനേക്കാള്‍ താന്‍ മെലിഞ്ഞിരുന്നതുകൊണ്ടാണെന്നായിരുന്നു അഴീക്കോടിന്റെ കണ്െടത്തല്‍!
കഴിഞ്ഞമാസം ആദ്യം ആശുപത്രിയില്‍ ചെന്ന് അഴീക്കോടിനെ കണ്ടപ്പോള്‍ ഡല്‍ഹിയിലേക്ക് എന്നു മടങ്ങും എന്നാണു ചോദിച്ചത്. ഒന്നുകൂടി വരണമെന്നും പറഞ്ഞു. നാലുനാള്‍ കഴിഞ്ഞ് ഞാന്‍ വീണ്ടും ചെന്നു. സന്തോഷത്തോടെ കൈപിടിച്ചു. ഒന്നുകൂടി വരണം എന്നു ഞാന്‍ പറയുന്നില്ല എന്നു പറഞ്ഞു ചിരിച്ചു.

അക്ഷരങ്ങളെ അഗ്നിയാക്കിയ ഡോ. സുകുമാര്‍ അഴീക്കോട്

ആ സാഗരഗര്‍ജനം നിലച്ചു. അരനൂറ്റാണ്ടിലേറെക്കാലം മലയാളികളുടെ ചിന്താമണ്ഡലത്തെ സ്വാധീനിച്ച ഡോ. സുകുമാര്‍ അഴീക്കോട് ഇനി ദീപ്തമായ ഓര്‍മ. ഉപനിഷത്തുകളുടെ സാരാംശവും തത്ത്വമസിയുടെ പൊരുളുമറിഞ്ഞ ഈ മഹാപണ്ഡിതന്‍ കാലയവനികയ്ക്കു പിന്നിലേക്കു മറയുമ്പോള്‍ സാഹിത്യ- സാംസ്കാരിക മണ്ഡലത്തിന് അതൊരു തീരാനഷ്ടമാണ്, എല്ലാ അര്‍ഥത്തിലും. പ്രഭാഷണകലയുടെ ആചാര്യനായി ഒരു തലമുറ മുഴുവന്‍ നെഞ്ചിലേറ്റി ആരാധിച്ച ഡോ. സുകുമാര്‍ അഴീക്കോട് എന്ന ജ്ഞാനവൃദ്ധന്റെ സ്വരം ശ്രവിക്കാന്‍ എന്നും ആദരവോടെ മാത്രമേ ഇവിടത്തെ സാധാരണക്കാര്‍ മുതല്‍ ഭരണാധികാരികള്‍ വരെയുള്ളവര്‍ തയാറായിട്ടുള്ളൂ. അഴീക്കോടു മാഷിന്റെ വിയോഗം സാംസ്കാരിക കേരളത്തിനു നികത്താനാവാത്ത വിടവാണ് എന്നു പറയുമ്പോള്‍ അതില്‍ അതിശയോക്തിയുടെ ലവലേശം പോലുമില്ല.
ഡോ. സുകുമാര്‍ അഴീക്കോടിനെപ്പോലെ കേരളസമൂഹത്തിന്റെ ചിന്തകളെയും പ്രവൃത്തികളെയും സ്വാധീനിച്ചവര്‍ അദ്ദേഹത്തിന്റെ തലമുറയില്‍ അധികമുണ്ടാവില്ല. ആയിരത്തിത്തൊള്ളായിരത്തി നാല്പതുകളില്‍ ദേശീയ പ്രസ്ഥാനത്തിന്റെ തരംഗങ്ങള്‍ നാട്ടില്‍ ഇളകിമറിഞ്ഞുകൊണ്ടിരുന്ന അന്തരീക്ഷത്തിലാണ് അദ്ദേഹം സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലേക്കു കടന്നുവരുന്നത്. ഈയൊരു പശ്ചാത്തലം പകര്‍ന്നുനല്‍കിയ ഗാന്ധിയന്‍ മൂല്യങ്ങള്‍ ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം നിഷ്ഠ പുലര്‍ത്തിയിരുന്നു. ഗാന്ധിസത്തിന്റെ സത്യാന്വേഷണ ത്വരയും ധാര്‍മികമായ അക്ഷോഭ്യതയും അദ്ദേഹത്തില്‍ അഗാധമായ സ്വാധീനം ചെലുത്തിയിരുന്നുവെന്നതിനു സഫലമായ ആ ജീവിതംതന്നെ സാക്ഷി. കര്‍ക്കശക്കാരനായി ചിലപ്പോഴെങ്കിലും ഭാവിക്കുമെങ്കിലും ഏവരുടെയും നന്മ കാംക്ഷിച്ച ഒരു കാരണവരുടെ ശുദ്ധഹൃദയമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത് എന്നതിനു ചില സമീപകാല സംഭവങ്ങള്‍തന്നെ ദൃഷ്ടാന്തമാണ്.
സാഹിത്യത്തെ അഗാധവും തീവ്രവുമായി സ്നേഹിക്കുകയും വൈകാരികമായ തീക്ഷ്ണതയോടെ ആവിഷ്കരിക്കുകയും ചെയ്തു ഈ സാഹിത്യ വിമര്‍ശകന്‍. അറിവിന്റെ ആഴങ്ങളില്‍ പിറവികൊണ്ട മുത്തുകളാണ് അദ്ദേഹത്തിന്റെ രചനകള്‍. മെലിഞ്ഞ ആ ശരീരത്തില്‍നിന്നുതിര്‍ന്നുവീണ തീപ്പൊരി പോലുള്ള വാക്കുകളും ചാട്ടുളി പോലുള്ള വിമര്‍ശനങ്ങളും നര്‍മോക്തി തുളുമ്പിയ പ്രയോഗങ്ങളും കേരളത്തിന്റെ പൊതുജീവിതമണ്ഡലത്തില്‍ ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രതിഭയുടെ മിന്നല്‍പ്പിണറിനാല്‍ വിജ്ഞാനങ്ങളുടെ ആകാശഭൂമികളെ തെളിയിച്ചുകാണിക്കാന്‍ അഴീക്കോടിനുള്ള പ്രാഗല്ഭ്യം അദ്ദേഹത്തിന്റെ എണ്ണമറ്റ പ്രസംഗങ്ങളിലും പ്രബന്ധങ്ങളിലും കാണാവുന്നതാണ്.
ഉജ്വലമായ പ്രഭാഷണചാതുരികൊണ്ട് കേരള മനഃസാക്ഷിയുടെ ആള്‍രൂപമായി മലയാളിമനസില്‍ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹം എല്ലാ അര്‍ഥത്തിലും ഒരു ബഹുമുഖപ്രതിഭാശാലിയായിരുന്നു. അധ്യാപകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, സാഹിത്യവിമര്‍ശകന്‍, ഗ്രന്ഥകാരന്‍, പത്രാധിപര്‍, ഗാന്ധിയന്‍ ചിന്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഇതിലേതു നിലയിലാണ് അദ്ദേഹം കൂടുതല്‍ തിളങ്ങിയത് എന്ന കാര്യത്തിലേ തര്‍ക്കമുണ്ടാവൂ.
വാക്കുകളിലായാലും ജീവിതത്തിലായാലും കാപട്യങ്ങള്‍ക്കും ദൌര്‍ബല്യങ്ങള്‍ക്കുമെതിരേ മുഖംനോക്കാതെ ആഞ്ഞടിക്കാനുള്ള ആത്മബലം എന്നും അദ്ദേഹം പ്രകടിപ്പിച്ചു. യാഥാര്‍ഥ്യബോധം കൈവിട്ടുള്ള ഈ വിമര്‍ശനം ചിലപ്പോള്‍ കുറേ ശത്രുക്കളെയും അദ്ദേഹത്തിനു നേടിക്കൊടുത്തു എന്നതു വസ്തുതയാണ്. സത്യമെന്നു തനിക്കു ബോധ്യമുള്ളവ അദ്ദേഹം വെട്ടിത്തുറന്നുതന്നെ പറഞ്ഞു. മുഖം നോക്കാതെ ആളുകളോട് ഏറ്റുമുട്ടി. മനസില്‍ കള്ളങ്ങളില്ലാത്ത ഋജുബുദ്ധി ആയതുകൊണ്ടാവാം അടുത്തു ബന്ധപ്പെട്ടിട്ടുള്ളവരോടുപോലും അദ്ദേഹം കലഹിച്ചിട്ടുണ്ട്. നിലപാടുകളായിരുന്നു അദ്ദേഹത്തിനു പ്രധാനം. അതേസമയം, കാലാനുസൃതമായി നിലപാടുകളില്‍ മാറ്റം വരുത്താനുള്ള പക്വത പ്രകടിപ്പിക്കാനും അദ്ദേഹം തയാറായി.
മാരകമായ രോഗം തന്നെ പിടികൂടിയെന്നറിഞ്ഞപ്പോള്‍ ആ ചികിത്സാകാലം അനുരഞ്ജനത്തിനും മാനസിക നവീകരണത്തിനുമുള്ള അവസരം കൂടിയായി അദ്ദേഹം മാറ്റിയെടുത്തു. മനഃപൂര്‍വമായോ അല്ലാതെയോ താന്‍മൂലം വേദന അനുഭവിക്കേണ്ടിവന്നവരോടെല്ലാം അദ്ദേഹം മാപ്പുചോദിച്ചു. തന്നെ വേദനിപ്പിച്ചവരോടെല്ലാം ക്ഷമിച്ചു. മരണത്തെ രണ്ടുകൈയുംനീട്ടി സ്വീകരിക്കാന്‍ ഒരുങ്ങിയതുപോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ഒരു ജീവിതകാലം മുഴുവന്‍ സംസ്കൃതിയെ പോഷിപ്പിച്ചതിന്റെ തിളക്കവും സംതൃപ്തിയും അസ്തമയസമയത്ത് ആ സൂര്യമുഖത്തു പ്രതിഫലിക്കുന്നുണ്ടായിരുന്നു.
പ്രൌഢഗംഭീരമായ നിരവധി ലേഖനങ്ങളിലൂടെ ദീപികയുടെ താളുകളെ സമ്പന്നമാക്കാന്‍ ഡോ. സുകുമാര്‍ അഴീക്കോട് സന്നദ്ധനായതു കൃതജ്ഞതയോടെ ഞങ്ങള്‍ സ്മരിക്കുന്നു. മലയാള സാഹിത്യ- സാംസ്കാരിക മണ്ഡലത്തിലെ രാജഗുരുവിനു ഞങ്ങളുടെ ആദരാഞ്ജലി.