Showing posts with label മലയാള മനോരമ. Show all posts
Showing posts with label മലയാള മനോരമ. Show all posts

Tuesday, January 24, 2012

ഗര്‍ജനം ബാക്കിയാക്കി സാഗരം പിന്‍വാങ്ങി

ദശാബ്ദങ്ങളായി മലയാളം കേട്ടുകൊണ്ടിരുന്ന ഘനസാന്ദ്രമായ കടല്‍മുഴക്കം നിശ്ശബ്ദമായി. ബഹുമുഖവും വിസ്തൃതവുമായ കര്‍മകാണ്ഡം കാലത്തില്‍ ശേഷിപ്പിച്ചാണു ഡോ. സുകുമാര്‍ അഴീക്കോട് യാത്രയാവുന്നത്. സാഹിത്യത്തിലും സമൂഹത്തിലും വാമൊഴികൊണ്ടും വരമൊഴികൊണ്ടും അദ്ദേഹം കൊത്തിവച്ച സ്വരങ്ങള്‍ എന്നും നമുക്കൊപ്പമുണ്ടാവും.
പല വഴികളിലൂടെ ഒഴുകി നിത്യസ്മൃതിയുടെ കടലില്‍ എത്തിച്ചേര്‍ന്ന പുഴയാണ് അഴീക്കോടിന്റെ ജീവിതം. എഴുത്ത്, പ്രഭാഷണം, അധ്യാപനം, പത്രാധിപത്യം തുടങ്ങി വിഭിന്നമായ ഒാരോന്നിലും അദ്ദേഹം മികവിന്റെ ഒരേ കയ്യൊപ്പിട്ടു. 85 വര്‍ഷം മുമ്പൊരു മേടമാസത്തില്‍ പിറന്നതിനാലാവണം, ഇടപെടലുകളോരോന്നിലും തീക്ഷ്ണമായ വെയില്‍ച്ചൂടുണ്ടായി. താന്‍ പിറന്നത് ഇരുപതാം വയസ്സിലാണെന്നും സേവാഗ്രാമിലെ ആശ്രമത്തില്‍, വെറും ജമുക്കാളത്തിലിരുന്നു ചര്‍ക്ക തിരിക്കുന്ന മഹാത്മാഗാന്ധിയെ കണ്ട ആ മാര്‍ഗദര്‍ശന നിമിഷത്തിലാണെന്നും അദ്ദേഹം വിശ്വസിച്ചു; അവിടെനിന്ന് ആത്മകഥ തുടങ്ങി നവജന്മത്തിന്റെ മുഹൂര്‍ത്തത്തെ ആഘോഷിച്ചു.
ഗാന്ധിജിയുടെ സേവാഗ്രാം പ്രതിനിധീഭവിക്കുന്ന ജീവിതലാളിത്യത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും സ്നേഹപ്രകാശത്തിന്റെയും ആ ലോകം സുകുമാര്‍ അഴീക്കോടിന്റെ അതുവരെയുള്ള ജീവിതത്തെത്തന്നെ അപ്രസക്തമാക്കുകയായിരുന്നു.  'ഞാന്‍ ഗാന്ധിജിയുടെ പിന്നില്‍, വളരെ പിന്നിലായിരിക്കാം, എങ്കിലും മറ്റാരുടെയും പുറകിലല്ല എന്ന ബോധ്യം ആ ജീവിതത്തിന്റെ മുദ്രാവാചകവുമായി.
അഴീക്കോടിന്റെ സാഹിത്യ വിമര്‍ശനവും സാമൂഹികവിമര്‍ശനവും സ്വന്തം സ്വാതന്ത്യ്രത്തിന്റെ പ്രഖ്യാപനങ്ങളായിരുന്നു. ജീവിതത്തിന്റെ പിന്‍പാതിയില്‍ അദ്ദേഹം സജീവമായി ഇടപെട്ട വിവാദങ്ങളും അതേ സ്വാതന്ത്യ്രത്തിന്റെ ഉറപ്പിക്കല്‍തന്നെയായി. ചര്‍ക്ക ഗാന്ധിജിക്കു സ്വാതന്ത്യ്രത്തിന്റെ പ്രതീകമായിരുന്നതുപോലെ പ്രസംഗം അഴീക്കോടിനു സ്വാതന്ത്യ്രത്തിന്റെ ചിഹ്നമായിരുന്നു എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അഴീക്കോട് ആരെയും ഭയപ്പെട്ടില്ല. ചോദ്യം ചെയ്യപ്പെടുന്നതില്‍നിന്ന് ആരും വിമുക്തരല്ലെന്നും വിശ്വസിച്ചു. 'ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു കൃതി നിര്‍ഭയന്റെ നേരെഴുത്തിന്റെ ആദ്യസാക്ഷ്യങ്ങളിലൊന്നാണ്. എതിര്‍പ്പ് ആശയമേഖലയിലൊതുക്കാന്‍ കഴിഞ്ഞ,  അഭിജാതമായ ആ സാഹിത്യകാലം മണ്‍മറഞ്ഞത് അഴീക്കോടിന്റെ സ്വകാര്യസങ്കടവുമായിരുന്നു.
'ആശാന്റെ സീതാകാവ്യം എന്ന ആദ്യ കൃതിയായിരുന്നു അഴീക്കോടിന് ഏറ്റവും പ്രിയപ്പെട്ടത്. ''ഇരുപത്തെട്ടാം വയസ്സില്‍ എഴുതിയ 'ആശാന്റെ സീതാകാവ്യം ജീവിച്ചിരിക്കുമ്പോള്‍ ഗ്രന്ഥകാരന്‍ കാലനെ എന്തിനു ഭയപ്പെടണം എന്നു സ്വയം തോന്നിപ്പിക്കാന്‍ മാത്രം സഫലമായിരുന്നു ഫലശ്രുതി. ആ ചെറുപ്രായത്തില്‍  'ചിന്താവിഷ്ടയായ സീത എന്ന ശ്രേഷ്ഠകാവ്യത്തിന്റെ സമ്പൂര്‍ണ പഠനത്തിന്റെ കര്‍ത്താവാകാന്‍ കഴിഞ്ഞതു സാഹിത്യലോകത്തേക്കുള്ള നല്ല പ്രവേശികയുമായി. വര്‍ഷങ്ങള്‍ക്കുശേഷം ഭാരതീയ തത്വചിന്തയുടെ കടലില്‍ സ്നാനംചെയ്തപ്പോഴാണു 'തത്വമസി  പിറന്നത്; ഒരേസമയം ലളിതവും ഗഹനവുമായ ഗ്രന്ഥം.
അര നൂറ്റാണ്ടിലേറെ നീണ്ട പ്രഭാഷണകാലത്തിലൂടെ എണ്ണമറ്റ വേദികള്‍ അനുപമമായ 'അഴീക്കോട് അനുഭവം അറിഞ്ഞു. ഒരു പതിനെട്ടുകാരന് എടുത്താല്‍ പൊങ്ങാത്ത ' ഭാരതീയ ചിന്തയും ആശാന്റെ വിശ്വവീക്ഷണവും ആയിരുന്നു ആദ്യപ്രസംഗത്തിന്റെ വിഷയം. പിന്നീടു കേരളം കണ്ടത്  പ്രഭാഷണകലയുടെ രാജശില്‍പിയുടെ പടയോട്ടകാലം. അറിവും അനുഭവവും ആത്മവിശ്വാസവും നിശിതബുദ്ധിയും നിരീക്ഷണപാടവവുമൊക്കെ ഉള്ളിലെ തീയില്‍ നീറ്റി പ്രസംഗമേടയില്‍ പുറത്തെടുത്തപ്പോള്‍ അഴീക്കോടിന്റെ ഒാരോ വാക്കിനും അദ്ദേഹത്തേക്കാള്‍ തൂക്കമുണ്ടായി. പതിഞ്ഞ ശബ്ദത്തില്‍ തുടങ്ങി, ആഴത്തിലും പരപ്പിലും സമയത്തെ തോല്‍പ്പിച്ചൊഴുകുന്ന വാചകങ്ങള്‍ അര്‍ധവിരാമങ്ങളിലൂടെ നീണ്ടുനീണ്ട് പലപ്പോഴും ആകാശം തൊട്ടു. സ്വന്തം സ്വരത്തെ ക്രമീകരിച്ചും ശരീരഭാഷയില്‍ ശ്രദ്ധിച്ചും അദ്ദേഹം പ്രഭാഷണത്തെ ഒരേസമയം കേള്‍വിയുടെയും കാഴ്ചയുടെയും അനുഭവമാക്കി. സര്‍വകലാശാല പ്രൊ- വൈസ് ചാന്‍സലര്‍വരെയായ ആ മികച്ച അധ്യാപകനു പ്രസംഗത്തിലൂടെ കേരളത്തെ മുഴുവന്‍ ക്ളാസ്മുറിയാക്കാനുള്ള ഇന്ദ്രജാലം അറിയാമായിരുന്നു.
എത്ര തിരക്കിലും ഏകാന്തനായിരുന്നു അഴീക്കോട്. ജീവിതത്തിന്റെ പെണ്‍പാതി വേണ്ടെന്നുവച്ച് എഴുത്തിനെയും പ്രസംഗത്തെയും വിവാദത്തെയും ഗാഢം പ്രണയിച്ചു. നര്‍മത്തെ സഹചാരിയാക്കി. സമയം കിട്ടുമ്പോഴൊക്കെ ക്രൈംനോവലുകള്‍ വായിച്ചു. ടെലിവിഷനിലെ കളിനേരങ്ങളില്‍ ഉറങ്ങാന്‍ മറന്നു. 'വെള്ളിനക്ഷത്രമേ നിന്നെ നോക്കി എന്നു പാടിക്കേള്‍ക്കുമ്പോള്‍ മറയില്ലാതെ കരഞ്ഞു...
ഇനി ഒാര്‍മ മാത്രം. ഡോ. സുകുമാര്‍ അഴീക്കോടിന് ഞങ്ങളുടെ ഹൃദയാഞ്ജലി.

രാഷ്ട്രീയപര്‍വം

സ്ഥാനാര്‍ഥിയാകുക എന്നു പറഞ്ഞാല്‍, പ്രത്യേകിച്ചു കോണ്‍ഗ്രസിനകത്ത് അതൊരു നെട്ടോട്ടമാണ്. തിരുവനന്തപുരം മുതല്‍ ഡല്‍ഹി വരെ നീളുന്ന യാത്രകളിലൂടെയാണു പല സ്ഥാനാര്‍ഥികളും ഉദിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ഥിയെത്തേടി എത്തിയിരുന്ന കാലമുണ്ടായിരുന്നു. ഡോ. സുകുമാര്‍ അഴീക്കോട് അങ്ങനെ തേടിവന്നു പിടിക്കപ്പെട്ടയാളാണ്. 1962ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തലശേരി മണ്ഡലത്തിലായിരുന്നു അഴീക്കോടിന്റെ കന്നിമത്സരം.
അഴീക്കോട് അക്കഥ ഒാര്‍ക്കുകയാണ്. ''കോളജില്‍ പ്രീ യൂണിവേഴ്സിറ്റിക്ക് ക്ളാസ് എടുത്തുകൊണ്ടിരിക്കെയാണു വാതില്‍ക്കല്‍ സി.കെ. ഗോവിന്ദന്‍ നായരും തായാട്ട് ശങ്കരനും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി. ഗോപാലനും പ്രത്യക്ഷപ്പെടുന്നത്. ഞാന്‍ അദ്ഭുതപ്പെട്ടു. സികെയെപ്പോലെ ഒരാള്‍ എന്നെ തേടി എന്തിനുവന്നു എന്നു സംശയം തോന്നി. പുറത്തിറങ്ങിയ ഉടനെ ഒറ്റവാക്കില്‍ കാര്യം പറഞ്ഞു. 'തലശേരിയില്‍ പ്രഫസര്‍ മത്സരിക്കണം. ഞാനന്നു പ്രഫസര്‍ അല്ലെങ്കിലും അങ്ങനെയാണു സികെ എന്നെ വിളിച്ചിരുന്നത്. നേരെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്കു പോയി അനുമതി വാങ്ങി. എനിക്കു തിരഞ്ഞെടുപ്പുകാലത്തു കോളജ് മാനേജ്മെന്റ് തിരഞ്ഞെടുപ്പു ഫണ്ടും തന്നു. അന്നെല്ലാം ഒരാള്‍ മത്സരിക്കുന്നതു സ്ഥാപനത്തിന് അഭിമാനമാണ്.
എസ്.കെ. പൊറ്റെക്കാടായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. എസ്കെ അന്നുതന്നെ വലിയ എഴുത്തുകാരനാണ്. തിരഞ്ഞെടുപ്പില്‍ അഴീക്കോട് തോറ്റു. അതേക്കുറിച്ച് അഴീക്കോട് പറയുന്നു: ''ജനത്തിന് എന്നെക്കാള്‍ ബുദ്ധിയുണ്ട്. ജയിച്ചാല്‍ ഞാന്‍ കോണ്‍ഗ്രസില്‍ പോകും. അത് ഒഴിവാക്കാനായിരുന്നു ജനം തീരുമാനിച്ചത്.

അപൂര്‍വ സഹോദരന്‍ -എം കെ സാനു

ആഴ്ചയിലൊരിക്കലെങ്കിലും ആശുപത്രി സന്ദര്‍ശിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. രോഗം എന്ന അദൃശ്യശത്രുവിന്റെ പിടിയിലമര്‍ന്ന് നിസ്സഹായരായി ശയിക്കുന്നവരെ സഹോദരങ്ങളായാണ് ഞാന്‍ കണ്ടുപോന്നത്.  തൃശൂരിലെ അമലാ ആശുപത്രിയിലെത്തി സുകുമാര്‍ അഴീക്കോടിന്റെ സമീപം നിന്നപ്പോള്‍ ഇതേ സാഹോദര്യഭാവമാണ് എന്നില്‍ നിറഞ്ഞത്. സിപിഎം നേതാക്കളിലൊരാളായ ഗോപി കോട്ടമുറിക്കലും കവി എസ്. രമേശനും എനിക്ക് തുണയായുണ്ടായിരുന്നു.
ഏകദേശം ആറു ദശാബ്ദക്കാലത്തെ പരിചയം സുകുമാര്‍ അഴീക്കോടിനും എനിക്കും തമ്മിലുണ്ട്. അദ്ദേഹത്തെ 'സുകുമാര്‍ 'എന്നാണ് ഞാന്‍ വിളിച്ചിരുന്നത്.  ഞാന്‍ മാത്രമേ അങ്ങനെ വിളിച്ചിരുന്നുള്ളൂ എന്നു തോന്നുന്നു. ഞങ്ങള്‍ ആദ്യം കണ്ടുമുട്ടിയത് ഒരു പ്രസംഗവേദിയില്‍ വച്ചാണ്. പ്രസംഗത്തിനിടയില്‍ പാശ്ചാത്യവിദ്യാഭ്യാസത്തെപ്പറ്റി ഗാന്ധിജി പ്രകടിപ്പിച്ച അഭിപ്രായങ്ങളില്‍ ചിലതിനോട് ഞാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. നിരുപദ്രവകരമായ ഒരു പരാമര്‍ശം മാത്രമേ ഞാന്‍ നടത്തിയുള്ളു. സുകുമാര്‍ അഴീക്കോടിനെ അത് പ്രകോപിപ്പിച്ചു. അദ്ദേഹം വികാരാവേശത്തോടെ എന്റെ പരാമര്‍ശത്തെ എതിര്‍ക്കുന്നതു കണ്ടപ്പോള്‍ എനിക്ക് വിസ്മയം തോന്നി. അങ്ങനെ എതിര്‍ക്കാന്‍ വേണ്ടുമുള്ള കാര്യമൊന്നും എന്റെ പ്രസംഗത്തിലുണ്ടായിരുന്നില്ല. എങ്കിലും പ്രകോപിതമായ അവസ്ഥയില്‍ അദ്ദേഹം ശക്തിയായിത്തന്നെ എന്റെ അഭിപ്രായപ്രകടനത്തെ അപലപിച്ചു. ആവേശത്തിന്റെ ചൂടില്‍ 'ഗര്‍ദ്ദഭം””' എന്ന വാക്ക് എന്റെ നേര്‍ക്ക് പ്രയോഗിക്കുകയും ചെയ്തു.
ഞാന്‍ അതാസ്വദിച്ചു.സമ്മേളനം കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു: രുചികരമായ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഹൃദയൈക്യമേ ഉള്ളൂ.  അതു കേട്ടപ്പോള്‍ അദ്ദേഹം പൊട്ടിച്ചിരിച്ച രംഗം ഇപ്പോഴും എന്റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു. പരസ്പരം ഇണങ്ങി ഹൃദ്യമായി വര്‍ത്തമാനം പറഞ്ഞുകൊണ്ടാണ് അന്നു ഞങ്ങള്‍ പിരിഞ്ഞത്.
ഞങ്ങള്‍ക്കിടയില്‍ സൌഹൃദം വളരാന്‍ താമസമുണ്ടായില്ല. കാവ്യാസ്വദനം, കാവ്യതത്ത്വചര്‍ച്ച തുടങ്ങിയവയില്‍ മുഴുകി ധാരാളം സമയം ഞങ്ങള്‍ ഒരുമിച്ചിരുന്നിട്ടുണ്ട്. അതിന്റെ വേദി പലപ്പോഴും എന്റെ വീടായിരുന്നു. കോഴിക്കോട് നിന്നും അദ്ദേഹം വെളുപ്പാന്‍കാലത്ത് ഇവിടെയെത്തും. ഉച്ചവരെ ഞങ്ങളൊരുമിച്ച് പല കാര്യങ്ങളും പറഞ്ഞുകൊണ്ടിരിക്കും. ഉച്ചഭക്ഷണം കഴിഞ്ഞേ പുറത്തിറങ്ങൂ. പുതിയ പരിചയങ്ങള്‍, സൌഹൃദങ്ങള്‍ അങ്ങനെ പലതും അപ്പോഴാണ് നടക്കുക. എന്റെ മക്കളും സഹധര്‍മ്മിണിയും അമ്മയും അദ്ദേഹത്തെ  വീട്ടിലെ ഒരംഗമായിട്ടാണ് കണ്ടിരുന്നത്.
സ്വന്തം സഹോദരനായി മാത്രമേ അദ്ദേഹത്തെ ഞാന്‍  കണ്ടിരുന്നുള്ളു. അനേകം സ്ഥലങ്ങളില്‍ ഞങ്ങളൊരുമിച്ച് യാത്ര ചെയ്തു. അനേകം വേദികളില്‍ പ്രസംഗിച്ചു. പലതരം പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിച്ചു. 'അപൂര്‍വസഹോദരന്‍മാര്‍' എന്ന് ഞങ്ങളെപ്പറ്റി ആളുകള്‍ പറഞ്ഞു പോന്നു. നിസ്സാരമായ ഒരു കാര്യത്തിന്റെ പേരില്‍ ആ ബന്ധം ഒരു ദിവസം തകര്‍ന്നു. സ്വഭാവത്തിലും വീക്ഷണത്തിലും സമീപനത്തിലുമുള്ള വ്യത്യാസമാണ് ആ തകര്‍ച്ചയ്ക്കു കാരണമായതെന്ന് ഇന്നു ഞാനറിയുന്നു.
പിന്നീട് ഞങ്ങള്‍ തമ്മില്‍ ബന്ധപ്പെടുന്നത് 1988 ലാണ്. ഒരേ വേദിയില്‍ പ്രസംഗിക്കാന്‍ തുടങ്ങി. അന്ന് ഞാനായിരുന്നു കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്. സുകുമാര്‍ അഴീക്കോടിന് വിശിഷ്ടാംഗത്വം നല്‍കാന്‍ അക്കാദമിയില്‍ ഞങ്ങള്‍ തീരുമാനമെടുത്തു. അദ്ദേഹത്തിന് വിശിഷ്ടാംഗത്വചിഹ്നം നല്‍കുകയും, ഷാള്‍ പുതപ്പിക്കുകയും ചെയ്തു കൊണ്ട് ഞാന്‍ പ്രസംഗിച്ചു. അത്യധികം സന്തുഷ്ടനായാണ് അദ്ദേഹം മറുപടി പറഞ്ഞത്.
വീണ്ടും ഞങ്ങളൊരുമിച്ച് ഒരേ വേദിയില്‍ പ്രസംഗിക്കാന്‍ തുടങ്ങി. പക്ഷേ, ആ ബന്ധവും അധികകാലം നീണ്ടു നിന്നില്ല. ഞങ്ങള്‍ക്കു യോജിക്കാന്‍ പറ്റാത്ത സാഹചര്യങ്ങള്‍ പൊതു ജീവിതത്തിലുണ്ടായി. ഞങ്ങള്‍ അകന്നു.
അപ്പോഴാണ് സുകുമാര്‍ അഴീക്കോട് ഗുരുതരമായ രോഗാവസ്ഥയില്‍ ആശുപത്രിയില്‍ ശയിക്കുന്ന വാര്‍ത്ത കേട്ടത്.  ഞാന്‍ ആ രോഗശയ്യയ്ക്കരികിലെത്തി. എന്റെ കൈകള്‍ സ്വന്തം കൈത്തലത്തിലൊതുക്കി അമര്‍ത്തിപ്പിടിച്ചു കൊണ്ട് കിടന്ന അദ്ദേഹത്തില്‍ ഞാന്‍ ആ പഴയ സഹോദരനെ കണ്ടു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഒരു സഹോദരനെ നഷ്ടപ്പെട്ടതിന്റെ വ്യഥ ഞാനനുഭവിക്കുന്നു.

'സുമാര്‍' അഴീക്കോട്

അഞ്ചരയടി പൊക്കം.
49 കിലോ തൂക്കം.
കാഴ്ചയില്‍ നീണ്ടുമെലിഞ്ഞൊരു ദുര്‍ബലന്‍.
കേള്‍വിയിലോ..?
ആത്മാവുനിറയെ അഗ്നിയും വായുവും ആവാഹിച്ച്, ആരും കാണാത്ത ആവനാഴിയില്‍നിന്നു വാക്ശരങ്ങളെടുത്തു വേദിയില്‍ നിന്നു തൊടുക്കുമ്പോള്‍ ദുര്‍ബലന്‍ അര്‍ജുനനാവുന്നു.
നാവ് പടവാള്‍. പേനത്തുമ്പ് കുന്തമുന.

വായനയുടെയും ജീവിതാനുഭവത്തിന്റെയും ചിന്തയുടെയും ഉറയില്‍നിന്നു നാവിലേക്ക് അറിവ് ചുരികപോലെ കെട്ടഴിഞ്ഞു നീണ്ടുനീണ്ടു വരുന്നു. എതിരാളികളുടെ എല്ലാ ആയുധങ്ങളും ആക്ഷേപഹാസ്യത്തിന്റെ പരിചയില്‍ തട്ടി ദുര്‍ബലമായി മടങ്ങുന്നു. അതേ, അഴീക്കോട് എന്ന വില്ലാളി ആദ്യവസാനം ഒറ്റയാനായിരുന്നു. ഒപ്പം നിന്നു പൊരുതാന്‍ ഒരു ഭാര്യയെപ്പോലും കൂടെക്കൂട്ടിയില്ല!
പത്രങ്ങളായിരുന്നു അഴീക്കോടിനെ വിളിച്ചുണര്‍ത്തിയിരുന്ന അലാം. കൃത്യം ആറരയ്ക്ക് ഉണരുന്നത് എട്ടുപത്തു പത്രങ്ങളിലേക്കാണ്. ആ സമയത്ത് ചൂടുചായ വേണം. വാര്‍ത്തകളെ ഊതിക്കാച്ചി വായിക്കും. വലതുകയ്യില്‍ പിടിച്ച ചായഗാസുകൊണ്ട് ഇടതുകൈയുടെ മസിലുകള്‍ക്കുമീതേ ചേര്‍ത്തു ചൂടുവച്ചുകൊണ്ടാണു വായന. ശരീരത്തിന്റെ തണുപ്പുമാറ്റി ചായയുടെ ചൂടകറ്റുന്ന വിദ്യ.
മണിക്കൂറുകള്‍ നീളുന്ന ഈ പത്രവായനയുടെ നേരത്ത് ആരെങ്കിലും തടസപ്പെടുത്തുകയോ കോളിങ് ബെല്ലടിക്കുകയോ ചെയ്താല്‍ വഴക്ക് കേള്‍ക്കാം. ഉറപ്പ്. രാവിലെ പ്രസംഗജോലി ഇല്ലാത്ത ദിവസമാണെങ്കില്‍ ഒന്‍പതുമണിയോടെ കുളിച്ചു ഭക്ഷണം കഴിക്കും. ഒന്നര ദോശ, അല്ലെങ്കില്‍ ഒന്നര ഇഡലി. ഉപ്പുമാവിനോടാണു പ്രിയം. അല്‍പം കൂടുതല്‍ കഴിക്കുമെങ്കില്‍ അത് ഉപ്പുമാവും മീനുമാണ്. കണ്ണൂരിലെ ജീവിതകാലത്തു തുടങ്ങിയതാണു മീന്‍പ്രേമം. രാവിലെ ഒന്‍പതിനു മുന്‍പു യാത്രപോകുന്നത് അത്ര ഇഷ്ടമല്ല.കാര്‍ യാത്ര പ്രിയം. വിമാനയാത്ര ദേഷ്യം.
ട്രെയിന്‍ യാത്രയോട് ഇഷ്ടവുമില്ല, ഇഷ്ടക്കേടുമില്ല.

കാറിലെ യാത്രയില്‍ ഇഷ്ടമുള്ളിടത്തൊക്കെ ഇറങ്ങിയും ഉറങ്ങിയും പോകാം. മുന്‍കൂട്ടി ഒരുങ്ങി ചെയ്യുന്ന പ്രസംഗങ്ങള്‍ വളരെക്കുറവ്. മിക്ക പ്രസംഗവും രൂപപ്പെടുന്നതു പ്രസംഗവേദിയിലേക്കുള്ള കാര്‍യാത്രയില്‍. അഴീക്കോട് പ്രസംഗം മനനം ചെയ്തു തുടങ്ങിയാല്‍ അതു സാരഥി സുരേഷിനറിയാം. പിന്നെ സ്പീഡ് 40 കിലോമീറ്ററിലേക്കൊതുങ്ങും. ഉറക്കം തുടങ്ങിയാലും അങ്ങനെതന്നെ. മുന്‍പേ ഒരുങ്ങിയ പ്രസംഗമാണെങ്കില്‍ കാറില്‍ നന്നായി ഉറങ്ങും. വീട്ടിലുണ്ടെങ്കില്‍ ഒരുമണിക്കുതന്നെ ഊണ്. അല്‍പം ചോറേ കഴിക്കൂ. മീന്‍ പ്രിയം.  പയര്‍തോരനോടും പ്രേമം.
കിടക്കച്ചായ കഴിഞ്ഞാല്‍ പിന്നെ നാലുമണിക്ക് ഒരു ചായ മാത്രം. ഡയറി എഴുതുന്ന ശീലം പണ്ടേയുണ്ട്. ആരെങ്കിലുമൊരാള്‍ വന്നുപോയാല്‍ ആ വിവരം അപ്പോള്‍ത്തന്നെ ഡയറിയില്‍ കുറിക്കും. വൈകിട്ട് ചെറുപയര്‍ ഉപ്പേരികൂട്ടി കഞ്ഞി കുടിച്ചു കഴിഞ്ഞാല്‍ വിശദമായ എഴുത്ത്, വായന. പുസ്തകങ്ങള്‍ നോക്കി റഫര്‍ചെയ്തെഴുതുന്ന ശീലമില്ല. അത്മകഥയൊക്കെ എഴുതുന്ന കാലത്ത് ഒറ്റയിരിപ്പിന് പല അധ്യായങ്ങള്‍ എഴുതിക്കൂട്ടുകയായിരുന്നു. പ്രസംഗത്തിലും എഴുത്തിലും വായനയിലും മടുപ്പില്ല.
അതുപോലെ മടുപ്പില്ലാത്തൊരു ശീലം ക്രിക്കറ്റ് കളി കാണലാണ്. അഴീക്കോട് കള്ളം പറയുമായിരുന്നു..! ഇന്ത്യന്‍ ടീം ക്രിക്കറ്റില്‍ ഫൈനല്‍ കളിക്കുമ്പോഴുള്ള ചെറിയ നിര്‍ദോഷമായ കള്ളങ്ങള്‍. പ്രസംഗം ഒഴിവാക്കി ടിവിക്കു മുന്നില്‍ ഇടംപിടിക്കാനാണത്. ടിവി സ്ക്രീനിനോടു ചേര്‍ന്നിരിക്കും.  സച്ചിന്‍ ക്രീസിലുണ്ടെങ്കില്‍ കണ്ണെടുക്കില്ല. സച്ചിന്‍ ഔട്ടായാല്‍ ആകെ നിരാശനാകും. പിന്നെ അതുതന്നെ പറഞ്ഞുകൊണ്ടിരിക്കും. ക്രിക്കറ്റില്‍ പ്രധാനപ്പെട്ട സംഭവമെന്തെങ്കിലുമുണ്ടായാല്‍ പിറ്റേന്ന് ഒരു ലേഖനം ഉറപ്പ്.
ആദ്യകാലത്ത് ഫുട്ബോളിനോടായിരുന്നു പ്രിയമെങ്കിലും പിന്നീട് ക്രിക്കറ്റ് മനസില്‍ കയറിക്കൂടി. ടിവിക്കു മുന്നില്‍ തമ്പടിക്കുന്ന വേറൊരു സമയം 'പ്രൈം ടൈം ആണ്. ചില സീരിയലുകള്‍ വിടാതെ കാണുമായിരുന്നു.  'പ്രസംഗിക്കാനുള്ള വക കിട്ടും എന്നൊരു കമന്റ് ഈ സീരിയല്‍പ്രേമത്തെക്കുറിച്ചു ചോദിച്ചാല്‍ കേള്‍ക്കാം. ആദ്യകാലത്ത് പ്രസംഗബുക്കിങ് കുറിച്ചിരുന്നതു മനസിലായിരുന്നു. പിന്നീടു ഡയറിയിലേക്കു മാറി.
ഓര്‍മയില്‍ അഴീക്കോടിനെ വെല്ലാനാളില്ല. പറവൂര്‍ മൂത്തകുന്നത്ത് പത്തു വര്‍ഷത്തെ പ്രിന്‍സിപ്പല്‍ ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്ന അറ്റന്‍ഡന്‍മാരുടെപോലും പേര് മനസില്‍ അച്ചുകുത്തിയതുപോലെ. എഴുത്തിലെ ചില ഗാന്ധിയന്‍ ശാഠ്യങ്ങള്‍ പല പത്രമോഫിസുകളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. കുനുകുനെയുള്ള കൈപ്പട. അതും പൊട്ടിച്ച കവറിന്റെ മറുവശത്തോ കീറിയ പേപ്പറിന്റെ മുക്കിലോ മറ്റോ.
വായിച്ചെടുക്കാന്‍ പല എഡിറ്റര്‍മാരും പാടുപെട്ട് ഒടുവില്‍ വീണ്ടും അഴീക്കോടിനെത്തന്നെ ശരണം പ്രാപിച്ചിട്ടുണ്ട്. കടാങ്കോട് പ്രഭാകരനായിരുന്നു ഈ കയ്യക്ഷരം വായനയിലെ വിദഗ്ധന്‍. അതിനാല്‍ ആത്മകഥ പകര്‍ത്തിയെഴുതാന്‍ നിയുക്തനായതും പ്രഭാകരന്‍.
വസ്ത്രധാരണത്തിലെ ഗാന്ധിസത്തില്‍ വിട്ടുവീഴ്ചയില്ല. ഒരു മുണ്ടു കീറിക്കഴിഞ്ഞാല്‍ അഴീക്കോടിനെ കുറച്ചുനേരത്തേക്കു കാണില്ല. തപ്പിയാല്‍ മുറിയിലിരുന്നു സൂക്ഷ്മതയോടെ സൂചികോര്‍ത്ത് തനിയെ തുന്നുന്ന അഴീക്കോട്. ഒരു ജോഡി ജുബ്ബയും മുണ്ടും. അത് ഉപയോഗയോഗ്യമല്ലാതായാല്‍ വീട്ടുവേഷമാക്കും. പക്ഷേ, നല്ല കാറുകള്‍ എപ്പോഴും അഴീക്കോടിനെ മോഹിപ്പിച്ചു. സുഹൃത്തുക്കള്‍ വിലപിടിപ്പുള്ള കാറില്‍ വന്നാല്‍ അകത്തുകയറി ഇരുന്നൊക്കെ നോക്കും. വണ്ടിയുടെ വിശേഷങ്ങള്‍ ചോദിക്കും. അബ്ദുല്‍ വഹാബിന്റെ ബിഎംഡബ്ളിയു കാറിനോട് ഇഷ്ടമായിരുന്നു. ആദ്യം മാരുതി കാറായിരുന്നു കൂട്ട്. പിന്നീട് സീലോ കാര്‍ ആയി. നമ്പര്‍ കെഎല്‍ 7 ഡബ്ളിയു 50. ഈ കാര്‍ മാധവിക്കുട്ടിക്കു തുച്ഛമായ വിലയ്ക്കു സമ്മാനിച്ചു. പിന്നീടൊരു ബലേനോ വാങ്ങി. ഇപ്പോള്‍ ഗ്രാന്‍ഡ് വിറ്റാര.
86 വയസുള്ള സുകുമാര്‍ അഴീക്കോടിനെപ്പോലെ യാത്രചെയ്യുന്ന യുവാക്കള്‍പോലുമുണ്ടാവില്ല. പ്രസംഗത്തിനായി സഞ്ചരിച്ചിട്ടുള്ളതു ലക്ഷക്കണക്കിനു കിലോമീറ്ററുകളാണ്. കോഴിക്കോട് പ്രസംഗം കഴിഞ്ഞു പിറ്റേദിവസം കാസര്‍കോട്ട് പ്രസംഗമുണ്ടെന്നു കരുതുക. കോഴിക്കോടുറങ്ങി കാസര്‍കോടിനു പോകുന്ന പരിപാടി ഇല്ല. തിരിച്ചു തൃശൂരിലെ വീട്ടില്‍ വന്നു കിടന്നുറങ്ങി പിറ്റേന്നു പോകും. എത്ര വൈകിയാലും സ്വന്തം വീട്ടില്‍ ഉറങ്ങുന്നതാണു തൃപ്തി. പുതച്ചുറക്കം പതിവില്ല. കിടന്നാലുടന്‍ സ്വിച്ചിട്ടതുപോലെ ഉറക്കം. പ്രസംഗംപോലെ പതിഞ്ഞ ശബ്ദത്തിലെങ്കിലും നല്ല കൂര്‍ക്കംവലി. ഉറങ്ങുന്നതിനു മുന്‍പൊരു ശീലമുണ്ടായിരുന്നു. ഉപ്പുവെള്ളം തൊണ്ടയില്‍ പിടിക്കുന്നൊരു തെറപ്പി. ഒരു വര്‍ഷം മുന്‍പ് ബിപി പിടികൂടിയപ്പോള്‍ അതുനിര്‍ത്തി. 85-ാം വയസിലാണു മധുരരോഗമായ ഷുഗറിനെയും ഒപ്പംകൂട്ടി രക്തസമ്മര്‍ദ്ദം വന്നത്. ആറു മാസം മുന്‍പ് അര്‍ബുദം. അതുവരെ രോഗങ്ങളില്ല.
അറുപതാം വയസില്‍ അഴീക്കോടിന്റെ ജാതകം നോക്കിയ ജ്യോതിഷി പറഞ്ഞു. '65 വയസ്സു വരെ മാത്രമേ ജീവിക്കൂ. 66ല്‍ എത്തിയപ്പോള്‍ അദ്ദേഹം ജ്യോതിഷിയെ അന്വേഷിച്ചുപോയി. അപ്പോഴേക്കും പാവം ആ മനുഷ്യന്‍ മരിച്ചുപോയിരുന്നു. തന്റെ പ്രവചനം തെറ്റിച്ച ഒരാളുടെ കൂടെ കഴിയേണ്ട എന്ന് ഒാര്‍ത്താവാം അദ്ദേഹം നേരത്തെ പോയതെന്നായിരുന്നു അഴീക്കോടിന്റെ വിശകലനം.
കുറച്ചുനാള്‍ മുന്‍പ് അമല ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ അഴീക്കോടിന്റെ ഇസിജിയെടുത്ത ഡോക്ടര്‍ പറഞ്ഞു: 18 വയസുകാരന്റെ ഇസിജി പോലുണ്ട്. ദിവസേന എത്രവീതമെന്നോ ആഹാരത്തിനു മുന്‍പോ പിന്‍പോ എന്നോ നിബന്ധനയില്ലാതെ അഴീക്കോട് കഴിച്ചിരുന്ന മരുന്നിന്റെ പേരെന്താണെന്നോ?  പ്രസംഗം.

എഴുത്തിലൂടെ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച അഴിക്കോട്

പ്രഭാഷണങ്ങളിലൂടെ മാത്രമല്ല, പണ്ഡിതോചിതമായ എഴുത്തിലൂടെയും അഴിക്കോട് പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. സുകുമാര്‍ അഴീക്കോടിന്റെ നീണ്ട അറുപത്തേഴു വര്‍ഷത്തെ എഴുത്തുജീവിതം മലയാളത്തിനു സമ്മാനിച്ചത്, പ്രൌഢമായ ഒട്ടേറെ ചിന്താസമാഹാരങ്ങളാണ്.
വാക്കായിരുന്നു ആയുധം. അറിവായിരുന്നു മൂര്‍ച്ച. യുക്തിയും ചിന്തയും അലകും പിടിയും. എതിര്‍ക്കേണ്ടവനു കരുത്തേറും തോറും കാരിരുമ്പോളം കടുത്തു നിലപാടുകള്‍. ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ അഴീക്കോട് എഴുതിയ ആശാന്റെ സീതാകാവ്യവും മുപ്പത്തിയേഴാമത്തെ വയസ്സില്‍ എഴുതിയ 'ശങ്കരക്കുറുപ്പു വിമര്‍ക്കപ്പെടുന്നു എന്ന കൃതിയും മലയാള സാഹിത്യത്തില്‍ പതിറ്റാണ്ടുകളോളം ഭൂകമ്പങ്ങളുണ്ടാക്കി. അതുവരെ ഒരു എഴുത്തുകാരനേയും ഇത്ര ആഴത്തിലുള്ള പഠനത്തിലൂടെ നിരൂപകര്‍ വിമര്‍ശിച്ചിട്ടില്ലായിരുന്നു. വിമര്‍ശിക്കുമ്പോള്‍ തന്റെ വാദഗതികള്‍ ശക്തമായി അവതരിപ്പിക്കുകയും എതിരാളിയെ നിലം പരിശാക്കുകയും ചെയ്യുക എന്നതായിരുന്നു അഴീക്കോടന്‍ ശൈലി. അതേസമയം ഇവരുമായി നല്ല വ്യക്തിബന്ധം സൂക്ഷിക്കാനും അഴീക്കോട് ശ്രമിച്ചു. ജി.ശങ്കരക്കുറുപ്പുമായി പുലര്‍ത്തിയ സൌഹൃദം വളരെ സന്തോഷത്തോടെയാണ് എന്നും അദ്ദേഹം ഒാര്‍ത്തിരുന്നത്.
ജിയുടെ സാഗരഗീതം അടക്കമുള്ള പല കവിതകളും അനുകരണമാണെന്ന് 'ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന കൃതിയില്‍ അഴീക്കോട് വാദിക്കുന്നു. കുമാരനാശാന്‍െറ ചിന്താവിഷ്ടയായ സീതയുടെ സാഹിത്യഗുണം എടുത്തുകാട്ടുന്ന കൃതിയാണ് ആശാന്‍െറ സീതാകാവ്യം. 'മലയാള സാഹിത്യവിമര്‍ശനം' മലയാളത്തിലെ സാഹിത്യവിമര്‍ശനത്തിന്‍െറ ചരിത്രമാണ്.
1984 ല്‍ പ്രസിദ്ധീകരിച്ച തത്വമസിയാണ് അഴീക്കോടിന്റെ ഏറ്റവും വിഖ്യാതമായ കൃതി. ഭാരതീയ തത്വചിന്തയായിരുന്നു പ്രതിപാദ്യം. ഉപനിഷത്തുകളെ മലയാളിക്ക് ലളിതമായി പരിചയപ്പെടുത്തിയ കൃതിയായിരുന്നു അത്. 'തത്വമസി' 1985ല്‍ കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകളടക്കം 12 ബഹുമതികള്‍ക്ക് അര്‍ഹമായി. വയലാര്‍ അവാര്‍ഡ് , രാജാജി അവാര്‍ഡ്, സുവര്‍ണ കൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് തുടങ്ങിയവ അക്കൂട്ടത്തില്‍ പെടുന്നു.
'രമണനും മലയാളകവിതയും, പുരോഗമനസാഹിത്യവും മറ്റും, മഹാത്മാവിന്‍െറ മാര്‍ഗ്ഗം, ഖണ്ഡനവും മണ്ഡനവും, മലയാള സാഹിത്യപഠനങ്ങള്‍, വിശ്വസാഹിത്യപഠനങ്ങള്‍' , വായനയുടെ സ്വര്‍ഗത്തില്‍ എന്നിവയാണ് മറ്റു പ്രധാന കൃതികള്‍.
കേരള സാഹിത്യ അക്കാദമി 1991ല്‍ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2004ലെ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്കാരം നേടി. നവഭാരതവേദി എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ, വര്‍ത്തമാനം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. മാതൃഭൂമിയിലെ സാഹിതീസപര്യ, ഇന്ത്യാ ടുഡേയില്‍ നേര്‍ക്കാഴ്ച്ച, ഇന്ത്യന്‍ എക്സ്പ്രസിലെ ഇന്‍-പാസിങ്, മലയാള മനോരമയിലെ ശനിവിശേഷം, ദേശാഭിമാനിയിലെ മറയില്ലാതെ എന്നീ കോളങ്ങള്‍ വളരെ പ്രസിദ്ധം.

വിടവാങ്ങിയതു പ്രഭാഷണകലയിലെ മഹാമേരു



ചുരുണ്ടമുടിയും ചുണ്ടത്തെ നേരിയ ചിരിയുമായി വേദിയില്‍ നിന്നു പ്രസംഗിക്കുന്ന വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്‍. വേദിക്കരികില്‍ എപ്പോഴും കൌതുകത്തോടെ നോക്കി നില്‍ക്കുന്ന ഒരു പയ്യന്‍. വീട്ടിലെ സൌമ്യനായ അച്ഛനില്‍നിന്നു പ്രസംഗവേദിയിലെ മുഴക്കമുള്ള ശബ്ദമായി മാറുന്ന അച്ഛനെ വീരാരാധനയോടെ നോക്കിനിന്ന ആ പയ്യന്‍ പിന്നീടു പ്രസംഗകലയില്‍ ആകാശത്തോളം വളര്‍ന്നു പ്രഭാഷണകലതന്നെ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു വിടവാങ്ങുന്നു. പ്രഭാഷകന്റെ മകനായി ജനനം. വാഗ്ഭടാനന്ദന്റെ കടാക്ഷം, മഹാത്മാഗാന്ധിയില്‍നിന്നു നേരിട്ടു പകര്‍ന്നുകിട്ടിയ ഊര്‍ജം, അറിവനുഭവങ്ങളുടെ കരുത്ത്. ഡോ. സുകുമാര്‍ അഴീക്കോടിന്റെ ജീവിതരേഖയ്ക്കു ചുറ്റും മഹത്കടാക്ഷത്തിന്റെ പ്രഭാവലയമുണ്ട്.
പ്രസംഗകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനും പണ്ഡിതനുമായിരുന്ന അച്ഛന്‍തന്നെയാണ് അഴീക്കോടിന്റെ ഗുരു. കവിത, ഗദ്യം എന്നിവയിലെല്ലാം അഴീക്കോടിനെ ആദ്യകാലത്തു തിരുത്തിയതും വായനയുടെ വലിയ ലോകത്തേക്കു കൈപിടിച്ചു കൊണ്ടുപോയതും അച്ഛനാണ്. 1941ല്‍ ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂളില്‍നിന്നു പത്താംതരം പാസായ അഴീക്കോട്  1946-ല്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളജില്‍നിന്നു ബികോം ബിരുദവും കോഴിക്കോട് ഗവ. ട്രെയിനിങ് കോളജില്‍നിന്ന് അധ്യാപക ബിരുദവും തുടര്‍ന്നു മലയാളത്തിലും സംസ്കൃതത്തിലും എംഎയും കേരള സര്‍വകലാശാലയില്‍നിന്നു പിഎച്ച്ഡിയും നേടി. 1956ല്‍ മദിരാശി സര്‍വകലാശാലയില്‍നിന്ന് ഒന്നാം റാങ്കോടെയായിരുന്നു എംഎ നേടിയത്.
വാഗ്ഭടാനന്ദന്റെ പ്രസംഗമാണു ജീവിതത്തിലെ വഴിത്തിരിവായതെന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്. അച്ഛന്‍തന്നെയാണ് അദ്ദേഹത്തെ വാഗ്ഭടാനന്ദനിലേക്കും തുടര്‍ന്നു ശ്രീനാരായണ ഗുരുവിലേക്കും നയിച്ചത്. 1946-ല്‍ ജോലി തേടിയുള്ള ഡല്‍ഹി യാത്ര അഴീക്കോടിന്റെ ജീവിതംതന്നെ മാറ്റിമറിച്ചു. ഉദ്യോഗം വേണ്ടന്നുവച്ചു മടങ്ങുംവഴി ഗുജറാത്തില്‍ സേവാഗ്രാമത്തില്‍ ചെന്നു ഗാന്ധിജിയെ കണ്ടു. ഗാന്ധിയന്‍ വഴികളിലൂടെയുള്ള യാത്ര തുടങ്ങിയതും വാര്‍ധയിലെ ആ ഗാന്ധിദര്‍ശനത്തില്‍നിന്നുതന്നെ. അന്നു മുതല്‍ മരണം വരെ അദ്ദേഹം ഖദര്‍ മാത്രമേ ധരിച്ചിരുന്നുള്ളു.
1948ല്‍ ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 55ല്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളജിലും 1956-62 കാലത്തു കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സിലും അധ്യാപകനായിരുന്നു. 63ല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി തലശ്ശേരിയില്‍നിന്നു പാര്‍ലമെന്റിലേക്കു മത്സരിച്ചു പരാജയപ്പെട്ടു. മൂത്തകുന്നം എസ്എന്‍എം ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍, കാലിക്കറ്റ് സര്‍വകലാശാല അധ്യാപകന്‍ എന്നീ പദവികളിലൂടെ അദ്ദേഹം വലിയ ശിഷ്യസമ്പത്തും കഴിവുറ്റ അധ്യാപകനെന്ന പേരും നേടി. 28-ാം വയസ്സില്‍ എഴുതിയ 'ആശാന്റെ സീതാകാവ്യവും 37-ാം വയസ്സിലെഴുതിയ 'ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന കൃതിയും മലയാള സാഹിത്യത്തില്‍ പതിറ്റാണ്ടുകളോളം ഭൂകമ്പങ്ങളുണ്ടാക്കി.
അതുവരെ ഒരു എഴുത്തുകാരനെയും ഇത്രയും ആഴത്തില്‍ നിരൂപകര്‍ വിമര്‍ശിച്ചിട്ടില്ലായിരുന്നു. ശങ്കരക്കുറിപ്പിനെപ്പോലുള്ളൊരു മഹാമേരുവിനെതിരെ യുവാവായ അഴീക്കോട് നടത്തിയ വിമര്‍ശനം സാഹിത്യത്തിലെ പാരമ്പര്യവാദികളെ ഞെട്ടിച്ചു. 1974-78 കാലത്ത് കാലിക്കറ്റ് സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലറായും ആക്ടിങ് വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചു. 1986ല്‍ സര്‍വകലാശാല മലയാള വിഭാഗം പ്രഫസറായി സര്‍വീസില്‍നിന്നു വിരമിച്ചു. തുടര്‍ന്നു കാലിക്കറ്റ് സര്‍വകലാശാലയുടെ ആദ്യത്തെ എമറിറ്റസ് പ്രഫസര്‍, യുജിസിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനല്‍ അംഗം, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളില്‍ നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. യുജിസിയുടെ ആദ്യത്തെ നാഷനല്‍ ലക്ചറര്‍, സമസ്ത കേരള സാഹിത്യ പരിഷത് പ്രസിഡന്റ് (1965-77), നാഷനല്‍ ബുക്ക് ട്രസ്റ്റ് ഒാഫ് ഇന്ത്യയുടെ ചെയര്‍മാന്‍ (1993-96) എന്നീ പദവികളും വഹിച്ചു.
ഏറെ വിറ്റഴിഞ്ഞ തത്വമസിക്ക് 1985ല്‍ കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകളടക്കം 12 ബഹുമതികള്‍ ലഭിച്ചു. വയലാര്‍ അവാര്‍ഡ് (1989), രാജാജി അവാര്‍ഡ്, സുവര്‍ണ കൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് തുടങ്ങിയവ അക്കൂട്ടത്തില്‍പ്പെടുന്നു.  'മലയാള സാഹിത്യ വിമര്‍ശം എന്ന കൃതിക്ക് 1985ല്‍  അവാര്‍ഡ് നല്‍കിയ കേരള സാഹിത്യ അക്കാദമി 1991ല്‍ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2004ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്കാരം നേടി. അഴീക്കോടിന്റെ  സ്വാതന്ത്യ്ര ജൂബിലി പ്രഭാഷണ പരമ്പര, ഗാന്ധിജിയുടെ 125-ാം ജയന്തിയോടനുബന്ധിച്ച് 125 ഗ്രാമങ്ങളില്‍ നടത്തിയ പ്രഭാഷണ പരമ്പര, ഭാരതീയതയെക്കുറിച്ച് ഏഴു ദിവസം തുടര്‍ച്ചയായി തൃശൂരില്‍ നടത്തിയ പ്രഭാഷണ പരമ്പര എന്നിവ വളരെ പ്രശസ്തി നേടിയവയാണ്.
മലയാളത്തിലെ ഏറ്റവും പണ്ഡിതോചിതമായ പ്രഭാഷണ പരമ്പരകളാണിവ. ആഴമേറിയ പ്രഭാഷണ വേദികളിലേക്കു സാധാരണക്കാരായ കേള്‍വിക്കാരെ എത്തിച്ചു എന്നതാണ് അഴീക്കോടിന്റെ മഹത്വം. ജി. ശങ്കരക്കുറുപ്പിനെ വിമര്‍ശിച്ചതിന് 1963ല്‍ തുടങ്ങിയ വിവാദത്തോടെ വിവാദ നായകനുമായി. ടി. പത്മനാഭന്‍, വെള്ളാപ്പള്ളി നടേശന്‍, പ്രഫ. എം.കെ. സാനു തുടങ്ങിയ പലരുമായും അദ്ദേഹം നിരന്തരം വാക്കുതര്‍ത്തിലേര്‍പ്പെട്ടു.
നടന്‍ തിലകനെ താരസംഘടനയായ അമ്മയില്‍നിന്നു പുറത്താക്കിയതിന്റെ പേരില്‍  നടത്തിയ സംവാദം കോടതിയിലുമെത്തി. കലഹിച്ചവരോടെല്ലാം ആശുപത്രി കിടക്കയില്‍ക്കിടന്ന് അനുരഞ്ജനപ്പെട്ടും അഴീക്കോട് വേറിട്ടു നിന്നു. മോഹന്‍ലാലിന് എതിരെ കൊടുത്ത കേസ് അഴീക്കോട് ആശുപത്രിയിലെത്തിയശേഷമാണു പിന്‍വലിച്ചത്. മരിക്കുന്നതിനു തലേദിവസം മോഹന്‍ലാല്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടു. അമ്മ നല്‍കിയ കേസും അവസാനിപ്പിച്ചു. ആദ്യകാല പ്രണയത്തിന്റെ പേരിലും അഴീക്കോട് വിവാദങ്ങളില്‍ ചെന്നുചാടി. മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചു കോടതിയിലെത്തിയ പഴയ സഖിയും അവസാനം അനുരഞ്ജനത്തിന്റെ പാതയിലെത്തി, നേരില്‍ കാണാനെത്തി.
കോണ്‍ഗ്രസില്‍ തുടങ്ങിയ അഴീക്കോടിന്റെ രാഷ്ട്രീയം പിന്നീട് ഇടതുപക്ഷ അനുഭാവമായും ഒടുവില്‍ സിപിഎം അനുഭാവമായും മാറി. വി.എസ്. അച്യുതാനന്ദന് എതിരെ പിണറായി വിജയന്‍ നയിക്കുന്ന ഗ്രൂപ്പിന്റെ വക്താവായി അദ്ദേഹം പലപ്പോഴും ചിത്രീകരിക്കപ്പെട്ടു. നവഭാരതവേദി എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ, വര്‍ത്തമാനം പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. മനോരമ ഉള്‍പ്പെടെ വിവിധ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ കോളങ്ങള്‍ പ്രസിദ്ധം. വൈലോപ്പിള്ളി സ്മാരക സമിതി, പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരകം എന്നിവയുടെ അധ്യക്ഷനായിരിക്കെയാണ് അര്‍ബുദത്തിന്റെ രൂപത്തില്‍ മരണം തേടിയെത്തിയത്.

വാങ്മയത്തിന്റെ വാഗ്ഭടന്‍ ഡോ. എം. ലീലാവതി

'കവികുഞ്ജരന്മാരേ! ഒാടുക ഒാടുക! ഇതാ ഉദ്ദണ്ഡകേസരി വരുന്നു എന്നു പണ്ട് ഉദ്ദണ്ഡകവിയെപ്പറ്റി പറഞ്ഞതുപോലെ ഒരന്തരീക്ഷം സാഹിത്യത്തില്‍ പില്‍ക്കാലത്തു സൃഷ്ടിച്ചതു ജോസഫ് മുണ്ടശേരിയും സുകുമാര്‍ അഴീക്കോടുമാണ്. അവരുടെ പ്രചണ്ഡമായ വിമര്‍ശന ഗര്‍ജനത്തില്‍ സര്‍വസമ്മതമായ വസ്തുസ്ഥിതി യാഥാര്‍ഥ്യം എത്രത്തോളമുണ്ടായിരുന്നു എന്നു മാറിനിന്നു ചിന്തിക്കാന്‍ സാമാന്യരെ അനുവദിക്കാത്ത വിധത്തില്‍ ഉൌക്കും ഉറപ്പും ഉൌറ്റവും ആ ഗര്‍ജനത്തില്‍നിന്നു പ്രസരിച്ചിരുന്നു.
ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തില്‍ വാക്കുകളെ മയപ്പെടുത്തുന്നതു വിമര്‍ശകനു യോജിച്ച ചര്യയല്ല എന്നു തന്റെ നയം പ്രഖ്യാപിക്കാന്‍ സുകുമാര്‍ അഴീക്കോട് ശങ്കിച്ചില്ല. ഖണ്ഡനം എന്ന അര്‍ഥം വിമര്‍ശന പദത്തിന്റെ സഹചാരിയാണെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
സാഹിത്യത്വം എന്ന ഒന്നാം ധര്‍മത്തില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ട് ആരെയും വാഴ്ത്തുകയില്ല എന്നു ശാഠ്യം അതിനു പിന്നിലുണ്ട്. ഇൌ ശാഠ്യത്തില്‍ നിന്നു വ്യതിചലിച്ച സന്ദര്‍ഭങ്ങള്‍ ഇല്ലെന്ന് ആര്‍ക്കും ശപഥം ചെയ്യാനാവില്ലെങ്കിലും ഏതു നിയമത്തിന്നും അപവാദങ്ങളുള്ളതുപോലെയായിരുന്നു ആ വ്യതിചലനങ്ങള്‍.
പൌരസ്ത്യവും പാശ്ചാത്യവുമായ സാഹിത്യ ദര്‍ശന പദ്ധതികളും തത്വദര്‍ശന പദ്ധതികളും ആഴത്തില്‍  ഇറങ്ങിച്ചെന്ന് ഉള്‍ക്കൊണ്ടതിന്റെ ഫലമായ സഞ്ചിത സംസ്കാരം അഴീക്കോടിന്റെ വ്യക്തിത്വ മുദ്രയായിരുന്നതുകൊണ്ട്, സാഹിത്യ വിചിന്തനത്തിലും ദാര്‍ശനിക വിചിന്തനത്തിലും ശരിയേതെന്നു തനിക്കു വിശ്വാസമുള്ളവയ്ക്കു വേണ്ടി പൊരുതുകയെന്ന ശീലം ആ വാഗ്ഭടനു രണ്ടാം പ്രകൃതിയായിരുന്നു. മൂല്യവത്തെന്നോ ക്ഷുദ്രമെന്നോ വകതിരിക്കാന്‍ പ്രേരിപ്പിച്ച പ്രമാണം സ്വപ്രത്യയം തന്നെയായിരുന്നു. കാലം, സാഹചര്യങ്ങള്‍, സ്ഥിതി വിപര്യയങ്ങള്‍ എന്നിവയനുസരിച്ചു സ്വപ്രത്യയങ്ങള്‍ മാറി വീഴാറുണ്ടെങ്കിലും പ്രമാണം സ്വപ്രത്യയമാവുക എന്നതില്‍ മാറ്റമുണ്ടായിക്കൂടാ എന്നതിലായിരുന്നു സ്ഥൈര്യം.
അതിന്റെ ഉൌര്‍ജപ്രസരത്തിലൂടെയാണു സാഹിത്യം, സംസ്കാരം, രാഷ്ട്രീയം എന്നിവയുടെയെല്ലാം മണ്ഡലങ്ങളില്‍ ലേഖനങ്ങള്‍ കൊണ്ടും പ്രഭാഷണങ്ങള്‍ കൊണ്ടും അദ്ദേഹം ജനലക്ഷങ്ങളുടെ മനസിനെ സ്വന്തം ചിന്തയുടെ വഴിയിലേക്ക് ആകര്‍ഷിച്ചത്. പ്രഭാഷണ പരമ്പരകളും അതിനായുള്ള പര്യടനങ്ങളും സമകാലിക ജന ഗണ മനസില്‍ പ്രഭാവപൂര്‍ണമായ ഒരു വ്യക്തിത്വമായി അദ്ദേഹത്തിനു പ്രതിഷ്ഠ നല്‍കാന്‍ ഉതകിയില്ല്ലെങ്കിലും അതിനായുള്ള സമയ വ്യയം ഗ്രന്ഥരചനയെ ബാധിച്ചിരിക്കുമല്ലോ. എന്നിട്ടും വരും തലമുറകളെ സ്വാധീനിക്കാന്‍ കഴിവുള്ള  ലിഖിത നിരൂപണത്തിന്‍ പേരില്‍ നിരൂപക പഞ്ചകത്തിന് (മാരാര്‍, കേസരി, മുണ്ടശേരി, പോള്‍, കുറ്റിപ്പുഴ) സമശീര്‍ഷമായ സ്ഥാനം, പിന്‍തലമുറയില്‍ സുകുമാര്‍ അഴീക്കോടിന് ആര്‍ജിക്കാന്‍ കഴിഞ്ഞു.
തത്വമസി പോലുള്ള ഒരു ഗ്രന്ഥം രചിക്കാന്‍ അദ്ദേഹത്തിന് ഏതാനും മാസങ്ങളേ വേണ്ടിവന്നിട്ടുള്ളൂവെങ്കില്‍ അതിനു പിന്നില്‍ ചിരകാലത്തെ പാരായണത്തിന്റെയും വിചിന്തനത്തിന്റെയും ചരിത്രമുണ്ട്.  കഴിഞ്ഞ നൂറ്റാണ്ടിന്റെ  ഉത്തരാര്‍ധം തുടങ്ങുന്ന കാലത്താണു ഗുരുവായൂരിലെ ഹിന്ദുമത സമ്മേളനങ്ങളിലൊന്നില്‍ ഒൌപനിഷദ സംസ്കാര പാരമ്പര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉജ്വലമായ പ്രഭാഷണം കേള്‍ക്കാനെനിക്കു ഭാഗ്യമുണ്ടായത്.
നന്നെ ചെറുപ്പത്തില്‍തന്നെ ഭാരതീയ ദാര്‍ശനിക പൈതൃകത്തിന്റെ മഹത്വം ഗ്രഹിക്കാനും അവയിലുള്ള വിശാല മാനവീയതയുടെ അതിരില്ലായ്മ തിരിച്ചറിയാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സങ്കുചിത മതശാഠ്യങ്ങളുടെ കുരുക്കുകളിലേക്ക് ഒരുകാലത്തും വഴുതിവീഴാതിരിക്കത്തക്കവണ്ണമുള്ള അടിയുറപ്പ് അദ്ദേഹത്തിന്റെ വിജ്ഞാന പ്രാകാരം അന്നേ നേടിക്കഴിഞ്ഞിരുന്നു. അഴീക്കോടിന്റെ സാഹിത്യ നിരൂപണ ഗ്രന്ഥങ്ങളില്‍ വച്ചു ഹിമാലയൌന്നത്യമള്ള ഗ്രന്ഥം 'തത്വമസിയാണ്.
അതു സാഹിത്യ നിരൂപണമോ എന്നു സംശയിക്കുന്നവരുണ്ടാകും.
ഭാരതത്തിലെ മഹത്തമമായ സാഹിത്യഗ്രന്ഥങ്ങളാണു വേദോപനിഷത്തുകള്‍ എന്ന്  ഉറപ്പുള്ളതുകൊണ്ടാണു 'തത്വമസി യെ സാഹിത്യ നിരൂപണമെന്നു ഞാന്‍ വിശേഷിപ്പിക്കുന്നത്. ജ്ഞാനം വാങ്മയത്തത്തിന്റെ ധ്വനിയായാല്‍ സാഹിത്യമാവില്ല എന്ന അന്ധവിശ്വാസത്തിന്റെ ഉല്‍പന്നമാണ് ആ സംശയം. ഉപനിഷത്തുകളെന്ന മഹത്തായ കാവ്യസമുച്ചയത്തെ വ്യാഖ്യാനിച്ച പലരും അവയുടെ ധ്വനി സൌന്ദര്യത്തിലുള്ള സാഹിത്യതത്വത്തിലൂന്നി അനുവാചകരെ വിചിന്തനമെന്ന രസം അനുഭവിപ്പിക്കാന്‍ ശക്തരാവുകയുണ്ടായില്ല.
വരട്ടുതത്വങ്ങളായി അവയുടെ അര്‍ഥധ്വനികളെ അവതരിപ്പിക്കുന്നതിനു പകരം മനന പ്രക്രിയയെ രസാനുഭൂതിയാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞുവെന്നതാണ് അഴീക്കോട് ആ ഗ്രന്ഥത്തിലൂടെ നേടിയ വിജയം. വിമര്‍ശനത്തെ സര്‍ഗാത്മക കൃതികളെപ്പോലെ രസനിഷ്യന്ദിയാക്കുമ്പോഴാണ് അത് അവയ്ക്കു തുല്യമാകുന്നത്. വിമര്‍ശനത്തെ സര്‍ഗാത്മക രചനയാക്കുന്ന നൈപുണ്യമാണ് ഉന്നതരായ വിമര്‍ശകരെ ഉന്നത കവികളോടും ഉന്നത കഥാകൃത്തുകളോടും ഒപ്പത്തിന്നൊപ്പമിരുത്തുന്ന ശക്തി.
ആശാന്റെ സീതാകാവ്യം പോലുള്ള നിരൂപണ ഗ്രന്ഥങ്ങളും തത്വമസി പോലുള്ള നിരൂപണ ഗ്രന്ഥങ്ങളും വാങ്മയ വിദ്യാഭ്യാസത്തിന്റെ ശക്തികൊണ്ടു സര്‍ഗാത്മക രചനകളായിരിക്കുന്നു. അറിവിനെയും ആശയങ്ങളെയും വൈകാരികാനുഭൂതികളെ അഥവ രസഭാവങ്ങളെയെന്നപോലെ അനുഭവിപ്പിക്കാന്‍ കഴിയുന്ന വാങ്മയ വിദ്യാഭ്യാസ ശക്തി. അറിവിനെ വൈകാരികാനുഭൂതിയായി അനുഭവിപ്പിക്കാനുള്ള സിദ്ധിയാണല്ലോ സ്വാമി വിവേകാനന്ദനെ മറ്റു ദാര്‍ശനിക ചിന്തകരില്‍നിന്നു വ്യത്യസ്തനാക്കുന്നത്.
അതുപോലുള്ള ഒരു കാന്തശക്തി വിശേഷത്താലാണു സുകുമാര്‍ അഴീക്കോട് പ്രഭാഷണങ്ങളിലൂടെയും പ്രബന്ധങ്ങളിലൂടെയും കേരള മനസിനെ തന്നിലേക്കും തന്റെ കൃതികളിലേക്കും ആകര്‍ഷിച്ചടുപ്പിച്ചത്. നിരൂപണത്തെ സാഹിത്യത്തിലെ രണ്ടാംകിട പൌരത്വത്തില്‍നിന്ന് ഉയര്‍ത്തി നിര്‍മാണത്തിന്റെ ഒന്നാംകിട പൌരത്വമണ്ഡലത്തില്‍ പ്രതിഷ്ഠിച്ച ചുരുക്കം നിരൂപകവര്യരില്‍ പ്രമുഖ സ്ഥാനം അഴീക്കോടിനുണ്ട്. ആശയങ്ങള്‍ സര്‍വസമ്മതമാണോ എന്ന പര്യവേക്ഷണം ആ വലിയ സിദ്ധിക്കു മുന്നില്‍ നിഷ്പ്രഭമാകുന്നു.
പലര്‍ക്കും അനഭിമതമായിത്തീര്‍ന്ന ആശയധാരയുള്ള കൃതികള്‍പോലും സര്‍ഗശക്തി പ്രകാശത്താലാണു മികച്ചവയായി അംഗീകൃതമാകുന്നത്. നമുക്കു യോജിക്കാന്‍ കഴിയാത്ത വസ്തുതകള്‍പോലും അവയുടെ ആവിഷ്കരണ ലാവണ്യത്താല്‍ നമ്മെ വ്യാമുഗ്ദ്ധരാക്കുന്നുവെങ്കില്‍ അതു സര്‍ഗശക്തിയുടെ മാന്ത്രിക പ്രഭാവത്താലാണ്. തന്റെ വാങ്മയ ശക്തിയുടെ ദണ്ഡ് വീശിക്കൊണ്ട്, മൂല്യങ്ങളെന്നും ധര്‍മങ്ങളെന്നും ഉണ്മകളെന്നും തനിക്കു വിശ്വാസമുള്ള ഏതിന്റെയും എതിര്‍നിന്നവരെ ഒതുക്കിയ വാഗ്ഭടനായിരുന്നു ആ കൃശഗാത്രന്‍.

കാലുഷ്യമില്ലാത്ത കലഹം

കണ്ണൂര്‍:ദീര്‍ഘകാലമായ പരിചയമാണ് എനിക്ക് ഡോ. സുകുമാര്‍ അഴീക്കോടുമായുള്ളത്. ഒരു പക്ഷേ കേരളത്തിലെ വേറെ ഏതൊരാളെക്കാളും നന്നായി അദ്ദേഹത്തെ അറിയുക ഞാനായിരിക്കും -അദ്ദേഹത്തെ എല്ലാ ശക്തി ദൌര്‍ബല്യങ്ങളോടും കൂടി. ഞങ്ങള്‍ പലപ്പോഴും കലഹിച്ചിട്ടുണ്ട്. എങ്കിലും ആ സമയങ്ങളില്‍ എന്റെ മനസ്സില്‍ അദ്ദേഹത്തോട് ഒരു കാലുഷ്യവും ഉണ്ടായിരുന്നില്ല. കാരണം അദ്ദേഹം ഉള്ളില്‍ അല്‍പ്പം പോലും വിഷം സൂക്ഷിക്കുന്ന വ്യക്തിയല്ലെന്ന് അറിയാമായിരുന്നു.
ഒരാളോടും, തന്നെ ദ്രോഹിച്ചപ്പോഴും കൂടി സ്ഥായിയായ വിദ്വേഷം അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ നല്ല മനസ്സിനെ പലപ്പോഴും പലരും സ്വന്തം താല്‍പ്പര്യത്തിനായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. ജീവിതാന്ത്യത്തില്‍ അദ്ദേഹത്തിന് ഇതൊക്കെ നല്ലതുപോലെ മനസ്സിലായിട്ടുണ്ടെന്നാണ് തോന്നുന്നത്. അദ്ദേഹത്തിന്റെ ഒടുവിലത്തെ പ്രസ്താവനകളും പെരുമാറ്റവും ഇതാണ് സൂചിപ്പിക്കുന്നത്.
അദ്ദേഹത്തോട് എനിക്കുണ്ടായ അഭിപ്രായ വ്യത്യാസങ്ങളില്‍ ഞാന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. എങ്കിലും ആത്യന്തികമായ നന്‍മ എന്നും സൂക്ഷിച്ചിട്ടുള്ള ഈ പഴയ ചങ്ങാതിയുടെ വിയോഗത്തില്‍ ഞാന്‍ അത്യന്തം ദുഃഖിക്കുന്നു. കലാപഭരിതമായ ജീവിതത്തിലൂടെ കടന്നു പോകാന്‍ വിധിക്കപ്പെട്ട അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെയെന്നു മാത്രമേ എനിക്കു പ്രാര്‍ഥിക്കാനുള്ളൂ.

കൊടുങ്കാറ്റിന്റെ മടക്കയാത്ര

ജീവിതം, സ്വഭാവം, രോഗം - അഴീക്കോടിന്റെ വാക്കുകളില്‍     
മൈക്കിന്‍തണ്ടുപോലെ മെലിഞ്ഞ ആ രൂപം മരണദൂതുമായി വന്ന രോഗത്തിന്റെ മുന്നില്‍ ഒന്നുലഞ്ഞു: ഡോക്ടര്‍മാരെ കണ്ടുകണ്ടു വലഞ്ഞു. 'എനിക്കു വികൃതരൂപം നല്‍കാനാണോ ഈ  ഡോക്ടര്‍മാരുടെ ശ്രമം? പ്രസംഗിക്കാന്‍ പോവാതെ ഏകാന്തനായി ഞാനിങ്ങനെ എത്രനാള്‍... ഇത്രനാളും തിരക്കു മാത്രമായിരുന്നല്ലോ അദ്ദേഹത്തിന്റെ രോഗം.
പല്ലുവേദനയായി തുടങ്ങിയതു കാന്‍സര്‍ എന്ന കല്ലുപിളര്‍ക്കുന്ന മരണകല്‍പന ആണെന്നു തെല്ലു വൈകിയാണു സുകുമാര്‍ അഴീക്കോട് തിരിച്ചറിഞ്ഞത്. തന്നെ പരിശോധിച്ച കാന്‍സര്‍ ചികിത്സാ വിദഗ്ധരൊക്കെ ഡെന്റിസ്റ്റുകളാണെന്ന് അദ്ദേഹം ആദ്യം കരുതി. ഹോമിയോ ചികിത്സയില്‍ വിശ്വാസം അര്‍പ്പിച്ചു. റേഡിയേഷന്‍ വേണമെന്നു പറഞ്ഞവരെയൊക്കെ വെറുത്തു. സുഹൃത്ത് ഡോ. ടി.ഐ. രാധാകൃഷ്ണന്‍ പോലും അതു നിര്‍ദേശിച്ചപ്പോള്‍ ഡോക്ടര്‍കുലത്തെയാകെ സംശയിച്ചു... സന്തതസഹചാരി സുരേഷ് അറിഞ്ഞതൊക്കെ പറയാതിരിക്കാന്‍ ശ്രദ്ധിച്ചു.
'ഈ ഡോക്ടര്‍മാര്‍ക്കു ജീവന്‍ രക്ഷിക്കണം എന്നല്ലാതെ മറ്റൊന്നുമില്ലേ? നിസഹായതയുടെ ആഴത്തില്‍നിന്നു വന്ന യുക്തിരഹിതമായ ആ ചോദ്യത്തിന്റെ ഞെട്ടലില്‍നിന്നു തിരിച്ചുകൊണ്ടുവന്നത് എംആര്‍ഐ സ്കാനിങ്ങിനെക്കുറിച്ച് അദ്ദേഹം നല്‍കിയ വിവരണമാണ് - 'ഞാന്‍ ബയോപ്സി ഉള്‍പ്പെടെ എന്തും സഹിക്കും. എന്നാല്‍ ഈ എംആര്‍ഐ എന്നൊരു സാധനമുണ്ടല്ലോ അതിനുളളില്‍ നിറയെ ഭീകരരാണോ? എന്റെ ജീവിതത്തില്‍ ഇത്രയും ഭീകരമായ ശബ്ദം ഞാന്‍ കേട്ടിട്ടില്ല.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അഴീക്കോടിന്റെ അര്‍ശസ് രോഗത്തിനു ക്രയോസര്‍ജറി നിര്‍ദേശിച്ചപ്പോള്‍ അതു നിഷേധിച്ചതിനു പറഞ്ഞ കാരണം കേട്ടു കെ.പി. അപ്പന്‍ ചിരിച്ചതോര്‍ത്തു. ഇരുപത്തിയഞ്ചുവര്‍ഷം കഴിഞ്ഞു രോഗം വീണ്ടും വരാന്‍ സാധ്യതയുള്ളതുകൊണ്ടു സര്‍ജറി വേണ്ട എന്നായിരുന്നു ന്യായം. പ്രായത്തെക്കുറിച്ച് ആധിയില്ലാത്ത അഴീക്കോടിനെ ഭാഗ്യവാനായാണ് അപ്പന്‍ കണ്ടത്. ആ അഴീക്കോടാണ് ഇപ്പോള്‍...
'വാശിയുടെ ആളല്ലേ, കുറച്ചുനാള്‍ കൂടി ജീവിക്കണം എന്നൊരു വാശി വേണ്ടേ? - ചോദിച്ചുപോയി.
'ഈ 86-ാം വയസ്സില്‍ ഇനിയാരോടു വാശി? ശ്രീരാമന്റെ മഹത്വം പറയുമ്പോള്‍ സുമുദ്രം പോലെ ആഴമുള്ളതാണ്, ഹിമാലയത്തെപ്പോലെ ധൈര്യമുണ്ട് എന്നൊക്കെ വാല്മീകി രാമായണത്തില്‍ പറയുന്നില്ലേ? കോപം വന്നാല്‍ കോപിക്കുകയും പിന്നീടു ഭൂമിയെപ്പോലെ ക്ഷമിക്കുകയും ചെയ്യുമെന്നാണു കവിവാക്യം. ഞാനും കുറച്ചൊക്കെ അങ്ങനെയായിരുന്നു - ഒരു കൊടുങ്കാറ്റ് അതിന്റെ യാത്രയുടെ പൂര്‍ണതയില്‍ ശാന്തമായതുപോലെ.
അദ്ദേഹം സ്വന്തം മനസ്സിലൂടെ ഒരു പര്യടനത്തിലായിരുന്നു. അതിനു പ്രേരിപ്പിച്ചത് എം.ടി. വാസുദേവന്‍നായരാണ്. മാതൃഭൂമി അവാര്‍ഡ്ദാന ചടങ്ങില്‍ എംടി മനസ്സു തുറന്നു സംസാരിച്ച കാര്യം പറഞ്ഞു. എംടിക്ക് അതു പതിവില്ലാത്തതാണ് എന്ന മുഖവുരയോടെ.
'ജീവിതസായാഹ്നത്തില്‍ ഞാനും എന്റെ മനസ്സു പരിശോധിച്ചു. അതില്‍ ആരോടും വിരോധമില്ല എന്നുകണ്ടു ഞാന്‍ സന്തോഷിക്കുന്നു. ജീവിതത്തില്‍ എനിക്ക് ഏറ്റവും ദേഷ്യം തോന്നിയിട്ടുള്ളത് എം.കെ. സാനുവിനോടാണ്. എന്നാല്‍, സാനുവിനോട് എനിക്ക് ഇപ്പോള്‍ തീരെ വിരോധമില്ല..
'ആശുപത്രിയില്‍ വന്നുകണ്ട എത്രയോപേര്‍ എന്നെ സ്നേഹം കൊണ്ടു തോല്‍പ്പിച്ചു: വെള്ളാപ്പള്ളി നടേശന്‍, ടി. പത്മനാഭന്‍, എം.കെ. സാനു, വിലാസിനി ടീച്ചര്‍ പോലും....
പ്രതീക്ഷിച്ചിട്ടും വരാതിരുന്ന ചിലരോടും അദ്ദേഹം പൊറുത്തു. ആ പൊറുക്കല്‍ അവരെ അലോസരപ്പെടുത്താതിരിക്കട്ടെ.
വിവാഹിതനായാല്‍ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങേണ്ടി വരുമോ? അലവില്‍ സ്വദേശി അച്യുതന്‍ എന്ന പ്രസംഗകന്റെ ജീവിതമാണ് അഴീക്കോടിന്റെ മനസ്സില്‍ ഈ സംശയത്തിനു വിത്തിട്ടത്. വീട്ടുപേരും ചേര്‍ത്തു പീറ്റ അച്യുതന്‍ എന്ന് അറിയപ്പെട്ട കഥാപുരുഷന്‍ കടുത്ത ബ്രഹ്മചാരിയായിരുന്നു. കുറച്ചുകാലം കഴിഞ്ഞ് അദ്ദേഹം വിവാഹിതനായി. അതു പ്രഭാഷകന്റെ സ്വാധീനശക്തിയെയും ശിഷ്യസമ്പത്തിനെയും ബാധിച്ചതായി അഴീക്കോടിനു തോന്നി. സ്വഭാവമഹിമയ്ക്കു മങ്ങലേറ്റാല്‍ പ്രഭാഷകന്റെ പതനം സംഭവിക്കാമെന്നാണ് അച്യുതന്റെ ജീവിതം, തന്നെ പഠിപ്പിച്ചതെന്ന് അഴീക്കോട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മനസ്സിന്റെ യുദ്ധങ്ങളെ തോല്‍പ്പിക്കുമ്പോഴാണു സ്നേഹം ഉണ്ടാവുന്നത് എന്നു കെ.പി. അപ്പന്‍ എഴുതിയിട്ടുണ്ട്. അങ്ങനെ ചില യുദ്ധങ്ങളില്‍ തോറ്റാണ് അപ്പന്‍ അഴീക്കോടിനെ സ്നേഹിച്ചുതുടങ്ങിയത്. 'എന്നെ സ്നേഹിക്കാനായി എന്റെ സാഹിത്യത്തെ അപ്പന്‍ മറികടന്നു എന്ന് അഴീക്കോട് നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍, അപ്പനും മുമ്പേ മറ്റൊരു മനസ്സിനോട് അഴീക്കോട് യുദ്ധത്തില്‍ തോറ്റിരുന്നു. നിശിതവിമര്‍ശനത്തിന്റെ കൂരമ്പുകള്‍ ഏറ്റിട്ടും അഴീക്കോടിനെ വെറുക്കാതിരുന്ന ജി. ശങ്കരക്കുറുപ്പിന്റേതായിരുന്നു ആ മനസ്സ്.
'ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന പുസ്തകം എഴുതിയതില്‍ വീണ്ടുവിചാരം ഉണ്ടായെന്ന് അഴീക്കോട് സമ്മതിക്കുമായിരുന്നില്ല. എന്നാല്‍, ഉജ്ജ്വല വാഗ്മിയായിരുന്ന ശങ്കരക്കുറുപ്പ്, അഴീക്കോടിന്റെ വിമര്‍ശനത്തെ വ്യക്തിപരമായി നേരിട്ടരീതി അഴീക്കോടിനു തീരെ അനുകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. പൊതുവേദികളില്‍ ആര്‍ക്കുമെതിരെ ആക്രമണോല്‍സുകന്‍ ആവുന്ന അഴീക്കോട് തന്റെ നേര്‍ക്കുവരുന്ന ആക്രമണങ്ങളെ അരസികരുടെ ആയുധങ്ങളായാണു കണ്ടത്.
അഴീക്കോട് ശങ്കരക്കുറുപ്പിനെ വിമര്‍ശിച്ചതില്‍ സുഹൃത്ത് ഒഎന്‍വിയെപ്പോലെ പല സുഹൃത്തുക്കള്‍ക്കും അനിഷ്ടമുണ്ടായിരുന്നു. ഒരുപക്ഷേ, ഖണ്ഡന വിമര്‍ശനത്തിലൂടെ തന്റെ വ്യത്യസ്തത ആദ്യമേ അടയാളപ്പെടുത്തണം എന്ന് അഴീക്കോടു കരുതിയിരിക്കാം. എം.പി. നാരായണപിള്ളയെക്കുറിച്ച് അഴീക്കോട് എഴുതിയതില്‍ ഈ മനോഭാവം സ്ഫുരിക്കുന്നുണ്ട്. 'ചവച്ചതു ചവയ്ക്കാനും അരച്ചത് അരയ്ക്കാനും അദ്ദേഹത്തെ കിട്ടില്ല. വ്യാസന്‍ കൊള്ളരുതാത്തവനായി എടുത്തുകാട്ടുന്നതു പൂജിക്കപ്പെട്ടവരെ വീണ്ടും വീണ്ടും പൂജിക്കുന്ന ആളുകളെയാണ്. ഈ സുഹൃത്ത് അത്തരത്തില്‍ നിന്ദ്യനായ പൂജിത പൂജകന്‍ ആയിരുന്നില്ല.
പ്രസംഗങ്ങളിലും വിവാദങ്ങളിലും പെട്ട് ഒരു മേഘംപോലെ ഒഴുകിയപ്പോള്‍ ഇടിമിന്നലായി പെയ്തിറങ്ങേണ്ട പുസ്തകങ്ങളാണോ അദ്ദേഹം നഷ്ടപ്പെടുത്തിയത്? പലപ്പോഴും നേരിടേണ്ടിവന്ന ചോദ്യം. എന്നാല്‍, ഞാന്‍ എന്തായിരുന്നു എന്നതിനെക്കുറിച്ച് എനിക്ക് എന്തുചെയ്യാനാവും എന്ന നിസ്സംഗഭാവമായിരുന്നു അദ്ദേഹത്തിന്. ഒരാള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതു തന്നെയാണു ഗദ്യം എന്നു കേട്ടപ്പോള്‍ ആശ്ചര്യപ്പെട്ടുപോയ ഒരു വിദേശിയുടെ കഥ പറഞ്ഞിട്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു - 'എനിക്ക് ആ വിദേശമനോഭാവമില്ല.
സമീപകാലത്ത് അഴീക്കോടില്‍ കോപത്തെക്കാള്‍ തീക്ഷ്ണമായ ഇടതുപക്ഷ ചുവപ്പു കണ്ടവരുണ്ട്. വിധിക്കു മുമ്പേവന്ന മുന്‍വിധികളും. ഏകപക്ഷീയമെന്നു തോന്നാവുന്ന രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ ആധികാരികതയെ  ദുര്‍ബലപ്പെടുത്തിയില്ലേ?
ഒന്നാലോചിച്ചിട്ട് അദ്ദേഹം പ്രതികരിച്ചു - 'കോണ്‍ഗ്രസുകാരില്‍ ഒരു വിഭാഗത്തിന് ഇപ്പോഴും വിഷമമുണ്ട് എന്നറിയാം. എങ്കിലും ഞാന്‍ അടിസ്ഥാനപരമായി ഒരു കോണ്‍ഗ്രസുകാരനാണെന്ന് അവര്‍ മറക്കുമോ? കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് അറിയാം എത്ര കോണ്‍ഗ്രസ് വിരോധം പ്രസംഗിച്ചാലും ഞാനൊരു കമ്യൂണിസ്റ്റുകാരന്‍ ആവില്ലെന്ന്.
'പ്രസംഗത്തിലെ പ്രകോപനം വച്ചുമാത്രം എന്നെ വിലയിരുത്തരുത്. പ്രസംഗത്തില്‍ പറയുന്നതിന്റെ പകുതി അതിന്റെ ഇഫക്ടിനു വേണ്ടിയാണ്. ഇത്തരത്തിലുള്ള രസികത്തം ബഷീറിനും ഉറൂബിനും പൊറ്റക്കാടിനും ഒക്കെ ഉണ്ടായിരുന്നു. ഇപ്പോഴുള്ളവര്‍ക്ക് ഇതൊന്നും മനസ്സിലാവാണ്ടായി.
പ്രസംഗവേദിയില്‍ ഒത്തിരി വലിയവനും അഴീക്കോട് ഇത്തിരി വേദനയുണ്ടാക്കും. പലപ്പോഴും താന്‍     'സന്ദര്‍ഭങ്ങളുടെ കാമുകന്‍ ആവുകയാണെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു. ഓരോസന്ദര്‍ഭത്തിലും അദ്ദേഹത്തെ അനുകൂലിച്ചവരെല്ലാം ഒപ്പംനിന്നവരല്ല. എതിര്‍ത്തവര്‍ കൂടെ നില്‍ക്കാത്തവരുമല്ല.
വീണ്ടും കെ.പി. അപ്പനെ കൂട്ടുപിടിക്കട്ടെ. 'ഒറ്റപ്പെട്ട അഗ്നിപര്‍വതം എന്നു വിശേഷിക്കപ്പെട്ട ഇംഗീഷ് എഴുത്തുകാരന്‍ എസ്രാ പൌണ്ട് പൊട്ടിത്തെറിക്കാനായി എരിഞ്ഞുകൊണ്ടേയിരുന്നു എന്ന് അപ്പന്‍ എഴുതിയിട്ടുണ്ട്. അഴീക്കോടിന്റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ എസ്രാ പൌണ്ടിന്റേതു പോലെ ആപല്‍ക്കരമായിരുന്നില്ലെങ്കിലും അദ്ദേഹവും ഒറ്റപ്പെട്ട അഗ്നിപര്‍വതമായിരുന്നു. എഴുതാനും പ്രസംഗിക്കാനുമായി എരിഞ്ഞുകൊണ്ടേയിരുന്നു കേരള മനഃസാക്ഷിയുടെ ഈ ബ്രാന്‍ഡ്  അംബാസഡര്‍.

വേദനയുടെ പൂക്കളര്‍പ്പിക്കാന്‍ ഇല്ല, വിലാസിനി പോകുന്നില്ല

കൊല്ലം: സ്നേഹത്തിന്റെയും വേദനയുടെയും പൂക്കളര്‍പ്പിക്കാന്‍ വിലാസിനി പോകുന്നില്ല. നിറമില്ലാത്ത ഓര്‍മകളുടെ ആല്‍ബം തുറന്നുവച്ച് അവര്‍ ഇന്നു സുകുമാര്‍ അഴീക്കോടിനു മനസ്സു കൊണ്ടു യാത്ര പറയും. അഴീക്കോടിനെ ആരാധിച്ചും മനസാ വരിച്ചും കഴിഞ്ഞ വിലാസിനിക്ക് ആ മുഖം ഒരിക്കല്‍ക്കൂടി കാണാന്‍ മോഹമില്ലാതില്ല.
'ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതിന്റെ അലയൊലികള്‍ മറക്കാനാവുന്നില്ല. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് എന്റെ സന്ദര്‍ശനം ഇഷ്ടമായില്ലെന്നാണു മനസ്സിലായത്. എന്നെ എന്തിനാണ് ആശുപത്രിയില്‍ കയറ്റിയതെന്നു ചോദിച്ചതായൊക്കെ അറിഞ്ഞു. ഇനിയും അങ്ങനെയൊരു രംഗത്തിനു ഞാന്‍ കാരണമാവുന്നില്ല - അഞ്ചല്‍ കോമളത്തെ വീട്ടില്‍ നിരന്തരം ശബ്ദിക്കുന്ന ഫോണ്‍ കോളുകള്‍ക്കിടയിലിരുന്നു വിലാസിനി പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ നാലോടെ പതിവില്ലാതെ ഞെട്ടി ഉണര്‍ന്നു ടീച്ചര്‍. ആറു വരെ ഉറങ്ങാതെ കിടന്നു.
ആശുപത്രിയില്‍ അഴീക്കോടിനെ കണ്ടു വന്ന ശേഷം സഹായി സുരേഷിനെയോ ഭാര്യ രമണിയെയോ ദിവസവും പലവട്ടം വിളിച്ചു രോഗസ്ഥിതി അന്വേഷിക്കാറുള്ളതാണ്. ഏഴോടെ വിളിക്കാമെന്നു കരുതിയിരിക്കെ, ആറര കഴിഞ്ഞപ്പോള്‍ രമണി വിളിച്ചു. 'ടീച്ചറേ, മാഷ് പോയി എന്നു മാത്രം സന്ദേശം. ഫോണിനിപ്പുറത്തു വിലാസിനിയുടെ തേങ്ങല്‍. സാന്ത്വനിപ്പിക്കാന്‍ രമണി പാടുപെട്ടു. രണ്ടു മിനിറ്റ് കഴിഞ്ഞു സുരേഷും വിളിച്ചു. ''പുലര്‍ച്ചെ ഉണര്‍ന്നുകിടന്ന സമയമത്രയും അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചോ, സംഭവിക്കുകയാണോ എന്നായിരുന്നു എന്റെ ചിന്ത. അത് അങ്ങനെതന്നെ ആവുകയും ചെയ്തു- വിലാസിനി ഇതു പറയുമ്പോള്‍ ടിവിയില്‍ അഴീക്കോടിന്റെ അന്ത്യയാത്ര തൃശൂരില്‍ നിന്നു പുറപ്പെടുകയായിരുന്നു. ''അദ്ദേഹം ഇത്രകാലം ജീവിച്ച ആ വീട്ടുവളപ്പില്‍ തന്നെ സംസ്കരിക്കേണ്ടതായിരുന്നു - വിലാസിനി പറഞ്ഞു.
തൃശൂരിലെത്തി വിലാപയാത്രയില്‍ പങ്കുചേര്‍ന്ന കഥാകൃത്തും ശിഷ്യനുമായ വി.ആര്‍. സുധീഷ് വിളിച്ചു. അഴീക്കോടിനെ ആരാധിച്ച കാലത്തിന്റെ ഓര്‍മകള്‍ എഴുതിത്തീര്‍ത്തു പുസ്തകമാക്കാന്‍ വിലാസിനി ഏല്‍പിച്ചതു സുധീഷിനെയാണ്. ആശുപത്രിയിലെ സന്ദര്‍ശനം കൂട്ടിച്ചേര്‍ത്ത ഓര്‍മപ്പുസ്തകത്തില്‍ അവസാനത്തെ അധ്യായമായി അഴീക്കോടിന്റെ വേര്‍പാട് ഇനി മുദ്ര പതിയും. അടുത്ത മാസം പുറത്തുവരാനിരിക്കുന്ന പുസ്തകം മലയാളം കാത്തിരിക്കുന്നു. 

അഴീക്കോട് അഥവ മലയാള പ്രസംഗകലയുടെ അവസാന വാക്ക്


പതിറ്റാണ്ടുകളായി മലയാളിയുടെ നിത്യജീവിതത്തെ സ്വാധീനിച്ച രണ്ട് ശബ്ദങ്ങളാണുള്ളത്. ഒന്ന് ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ശബ്ദം. മറ്റൊന്ന് അര്‍ഥ സാന്ദ്രമായ അഴീക്കോടിന്റെ ശബ്ദം. സുകുമാര്‍ അഴീക്കോട് അവിവാഹിതനായിരുന്നു. എങ്കിലും അദ്ദേഹത്തിന് മൂന്നു ഭാര്യമാരുണ്ടായിരുന്നു - പ്രഭാഷണം, എഴുത്ത്, അധ്യാപനം. ഇതിനോടൊന്നിനോടും ജീവിതത്തില്‍ ഒരു സൌന്ദര്യപ്പിണക്കം പോലുമുണ്ടായിരുന്നില്ല അഴീക്കോടിന്. പതിറ്റാണ്ടുകള്‍ മൈക്കിനുമുന്‍പില്‍ ഇടറാതെ നിന്നു പ്രസംഗിച്ച് ഇറങ്ങിപ്പോകുമ്പോഴും ശബ്ദങ്ങളുടെ മാന്ത്രികന് വാക്കുകളുടെ മായാജാലത്തില്‍ കമ്പം അവസാനിക്കുന്നില്ല. മലയാളത്തില്‍ പ്രസംഗകലയുടെ അവസാന വാക്കായിരുന്നു അഴീക്കോട്. ശബ്ദ വിസ്മയത്തില്‍ വാക്കുകള്‍ക്കു പരിണാമം സംഭവിക്കുമ്പോള്‍ അഴീക്കോടും മൈക്കും തമ്മിലുള്ള അതിര്‍വരമ്പുകള്‍ കേള്‍വിക്കാരന്‍ മറന്നുപോയിരുന്നു. 


ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ ഉറച്ചു വിശ്വസിച്ച അഴീക്കോടിന്റെ ആദ്യ രാഷ്ട്രീയ തട്ടകം കോണ്‍ഗ്രസ് പ്രസ്ഥാനമായിരുന്നു. കോണ്‍ഗ്രസിന്റെയും അതിന്റെ പോഷക സംഘടനകളുടെയും പരിപാടികളില്‍ പ്രസംഗിച്ചായിരുന്നു അദ്ദേഹത്തിന്റെ ശബ്ദജീവിതത്തിന്റെ തുടക്കം. ഇന്ത്യക്കു സ്വാതന്ത്യ്രം കിട്ടുന്നതിനും മുമ്പായിരുന്നു ആദ്യ പ്രസംഗം. പിന്നീട് വിമോചന സമര കാലത്ത് അഴീക്കോടിന്റെ വാക്കുകള്‍ ചാട്ടുളി പോലെ കമ്യൂണിസ്റ്റ്കാര്‍ക്കു മേല്‍ ആഞ്ഞു പതിച്ചു. പ്രഭാഷണ കലയുടെ സകല മര്‍മങ്ങളും അഴീക്കോടിന് അറിയാമായിരുന്നു. ഒരു തലോടലായി തുടങ്ങുന്ന പ്രഭാഷണം, പതുക്കെ ഇളംകാറ്റിലേക്കാവുന്നു. പിന്നെ അതൊരു കൊടുങ്കാറ്റായി മാറാന്‍ നിമിഷാര്‍ധം പോലും ആവശ്യമുണ്ടായിരുന്നില്ല. ഒരു ട്രപ്പീസു കളിക്കാരന്റെ ചാതുരിയോടെ വാക്കുകളെ അദ്ദേഹം അന്തരീക്ഷത്തിലെറിഞ്ഞു. അതില്‍ കല്ലും കല്‍ക്കണ്ടവുമുണ്ടായിരുന്നു. കേള്‍വിക്കാരന് ഒരു നിമിഷം പോലും അതില്‍ നിന്നു മാറി നില്‍ക്കാന്‍ കഴിയാത്തത്ര ലഹരിയായിരുന്നു അത്.


വിഷയത്തില്‍ നിന്നു ഉപകഥകളിലേക്കു പോകുമ്പോള്‍ പലപ്പോഴും തിരിച്ചു വിഷയത്തിലേക്കു വരാന്‍ കഴിയാത്തതാണ് പല പ്രഭാഷകരുടെയും പരാജയം. എന്നാല്‍ കഥയ്ക്കപ്പുറം കടല്‍ കടന്നാലും അഴീക്കോട് ഞൊടിയിടയില്‍ വിഷയത്തിലേക്കു തിരിച്ചു വന്ന് കേള്‍വിക്കാരനെ അദ്ഭുതപ്പെടുത്തി. രാഷ്ട്രീയ പ്രഭാഷണങ്ങളില്‍ തീക്കൊള്ളിയാകുന്ന അഴീക്കോടിന്റെ വാക്കുകള്‍, അനുസ്മരണ പ്രസംഗങ്ങളില്‍ കവിതയുടെ ആര്‍ദ്രതയായി. സാഹിത്യം പറയുമ്പോള്‍ ഭൂഖണ്ഡാന്തരങ്ങളില്‍ നിന്ന് നാം കേള്‍ക്കാത്ത അജ്ഞാതര്‍ വരെ നമുക്ക് മുന്‍പില്‍ നേരിട്ട് സംവദിച്ചു.


പ്രസംഗം കൊണ്ട് എവിടെയെങ്കിലും കള്ളനെ പിടിച്ചതായി കേട്ടിട്ടുണ്ടോ? ഉണ്ട്, അങ്ങനെയും ഒരു സംഭവമുണ്ടായിട്ടുണ്ട്. കാല്‍ നൂറ്റാണ്ടു മുന്‍പ്. സുകുമാര്‍ അഴീക്കോട് കാലിക്കറ്റ് സര്‍വകലാശാലയില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് സംഭവം. റേഡിയോയോടു മല്‍സരിച്ച് ടേപ്പ് റിക്കോര്‍ഡര്‍ വിജയക്കൊടി നാട്ടിവരുന്ന കാലം. മോണോയും സ്റ്റീരിയോയും ടൂ ഇന്‍ വണ്ണുമൊക്കെ അന്നു പ്രചാരത്തിലുണ്ടായിരുന്നെങ്കിലും പില്‍ക്കാലത്തെപ്പോലെ സര്‍വവ്യാപിയായിരുന്നില്ല. അഴീക്കോടിന്റെ വീട്ടിലെ ടേപ്പ് റിക്കോര്‍ഡര്‍ ഒരുനാള്‍ കാണാതായി. നാട്ടുനടപ്പനുസരിച്ചു പൊലീസില്‍ പരാതിയും നല്‍കി. അന്വേഷണം നടക്കുന്നതിനിടെ അവര്‍ക്കൊരു വിവരം ലഭിച്ചു. ഒരു വീട്ടില്‍ നിന്ന് ഇടതടവില്ലാതെ അഴീക്കോടിന്റെ പ്രസംഗം കേള്‍ക്കുന്നെന്ന്. 


അഴീക്കോടിന്റെ വേലക്കാരന്റെ വീടായിരുന്നു അത്. ജോലി നിര്‍ത്തി പോയപ്പോള്‍ ഒരു കൂട്ടിന് ടേപ്പ് റിക്കോര്‍ഡര്‍ കൂടി എടുത്ത കക്ഷിക്ക് അഴീക്കോടിന്റെ വീട്ടില്‍നിന്നു കിട്ടിയ കസെറ്റുകളല്ലാതെ വേറൊന്നും വാങ്ങിയിടാനായില്ല. മാഷിന്റെ വീട്ടില്‍നിന്നു കിട്ടിയ കസെറ്റുകള്‍ മുഴുവന്‍ മാഷിന്റെ പ്രസംഗവുമായിരുന്നു. അത് ഉച്ചത്തില്‍ വച്ചതാണ് അയല്‍ക്കാര്‍ക്കു സംശയമുണ്ടാകാനും പൊലീസ് വിവരമറിയാനും കാരണമായത്.


പ്രസംഗകലയില്‍ പല പരീക്ഷണങ്ങളും നടത്തിയ ആളായിരുന്നു അഴീക്കോട്. ഗാന്ധിജിയുടെ 125-മത് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കേരളത്തിലെ 125 ഗ്രാമങ്ങളില്‍ സഞ്ചരിച്ച് അദ്ദേഹം പ്രസംഗിച്ചു. ഏറ്റവും കൂടുതല്‍ നാള്‍ നീണ്ടുനിന്ന അഴീക്കോടിന്റെ പ്രസംഗപര്യടനം അതായിരുന്നു. ഗാന്ധിയന്‍ ത്വത്തങ്ങളെ പുനഃസ്ഥാപിക്കുകയും യുവജനങ്ങളെ അതിനായി സജ്ജമാക്കുകയുമായിരുന്നു ആ പ്രസംഗപരമ്പരയുടെ ലക്ഷ്യം. അഴീക്കോടിന്റെ വാഗ്ധോരണിക്കു മുന്‍പില്‍ അദ്ഭുതപ്പെട്ടു നിന്നവരില്‍ എത്രയെത്ര പ്രതിഭാശാലികള്‍! ആദ്യ ലോകമലയാള സമ്മേളനത്തിന്റെ ഉദ്ഘാടനവേളയില്‍ ചെയ്ത പ്രസംഗം കേട്ട് ആദരപൂര്‍വം നിന്നവരില്‍ മലയാളികള്‍ മാത്രമല്ല, വിദേശികളുമുണ്ടായിരുന്നു. മലയാളത്തിലായിരുന്നു പ്രസംഗം. എന്നിട്ടും എ.എല്‍. ബാഷാംവും ചെലിഷേവും ഉള്‍പ്പെടെയുള്ള വിദേശികള്‍ അഭിനന്ദനവര്‍ഷം ചൊരിഞ്ഞു. 'യു ആര്‍ എ നാച്വറല്‍ ഒറേറ്റര്‍ എന്നായിരുന്നു ബാഷാംയുടെ കമന്റ്. റഷ്യയിലോ യൂറോപ്പിലോ 15 കൊല്ലത്തിനുള്ളില്‍ ഇത്തരത്തിലൊരു പ്രസംഗം കേട്ടിട്ടില്ലെന്നായി ചെഷ്നോവ്. ഒട്ടേറെ ജപ്പാന്‍കാരുമുണ്ടായിരുന്നു അഭിനന്ദനമറിയിക്കാന്‍. ഭാഷയുടെ അതിര്‍വരമ്പുകളെ പ്രസംഗം എങ്ങനെ ഭേദിച്ചുവെന്ന് തനിക്കു മനസിലായില്ലെന്നാണ് അഴീക്കോട് പിന്നീട് ഇതേക്കുറിച്ചു പറഞ്ഞത്. 


നാഷനല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാനായിരിക്കെ ഡല്‍ഹിയില്‍ ലോക പുസ്തകമേള നടത്തിയപ്പോള്‍ ഉദ്ഘാടനവേളയില്‍ ചെയ്ത സ്വാഗത പ്രസംഗം ഹ്രസ്വമായിരുന്നെങ്കിലും ഓര്‍മയില്‍ നില്‍ക്കുന്നതാണ്. ആകെ എട്ടു മിനിറ്റേ പ്രസംഗം നീണ്ടുള്ളു. അതിനിടയില്‍ അഞ്ചു തവണ കൈയടി കിട്ടി. ആംഗലേയത്തിലുള്ള ആ സ്വാഗത പ്രസംഗം കേട്ട യു.ആര്‍. അനന്തമൂര്‍ത്തി പിന്നീട് ഫോണ്‍ ചെയ്തു പറഞ്ഞു 'ഐ വില്‍ നെവര്‍ ഫൊര്‍ഗറ്റ് ദാറ്റ് സ്പീച്ച്. 


ശാരീരികമായ ക്ളേശങ്ങള്‍ പോലും അവഗണിച്ചാണ് അഴീക്കോട് അവസാനകാലത്തും ഓടിനടന്ന് പ്രസംഗിച്ചത്. ഒരു ദിവസം ആറ് പ്രംസംഗങ്ങള്‍ വരെ അദ്ദേഹം ഈ സമയത്ത് ചെയ്തിരുന്നു. ''ശബ്ദമില്ലാത്തവനുവേണ്ടി ഞാന്‍ ഗര്‍ജിക്കാം, എന്റെ തൊണ്ടയിലെ മാംസപേശികളുടെ അവസാന ചലനവും നിലയ്ക്കുന്നതു വരെ. ആ വാക്ക് അദ്ദേഹം പാലിച്ചു.

ശീതസമര കാലത്തെ കമ്യൂണിസ്റ്റ് വിരുദ്ധത രാഷ്ട്രീയം


ശീതസമര കാലത്തെ കമ്യൂണിസ്റ്റ് വിരുദ്ധതയായിരുന്നു അഴീക്കോടിലെ രാഷ്ട്രീയക്കാരന്‍. മനുഷ്യന്‍ അധപതിച്ചാല്‍ മൃഗമാകും പിന്നയും അധ പതിച്ചാല്‍ കമ്യൂണിസ്റ്റാകുമെന്ന് ഗര്‍ജിച്ച അഴീക്കോട് പിന്നെ സി പി എമ്മിന്റെ സുപ്പീരിയര്‍ അഡ്വൈസറായി അവരോധിക്കപ്പെട്ടു. 


ഇടതുപക്ഷരാഷ്ട്രീയലെ  അപചയത്തിന്റെ ചരിത്ര വായനയാണ് അഴീക്കോട്. ധാര്‍മികതയുടെ ഇടതുശൂന്യത്യയിലാണ് മാഷ് സ്ഥാനം കണ്ടത്. ധാര്‍മികരോഷമായിരുന്നു മുഖമുദ്ര. മലയാളത്തിന്റെ ഈ രോഷമത്രയും കേരളരാഷ്ട്രീയത്തില്‍ എഴുപതുകളോടെ റാഡിക്കലാകുകയായിരുന്നു. അങ്ങിനെയാണ് ഈ ഗാന്ധിയന്‍ പരിമിതമായ അര്‍ഥത്തില്‍ കമ്യൂണിസ്റ്റായത്. പാരമ്പര്യധാരകളുടെ വക്താകുമ്പോഴും ഹിന്ദുത്വ വിരുദ്ധ നിലപാടുകളുടെ സെക്ുലര്‍ പാരമ്പര്യം അഴീക്കോട് എക്കാലവും കൊണ്ടു നടന്നു. നവഭാരതവേദി തെറ്റിദ്ധരിപ്പക്കപ്പെട്ടുവോയെന്ന ആശങ്ക അങ്ങിനെയാണുണ്ടാകുന്നത്. 80കളില്‍. വെസ്റ്റേണ്‍ ക്ളാസിക്കല്‍ വായനയിലേക്ക് മലയാളം മാറിയപ്പോഴാണ് അദ്ദേഹത്തിന്റെ വിമര്‍ശകസ്വത്വം സാമൂഹ്യ, സാസംക്കാരിക വിമര്‍ശനത്തിന് വഴി മാറി തുടങ്ങിയത്. ആധുനികതയുടെ വരവില്‍ ഈ സ്വത്വ നിര്‍മിതി ഏറെക്കുറെ പൂര്‍ണമായി. അപാരമായ സംസ്ക്ഹ്നൃതപാണ്ഡ്യതം കൂടി ചേര്‍ന്നപ്പോഴത് ഉപനിഷ്ത് വ്യഖ്യാനങ്ങള്‍ക്കും തത്ത്വമസിക്കും വഴിയൊരുക്കി. മാരാരടക്കമുള്ളവര്‍ ഭാരതീയ ക്ളാസിക്കല്‍ പഠനം കൊണ്ടാടിയപ്പോള്‍ അദ്ദേഹം ഉപനിഷിത് പഠനങ്ങളിലൊതുങ്ങി. ഭാരതീയക്ളാസിക്കല്‍ പഠനം പുതുതലമുറയുടെ രണ്ടാം വായനയായപ്പോള്‍ വേരുകള്‍ നഷ്ടപ്പെട്ടുവെന്ന അഴീക്കോടിന്റെ വിമര്‍ശനത്തിന് പ്രസക്തിയേറി. മലയാളത്തില്‍ സാഹിത്യഅപനിര്‍മിതയുടെ തുടക്കക്കാരനായി. ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നുവെന്ന പുസ്തകം ഒരു പുതിയ സാഹിത്യപരിപ്രേക്ഷ്യം മലയാളത്തിന് നല്‍കി.. പാരലലുകളില്ലാത്ത പ്രഭാഷണപാടവമായിരുന്നു അഴീക്കോട്. ഇമേജുകളുടെ കുത്തൊഴുക്ക്. എം എന്‍ വിജയനും ഇ എം എസും സ്്റ്റേജിലും ബുദ്ധി പറഞ്ഞു. അഴീക്കോട് അതിനെ രസപ്രദായിനിയാക്കി. വ്ഗ്ഭടാനന്ദഗുരുപരമ്പരയുടെ മഹത്വം. എല്ലാം വഴങ്ങിയപ്പോഴും ടി വിയടക്കമുള്ള നവമാധ്യമങ്ങളില്‍ നിന്ന് അഴീക്കോട് ശരിദൂരം പാലിച്ചു. ഫെയ്സ ബുക്കിലും യൂ ട്യൂബിലും ഇദ്ദേഹത്തെ കണ്ടില്ല. ് കടുത്ത ശത്രുതയോടു പോലും പെട്ടെന്ന് സമരസപ്പെടുന്ന ഒരു മെയ് വഴക്കമുണ്ടിയിരുന്നു. ശിശുസഹജമായ നിഷ്ക്കളങ്കതയായി ഇത് പലപ്പോഴും കൊണ്ടാടപ്പെട്ടു. ഒരു ഗാന്ധിയന്‍ വ്യക്തിത്വമായി ഇതിനെ വ്യാഖ്യാനിച്ചാലും തെറ്റാവില്ല. അവസാനദിവസങ്ങളില്‍ ആശുപത്രികിടക്കയില്‍ ഈ രീതിയുടെ ഉത്സവമായിരുന്നു. മലയാളി ജീവിതം തന്നെ ഒരു ഫോട്ടോസെഷനാകുന്ന പുതിയ കാലക്രമത്തിലും പകരക്കാനില്ലാതെ അഴീക്കോട് അവസാനഫ്രെയിമിലേക്ക് ഒതുങ്ങുന്നു 


ഈ ഗാന്ധിയന്‍ പിന്നെ സഖാവ് അഴീക്കോടെന്ന വരെ വിളിക്കപ്പെട്ടു. എന്നാല്‍, പുതിയ ക്യൂണിസ്റ്റ് സഘത്തില്‍ ഒൌദ്യോഗികപക്ഷചായവെന്ന സംശയവും ഉന്നയിക്കപ്പെട്ടു. 

നഷ്ടപ്പെട്ടത് അടുത്ത സുഹൃത്തിനെ: വിഎസ്



തിരുവനന്തപുരം: വ്യക്തിപരമായി അടുത്ത സുഹൃത്തിനെയാണ് സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തോടെ തനിക്കു നഷ്ടമായതെന്നുപ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.  അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും വിഎസ് പറഞ്ഞു.


വിദ്യാഭാസ കച്ചവടവും അഴിമതിയും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കെതിരെ ശക്തമായ വാക്ക് സമരം നടത്തിയ ആളായിരുന്നു സുകുമാര്‍ അഴീക്കോട്. ഒരു കാലത്ത് ഇടതുപക്ഷത്തെ വിമര്‍ശിച്ച അഴീക്കോട് അടിയന്തരാവസ്ഥയ്ക്കു ശേഷം കോണ്‍ഗ്രസിനെ വിമര്‍ശിച്ച കാഴ്ചയാണു കണ്ടത്. രാഷ്ട്രീയ ചിന്തകന്‍, മഹാനായ പ്രഭാഷകന്‍ , സാംസ്കാരികസ നായകന്‍ എന്നീ നിലകളിലെല്ലാം തലമുറകള്‍ അഴീക്കോടിനെ ഓര്‍ക്കുമെന്നും വിഎസ് പറഞ്ഞു.


സാമൂഹ്യ ജീവിതത്തിലെ നിറഞ്ഞ സാന്നിധ്യം: സച്ചിദാനന്ദന്‍
കൊച്ചി: പതിറ്റാണ്ടുകളോളം കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ നിറഞ്ഞ സാന്നിധ്യമായിരുന്നു ഡോ.സുകുമാര്‍ അഴീക്കോടെന്നു സാഹിത്യകാരന്‍ സച്ചിദാനന്ദന്‍. പലപ്പോഴും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം വ്യക്തപരമായ വിദ്വേഷം വച്ചു പുലര്‍ത്തിയിരുന്നില്ല.  മതേതരത്വത്തെ ഉയര്‍ത്തി പിടിച്ചതാണ് അഴീക്കോടിന്റെ ഏറ്റവും മികച്ച സംഭാവനയെന്നും അദ്ദേഹം ഒരിക്കലും വര്‍ഗീയതയ്ക്ക് കീ
ഴടങ്ങിയിട്ടല്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു


നഷ്ടപ്പെട്ടത് വിജ്ഞാന ഭണ്ഡാരത്തെ: തിലകന്‍

തിരുവനന്തപുരം: നടനെന്ന നിലയില്‍ തനിക്ക് ഏറ്റവും വലിയ സ്ഥാനം വാക്കുകളാല്‍ തന്ന ആളാണ് സുകുമാര്‍അഴീക്കോടെന്നു നടന്‍ തിലകന്‍ അനുസ്മരിച്ചു. അതിലും വലിയ ഒരു പുരസ്കാരം തനിക്കു ലഭിക്കാനില്ല. അഴീക്കോടിന്റെ നിര്യാണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു . ഒരു വിജ്ഞാന ഭണ്ഡാരത്തെ ആണു കേരളത്തിനു നഷ്ടപ്പെട്ടതെന്നും തിലകന്‍ പറഞ്ഞു.


ഒരു ഗുരുനാഥന്‍ കൂടി നഷ്ടമായി: സി. രാധാകൃഷ്ണന്‍ 


നമുക്ക് ഒരു ഗുരുനാഥന്‍ കൂടി നഷ്ടമായി എന്നത് വളരെ സങ്കടമുണ്ടാക്കുന്നെന്ന് സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സി. രാധാകൃഷ്ണന്‍ പറഞ്ഞു. മുഖം നോക്കാതെ നീതി നടപ്പാക്കാന്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണെന്നും അദ്ദേഹം പറഞ്ഞു.


അഴീക്കോട് കേരളം കണ്ട ബഹുമുഖ പ്രതിഭ: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം കണ്ട ബഹുമുഖ പ്രതിഭകളില്‍ ഒരാളായിരുന്നു സുകുമാര്‍ അഴീക്കോടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗാന്ധിയന്‍, അധ്യാപകന്‍, ചിന്തകന്‍, പ്രഭാഷകന്‍, വിമര്‍ശകന്‍ എന്നീ നിലകളിലെല്ലാം അര നൂറ്റാണ്ടിലധികം കാലം കേരളത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അഴീക്കോടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അഴീക്കോടിന്റെ വേര്‍പാട് സാംസ്കാരിക ലോകത്തിനു മാത്രമല്ല കേരളീയ സമൂഹത്തിനാകെയുണ്ടായ നികത്താവാത്ത നഷ്ടമാണ്. അദ്ദേഹം വിമര്‍ശിക്കുമ്പോള്‍ പോലും ഒരാള്‍ക്കും അതു ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല.  ജീവിച്ചിരുന്ന ഏറ്റവും നല്ല ഗാന്ധിയന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗാന്ധിജിയുടെ അനുയായി ആയി ജീവിതകാലം മുഴുവന്‍ ജീവിച്ച ആളാണ് അഴീക്കോട്. ഗാന്ധിസം പിന്തുടര്‍ന്നില്ലായിരുന്നെങ്കില്‍ തന്റെ ജീവിതം മറ്റൊരു വഴിക്കു പോകുമായിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നതായി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. അഴീക്കോടിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.സംസ്കാര ചടങ്ങുകള്‍ക്കു സമ്പൂര്‍ണ സംസ്ഥാന ബഹുമതി കൊടുക്കുമെന്നും ചടങ്ങുകള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്തത്തില്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴീക്കോട് മനുഷ്യസ്നേഹിയും സമൂഹ സ്നേഹിയും: കൃഷ്ണയ്യര്‍

കൊച്ചി: മനുഷ്യസ്നേഹിയും സമൂഹ സ്നേഹിയും ആയിരുന്നു സുകുമാര്‍ അഴിക്കോടെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍. സമൂഹത്തോടു കടപ്പാടുള്ള പണ്ഡിതനായിരുന്നു അദ്ദേഹമെന്നും കൃഷ്ണയ്യര്‍ അനുസ്മരിച്ചു.








രോഷം കുറച്ചത് തത്വമസി


അഴീക്കോടിന്റെ അഭിപ്രായത്തില്‍ തത്വമസി എന്ന പുസ്തകത്തിന്റെ രചന അദ്ദേഹത്തില്‍ കാര്യമായ മാറ്റം കൊണ്ടു വന്നിട്ടുണ്ട്. പണ്ടത്തെയത്ര രോഷം ഇപ്പോഴില്ല. എഴുതുന്ന വാക്കുകളില്‍ പോലും എതിരാളികളെ നിലംപരിശാക്കുന്ന അക്രമണോത്സുകത അഴീക്കോടിന്റെ പ്രത്യേകതയായിരുന്നു. എന്നാല്‍ അത് വ്യക്തിഹത്യയുടെ തരംതാണ നിലയിലേയക്കു പോകുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ സൂക്ഷ്മത. അത് ആരോഗ്യകരമായ വാഗ്യുദ്ധങ്ങളായിരുന്നു. തന്റെ വീക്ഷണത്തില്‍ തെറ്റ് ആരു ചെയ്താലും അദ്ദേഹം വിമര്‍ശിച്ചിരുന്നു. അതില്‍ വ്യക്തിപരമായ വൈരാഗ്യങ്ങളില്ല. ആരെങ്കിലും തെറ്റായതെന്തെങ്കിലും ചെയ്തുവെന്ന തോന്നലുണ്ടായാല്‍ യാതൊരു ദാക്ഷിണ്യവുമുണ്ടായിരുന്നില്ല അഴീക്കോടിന്റെ കോപത്തിന്. 


അഴീക്കോടിന്റെ ക്ഷോഭം പ്രസിദ്ധമാണ്. ശുണ്ഠിമൂക്കന്‍ എന്ന പദവി നല്‍കി അഴീക്കോടിനെ ഒരിക്കല്‍ ആദരിക്കുകയുണ്ടായി വൈക്കം മുഹമ്മദ് ബഷീര്‍. പ്രസംഗത്തിലും അദ്ദേഹം പലപ്പോഴും ക്ഷോഭിച്ചിരുന്നു. സമൂഹത്തിലും ഭരണസംവിധാനത്തിലും രാഷ്ട്രീയ മേഖലയിലുമൊക്കെ അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനാവത്തതു കാണുമ്പോള്‍ അഴീക്കോട് പലപ്പോഴും പൊട്ടിത്തെറിച്ചിരുന്നു. തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ അദ്ദേഹം വിളിച്ചു പറഞ്ഞു. പ്രസംഗവേദിയെന്നോ സ്വകാര്യസംഭാഷങ്ങളെന്നോ ഭേദമില്ലാതെയായിരുന്നു അഴീക്കോടിന്റെ ക്ഷോഭ പ്രകടനങ്ങള്‍. അപ്രിയ സത്യങ്ങളോട് തീക്ഷ്ണമായി പ്രതികരിക്കാന്‍ മനസിന് ശക്തി പകര്‍ന്നത് വാഗ്ഭടാനന്ദഗുരുവിന്റെ സ്വാധീനമാണെന്നു അഴീക്കോട് അനുസ്മരിക്കുന്നുണ്ട്.

കാലത്തിന്റെ ശബ്ദം


കാലത്തിന്റെ ശബ്ദം


 വാക്കുകള്‍ക്കു കടം കൊടുത്ത ജന്മമായിരുന്നു സുകുമാര്‍ അഴീക്കോടിന്റേത്. കടം കൊടുത്ത് കൊടുത്ത് ഒരു കാലഘട്ടത്തിന്റെ ശബ്ദമായി മാറി അദ്ദേഹം. വാക്കിന്റെ ശക്തിയാല്‍ കേരളത്തിന്റെ സാസ്കാരിക-സാമൂഹിക മണ്ഡലങ്ങളില്‍ പല അട്ടിമറികളും നടത്തുകയും ചെയ്തു. 


കണ്ണൂര്‍ ജില്ലയില്‍ അഴീക്കോടിനടുത്ത പൂതപ്പാറയല്‍ നിത്യാനന്ദാലയത്തില്‍ 1926 മേയ് 12 നാണ് സുകുമാര്‍ ജനിച്ചത്. അച്ഛന്‍ മലയാളം അധ്യാപകനായിരുന്ന വിദ്വാന്‍ പനംകാവില്‍ ദാമോദരന്‍. അമ്മ കേളോത്ത് തട്ടാരത്തില്‍ മാധവിയമ്മ. അഴീക്കോട് സൌത്ത് എലിമെന്ററി സ്കൂള്‍, ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂള്‍, എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. കോട്ടയ്ക്കല്‍ ആര്യവൈദ്യ കോളജില്‍ വൈദ്യം പഠിക്കാന്‍ ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. 1942nല്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു. 1956 ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1981 ലാണ് 'സാഹിത്യവിമര്‍ശനത്തിലെ വൈദേശിക പ്രഭാവം' എന്ന വിഷയത്തില്‍ അഴീക്കോടിന് ഡോക്ടറേറ്റ് ലഭിക്കുന്നത്. 


ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂള്‍, മംഗലാപുരം സെന്റ് അലേഷ്യസ് കോളജ് , കോഴിക്കോട് ദേവഗിരി കോളജ്, എന്നവിടങ്ങളില്‍ അധ്യാപകനായി ജോലി നോക്കി. മൂത്തകുന്നം എസ്എന്‍എം ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍, കാലിക്കറ്റ് സര്‍വകലാശാല മലയാള വിഭാഗം തലവന്‍, പ്രോ വൈസ് ചാന്‍സലര്‍, ആക്ടിങ് വൈസ് ചാന്‍സലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1986 ഫെബ്രുവരി രണ്ടിന് ഒൌദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു.


1945ല്‍ കണ്ണൂരിലെ ഒരു പൊതുവേദിയില്‍ ആശാന്‍ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ പൊതു സമ്മേളനത്തിലായിരുന്നു ആദ്യ പ്രസംഗം നടത്തിയത്. 1944 ല്‍ മാതൃഭൂമിയില്‍ ആദ്യം ലേഖനവും പ്രസിദ്ധീകരിച്ചു വന്നു. 18-ാം വയസിലായിരുന്നു അത്. ദീനബന്ധു, മലയാള ഹരിജന്‍ പത്രങ്ങളുടെ പത്രാധിപ സമിതിയില്‍ അംഗമായിരുന്ന അഴീക്കോട് 1947ല്‍ കണ്ണൂരില്‍ നിന്നിറങ്ങിയ നവയുഗം പത്രത്തില്‍ സഹ പത്രാധിപരായി. ദിനപ്രഭയുടേയും വര്‍ത്തമാനം ദിനപത്രത്തിന്റേയും മുഖ്യപത്രാധിപരായിരുന്നു ഏറെക്കാലം. 


പിന്നീട് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാനും അഴീക്കോട് ധൈര്യം കാണിച്ചു.1962ല്‍ തലശ്ശേരിയില്‍ നിന്നു എസ്.കെ.പൊറ്റെക്കാട്ടിനെതിരെ പാര്‍ലമെന്റിലേക്കു മല്‍സരിച്ചുകൊണ്ടായിരുന്നു അത്. എന്നാല്‍ പരാജയമായിരുന്നു ഫലം. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടേയും എക്സിക്യൂട്ടീവ് കൌണ്‍സിലില്‍ തുടര്‍ച്ചയായി അഴീക്കോട് അംഗമായിരുന്നു. തുടര്‍ച്ചയായ 12 വര്‍ഷം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. നാഷനല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍, നവഭാരത വേദിയുടെ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വൈലോപ്പിള്ളി സ്മാരക സമിതി, സി.പി.ശ്രീധരന്‍ ഫൌണ്ടേഷന്‍, വിലാസിനി സ്മാരക സമിതി എന്നിവയുടെ അധ്യക്ഷനായിരുന്നു. മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ സ്മാരക സമിതിയുടെ അധ്യക്ഷ പദവിയിലും ഏറെനാള്‍ അഴീക്കോട് ഉണ്ടായിരുന്നു.

സുകുമാര്‍ അഴീക്കോടിന്റെ രണ്ട് അവതാരികകളിലൂടെ


മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ എഴുതിയ ഉമ്മന്‍ ചാണ്ടിയുടെ ജീവിതകഥയ്ക്കും (തുറന്നിട്ട വാതില്‍) പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ആത്മകഥയ്ക്കും (സമരം തന്നെ ജീവിതം) അവതാരിക എഴുതിയത് സുകുമാര്‍ അഴീക്കോട്. രണ്ട് അവതാരികകളുടെയും പ്രസക്ത ഭാഗങ്ങള്‍ 


ഞാന്‍ അവതരിപ്പിക്കുന്ന തുറന്നിട്ട വാതില്‍ എന്ന ഇൌ പുസ്തകം കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവചരിത്രമാണ്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ ആണു ഗ്രന്ഥകര്‍ത്താവ്.ഇൌ പുസ്തകത്തിന് അവതാരിക എഴുതാന്‍ ക്ഷണിക്കപ്പെട്ടപ്പോള്‍ ഞാന്‍ അല്‍പ്പമൊന്നു മടിച്ചുനിന്നിട്ടുണ്ടെങ്കില്‍, അത് ഒരു വിമര്‍ശകന് എപ്പോഴും സ്വരക്ഷയ്ക്കായി ഉണ്ടായിരിക്കേണ്ട ഒരു ശങ്ക നിമിത്തമായിരുന്നു ഗ്രന്ഥം വെറുമൊരു സ്തോത്രമാലയായിരിക്കുമോ എന്ന ശങ്ക. ആദ്യത്തെ അധ്യായം കുറച്ചു വായിച്ചപ്പോള്‍ തന്നെ ആ ശങ്ക മാറിക്കിട്ടി. നാടകീയമായ തുടക്കം. രസകരങ്ങളായ കൊച്ചു സംഭവങ്ങള്‍ ധാരാളം. തന്റെ കഥാനായകനെ ആള്‍വലിപ്പത്തിലും കൂടുതലായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ അഭാവം, സത്യസന്ധത തുടങ്ങി രചനാവിജയത്തിനു വിധിക്കപ്പെട്ട ചില നയങ്ങള്‍ യഥാസന്ദര്‍ഭം ഉപയോഗിക്കാന്‍ അറിയുന്ന ആളാണ് എഴുത്തുകാരന്‍ എന്നു തെളിവായപ്പോള്‍ വളരെ സന്തോഷം തോന്നി.


ഒരു നോവലിനെയോ ചെറുകഥയെയോ അനുസ്മരിപ്പിക്കുന്ന തുറന്നിട്ട വാതില്‍ ഇൌ ഗ്രന്ഥനാമം മുഖ്യമന്ത്രിയുടെ ഒൌദ്യോഗിക ചേമ്പറിനു ചേരുന്നതിനേക്കാള്‍, അദ്ദേഹത്തിന്റെ ജീവിതത്തിന് ഇണങ്ങുന്ന ഒരു ബിംബമാണ്. 'തുറന്ന പുസ്തകം എന്ന പ്രയോഗം ഇന്നു രാഷ്ട്രീയ നേതാക്കള്‍ അവസരത്തിലും അനവസരത്തിലും ഉപയോഗിച്ചുവരുന്നു വിശേഷിച്ച് അപവാദത്തിന് ഇരയായവര്‍. എന്നാല്‍, ഇൌ അധ്യായത്തില്‍ ഗ്രന്ഥകാരന്‍ തുറന്നിട്ടു തന്ന വാതിലിലൂടെ അകത്തു കടന്നു പുസ്തകം വായിച്ചുതീരുമ്പോള്‍ ഒരു തുറന്ന പുസ്തകം വായിച്ചുതീര്‍ന്ന സംതൃപ്തി നാം അനുഭവിക്കാതിരിക്കില്ല.


തന്റെ ആപ്പീസുമുറി കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി അഴികള്‍ മാറ്റി തുറന്നിട്ടുകൊടുത്ത മുഖ്യമന്ത്രിയാണെന്നു പത്രങ്ങള്‍ നമ്മെ നേരത്തേ ധരിപ്പിച്ചിട്ടുണ്ട്. പക്ഷേ, അവിടെ നടന്ന രസികന്‍ സംഭവങ്ങള്‍ വായിക്കുമ്പോള്‍ എത്രയോ മടങ്ങ് അവ ശ്രദ്ധേയങ്ങളായി തോന്നി. മാവേലി സ്റ്റോര്‍ എന്നും ചന്തപ്പുറം എന്നും ഉല്‍സവപ്പറമ്പ് എന്നും മറ്റും കളിയാക്കപ്പെട്ട മുഖ്യമന്ത്രിയുടെ കര്‍മസ്ഥലം പതിനായിരക്കണക്കിന് ആളുകള്‍ക്കു തികഞ്ഞ പ്രശ്നപരിഹാരമല്ലെങ്കില്‍ ചെറിയ ആശ്വാസമെങ്കിലും കൊടുത്തുവെന്നതു നിസ്സാരമായ നേട്ടമല്ല. 


ഗ്രന്ഥകാരന്‍ എടുത്തുപറഞ്ഞ കഥകള്‍ വായനക്കാരെ നന്നേ ചിരിപ്പിക്കും. പക്ഷേ, മുഖ്യമന്ത്രി ഇൌ രസികത്തരങ്ങള്‍ അറിയുകയോ ആസ്വദിക്കുകയോ ചെയ്തില്ലെന്നതാണ് ഏറ്റവും വലിയ തമാശയായിട്ടു നമുക്കു തോന്നുക. എംഎല്‍എ ഹോസ്റ്റലില്‍ ചെന്നാല്‍ കാര്യം നടക്കുമെന്നു പറഞ്ഞ് മുഖ്യമന്ത്രി ഒഴിയാന്‍ ശ്രമിച്ചപ്പോള്‍, അവിടെവരെ പോകാന്‍ വേണ്ട ഒാട്ടോക്കൂലി മുഖ്യമന്ത്രിയില്‍നിന്ന് ഒരു പരാതിക്കാരന്‍ വാങ്ങിയത്രേ. ആരാണിവിടെ യഥാര്‍ഥ പരാതിക്കാരന്‍ എന്ന് നാം ആശ്ചര്യപ്പെടുന്നു.


കേരളത്തില്‍ ഇ.എം.എസ്. തൊട്ട് നമുക്കു ലഭിച്ച ഒന്‍പതു മുഖ്യമന്ത്രിമാരില്‍ ഒരാളും (ഒരു വ്യക്തി പല തവണ മുഖ്യമന്ത്രിയായി വന്നിരിക്കണം) ഒാട്ടോക്കൂലി സ്വന്തം കൈയില്‍നിന്നു പിടിച്ചുവാങ്ങാന്‍ പരാതിക്കാരനെ അനുവദിക്കുമെന്ന് എനിക്കു തോന്നുന്നില്ല.


ഒരാള്‍ ഒന്നും എഴുതാത്ത ഒരു വെള്ളക്കടലാസ് മുഖ്യമന്ത്രിക്കു നീട്ടി. ഒന്നും എഴുതിയിട്ടില്ലല്ലോ എന്ന ചോദ്യത്തിന് കക്ഷിക്കു മറുപടി ഉണ്ടായിരുന്നു: ''സാര്‍ ഒപ്പിട്ടോ, കാര്യം ഞാന്‍ പിന്നെ എഴുതിക്കോളാം. ഒാട്ടോക്കൂലി കൊടുത്തതുപോലെ ഉമ്മന്‍ ചാണ്ടി ഇൌ അപേക്ഷ സ്വീകരിച്ചില്ലെന്നു ഞാന്‍ വിചാരിക്കുന്നു.


പിതാവിന്റെ ഹര്‍ജിക്കടലാസുപ്രിയം മനസ്സിലാക്കിയ ചെറിയ മകള്‍പോലും കടലാസ് നീട്ടിപ്പിടിച്ച് നില്‍ക്കാറുണ്ടെന്നു വായിക്കുമ്പോള്‍ ഇൌ നേരമ്പോക്കിന്റെ അങ്ങേയറ്റത്ത് നാമെത്തുന്നു. വെളിയില്‍ ജനക്കൂട്ടത്തിനിടയില്‍നിന്നു പരാതി കേള്‍ക്കുമ്പോള്‍ വിയര്‍ത്ത് പരവശനാകുന്ന മുഖ്യമന്ത്രി ചുറ്റുംനോക്കി ആരുടെയെങ്കിലും ചുമലില്‍നിന്ന് ഒരു തോര്‍ത്ത് വലിച്ചു മുഖം തുടയ്ക്കുമെന്നു വായിക്കുമ്പോള്‍ നാം ചിരിക്കാനോ കരയാനോ വയ്യാത്ത ഒരവസ്ഥയിലെത്തും.


ഇതുപോലെ ഇൌ മനുഷ്യന്റെ യാത്രകളെയും വസ്ത്രധാരണത്തെയും ഭക്ഷണരീതിയെയുംപറ്റി എഴുതിയത് വായിച്ചപ്പോള്‍ നമ്മുടെ എ. കെ. ആന്റണിയെക്കാള്‍ ജീവിതലാളിത്യം പുലര്‍ത്തുന്നത് ഉമ്മന്‍ ചാണ്ടിയാണെന്നു തോന്നിപ്പോയി. ഭര്‍ത്താവ് ഉറങ്ങുമ്പോള്‍ തലമുടി വെട്ടിക്കൊടുക്കേണ്ട തലവിധിയുള്ള ഒരു ഭാര്യ ഇൌ ലോകത്തില്‍ ഉണ്ടെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിയുടെ മറിയാമ്മ മാത്രമായിരിക്കും.


രാഷ്ട്രീയ നേതാക്കളെ മാനുഷപശ്ചാത്തലത്തില്‍ ജനങ്ങളുമായി ബന്ധപ്പെടുത്താനും രാഷ്ട്രീയ നേതാക്കള്‍ക്കു രാഷ്ട്രീയതാല്‍പര്യവര്‍ജിതമായ ഒരു സ്വഭാവമുണ്ടെന്നു വെളിപ്പെടുത്താനും ഇൌ ഗ്രന്ഥം ശ്രമിച്ചിരിക്കുന്നു. ആ ശ്രമം ഏറെക്കുറെ വിജയിച്ചും ഇരിക്കുന്നു. കേരളത്തില്‍ കൂടുതല്‍ സുതാര്യമായ ഒരു രാഷ്ട്രീയസംസ്കാരം നിര്‍മിച്ചെടുക്കാന്‍ ഇൌ ഗ്രന്ഥത്തിനു തെല്ലെങ്കിലും സാധിച്ചാല്‍ ഇതിന്റെ വിജയമായിരിക്കും അത്.


സമരം തന്നെ ജീവിതം
ഇതു നമ്മുടെ പ്രതിപക്ഷ നേതാവായ ശ്രീ.വി.എസ്. അച്യുതാനന്ദന്‍ തന്റെ ജീവിതത്തിലെ പ്രധാന വിഷയങ്ങളെപ്പറ്റി എഴുതിയ ചെറിയൊരു കുറിപ്പാണ്. ഈ രചനയെ പുസ്തകമെന്നോ ഗ്രന്ഥമെന്നോ വിളിക്കുന്നത് അത്യുക്തിയാവും. ആത്മകഥയെന്നും വിളിക്കണമെന്നില്ല. നമ്മുടെ രാഷ്ട്രീയ നേതാക്കളായ കേശവമേനോന്‍, എ.കെ.ജി , ഇഎംഎസ്, മുതലായവരില്‍ നിന്ന് നമുക്കു ലഭിച്ച ആത്മകഥകള്‍ വലിയ ഗ്രന്ഥങ്ങളാണല്ലോ. 


ചെറുതായാലും വലുതായാലും രാഷ്ട്രീയ നേതാക്കളുടേതായി നമുക്കു കിട്ടിയ സ്വന്തം ജീവചരിത്രങ്ങളുടെ പരമ്പരയില്‍ എറ്റവും ഒടുവില്‍ വരുന്ന കൃതിയാണ് വി.എസിന്റെ ''സമരം തന്നെ ജീവിതം വലിയ ആത്മകഥ എഴുതുന്നതിനേക്കാള്‍ എത്രയോ പ്രയാസമാണ് അത് ചെറുതായെഴുതാന്‍. ചുരുക്കിയെഴുതേണ്ടിവന്നതുകൊണ്ട് ഒരുപാട് സമയം വേണ്ടിവന്നു എന്ന് ഒരു പാശ്ചാത്യചിന്തകന്‍ പരാതി പറഞ്ഞതായി കേട്ടിട്ടുണ്ട്.


വി.എസിനോട് ഞാന്‍ ചോദിച്ചിട്ടില്ലെങ്കിലും അദ്ദേഹം ഇൌ ചെറുകൃതി എഴുതിയത് ധാരാളം സമയം എടുത്തിട്ടാണെന്ന് ഞാന്‍ കരുതുന്നില്ല. കാരണം വളരെ ലഘുവാണ്. അദ്ദേഹത്തിന് എഴുതാന്‍ സമയം ധാരാളമില്ല. വളരെ വലിയ തിരക്കിനിടയില്‍ വളരെ ചെറിയ സമയംകൊണ്ട് വളരെ ചെറുതെങ്കിലും വളരെ നല്ല ഒരു രചന സാധിച്ചുവെന്നതാണ് ഈ കൊച്ചുകൃതിയുടെ മികവ്.


ആ മികവ് തുടക്കം മുതല്‍ തെളിഞ്ഞുനില്‍ക്കുന്നു. ഉദാഹരണത്തിന് രണ്ടാമത്തെ ഖണ്ഡിക ഇങ്ങനെ പോകുന്നു ''അമ്മയുടെ മരണശേഷം അഛനാണ് വളര്‍ത്തിയത്. പതിനൊന്നു വയസുള്ളപ്പോള്‍ അപ്പനും മരിച്ചു.....ജ്യേഷ്ഠന്‍ ഗംഗാധരന്‍ ആയിരുന്നു കുടുംബം പോറ്റിയത്. അഛന്‍ മരിച്ചതോടെ ഏഴാം ക്ളാസില്‍ എന്റെ പഠനം നിലച്ചു. ചേട്ടന്റെ കടയില്‍ സഹായിയായി കൂടി.


ഇത് എഴുത്തല്ല. ഒഴുക്കാണ്. എഴുത്തില്‍ കലയുണ്ട്. കൃത്രിമത്വവും കാണും. ഒഴുക്ക് തെളിനീരാകുന്നു. അവസാനം വരെ ഈ പ്രസന്ന നിര്‍മലമായ ശൈലി തുടര്‍ന്നുപോകുന്നു. ''......'സമരം ചെയ്ത് ശരിയായ പാതയില്‍ സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകുകയെന്ന കമ്യൂണിസ്റ്റ് നിലപാടിനു വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. അതിനുവേണ്ടിയുള്ള സമരം തന്നെയാണ് എന്റെ ജീവിതവും


ജൌളിക്കടയില്‍ നിന്ന് നിയമനിര്‍മാണ സഭവരെയുള്ള ഒരു കയറ്റമാണ് വി.എസിന്റെ ജീവിതം . മരക്കുടിലില്‍ നിന്ന് വൈറ്റ് ഹൌസിലേക്ക് കയറിപ്പോയ ഏബ്രഹാം ലിങ്കനെ ഓര്‍ത്തുപോകും. താഴ്വരയില്‍ നിന്ന് മുളവളര്‍ന്ന ഒരു ചന്ദനമരം വളര്‍ന്ന് മലയുടെ മുടിവരെ ഉയര്‍ന്നുപൊങ്ങിയതുപോലെ!


ഇതിനിടയില്‍ ജൌളിക്കടയില്‍ നിന്ന് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങളിലേക്കും അവിടെ നിന്നും കമ്യൂണിസ്റ്റുകക്ഷിയിലേക്കും സമര സാന്ദ്രമായ കര്‍ഷക തൊഴിലാളി പ്രവര്‍ത്തനത്തിലേക്കും ഉത്തരവാദ പ്രക്ഷോഭങ്ങളിലേക്കും പുന്നപ്ര സമരഭൂമിയിലേക്കും ഒളിവിലേക്കും തടവില്‍ നിന്നുണ്ടായ ആപാദചൂഢരമണീയമായ ഉഗ്രമര്‍ദ്ദന മുറകളിലൂടെയും കടന്നുകയറിയ അഗ്നിപരീക്ഷിതനായ നേതാവാണ് ഇന്നത്തെ നിയമസഭാംഗവും പ്രതിപക്ഷ നേതാവുമായ ഈ ചെറിയ മനുഷ്യന്‍. ഇദ്ദേഹത്തിന്റെ ശരീരത്തെയോ മനസിനേയോ കരിതേച്ചു കളയാന്‍ പോരുന്ന ഒരു അഗ്നികുണ്ഡവും ഇനി ബാക്കിയുണ്ടെന്ന് തോന്നുന്നില്ല. 


ഈ വഴി തെല്ലും മാറാതെ മുന്നോട്ടു പോവുക; ഗ്രന്ഥം അവതരിപ്പിച്ച ആള്‍ ഗ്രന്ഥത്തെ മാറ്റി നിര്‍ത്തി ഗ്രന്ഥകാരന് വിജയാശംസകള്‍ നേരുകയാണ് ഈ കൃതിയുടെ പുറങ്ങളില്‍ അതില്‍ ഒതുങ്ങാത്ത ഒരു ജീവിതമുണ്ട്. ആ ജീവിതത്തിന്റെ വിജയമാണ് ഈ പുസ്തകത്തിന്റെ സാഫല്യം.

'അഴീക്കോടി'നെക്കുറിച്ച് അഴീക്കോട്


പ്രഭാഷണത്തില്‍ വേദികള്‍ പിന്നിടുമ്പോഴും പിറന്നനാടിനെക്കുറിച്ചുള്ള ഓര്‍മകള്‍ എന്നും സുകുമാര്‍ അഴീക്കോടിനുണ്ടായിരുന്നു. കെ.ടി.സുകുമാരന്‍, സുകുമാര്‍ അഴീക്കോട് എന്ന ലോകമറിയുന്ന വ്യക്തിയായി വളര്‍ന്നപ്പോഴും ജന്മനാടുമായുള്ള ബന്ധം അഴീക്കോട് ഉപേക്ഷിച്ചില്ല. തകഴി, പൊറ്റെക്കാട് തുടങ്ങി നാടിന്റെ പേരിലറിഞ്ഞവരെ പോലെ സ്വന്തം നാടിന്റെ പേരില്‍ അറിയപ്പെട്ട അഴീക്കോട്, അഴീക്കോട് എന്ന ജന്മദേശത്തെക്കുറിച്ചെഴുതിയ ഓര്‍മക്കുറിപ്പ്. 


ഞാന്‍ പിറന്നു വീണ അഴീക്കോട് എന്ന ഗ്രാമത്തോടുള്ള എന്റെ പ്രേമവും കടപ്പാടും എത്ര ആഴമേറിയതാണെന്ന് എന്നെത്തന്നെ വേണ്ടത്ര നന്നായി അറിയിക്കാന്‍ ഞാന്‍ കരുതിക്കൂട്ടി ചെയ്യുന്ന ആദ്യത്തെ ശ്രമമാണ് ഈ ലേഖനം. ഇതിനു മുമ്പ് അഴീക്കോട് എന്റെ എഴുത്തില്‍ പ്രതിപാദ്യമായി പ്രവശിച്ചിട്ടില്ലെന്നില്ല. എന്നാല്‍ അഴീക്കോട്  എനിക്ക് പിറവി തന്നതും പിറവിക്കുശഷമുള്ള ജീവിതം രൂപപ്പെടുത്തിയതുമായി പ്രദേശമാണെന്ന നോട്ടത്തില്‍ എന്റെ ജന്മഗ്രാമത്തെപ്പറ്റി ഞാന്‍ എഴുതുന്നത് ഇതാദ്യം.


അതുകൊണ്ട് അഴീക്കോട്  എന്നെ മനസിലാക്കാന്‍ എനിക്ക് ദൈവം തന്ന ഒരനുഗ്രഹമാണ്. ജീവിതത്തിന്റെ മരപ്പെട്ടി തുറന്നു നോക്കാന്‍ കിട്ടിയ പൊന്‍ താക്കോലാണ് എനിക്ക് അഴീക്കോട്. ഇന്നു ഞാന്‍ അഴീക്കോട്ടുനിന്ന് വരെ അകലെ കഴിയുന്നു. നാട്ടില്‍ പോകുന്നു എന്നു പറഞ്ഞാല്‍ ഇന്ന് അതിനര്‍ത്ഥം പിറന്ന മണ്ണിലേക്ക് പോകുന്നു എന്നല്ല, അഴീക്കോടിന്റെ നാഗരിക പരിസരമായ കണ്ണൂരിലേക്കു പോകുന്നു എന്നാണ്. അവിടെയാണ് എന്റെ പെങ്ങളുടെ വീട്. എനിക്ക് ഇന്നു വീടില്ല. നാടുമില്ല എന്നും പറയാം. അത് എന്നില്‍ 'നിത്യസന്നിഹിതന്‍ ആണ്. എന്റെ  പേരിന്റെ കൂടെ അഴീക്കോട് എന്ന ദശനാമം ഘടിപ്പിച്ചതുകൊണ്ട് പറയുകയല്ല. എഴുതാന്‍ തുടങ്ങുന്നകാലത്ത് എന്റെ ഔദ്യോഗിക നാമത്തില്‍ നിന്ന് മോചനം നടത്തണമെന്ന് എനിക്കു തോന്നിയത് എന്തു കാരണത്താലാണാവാ?  ഒരു ഭംഗിക്കോ ഗമയ്ക്കോ വേണ്ടിയായിരുന്നുവോ? എന്തായാലും ഇന്നെന്റെ  ഔദ്യാഗികനാമം തന്നെ സുകുമാര്‍ അഴീക്കോട് എന്നാണ്. കെ.ടി. സുകുമാരന്‍ എന്ന പേര് മാഞ്ഞുപോയിട്ട് കൊല്ലം ഏറെയായി. ആദ്യം പറഞ്ഞത് ഞാനുണ്ടാക്കിയ പേരാണ്.


ഞാനുണ്ടാക്കിയ പേരില്‍ ഞാനിന്നു കഴിഞ്ഞുകൂടുന്നു. ആ പേരിന്റെ പ്രാണംഗമായ അഴീക്കോട് എന്നെ ഉണ്ടാക്കിയ ശക്തിയാണെന്ന്   ഇന്നു  ഞാന്‍ തിരിച്ചറിയുമ്പോള്‍ ഈ നാമപരിഷ്കരണം എന്റെ ജന്മ പ്രദേശത്താടുള്ള എന്റെ  കൃതജ്ഞതാസമര്‍പ്പണവും ആരാധനയുമാണെന്നു തെളിഞ്ഞുവരുന്നു.


അഴിയും ആഴിയുമാണ് അഴീക്കോടിന്റെ  രണ്ടതിര്. വടക്ക് അഴി, പടിഞ്ഞാറ് ആഴി. തെക്ക് കണ്ണൂര്‍ എന്ന പട്ടണവും കിഴക്ക് ചിറക്കല്‍ എന്ന രാജഗ്രാമവും. രണ്ടും കേരളചരിത്രത്തില്‍ പ്രസിദ്ധിനേടിയ സ്ഥലങ്ങള്‍. അവയുടെ ചൂടും കടലിന്റെ  തലോടുമേറ്റ് സുഖനിദ്രയും സുഖജിവിതവും  അനുഭവിക്കുന്ന ഗ്രാമമാണ് അഴീക്കോട്.


ഇപ്പാള്‍ ഗ്രാമമെന്ന് സംസ്കൃതവും വില്ലേജ് എന്ന് ഇംഗീഷും പഞ്ചായത്ത് എന്ന് രാഷ്ട്രീയവും പറയുമ്പാള്‍ എന്റെ ഓര്‍മ മുറുകെ പിടിച്ചുകൊണ്ടിരിക്കുന്ന പദം അംശം എന്നതാണ്. റവന്യൂ രേഖകളില്‍ വില്ലേജ് എന്നതിനു പണ്ടുണ്ടായിരുന്ന പേരാണ് അംശം. പുതിയ അര്‍ഥത്തില്‍ പഴയ വാക്ക്. ഞാന്‍ ജനിച്ച ദേശത്തെ അഴീക്കോട് അംശം ദേശം എന്നാണ് സ്കൂള്‍ രജിസ്റ്ററുകളിലും മറ്റെല്ലാ ഔദ്യാഗിക രേഖകളിലും എഴുതിക്കാണിച്ചിരുന്നത്. രണ്ടുനിലയ്ക്ക് അഴീക്കോടുകാരനാണ് ഞാന്‍. എന്റെ ഗ്രാമവും ദേശവും, രണ്ടും അഴീക്കോടെന്ന പേരില്‍ അറിയപ്പെട്ടവയായിരുന്നു.


അംശം എത്ര ഭാവ മനോഹരമായ പദം! ആധുനിക രാഷ്ട്രതന്ത്രത്തിന്റെ വിലപിടിപ്പുള്ള ഒരു തത്ത്വം ആ പഴയ റവന്യൂസംജ്ഞയില്‍ അന്തര്‍ഭവിച്ചതുപോലെ തോന്നുന്നു. അവനവന്‍ ജനിച്ച കൊച്ചു ദേശമല്ല രാഷ്ട്രവും ലോകവുമെന്നും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും വാക്ക് അംശത്തിലൂടെയും അഖിലത്തിനെ പ്രാപിക്കണം. അതിനുള്ള ഒന്നാമത്തെ ചവിട്ടുകല്ലാണ് ജന്മഗ്രാമമായ അംശം. ആ  അംശത്തില്‍ അഖിലം പ്രതിബിംബിച്ചിരിക്കുന്നു.


സത്യം പറഞ്ഞാല്‍ നാം നമ്മുടെ മഹാരാജ്യത്തെയും മഹത്തരമായ ലോകത്തെയും എല്ലാം അറിയുന്നത് നാം പിറന്ന മണ്‍തരിയിലൂടെയല്ല?  ''പഞ്ചാബ് സിന്ധ് ഗുജറാത്ത് മറാത്താ  എന്നൊക്കെ ഉച്ചത്തില്‍ പാടുമ്പാഴും, നമ്മുടെ ഉള്ളില്‍ സദാ മുഴങ്ങുന്ന പല്ലവി പിറന്ന പ്രദേശത്തിന്റേതല്ലേ? അതു കൊണ്ടാണ് നമ്മുടെ പ്രിയപ്പെട്ട കവി കുഞ്ഞിരാമന്‍ നായര്‍, തന്റെ നാട്ടിന്‍പുറത്തക്കു തിരിച്ചുപോകുന്ന മനുഷ്യനെ, കിടാവിന് മുല കൊടുക്കാന്‍ വൈകിട്ടു പാഞ്ഞുപോകുന്ന പശുവിനോട് ഉപമിച്ചത്. നമ്മുടെ ഗ്രാമത്തെ ശരിക്കു മനസിലാക്കിയാല്‍ ലോകം മുഴുവന്‍ അറിയാനാവും. മണല്‍ത്തരിയില്‍ ലോകവും ഒരു തുള്ളി വെള്ളത്തില്‍ അലകടലും ഉണ്ടെന്നു പാടുന്ന കവികള്‍ക്ക് പാടാവുന്ന ഒരാശയമാണ് ഇത്.


ഞാന്‍ കുട്ടിയായി കളിച്ചു നടന്ന കാലത്ത് ഉണ്ടായിരുന്ന അഴീക്കോടെന്ന ഗ്രാമം ഇന്നത്തെ കുട്ടികള്‍ക്ക് ഏതോ പാതാളഗ്രാമമായി തോന്നിക്കൂടായ്കയില്ല. ഒരു ബസ് ആകെ, കണ്ണൂരിനെയും അഴീക്കലിനെയും ബന്ധപ്പെടുത്താന്‍. ഇന്നത്തതുപോലെ ആസന സുഖമായ സൌകര്യമോ സൌന്ദര്യശോഭയോ ഉള്ള ബസല്ല  അന്നത്തെപ്പോലെ ഇന്ത്യാക്കാരനായി കൃഷിക്കാരനെപ്പോലെ അസ്ഥിപഞ്ചരം മാത്രമായി പതുക്കെ കര്‍ണത്തെ വലയ്ക്കുന്ന ശബ്ദകലാപത്തോടെ നീങ്ങിപോകുന്ന ഒരു സാധനം! 'കാറു കണ്ട കര്‍ഷകന്‍ വള്ളത്താളിന് കവനവിഷയമായെങ്കില്‍ മോട്ടാര്‍കാര്‍ കണ്ട ഞങ്ങളും കവികളുടെ ശ്രദ്ധാപാത്രങ്ങളാകേണ്ടിയിരുന്ന കാലം. അത്രയ്ക്കു ദുര്‍ബലമായിരുന്നു കാര്‍. ഇന്നോ? (ഞാന്‍  പ്രോ വൈസ് ചാന്‍സലര്‍ ആയിരുന്നപ്പാള്‍ കുറച്ചാഴ്ച ഗാരജില്‍ എനിക്ക് മൂന്നു കാറുണ്ടായിരുന്നു). വല്ലപ്പോഴും ഒരു ലോറി തൊണ്ടയനക്കി പായും. കാളവണ്ടികള്‍ യഥേഷ്ടം ആ ഏകാന്തപാത അടക്കിഭരിച്ചു.


അന്ന് അഴീക്കോട്ടെ മഹാവിദ്യാലയം സഹോദരങ്ങളായ ഞങ്ങളെല്ലാം പഠിച്ച പുരാതനമായ അഴീക്കോട് സൌത്ത് ഹയര്‍ എലിമെന്ററി സ്കൂള്‍ ആയിരുന്നു. ഞങ്ങള്‍ ക്ളാസ് പുസ്തകങ്ങളില്‍ ലേബല്‍ ഒട്ടിച്ച് മേല്‍വിലാസം എഴുതുമ്പോള്‍ എ.എസ്.എച്ച്. ഇ. സ്കൂള്‍ എന്നേ കാണുമായിരുന്നു ള്ളു. മാനേജരും വലിയ മന്ത്രവാദിയുമായിരുന്ന കുമ്മാരന്‍ ഗുരുക്കള്‍ ഓടിട്ടു പണിത നീണ്ട കെട്ടിടം. പണിതതുപോലെതന്നെ ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും അഴീക്കോടിന്റെ സ്ഥാവരമഹിമയായി നിലകൊള്ളുന്നു. നമ്മുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ മാറാത്ത പ്രതിരൂപമായി ആ വിദ്യാലയം എന്റെ മനസില്‍ എന്നും നിലനില്ക്കുന്നു. പുതിയ കെട്ടിടം നിരത്തിന് ( റോഡും പാതയുമെല്ലാം പിന്നീടു വന്ന വാക്കുകള്‍) കിഴക്കാണെങ്കില്‍ അതിനു മുമ്പു സ്കൂള്‍ പടിഞ്ഞാറ് ആയിരുന്നു. കമ്പനിസ്കൂള്‍  എന്ന പേര് ഇന്നും ഉള്ളില്‍ തിങ്ങി മിന്നുന്നു. നെയ്ത്തു കമ്പനി നടത്തിയിരുന്ന പൊട്ടിപ്പൊളിയാറായ കെട്ടിടം ഞങ്ങള്‍ക്ക് എതിരില്ലാത്ത ഉന്നത വിദ്യാലയമായിരുന്നു. അടുത്തുതന്നെയുള്ള ഓലമേഞ്ഞ ഒരു കെട്ടിടവും വാടകയ്ക്കെടുത്തിരുന്നു. മൂത്രമൊഴിക്കാന്‍ ഞങ്ങള്‍ക്ക് ഒരു ആഘോഷം തന്നെയായിരുന്നു. മൂത്രപ്പുരയില്ലാത്തതുകൊണ്ട് എവിടെയും കര്‍മം നടത്താം   സ്കൂളിലൊഴികെ! മിക്കപിള്ളരും (അന്നു കുട്ടികള്‍ എന്നല്ലാതെ മറ്റൊരു ഹീനപദവും ഉപയോഗിക്കപ്പെട്ടിരുന്നില്ല) മൂത്രവിസര്‍ജനത്തിന് ഉപയോഗിച്ച സ്ഥലം അയല്‍വക്കത്തെ ഒരു ചക്കാലനായരുടെ പറമ്പിലായിരുന്നു. അവര്‍ ഈ ബാലാക്രമണം തടഞ്ഞില്ല. കാരണം ഞങ്ങളുടെ നിരന്തരമായ മൂത്രചികിത്സകൊണ്ട്  അവിടുത്തെ രണ്ടുതെങ്ങുകള്‍ മച്ചിങ്ങക്കുല തുടിച്ചുതൂങ്ങി നില്‍ക്കുന്ന കാഴ്ച കാണേണ്ടതാണ്.


അഴീക്കോട് ഹൈസ്കൂള്‍ വന്നത് എത്രയോ വര്‍ഷം കഴിഞ്ഞാണ്. എന്റെ ഹൈസ്കൂള്‍ വിദ്യാഭ്യാസം നടന്നത് അയല്‍രാജ്യം എന്നു പറയാവുന്ന (അത്ര ദൂരമുണ്ടായിരുന്നു നാലോ അഞ്ചോ കിലോമീറ്റര്‍! ഇന്നത്തെ ദൂരമല്ല, എല്ലാം ഞങ്ങള്‍തന്നെ നടന്നു തീര്‍ക്കണം!) ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂളിലായിരുന്നു. സര്‍വജ്ഞനാണെന്നു ഞങ്ങള്‍ കരുതി ഭയപ്പെട്ട ആളും നാനാ ഭാഷകളിലും നാനാ വിഷയങ്ങളിലും യഥാര്‍ഥ പ്രാഗല്‍ഭ്യം ഉണ്ടായിരുന്ന പണ്ഡിതനും ആയ രൈരുനായര്‍ ആയിരുന്നു ഹെഡ്മാസ്റ്റര്‍. പിന്നീട് അദ്ദഹത്തിന്റെ ശാകുന്തളം തര്‍ജമയ്ക്ക് ഞാന്‍ അവതാരിക എഴുതി ഗുരുപൂജ നടത്തി. ഞങ്ങളാരും കണ്ടിട്ടില്ലാത്ത ചിറയ്ക്കല്‍ രാമവര്‍മ വലിയത്തമ്പുരാന്റെ സ്കൂള്‍ എന്ന പ്രസക്തി അന്ന് അതിനു വടക്കേ മലബാര്‍ നിറയെ ഉണ്ടായിരുന്നു. ഒരണ കൊണ്ട് ഉച്ചഭക്ഷണം, സുഭിക്ഷമായി നടക്കും നടപ്പും സുഖം. ആ വിദ്യാര്‍ത്ഥി കാലത്ത്, ദാരിദ്രത്തിന്റെ നടുവില്‍ ഞാനനുഭവിച്ച ആനന്ദം, പിന്നീട് കോഴിക്കോട് സര്‍വകലാശാലയില്‍ അതിന്റെ അധിപനായിക്കഴിയുമ്പാഴും അനുഭവിച്ചിരുന്നില്ല.

മാഷിന്റെ രാഷ്ട്രീയത്തിലെ വിശാല കാഴ്ചപ്പാട്


കോണ്‍ഗ്രസുകാരെ കര്‍ക്കശമായി വിമര്‍ശിക്കുമ്പോള്‍ സിപിഎമ്മിനോട് എന്തേ മൃദു സമീപനം എന്നു ചോദിച്ചപ്പോള്‍ അഴീക്കോട് പറഞ്ഞ മറുപടിയില്‍ ഉണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയം. ''കോണ്‍ഗ്രസ് എന്റെ തറവാടാണ്. അതിന്റെ അപചയം ദുഃഖിപ്പിക്കുകയും രോഷം കൊള്ളിക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസുകാര്‍ അഴിമതി കാട്ടുന്നുവെന്നതു മാത്രമല്ല സങ്കടകരം, ഇത്ര മഹത്തായ പ്രസ്ഥാനത്തെ ഇത്ര കുറഞ്ഞകാലം കൊണ്ട് ഇപ്പരുവത്തിലാക്കിയതിലാണ്. തികച്ചും വിശാലവും സ്വതന്ത്രവുമെന്നു പറയാവുന്ന രാഷ്ട്രീയ കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റേത്. വാഗ്ഭടാനന്ദ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച നാളില്‍ തന്നെയാണ് സ്വാതന്ത്യ്രസമരത്തിന്റെ തീക്ഷ്ണതയില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ അദ്ദേഹം ആകൃഷ്ടനാവുന്നത്. ഗാന്ധിജി വിഭാവനം ചെയ്ത മാനവിക ചിന്തയും ലാളിത്യവും സത്യസന്ധതയും പോറലേല്‍ക്കാതെ കാത്തു സൂക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. 


ദേശീയപ്രക്ഷോഭകാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി അഴീക്കോട് കരുതി. മഹാഭാരതത്തിലെ കീരിയെ പോലെ ഇതിഹാസസാഗരത്തിന്റെ ഓരത്തുകൂടി നടക്കുകയും ആ മണ്ണ് കാലില്‍ തട്ടുകയും ചെയ്തതിനാല്‍ ആത്മാവില്‍ എവിടെയോ സ്വര്‍ണം പതിഞ്ഞെന്നു തോന്നുന്നതായി അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. മഹാത്മാഗാന്ധിയെ പിന്തുടരുകയായിരുന്നു അന്നത്തെ രാഷ്ട്രീയം. 1947 വരെ ഒാഗസ്റ്റ് വരെ ബ്രിട്ടന്റെ ആധിപത്യത്തിന് എതിരായിരുന്നു അഴീക്കോടിന്റെ പ്രസംഗങ്ങള്‍. 1946 ല്‍ ഗാന്ധിജിയുടെ 78-ാം ജന്മദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ രാഷ്ട്രീയ പ്രസംഗം. ഇക്കാലത്ത് നിരവധി രാഷ്ട്രീയ ലേഖനങ്ങളും അഴീക്കോട് എഴുതിയിരുന്നു. 


വാര്‍ധയില്‍ ഗാന്ധിജിയുടെ ആശ്രമം സന്ദര്‍ശിച്ച അഴീക്കോട് ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയമാണ് പിന്തുടര്‍ന്നിരുന്നത്. ഗാന്ധിജിയുടെ മരണശേഷവും അദ്ദേഹം കോണ്‍ഗ്രസിന്റെ കൊടിക്കീഴില്‍ തന്നെ മുന്നോട്ട നീങ്ങി. കമ്യൂണിസത്തിനെതിരെ അക്കാലത്ത് തൊട്ടാല്‍ പിളരുന്ന വാക്കുകള്‍ കൊണ്ടാണ് അദ്ദേഹം ആക്രമണം നടത്തിയത്. അഴീക്കോടിന്റെ പല പ്രഭാഷണങ്ങളും കമ്യൂണിസ്റ്റ്കാരെ പ്രകോപിപ്പിച്ചിരുന്നു. വിമോചന സമരകാലത്ത് സാംസ്കാരിക മേഖലയിലെ കമ്യൂണിസ്റ്റ് അധിനിവേശത്തിനെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. എന്നാല്‍ ഗാന്ധിയന്‍ തത്വസംഹിതകള്‍ കോണ്‍ഗ്രസ് പടിയിറക്കുകയാണോ എന്ന തോന്നലില്‍ അഴീക്കോട് ക്രമേണ കോണ്‍ഗ്രസില്‍ നിന്ന് അകന്നു. തന്റെ മരണത്തിനു മുന്‍പ് തന്നെ കോണ്‍ഗ്രസിന്റെ മരണമുണ്ടാകുമെന്നു വരെ അദ്ദേഹം അന്ന് പറഞ്ഞിരുന്നു. അത് ആ പ്രസ്ഥാനത്തോടുള്ള വൈരാഗ്യം കൊണ്ടായിരുന്നില്ല. ആത്മാവില്‍ അലിഞ്ഞു ചേര്‍ന്ന ദേശീയതയോടുള്ള ആത്മാര്‍ഥത കാരണമായിരുന്നു. ഗാന്ധിജിയുടെ 125-ാം ജന്മവാര്‍ഷികത്തില്‍ കേരളത്തിലുടനീളം അദ്ദേഹം സഞ്ചരിച്ചു നടത്തിയ പ്രസംഗപരമ്പര ഇതു തെളിയിക്കുന്നുണ്ട്.


കോഴിക്കോട് ദേവഗിരി കോളജില്‍ അധ്യാപകനായിരിക്കുമ്പോഴാണ് തലശ്ശേരിയില്‍ പാര്‍ലമെന്റ് സ്ഥാനാര്‍ഥിയായി അഴീക്കോട് മല്‍സരിക്കുന്നത്. മറ്റൊരു സാഹിത്യകാരനായ എസ്.കെ. പൊറ്റെക്കാട്ടായിരുന്നു അദ്ദേഹത്തിന്റെ എതിരാളി. പരാജയമായിരുന്നു ഫലം. ഒരു തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതുകൊണ്ട് തെറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരബദ്ധം ഏത് പൊലീസുകാരനും പറ്റുമല്ലോ. പിന്നീട് കോണ്‍ഗ്രസുമായി അകന്ന അദ്ദേഹം നവഭാരത വേദിക്ക് രൂപം നല്‍കുകയും ചെയ്തു.


പിന്നീടുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭൂമിക ഇടതുപക്ഷമായിരുന്നു. എന്നാല്‍ തീക്ഷ്ണമായ കമ്യൂണിസമായിരുന്നില്ല, ഗാന്ധിയന്‍ തത്വശാസ്ത്രങ്ങള്‍ ഉള്‍ച്ചേര്‍ന്ന മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റേത്. അപ്പോഴും കമ്യൂണിസ്റ്റ് നേതാക്കളെ പോലും അദ്ദേഹം വിമര്‍ശിച്ചു. അതില്‍ കക്ഷിഭേദമില്ലെന്ന് അദ്ദേഹം കാണിച്ചു തന്നു. തികച്ചും സുതാര്യമായിരുന്നു അഴീക്കോടിന്റെ രാഷ്ട്രീയമെന്ന് ഇതു കാണിച്ചു തന്നു. മറ്റു വിമര്‍ശനങ്ങള്‍ പോലെയായിരുന്നില്ല രാഷ്ട്രീയക്കാര്‍ക്ക് അഴീക്കോടിന്റെ വിമര്‍ശനം. അത് ഒരു കുടുംബ കാരണവര്‍ കുരുത്തക്കേടു കാട്ടുന്ന കുട്ടികളെ ശകാരിക്കുന്നതു പോലെയായിരുന്നു അവര്‍ക്ക്. രാഷ്ട്രീയ കക്ഷികള്‍ സഹിഷ്ണുതയോടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളെ കണ്ടത്. ഭരണകൂടത്തോട് പറയാനുള്ളത് പലതും അഴീക്കോടിലൂടെ പറയപ്പെടുന്നുവെന്നു നമ്മള്‍ പലപ്പോഴും ആശ്വസിച്ചിട്ടുമുണ്ട്.


കപട ദേശീയവാദരാഷ്ട്രീയത്തെ അഴീക്കോട് എന്നും എതിര്‍ത്തിരുന്നു. ബാബറി മസ്ജിദ് തകര്‍ത്ത കാലത്ത് ആര്‍എസ്എസിനെതിരെയും ഹിന്ദുത്വത്തിനെതിരെയുേം നടത്തിയ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ ജീവനു വരെ ഭീഷണി ഉയര്‍ത്തിയിരുന്നു. മതമൌലികവാദികളെ വിമര്‍ശിക്കുന്നത് അവരില്‍ പ്രകോപനം സൃഷ്ടിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലയിടത്തും അദ്ദേഹം കായികമായി കൈകാര്യം ചെയ്യപ്പെടുമെന്ന അവസ്ഥ വരെയുണ്ടായി. എന്നാല്‍ പുരാണങ്ങളെയും ഉപനിഷത്തുക്കളെയും ഉദാഹരിച്ച് അഴീക്കോട് എഴുതുകയും പറയുകയും ചെയ്ത വാക്കുകളില്‍ മതഭ്രാന്തന്മാര്‍ക്ക് മിണ്ടാട്ടം മുട്ടിപ്പോയി. മതനിരപേക്ഷത ജീവവായു പോലെ സൂക്ഷിക്കണമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.


രാഷ്ട്രീയപ്രവര്‍ത്തനവും സാഹിത്യകര്‍മവും തമ്മില്‍ പ്രത്യേകിച്ച് ഒരു വ്യത്യാസവുമില്ലെന്ന് അഴീക്കോട് കരുതിയിരുന്നു. ഈ രണ്ട് പാദരക്ഷയും തന്റെ ജീവിതയാത്രയ്ക്കു അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പ്രസ്ഥാന കാലം മുതല്‍ ഒരു പൊതു പ്രവര്‍ത്തകനുണ്ടായിരിക്കേണ്ട ത്യാഗസന്നദ്ധതയും ഉന്നതമൂല്യങ്ങളും അദ്ദേഹം ജീവിതയാത്രയില്‍ കാത്തുസൂക്ഷിക്കുകയും ചെയ്തു.

കോഴിക്കോട്ടു നിന്നും തുടങ്ങിയ പ്രസംഗ പ്രവാഹം


കോഴിക്കോട് ടൌണ്‍ഹാളിനു കാതും നാവും ഒാര്‍മയുമുണ്ടായിരുന്നെങ്കില്‍ ഡോ. സുകുമാര്‍ അഴീക്കോടിനെ പണ്ടെന്നോ ഗിന്നസ് ബുക്ക് ഒാഫ് വേള്‍ഡ് റെക്കോര്‍ഡുകാര്‍ ആദരിച്ചേനേ. നൂറ്റാണ്ടിലേറെ പഴക്കമുള്ള വിക്ടോറിയാ ജൂബിലി ടൌണ്‍ഹാള്‍ കേട്ട പ്രസംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഡോ. അഴീക്കോടിന്റേതാവുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല. ടൌണ്‍ഹാളിന് ഒാര്‍മശക്തിയുണ്ടായിരുന്നെങ്കില്‍ ഒരേകദേശ കണക്ക് പറയാമെന്നല്ലാതെ മറ്റാര്‍ക്കും എന്തിന്, അഴീക്കോടിനു പോലും പ്രസംഗങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനാവില്ല. സ്വാതന്ത്യ്രത്തിനു തൊട്ടു മുന്‍പ് മുതല്‍ ഏതാണ്ട് ആറ് പതിറ്റാണ്ടുകാലം ഈ പൊതുവേദിയില്‍ എത്രയെത്ര പ്രസംഗങ്ങള്‍ അഴീക്കോട് നടത്തിയിട്ടുണ്ടെന്ന് അന്വേഷിച്ചാല്‍ കറങ്ങിപ്പോകും. 1947 മുതല്‍ കോഴിക്കോട് നഗരവുമായി പ്രസംഗവേദി വഴി ബന്ധമുണ്ടെന്നേ അഴീക്കോട് ഒാര്‍ക്കുന്നുള്ളൂ.


അഴീക്കോടിന്റെ ആദ്യ പ്രഭാഷണവും കോഴിക്കോട്ടായിരുന്നു. ഇന്നത്തെ സാമൂതിരി ഹൈസ്കൂള്‍ അങ്കണത്തിലായിരുന്നു ആ പ്രഭാഷണം. അത് സ്വാതന്ത്യ്രത്തിനു മുന്‍പായിരുന്നുവോ എന്നു പോലും സംശയമുണ്ട്. ആത്മവിദ്യാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ 'മതവും ശാസ്ത്രവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു സെമിനാര്‍. അഴീക്കോടാണ് വിഷയാവതാരകന്‍. സംഘത്തിന്റെ പ്രചാരകനും അക്കാലത്തെ പ്രമുഖ പ്രസംഗകനുമായിരുന്ന എം. ടി. കുമാരന്‍ മാസ്റ്ററായിരുന്നു സംഘാടകന്‍. തലശ്ശേരി ബാറിലെ പ്രമുഖ അഭിഭാഷകന്‍ കെ. ടി. ചന്തു നമ്പ്യാരായിരുന്നു അധ്യക്ഷന്‍.


അന്നേ തുടങ്ങിയ കോഴിക്കോട് ബന്ധം 1951ല്‍ മാനാഞ്ചിറയ്ക്കടുത്തള്ള ട്രെയിനിങ് കോളജില്‍ ബിടി ട്രെയിനിങ്ങിനു ചേര്‍ന്നതോടെ സുദൃഢമായി. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ പ്രഗത്ഭ പ്രസിഡന്റായിരുന്ന പി. ടി. ഭാസ്ക്കരപ്പണിക്കരുടെ സഹോദരന്‍ കൊച്ചുണ്ണിപ്പണിക്കരായിരുന്നു കോളജ് പ്രിന്‍സിപ്പല്‍. നവതി ആഘോഷിക്കുന്ന മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പി. ചിത്രന്‍ നമ്പൂതിരിപ്പാടും പ്രശസ്ത സാഹിത്യകാരന്‍ ചിറക്കല്‍ ടി. ബാലകൃഷ്ണന്‍ നായരും അഴീക്കോടിന്റെ സഹപാഠികളായിരുന്നു ഇവിടെ. അക്കാലത്ത് പ്രായമായവര്‍ പോലും ട്രെയിനിങ്ങിനു ചേരുമായിരുന്നു. അഴീക്കോടിന് പകല്‍ സമയത്ത് പഠനവും സന്ധ്യയായാല്‍ പ്രസംഗവും. 


ദേവഗിരിയിലുള്ളപ്പോഴാണ് അഴീക്കോട് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതും ഒരു പത്രത്തിന്റെ പത്രാധിപരായതും. തലശ്ശേരിയില്‍ നിന്നു ലോക്സഭയിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വതന്ത്രനായി മത്സരിക്കുന്ന ഉറ്റ സുഹൃത്തുകൂടിയായ എസ്. കെ. പൊറ്റെക്കാടിന് എതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഇടയായത് അക്കാലത്തെ ആദര്‍ശനിഷ്ടരായ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ബന്ധം കൊണ്ടാണ്. തനിക്ക് പ്രിയങ്കരനായ സി. കെ. ഗോവിന്ദന്‍ നായരും ഉറ്റ സുഹൃത്ത് പി. ഗോപാലനും (പ്രഹ്ളാദന്‍ ഗോപാലന്‍) കോളജില്‍ വന്ന് ഏറെ നിര്‍ബന്ധിച്ചാണ് മത്സരിക്കാന്‍ തയാറാണെന്ന സമ്മതപത്രത്തില്‍ ഒപ്പു വാങ്ങിയത്. പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് സഹയാത്രികനായി മാറിയ തായാട്ട് ശങ്കരന്‍ അന്ന് കോജില്‍ ഉണ്ടായിരുന്നു. അന്ന് കോണ്‍ഗ്രസുകാരനായിരുന്ന ശങ്കരനും സ്ഥാനാര്‍ത്ഥിയാവാന്‍ നിര്‍ബന്ധിച്ചു.


പരസ്പരം മത്സരിച്ചുവെങ്കിലും അഴീക്കോടും പൊറ്റെക്കാടും തമ്മിലുള്ള സൌഹൃദത്തിന് ഒരു പോറല്‍ പോലും ഏറ്റില്ല. ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത അത്യന്തം ആരോഗ്യകരമായ സൌഹാര്‍ദപരമായ മത്സരം. പൊറ്റെക്കാട് ജ്ഞാനപീഠം പുരസ്കാരം സ്വീകരിക്കുമ്പോള്‍ നടത്തിയ മറുപടിപ്രസംഗം അഴീക്കോടുമായി ആലോചിച്ചാണ് തയാറാക്കിയത്.


കോഴിക്കോട്ട് സാഹിത്യകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും തമ്മിലുള്ള സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ഉള്ളുറപ്പും വെണ്‍മയും അവിസ്മരണീയമായിരുന്നുവെന്ന് അഴീക്കോട് ഒാര്‍ക്കുന്നു. ഉറൂബ്, പൊറ്റെക്കാട്, തിക്കോടിയന്‍. എന്‍. പി. മുഹമ്മദ്, കൊടുങ്ങല്ലൂര്‍, എം. ജി എസ്. നാരായണന്‍, കടവനാട് കുട്ടികൃഷ്ണന്‍, തായാട്ട് ശങ്കരന്‍ ഇവരൊക്കെ ഉള്‍പ്പെടുന്നതാണ് വൈകിട്ടത്തെ സൌഹൃദസംഘം. ആകാശവാണിയില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും കോളജുകളില്‍ നിന്നുമൊക്കെ ജോലി കഴിഞ്ഞ് മാനാഞ്ചിറ പരിസരത്ത് ഒത്തു കൂടി, ലക്കി റസ്റ്ററന്റിലോ ആര്യഭവനിലോ മോഡോണ്‍ ഹോട്ടലിലോ കയറി ചായ കുടിച്ച് വൈകുംവരെ ആകാശത്തിനു താഴെയുള്ള സര്‍വകാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്ത് തര്‍ക്കിച്ച്, പരിഹസിച്ച്, ആര്‍ത്തുചിരിച്ചുള്ള നടത്തം.


ചിരി ഉയര്‍ത്തുന്നതിലും ഇരട്ടപ്പേര് നല്‍കി പരിഹസിക്കുന്നതിലും ഉറൂബിനുള്ള വിരുത് ഏറെയായിരുന്നു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചിലരും ഈ സംഘത്തില്‍ ചേരാറുണ്ട്. ക്രിസ്ത്യന്‍ കോളജിനു സമീപം പടക്കക്കട നടത്തിയിരുന്ന ഒരു മാധവന്‍, അശോകാ ഹോസ്പിറ്റലിനു സമീപം വൈദ്യശാലയുണ്ടായിരുന്ന ഒരു കൃഷ്ണന്‍കുട്ടി വൈദ്യര്‍, റയില്‍വേ ഗുഡ്സ് ഷെഡില്‍ ജോലിയുണ്ടായിരുന്ന ബാലകൃഷ്ണന്‍ ഇവരൊക്കെ സവിശേഷമായ വ്യക്തിത്വത്തിന്റെ ഉടമകളാണ്. മാധവന് ഉറൂബ് നല്‍കിയ പേര് 'വെടി മാധവേട്ടന്‍ എന്നാണ്. കൃഷ്ണന്‍കുട്ടി വൈദ്യരുടെ വൈദ്യശാലയ്ക്കു നല്‍കിയ പേര് 'സാഹിത്യ വൈദ്യശാല. വെളുത്ത് സുമുഖനായ ബാലകൃഷ്ണനെ 'കരി ബാലകഷ്ണന്‍ എന്നു വിളിച്ചു. അഴീക്കോടിനും നല്‍കിയിരുന്നു ഉറൂബ് ഒരു ചെല്ലപ്പേര് 'ക്ഷുഭിതന്‍ മാഷ്


അക്കാലത്ത് കസ്റ്റംസ് റോഡിലെ ബുദ്ധവിഹാരത്തിലും ഒത്തുചേരാറുണ്ട്. ഭിക്ഷു ധര്‍മസ്ക്കന്ദയുമായി നല്ല സൌഹൃദത്തിലായിരുന്നു. കോഴിക്കോട്ടെ സാമൂഹിക സാംസ്കാരിക രംഗം വളരെ പുഷ്ക്കലമായിരുന്നു. കെ. പി. കേശവമേനോന്റെ സാമീപ്യം വലിയൊരു മുതല്‍ക്കൂട്ടായി. കേശവമേനോന്‍ സംബന്ധിക്കാറുള്ള ചില ചടങ്ങുകളില്‍ അഴീക്കോട് പ്രസംഗിച്ചാല്‍ മതിയെന്ന അദ്ദേഹത്തിന്റെ നിര്‍ദേശം വലിയൊരംഗീകാരമായി കൊണ്ടുനടന്നു.


പരേതനായ കായ്യത്ത് ദാമോദരനും യു. കെ. ശങ്കുണ്ണിയും മറ്റും ചേര്‍ന്ന് ആരംഭിച്ച 'ദിനപ്രഭ പത്രത്തിന്റെ പത്രാധിപരായിട്ടുണ്ട് അഴീക്കോട് കുറച്ചു കാലം. വൈഎംസിഎ ക്രോസ് റോഡില്‍ ഇന്നത്തെ ഹൌസ് കണ്‍സ്ട്രക്ഷന്‍ സഹകരണ ബാങ്കിനു സമീപത്തായിരുന്നു പ്രസ്. ഈ ബാങ്കിന്റെ സെക്രട്ടറിയായിരുന്നു എന്‍. പി. മുഹമ്മദ്. ആറു മാസം പത്രത്തില്‍ ജോലി ചെയ്ത ശേഷം ഉടമസ്ഥരുമായി യോജിച്ചു പോകാനാവാതെ സ്ഥാനം രാജിവച്ചു.


മൂത്തകുന്നത്ത് നിന്നു കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രോവൈസ്ചാന്‍സലറായി വന്നതോടെ കോഴിക്കോട് നഗരവുമായുള്ള പഴയ ബന്ധം പുനഃസ്ഥാപിച്ചു. താമസം യൂണിവേഴ്സിറ്റി ക്യാംപസിലായിരുന്നുവെങ്കിലും മിക്കവാറും ദിവസങ്ങളില്‍ നഗരത്തില്‍ എത്തുമായിരുന്നു. ഇംപീരിയലിനു മുന്‍പിലെ കോമളം ഹോട്ടലിലെ ബിരിയാണി കഴിച്ചാവും മടക്കം.


കഥകളുടെ കുലപതി വൈക്കം മുഹമ്മദ് ബഷീറുമായി ഉറ്റ സ്നേഹബന്ധമുണ്ടായിരുന്നു അഴീക്കോടിന്. സമയംകിട്ടുമ്പോഴൊക്കെ ബേപ്പൂരിലെ വൈലാലില്‍ ചെന്ന് ബഷീറുമായി വെടിപറഞ്ഞിരിക്കുക പതിവായിരുന്നു. ചിന്തയും ചിരിയും ഉണര്‍ത്തുന്ന വര്‍ത്തമാനം. ഫാബി ബഷീര്‍ തയാറാക്കുന്ന ബിരിയാണിയുടെയും മീന്‍കറിയുടെയും രുചി നാവില്‍നിന്നു മായുന്നില്ല. കാലത്ത് ചെന്നാല്‍ ഇരുട്ടും വരെ സുല്‍ത്താനുമായുള്ള സംസാരം നീണ്ടു നില്‍ക്കും.


മുറ്റത്തെ മാങ്കോസ്റ്റിന്‍ മരത്തിനു സമീപമിരുന്ന് കട്ടന്‍ ചായ നുണഞ്ഞ് സംസാരിച്ച് ഇരുന്നാല്‍ നേരം പോകുന്നത് അറിയാറില്ല. ഒരിക്കല്‍ സംസാരത്തിനിടയില്‍ ബഷീര്‍ പറഞ്ഞു. 'ഇത്തിരി ഇങ്ങോട്ടു മാറി ഇരുന്നോളൂ, തെങ്ങില്‍ നിന്നു തേങ്ങവീണേക്കും. കസേര മാറ്റിയതേയുള്ളൂ, തേങ്ങ വീഴുകയും ചെയ്തു.

സുകുമാര്‍ അഴീക്കോട് അന്തരിച്ചു


തൃശൂര്‍: ഡോ: സുകുമാര്‍ അഴീക്കോട് (85) അന്തരിച്ചു. രാവിലെ 6.33ന് തൃശൂരിലെ അമല ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് കണ്ണൂര്‍ പയ്യാമ്പലത്ത് നടക്കും. അര്‍ബുദ ബാധയെത്തുടര്‍ന്നു ഏറെനാളായി കിടപ്പിലായിരുന്ന അദ്ദേഹത്തെ ശനിയാഴ്ചയാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  

എട്ടു മണിയോടെ ആശുപത്രിയില്‍ നിന്നു മാറ്റുന്ന മൃതദേഹം  8.30 മുതല്‍   9.30 വരെ ഇരവിമംഗലത്തെ വസതിയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു വൈകിട്ടു നാലു മണിവരെ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. അതിനുശേഷമായിരിക്കും സ്വദേശമായ കണ്ണൂരിലെ അഴീക്കോട്ടേക്കു കൊണ്ടു പോകുന്നത്.

ചിന്തകന്‍, പ്രഭാഷകന്‍, അധ്യാപകന്‍, സാമൂഹിക-സാഹിത്യ വിമര്‍ശകന്‍, പത്രപ്രവര്‍ത്തകന്‍, പണ്ഡിതന്‍ തുടങ്ങിയ നിലകളിലെല്ലാം കഴിവു തെളിയിച്ച അഴീക്കോട് 1926 മേയ് 12 കണ്ണൂര്‍ ജില്ലയിലെ അഴീക്കോടാണു ജനിച്ചത്. പ്രാസംഗികനും കോണ്‍ഗ്രസ് പ്രവര്‍ത്തകനും പണ്ഡിതനുമായിരുന്ന  വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്റെയും കേളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറു മക്കളില്‍ നാലാമനാണ്. ജീവിതാന്ത്യം വരെ വാക്കിനെയും ചിന്തയെയും പ്രണയിച്ച സുകുമാര്‍ അഴീക്കോട് അവിവാഹിതനായിരുന്നു. 

പ്രഭാഷണ കലയില്‍ കേരളം കണ്ട പ്രതിഭാധനരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. രോഗം തളര്‍ത്തുന്നതു വരെ, എണ്‍പതാം വയസ്സിനുശേഷവും, ദിവസവും അഞ്ചും ആറും വേദികളില്‍ വാക്കുകള്‍ കൊണ്ട് അദ്ദേഹം വിസ്മയം തീര്‍ത്തു. അറിവും അക്ഷരവും കൊണ്ട് മലയാളിയുടെ മനസില്‍ പുതിയ ചക്രവാളം തുറന്നിട്ട അഴീക്കോട് മലയാളിയുടെ സാംസ്കാരിക നഭസില്‍ വിശേഷണങ്ങള്‍ക്ക് അതീതനായിരുന്നു. 

കേരളത്തിലെ ഓരോ നഗരവും ഗ്രാമവും നാടിനെ ഉണര്‍ത്തിയ വാക്കുകളുടെ ആ മഹാപ്രയാണത്തിന് സാക്ഷിയായി. സ്വാതന്ത്യ്ര ജൂബിലി പ്രഭാഷണങ്ങളും ഗാന്ധിജിയുടെ 125-ാം ജയന്തിയോടനുബന്ധിച്ച് 125 ഗ്രാമങ്ങളില്‍ നടത്തിയ പ്രസംഗങ്ങളും ഭാരതീയതയെക്കുറിച്ച് ഏഴു ദിവസം തുടര്‍ച്ചയായി തൃശൂരില്‍ നടത്തിയ പ്രഭാഷണവും മലയാളത്തിലെ ഏറ്റവും പണ്ഡിതോചിതമായ പ്രഭാഷണ പരമ്പരകളായാണ് വിലയിരുത്തപ്പെട്ടത്. ജി.ശങ്കരക്കുറുപ്പിനെപ്പോലെയുള്ള മഹാമേരുക്കള്‍ മുതല്‍ എം.ടി. വാസുദേവന്‍ നായര്‍, എം.വി.ദേവന്‍, ടി.പത്മനാഭന്‍ തുടങ്ങിയ സമകാലീനര്‍ക്കെതിരെ വരെ അദ്ദേഹം വാക്കിന്റെയും ചിന്തയുടെയും ചൂണ്ടുവിരലുയര്‍ത്തി. ആ ആശയസംവാദങ്ങള്‍ മലയാളത്തിന്റെ നീക്കിയിരുപ്പുകളായി. ചിന്തകളെ കീറിമുറിച്ച്, പരിഹാസത്തിന്റെയും നര്‍മത്തിന്റെയും മേമ്പൊടിയോടെ എത്തിയ ആ വാഗ്ധോരണി തുറന്ന മനസോടെയാണ് ജനം ആസ്വദിച്ചത്.

അടിയുറച്ച ഗാന്ധിയനായിരുന്ന അഴീക്കോടിന്റെ വിമര്‍ശനങ്ങള്‍ക്ക് ഏറ്റവും ഇരയായത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയായിരുന്നു. കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളിലൊരാളായിരുന്ന കെ.കരുണാകരന്‍ മുതല്‍ കെഎസ്യുവിലെ പുതുനാമ്പുകളെ വരെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുമ്പോഴും ആരെയും അദ്ദേഹം ശത്രുക്കളാക്കിയുമില്ല. യൌവനാരംഭത്തില്‍ വാഗ്ഭടാനന്ദന്റെ ദര്‍ശനങ്ങളാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവായതെന്ന് അഴീക്കോട് പലപ്പോഴും പറഞ്ഞു. ഗുരുദേവ സന്ദേശ പ്രചാരണത്തിലെ വീഴ്ചയെച്ചൊല്ലി അദ്ദേഹം എസ്എന്‍ഡിപി നേതൃത്വവുമായി പലതവണ പരസ്യമായി ഏറ്റുമുട്ടി.

അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് അകന്നു പോകുന്ന സമുദായിക നേതാക്കളെയും പ്രസംഗവേദിയിലെ 'ക്ഷോഭിക്കുന്ന സുവിശേഷകന്‍ വെറുതെ വിട്ടില്ല. സമൂഹത്തിലെ ഏതു ചലനങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കുന്ന ശൈലിയാണ് ഏറ്റവും ഒടുവില്‍ തിലകന്‍ വിവാദത്തില്‍ നടന്‍ മോഹന്‍ലാലുമായുള്ള ഏറ്റുമുട്ടലില്‍ വരെയെത്തിയത്. ആശുപത്രിക്കിടയില്‍ ഈ പിണക്കം ഒത്തുതീരുന്നതും കേരളം കണ്ടു. മനഃസാക്ഷി കൊണ്ട് ക്ഷോഭിക്കുന്ന ഈ 'യുവാവിന്റെ അഭാവം മലയാളത്തിന്റെ സാംസ്കാരിക സാമൂഹിക ലോകത്തെ വേട്ടയാടുന്ന കാലമാണ് അദ്ദേഹം ബാക്കിവയ്ക്കുന്നതും. 

1941ല്‍ ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂളില്‍നിന്നു പത്താം kക്ളാസ് പാസായ അഴീക്കോട്  1946-ല്‍ സെന്റ് അലോഷ്യസ് കോളജില്‍നിന്നു ബികോം ബിരുദവും കോഴിക്കോട് ഗവ. ട്രെയിനിങ് കോളജില്‍നിന്നു ബിടി ബിരുദവും തുടര്‍ന്നു മലയാളത്തിലും സംസ്കൃതത്തിലും എംഎയും കേരള യൂണിവേഴ്സിറ്റിയില്‍നിന്നു പിഎച്ച്ഡിയും നേടി. 1956 ല്‍ മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഒന്നാംറാങ്കോടെ എംഎ ബിരുദം നേടിയത്.

1948 ല്‍ ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ അധ്യാപകനായാണ്  ഔദ്യോഗിക ജീവിതം തുടങ്ങിയത്.  1956-62 കാലത്തു കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ അധ്യാപകനായിരുന്നു. 1963 ല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി തലശേരിയില്‍നിന്നു പാര്‍ലമെന്റിലേക്കു മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. മൂത്തകുന്നം എസ്എന്‍എം ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍, കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപന്‍ തുടങ്ങിയ പദവികളും വഹിച്ചു.

1974-78 കാലത്ത് കാലിക്കറ്റ് സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലറായും ആക്ടിങ് വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചു. 1986 ല്‍ യൂണിവേഴ്സിറ്റി മലയാള വിഭാഗം പ്രഫസറായി സര്‍വീസില്‍ നിന്നു വിരമിച്ചു. തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ എമറിറ്റസ് പ്രഫസറായും യുജിസിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനല്‍ അംഗമായും കേന്ദ്ര-കേരള സാഹിത്യ അക്കാദമികളില്‍ നിര്‍വാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചു. യുജിസിയുടെ ആദ്യത്തെ നാഷനല്‍ ലക്ചറര്‍, സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് (1965-77),  നാഷനല്‍ ബുക്ക് ട്രസ്റ്റ് ഒാഫ് ഇന്ത്യയുടെ ചെയര്‍മാന്‍ (1993-96) എന്നീ പദവികളും വഹിച്ചു.

ആശാന്റെ സീതാകാവ്യം, ശങ്കരക്കുറുപ്പു വിമര്‍ക്കപ്പെടുന്നു എന്നീ കൃതികള്‍ പതിറ്റാണ്ടുകളോളം ഭൂകമ്പങ്ങളുണ്ടാക്കി. 1985 ല്‍ കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യവിമര്‍ശനത്തിനുള്ള അവാര്‍ഡ് 'മലയാള സാഹിത്യ വിമര്‍ശനം എന്ന കൃതിക്ക് ലഭിച്ചു. 'തത്ത്വമസി എന്ന കൃതി 1985ല്‍ കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകളടക്കം 12 ബഹുമതികള്‍ക്ക് അര്‍ഹമായി. വയലാര്‍ അവാര്‍ഡ് (1989), രാജാജി അവാര്‍ഡ്, സുവര്‍ണ കൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് തുടങ്ങിയവ അക്കൂട്ടത്തില്‍ പെടുന്നു. കേരള സാഹിത്യ അക്കാദമി 1991ല്‍ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2004 ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്കാരം നേടി.

നവഭാരതവേദി എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. വര്‍ത്തമാനം ദിനപത്രത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു.

അഴീക്കോടിന്റെ പ്രധാന കൃതികള്‍: 
    
. ആശാന്റെ സീതാകാവ്യം-1954
. രമണനും മലയാളകവിതയും-1956
. പുരോഗമന സാഹിത്യവും മറ്റും-1957
. മഹാത്മാവിന്റെ മാര്‍ഗം-1959
. ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു-1963
. മഹാകവി ഉള്ളൂര്‍-ഇംഗിഷ്-1979, ഹിന്ദി-1980, തെലുങ്ക്-1983
. വായനയുടെ സ്വര്‍ഗത്തില്‍-1980
. മലയാള സാഹിത്യ വിമര്‍ശനം-1981
. ചരിത്രം: സമന്വയമോ സംഘട്ടനമോ-1983
. തത്വമസി-1984
. മലയാള സാഹിത്യ പഠനങ്ങള്‍-1986
. വിശ്വസാഹിത്യ പഠനങ്ങള്‍-1986
. തത്ത്വവും മനുഷ്യനും-1986
. ഖണ്ഡനവും മണ്ഡനവും-1986
. എന്തിനു ഭാരതധരേ?-1989
. അഴീക്കോടിന്റെ സംഭാഷണങ്ങള്‍-എഡിറ്റര്‍: പി.വി. മുരുകന്‍-1993
. ഗുരുവിന്റെ ദുഃഖം-1993
. അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍-1995
. അഴീക്കോടിന്റെ ഫലിതങ്ങള്‍-1995
. ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ-1997
. പാതകള്‍ കാഴ്ചകള്‍-1997
. നവയാത്രകള്‍-1998
. ഭാരതീയത-1999
. പുതുപുഷ്പങ്ങള്‍-1999
. തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍-എഡിറ്റര്‍: ബാലചന്ദ്രന്‍ വടക്കേടത്ത്-1999
. ദര്‍ശനം സമൂഹം വ്യക്തി(1999)
. പ്രിയപ്പെട്ട അഴീക്കോടിന്-2001
. എന്തൊരു നാട് - 2005
. ഇന്ത്യയുടെ വിപരീതമുഖങ്ങള്‍-2003
. അഴീക്കോടിന്റെ ലേഖനങ്ങള്‍ - 2006
. നട്ടെല്ല് എന്ന ഗുണം - 2006