Showing posts with label മെട്രോ വാര്‍ത്ത‍. Show all posts
Showing posts with label മെട്രോ വാര്‍ത്ത‍. Show all posts

Wednesday, January 25, 2012

ചിത്രങ്ങളുടെ ഓര്‍മയില്‍

സക്കീര്‍ ഹുസൈന്‍
ആ മുഖം കാണാന്‍ ഞാനില്ല. കണ്ടിരിക്കാന്‍ ആവില്ല. ഇന്നുതന്നെ ഭക്ഷണം കഴിച്ചിട്ടില്ല. മുഖംകൂടി കണ്ടാല്‍ എന്‍റെ ഉറക്കവും നഷ്ടപ്പെടും- തിരുവണ്ണൂരിലെ വീട്ടില്‍ ഫോട്ടൊഗ്രഫര്‍ പുനലൂര്‍ രാജന്‍ നിസഹായതയുടെ ഫ്രെയിമിനുള്ളിലാണ് ഇപ്പോഴും. മലയാളി മനഃസാക്ഷിയില്‍ പൊതുവിമര്‍ശനത്തിന്‍റെ ചാട്ടവാറഴിച്ചിട്ട വാഗ്ഗുരുവിനു സമര്‍പ്പിക്കാന്‍ രാജന്‍റെ കൈയില്‍ ഇപ്പോഴുള്ളത് ജീവസ്സുറ്റ കുറെ ചിത്രങ്ങള്‍ മാത്രം. കാലം ഒപ്പിയെടുത്ത ഫ്രെയിമുകളില്‍ നിറയുന്നത് അഴീക്കോട് മാഷും അദ്ദേഹത്തിന്‍റെ ജീവിതത്തിലെ സ്മര്യനിമിഷങ്ങളും.

“”അവരൊക്കെ വലിയ ആള്‍ക്കാരായിരുന്നു. അന്നൊക്കെ ഒരു ഫോട്ടൊയെടുക്കാന്‍ കഴിഞ്ഞാല്‍ അതുതന്നെ ഭാഗ്യം. ഒരു പ്രശംസ ലഭിച്ചാല്‍ ബഹുസന്തോഷം. അതുമതിയായിരുന്നു അംഗീകാരമായി ‘’- രാജന്‍റെ ഓര്‍മകളുടെ ലെന്‍സില്‍ മാഷോടുള്ള ആദരവിന്‍റെയും അടുപ്പത്തിന്‍റെയും ബിംബങ്ങള്‍. പതുക്കെ വളര്‍ന്നൊരു സൗഹൃദം ഇഴപിരിയാന്‍ പറ്റാത്തതായി. ബഷീറിന്‍റെയും എന്‍.പി. മുഹമ്മദിന്‍റെയും വീട്ടിലായിരുന്നു അഴീക്കോട് സാര്‍ പലപ്പോഴും. അവിടെനിന്നു ഭക്ഷണം കഴിച്ച്, അവര്‍ക്കൊപ്പം കഴിഞ്ഞു കൂടൂം. അദ്ദേഹത്തിന് ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ഭക്ഷണം നല്‍കിയത് എന്‍.പി. മുഹമ്മദിന്‍റെ വീട്ടുകാര്‍ ആയിരിക്കണം- ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മകള്‍ പരതിയെടുക്കുന്നു മെഡിക്കല്‍ കോളെജില്‍നിന്നു വിരമിച്ച മുന്‍കാല ഫ്രീലാന്‍സ് ഫോട്ടൊഗ്രഫര്‍ രാജന്‍.

മാഷെ കടലിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തി എടുത്തതാണ് ഏറ്റവും മികച്ച ചിത്രമായി ഞാന്‍ കരുതുന്നത്. സാഗരഗര്‍ജനം എന്നായിരുന്നല്ലോ അഴീക്കോട് മാഷെ വിളിച്ചിരുന്നതു തന്നെ. ബഷീറായിരുന്നു ആ പേരിട്ടത്. സര്‍വകലാശാലയില്‍ ചേര്‍ന്ന കാലത്ത് മാഷിന് സ്റ്റാന്‍ഡേര്‍ഡ് ഹെറാള്‍ഡ് കമ്പനിയുടെ ഒരു കാറുണ്ടായിരുന്നു. കെഎല്‍എം 1047 നമ്പര്‍. അതു നന്നാക്കാനാണ് രാമനാട്ടുകരയില്‍ അയ്യപ്പന്‍ വര്‍ക്ഷോപ്പ് തുടങ്ങിയതു പോലും. ഇപ്പോഴതു വലിയ വര്‍ക്ഷോപ്പ് ആയി.
അഴീക്കോട് വലിയ നിലയിലൊക്കെ ആയപ്പോള്‍ പഴയ ഹെറാള്‍ഡ് കാര്‍ ഒഴിവാക്കി. ചാത്തനോത്ത് അച്യുതനുണ്ണിയാണു കാര്‍ വാങ്ങിയത്. അതു വീണ്ടും കൈമാറിക്കാണണം. ഒരു ദിവസം ഞാനും ബഷീ റും ട്രെയ്നിറങ്ങി റോഡിലേക്കു വന്നപ്പോള്‍ കാര്‍ റോഡിലുണ്ട്, “”നാളെയാണ്, നാളെയാണ്... ‘’ എന്ന അനൗണ്‍സുമെന്‍റുമായി.
ഉടന്‍ ബഷീറിന്‍റെ കമന്‍റ്: “”ഇത് അവനെപ്പോലെത്തന്നെയാ. എല്ലാം നാളെയാണ്, നാളെയാണ്....’’
ബഷീറിന്‍റെതും അഴീക്കോടിന്‍റെതുമൊക്കെയായി ഒരുപാടു ചിത്രങ്ങളെടുത്തു. ഫിലിം റോള്‍ ഇട്ടാണ് എടുത്തവയെല്ലാം. അവയെല്ലാം സ്വന്തം നിലയില്‍ത്തന്നെ കഴുകിയെടുത്തു സൂക്ഷിച്ചു. ബഷീറിന്‍റെ കുറെ ചിത്രങ്ങള്‍ സൂക്ഷിക്കാനെന്നു പറഞ്ഞ് മുന്‍മന്ത്രി എം.എ. ബേബി കൊണ്ടുപോയിരുന്നു. അതെപ്പറ്റി ഇപ്പോള്‍ വിവരമൊന്നുമില്ല. അഴീക്കോടിന്‍റെ ചിത്രങ്ങള്‍ക്കും ഇതുതന്നെയായിരിക്കുമോ സ്ഥി തിയെന്നറിയില്ല- സങ്കടവും നിസഹയാതയും നിഴലിക്കുന്നു പുനലൂര്‍ രാജന്‍റെ വാക്കുകളില്‍. ഫോട്ടൊകള്‍ സംരക്ഷിക്കപ്പെടണമെന്നും ഇരുവര്‍ക്കും നല്ല നിലയില്‍ സ്മാരകങ്ങള്‍ ഉയരണമെന്നും ആഗ്രഹമുണ്ട് പുനലൂര്‍ രാജന്. അതു യാഥാര്‍ഥ്യമായിക്കാണാന്‍ കഴിയുമോ എന്നു ചോദിക്കുന്നു വീട്ടിലിപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന ഈ പഴയകാല ഫോട്ടൊഗ്രഫര്‍.

അവതു വക്താരം

ജീവിതത്തില്‍ പല സംഭവങ്ങളും നമ്മെ വിഡ്ഢികളാക്കി കടന്നുകളയുന്നു. ഇതു മനസിലാക്കലാണല്ലോ വിവേകത്തിന്‍റെ ആരംഭം. ഈ പുസ്തകം എഴുതാന്‍ തുടങ്ങുമ്പോള്‍ അത്തരമൊരു വിവേക പര്യവസായിയായ സംഭവം ഓര്‍ത്തുപോയി. പണ്ടത്തെ ഹൈസ്കൂളിലെ ഫോര്‍ത്ത് ഫോമില്‍ ഒരു നാടന്‍ സ്കൂളില്‍നിന്നു ജയിച്ചെത്തിയ എന്നെ സംസ്കൃതം എടുത്തു പഠിക്കാന്‍ അച്ഛന്‍ നിര്‍ബന്ധിച്ചപ്പോള്‍, തുടങ്ങുംമുന്‍പേ തോറ്റുപോയ ഒരു പ്രതിഷേധ സമരം അച്ഛന്‍റെ തീരുമാനത്തിനെതിരേ നടത്താന്‍ മുതിര്‍ന്നവനാണു ഞാന്‍.
വാത്സല്യം കൊണ്ടു മക്കള്‍ക്കു വഴങ്ങിക്കൊടുക്കുന്ന സ്വഭാവക്കാരനായിരുന്നു അച്ഛനെങ്കില്‍ അധ്യാപനത്തിലും സാഹിത്യ വിമര്‍ശനത്തിലും പ്രഭാഷണത്തിലും മറ്റും പിന്നീടു പരന്നുപോയ എന്‍റെ ജീവിതത്തിലെ വമ്പിച്ചൊരു നഷ്ടത്തിന് അന്നു തുടക്കം കുറിച്ചുപോയേനെ! അന്നത്തെ ബാലവിഭ്രമം പിതാവിന്‍റെ ആജ്ഞാശക്തിമൂലം എന്‍റെഭാവിയെ ബാധിക്കാതെപോയതിനാല്‍ ഞാന്‍ രക്ഷപെടുകയുണ്ടായി. ഞാനിന്നു ജീവിച്ചെത്തിച്ചേര്‍ന്നിരിക്കുന്ന ലോകമാകട്ടെ, ഇത്തരം ബാലചാപല്യങ്ങള്‍ ആകണം വിദ്യാര്‍ഥികളുടെ തീരുമാനങ്ങളെ നിയന്ത്രിക്കുന്നതെന്ന സിദ്ധാന്തം ഏറെക്കുറെ അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു.
ഇത്രമാത്രം മാറിപ്പോയ ഈ പുതിയ പ്രപഞ്ചത്തില്‍, എനിക്കു വിദ്യാര്‍ഥിയായി കഴിയേണ്ടി വന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ തോന്നുന്ന ആശ്വാസം ഞാന്‍ ഇപ്പോള്‍ ഓമ നിച്ചു പോരുന്ന ഒരു സ്വാര്‍ഥവികാരമാണ്. കാലം മറ്റൊരു തരത്തില്‍ ആയിരുന്നതുകൊണ്ടാണ് അന്ന് എന്‍റെ തീരുമാനത്തില്‍നിന്ന് എന്നെ രക്ഷിക്കാന്‍ അച്ഛനു കഴിഞ്ഞത്. അങ്ങനെ ഞാന്‍ അല്‍പ്പം സംസ്കൃതം പഠിച്ചു. ഇന്ന് അപ്രകാരം വിവേകരഹിതമായ ഒരു തീരുമാനത്തില്‍നിന്നു മക്കളെ ആജ്ഞാശക്തിമൂലം രക്ഷിക്കാന്‍ പോരുന്ന എത്ര പിതാക്കളുണ്ട് എന്നു ഞാന്‍ ആലോചിച്ചു പോകുന്നു. അച്ഛനല്ലാത്ത ഒരുവന്‍റെ ഭാവനാപരമായ ധാരാളിത്തം പൊറുക്കുക....
അതുപോലെ ഒരു പേടിയുണ്ട്. ആവാത്തത് ചെയ്തു തെറ്റു വരുത്തിക്കൂട്ടിയോ എന്ന്. (തത്ത്വമസി എന്ന ഗ്രന്ഥം എഴുതിയത്) അവിവേകം മൂലം ഉപനിഷത്തിന്‍റെ വക്താവാ കാന്‍ ചാടിപ്പുറപ്പെട്ട ഈയുള്ളവനെ ഉപനിഷത്തു തന്നെ രക്ഷിക്കുമാറാകട്ടെ. അതിനുവേണ്ടി ഉപനിഷത്തിലെ ഒരു പ്രാര്‍ഥന ഞാന്‍ ചൊല്ലുകയും ചെയ്യുന്നു.""അവതു വക്താരം..!''

ലൈബ്രറി എന്ന പൂര്‍വ സ്വത്ത്

അച്ഛനില്‍നിന്നു തനിക്കു പകര്‍ന്നു കിട്ടിയ വിലമതിക്കാനാവാത്ത സ്വത്തിനെപ്പറ്റി അഴീക്കോട് പറയാറുണ്ട്. ജനിച്ചു വളര്‍ന്ന അഴീക്കോട്ടെ പുതുപ്പാറയിലോ അടുത്തോ വായനശാല ഉണ്ടായിരുന്നില്ല. വീട്ടില്‍ അച്ഛന്‍റെ വകയായി പത്തുനാനൂറ് പുസ്തകങ്ങള്‍ അടുക്കിവച്ച ഒരുമരപ്പെട്ടിയുണ്ടായിരുന്നു. ഗോള്‍ഡന്‍ ട്രഷറി എന്നു പാല്‍ഗ്രേവ് പറഞ്ഞപോലെ അതായിരുന്നു എനിക്ക് പുസ്തകങ്ങള്‍ അടുക്കിവച്ച മരപ്പെട്ടി.
ബ്രിട്ടിഷ് മ്യൂസിയവും അമെരിക്കയിലെ കോണ്‍ഗ്രസ് ലൈബ്രറിയും കണ്ട ഓര്‍മകള്‍ ഹൃദയത്തില്‍നിന്നു മങ്ങിപ്പോകുന്നത് ഈ ഒറ്റ ഷെല്‍ഫ് ലൈബ്രറിയിലെ പുസ്തകങ്ങള്‍ വീട്ടിലെ ഇറയത്തിന്‍റെ ഒരു മൂലയ്ക്ക് എത്രയോ മണിക്കൂര്‍, എത്രയോ വര്‍ഷം വീണ്ടും വീണ്ടും വായിച്ചു കൂട്ടിയ ദിനരാത്രങ്ങളുടെ ഉജ്ജ്വല സ്മരണകള്‍ എഴുന്നള്ളുമ്പോഴായിരിക്കും എന്ന് അഴീക്കോട് സൂചിപ്പിക്കുന്നു.
വള്ളത്തോള്‍ വര്‍ണിച്ച "ജ്ഞാനദേവതയുടെ നഭോമണ്ഡലം' കണ്ടത് ആ ഇരുണ്ട മുറിയില്‍നിന്നുമായിരുന്നുവെന്ന് അഴീക്കോട്. ഇന്നത്തെ നിലയ്ക്കും അതു നല്ലൊരു ലൈബ്രറിയാണെന്നു പറയാം. പത്തുമുതല്‍ പതിനാറു വയസുവരെ ഈ പുസ്തകത്തില്‍ ഒരെണ്ണംപോലും വിടാതെ നിരന്തരം വായിച്ചു ഹൃദിസ്ഥമാക്കാന്‍ ലഭിച്ച ഗൃഹ സാഹചര്യവും അഴീക്കോട് എന്ന സാംസ്കാരിക നായകന്‍റെ വളര്‍ച്ചയില്‍ നിര്‍ണായകമായി. വായനയുടെ ആനന്ദത്തില്‍ മുക്കിയ കൃതികള്‍ അങ്ങനെ എത്രയെത്ര പുസ്തകങ്ങള്‍. വ്യാകരണം, അലങ്കാരം, വൃത്തം എന്നിവയില്‍ സജീവമായി പങ്കെടുക്കാനുള്ള അറിവു ലഭിച്ചതു വീട്ടില്‍ നിന്നു വായിച്ച ഗ്രന്ഥങ്ങളില്‍ നിന്നായിരുന്നുവെന്ന് അഴീക്കോട് പറയുന്നു.
കണ്ണൂരിലെ അന്നത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന പാമ്പന്‍ മാധവന്‍റെ ഗ്രന്ഥശേഖരത്തില്‍ നിന്നാണ് അഴീക്കോട് രാഷ്ട്രീയ ചിന്താധാരയിലേക്കു കടക്കുന്നത്. വായിച്ചു വളര്‍ന്ന നേതാവായിരുന്നു മാധവേട്ടന്‍. കോളെജിലെ പ്രൊഫസര്‍മാര്‍ക്കുപോലും മാധവേട്ടനെ അഞ്ചു മിനിറ്റ് നേരിടാന്‍ കഴിയില്ലെന്നാണ് അഴീക്കോട് ആത്മകഥയില്‍ വിവരിക്കുന്നത്.
ദേവനാഗരി ലിപിയില്‍ അച്ചടിച്ച സംസ്കൃത ഗ്രന്ഥങ്ങളില്‍ കൈവയ്ക്കാന്‍ തുടങ്ങിയത് എസ്എസ്എല്‍സിക്കു പഠിക്കാന്‍ തുടങ്ങുമ്പോഴാണ്. സംസ്കൃത ഗ്രന്ഥങ്ങളും, പുരാണങ്ങളുമെല്ലാം പരിചയപ്പെടുന്നത് അവിടെനിന്നുമാണ്.
ഇംഗ്ലിഷിലും സംസ്കൃതത്തിലുമുള്ള പത്തഞ്ഞൂറോളം ഗ്രന്ഥങ്ങള്‍ പരിശോധിച്ച് എഴുതിയ തത്ത്വമസി മൂന്നുമാസംകൊണ്ട് എഴുതി തീര്‍ക്കാന്‍ തനിക്കു കഴിഞ്ഞതു വായനയുടെ പിന്‍ബലം കൊണ്ടാണെന്ന് അഴീക്കോട്. ഭാരതീയ പാരമ്പര്യത്തിന്‍റെ വിവിധ തലങ്ങളെപ്പറ്റി ഏഴു വൈകുന്നേരങ്ങളില്‍ ഒരുകുറിപ്പുപോലും നോക്കാതെ പ്രസംഗിക്കാന്‍ കഴിഞ്ഞതും ഇങ്ങനെയാണ്..

വാക്കിന്‍റെ സൂര്യകാന്തി

കേരളത്തിന്‍റെ സാംസ്കാരിക നഭസില്‍ പ്രകമ്പനം തീര്‍ത്ത ശബ്ദമായിരുന്നു സുകുമാര്‍ അഴീക്കോടിന്‍റേത്. സ്വതസിദ്ധമായ ഈണത്തില്‍ വിരലുകള്‍ വാക്കിന്‍റെ താളത്തിനൊത്തു ചലിപ്പിച്ച് അഴീക്കോട് സദസിനെ കൈയടക്കുകയായിരുന്നു. മണിക്കൂറുകള്‍ നീ­ു പോകാത്ത പ്രസംഗത്തില്‍ ചിലപ്പോള്‍ ആഞ്ഞടിച്ചും, ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ആശയങ്ങളെ പങ്കുവയ്ക്കുന്ന ആ മാസ്മരികത തന്നെയാണ് അഴീക്കോടിന്‍റെ പ്രഭാഷണങ്ങളെ വേറിട്ടു നി ര്‍ത്തുന്നത്.
മരണക്കിടക്കയില്‍ നിന്നു പോലും ഈ മാസ്മരികത ജനങ്ങളിലേക്കു പകര്‍ന്നിറങ്ങി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിനു മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി മറൈന്‍ ഡ്രൈവ് വരെ ഇടതു മുന്നണി മനുഷ്യച്ചങ്ങല തീര്‍ത്തു. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി അവിടെയും അഴീക്കോടിന്‍റെ സന്ദേശമെത്തി. ആശുപത്രിക്കിടക്കയില്‍ എഴുതിത്തയാറാക്കിയ സന്ദേശം മറൈന്‍ ഡ്രൈവിലെത്തിയ പതിനായിരങ്ങള്‍ക്ക് ആവേശമായി.
സമൂഹത്തെ സൂക്ഷ്മമായി പഠിക്കുന്ന ഒരു വിദഗ്ധന്‍റെ വാക്കുകളാണ് അഴീക്കോടില്‍നിന്നു പലപ്പോ ഴും കേട്ടത്. അതില്‍ കര്‍ഷകന്‍ മുതല്‍ ചാന്ദ്രയാന്‍ വരെ ചങ്ങല തീര്‍ക്കും. കാലത്തിനു മുകളില്‍ വേറിട്ട ഈ ശബ്ദം കേള്‍ക്കും. മഹത്തായ പ്രസംഗം മഹത്തായ ലക്ഷ്യത്തിനു വേ­ി കാത്തു നില്‍ക്കുന്നു എന്ന പക്ഷക്കാരനാണ് അഴീക്കോട്. അഴീക്കോടിന്‍റെ പ്രഭാഷണങ്ങള്‍ ലക്ഷ്യം തെറ്റാതെ സമൂഹത്തില്‍ ചെന്നു തറയ്ക്കുകയും ചെയ്തിരുന്നു.
ക്ഷണികങ്ങളായ ത്രില്ലുകളില്‍ ഭ്രമിക്കുന്നവരായി ഇന്നത്തെ സമൂഹം മാറിയെന്നും, ഒരു ദുരന്തമു­ായാല്‍ അതു കാണുകയും മൊബൈല്‍ ഫോണില്‍ പകര്‍ത്തി ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന സംസ്കാരത്തിലേക്കു നാം അധപതിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിമര്‍ശനം പലപ്പോഴും വാര്‍ത്തകളും വിവാദങ്ങളും ആയി. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ തിലകനെ വിലക്കിയപ്പോള്‍ അതില്‍ അഴീക്കോടിന്‍റെ ഇടപെടല്‍ വിവാദവും വാര്‍ത്തയുമായി. അദ്ദേഹത്തിനു കേരളം ചാര്‍ത്തിക്കൊടുത്ത സാംസ്കാരിക നായകസ്ഥാനത്തിനു നിരക്കാത്ത തരത്തിലേക്കു താഴ്ന്നിറങ്ങും വിധം നടന്‍ മോഹന്‍ ലാലുമായി നിയമയുദ്ധത്തിലേക്കു വരെ നീണ്ടു കാര്യങ്ങള്‍. ഒടുവില്‍ ആശുപത്രിക്കിടക്കയില്‍ വച്ചു തന്നെ അഴീക്കോട് മോഹന്‍ ലാലുമായി പിണക്കം തീര്‍ത്തു. ചാന്ദ്രയാന്‍ പരീക്ഷണം വിജയമായപ്പോള്‍ ഒരു പ്രസംഗത്തില്‍ അഴീക്കോട് ഇങ്ങനെ ചോദിച്ചു. കടം വാങ്ങി കഞ്ഞിവയ്ക്കുന്ന നാട്ടില്‍ ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് അറിയാന്‍ മുന്‍ഗണന നല്‍കേണ്ടതുണ്ടോ?അഴീക്കോട് തന്‍റെ പ്രസംഗത്തെക്കുറിച്ചു ശതാഭിഷേക വേളയില്‍ ഇങ്ങനെ പറയുകയു­ണ്ടായി. തന്‍റെ ജീവന്‍റെ ഊര്‍ജം പ്രസംഗമാണ്. റിഹേഴ്സല്‍ വേണ്ടാത്ത ഏക കലയും പ്രസംഗമാണ്. അത് വെളിയില്‍ നിന്നു വരേണ്ട­തല്ല. ഉള്ളില്‍ നിന്നു പ്രതിഫലിക്കേ­താണ്. അവിവാഹിതനായി കഴിഞ്ഞതാണു തന്‍റെ വിജയ രഹസ്യമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍, അതിനു പിന്നില്‍ വാഗ്ദാന ലംഘനത്തിന്‍റെ ഒരു കാണാപ്പുറം ഒളിപ്പിച്ചു വച്ചിരുന്നതായി പിന്നീട് വിലാസിനി ടീച്ചര്‍ പറഞ്ഞപ്പോഴാണു പുറംലോകം അറിഞ്ഞത്.

മൈക്കിനോടു പ്രണയം

വിശ്വവിഖ്യാതമായ മൂക്കു കൊണ്ട് പ്രശസ്തി നേടിയതു ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍. എന്നാല്‍ സുകുമാര്‍ അഴീക്കോടിന്‍റെ ഖ്യാതി മുഴുവന്‍ തുളുമ്പിയതു സ്വന്തം നാക്കിലും. ലോകത്തിന്‍റെ ഏതു കോണിലായാലും പ്രസംഗിക്കാന്‍ ക്ഷണിച്ചാല്‍ ആവതുണ്ടെങ്കില്‍ അഴീക്കോട് വണ്ടിവിടും. വണ്ടിക്കൂലിയും വാങ്ങും. കേള്‍വിക്കാരെ പിടിച്ചിരുത്താന്‍ പോന്ന പ്രാവീണ്യം, അദ്ദേഹത്തിന്‍റെ പതിഞ്ഞ ശബ്ദത്തിനും പതറാത്ത നാവിനുമുണ്ട്.
വിഷയം എന്തുമാകട്ടെ, അനര്‍ഗളമായിരുന്നു വാക്ധോരണി. ഒരു വേള ഏറ്റവും കൂടുതല്‍ കാലം സുകുമാര്‍ അഴീക്കോട് ഉപയോഗിച്ച ഉപകരണം മൈക്ക് ആകും. ഒരു ദിവസം തന്നെ നിരവധി വേദികളില്‍ മൈക്കിന്‍റെ മുന്നില്‍ അദ്ദേഹം എത്തുക പതിവായിരുന്നു. മൈക്കിനോടുള്ള തന്‍റെ പ്രണയത്തിനു പകരം കിട്ടുക കലഹം മാത്രമെന്ന ഒരു പരാതിയും അഴീക്കോടിന് ഉണ്ടായിരുന്നു. കുഴപ്പം മൈക്കിനല്ല, അതിന്‍റെ ഓപ്പറേറ്റര്‍ക്കാണത്രേ. ഒരുപാടു വേദികളില്‍ അഴീക്കോടുമായി കലഹിച്ചു മൈക്ക് മിഴിച്ചു നിന്നിട്ടുണ്ട്.
ഇതാ ഒരുദാഹരണം:
വേദി തൃശൂര്‍ സംഗീത അക്കാഡമി റീജ്യനല്‍ തിയെറ്റര്‍ മുറ്റം. അഞ്ചാമത് ഇറ്റ്ഫോക്കിന്‍റെ സമാപ സമ്മേള\ സമ്മേളനത്തില്‍ അഴീക്കോടാണു താരം.
സാംസ്കാരിക വകുപ്പ് മന്ത്രി എം.എ.ബേബി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വേദിയില്‍. ഉദ്ഘാടന പ്രസംഗത്തിനു സംഘാടകര്‍ അഴീക്കോടിനെ ക്ഷണിച്ചു. പ്രസംഗപീഠത്തില്‍ കയറിയതും മൈക്ക് കാറിത്തുടങ്ങി. കൂടുതല്‍ ശല്യപ്പെടുത്തിയപ്പോള്‍ അഴീക്കോടിനു മുന്നിലേക്കു മൈക്രോ ഫോണ്‍ ചേര്‍ത്തു വയ്ക്കാന്‍ ഓപ്പറേറ്റര്‍ പാടുപെട്ടു. മൈക്രോഫോണ്‍ ചേര്‍ത്തു വയ്ക്കുമ്പോള്‍ അഴീക്കോട് ഒരു വശത്തേക്കു ചരിഞ്ഞു നില്‍ക്കും. അതോടെ പിന്നെയും ഉച്ചഭാഷിണി ഉടക്കും.
ഒടുവില്‍ അഴീക്കോട് തന്നെ പരിഹാര
വും കണ്ടു. നിങ്ങള്‍ എത്ര മെനക്കെട്ടാലും ഒരു കാര്യവുമില്ല. പ്രസംഗം തുടങ്ങിയ കാലം മുതല്‍ മൈക്കും ഞാനും ശീത സമരത്തിലാണ്. ഒരിക്കലും നേരേ സഞ്ചരിച്ചിട്ടില്ല. ഓപ്പറേറ്റര്‍ തിരിക്കുന്നതിന് അനുസരിച്ചു ഞാന്‍ തിരിയില്ല. എനിക്കനുസരിച്ചു മൈക്ക് കേള്‍ക്കില്ല. ഏതാ­് പതിറ്റാ­ായിട്ടു­് ഞങ്ങള്‍ തമ്മിലുള്ള ശീതസമരം തുടങ്ങിയിട്ട്. രണ്ടാളും നേരേ ആവാന്‍ പോകുന്നില്ല. വേദിയില്‍ നിറഞ്ഞ കൈയടി, പിന്നെ കൂട്ടച്ചിരി

അഴീക്കോട് എന്ന രാഷ്ട്രീയക്കാരന്‍

തൃശൂര്‍
അരനൂറ്റാണ്ടിലധികം സാംസ്കാരിക-സാമൂഹിക-പൊതു മണ്ഡലങ്ങളിലും അസ്തമിക്കാത്ത നക്ഷത്രത്തെപ്പോലെ തിളങ്ങിനിന്ന സുകുമാര്‍ അഴീക്കോട് രാഷ്ട്രീയത്തില്‍ ഏതു ചേരിയിലായിരുന്നു? രാഷ്ട്രീയം ജീര്‍ണാവസ്ഥയിലേക്കു വഴുതിമാറുമ്പോള്‍ അഴീക്കോട് അതിനെ തിരുത്താന്‍ ശ്രമിച്ചു. ഫലം കാണാതിരുന്നപ്പോള്‍ എല്ലാം രാഷ്ട്രീയ നേതാക്കളോടും കലഹിച്ചു, എല്ലാവരെയും വിമര്‍ശിച്ചു. രാഷ്ട്രീയം ഒരിക്കലും അദ്ദേഹത്തിന്‍റെ മേഖലയായിരുന്നില്ല. എന്നാല്‍, രാഷ്ട്രീയം അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു.
സാംസ്കാരിക നായകന്‍ എന്ന പ്രൗഢിയെ രാഷ്ട്രീയത്തില്‍ പ്രയോജനപ്പെടുത്താനാണ് ഇരുപക്ഷങ്ങളും ശ്രമിച്ചത്. ഒരു പാര്‍ട്ടിയുടെ കൊടിക്കു കീഴില്‍ അഴീക്കോടിനെപിടിച്ചു കെട്ടുക പ്രയാസമായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങിയിട്ടും ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപെടാതിരുന്നിട്ടില്ല. എഴുത്തുപോലെ ഒരിക്കലും എനിക്കു രാഷ്ട്രീയം വഴങ്ങില്ലെന്നും ഒരിക്കല്‍ പറഞ്ഞു.
അധികാര രാഷ്ട്രീയത്തില്‍ ചാഞ്ചാടുന്നവന്‍ എന്ന വിമര്‍ശനവും കേള്‍ക്കേണ്ടിവന്നു. സാംസ്കാരിക നായകരിലേറെയും ഇടതുപക്ഷ സഹയാത്രികരായപ്പോള്‍ അഴീക്കോട് കോണ്‍ഗ്രസ് ചേരിയില്‍ നിന്നു മത്സരിച്ചു. എസ്.കെ. പൊറ്റെക്കാട്ടിനോടു തോറ്റു. അതൊരു കറുത്ത അധ്യായമാണെന്ന് അഴീക്കോട് പിന്നീടു പറഞ്ഞിട്ടുണ്ട്.
പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കു ചേക്കേറാന്‍ തീരുമാനിച്ച കെ.കേളപ്പനെ അതേവേദിയില്‍ അഴീക്കോട് രൂക്ഷമായി വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ കലഹം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് സഹയാത്രികനായി. എം.എന്‍. വിജയനെപ്പോലുള്ളവര്‍ പരസ്യമായി പാര്‍ട്ടിക്കെതിരേ വന്നപ്പോള്‍ പാര്‍ട്ടിയുടെ നാവായി. വിജയന്‍ മാഷുടെ അന്ത്യത്തിലും അദ്ദേഹം അദ്ദേഹം ആ നിലപാട് സുവ്യക്തമാക്കുകയാണുണ്ടായത്.
സാംസ്കാരിക നായകനില്‍ രാഷ്ട്രീയ രക്തം ഓടുമ്പോഴും, ഒരിക്കലും ജനാതിപത്യത്തിനായി ചൂണ്ടുവിരലില്‍ മഷിപുരട്ടാന്‍ അഴീക്കോട് പോയിട്ടില്ലെന്നത് ഇനിയും ആര്‍ക്കും പിടികിട്ടാത്ത സമസ്യ. വോട്ടു ചെയ്യാത്ത അഴീക്കോട് രാഷ്ട്രീയക്കാരെ വിമര്‍ശിക്കാന്‍ വരേണ്ടെന്ന വിമര്‍ശനം ഒരുതരം ക്ലീഷേയുമായി.
ഒടുവില്‍ വിടവാങ്ങുമ്പോള്‍ അഴീക്കോടിനെ കാണാനെത്തുന്ന രാഷ്ട്രീയ പ്രമുഖരെ കാണുമ്പോള്‍ ഉറപ്പിച്ചു പറയാം, അഴീക്കോട് ഒരിക്കലും രാഷ്ട്രീയത്തില്‍ തോറ്റിട്ടില്ല. അദ്ദേഹത്തിന്‍റെ രാഷ്ട്രീയം എന്നും ജനന്മയുടേതായിരുന്നു.

അവരെന്നും മിത്രങ്ങള്‍

തൃശൂര്‍
ഇരുപത്തിയഞ്ചാം വയസില്‍ തുടങ്ങി 85ല്‍ വന്നു നിന്നപ്പോള്‍ സുകുമാര്‍ അഴീക്കോട് വാക്കുകള്‍കൊണ്ടു സമ്പാദിച്ച ശത്രുക്കള്‍ ഏറെ. പക്ഷേ, വിമര്‍ശനത്തിനപ്പുറം എല്ലാവരും അദ്ദേഹത്തിനു മിത്രങ്ങളാണെന്നു തിരിച്ചറിയുന്നത് രോഗ ശയ്യയിലായപ്പോള്‍. അദ്ദേഹം കണക്കറ്റുവിമര്‍ശിച്ചവര്‍, അദ്ദേഹത്തെ വിമര്‍ശിച്ചവര്‍, ആ കൈതലോടി കിടക്കയ്ക്കരികിലിരുന്നപ്പോള്‍ അറിഞ്ഞത് ആ സ്നേഹസാഗരത്തെ.
എല്ലാവരും വന്നു, പക്ഷേ നീ വന്നപ്പോഴാണ് എനിക്കു സന്തോഷമായത്. നീ വരുമെന്ന് എനിക്കറിയാമായിരുന്നു- ടി. പത്മനാഭനോട് മാഷ് പറഞ്ഞു. ആശുപത്രിയില്‍ കണ്ടു നിന്നവര്‍ക്കുപോലും അതു വികാര നിര്‍ഭരമായി. നീയില്ലെങ്കില്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ലെന്നു മൗനമായി മറുമൊഴിയോതിയിട്ടുണ്ടാകാം പത്മനാഭന്‍.
അഴീക്കോടിന്‍റെ വിമര്‍ശനം കണക്കില്ലാതെയേറ്റ വെള്ളാപ്പള്ളി നടേശന്‍ അഴീക്കോടിനെ കണ്ട് പൊട്ടിക്കരഞ്ഞു. എം.വി. ദേവന്‍, അന്തരിച്ച കെ. കരുണാകരന്‍, നടന്‍ മോഹന്‍ലാല്‍... അങ്ങനെ ശത്രുക്കളായ മിത്രങ്ങളുടെ പട്ടിക വലുത്. അവരെയെല്ലാം അവസാനനാളുകളില്‍ സ്നേഹത്തോടെ അരികിലെത്തി കാണാന്‍ കഴിഞ്ഞത് ഇനിയാര്‍ക്കും ലഭിക്കാത്ത ഭാഗ്യം. ആശുപത്രിക്കിടക്കയില്‍ നിന്നെഴുന്നേറ്റാല്‍ ഈ അനുഭവങ്ങള്‍ ആത്മകഥയാക്കും എന്ന് അഴീക്കോട് പറഞ്ഞിരുന്നു. ഇനിയീക്കഥകള്‍ ആത്മകഥയില്‍ പെടുത്തേണ്ട. കാരണം മലയാളിയുടെ മനസില്‍ ഒരിക്കലും മറക്കാത്ത മനുഷ്യത്വത്തിന്‍റെ മാതൃകയായി, മായാത്ത ചരിത്രമാകും അത്.

മരിക്കും മുന്‍പ് പേരുമിട്ടു

കോഴിക്കോട്
കെ.പി. സജീവന്‍
മരിക്കും മുന്‍പ് സ്വന്തം സ്മാരകത്തിനു പേരു നിര്‍ദേശിച്ചിരുന്നു സുകുമാര്‍ അഴീക്കോട്- അഴീക്കോട് സ്മാരക ഗ്രന്ഥാലയം. തിരക്കിട്ട പരിപാടികള്‍ക്കിടെ കഴിഞ്ഞ നവംബര്‍ 28നാണ് കോഴിക്കോട് കാരപ്പറമ്പിലെ വാഗ്ഭടാനന്ദ മന്ദിരത്തില്‍ മാഷെത്തുന്നത്. അദ്ദേഹം ചെയര്‍മാനായി 2011 നവംബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്ത മന്ദിരത്തിന്‍റെ ഭാവിപരിപാടികള്‍ ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.
പുതിയ മന്ദിരത്തില്‍ ആരംഭിക്കുന്ന ഗ്രന്ഥശാലയെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. തൃശൂരിലെ വീട്ടില്‍ തിങ്ങി നിറഞ്ഞ പുസ്തകങ്ങള്‍ ഗ്രന്ഥശാലയ്ക്കു നല്‍കാമെന്ന് ആദ്യമേ മാഷ് പ്രഖ്യാപിച്ചു. പിന്നീട് ഗ്രന്ഥാലയത്തിനു പേരിടുന്നതിനെക്കുറിച്ചായി സംസാരം. “”ഒരു കാര്യം ചെയ്യ്, പേരും ഞാന്‍ പറയാം, അഴീക്കോട് സ്മാരക ഗ്രന്ഥാലയം....’’ കേട്ടുനിന്നവര്‍ ഞെട്ടാതിരുന്നില്ല. എന്തിനാണ് പേരിന്‍റെ കൂടെ ഒരു സ്മാരകം മാഷേ എന്ന് ചിലര്‍ ചോദിച്ചു. അദ്ദേഹം ചിരിച്ചു. “”ആ... എന്നാല്‍, അഴീക്കോട് വായനശാല എന്നോ മറ്റോ ഇട്ടോ....’’ അന്ന് കോഴിക്കോട് വിട്ടതാണ്. പിന്നെ കേട്ടത് ആശുപത്രിയിലായ വിവരം.
അഴീക്കോട് സംഭാവന ചെയ്ത പുസ്തകങ്ങള്‍ വാഗ്ഭടാനന്ദ മന്ദിരത്തിലിരുന്നു മറിച്ചു നോക്കുമ്പോള്‍ വൈസ് ചെയര്‍മാന്‍ ധര്‍മരാജ് കാളൂരിന് സങ്കടം സഹിക്കാനാവുന്നില്ല. തനിക്കേറ്റവും പ്രിയപ്പെട്ട നഗരം കോഴിക്കോടാണെന്നു സുഹൃദ് സദസുകളില്‍ മാഷ് എപ്പോഴും പറയും. ബഷീറും എന്‍പിയും കെടിയും തിക്കോടിയനും എസ്കെയും എംടിയുമടക്കം പ്രിയപ്പെട്ട സുഹൃത്തുക്കളെയെല്ലാം തന്ന നഗരം, കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രസംഗിച്ച ടൗണ്‍ ഹാള്‍, കൂടുതല്‍ കാലം ജീവിച്ചത്... ഇങ്ങനെ ഒരുപാട് ക്രെഡിറ്റുകള്‍ അദ്ദേഹം ഈ നഗരത്തിനു നല്‍കി. ഒരുപക്ഷെ അദ്ദേഹം അറിഞ്ഞുകൊണ്ടുതന്നെയാവാം തന്‍റെ പേരിലൊരു സ്മാരകം വരുന്നുണ്ടെങ്കില്‍ അത് കോഴിക്കോട്ടു തന്നെയാവട്ടെ എന്നാഗ്രഹിച്ചതെന്ന് ട്രസ്റ്റി അംഗവും അഴീക്കോടിന്‍റെ ശിഷ്യനും സന്തത സഹചാരിയും മുന്‍മേയറുമായ അഡ്വ. എ. ശങ്കരന്‍.

അച്ഛനും അമ്മയും

ഭാരതീയ പ്രസംഗകലയുടെ അനന്തവിഹായസില്‍ പാറിപ്പറക്കാന്‍ അഴീക്കോടിനു ചിറകു നല്‍കിയ രണ്ടു ശക്തികള്‍, അച്ഛന്‍ വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്‍ മാസ്റ്ററും അമ്മ കോളോത്ത് തട്ടാരത്ത് മാധവിയമ്മയും.
പ്രസംഗവും എഴുത്തും ജീവിതത്തിന്‍റെ ഭാഗമായിരുന്നു ദാമോദരന്‍ മാസ്റ്റര്‍ക്ക്. സംസ്കൃതം, ജ്യോതിഷം, വൈദ്യം, വാസ്തുവിദ്യ എന്നിവയില്‍ സാമാന്യം ജ്ഞാനമുണ്ടായിരുന്നു. അദ്ദേഹത്തെ കാണാന്‍ അന്നത്തെ രാഷ്ട്രീയ പ്രമുഖരും പൗരപ്രമുഖരും വീട്ടിലെത്താറുണ്ടായിരുന്നു. അഴീക്കോട് മാഷിന്‍റെ ബാല്യ-കൗമാരങ്ങള്‍ ഇതെല്ലാം കണ്ടാണു വളര്‍ന്നത്. രാഷ്ട്രീയ-സാംസ്കാരിക-ആത്മീയ അന്തരീക്ഷങ്ങള്‍ കൊച്ചു സുകുമാരനെ ആകര്‍ഷിച്ചു, ജ്ഞാനതൃഷ്ണയെ വളര്‍ത്തി.
മുന്‍കോപക്കാരനായ അച്ഛന്‍റെ സ്വഭാവം തനിക്കു മാത്രമാണു കിട്ടിയതെന്നു മാഷ് പറഞ്ഞിട്ടുണ്ട്. അച്ഛന്‍ പഠിപ്പിച്ച യോഗവിദ്യകള്‍ അഴീക്കോടിന്‍റെ ആരോഗ്യത്തെയും സംരക്ഷിച്ചു. സ്നേഹക്കടല്‍ എന്ന പ്രയോഗം കവിതയാണെങ്കില്‍ അമ്മ ആ കവിതയാണെന്നു മാഷ് തന്‍റെ ആത്മകഥയില്‍ പറയുന്നു. നല്ല മനുഷ്യനാകാന്‍ ഏറെയൊന്നും വായിക്കേണ്ടെന്നാണ് അമ്മ പഠിപ്പിച്ചത്. അച്ഛന്‍റെ വഴി ഉപേക്ഷിക്കാന്‍ തയാറാകാത്ത സുകുമാര്‍ വായനയുടെ ലോകത്തേക്കു വഴുതി. ഒടുവില്‍ അമ്മയുടെ വഴിയിലേക്കു മടങ്ങാനും ആഗ്രഹിച്ചിരുന്നു. എണ്ണ തേച്ചു കുളിപ്പിക്കുന്നതിനൊപ്പം കഥകളും കഥാപാത്രങ്ങളും അമ്മയുടെ വാമൊഴിയിലൂടെ പകര്‍ന്നുകിട്ടി. അമ്മ മരിക്കുമ്പോള്‍ അരികില്ലില്ലാതെ പോകുമോ എന്ന ആശങ്ക മാഷെ എപ്പോഴും അലട്ടിയിരുന്നു. മാഷുടെ വാക്കുകളില്‍ പറഞ്ഞാല്‍- അമ്മയുടെ മരണ സമയത്ത് അരികിലുണ്ടാകാന്‍ കഴിഞ്ഞതു മഹാഭാഗ്യമെന്നു പറയാമെങ്കിലും, അപ്പോള്‍ അനുഭവിക്കേണ്ടി വന്ന മഹാദുഃഖത്തിനു മുന്നില്‍ ആ ഭാഗ്യവും വ്യര്‍ഥമായിരുന്നു.

അഴീക്കോട് മുതല്‍...

തൃശൂര്‍

അംശത്തിലൂടെ അഖിലത്തെ പ്രാപിക്കണം. അവനവന്‍ ജനിച്ച കൊച്ചുദേശമല്ല, രാഷ്ട്രവും ലോകവുമെന്നും രാഷ്ട്രത്തിന്‍റെയും ലോകത്തിന്‍റെയും ചെറിയൊരു അംശം മാത്രമാണ് അതെന്നും ജനങ്ങളെ ധരിപ്പിക്കാന്‍ പറ്റിയ ഒരു വാക്ക്. അതിനുള്ള ഒന്നാമത്തെ ചവിട്ടുകല്ലാണ് ജന്മഗ്രാമമായ അംശം. ആ അംശത്തില്‍ അഖിലം പ്രതിബിംബിച്ചിരിക്കുന്നു.
കെ.ടി.സുകുമാരന്‍, സുകുമാര്‍ അഴീക്കോട് ആയത് എങ്ങനെയെന്ന് അറിഞ്ഞു കൂടാ എന്നു മാഷ് തന്നെ പറയുന്നുണ്ട്. എഴുതാന്‍ തുടങ്ങുന്ന കാലത്ത് ഔദ്യോഗിക നാമത്തില്‍ നിന്നുള്ള മോചനമായിരുന്നു അഴീക്കോട് എന്ന കൂട്ടിച്ചേര്‍ക്കല്‍. അതെപ്പറ്റി മാഷ് പറഞ്ഞത് ഇങ്ങനെയാണ്- ഞാന്‍ പോകുന്നിടത്തെല്ലാം കൂടെ അഴീക്കോട് ഉണ്ട്. മൃത്യുവിനെപ്പോലെ അത് എന്നില്‍ നിത്യസന്നിഹിതന്‍’. അങ്ങനെ സുകുമാരന്‍ അഖിലത്തെയും തന്നോടു ചേര്‍ത്തു. അഴീക്കോട് ദേശം സുകുമാരനെ സുകുമാര്‍ അഴീക്കോട് ആക്കിയതു പോലെ മികച്ച വാഗ്മിയും മനുഷ്യസ്നേഹിയുമാക്കി.

ഹരിജനങ്ങളുടെ ധനനിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ഗവണ്‍മെന്‍റ് അന്നു നടത്തിയ സഹകരണ ധനസഹായ പദ്ധതി, ഐക്യനാണയസംഘത്തിന്‍റെ ഓഫിസ് പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം അഴീക്കോട് മാഷുടെ വീടായിരുന്നു. സുകുമാര്‍ അഴീക്കോടിന്‍റെ അച്ഛന്‍ പനയ്ക്കല്‍ ദാമോദരന്‍ മാസ്റ്ററായിരുന്നു രജിസ്റ്ററുകളുടെ സൂക്ഷിപ്പുകാരന്‍. ആത്മവിദ്യാസംഘത്തിന്‍റെ സജീവപ്രവര്‍ത്തനരംഗമായിരുന്നു അന്ന് അഴീക്കോട്. വാഗ്ഭടാനന്ദന്‍റെ ശിഷ്യരായിരുന്നു അഴീക്കോടിന്‍റെ വീട്ടിലെത്തിയിരുന്ന ഹരിജനങ്ങള്‍. നാട്ടിലെ പൊതുസമ്മതനായ ദാമോദരന്‍ മാസ്റ്ററുടെ വ്യക്തിപ്രഭാവവും ജാതി മത ചിന്തകള്‍ തൊട്ടു തീണ്ടാതെയുള്ള ആദര്‍ശസുന്ദരമായ ജീവിതബോധത്തിലേക്കാണ് വഴികാട്ടിയത്.
നാട്ടിലെ മികച്ച ബാഡ്മിന്‍റന്‍ താരമായ പറച്ചൂത്തി ദാമോദരന്‍, മികച്ച ഫുട്ബോള്‍ കളിക്കാരനായിരുന്ന ഡിക്രൂസ് എന്നിവരും അഴീക്കോടിന്‍റെ ആരാധ്യ പുരുഷന്മാരായി. ഒരു ദേശത്തെ അധ്യാപകരെപ്പറ്റിയും പ്രസംഗകരെപ്പറ്റിയും നേതാക്കളെപ്പറ്റിയും മാത്രമല്ല, കളിക്കാരെപ്പറ്റിയും അഭിമാനിക്കാമെന്ന് ദാമോദരന്‍ പഠിപ്പിച്ചു തന്നുവെന്ന് അഴീക്കോട് ആത്മകഥയില്‍ പറയുന്നു.

അഴീക്കോട്ടെ നളന്ദയിലെ പഠനകാലത്തെ മികച്ച മൂന്ന് അധ്യാപകരും, അഴീക്കോടിലെ പ്രഭാഷകനെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. എം.ടി. കുമാരന്‍ മാസ്റ്ററും പി.എം. കുഞ്ഞിരാമന്‍ നമ്പ്യാരും സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. അച്യുതന്‍ നായരുമൊന്നും സിലബസില്‍ ഒതുങ്ങിനിന്നല്ല പഠിപ്പിച്ചിരുന്നത്. അഴീക്കോടിന്‍റെ വ്യക്തിത്വത്തിനു രൂപം നല്‍കിയതും പില്‍ക്കാലത്ത് അദ്ദേഹത്തില്‍ വികാസം കൊണ്ട ചോദനകളുടെ ഉറവുകളായതും ഈ അധ്യാപകരായിരുന്നു. ആത്മവിദ്യാസംഘത്തിന്‍റെ ബിംബാരാധന വിരോധം മൂലം ക്ഷേത്രാരാധനയോട് അഴീക്കോട് വിമുഖനായി. അനാചാരങ്ങളിലും ദുരാചാരങ്ങളിലും പെട്ടുഴലാതെ ശുദ്ധമായ ആത്മീയ ബോധത്തില്‍ വളര്‍ന്നു വരാനും ഈ പശ്ചാത്തലം അദ്ദേഹത്തെ സഹായിച്ചു. ഇന്നത്തെ എന്‍റെ ഓരോ നാരായ വേരിനും അത്ര പഴക്കമുണ്ട് ‘- തന്നെ രൂപപ്പെടുത്തിയ ഗ്രാമത്തെക്കുറിച്ച് അഴീക്കോട് പറയുന്നു.

നിലയ്ക്കാത്ത ശബ്ദസഞ്ചാരം

ഇരമ്പിയൊഴുകിയ ഒരു നദി കാലമെന്ന മഹാസാഗരത്തില്‍ വിലയം ചെയ്തിരിക്കുന്നു. കലഹിച്ചു കലങ്ങിയുള്ള പാച്ചിലില്‍ ഇരുകരകളില്‍ നിന്നും പലതും കടപുഴക്കിയെറിഞ്ഞിട്ടുണ്ട്. പലതിനോടും സമരസപ്പെട്ട് പ്രവാഹഗതി മുറിഞ്ഞു തടഞ്ഞു നിന്നിട്ടുമുണ്ട്. എങ്കിലും കേരളത്തിന്‍റെ സമൂഹ മനഃസാക്ഷിയിലൂടെ പലതും ശുദ്ധീകരിച്ചു തന്നെയായിരുന്നു സുകുമാര്‍ അഴീക്കോട് എന്ന പ്രയാണം.

വിമര്‍ശന സാഹിത്യത്തില്‍ വിഗ്രഹഭഞ്ജകന്‍റെ വേഷമായിരുന്നു തുടക്കത്തില്‍. ജനശ്രദ്ധയിലേക്കു പ്രതിഷ്ഠിക്കപ്പെട്ടതും സാഹിത്യ വിമര്‍ശനത്തിന്‍റെ കാര്‍ക്കശ്യം കൊണ്ടുതന്നെ. മുറിവേല്‍പ്പിച്ചു തന്നെയാവണം നിരൂപണം എന്ന മുന്‍ നിശ്ചയപ്രകാരം കുറിക്കപ്പെട്ടതു മൂര്‍ച്ചയുള്ള അക്ഷരങ്ങള്‍.

സാഹിത്യ വിമര്‍ശന രംഗത്തെ അനാഗത ശ്മശ്രുവിന്‍റെ ശരങ്ങള്‍ ലക്ഷ്യം വച്ചത്, അക്കാലത്തെ അക്ഷര കുലഗുരുക്കന്‍മാരെത്തന്നെ. മുറിവേറ്റതു ജി. ശങ്കരക്കുറുപ്പ് അടക്കം മഹാരഥന്മാര്‍ക്ക്. വാക്കുകളുടെ വായ്ത്തല കൊണ്ടു മലയാളത്തിന്‍റെ സാംസ്കാരിക ഭൂമിയില്‍ തന്‍റേതായ ഒരു ഇടം നിര്‍ദയം വെട്ടിപ്പിടിച്ചെടുക്കുകയായിരുന്നു സുകുമാര്‍ അഴീക്കോട്. കലാലയ അധ്യാപകന്‍ എന്ന മേല്‍വിലാസത്തിന്‍റെ മതില്‍ക്കെട്ട് പൊളിച്ചു പണിതതു പ്രഭാഷണ കലയിലൂടെ. അഴീക്കോടിന്‍റെ വാഗ്ധോരണി കേള്‍ക്കാന്‍ അകലങ്ങളില്‍ നിന്നുപോലും ആളുകള്‍ തടുത്തുകൂടി. കഥകളിക്കും നൃത്തത്തിനും നാടകത്തിനുമെല്ലാം എന്നതുപോലെ അഴീക്കോടിന്‍റെ പ്രസംഗകലയ്ക്കുമുണ്ടായി ആസ്വാദക സംഘങ്ങളും, ആരാധക വൃന്ദങ്ങളും. വേദികളില്‍ നിന്നു വേദികളിലേക്കുള്ള നിലയ്ക്കാത്ത ശബ്ദ സഞ്ചാരത്തിന്‍റെ ദശകങ്ങള്‍. വേദികളിലോരോന്നിലും ഉണ്ടായി വിവാദത്തിന്‍റെ വെടിക്കെട്ടുകള്‍. പ്രസംഗകലയുടെ കരിമരുന്നു പ്രയോഗവും കമ്പക്കെട്ടും കണ്ടാസ്വദിച്ചു കൈയടിക്കാന്‍ അഴീക്കോടിനു പിന്നാലെ സഞ്ചരിച്ചു ആരാധകരും, മാധ്യമ സംഘങ്ങളും. പഠിച്ചും മനനം ചെയ്തും പറഞ്ഞതപ്പാടെ ഹൃദയത്തിലേക്കു പകര്‍ത്തിവച്ച അനുയായികള്‍ തന്നെ അനേകം പേരുണ്ട് അഴീക്കോടിന്.

സദസുകളെ എടുത്ത് അമ്മാനമാടുന്ന കരവിരുതിനെ അനുകരിക്കാനും ഉണ്ടായി അനേകര്‍. കരഘോഷവും ചിരിയുടെ പടക്കവും ചേര്‍ന്നു പൊട്ടുന്ന നിമിഷങ്ങളില്‍, ചിലപ്പോള്‍ മതിമറന്നു പോയിട്ടുമുണ്ട് അഴീക്കോടിലെ സമചിത്തത തികഞ്ഞ വാഗ്മി. എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയണം താന്‍ എന്ന ബോധം ചിലപ്പോള്‍ ഉയരങ്ങളില്‍ നിന്നു താഴേയ്ക്കു നടത്തിച്ചിട്ടുണ്ട് അഴീക്കോട് എന്ന ഗരിമയെ. താന്‍ പറയുന്നതിനു കേരളീയ സമൂഹം കല്‍പ്പിക്കുന്ന വിലയും മതിപ്പും ഗുരുത്വവും അളന്നു കുറിച്ചു തിരിച്ചറിഞ്ഞു തന്നെയായിരുന്നു അഴീക്കോടിന്‍റെ പ്രസംഗങ്ങളും, പ്രതികരണങ്ങളും. അതു പലപ്പോഴും തന്നെക്കാള്‍ പ്രബലരും ലബ്ധപ്രതിഷ്ഠരുമായവരോടുള്ള കലഹങ്ങളില്‍ കൊണ്ടുപെടുത്തിയിട്ടുമുണ്ട് മാഷിനെ. എന്നാല്‍, എല്ലാ കലഹങ്ങളിലും, ഒരു ഒത്തുതീര്‍പ്പിന്‍റെ നൂലിട ബാക്കിവയ്ക്കാന്‍ ശ്രദ്ധിക്കുകകൂടി ചെയ്തിരുന്നു, അഴീക്കോടെന്ന ചാതുര്യം. തന്‍റെ കലഹങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നതും ആഘോഷിക്കുന്നതും കണ്ടാസ്വദിച്ചും, കൊണ്ടും കൊടുത്തുമെല്ലാം, മലയാളത്തില്‍ നിറഞ്ഞുതന്നെ നിന്നു അഴീക്കോട്, ഇക്കഴിഞ്ഞ നാലു ദശാബ്ദങ്ങളില്‍.

പഠിക്കാതെയും ചിന്തിക്കാതെയും വീണ്ടുവിചാരമില്ലാതെയും, മനഃപൂര്‍വവുമെല്ലാം പലതും പറഞ്ഞിട്ടുണ്ടാവാം അഴീക്കോട്. തന്നെ വണങ്ങാതെ വഴിയൊഴിഞ്ഞു പോയവരെപ്പോലും കലഹവാസനയുടെ ചൂണ്ടയില്‍ക്കൊരുത്തു വിവാദങ്ങളുടെ തിരക്കുത്തിലേക്കു വലിച്ചു കൊണ്ടുപോയിട്ടുമുണ്ടാവാം. അത്തരം കണക്കെടുപ്പുകള്‍ ഇനിയങ്ങോട്ട് അപ്രസക്തം. സ്പര്‍ധകള്‍ പലതും പറഞ്ഞു പരിഹരിച്ചാണ് അഴീക്കോട് മാഷ് യാത്രയാവുന്നത്. അന്ത്യനാളുകളില്‍, മരണക്കിടക്കയിലാണു താനെന്ന തിരിച്ചറിവില്‍ത്തന്നെ കലഹത്തിന്‍റെ പറ്റു ബാക്കികള്‍ പലതും പറഞ്ഞുതീര്‍ത്തു. കൊണ്ടും കൊടുത്തും പല നാളുകള്‍ കൊണ്ടുപടുത്ത ശത്രുതകള്‍ കൈകൊടുത്തു കണക്കു തീര്‍ത്തു.

കാലമോ മരണം തന്നെയോ നിനച്ചാല്‍ പരിഹരിക്കപ്പെടാത്ത ചില മുറിവുകള്‍ ഇനിയും ബാക്കി വച്ചാണ്, എണ്‍പത്തിയഞ്ചാം വയസില്‍ അഴീക്കോട് മാഷ് യാത്രയാവുന്നത്. ദശാബ്ദങ്ങള്‍ നീണ്ട പ്രഭാഷണ സഞ്ചാരങ്ങള്‍ക്കിടെ, മാഷ് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ഈ നാടിന്‍റെ പുരികം ചുളിഞ്ഞ സന്ദര്‍ഭങ്ങള്‍ വിരളമല്ല. അവസാന ശ്വാസംവരെ താന്‍ നെഞ്ചേറ്റും എന്നു പറഞ്ഞുവച്ച ചില കലഹങ്ങളില്‍, അതി നാടകീയമായ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങിയത്, അഴീക്കോടെന്ന നല്ല "വഴക്കാളി'യെ ആരാധനാ വിഗ്രഹമാക്കിയവരെ നൊമ്പരപ്പെടുത്തിയിട്ടുമുണ്ട്. അപ്പോഴും, ആ പതിഞ്ഞ ശബ്ദം അവതരിപ്പിച്ച ചിന്തകളും, പ്രതിഷേധങ്ങളും ഈ നാടിന്‍റെ രാഷ്ട്രീയ സാംസ്കാരിക പരിസരങ്ങളില്‍ മുഴങ്ങിത്തന്നെ നിലകൊള്ളും.

നാടിന്‍റെ നന്മയ്ക്കു വേണ്ടി, നിര്‍ത്താതെ നിത്യവും ഉയര്‍ന്നിരുന്ന ഒരു പ്രാര്‍ഥനയുടെ കണ്ഠനാളമാണ് ഇന്നലെ പുലര്‍ച്ചെ അടഞ്ഞുപോയത്. ആ ശബ്ദത്തെ തിരിച്ചറിഞ്ഞ് ഉള്‍ക്കൊണ്ട ഈ നാട്, അതിന്‍റെ അഭാവം തീര്‍ച്ചയായും കൂടുതല്‍ തിരിച്ചറിയും ഇനിയുള്ള നാളുകളില്‍. മെല്ലിച്ചു കറുത്ത ശരീരത്തിനുള്ളില്‍, ഖദര്‍ ജുബ്ബയില്‍ പൊതിഞ്ഞു നാടെമ്പാടും സഞ്ചരിച്ചിരുന്ന അക്ഷരങ്ങളുടെ അഗ്നിപര്‍വതമാണ്, അണഞ്ഞു പോവുന്നത്.

പ്രകൃതിയില്‍ ഉണ്ടാവുന്ന ഓരോ ശബ്ദവും, കെട്ടുപോവാതെ, നമുക്കു കേള്‍ക്കാനാവാത്ത തരംഗങ്ങളായി, അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നു എന്നത്രേ വിശ്വാസം. അനന്തകോടി ശബ്ദങ്ങളുടെ ഈ ബ്രഹ്മാണ്ഡ സഞ്ചയത്തില്‍ നിന്നു ചിലതെങ്കിലും വീണ്ടെടുക്കാന്‍ അവസരമുണ്ടായാല്‍, അഴീക്കോടിന്‍റെ പതിഞ്ഞതെങ്കിലും ഗംഭീരമായ ശബ്ദം, ഒരു വട്ടം കൂടി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും, അനേക ലക്ഷം മലയാളികള്‍. ചിന്തിക്കാനും കലഹിക്കാനും ഈ നാടിനെ പഠിപ്പിച്ച ഗുരുക്കന്മാരുടെ പട്ടികയില്‍ അഴീക്കോടിന്‍റെ പേരുകൂടി നിശ്ചയമായും എഴുതിച്ചേര്‍ക്കും, നമ്മുടെ കാലഘട്ടം.