Showing posts with label മാതൃഭൂമി. Show all posts
Showing posts with label മാതൃഭൂമി. Show all posts

Tuesday, January 24, 2012

സല്‍ക്കാരത്തിന്റെ കയ്‌പും മധുരവും- എം.എന്‍. കാരശ്ശേരി

ആ വാര്‍ത്ത കണ്ട് ഞങ്ങളുടെ സഹപാഠി കെ.ഐ. അബ്ദുല്ല മാഷ് പറഞ്ഞു: 'എടോ, ഈ വകയില്‍ നമുക്കൊരു സല്‍ക്കാരം നടത്തണം.'
1972-'73 കാലം. ഞങ്ങളൊക്കെ അന്ന് തേഞ്ഞിപ്പലത്ത് മലയാളം എം.എ.ക്ക് പഠിക്കുകയാണ്. അഴീക്കോട് മാഷാണ് വകുപ്പധ്യക്ഷന്‍. അബ്ദുല്ലമാഷ് സഹപാഠിയാണെങ്കിലും ഞങ്ങളേക്കാള്‍ പത്തുവയസ്സിന് മൂത്തതാണ്. ബി.എഡിന് മൂത്തകുന്നത്ത് അഴീക്കോട് മാസ്റ്ററുടെ വിദ്യാര്‍ഥിയായിരുന്നു. പിന്നെ ഹൈസ്‌കൂള്‍ അധ്യാപകനായി. ഇപ്പോള്‍ ലീവെടുത്ത് എം.എ.ക്ക് ചേര്‍ന്നിരിക്കുകയാണ്. കാര്യം: അഴീക്കോടിന്റെ ക്ലാസ് കേട്ട് പൂതി തീര്‍ന്നില്ല!

അബ്ദുല്ല ഞങ്ങള്‍ക്ക് ഗുരുനാഥനെപ്പോലെയാണ്-പ്രായം കൊണ്ടും സമ്പ്രദായംകൊണ്ടും. അദ്ദേഹമാണ് ആ വാര്‍ത്ത കാണിച്ചുതന്നത്-ഞങ്ങളുടെ പ്രൊഫസറായ അഴീക്കോട് മാഷെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമാക്കിയിരിക്കുന്നു! അതു വലിയ സംഭവമാണെന്നും ആ വകയില്‍ സല്‍ക്കാരം നടത്തണമെന്നുമാണ് അബ്ദുല്ലയുടെ അഭിപ്രായം.

അദ്ദേഹം പറഞ്ഞാല്‍പ്പിന്നെ ഒന്നിനും അപ്പീലില്ല. വലിയ സംഭവമാണെന്ന് മൂപ്പര് പറഞ്ഞാല്‍ വലിയ സംഭവമായിരിക്കും! റെഡി...
പ്രശ്‌നമതല്ല. ഏതുസമയത്തും പൊട്ടിത്തെറിക്കാവുന്ന ഒരു ബോംബാണ് പ്രൊഫസര്‍. 'ക്ഷുഭിതന്‍' എന്ന് ഉറൂബ് വിളിക്കുന്ന ആള്‍. സ്വീകരണമെന്നോ സല്‍ക്കാരമെന്നോ ഒക്കെപ്പറഞ്ഞ് അങ്ങോട്ടുചെന്നാല്‍ എന്താണ് സംഭവിക്കുക എന്ന് പടച്ചതമ്പുരാന് മാത്രമേ അറിയൂ. ചിലപ്പോള്‍ ആട്ടിവിടും - 'താനൊക്കെ എന്നെ സുഖിപ്പിക്കാന്‍ വരുന്നോ?' എന്നു ചോദിക്കാന്‍ മടിക്കാത്ത ജനുസ്സാണ്. 'എന്നെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്' എന്ന് സുഗ്രീവാജ്ഞ പുറപ്പെട്ടേക്കും. ആ വകയില്‍ ഉള്ള ലോഹ്യംകൂടി പോവും എന്നായിരുന്നു എന്റെ പേടി.
ആരതു പറയും? ആരതിന് ധൈര്യപ്പെടും? പൂച്ചയ്ക്ക് ആരാണ് മണി കെട്ടുക?

ഒടുക്കം അബ്ദുല്ല മാഷ് എന്നെയും കൂട്ടി ചാത്തനാത്ത് അച്യുതനുണ്ണി സാറിനെ കണ്ട് പറഞ്ഞു - 'ഇതിനൊന്ന് സമ്മതം വാങ്ങിത്തരണം, ഞങ്ങളുടെ ഒരാഗ്രഹമാണ്.'

പാതിമനസ്സോടെയാണ് ഉണ്ണിസാര്‍ ഏറ്റത്? 'നോക്കട്ടെ, നല്ല സമയം നോക്കി ഞാന്‍ പറയാം. സമ്മതം കിട്ടും എന്നുറപ്പില്ല, കെട്ടോ.'
ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ആ സമ്മതം കിട്ടി- നിബന്ധനകള്‍: ആരും പ്രസംഗിക്കരുത്. ചായകുടി മാത്രം. പിന്നെ മലയാളത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും മതി. മറ്റാരെയും വിളിക്കരുത്.

മതി. ഞങ്ങള്‍ക്കതു മതി. ഉടനെ ഞാനും ദയാനന്ദനും ശങ്കരനും ഐവാനും ഗോപിയുമെല്ലാം ഉഷാറായി. സീനിയര്‍ ക്ലാസിലെ ലോഹിതാക്ഷനും സുഗുണനും ശേഖരനും ശാന്തയുമെല്ലാം ഉത്സാഹക്കമ്മിറ്റിയില്‍ അണിചേര്‍ന്നു. പിറ്റേന്ന് പരിപാടിയാണ്.
ഞാനും ദയാനന്ദനുംകൂടി കോഴിക്കോട്ടുപോയി പലഹാരങ്ങളും മറ്റും വാങ്ങിവന്നു. അന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് സല്‍ക്കാരം. ഞങ്ങള്‍ ഒരു മുറിയില്‍ എല്ലാവര്‍ക്കും മേശയും കസേരയും പിടിച്ചിട്ടു. ഓഫീസില്‍വെച്ച് പലഹാരപ്പൊതികള്‍ തയ്യാറാക്കുന്നതിനിടയില്‍ തൂപ്പുകാരി ദേവകിയമ്മ എന്നോട് പറഞ്ഞു:

'മോനെ, ഇന്റത് ഇനിക്ക് ഇബടെത്തന്നാ മതി, കെട്ടോ.'

'അതെന്താ ദേവകിയമ്മേ?'

'മോനെ, ഇന്ക്ക് സേറിന്റെ നുമ്പില് ഇര്ന്നാല് ഇര്‌പ്പൊറക്കൂല. ആട്ന്ന് ചായൊന്നും കുടിച്ചാ എറങ്ങൂല.'

അവരെ കഷ്ടപ്പെടുത്തേണ്ട എന്നുവെച്ച് ഞാന്‍ പറഞ്ഞു:

'ശരി, നിങ്ങള്‍ക്ക് ഇവിടെ തരാം.'

അപ്പോള്‍ പ്യൂണ്‍ ബാലകൃഷ്ണന്‍ അതുതന്നെ പറഞ്ഞു. ടൈപ്പിസ്റ്റുമാരായ കമലവും ഉണ്ണികൃഷ്ണനും അതാവര്‍ത്തിച്ചു. പ്രൊഫസറുടെ സഹായി വേലായുധനും അതേ അഭിപ്രായമാണ്.

ഞാന്അബ്ദുല്ല മാഷോടും ദയാനന്ദനോടും കൂടിയാലോചിച്ച് അനധ്യാപക ജീവനക്കാര്‍ക്ക് ആപ്പീസില്‍ ചായ കൊടുക്കാനേര്‍പ്പാടാക്കിയിട്ട് മറ്റു കാര്യങ്ങളിലേക്ക് തിരിഞ്ഞു.

കൃത്യം മൂന്നു മണിക്ക് പ്രൊഫസറെ ചെന്നുവിളിച്ചത് ഉണ്ണിസാറും അബ്ദുല്ലയും ചേര്‍ന്നാണ്. ഒരിളംചിരിയോടെ വന്ന് ഇരുന്നു. ഓരോരുത്തരെയും കളിയാക്കുംപോലെ സൂക്ഷിച്ചുനോക്കി.

പെട്ടെന്ന്: 'ദേവകിയമ്മയെവിടെ?'

ഇടിവെട്ടും പോലെയാണ്.

പിന്നെ തുരുതുരാ ചോദ്യമാണ്: 'കമലം എവിടെ? എവിടെ ബാലകൃഷ്ണന്‍?' എന്റെ നേരെ 'ജ്വലിച്ച കണ്‍കൊണ്ടൊരു നോക്ക് നോക്കി.'
എന്റെ വായില്‍ വെള്ളം വറ്റി.

'ഓല്... ആടെ...'

പിന്നെ കേട്ടത് ഒരു ഗര്‍ജനമാണ്: 'ഓലോ... ഓലോ...'

അദ്ദേഹം കൊടുങ്കാറ്റുപോലെ പുറത്തേക്ക് പോയി! എല്ലാവരും സ്തബ്ധരായി ഇരുന്നു. എന്തുചെയ്യണമെന്ന് ആര്‍ക്കും ഒരു രൂപവുമില്ല. ഞാനാണ് കുറ്റവാളി. ആപ്പീസ് ജീവനക്കാരെ മാറ്റിയിരുത്തിയത് ഞാനാണ്.

എന്തും വരട്ടെ എന്നു വിചാരിച്ച് ഞാന്‍ ആപ്പീസിലേക്ക് ചെന്നു. അവരെല്ലാം മരിച്ച മുഖവുമായി ഇരിപ്പാണ്. ആ ഗര്‍ജനം അവരും കേട്ടിരിക്കുന്നു. അവര്‍ക്കറിയാം, എന്താണുണ്ടായതെന്ന്...

ഞാന്‍ അവരെ വിളിച്ചു. അവര്‍ വന്ന് ഞങ്ങളുടെ കൂടെ ഇരുന്നു.
ഉണ്ണിസാറ് ചെന്ന് വീണ്ടും അഴീക്കോട് മാഷെ വിളിച്ചു. യാതൊന്നും സംഭവിച്ചിട്ടില്ലാത്തമാതിരി പഴയ ഇളംചിരിയുമായി അദ്ദേഹം
വന്നിരുന്നു. ദേവകിയമ്മയും മറ്റും ആ കൂട്ടത്തിലിരിപ്പുണ്ട് എന്ന് ഉറപ്പാക്കി അണ്ടിപ്പരിപ്പ് കൊറിക്കാന്‍ തുടങ്ങി.

അതു കഴിഞ്ഞ് ചെറിയ സദസ്സിനു മുമ്പില്‍ പ്രൊഫസര്‍ എഴുന്നേറ്റുനിന്നു. പിന്നെ സ്വരം താഴ്ത്തി ആരംഭിച്ചു:
'നമ്മള്‍ എന്നു പറഞ്ഞാല്‍ പഠിപ്പില്ലാത്തവരും പഠിപ്പുള്ളവരും ചേര്‍ന്നതാണ്; പണക്കാരും പാവപ്പെട്ടവരും ചേര്‍ന്നതാണ്; വൃദ്ധന്മാരും യുവാക്കളും ചേര്‍ന്നതാണ്; പുരുഷന്മാരും സ്ത്രീകളും ചേര്‍ന്നതാണ്; അധ്യാപകരും അനധ്യാപകരും ചേര്‍ന്നതാണ്. നമ്മുടെ ഓഫീസ് ജീവനക്കാരെ സ്വന്തക്കാരായി, ഒപ്പം ഇരുത്തേണ്ടവരായി തിരിച്ചറിയാത്ത നിങ്ങള്‍ സാഹിത്യം പഠിച്ചിട്ട് എന്തു പുണ്യം കിട്ടാനാണ്? തോണിക്കാരന്‍ ഗുഹന്‍ ശ്രീരാമന്റെ സുഹൃത്താണ് എന്നു പറയാനാണ് രാമായണം എഴുതിയത്. പക്ഷികളും വാനരന്മാരും രാമന്റെ സുഹൃത്തുക്കളാണ്. അതു മറക്കരുത്. പഠിപ്പിനേക്കാളും പാസ്സിനേക്കാളുമൊക്കെ വലുതാണത്. സമത്വത്തിന്റെ ആ പാഠമാണ് രാഷ്ട്രീയം. ആ പാഠമാണ് സംസ്‌കാരം. ഈ ചായസല്‍ക്കാരത്തിന് വല്ല മൂല്യവുമുണ്ടെങ്കില്‍ അത് ഈ പാഠത്തിന്റേതാണ്. ഈ പാഠം നിങ്ങള്‍ പഠിക്കുന്നതോടെയാണ് ഈ ചെറിയ സല്‍ക്കാരം ഒരു പാഠപുസ്തകമാവുന്നത്. മനുഷ്യര്‍ക്കിടയില്‍ വലിപ്പച്ചെറുപ്പം കല്പിക്കരുത്. ഇനി ആരെയെങ്കിലും കൂടുതല്‍ ശ്രദ്ധിക്കുന്നെങ്കില്‍ അത് നിങ്ങളേക്കാള്‍ പണവും പഠിപ്പും അധികാരവും കുറഞ്ഞവനെ വേണം...'

അതങ്ങനെ നീണ്ടുനീണ്ടുപോയി. ഗാന്ധിജിയുടെ ഒരു വചനത്തിലാണ് അത് അവസാനിച്ചത്. ആ വചനം ഇങ്ങനെയാണ്: 'എന്തു ചെയ്യുമ്പോഴും നിങ്ങള്‍ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും ദരിദ്രനായ മനുഷ്യന്റെ മുഖം ഓര്‍മിക്കുക. എന്നിട്ട് നിങ്ങള്‍ ചെയ്യാന്‍ പോകുന്നത് അയാള്‍ക്ക് ഗുണകരമാണ് എന്നുറപ്പുണ്ടെങ്കില്‍ മാത്രം അതു ചെയ്യുക.'

ആ ലഘുഭാഷണം അവസാനിച്ചപ്പോള്‍ കുറച്ചു നേരത്തേക്ക് വാക്കുകൊണ്ട് വിശദമാക്കാന്‍ കഴിയാത്ത തരത്തില്‍ കട്ടികൂടിയ ഒരു മൗനം അവിടെ തങ്ങിനിന്നു എന്ന് ഇന്ന് ഞാന്‍ ഓര്‍മിക്കുന്നു. പ്രൊഫസര്‍ എഴുന്നേറ്റു പൊയ്ക്കഴിഞ്ഞു എന്ന തിരിച്ചറിവിലേക്ക് ഉണരാന്‍ ഞങ്ങളെല്ലാം അല്പം വൈകി...

കഴിഞ്ഞ നാല്പതു കൊല്ലത്തിനിടയില്‍ പ്രൊഫസറുടെ അനേകം പ്രസംഗങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. അതില്‍ ഏറ്റവും ഉജ്ജ്വലമായത് ഏതാണ് എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും, അന്ന് ആ ചായസല്‍ക്കാരത്തിന്റെ ഭാഗമായി ചെറിയൊരു ക്ലാസ് മുറിയില്‍ അദ്ദേഹം നടത്തിയ ആ ചെറിയ ഭാഷണമാണ് എന്ന്. അതിന്റെ സമാപനസൂക്തമായിക്കേട്ട വചനംപോലെ രക്തത്തിലേക്ക് ഇരച്ചുകയറുന്ന വല്ലതും മനുഷ്യന്റെ ഭാഷകൊണ്ട് സൃഷ്ടിക്കാന്‍ സാധിക്കുമോ.

അതുല്യന്‍

അതുല്യന്‍
സുഗതകുമാരി


ഇതിനുമുമ്പ് ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടായിട്ടില്ല. ഇനിയുണ്ടാകുമെന്ന് തോന്നുന്നില്ല.
ആയിരമായിരം വേദികളില്‍നിന്ന് അദ്ദേഹം നമ്മോട് സംസാരിച്ചുകൊണ്ടേയിരുന്നു. കര്‍മത്തെപ്പറ്റി, ദേശീയതയെപ്പറ്റി, സംസ്‌കാരത്തെപ്പറ്റി, മലയാളത്തെപ്പറ്റി, ആര്‍ഷഭാരത മൂല്യങ്ങളെപ്പറ്റി. ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന ആദര്‍ശങ്ങള്‍, വിശ്വാസങ്ങള്‍, രാഷ്ട്രീയമായ അധര്‍മങ്ങള്‍, അനീതികള്‍ ഇവെയല്ലാം ആ ചാട്ടവാറടിയേറ്റു.
'വാഗ്‌ദേവതയുടെ വീരഭടന്‍ ഭവാന്‍' എന്ന വരി അഴീക്കോട് സാറിനെപ്പറ്റി അന്വര്‍ഥമത്രേ. രാഷ്ട്രീയാതീതനായി, ജാതിമത വര്‍ഗാതീതനായി അദ്ദേഹം ഉയര്‍ന്നുനിന്നു. ഒരു ഗുരുനാഥനെപ്പോലെ ഇതു തെറ്റ്, തെറ്റ് എന്നദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഞങ്ങള്‍ക്കെന്നും എല്ലാ ധര്‍മയുദ്ധങ്ങള്‍ക്കും അദ്ദേഹം പിന്തുണ നല്‍കി മുന്നില്‍ത്തന്നെ നിന്നു. ആ കൊച്ചുമനുഷ്യന്‍ തന്റെ വാഗ്‌ധോരണിയാലും എഴുത്തിനാലും ഏകാന്ത ജീവിതത്തിനാലും അമാനുഷപ്രഭാവനായിത്തീരുന്നത് കേരളം എന്നും ആദരവോടെ നോക്കിക്കണ്ടു. ആ ജീവിതം പൂര്‍ണവും സഫലവുമായിത്തീര്‍ന്നു.
എല്ലാം പൊറുത്തുകൊണ്ട് എല്ലാവരെയും അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം തൊഴുകൈയോടെ യാത്ര പറഞ്ഞു. ഇതിനപ്പുറം എന്താണ് ഒരു മനുഷ്യന് വേണ്ടത്. ബഹുമാനത്തോടെ കൃതജ്ഞതയോടെ നമസ്‌കരിക്കുന്നു.

വചനം മാംസം ധരിച്ച കൃശഗാത്രന്‍

വചനം മാംസം ധരിച്ച കൃശഗാത്രന്‍


എം.പി. സുരേന്ദ്രന്‍


വചനം മാംസം ധരിച്ച രൂപമാണ് അഴീക്കോട് മാഷ്. കക്ഷി രാഷ്ട്രീയത്തിന്റെ മേലങ്കി ഉപേക്ഷിച്ചെങ്കിലും ഏറ്റവും തിരക്കുള്ള രാഷ്ട്രീയക്കാരനായിരുന്നു മാഷ്. രാഷ്ട്രീയ വിചാരങ്ങളില്‍, സംവാദങ്ങളില്‍, വിവാദങ്ങളില്‍ എന്നും മാഷ് നിറഞ്ഞുനിന്നു. കോണ്‍ഗ്രസ്സുകാരനായി തുടങ്ങിയ മാഷ്, സ്വന്തം വാക്കുകളില്‍ പറഞ്ഞാല്‍, ഒരു ഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 'സുപ്പീരിയര്‍ അഡൈ്വസറായി'.

അഴീക്കോട് തന്നെ നായകനും പ്രതിനായകനുമായി നിറഞ്ഞുനിന്ന സന്ദര്‍ഭങ്ങള്‍ ഒട്ടേറെയാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍നിന്ന്, അതിന്റെ വിമര്‍ശകനായി, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉപദേശകനായി, ഗാന്ധിയന്‍ ഇടതുപക്ഷത്തേക്കുള്ള യാത്രികനായി മാഷ് മാറിയത് സ്വാഭാവികമായ പരിണതിയായിരുന്നു.

ദര്‍ശനത്തിന്റെ ബിംബമായി പണ്ഡിറ്റ് നെഹ്രുവിനെയും കര്‍മ ബിംബമായി പട്ടേലിനെയും കണ്ട അഴീക്കോട് മരണംവരെയും നിലകൊണ്ട ചേരിയും ദര്‍ശനവും മഹാത്മജിയുടേതാണ്. മഹാത്മജിയില്‍ കര്‍മവും ദര്‍ശനവും സമന്വയിക്കുന്നതായി അദ്ദേഹം കണ്ടെത്തി. അഴീക്കോട് എഴുതി: 'എന്റെ ജീവിതത്തിലെ നീണ്ട പ്രചോദനത്തിന്റെ ഛായ ഗാന്ധിജിയില്‍നിന്ന് ഉത്ഭവിക്കുന്നു'.

തിരഞ്ഞെടുപ്പിലെ ആദ്യത്തേയും അവസാനത്തേയും മത്സരം, അഴീക്കോടിന് ദുഃസ്വപ്നമായാണ് അനുഭവപ്പെട്ടത്. 1962ല്‍ തലശ്ശേരി പാര്‍ലമെന്റ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മാഷ് മത്സരിക്കാനിറങ്ങി. അതിനു വഴി തുറന്നതും ഒരു പ്രഭാഷണമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ വിശ്വസംസ്‌കാരവും ഇന്ത്യയും എന്ന വിഷയത്തെ ആസ്​പദമാക്കി നടത്തിയ പ്രഭാഷണമാണ് സ്ഥാനാര്‍ഥിത്വത്തിലേക്കുള്ള നിമിത്തമായത്. അക്കാലത്ത് ദേവഗിരി കോളേജില്‍ മലയാളം അധ്യാപകനായിരുന്നു മാഷ്. പ്രീ യൂണിവേഴ്‌സിറ്റി ക്ലാസില്‍ പഠിപ്പിക്കുന്നതിനിടെ സി.കെ. ഗോവിന്ദന്‍ നായരും എം.കെ. ജിനചന്ദ്രനും സംഘവും അഴീക്കോടിനെ കാണാനെത്തി. അവരുടെ നിര്‍ബന്ധത്തിനു മുമ്പില്‍ അഴീക്കോട് തലകുനിച്ചു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകഴിഞ്ഞപ്പോഴാണ് എതിര്‍സ്ഥാനാര്‍ഥി സ്‌നേഹിതനായ എസ്.കെ. പൊറ്റെക്കാട്ട് ആണെന്നു മനസ്സിലായത്. തിരഞ്ഞെടുപ്പുയോഗങ്ങളിലൊക്കെ വലിയ ആള്‍ക്കൂട്ടമായിരുന്നു. അഴീക്കോടിന്റെ പ്രസംഗമാണ് എല്ലാവരുടെയും ആകര്‍ഷണം. പക്ഷേ ആള്‍ക്കൂട്ടം വോട്ടുകളല്ല എന്ന കാര്യം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. മത്സരത്തില്‍ അഴീക്കോട് തോറ്റു. മത്സരംജയിച്ച പൊറ്റെക്കാട്ട് പ്രവര്‍ത്തകരുടെ മുമ്പില്‍ ഡിമാന്‍ഡ്‌വെച്ചു. 'അഴീക്കോട് മാഷിനെതിരെ മുദ്രാവാക്യം പാടില്ല. വീടിനുമുമ്പില്‍ പടക്കം പൊട്ടിക്കുകയും അരുത്'.

''തിരഞ്ഞെടുപ്പിനുശേഷം, ശക്തമായൊരു വികാരം എന്നില്‍ അലയടിക്കാന്‍ തുടങ്ങി. അതു ഗാന്ധിജി വിഭാവനം ചെയ്ത മഹിത സേവനത്തിന്റെ അപര്യാപ്തതയെക്കുറിച്ചുള്ള ന്യായമായ സംശയങ്ങളായിരുന്നു. കോണ്‍ഗ്രസ് മാറിക്കൊണ്ടിരുന്നു. ഞാനാകട്ടെ മാറിയില്ല. സി.കെ.ജി.യുഗം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സില്‍ വ്യക്തികള്‍ അധികാരം കൊണ്ടുപോകുന്നതായി കണ്ടു. രാഷ്ട്രീയത്തിന്റെ നേതൃനിരയ്ക്കിടയില്‍ സി.കെ.ജി.യുടെയും കേളപ്പജിയുടെയും പാമ്പന്‍ മാധവന്റെയുമൊക്കെ നക്ഷത്രശോഭയ്ക്കപ്പുറം ബുദ്ധിഹീനരായ രാഷ്ട്രീയക്കാരുടെ മുഖം ഞാന്‍ കണ്ടെത്തിക്കഴിഞ്ഞിരുന്നു.ദര്‍ശനവും ദാര്‍ശനികനും തമ്മില്‍ തീയും പുകയും പോലെ ഭേദിക്കാനാവാത്തൊരു ബന്ധം വേണം. ഇത് രാഷ്ട്രീയത്തിലും അനിവാര്യമാണെന്നൊരു തോന്നലും എന്നിലുദിച്ചു. അപ്പോള്‍ ഞാന്‍, ഒരൊറ്റ മനുഷ്യനെ മാത്രമേ കണ്ടുള്ളൂ- ഗാന്ധിജി. കൂരിരുട്ടിലെ സ്ഫുടതാരകം''.

പീന്നിട് കുറേക്കാലം എഴുത്തിലും പ്രഭാഷണത്തിലും അധ്യാപനത്തിലും തിളങ്ങിനിന്ന മാഷ് , 67 ല്‍ ഇടതുമുന്നണി അധികാരത്തിലേറിയപ്പോള്‍ അതിന്റെ കടുത്ത വിമര്‍ശകനായി. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലീഗിനെ സ്വീകരിച്ചപ്പോള്‍ അഴീക്കോട് ക്ഷുഭിതനായി. 'കമ്യൂണിസത്തില്‍ പാല് കുറയുന്നതായും നീര് കൂടുന്നതായും' കണ്ടെത്തിയ അഴീക്കോട് ഇ.എം.എസ്സിനെ മിതത്വത്തോടുകൂടിയാണ് വിമര്‍ശിച്ചത്.

എഴുപതുകളില്‍ അച്യുതമേനോന്‍ മന്ത്രിസഭയുടെ ഭരണത്തെ തീക്ഷ്ണമായി വിമര്‍ശിച്ച അഴീക്കോടിനെതിരെ, ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് അഴീക്കോട് കോണ്‍ഗ്രസ്സുകാരനേയല്ല എന്നാണ്. അഴീക്കോട് ഉടനെ തിരിച്ചടിച്ചു. ''പറഞ്ഞതു ശരിയാണ്. ഞാന്‍ വിശ്വസിച്ച കോണ്‍ഗ്രസ് എന്നേ മരിച്ചുപോയി. ശോഭയില്ലാത്ത അതിന്റെ പ്രേതമാണ് ഇവരുടെയൊക്കെ കൈവശം''.
രാഷ്ട്രീയനേതൃത്വത്തിന്റെ പക്വതയില്ലായ്മയെയും കഴിവുകേടിനെയും വിമര്‍ശിച്ച മാഷ് ഈ ഘട്ടം മുതല്‍ ജനകീയ പ്രക്ഷോഭങ്ങളുടെയും പ്രതിരോധങ്ങളുടെയും ചേരിയിലേക്ക് പതുക്കെ അടുക്കാന്‍ തുടങ്ങുന്നുണ്ട്.അടിയന്തരാവസ്ഥയെ അഴീക്കോട് വിമര്‍ശിച്ചില്ലെന്ന ആരോപണവും ആക്ഷേപമായി ഉയര്‍ന്നിരുന്നു. അടിയന്തരാവസ്ഥ ഒരു സന്ധ്യയിലേക്ക് പോകുന്നുവെന്ന് അദ്ദേഹം അക്കാലത്ത് വിലപിക്കുകയുണ്ടായി.

അഴീക്കോട് ഏറ്റവും രൂക്ഷമായി വിമര്‍ശിച്ച നേതാവ് കരുണാകരനായിരുന്നു. പക്ഷേ, ഒരിക്കല്‍പ്പോലും കരുണാകരന്‍ മറുപടി പറഞ്ഞില്ല. ''വിമര്‍ശനം രൂക്ഷമായപ്പോള്‍, കരുണാകരന്‍ അതിനെ ചിരിച്ചുകൊണ്ടാണ് നേരിട്ടിരുന്നത്. അദ്ദേഹത്തിന്റെ ഉള്ളിലുള്ള പഴയ കോണ്‍ഗ്രസ്സുകാരന്റെ മുഖമാണിത്'' -പില്‍ക്കാലത്ത് മാഷ് പറഞ്ഞു. കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഓവര്‍സ്​പീഡിനെക്കുറിച്ചും മാഷ് കഠിന പരിഹാസമുതിര്‍ത്തു.' മഹിഷമേറി യമന്‍ വരുന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ വാഹനം ചീറിപ്പായുന്നത്' എന്നായി ആ ഉപമ.

കേരളത്തിലെ കോണ്‍ഗ്രസ്സിന് ആവശ്യമുള്ള നേതാവ് കരുണാകരനും ആന്റണിയും ചേര്‍ന്ന മിശ്രിതമാണെന്നും അഴീക്കോട് പറയുകയുണ്ടായി. ഈ വിമര്‍ശനം പില്‍ക്കാലത്ത് കക്ഷിരാഷ്ട്രീയത്തെക്കുറിച്ചുള്ള കടുത്ത ആക്രമണത്തിലേക്ക് വഴിമാറി. അതിന്റെ ഒരു മാതൃക ഇതാ: മഹാകവി ഉള്ളൂരിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍, പ്രതിമയുടെ വലിപ്പം കണ്ട ഒരു നേതാവ് പറഞ്ഞു ''ഇത്രയും വലിയൊരു കവിയാണെന്നു ഞാനറിഞ്ഞില്ല''-സദസ്സ് പൊട്ടിച്ചിരിച്ചു.

ബ്ലാക്ക്കാറ്റുകളും കമാന്‍ഡോകളും മന്ത്രിമാരെ പൊതിഞ്ഞുനിന്ന കാലത്ത് അഴീക്കോടിന്റെ കമന്റ് ഇങ്ങനെയായിരുന്നു. ''എന്റെ കൂടെ രാജ്യമില്ല, എന്റെ കൂടെ കാലഘട്ടമില്ല. എന്റെ കൂടെ സുഹൃത്തുക്കളുമില്ല. അതുകൊണ്ട് എന്റെ കൂടെ ഗണ്‍മാനും കറുത്ത പൂച്ചകളും ഇരിക്കട്ടെ എന്നാണ് മുഖ്യമന്ത്രിമാരുടെ നില''. എണ്‍പതുകളില്‍ ആ പരിഹാസം ഉച്ചസ്ഥായിയിലെത്തി.

അച്യുതാനന്ദനെ മൂത്ത സഹോദരനും പിണറായി വിജയനെ ഇളയസഹോദരനുമായി വിശേഷിപ്പിച്ച അഴീക്കോട് സി.പി.എമ്മിന്റെ വിഭാഗീയ രാഷ്ട്രീയത്തിലും ഇടപെടല്‍ നടത്തി. സി.പി.എം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയ പ്പെട്ടപ്പോള്‍, പത്രസമ്മേളനത്തിനിടയ്ക്ക് വി.എസ്. ചിരിച്ചുപോയതിനെ അഴീക്കോട് വഞ്ചകന്റെ ചിരിയെന്നാണ് വിശേഷിപ്പിച്ചത്. സന്ദര്‍ഭത്തിനനുസരിച്ച് നിലപാട് സ്വീകരിക്കുന്നതിലാണ് നീതിയുടെ അംശമെന്ന് അഴീക്കോട് അതിനെ വിലയിരുത്തി. ലാവ്‌ലിന്‍ കേസില്‍, അഴീക്കോട് സ്വീകരിച്ച മൃദുനിലപാട് അദ്ദേഹത്തിന്റെതന്നെ ഭാഷയില്‍, കോടതിയില്‍ വെച്ചു തീര്‍ക്കേണ്ട കേസ് തന്നെയാണ്.

ഹൈന്ദവ സംഘടനകളെയും അവരുടെ നയങ്ങളെയും വിമര്‍ശിച്ച അഴീക്കോട് അതിന്റെ പേരില്‍ വധഭീഷണിയും നേരിട്ടു. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍, നാടെങ്ങും പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ ശക്തിയെക്കുറിച്ച് ഓര്‍മിപ്പിച്ചത്.

ഈയടുത്തകാലത്ത് അഴീക്കോടിന്റെ വിമര്‍ശനം ഏല്‍ക്കേണ്ടിവന്നത് വി.ആര്‍. കൃഷ്ണയ്യര്‍ അവതരിപ്പിച്ച വനിതാ കോഡിനും അരുന്ധതിറോയുടെ കശ്മീര്‍ പരാമര്‍ശത്തിനുമായിരുന്നു.വിടവാങ്ങുമ്പോള്‍, കേരളീയ ജീവിതത്തിനു മുകളില്‍ ജാഗ്രതയോടെ പ്രകാശിച്ചുകൊണ്ടിരുന്ന കണ്ണുകളും അപായ അലാറവുമാണ് ഇല്ലാതായത്.

പോരു മറന്ന് ചെന്നൈയിലെത്തിയ അതിഥി

ചെന്നൈ: അഴീക്കോടുമായുള്ള ആദ്യ 'കൂട്ടിമുട്ടല്‍' മദ്രാസ് സര്‍വകലാശാല മേധാവി പ്രൊഫസര്‍ രാജേന്ദ്ര ബാബുവിന്റെ മനസ്സില്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഓര്‍മയാണത്. ''ഡോ എസ്.കെ. നായരുടെ കീഴില്‍ മദിരാശി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയാണ് അന്ന് ഞാന്‍. ഒരു ദിവസം എസ്.കെ. വിളിച്ചിട്ട് ഇന്നൊരതിഥിയുണ്ടെന്നും വീട്ടിലേക്ക് വരണമെന്നും പറഞ്ഞു. അതിഥി അഴീക്കോടായിരുന്നു.''
അഴീക്കോടും എസ്.കെ. നായരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പശ്ചാത്തലം അതീവ രസകരമായിരുന്നെന്ന് രാജേന്ദ്ര ബാബു ഓര്‍ക്കുന്നു. മാതൃഭൂമിയില്‍ അഴീക്കോടും എസ്.കെ. നായരും തമ്മില്‍ വലിയൊരു തര്‍ക്കമുണ്ടായി. തര്‍ക്കം അതിരുവിട്ടപ്പോള്‍ മാതൃഭൂമി പത്രാധിപര്‍ ഇടപെട്ട് സംഗതി അവസാനിപ്പിച്ചു. അഴീക്കോടിനെ സുകുമാരന്‍ അഴീക്കോടെന്ന് എസ്.കെ. വിളിച്ചപ്പോള്‍ എനിക്ക് നായരൊരു ചില്ലക്ഷരം കൂട്ടിതന്നെങ്കില്‍ ഞാന്‍ നായരുടെ ഒരു ചില്ലക്ഷരം ഇങ്ങെടുക്കുകയാണെന്നായിരുന്നു അഴീക്കോടിന്റെ കമന്റ്.
കെ.എന്‍. എഴുത്തച്ഛനുള്ളപ്പോള്‍ എസ്.കെ. നായര്‍ മദിരാശി സര്‍വകലാശാലയില്‍ മലയാള വിഭാഗം മേധാവിയായതിനെയും അഴീക്കോട് കളിയാക്കിയിരുന്നു. തലയിരിക്കുന്നിടത്ത് വാലിരിക്കുന്നുവെന്നായിരുന്നു പരിഹാസമെന്ന് രാജേന്ദ്ര ബാബു ഓര്‍ക്കുന്നു.
ഈ തര്‍ക്കത്തിനിടയിലാണ് അഴീക്കോടിന്റെ പിഎച്ച്.ഡി. പ്രബന്ധം എസ്.കെ. യുടെ കൈയിലെത്തിയത്. പ്രബന്ധം പരിശോധിച്ചു നല്‍കാന്‍ വൈകി. അഴീക്കോടാണെങ്കില്‍ അമേരിക്കയിലെ യേല്‍ സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ഷിപ്പിന് അപേക്ഷിച്ചിരിക്കുന്ന സമയം. ഇതിന് പിഎച്ച്.ഡി. നിര്‍ബന്ധമാണ്. കവി അയ്യപ്പപ്പണിക്കരാണ് ഇതേ തസ്തികയ്ക്കുള്ള മറ്റൊരു മത്സരാര്‍ഥി.
ഈ പശ്ചാത്തലത്തിലാണ് അഴീക്കോട് എസ്. കെ. യെ കാണാനെത്തിയത്. ചെന്നൈയില്‍ മന്ദവേലിയിലാണ് അന്ന് എസ്. കെ. താമസിക്കുന്നത്. ഒരു അംബാസഡര്‍ കാറിലാണ് അഴീക്കോട് വന്നിറങ്ങിയത്. അഴീക്കോടിനെ സ്വീകരിക്കാന്‍ എസ്. കെ. ഇറങ്ങിച്ചെന്നു. പരസ്​പരം കണ്ട മാത്രയില്‍ ഇരുവരുടെയും വഴക്കെല്ലാം മെഴുകുരുകുന്നതുപോലെ അലിഞ്ഞുപോവുന്നതിന് രാജേന്ദ്രബാബു സാക്ഷിയായി.
അഴീക്കോടിന്റെ പ്രബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അപ്പോള്‍ത്തന്നെ എസ്. കെ. സ്വന്തം ടൈപ്പ്‌റൈറ്ററില്‍ ടൈപ്പ് ചെയ്ത് രാജേന്ദ്രബാബുവിന്റെ കൈയിലേല്പിച്ചു. മൗണ്ട് റോഡിലെ പോസ്റ്റ്ഓഫീസില്‍ നിന്ന് അന്നു തന്നെ രജിസ്‌ട്രേഡ് പോസ്റ്റില്‍ വിട്ടാലേ സംഗതി അടുത്ത ദിവസം തിരുവനന്തപുരത്തെത്തുകയുള്ളൂ. ബസ്സില്‍ പോവേണ്ടെന്നും ഓട്ടോയില്‍ പോയാല്‍ മതിയെന്നും പറഞ്ഞ് അഴീക്കോട് 25 രൂപ നല്‍കിയതും രാജേന്ദ്രബാബു മറന്നിട്ടില്ല.
പിന്നീട് അഴിക്കോടുമായുള്ള രാജേന്ദ്ര ബാബുവിന്റെ സൗഹൃദം എത്രയോ മുറുകി. പക്ഷേ, എപ്പോള്‍ കണ്ടാലും തന്റെ പ്രബന്ധ റിപ്പോര്‍ട്ടുമായി അന്ന് പോസ്‌റ്റോഫീസിലേക്കു പോയതിനെക്കുറിച്ചായിരിക്കും അഴീക്കോട് ആദ്യം പരാമര്‍ശിക്കുകയെന്ന് രാജേന്ദ്ര ബാബു പറയുന്നു. യേല്‍ സരവകലാശാലയിലെ വിസിറ്റിങ് പ്രൊഫസര്‍ഷിപ്പ് പക്ഷേ, അയ്യപ്പപ്പണിക്കര്‍ക്കാണ് ലഭിച്ചതെന്നത് മറ്റൊരു കാര്യം.
കഴിഞ്ഞ അഞ്ചു ദശകങ്ങളുടെയെങ്കിലും പഴക്കമുണ്ട് പ്രൊഫസര്‍ സുകുമാര്‍ അഴീക്കോടും ഡോ. ഇ.കെ. പുരുഷോത്തമനും തമ്മിലുള്ള സൗഹൃദത്തിന്. എം.എ. മലയാളം പരീക്ഷ എഴുതുന്നതിന് 1950 കളുടെ അവസാനം മദിരാശിയില്‍ വന്നപ്പോള്‍ അഴീക്കോടിന്റെ താമസം പുരുഷോത്തമനൊപ്പമായിരുന്നു.'' അഴീക്കോടിന്റെ വിദ്യാര്‍ഥിയായിരുന്ന കെ.ജി. അടിയോടി അന്ന് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ വിദ്യാര്‍ഥിയാണ്. ഞാനന്ന് എം.സി.സി.യില്‍ മലയാളം അധ്യാപകനും. അടിയോടിയാണ് അഴീക്കോടിന്റെ വരവിനെക്കുറിച്ചും അദ്ദേഹത്തിന് എം.സി.സി.യില്‍ താമസസൗകര്യം ശരിയാക്കുന്നതിനെക്കുറിച്ചും പറഞ്ഞത്. വലിയൊരു മുറിയില്‍ തനിച്ചു താമസിക്കുന്ന എനിക്ക് അഴീക്കോടിനെ കൂടെകൂട്ടാന്‍ സന്തോഷമേയുണ്ടായിരുന്നുള്ളു. ''
അന്ന് രണ്ടാഴ്ചയോളം അഴീക്കോട് പുരുഷോത്തമന്റെ കൂടെയുണ്ടായിരുന്നു.'' തികഞ്ഞ രസികനായിരുന്നു അഴീക്കോട്. വര്‍ത്തമാനത്തില്‍ കഥകളിങ്ങനെ ഒഴുകി വരും. മദിരാശിയിലന്നുണ്ടായിരുന്ന ശ്രീകൃഷ്ണ ശര്‍മയെയും കുഞ്ഞുണ്ണിരാജയെയും ഞങ്ങളൊന്നിച്ചാണ് പോയിക്കണ്ടത്. പിന്നീട് സംസ്‌കൃതം എം.എ. പരീക്ഷ എഴുതാന്‍ വന്നപ്പോഴും അഴീക്കോട് എന്റെ കൂടെത്തന്നെയാണ് താമസിച്ചത്.'' പുരുഷോത്തമന്‍ പഴയ കാലം ഓര്‍ത്തെടുത്തു.

പിന്നീട് അഴീക്കോട് എപ്പോഴൊക്കെ മദിരാശിയില്‍ എത്തിയിട്ടുണ്ടോ അപ്പോഴൊക്കെ പുരുഷോത്തമനെ കാണാതെ മടങ്ങിയിട്ടില്ല. ചെന്നൈയില്‍ വരുന്ന വിവരം പുരുഷോത്തമനെ മുന്‍കൂട്ടി അറിയിക്കാനും അഴീക്കോട് മറന്നിരുന്നില്ല. 

ഡല്‍ഹി ഓര്‍ക്കുന്നു... അഴീക്കോടിനെ

ന്യൂഡല്‍ഹി: വാക്കിലും പ്രയോഗത്തിലും ഹിമശൈലങ്ങള്‍ കീഴടക്കിയ അഴീക്കോടിനെയാണ് മലയാളമറിയുക. എന്നാല്‍, പുസ്തകപ്രസാധനത്തില്‍ വഴിത്തിരിവൊരുക്കിയ നേതൃത്വപാടവത്തിന് ഇന്ദ്രപ്രസ്ഥനഗരം സാക്ഷി. 1993 മുതല്‍ 1996 വരെ നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാനായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട പ്രഭാഷകന്‍. എന്‍.ബി.ടി. ഇന്നും ഉണര്‍വോടെ മുന്നേറുന്നതിനു പിന്നില്‍ അഴീക്കോട് നല്‍കിയ ഊര്‍ജമാണെന്ന് അക്കാലത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവര്‍ വിലയിരുത്തി.


പുസ്തകങ്ങളുടെ അച്ചടിയും വിതരണവുമെല്ലാം എന്‍.ബി.ടി.യില്‍ ഇഴഞ്ഞുനീങ്ങുന്ന കാലത്താണ് അഴീക്കോട് ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്. അതേസമയത്തു തന്നെ എന്‍.ബി.ടി. ഡയറക്ടറായി അരവിന്ദര്‍ കൗര്‍ എന്നയാളും പ്രവര്‍ത്തിച്ചിരുന്നു. ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ താത്പര്യവും സന്നദ്ധതയുമുള്ള അരവിന്ദര്‍ കൗറിന് അഴീക്കോടിന്റെ അധ്യക്ഷപദവി കൂടുതല്‍ പ്രചോദനമായി. ഇരുവരും ഒരു മനസ്സായി പ്രവര്‍ത്തിച്ച് മാറ്റങ്ങള്‍ക്കു തുടക്കമിട്ടു. ഗാന്ധിയന്‍ സാഹിത്യം, നെഹ്രുവടക്കമുള്ള ദേശീയനേതാക്കളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ തുടങ്ങി എന്‍.ബി.ടി. പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്നത് ഇക്കാലത്താണെന്ന് അക്കാലത്ത് അസി.എഡിറ്ററായി പ്രവര്‍ത്തിച്ച റൂബിന്‍ ഡിക്രൂസ് അനുസ്മരിച്ചു.


ബാലസാഹിത്യം പ്രോത്സാഹിപ്പിക്കാനായി നാഷണല്‍ സെന്റര്‍ ഫോര്‍ ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ തുടങ്ങിയത് അഴിക്കോടായിരുന്നു. ശാസ്ത്ര വിഷയങ്ങളില്‍ താത്പര്യം ജനിപ്പിക്കാന്‍ പോപ്പുലര്‍ സയന്‍സ് എന്ന പരമ്പരയ്ക്കും അഴീക്കോടിന്റെ നേതൃത്വത്തില്‍ തുടക്കമിട്ടു.
എന്‍.ബി.ടി.യുടെ പ്രസാധനവും വിതരണവും കേവലം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ഒതുങ്ങിയിരുന്നു. പ്രാദേശികഭാഷകളിലെ പുസ്തകങ്ങള്‍ കൂടുതലായി പ്രസിദ്ധീകരിക്കാനും വിതരണം ചെയ്യാനും അഴീക്കോട് മുന്‍കൈയെടുത്തു. പുസ്തകങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായി മൊബൈല്‍ വണ്ടികള്‍ രംഗത്തിറക്കിയതും കൂടുതല്‍ വിപണനകേന്ദ്രങ്ങള്‍ തുറന്നതുമൊക്കെയാണ് അഴീക്കോടിന്റെ മറ്റു സംഭാവനകള്‍. 'ഇന്ത്യന്‍ സാഹിത്യത്തിലെ വിഖ്യാതകൃതികള്‍' എന്ന ബൃഹദ്ഗ്രന്ഥവും അഴീക്കോട് അധ്യക്ഷനായിരിക്കേ എന്‍.ബി.ടി. പുറത്തിറക്കി. ഡോ. കെ.എം.ജോര്‍ജ് എഡിറ്ററായി തിരുവനന്തപുരം കേന്ദ്രമാക്കിയായിരുന്നു ഈ പദ്ധതി. മലയാളത്തില്‍ നിന്ന് ഇന്ദുലേഖ, മാര്‍ത്താണ്ഡവര്‍മ തുടങ്ങിയ കൃതികളും മൂന്നു വാള്യങ്ങളുള്ള ഈ പുസ്തകത്തില്‍ ഇടംപിടിച്ചു.

എന്‍.ബി.ടി.യെ ഏല്‍പ്പിച്ചിരുന്ന പുസ്തകങ്ങള്‍ വെളിച്ചം കാണാന്‍ നാലും അഞ്ചും വര്‍ഷങ്ങള്‍ കാത്തിരിക്കണമെന്ന നില മാറ്റിയെടുത്തത് അഴീക്കോടാണെന്ന് സാഹിത്യകാരന്‍ പ്രൊഫ. ഓംചേരി എന്‍.എന്‍.പിള്ള പറഞ്ഞു. എന്‍.ബി.ടി.ക്ക് വിപുലമായ വിതരണശൃംഖല ഉണ്ടാക്കിയെടുത്തതും മലയാളമടക്കമുള്ള പ്രാദേശികഭാഷകളെ പ്രോത്സാഹിപ്പിച്ചതുമാണ് അഴീക്കോടിന്റെ സംഭാവനകളെന്നും അദ്ദേഹം വിലയിരുത്തി. 'ഇന്ത്യയിലെ വിശുദ്ധന്മാര്‍' എന്ന വിഷയത്തില്‍ ഭാരതീയ വിദ്യാഭവന്‍ പ്രഭാഷണപരമ്പര സംഘടിപ്പിച്ചിരുന്നു. മുന്‍പ്രധാനമന്ത്രി എ.ബി.വാജ്‌പേയി അടക്കമുള്ള പ്രമുഖരും പണ്ഡിതരുമായിരുന്നു ഈ പരിപാടിയുടെ ശ്രോതാക്കള്‍. ഇതില്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ചു പ്രഭാഷണം നടത്താന്‍ ക്ഷണിക്കപ്പെട്ടത് അഴീക്കോടാണ്. പരമ്പരയില്‍ പ്രസംഗിച്ച ഏകമലയാളിയും അഴീക്കോടാണെന്ന് പ്രൊഫ. ഓംചേരി ഓര്‍മിച്ചു.

ഗുരുസാഗരം

അലയടിച്ചുകൊണ്ടിരുന്ന മഹാസമുദ്രം പിന്‍വാങ്ങിയിരിക്കുന്നു. ഡോ. സുകുമാര്‍ അഴീക്കോട് നിശ്ശബ്ദതയുടെ നിത്യതയിലമരുമ്പോള്‍, കാലംപോലും തെല്ലിട നിശ്ചലമായി നിന്നതുപോലെ മലയാളിയും മലയാളവും അറിയുന്നു. ഒരു ജനതയുടെ വിചാരങ്ങളെ പ്രചോദിപ്പിച്ച്, മുന്നില്‍ വിളക്കുമായി നടന്ന വര്‍ത്തമാനകാലത്തെ പ്രവാചകനാണ് ഇവിടം വിട്ടുപോയത്.
മലയാളിയുടെ വികാരവിചാരശീലങ്ങളില്‍ അഴീക്കോട് മാഷ് എന്നുമുണ്ടായിരുന്നു. തന്റെ കുട്ടിക്കാലം മുതല്‍ സഹനത്തിന്റെയും എളിമയുടെയും ധീരതയുടെയും പാഠങ്ങള്‍ പഠിച്ച അഴീക്കോട്ടെ പൂതപ്പാറ ഗ്രാമത്തിലെ കേളോത്ത് തട്ടാരത്ത് സുകുമാരന്‍ ഈ അനുഭവങ്ങളുടെ വിത്തുകള്‍ സൂക്ഷിച്ചാണ് പില്‍ക്കാലത്ത് കേരളത്തിന്റെ ജൈവപ്രതിരോധമായ വാഗ്ഭടനായത്. ചരിത്രം മഹത്വപ്പെടുത്തിയവര്‍ ചരിത്രത്തിലില്ലാത്തവരുടെ വിയര്‍പ്പിലും രക്തത്തിലും കാലമര്‍ത്തി നില്‍ക്കുകയാണെന്ന ആത്മബോധം ചെറുപ്പത്തില്‍ത്തന്നെ കൈവരിച്ചു. പണ്ഡിതനും നിര്‍ഭയനുമായ പിതാവില്‍നിന്ന് സംസ്‌കൃതം പഠിച്ച് ഇതിഹാസങ്ങള്‍ കമ്പോടുകമ്പ് ഹൃദിസ്ഥമാക്കി. 'നിത്യാനന്ദാലയ'ത്തിലെ മഹാഗ്രന്ഥം അച്ഛനായിരുന്നു; അമ്മ സ്‌നേഹത്തിന്റെ അനന്തമായ ആര്‍ദ്രതയും. ഈ രണ്ടു കടവുകളും കടന്ന് മറുകരയിലെത്തിയപ്പോള്‍, മറ്റൊരു സമുദ്രം അലയടിക്കുന്നതായി കണ്ടു വാഗ്ഭടാനന്ദ ഗുരുദേവന്‍. 'നിന്റെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്ക്ക് പ്രകാശവും ആകുന്നു' എന്ന ദര്‍ശനം ആ ഗുരുവിന്റേതായിരുന്നു. പിന്നെ മറ്റൊരു തീര്‍ഥഘട്ടത്തിലെത്തി. ശ്രീനാരായണഗുരുവിന്റെ പ്രകാശമാനമായ കണ്ണുകളില്‍ നവോത്ഥാനത്തിന്റെ തിളക്കം കണ്ടു. അറിഞ്ഞതിന്റെയും അനുഭവിച്ചതിന്റെയും സൂക്ഷ്മപാഠങ്ങളുമായി സ്വാതന്ത്ര്യപ്പിറവിക്കുമുമ്പ് സേവാഗ്രാമത്തിലെത്തി മഹാത്മജിയെക്കണ്ടു. ഒരാശയത്തെ ആവിഷ്‌കരിക്കാനുള്ള വാഗ്ധീരത ആദ്യം കണ്ടത് മഹാത്മജിയിലാണെന്ന് പില്‍ക്കാലത്ത് അഴീക്കോട് എഴുതിവെച്ചു. ക്ഷാമകാലത്ത് ധാന്യങ്ങള്‍ സൂക്ഷിക്കുന്ന കര്‍ഷകനെപ്പോലെ മഹാത്മജിയില്‍ ചിന്തയുടെയും കര്‍മത്തിന്റെയും കലവറ കണ്ടെത്തി. ഗാന്ധിജിയുടെ സൂക്ഷ്മത, വാഗ്ഭടന്റെ ധീരത, പാമ്പന്‍ മാധവന്റെ ഫലിതം, എം.ടി. കുമാരന്റെ ക്ഷോഭപരിഹാസങ്ങള്‍  അഴീക്കോടിലെ പ്രഭാഷകന്‍ ഇതിന്റെയെല്ലാം സമന്വയമായിരുന്നു. മാനവികതയുടെയും പോരാളിയുടെ സമരതീക്ഷ്ണതയുടെയും തീരങ്ങളിലേക്ക് അഴീക്കോട് യാത്ര തുടങ്ങിയതും ഈ തീര്‍ഥഘട്ടങ്ങളിലെ ജലം കോരിക്കുടിച്ചായിരുന്നു. അതിനോടൊപ്പം ഭാരതീയ ജ്ഞാനശാഖകളുടെ സങ്കീര്‍ണമായ വഴികളിലൂടെ യാത്രചെയ്യാനും അദ്ദേഹത്തിനായി. അധ്യാപനത്തിലെ കരുതല്‍ധനവും ഇതുതന്നെയായിരുന്നു. ക്ലാസ്മുറികളില്‍ അദ്ദേഹം ഗുരുവും വഴികാട്ടിയും വാത്സല്യത്തിന്റെ ജലാശയവുമായി. ജീവിതപാഠങ്ങളും ജീവിതദര്‍ശനത്തിന്റെ അഗാധസൗന്ദര്യവും ആ ക്ലാസുകളുടെ സൗരഭ്യമായിരുന്നു. പഴയതിനെ ചിതയില്‍ വെയ്ക്കാതെയും പുതിയതിനെ തിരസ്‌കരിക്കാതെയും അറിവുകളുടെ സാമാന്യവത്കരണത്തില്‍നിന്ന് ആശയങ്ങളുടെ അനന്യതയിലേക്ക് അദ്ദേഹം ക്ലാസുകളെ നയിച്ചു. അഴീക്കോട് മാഷിന് അധ്യാപനം ഒരു ഹൃദയശുശ്രൂഷയായിരുന്നു. നവോത്ഥാനചിന്തയുടെ നൈതികപ്രകാശം പരത്തിയ ആ ക്ലാസുകളുടെ തുടര്‍ച്ചയായിരുന്നു പ്രഭാഷണങ്ങളും. തന്റെ കേള്‍വിക്കാരില്‍നിന്നാണ് അദ്ദേഹം ഊര്‍ജം ഉള്‍ക്കൊണ്ടത്. എന്തിനോ അലഞ്ഞുകൊണ്ടിരിക്കുന്ന വിരലുകളിലൂടെ വാക്കുകളും ആശയങ്ങളും തേടിപ്പിടിച്ച് മന്ദതാളത്തില്‍ തുടങ്ങി, തിരമാലകളെപ്പോലെ ഹൃദയത്തിലേക്ക് ആഞ്ഞടിക്കുന്ന വാക്കുകളില്‍ ക്ഷോഭവും നര്‍മവും പരിഹാസവും മുന്നറിവുകളും നിറഞ്ഞുനിന്നു. രാഷ്ട്രീയമൂല്യവ്യവസ്ഥകള്‍ അതിരുകള്‍ ഭേദിക്കുമ്പോള്‍ ആ ശബ്ദം കേരളത്തിന് അപായസൂചനകള്‍ നല്‍കി. വേദികളില്‍നിന്ന് വേദികളിലേക്ക് സഞ്ചരിക്കുമ്പോള്‍ ഋഷിയുടെ സംയമനവും പോരാളിയുടെ രോഷവും ഗുരുവിന്റെ വിവേകവും വൈജ്ഞാനികന്റെ ഗരിമയും ആ വാക്കുകളില്‍ പ്രകാശിച്ചു. പറയുന്നതാണ് വാക്കെങ്കില്‍ യഥാര്‍ഥമായ കല പ്രഭാഷണമാണെന്നും അദ്ദേഹം സമര്‍ഥിച്ചിരുന്നു. പരമഹംസര്‍ വിവേകാനന്ദനെ കണ്ടുപിടിച്ചപ്പോഴാണ് ലോകം പരമഹംസരെ കണ്ടതെന്ന വിഖ്യാതമായ വാചകത്തിലൂടെ ചിന്തയുടെ ജ്വാലകള്‍ പ്രസരിപ്പിക്കുന്നതായിരുന്നു ആ പ്രഭാഷണകല.
അദ്ദേഹത്തിന്റെ പഠനമനനങ്ങള്‍ ആസ്വാദനത്തിന്റെയും അപഗ്രഥനത്തിന്റെയും ഖണ്ഡനങ്ങളുടെയും ആഴങ്ങളിലേക്ക് അനുവാചകനെ കൂട്ടിക്കൊണ്ടുപോയി. 'ആശാന്റെ സീതാകാവ്യ'ത്തിലൂടെ, ആ വിമര്‍ശനം പൂര്‍ണശോഭ ചൊരിഞ്ഞെങ്കില്‍ 'തത്ത്വമസി'യിലൂടെ ഭാരതീയജ്ഞാനത്തിന്റെ സത്തയും ജീവനും രചനാജീവിതത്തിന്റെ നൈതികപ്രകാശമായി. ദര്‍ശനത്തിന്റെ ഗഹനതയിലേക്ക് തുറന്ന വാതിലായിരുന്നു 'തത്ത്വമസി'. മാനവികതയ്‌ക്കെതിരായ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാന്‍ വാക്കുകളെ പരിചയാക്കിയ ആ ശബ്ദം സമകാലികജീവിതത്തിലെ കാപട്യങ്ങളെ പരിഹസിക്കുന്ന ജാഗ്രതയുടെ നാവായി മാറിയതും മലയാളികണ്ടു. പ്ലാച്ചിമട മുതല്‍ ലാലൂര്‍ വരെ പ്രക്ഷോഭത്തിന്റെയും പ്രതിരോധത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ച അഴീക്കോട് സമൂഹത്തിന്റെ നാനാവിധമായ ജീര്‍ണതയ്‌ക്കെതിരായ ശബ്ദമായിരുന്നു. അത് ആര്‍ക്കും അവഗണിക്കാനാവുമായിരുന്നില്ല. വീഴുന്നവനെ താങ്ങുവാന്‍ ആ വാക്കുകള്‍ എന്നുമുണ്ടായിരുന്നു.
സ്ഥാപനങ്ങള്‍ക്ക് എഴുത്തുകാര്‍ കീഴടങ്ങുമ്പോഴും മാഷ് സ്ഥാപനങ്ങള്‍ക്ക് അതീതനായിരുന്നു. പ്രഭാഷകന്‍, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, ഗാന്ധിയന്‍, നവോത്ഥാനചിന്തകന്‍, സാഹിത്യവിമര്‍ശകന്‍, സര്‍വകലാശാലാ ഭരണമേധാവി, എന്‍.ബി.ടി. ചെയര്‍മാന്‍ എന്നിങ്ങനെ വ്യത്യസ്തമായ കര്‍മമേഖലകളില്‍ അനുഭവസമ്പന്നതയും ആഴമേറിയ ചിന്തയും സമന്വയിപ്പിച്ച് അദ്ദേഹം വിജയം നേടുന്നതും ഈ വര്‍ത്തമാനകാലം കണ്ടു.
ഖദര്‍ജുബ്ബ, ഖദറിന്റെ ഒറ്റമുണ്ട്, പഴയ വാച്ച്, വീതി കുറഞ്ഞ തോല്‍ച്ചെരിപ്പ് എന്നിവയോടൊപ്പം വിവാദവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വിതയ്ക്കലും വിരിക്കലും കൊയ്‌തെടുക്കലും അദ്ദേഹംതന്നെ നടത്തി. കേരളത്തിന്റെ രാഷ്ട്രീയവിചാരങ്ങളുടെ സംവാദശാലയില്‍ എന്നും അഴീക്കോട് മാഷ് നായകനായിത്തന്നെ ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സില്‍നിന്ന് പുറപ്പെട്ട് ഇടതുപക്ഷത്തേക്കാള്‍ നല്ല ഗാന്ധിയന്‍ ഇടതുപക്ഷക്കാരനായി അദ്ദേഹം നിലയുറപ്പിച്ചു. ഇതിനൊക്കെപ്പുറമെ അദ്ദേഹത്തിന്റെ മനസ്സില്‍ എല്ലാവര്‍ക്കും സ്വന്തമായ ഒരിടമുണ്ടായിരുന്നു. ഒരു യുദ്ധത്തില്‍ ശത്രുപക്ഷത്തുനിന്നവരെ അടുത്ത യുദ്ധത്തില്‍ സ്വന്തം സൈനികനിരയോടൊപ്പം നിര്‍ത്തുന്ന സൗഹൃദത്തിന്റെ മായികവിദ്യയും അദ്ദേഹത്തിനറിയാമായിരുന്നു. മഴവില്ല് വിരിഞ്ഞുനില്‍ക്കുന്ന ഒരാകാശം, ഒരു കീറ് സ്‌നേഹം ആ നെഞ്ചില്‍ എപ്പോഴുമുണ്ടായിരുന്നു.
രോഗബാധിതനായ ദിനങ്ങളിലും ജനപക്ഷത്തുനിന്ന് പോരാടിയ അഴീക്കോട് മാഷ്, സമൂഹത്തിന്റെ ആശ്ലേഷത്തിലമര്‍ന്നുകിടക്കാന്‍ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നു. ആ സ്‌നേഹത്തില്‍നിന്നാണ് മാഷ്, ജീവന്റെ തുടിപ്പ് ദിവസങ്ങളോളം നീട്ടിയെടുത്തത്. കേരളത്തിന്റെ പിതൃതുല്യനായ ആ ജ്ഞാനസ്വരൂപത്തിന്റെ ഹംസഗാനം നാമിപ്പോള്‍ കേട്ടുകഴിഞ്ഞിരിക്കുന്നു. കൈരളി ഒന്നാകെ കണ്ണീര്‍ വാര്‍ക്കുമ്പോള്‍, 'മാതൃഭൂമി'യും ആ ദുഃഖത്തില്‍ പങ്കുചേരുന്നു.

സോജാ രാജകുമാരീ...

അഴീക്കോട്: 
ആദ്യമൊക്കെ കെ.ടി. സുകുമാരന്‍ എന്ന പേരിലാണ് എഴുതിക്കൊണ്ടിരുന്നത്. പിന്നീട് സുകുമാര്‍ അഴീക്കോട് എന്നാക്കി. ചില ചെറു ലേഖനങ്ങള്‍ അമ്പതുകളില്‍ സുകുമാരന്‍ പൂതംപാറ എന്ന പേരിലുമെഴുതി. അഴീക്കോട് വിട്ട് മൂത്തകുന്നത്ത് എത്തിയപ്പോള്‍ കൊടുങ്ങല്ലൂരിനടുത്ത അഴീക്കോട്ട് വീട്‌വാങ്ങി, ആ പേരിനോടുള്ള മമത നിലനിര്‍ത്തി.
ജുബ്ബ : 
അഴീക്കോടിന്റെ ജുബ്ബ അമ്പതു കൊല്ലത്തോളം തയ്ച്ചത് അഴീക്കോട്ടെ ദാമോദരന്‍ ടെയ്‌ലര്‍ ആയിരുന്നു. ദാമോദരന്‍ പിന്നീട് ജുബ്ബ സ്‌പെഷലിസ്റ്റ് ആയി. അധികം വൈകാതെ അദ്ദേഹം ജുബ്ബാ ദാമോദരന്‍ എന്നപേരില്‍ അറിയപ്പെടാന്‍ തുടങ്ങി. നീളമുണ്ടെങ്കിലും ഇത്ര മെലിഞ്ഞ ജുബ്ബ ദാമോദരന്‍ തയ്ച്ചിട്ടുണ്ടാവില്ലെന്ന് അഴീക്കോട് മാഷ്. ഖാദി വളരെ ചെറുപ്പത്തില്‍ത്തന്നെ ധരിച്ചുതുടങ്ങി. മാര്‍പാപ്പയെ കാണാന്‍ ചെന്നപ്പോള്‍ ഹോട്ടലില്‍ ഖാദി ജുബ്ബ കഴുകാന്‍ കൊടുത്തു. പകരം കിട്ടിയത് നീലം നിറഞ്ഞ നീല ഖാദിയാണ്. അവിവാഹിതന് ഏതു വസ്ത്രവും നന്നായി സൂക്ഷിക്കാനാവില്ല എന്നൊരു ദര്‍ശനവും അഴീക്കോടിനുണ്ട്.

അപസര്‍പ്പക വായന: 
തന്റെ കോപം, പ്രതികാരം, തിരിച്ചടി എന്നിവയുടെയൊക്കെ അപഥസഞ്ചാരമാണ് അഴീക്കോടിന്റെ ഡിറ്റക്ടീവ് നോവല്‍ വായന. പണ്ടൊക്കെ എപ്പോഴും മൂന്നും നാലും പുസ്തകങ്ങള്‍ വരെ പെട്ടിയില്‍ കാണും. പുകവലിക്കും മദ്യപാനത്തിനും ചീട്ടുകളിക്കും പകരമാണ് ത്രില്ലര്‍ വായനയെന്ന് അദ്ദേഹം പറയുമായിരുന്നു. സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍, എഡ്ഗാര്‍ വാലസ്, അഗതാ ക്രിസ്റ്റി എന്നിവരാണ് പ്രിയപ്പെട്ട എഴുത്തുകാര്‍. മലയാളത്തില്‍ അപ്പന്‍തമ്പുരാന്റെ ഭാസ്‌കരമേനോനുശേഷം നല്ല രചനയില്ല. പരീക്ഷ പാസാകാത്തവര്‍ക്കും കൊള്ളരുതാത്തവര്‍ക്കുമായി ഈ മേഖല വിട്ടുകൊടുത്തിരിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാള്‍ എഴുത്തുകാരന്‍ ദുര്‍ഗാപ്രസാദ് ഖത്രിയുടെ 'വെളുത്തചെകുത്താനും' 'ചുവന്നകൈപ്പത്തി'ക്കും വൈചിത്ര്യമുണ്ട്. ഡ്രാക്കുള സ്‌തോഭജനകമായ രചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുരുവായൂര്‍: 
അഴീക്കോട് ഏറ്റവും കൂടുതല്‍ ആധ്യാത്മിക പ്രഭാഷണം നടത്തിയിട്ടുള്ളത് ഗുരുവായൂരിലാണ്. രാമായണം, ഭാഗവതം, ഭഗവദ്ഗീത, ജ്ഞാനപ്പാന, നാരായണീയം എന്നിവയെക്കുറിച്ചാണ് ഈ പ്രഭാഷണങ്ങളിലധികവും. പക്ഷേ അമ്പലത്തില്‍ കയറി പ്രാര്‍ഥിച്ചില്ല. ദൈവത്തെ സ്‌നേഹമായാണ് താന്‍ കാണുന്നതെന്നാണ് അദ്ദേഹം ഇതേപ്പറ്റി പറഞ്ഞത്. ക്ഷേത്രനിര്‍മാണത്തെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കാറുണ്ടായിരുന്നു. അനേകം അടരുകളും അര്‍ഥതലങ്ങളുമുള്ള വാക്കാണ് ക്ഷേത്രമെന്നും എഴുതിയിട്ടുണ്ട്.

ഗ്രാന്റ് വിറ്റാറ :
അഴീക്കോട് ഏറ്റവും കൂടുതല്‍ യാത്രചെയ്തിട്ടുള്ളത് ഗ്രാന്റ് വിറ്റാറയിലാണ്. ആദ്യം വാങ്ങിയ കാര്‍ മാരുതിയായിരുന്നു. ഡ്രൈവറാകാന്‍ കഴിയില്ലെന്ന പരിഹാസം മുഖവിലയ്‌ക്കെടുത്ത അദ്ദേഹം നാല്പത്താറാം വയസ്സില്‍ രണ്ടാഴ്ചകൊണ്ട് ഡ്രൈവിങ് പഠിച്ചു. ആദ്യ കാര്‍ മാരുതി 800 ആയിരുന്നു. പിന്നീട് സീലോ കാര്‍ വാങ്ങി. ഇപ്പോഴത്തെ ഗ്രാന്റ് വിറ്റാറ ഓടിച്ചിട്ടില്ല. സെക്രട്ടറികൂടിയായ സുരേഷാണ് കാറോടിച്ചിരുന്നത്്.
ആദ്യപ്രസംഗം: 
അഴീക്കോട് ആത്മവിദ്യാസംഘത്തില്‍ 1946ലായിരുന്നു ആദ്യപ്രസംഗം. ഓംകാരത്തിന്റെ തത്ത്വശാസ്ത്രത്തെക്കുറിച്ചായിരുന്നു. 1949ല്‍ ഗുരുവായൂരില്‍ വെച്ച് ആദ്യത്തെ ആധ്യാത്മിക പ്രഭാഷണം. ഉപനിഷത്തും നവീന മനോവിജ്ഞാനീയവും എന്നതായിരുന്നു പ്രഭാഷണ വിഷയം. എന്നാല്‍ പ്രഭാഷകനെന്ന നിലയ്ക്ക് അഴീക്കോടിന്റെ പേരുമാത്രം അച്ചടിച്ചുകൊണ്ടുള്ള ആദ്യത്തെ പ്രഭാഷണം 1965 ഏപ്രില്‍ 14ന് വിഷുദിനത്തില്‍ ആശാന്‍ കവിതയെക്കുറിച്ചായിരുന്നു. ആശാന്റെ ജന്മദിനം കൂടിയായിരുന്നു അന്ന്.

ആദ്യ പ്രബന്ധം: 
തൈത്തിരിയോപനിഷത്ത് എന്ന വിഷയത്തെ ആസ്​പദമാക്കി ആദ്യത്തെ ആധ്യാത്മിക പ്രബന്ധം 1948ല്‍ രചിച്ചു. തത്ത്വമസിയെക്കുറിച്ചുള്ള ആദ്യത്തെ ആലോചന ഈ പ്രബന്ധത്തില്‍ നിന്നായിരുന്നു. ആദ്യലേഖനം പ്രസിദ്ധപ്പെടുത്തിയത് 1944 ജനവരി 9ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്. അതിനുമുമ്പയച്ച ഒരു ലേഖനം മാതൃഭൂമി തിരസ്‌കരിക്കുകയും ചെയ്തിരുന്നു.

ആദ്യ പുസ്തകം : 
ആശാന്റെ സീതാകാവ്യമാണ് ആദ്യത്തെ പുസ്തകം. ആ പുസ്തകം പുറത്തുവന്നിട്ട് ഇപ്പോള്‍ 55 വര്‍ഷമായി. പി.കെ. ബ്രദേഴ്‌സ് ആയിരുന്നു പ്രസാധകര്‍. ആ പുസ്തകത്തിന് ഒരൊറ്റ അവാര്‍ഡ്‌പോലും ലഭിച്ചില്ല. തന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകമായി അഴീക്കോടും ഏറ്റവും നല്ല രചനയായി വായനക്കാരും സ്വീകരിച്ച കൃതി ഇതാണ്. അഴീക്കോടിന് ഏറ്റവും അധികം അവാര്‍ഡ് ലഭിച്ച കൃതി തത്ത്വമസിയാണ് -24 പുരസ്‌കാരങ്ങള്‍ ലഭിച്ചു.

പാചകം : 
പാചകം ഒട്ടും അറിയില്ല. പാചകക്കാരന്‍ പോയാല്‍, ക്ഷുഭിതനാകും. പലപ്പോഴും പാചകക്കാര്‍ ഓടിപ്പോയിട്ടുണ്ട്. ഓടിപ്പോയ ഒരു പാചകക്കാരന്‍ 'അഴീക്കോട് മാഷായി' കോഴിക്കോട്ട് പ്രസംഗിക്കുന്നതും കണ്ടിട്ടുണ്ട്. മത്സ്യം ഇഷ്ടമാണ്. ഗാന്ധിജിയുടെ ശുദ്ധി തനിക്കില്ലാതെ പോയത് മത്സ്യം കഴിക്കുന്നതുകൊണ്ടാണെന്നും മാഷ് ഏറ്റുപറഞ്ഞിട്ടുണ്ട്. മത്സ്യം കഴിക്കുന്നതു നിര്‍ത്തിയാല്‍ എക്‌സിമ പോകുമെന്നു ചിലര്‍ ഉപദേശിച്ചു. എക്‌സിമ സഹിച്ചാലും മത്സ്യം ഉപേക്ഷിക്കില്ലെന്ന് മാഷ് തുറന്നടിച്ചു.
ജ്യോതിഷം: 
അഴീക്കോട് അല്പം ജ്യോതിഷവും വശത്താക്കിയിട്ടുണ്ട്. മേടത്തിലെ കാര്‍ത്തിക ഉച്ചസ്ഥായിയായതുകൊണ്ട് താനും ചൂടനായാണ് ജീവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ത്തിക നക്ഷത്രത്തിനും പ്രത്യേകതയുണ്ട്. ചിലപ്പോഴതു തെളിഞ്ഞു കത്തും. മറ്റുചിലപ്പോള്‍ മുനിഞ്ഞും കത്തും.

സിനിമ: 
ആദ്യംകണ്ട സിനിമ 'നല്ല തങ്കാള്‍'. ഏറ്റവും കൂടുതല്‍ സിനിമ കണ്ടത് കുട്ടിക്കാലത്താണ്. അറ്റന്‍ബറോയുടെ 'ഗാന്ധിയും' അടൂരിന്റെ 'കൊടിയേറ്റവും' നല്ല സിനിമകളായതുകൊണ്ട് കണ്ടു. ഒടുവില്‍ കണ്ട രണ്ടുസിനിമകള്‍ 'പ്രാഞ്ചിയേട്ട'നും 'പ്രണയ'വുമാണ്.
ഭയം : 
ഏറ്റവും ഭയപ്പെടുത്തുന്നതു വിമാനയാത്ര. കൊളംബോയിലും ഗള്‍ഫിലും യു.എസ്.എ.യിലും പോയിട്ടുണ്ടെങ്കിലും വിമാന യാത്ര ഭയന്ന് പല വിദേശ പരിപാടികളും ഉപേക്ഷിച്ചു. രോഗം വന്നപ്പോള്‍ മുംബൈയില്‍ വിദഗ്ധ ചികിത്സ ഏര്‍പ്പാട് ചെയ്തു. വിമാനഭയം കൊണ്ട് പോയില്ല.

അധ്യാപനം : 
ഏറ്റവും ഇഷ്ടപ്പെട്ട തൊഴിലാണിത്. പ്രസംഗത്തിന്റെ അംശം കൂടി അതിലുണ്ട്. ദീനബന്ധുവില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും മധുരമായ ഓര്‍മയാണ്. അധ്യാപന കാലത്താണ് ശബ്ദത്തിനും വിരലുകള്‍ക്കും പ്രാധാന്യമുണ്ടെന്നു ബോധ്യമായത്. വാസ്തവത്തില്‍ വിരലുകളിലൂടെയും പ്രസംഗം കേട്ടിരിക്കുന്നവരുടെ മുഖങ്ങളിലൂടെയുമാണ് പുതിയ ആശയങ്ങള്‍ ലഭിക്കുന്നത്.

സംഗീതം: 
പങ്കജ്മല്ലിക്ക്, കെ.എല്‍. സൈഗാള്‍ എന്നിവരാണ് ഇഷ്ടഗായകര്‍. ബഷീറിന്റെ ഗ്രാമഫോണ്‍ പ്ലേയറും റെക്കോഡുകളും വാങ്ങാന്‍ തീരുമാനിച്ചതായിരുന്നു. അതുപഴയതാണെന്ന് മിത്രരൂപത്തില്‍വന്ന ശത്രു പറഞ്ഞു. അതു വാങ്ങാതിരുന്നത് വന്‍നഷ്ടമായെന്ന് മാഷ് പിന്നീട് പറഞ്ഞു. സൈഗാളിന്റെ 'സോജാ രാജകുമാരി' യാണ് ഏറ്റവും പ്രിയപ്പെട്ട ഗാനം. കര്‍ണാടക സംഗീതം ഇഷ്ടമാണെങ്കിലും മൃദംഗവാദനമാണ് പ്രിയംകരം. മണി അയ്യരുടെ വാദനത്തോട് പ്രത്യേക ഇഷ്ടം

അഴീക്കോട് യാത്രയായി

തൃശ്ശൂര്‍: ആഴമേറിയ വാക്കുകളുടെ അലയൊടുങ്ങാത്ത കടല്‍ നിശ്ചലമായി - സുകുമാര്‍ അഴീക്കോട് അന്തരിച്ചു. കേരളത്തിന്റെ ഹൃദയമിടിപ്പായിരുന്ന മനുഷ്യന്‍ വിടവാങ്ങുമ്പോള്‍ ചൊവ്വാഴ്ച രാവിലെ 6.30. എണ്ണമറ്റ പോരാട്ടങ്ങളില്‍ വിജയിച്ച ഈ 86-കാരന്‍ ഒന്നരമാസം അര്‍ബുദത്തോട് യുദ്ധം ചെയ്തു. മരണത്തിനു മുന്നില്‍ മാത്രം തല കുനിച്ചു. മലയാളം എന്നും കാതോര്‍ത്തിരുന്ന ശബ്ദം ഉറവയിലേക്കു മടങ്ങി. ബുധനാഴ്ച 11ന് സമ്പൂര്‍ണ സംസ്ഥാന ബഹുമതികളോടെ കണ്ണൂര്‍ പയ്യാമ്പലത്ത് ശവസംസ്‌കാരം


ഇല്ലാതായത് മഹാത്മജിയെ നേരിട്ടുകണ്ട് ഉപദേശം സ്വീകരിക്കുകയും എല്ലാ അധികാരഗോപുരങ്ങളെയും അതിന്റെ ഊര്‍ജത്തില്‍ വെല്ലുവിളിക്കുകയും ചെയ്ത ഉന്നതവ്യക്തിത്വമാണ്. മാസങ്ങള്‍ക്കു മുന്‍പ് പല്ലെടുക്കുമ്പോള്‍ നടത്തിയ പരിശോധനയിലാണ് അര്‍ബുദത്തിന്റെ സാന്നിധ്യം കണ്ടത്. തൊണ്ടയില്‍നിന്നു ശ്വാസകോശത്തിലേക്ക് പടര്‍ന്നുകയറിയ അര്‍ബുദത്താല്‍ പരിക്ഷീണനായ അദ്ദേഹത്തെ കഴിഞ്ഞ ഡിസംബര്‍ 10നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. സാന്ത്വന ചികിത്സ മാത്രമാണ് ചെയ്യാനുണ്ടായിരുന്നത്. അവിടെയും ആ ധിഷണ ഇന്ദ്രജാലം കാട്ടി



കടുത്ത വേദനയിലും ജീവിതത്തെപ്പറ്റിയും ചെയ്യാമെന്നേറ്റ പ്രഭാഷണങ്ങളെക്കുറിച്ചുമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയും വര്‍ത്തമാനവും. എഴുപതു കൊല്ലം നമ്മുടെ സാമൂഹികജീവിതത്തെ വാക്കുകൊണ്ട് അളന്ന മനുഷ്യനു മുന്നില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് കേരളം ഒരു കൂപ്പുകൈയായി. 


ആ വാക്ശരങ്ങളേറ്റു പിണങ്ങിയവരൊക്കെ ആസ്പത്രിയില്‍ കാണാനെത്തി. വര്‍ഷങ്ങളുടെ പിണക്കം അലിയിച്ചുകളഞ്ഞ് സാനുമാഷ്, ഒരു സന്ദര്‍ശനത്തിലൂടെ എല്ലാം പറയാതെ പറഞ്ഞ് ടി.പദ്മനാഭന്‍, കണ്ണീരില്‍ പകയെല്ലാം കഴുകി വെള്ളാപ്പള്ളി... സിനിമാലോകത്തുനിന്ന് പരിഭവമെല്ലാം തീര്‍ത്ത് മമ്മൂട്ടിയും മോഹന്‍ലാലുമെത്തിയതോടെ ആ വൃത്തം പൂര്‍ത്തിയായി. ഇവിടെയൊക്കെ വിജയം ചൂടിയത് മലയാളഭാഷതന്നെ. തിരമാലപോലെ ഉയര്‍ന്നുതാഴുന്ന പ്രസംഗത്തിനൊപ്പം ഒരിക്കല്‍ ഒഴുകിയവരോട് അദ്ദേഹം പറഞ്ഞു - ഞാനിനിയും പ്രസംഗിക്കും.


ശനിയാഴ്ച വൈകിട്ടോടെ രോഗനില മൂര്‍ച്ഛിച്ചു. അബോധാവസ്ഥയിലായി. അടുത്ത രണ്ടുദിവസവും ഈ നില ഏറ്റക്കുറച്ചിലോടെ തുടര്‍ന്നു. ചൊവ്വാഴ്ച രാവിലെ മരണം സ്ഥിരീകരിച്ചു. മരുമക്കളായ രാജേഷും മനോജും സന്തതസഹചാരിയായ സുരേഷും അടുത്തുണ്ടായി. ബന്ധുക്കളുടെ ആവശ്യപ്രകാരം ശവസംസ്‌കാരം ജന്മനാടായ കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ചു. ആദ്യം മൃതദേഹം എരവിമംഗലത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. 10.45-ഓടെ തൃശ്ശൂരിലെ സാഹിത്യ അക്കാദമി ഹാളിലേക്കു കൊണ്ടുവന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ കെ.സി.ജോസഫും, സി.എന്‍.ബാലകൃഷ്ണനും, കെ.പി.സി.സി പ്രസിഡന്റ്‌രമേശ് ചെന്നിത്തലയും ഇവിടെയെത്തിയാണ് ആദരാഞ്ജലി അര്‍പ്പിച്ചത്. മാതൃഭൂമിക്കുവേണ്ടി മാനേജിങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രനും പുഷ്പചക്രങ്ങള്‍ വെച്ചു.എഡിറ്റര്‍ എം.കേശവമേനോന്‍,ഡയറക്ടര്‍ എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ എന്നിവര്‍ക്കു വേണ്ടിയും റീത്തുകള്‍ സമര്‍പ്പിച്ചു. 


ശവസംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ണമായും സര്‍ക്കാറിന്റെ ഉത്തരവാദിത്വത്തില്‍ നടത്തുമെന്ന് മുഖ്യമന്ത്രി അറിയച്ചതിനെത്തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് ഒരുക്കങ്ങള്‍ നടത്തിയത്. കവി ഒ.എന്‍.വി കുറുപ്പ് തിരുവനന്തപുരത്തു നിന്നെത്തി ആദരാഞ്ജലി അര്‍പ്പിച്ചശേഷം 3.45നാണ് വിലാപയാത്ര സാംസ്‌കാരികമന്ത്രി കെ.സി.ജോസഫിന്റെ നേതൃത്വത്തില്‍ അക്കാദമിക്കു മുന്നില്‍നിന്നു തുടങ്ങിയത്. കുന്നംകുളത്തും കോട്ടയ്ക്കല്‍ മാതൃഭൂമി ഓഫീസിനുമുന്നിലും തേഞ്ഞിപ്പലത്ത് സര്‍വകലാശാലയ്ക്കു മുന്നിലും ആദരാഞ്ജലി അര്‍പ്പിച്ചു. രാത്രി 7.45നാണ് കോഴിക്കോട് ടൗണ്‍ഹാളിലെത്തിച്ചത്. അര്‍ധരാത്രി കഴിഞ്ഞ് കണ്ണൂര്‍ മഹാത്മാമന്ദിരത്തിലെത്തിച്ചു. 


ബുധനാഴ്ച രാവിലെ മുതല്‍ ടൗണ്‍സ്‌ക്വയറിലാണ് ജന്മനാടിന്റെ ആദരങ്ങള്‍ അര്‍പ്പിക്കാന്‍ അവസരം. അതിനു ശേഷം വിലാപയാത്രയായി പയ്യാമ്പലത്തേക്ക് കൊണ്ടുപോകും; അവിടെയാണ് നിത്യനിദ്ര.

പറയുന്നതാണു വാക്കെങ്കില്‍, വാക്കിന്റെ യഥാര്‍ഥമായ കല പ്രഭാഷണം ആണ്‌ ഡോ.സുകുമാര്‍ അഴീക്കോട്‌

പറയുന്നതാണു വാക്കെങ്കില്‍, വാക്കിന്റെ യഥാര്‍ഥമായ കല പ്രഭാഷണം ആണ്, സാഹിത്യമല്ല. പ്രസംഗം എന്നാണു നാം ഉപയോഗിച്ചുവരാറുള്ള പദം. ഭാഷണം എന്ന അര്‍ഥം അതിനില്ല. എങ്കിലും പ്രസംഗം, പ്രസംഗിക്കുക, പ്രാസംഗികന്‍ എന്നീ വാക്കുകള്‍ പ്രചുരപ്രയോഗംമൂലം ഭാഷയില്‍ പ്രഭാഷണാര്‍ഥത്തില്‍ ഉറച്ചുപോയിരിക്കുന്നു. വാക്കിന് അധിദേവതയുണ്ടെങ്കില്‍, ആ വാഗ്‌ദേവിയുടെ കൃപാകടാക്ഷം നിങ്ങളെ ധീരോദാരവാക്കായ പ്രഭാഷകനാക്കിത്തീര്‍ക്കുകയാണു വേണ്ടത്, കവിയോ സാഹിത്യകാരനോ ആക്കുന്നതിനുമുന്‍പ്. ആ ദുഷ്പ്രാപയായ ദേവതയുടെ അനുഗ്രഹത്തിനുവേണ്ടി:
വാരിധി തന്നില്‍ തിരമാലകളെന്നപോലെ
ഭാരതീ പദാവലി തോന്നണം കാലേ കാലേ
എന്നിങ്ങനെ എന്നും പ്രാര്‍ഥിച്ചുപോന്നിട്ടുണ്ട്. കവികളും സാഹിത്യകാരന്മാരും ലോകത്തിലെ മികച്ച പ്രാസംഗികരുടെ ഉള്ളില്‍ എന്നും മുഴങ്ങിക്കൊണ്ടു നിന്നിട്ടുള്ള ഒരേയൊരു പ്രാര്‍ഥനയാണ് ഇത്. വാണീമാതാവിന്റെ ദയാമൃതധാരയുടെ ദിവ്യപ്രചോദനത്താല്‍ നാവിന്‍തുമ്പത്തുനിന്ന് അനശ്വരവചസ്സുകള്‍ നൃത്തമാടുവാനും അതിന്റെ ലഹരിയില്‍പ്പെട്ടു ശ്രോതൃഹൃദയങ്ങള്‍ അരയാലിലപോലെ അവിരതസ്​പന്ദംകൊള്ളുന്നതു കണ്ട് അന്തരാത്മാവ് പുളകമണിയുവാനും ആശിക്കാത്തവര്‍ ഈ ലോകത്തില്‍ വളരെയുണ്ടാവില്ല. രോഗശയ്യയ്ക്കും തപോവാടത്തിനും വെളിയിലുള്ള ഉത്കര്‍ഷേച്ഛുക്കളായ എല്ലാ മനുഷ്യരും തങ്ങളുടെ വികാരവിചാരങ്ങളുടെ പ്രവാഹസരണിയിലൂടെ മറ്റു മനുഷ്യര്‍ പ്രയാണംചെയ്തു കാണണമെന്ന് ഉത്കടമായി ആഗ്രഹിക്കുന്നവരായിരിക്കും. സനാതനവും അനിരോധ്യവുമായ ആ ആഗ്രഹത്തിന്റെ ദുര്‍ലഭമായ സാഫല്യമാണ് പ്രസംഗകല നിങ്ങള്‍ക്കു വാഗ്ദാനംചെയ്യുന്നത്.


മഹാപുരുഷന്മാര്‍ക്കുപോലും വരേണ്യമായ ഈ കല പ്രശംസിക്കപ്പെടുന്ന തീവ്രതയോടെ അഭിശംസിക്കപ്പെട്ടിട്ടുമുണ്ട്. പ്രഭാഷണത്തിനെതിരായുള്ള- എന്നല്ല, സാധാരണഭാഷണത്തിനുതന്നെ എതിരായിട്ടുള്ള - പ്രചുരപ്രചാരമായ പ്രവാദം 'മൗനം സ്വര്‍ണമാണ്' എന്ന ജര്‍മന്‍ പഴഞ്ചൊല്ലാണ്. അതനുസരിച്ച്, ഭാഷണം വെള്ളിയാവണം. സ്വര്‍ണം വിട്ടു വെള്ളികൊണ്ട് ഇടപാടു നടത്തുന്ന സാമാന്യമനുഷ്യനെ നന്നായി കളിയാക്കുന്നുണ്ട് ഈ ചൊല്ല്. പക്ഷേ, 'മൗനം മന്ദനു ഭൂഷണം' എന്ന വേറൊരു ചൊല്ലുമുണ്ടല്ലോ. വിവേകശാലി സംസാരിക്കണം എന്നാണ് ഈ ചൊല്ലിന്റെ പൊരുള്‍. വങ്കന്‍ മിണ്ടിയാലേ കുഴപ്പമുള്ളൂ. പഴഞ്ചൊല്ലുകളുടെ ഈ തല്ല് തെല്ലു രസകരംതന്നെ. സംസാരിക്കുന്നതില്‍ പിഴവ് വന്നേക്കുമെന്നുവെച്ചു സംസാരിക്കുന്നതേ ശരിയല്ലെന്നു വാദിക്കുന്നതിലും എത്രയോ യുക്തിപൂര്‍വം, ബുദ്ധിപൂര്‍വമായി സംസാരിക്കണമെന്നു വാദിക്കുന്നതാണ്. പ്രാചീനഭാരതീയര്‍ മൗനത്തിനു ലോകത്തിലെ മറ്റേതു ജനതയേക്കാളും പ്രാധാന്യം കല്പിച്ചവരായിരുന്നു. സംശയം ചോദിച്ച ശിഷ്യനോടു മിണ്ടാതെ സംശയപരിഹാരംചെയ്ത ഗുരുക്കന്മാരായിരുന്നു അന്നത്തെ അവര്‍. 'ഗുരോസ്തു മൗനം വ്യാഖ്യാനം' എന്നാല്‍, ലൗകികകാര്യങ്ങളിലല്ല, ആത്മീയകാര്യങ്ങളിലാണ് അവര്‍ മൗനവ്രതരായിരുന്നത് എന്നു വിശേഷിച്ച് ഓര്‍ക്കേണ്ടതുണ്ട്. ലൗകികത്തില്‍ 'സംസാരം നിസ്സാരം' അല്ല.


അവനവനു തെറ്റെന്നു തോന്നുന്ന ആശയം, അതു തെറ്റെന്ന് അറിവുള്ള ആളുകളെക്കൊണ്ട് അംഗീകരിപ്പിക്കുന്ന വാഗ്ജാലപ്രയോഗത്തിന്റെ വിദ്യ ആണ് പ്രസംഗം എന്നു പൊതുവില്‍ ഒരാക്ഷേപമുണ്ട്. 'പ്രസംഗത്തിന്റെ ഉന്നം സത്യമല്ല, വശീകരിക്കലാണ്' എന്നു മെക്കോളെ ഏതന്‍സിലെ പ്രാസംഗികന്മാര്‍ (അവേലിശമി ഛൃമീേൃ)െ എന്ന പ്രബന്ധത്തില്‍ പറയുമ്പോള്‍ അദ്ദേഹം ആ ആക്ഷേപത്തിനു പിന്തുണ നല്കുകയാണു ചെയ്യുന്നത്. പ്രസംഗകലയുടെ ഉത്തമസ്ഫുരണങ്ങള്‍ക്കു ബാധകമല്ല ഈ ആക്ഷേപം എന്നുമാത്രം പറഞ്ഞുകൊള്ളുന്നു. എന്തും ചീത്തയാവും; ചീത്തയായാല്‍ പ്രസംഗമെന്നല്ല സമസ്തവും ചീത്തതന്നെ.


ഈ ആക്ഷേപങ്ങളും അവയ്ക്കു പ്രേരകങ്ങളായ പ്രസംഗാഭാസങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍, നമ്മുടെ ശ്രദ്ധ പിടിച്ചുനിര്‍ത്തുന്നത് വാഗീശരായ പ്രാസംഗികരുടെ മഹാപ്രഭാഷണങ്ങളെ സംബന്ധിച്ചുള്ള വിഖ്യാതങ്ങളായ കഥകളത്രേ. സാഹിത്യം, സംഗീതം മുതലായ കലകളുടെ ഉന്നമ്രശക്തിയെപ്പറ്റി സഹൃദയജനങ്ങള്‍ക്കിടയില്‍ പ്രചാരമുള്ള കഥകള്‍ പലതുണ്ടല്ലോ. അവയെ വെല്ലുന്ന അപദാനങ്ങള്‍ പ്രസംഗകലയ്ക്കു സമര്‍പ്പിക്കുവാനുണ്ട്. അവ വായിച്ചാല്‍ 'മനുഷ്യരുടെ മനസ്സുകളെ ഭരിക്കുന്നതിന്റെ കലയാണ് പ്രസംഗകല' എന്ന് പ്ലേറ്റോവിനൊപ്പം ആരും സമ്മതിച്ചുപോകും.


പ്രസംഗകലയുടെ ഐന്ദ്രജാലികസിദ്ധികള്‍ക്ക് ഏറ്റവും മികച്ച നിദര്‍ശനം, പണ്ടെന്നതുപോലെ ഇന്നും, പ്രാചീനഗ്രീസിലെ ഡമൊസ്തനിസ് ആണ്. ലോകജേതാവായ അലക്‌സാണ്ടറുടെ പിതാവായ ഫിലിപ്പിനെതിരായി പ്രസംഗിച്ചു മറ്റൊരു ലോകജേതാവായി മാറിയ വാക്പതിയാണ് അദ്ദേഹം. വിക്കനായിരുന്ന അദ്ദേഹം ഉപയോഗിച്ചത്ര സുശക്തമായും സുന്ദരമായും വാക്കുകള്‍ പ്രയോഗിക്കുവാന്‍ വിക്കില്ലാത്തവര്‍ക്കുപോലും അന്നോ പിന്നീടോ സാധിച്ചിരുന്നില്ല. ഫിലിപ്പിനെതിരായി എണ്‍പതില്പരം പ്രഭാഷണങ്ങള്‍ ചെയ്ത അദ്ദേഹം, ഫിലിപ്പ് സ്ഥാപിച്ച സാമ്രാജ്യത്തെക്കാള്‍ വിപുലവും അനശ്വരവും മനോഹരവുമായ ആശയങ്ങളുടെ മറ്റൊരു അദൃശ്യസാമ്രാജ്യം സൃഷ്ടിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് അംഗീകരണവും ഒരു പാരിതോഷികവുമെന്ന നിലയ്ക്ക് ആതന്‍സുകാര്‍ അദ്ദേഹത്തിന് ഒരു കനകകോടീരം ഉപഹാരമായി നല്കുവാന്‍ നിശ്ചയിച്ചപ്പോള്‍ ആ ഉദ്യമത്തെ എതിര്‍ത്ത എയ്‌സ് കൈന്‍സ് എന്ന നടന് മറുപടി നല്കിക്കൊണ്ട് അദ്ദേഹം ചെയ്ത പ്രസംഗമാണ് അദ്ദേഹത്തിന്റെ ഉത്തമവും അത്യുജ്ജ്വലവുമായ പ്രസംഗം എന്നു പറയപ്പെടുന്നു. പ്രാചീനലോകത്തിലെ മഹത്തമമായ പ്രസംഗവും അതാണത്രേ.
ഡമൊസ്തനിസ്സിനോളം എത്തുകയില്ലെങ്കിലും പ്രാചീനറോമിലെ ഏറ്റവും മഹാനായ പ്രാസംഗികനാണ് ആദര്‍ശശാലിയായ സിസറോ - മാര്‍ക്കസ്സ് ടള്ളിയസ് സിസറോ. അദ്ദേഹത്തിന്റെ അന്‍പത്തേഴ് പ്രസംഗങ്ങള്‍, വാഗ്‌ദേവതയുടെ വിലാസരംഗങ്ങളായും ആ ദേവതയുടെ ആരാധകന്മാര്‍ക്ക് അന്തഃപ്രചോദനങ്ങളായും ഇന്നും അവശേഷിച്ചിരിപ്പുണ്ട്. കാറ്റിലൈന്‍ എന്ന രാജ്യവഞ്ചകനും പ്രസിദ്ധനായ മാര്‍ക്ക് ആന്റണിക്കും എതിരായി അദ്ദേഹം ചെയ്ത പ്രഭാഷണങ്ങള്‍ സാഹിത്യഭംഗിക്കു പേര്‍ കേട്ടവയാണ്. ആന്റണി അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം കൊല്ലപ്പെട്ടു. ഡമൊസ്തനിസ്സിനെപ്പോലെ അദ്ദേഹവും ശത്രുക്കളാല്‍ വേട്ടയാടപ്പെട്ടാണു മരണമടഞ്ഞതെങ്കിലും ആ നിഷ്‌കണ്ടകന്മാരെക്കാള്‍ വിശ്വപൂജയ്ക്ക് അവകാശികളായി പ്രകാശിച്ചുനില്ക്കുന്നത് ആ രണ്ടു മഹാത്മാക്കള്‍തന്നെയാണ്.


പതിനെട്ടാംനൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ രാഷ്ട്രീയം ഉദയംകൊള്ളിച്ച മൂന്നു പ്രഭാഷണതാരങ്ങളത്രേ എഡ്മണ്ട് ബര്‍ക്ക്, ചാറല്‍സ് ജെയിംസ് ഫോക്‌സ്, റിച്ചാര്‍ഡ് ബ്രിന്‍സ്‌ലി ഷറിഡന്‍ എന്നിവര്‍. പ്രസംഗവൈഭവംമൂലം അപദാനവിഷയങ്ങളായിത്തീര്‍ന്നവരാണ് ഈ മൂവരും. അനേകം പ്രസിദ്ധ പ്രസംഗങ്ങള്‍ ചെയ്തവരാണ് ഇവരെങ്കിലും, ഇന്ത്യയുടെ വൈസ്രോയിയായിരുന്ന വാറന്‍ ഹേസ്റ്റിങ്‌സിനെതിരായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇവര്‍ ചെയ്ത പ്രസംഗങ്ങളാണു ചിരസ്മരണീയങ്ങളായിത്തീര്‍ന്നത്. ബര്‍ക്കിന്റെ പ്രസംഗം പാര്‍ലമെന്റിന്റെ ചുവരുകളെയും മേല്ത്തട്ടിനെയും കിടിലംകൊള്ളിക്കുന്ന ശൈലിയില്‍ ഉയര്‍ന്നപ്പോള്‍ കേട്ടിരുന്ന ചിലര്‍ ബോധംകെട്ടു വീണുപോയത്രേ. എന്നാല്‍, അമേരിക്കന്‍ കോളനികളുടെ സ്വാതന്ത്ര്യത്തെപ്പറ്റി ഇദ്ദേഹം ചെയ്ത പ്രസംഗമാണു കൂടുതല്‍ മഹനീയം. ഷെരിഡന്റെ 'ഇംപീച്ച്‌മെന്റ്' പ്രസംഗം കേട്ട ഒരു ഹേസ്റ്റിങ്‌സ് പക്ഷപാതി, നാലര മണിക്കൂര്‍ നീണ്ടുനിന്ന ആ പ്രസംഗത്തിന്റെ ഒടുവില്‍ തികഞ്ഞൊരു ഹേസ്റ്റിങ്‌സ് വിരോധിയായി മാറി, ഹേസ്റ്റിങ്‌സിനെ തെറിവിളിച്ചു തുടങ്ങിയെന്ന കഥ കേട്ടിട്ടുണ്ട്. എത്രയോ പേര്‍ ആ പ്രസംഗം കേട്ടു കരഞ്ഞുപോയിരുന്നു. ഇവര്‍ രണ്ടുപേരും അയര്‍ലണ്ടുകാരാണ്. അയര്‍ലണ്ട് പ്രസംഗത്തിനും നാടകത്തിനും പേര്‍ കേട്ടിരിക്കുന്നു. ആംഗലസാഹിത്യത്തില്‍ ഉയര്‍ന്ന കവിതയുടെയും നാടകത്തിന്റെയും അടുത്തു സ്ഥാനം നേടിയ പ്രഭാഷണങ്ങള്‍ ബര്‍ക്കിന്റേതുമാത്രമാണ്. കേള്‍വിക്കാര്‍ക്ക് അവ ചിലപ്പോള്‍ അറുമുഷിപ്പനായിരുന്നുവെന്നു പറയപ്പെടുന്നു. ഫോക്‌സും പിറ്റും ഷെരിഡനും കൂടുതല്‍ ശ്രവണവൈഭവമുള്ള പ്രാസംഗികരാണ്. പക്ഷേ, നല്ല പ്രാസംഗികന്‍, നല്ല നടനെയും ഗായകനെയും പോലെ, പില്ക്കാലത്തു വെറും ഒരു ഓര്‍മ മാത്രമാണ്. അങ്ങനെ ഇക്കാലത്ത് ഇവയെല്ലാം വെറും ഓര്‍മകളായി അവശേഷിക്കുന്നു - അവരെല്ലാം എത്ര വലിയ പ്രതിഭാശാലികളായിരുന്നിട്ടുപോലും.


അമേരിക്കയുടെ സ്വാതന്ത്ര്യസമരകാലത്തും അതിനെത്തുടര്‍ന്നും വിശ്വോത്തരരായ കുറെ പ്രാസംഗികന്മാര്‍ അവിടെ അവതരിക്കുകയുണ്ടായി. പാട്രിക് ഹെന്റി, ഹെന്റി ക്ലേ, ഡാനിയല്‍ വെബ്സ്റ്റര്‍ എന്നിവരുടെ പേരുകള്‍ രോമാഞ്ചത്തോടുകൂടി മാത്രമേ ഇന്നും അമേരിക്കക്കാര്‍ ഓര്‍ക്കുകയുള്ളൂ. 'എനിക്ക് സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം തരിക' എന്ന പാട്രിക് ഹെന്റിയുടെ ചൊല്ല് ഭുവനപ്രഥിതമാണ്. ഹെന്റി ക്ലേ അടിമപ്രശ്‌നത്തെക്കുറിച്ചു രണ്ടു ദിവസം നീണ്ടുനിന്നൊരു മഹാപ്രസംഗം ചെയ്തതാണ് ഒടുവില്‍ അദ്ദേഹത്തിന്റെ ചരമത്തിനു കാരണമായി കലാശിച്ചത്. എന്നാല്‍, അമേരിക്കയുടെ 'നമ്പര്‍ വണ്‍' പ്രാസംഗികന്‍ ഇവരാരുമല്ല, ഡാനിയല്‍ വെബ്സ്റ്ററാണ്. ഡമൊസ്തനിസ്സിന്റെ പ്രസംഗങ്ങളോടു കിടപിടിക്കുന്ന ചില പ്രസംഗങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്നു പറയപ്പെടുന്നു. 'പശ്ചിമഭൂഖണ്ഡത്തിലെ ഏറ്റവും മഹാനായ പ്രാസംഗികന്‍' എന്ന പ്രശസ്തി അദ്ദേഹം നേടിയെടുത്തു. അവിശ്വസനീയങ്ങളായ എത്രയോ കഥകള്‍ അദ്ദേഹത്തിന്റെ പ്രസംഗവൈഭവത്തെപ്പറ്റി അമേരിക്കക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. പണ്ട് മോസസ്സിനെന്നപോലെ, ഇദ്ദേഹത്തിന്റെ പ്രഭാഷണം കേട്ട് ഇദ്ദേഹത്തിന് ഒരു പുഴ വഴിയുണ്ടാക്കിക്കൊടുത്തുവെന്നാണ് ഒരു കഥ.


സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യക്കാരുടെ വെടിയുണ്ടകളായി അനുഗൃഹീതരായ ചില പ്രാസംഗികന്മാര്‍ പ്രവര്‍ത്തിക്കുകയുണ്ടായി. 'ബംഗാളിന്റെ ഇടിനാദം' എന്നു പ്രഖ്യാതനായ സുരേന്ദ്രനാഥ ബാനര്‍ജി, സിംഹഗര്‍ജനപ്രഭാവനായ ബിപിന്‍ ചന്ദ്രപാല്‍, വാണീദേവിയുടെ അവതാരമെന്നു പുകള്‍കൊണ്ട ആനിബെസന്റ് മുതലായവരുടെ ജിഹ്വകള്‍ ഈ നാടിന്റെ ഏറ്റവും മൂര്‍ച്ചയേറിയ സമരായുധങ്ങളായിരുന്നു. അവിസ്മരണീയനായ മറ്റൊരു പ്രഭാഷകന്‍ അണ്ണാമല സര്‍വകലാശാലയുടെ സ്ഥാപകനും ഭാരത സേവാസംഘത്തിന്റെ നേതാവുമായിരുന്ന വി.എസ്. ശ്രീനിവാസശാസ്ത്രി ആണ്. ഇംഗ്ലീഷുകാര്‍ക്കിടയില്‍പ്പോലും ഇത്ര സുന്ദരമായി ഇംഗ്ലീഷില്‍ പ്രസംഗിക്കാന്‍ പ്രാഗല്ഭ്യമുള്ള ആളുകള്‍ ഉണ്ടായിരുന്നില്ലത്രേ. വാല്മീകിയുടെ രാമായണത്തെപ്പറ്റി അദ്ദേഹം മദിരാശിയില്‍വെച്ചു ചെയ്ത ആ സുദീര്‍ഘമായ പ്രസംഗപരമ്പര അഖിലഭാരതപ്രശസ്തി നേടുകയുണ്ടായി. കാവ്യാത്മകതകൊണ്ട് സുശ്രവമായ പ്രസംഗംചെയ്തു പേരു നേടിയ ഒരു പ്രഭാഷകയായിരുന്നു സരോജിനീനായിഡു. ഡോക്ടര്‍ രാധാകൃഷ്ണന്റെ തത്ത്വശാസ്ത്ര പ്രഭാഷണങ്ങള്‍ കിഴക്കെന്നപോലെ പടിഞ്ഞാറും പ്രശസ്തി ആര്‍ജിച്ചവയായിരുന്നു.


പക്ഷേ, പ്രഭാഷണംകൊണ്ടു വിശ്വവിജയം നേടിയ ഒരേയൊരു ഭാരതീയന്‍ ഇവരാരുമല്ല, ഒരു സംന്യാസിയാണ്-സ്വാമി വിവേകാനനന്ദന്‍. 1893-ല്‍ ചിക്കാഗോവില്‍ ചേര്‍ന്ന ലോകമതസമ്മേളനത്തില്‍ വിവേകാനന്ദന്‍ ചെയ്ത പ്രസംഗവും അതിനെത്തുടര്‍ന്ന് അദ്ദേഹം അമേരിക്കയിലും ഇംഗ്ലണ്ടിലും നടത്തിയ വചോജൈത്രയാത്രയും പ്രഭാഷണകലയുടെ ചരിത്രത്തിലെ അനുപമമായ ഒരിതിഹാസമായി ഇന്ന് കിഴക്കും പടിഞ്ഞാറും ഓര്‍മിക്കപ്പെടുന്നു. 'മാനുഷികമായ വാഗ്മിത്വത്തിന്റെ അത്യുന്നതസ്ഥാനം' എന്നും 'ദൈവികനിയോഗത്താല്‍ പ്രാസംഗികനായ മഹാന്‍' എന്നു മറ്റുമാണ് അമേരിക്കയിലെ സാഹിത്യകാരന്മാരും വിജ്ഞാനനേതാക്കളും സ്വാമിജിയെ ഉടനീളം വാഴ്ത്തിയത്. വാക്കിന്റെ ദിവ്യമായ മഹിമയെ പൂര്‍ണമായി മനസ്സിലാക്കി അതിന്റെ ചൈതന്യത്തെ സാക്ഷാത്കരിച്ച ആളായിരുന്നു സ്വാമികള്‍. 'വാക്ക് എന്തൊരു അത്ഭുതശക്തിയാണ്? എന്ന് സ്വാമിജി ഒരവസരത്തില്‍ പറഞ്ഞു. ലോകാചാര്യന്മാര്‍ വാഗധിപതികളായിരിക്കുമെന്നു മറ്റൊരു പ്രശസ്തഭാഷണത്തില്‍ അദ്ദേഹം വിശദീകരിച്ചു. അവരുടെ വാക്ക് ബോംബുപോലെ പൊട്ടിത്തെറിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹം ഇത്തരത്തില്‍പ്പെടുന്ന ഒരു വചനനായകനായിരുന്നു.


ഇംഗ്ലണ്ടിന്റെ ചര്‍ച്ചിലും ജര്‍മനിയുടെ ഹിറ്റ്‌ലറുമാണ് പ്രഭാഷകന്റെ ദുര്‍ജയമായ ശക്തികൊണ്ടു രാഷ്ട്രീയനേതൃത്വത്തെ അധൃഷ്യമാക്കിത്തീര്‍ത്ത രണ്ട് ആധുനികര്‍. ഹിറ്റ്‌ലര്‍ 'ആധുനികയുഗത്തിലെ ഡമൊസ്തനിസ്' ആണെന്ന് വിളികൊണ്ടു. ജര്‍മന്‍ജനതയെ ദശാബ്ദങ്ങളോളം മൂക്കിനു കയറിട്ടു നടത്തിച്ചത്, ഹിറ്റ്‌ലറുടെ വികാരാവേശഭ്രാന്തമായ ഘോരശബ്ദമായിരുന്നു. ജര്‍മന്‍കാരെ വളരെക്കാലം അദ്ദേഹത്തിന്റെ വികാരവിജൃംഭിതങ്ങളായ വാക്കുകള്‍ 'ഹിപ്‌നോട്ടൈസ്' ചെയ്തുവെന്നാണു പല ചരിത്രകാരന്മാരും പറഞ്ഞിട്ടുള്ളത്. ശബ്ദവും നോട്ടവും ചേഷ്ടയുമെല്ലാം പ്രഗല്ഭമായ പരിശീലനംവഴി ഏറ്റവും ഫലപ്രദമായി പ്രയോഗിക്കാന്‍ ഹിറ്റ്‌ലറിനു സാധിച്ചു. എത്രതന്നെ തെറ്റായാലും ശരി, ജര്‍മനിയുടെ മഹിമ ഉദ്ധരിക്കുക എന്ന ലക്ഷ്യം നേടണമെന്ന തീവ്രമായ ആഗ്രഹം ആണ് ഹിറ്റ്‌ലറുടെ വാക്കിനെ ഇത്രമാത്രം ചുട്ടുപഴുത്ത ഒരു തീയുണ്ടയാക്കി മാറ്റിയതെന്നു പറയാതെ തരമില്ല. അതിനെ നേരിടാന്‍ ഇംഗ്ലീഷ് ചാനലിന്റെ മറുവശത്തുനിന്ന് ചര്‍ച്ചിലിന്റെ സ്വരം പൊങ്ങി. 'നിങ്ങള്‍ക്കു ചോരയും ക്ലേശവും കണ്ണീരും വിയര്‍പ്പും മാത്രമേ എനിക്കു തരുവാനുള്ളൂ' എന്നു മറ്റൊരു മഹാസൈനികനേതാവായ ഹാനിബാളിന്റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട്, ചര്‍ച്ചില്‍ ചെയ്ത യുദ്ധകാലപ്രസംഗം എത്രയെത്ര സംശയാലുക്കളുടെ ഹൃദയങ്ങളെ കാരിരുമ്പിനു തുല്യമാക്കി ശക്തിപ്പെടുത്തുകയുണ്ടായില്ല! 'ഞങ്ങള്‍ കടപ്പുറത്തുവെച്ചു യുദ്ധംചെയ്യും; ഞങ്ങള്‍ വയലുകളിലും തെരുവുകളിലും വെച്ചു യുദ്ധംചെയ്യും, ഞങ്ങള്‍ കുന്നിന്‍പുറങ്ങളില്‍വെച്ച് യുദ്ധംചെയ്യും' എന്ന് ചര്‍ച്ചില്‍ 1940 ജൂണ്‍ 4-ാം തീയതി കോമണ്‍സ് സഭയില്‍വെച്ചു പ്രസംഗിച്ചപ്പോള്‍, അന്നുവരെ ആലസ്യവതിയായി താണുകിടന്ന ആംഗലമേദിനി, ഒരു അഭിനവദുര്‍ഗയെപ്പോലെ സര്‍വായുധപാണിയായി, സ്വേച്ഛാധിപത്യം തോറ്റ് തറപറ്റുന്നതുവരെ അടരാടുകയുണ്ടായി. ആധുനികദശയിലെ വീരസ്മരണകളില്‍ ഒന്നാണ് ഇംഗ്ലണ്ടിന്റെ ഈ സമരചരിത്രം. ഇതുപോലെ അത്യുജ്ജ്വലമായ മറ്റൊരു പ്രസംഗം ചര്‍ച്ചില്‍ ചെയ്തത് അതേ സഭയില്‍വെച്ച് അതേ വര്‍ഷം അതേ മാസം 18-ാം തീയതി ആണ്. ആശയദീപ്തികൊണ്ടും ഭാവനാമഹിമകൊണ്ടും വികാരതീവ്രതകൊണ്ടും ശാശ്വതയശസ്സ് നേടിയെടുത്ത ഒരു വചനശില്പതല്ലജമാണ് ആ പ്രസംഗം. അതിലെ ഏറ്റവും മഹത്തായ വാക്യം ഒടുവിലത്തേതുമായിരുന്നു. ചര്‍ച്ചില്‍ ഇങ്ങനെ പ്രസംഗം ഉപസംഹരിച്ചു: ബ്രിട്ടീഷ് സാമ്രാജ്യവും അതിന്റെ കോമണ്‍വെല്‍ത്തും ആയിരം കൊല്ലം നിലനില്ക്കുമെങ്കില്‍, 'ഇതായിരുന്നു അവരുടെ ഏറ്റവും ഭാസുരമായ മുഹൂര്‍ത്തം' എന്ന് അന്നും ജനങ്ങള്‍ പറയത്തക്കവണ്ണം നമുക്കു കര്‍ത്തവ്യങ്ങള്‍
നിറവേറ്റുവാന്‍ തയ്യാറാവുക.' ബ്രിട്ടീഷ് സാമ്രാജ്യം ആയിരം കൊല്ലം ജീവിച്ചില്ല; എങ്കിലും ആ വാക്യം എത്രയായിരം കൊല്ലം കഴിഞ്ഞാലാണു മരിക്കുക? ഇതായിരുന്നു ചര്‍ച്ചില്‍ ഉച്ചരിച്ച ഏറ്റവും ഉജ്ജ്വലമായ വാക്യം!


എങ്ങനെയാണ് ഡമൊസ്തനിസ്സിനെയും ചര്‍ച്ചിലിനെയും പോലെ ഹൃദയവേധികളായ പ്രസംഗങ്ങള്‍ ചെയ്യുവാന്‍ കഴിയുക? ചോദ്യം എളുപ്പത്തില്‍ തീര്‍ന്നിരുന്നുവെങ്കിലും അത്രയെളുപ്പമല്ല ഉത്തരം- ഉത്തരം ഉണ്ടെങ്കില്‍! ഉത്തമനായ പ്രാസംഗികന്‍, ഉത്തമരായ മറ്റെല്ലാ കലാകാരന്മാര്‍ക്കുമൊപ്പം, ഉണ്ടാകുന്നവനാണ്, ഉണ്ടാക്കപ്പെടുന്നവനല്ല. പക്ഷേ, നാക്കുള്ള ആരിലും ഒരു കലാകാരനുള്ളതുപോലെ ആ ആന്തരപ്രാസംഗികനെ വളര്‍ത്തിക്കൊണ്ടുവരുവാന്‍ ചില തത്ത്വങ്ങള്‍ ദീക്ഷിച്ചാല്‍കൊള്ളാം.


പ്രസംഗം ശ്രോതാക്കളുടെ ഹൃദയത്തില്‍ കടത്തുകയാണ് പ്രാസംഗികന്റെ ഏറ്റവും പ്രധാനമായ ലക്ഷ്യം. അതിനു പ്രാസംഗികന്‍ താന്‍തന്നെ വിഷയത്തില്‍ കടക്കണം. അതിനുമുന്‍പ്, വിഷയം പ്രാസംഗികനില്‍ കടന്നിരിക്കുകയും വേണം. വിഷയം തന്റെ ഉള്ളില്‍ കടന്നിട്ടില്ലാത്ത പ്രാസംഗികനു വിഷയത്തില്‍ കടക്കാനും അയാളുടെ പ്രസംഗം ശ്രോതൃഹൃദയങ്ങളില്‍ കടത്താനും പ്രയാസപ്പെടേണ്ടിവരും. അപ്പോള്‍ പ്രസംഗം നന്നാവാന്‍ വേണ്ട പ്രഥമവും പരമപ്രധാനവുമായ സംഗതി താന്‍ സംസാരിക്കുന്ന വിഷയത്തെപ്പറ്റി പ്രാസംഗികനില്‍ ഉണ്ടായിരിക്കേണ്ട ആത്മാര്‍ഥവും ഹൃദയപൂര്‍വവും അഗാധവുമായ ബോധവും സ്‌നേഹവുമാണ്. 'ഹൃദയത്തിന്റെ പൂര്‍ണതയില്‍നിന്നു മുഖം സംസാരിക്കുന്നു' എന്നു മത്തായിയുടെ സുവിശേഷം പ്രസംഗിക്കുന്നു. ഹൃദയനിര്‍ഗതമല്ലാത്ത വാക്ക് ഹൃദയപേശിയാവുകയില്ല. അത് അന്തരീക്ഷത്തെ ഞെട്ടിച്ചേക്കാം. താന്‍ പറയുന്നതിനു വേണ്ടി പ്രാണന്‍പോലും ഉഴിഞ്ഞുവെക്കാനുള്ള വൈകാരികധീരതയാണ് ഡമൊസ്തനിസ്സിനെയും വെബ്സ്റ്ററെയും ഹിറ്റ്‌ലറെയും ശ്രോതൃചിത്തനായകന്മാരാക്കിത്തീര്‍ത്തത്.


ആത്മാര്‍ഥതാജന്യമായ ഈ വൈകാരികധീരതയില്‍നിന്നാണ് പ്രാസംഗികന് ആത്മവിശ്വാസം ജനിക്കുന്നത്. ആത്മവിശ്വാസമില്ലാതെ സദസ്സിനെ നേരിടുന്നവന്റെ തൊണ്ട വരണ്ട് തടി തളര്‍ന്ന്, മുട്ടു വിറച്ച്, ഒച്ചയടച്ച്, ഒരു അഭിനവപാര്‍ഥനെപ്പോലെ അവന്റെ വാഗസ്ത്രങ്ങള്‍ താഴെ വീണുപോകും. വിവക്ഷിതമായ വിഷയത്തെക്കുറിച്ചു താന്‍ പറയുന്നതു സത്യമാണെന്നു മാത്രമല്ല, അതിനെപ്പറ്റി താനാണു പറയേണ്ടത് എന്ന ബോധംകൂടി പ്രഭാഷകന്റെ ഹൃദയത്തില്‍ നിരൂഢമായിരിക്കണം. തനിക്കു പ്രസ്തുതവിഷയത്തെപ്പറ്റി ഉറച്ച ജ്ഞാനമുണ്ടെന്ന സത്യസന്ധമായ ധാരണയുണ്ടെങ്കില്‍ പ്രാസംഗികനെ ഒരിക്കലും രംഗഭീതി (ടമേഴല ളൃശഴവ)േ എന്ന മഹാഭീതി അലട്ടുകയില്ല. ചിലര്‍ പറയാറുണ്ട്, നല്ല പ്രാസംഗികനാവണമെങ്കില്‍ കേള്‍പ്പോര്‍ക്കു വിവരമില്ലെന്നു സ്വയം കരുതുന്നതു നല്ലതാണെന്ന്, ഇതേ മട്ടില്‍ ചെസ്റ്റര്‍ഫീല്‍ഡ് പ്രഭു പറഞ്ഞു, മിക്ക ആളുകള്‍ക്കും ചെവിയേയുള്ളൂ, വിവേകം ഇല്ലെന്ന്. ഇതു പിഴച്ചൊരു പോക്കാണ്. അവനവനു വിഷയജ്ഞാനം ഉണ്ടായിരിക്കുകയും അതുണ്ടെന്ന ബോധം ഉണ്ടായിരിക്കുകയുമല്ലാതെ, മറുകണ്ടം ചാടി, മറ്റാര്‍ക്കും വിവരമില്ലെന്നു കരുതിത്തുടങ്ങിയാല്‍ പ്രസംഗവിദ്യ പ്രാസംഗികന് ആരോഗ്യപ്രദമായി ഭവിക്കാന്‍ ഇടയുണ്ടെന്നു തോന്നുന്നില്ല. അഹങ്കാരവികൃതമല്ലാത്ത ആത്മവിശ്വാസം പ്രഭാഷകന് അത്യാവശ്യമത്രേ. പ്രാസംഗികന്റെ ആത്മവിശ്വാസത്തിനു മികച്ച മാതൃകയായി ഉദ്ധരിക്കപ്പെടാറുള്ളത്, ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡിസ്രേലിയാണ്. പാര്‍ലമെന്റില്‍ തന്റെ കന്നിപ്രസംഗം തടയാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞുപോല്‍: 'ഇപ്പോള്‍ ഞാന്‍ ഇരുന്നുകൊള്ളാം; പക്ഷേ, ഞാന്‍ പറയുന്നതു നിങ്ങള്‍ കേള്‍ക്കേണ്ട ഒരു കാലം വരികതന്നെ ചെയ്യും.' ആ കാലം വരികതന്നെ ചെയ്തു! ആത്മവിശ്വാസമുള്ള ഒരു പ്രാസംഗികന്റെ കാലം വന്നുചേരാതിരിക്കില്ല; വന്നാല്‍ അതു പൊയ്‌പോകുന്നതുമല്ല.


പ്രാസംഗികനു പ്രസംഗവിഷയജ്ഞാനം മാത്രം ഉണ്ടായാല്‍ പോര. അതിനപ്പുറത്തുള്ള വിഷയങ്ങളെപ്പറ്റിയും നല്ല അറിവു വേണ്ടതാണ്. സിസറോവിന്റെ പക്ഷം അയാള്‍ സമസ്തവിജ്ഞാനനിധി ആയിരിക്കണം എന്നത്രേ. ഡാനിയല്‍ വെബ്സ്റ്റര്‍ ചെറുപ്പത്തില്‍ തന്റെ നാട്ടുംപുറത്തെ എല്ലാ പുസ്തകങ്ങളും വായിച്ചുതീര്‍ന്നിരുന്നുപോല്‍. തീവ്രവികാരവാനായ ഒരു പ്രാസംഗികനു പരന്ന വിജ്ഞാനം എപ്പോഴും ഭൂഷണംതന്നെയായിരിക്കും. വികാരത്തെ വേണ്ടത്ര നിയന്ത്രിക്കാന്‍ ആ വിജ്ഞാനം ഉപയോഗപ്പെടും. അല്ലാത്തവരുടെ വിജ്ഞാനം വാക്കുകള്‍ക്കു ചിറകേകുന്നതിനു പകരം ഭാരമായിട്ടാണു തീരുക.


വികാരം, വിജ്ഞാനം എന്നിവയുടെ കൂടെ നില്‌ക്കേണ്ടതാണു വിചാരം. ചിന്താശീലവും യുക്തികുശലതയും പ്രാസംഗികരില്‍ ഒഴിച്ചുകൂടാത്ത ഗുണങ്ങളാണ്. സംസാരിക്കുന്നതിനു മുന്‍പ് എന്തിനെക്കുറിച്ച് എങ്ങനെയാണു താന്‍ സംസാരിക്കുവാന്‍ പോകുന്നതെന്നും, സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്താണു താന്‍ പറയുന്നതെന്നും, സംസാരിച്ചുകഴിഞ്ഞാല്‍ എന്തൊക്കെയാണു താന്‍ പറഞ്ഞതെന്നും വ്യക്തമായ ബോധം പ്രാസംഗികനുണ്ടായിരിക്കണം എന്നും ചിലര്‍ ഉപദേശിക്കാറുണ്ട്. പ്രസംഗത്തില്‍ വിചാരശീലത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറയുകയാണ് അവര്‍. പക്ഷേ ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ മിന്നല്‍ പായിച്ചുകൊണ്ട് വികാരപരകോടിയില്‍ എത്തുന്ന പ്രസംഗങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല. എന്നാല്‍, സാധാരണ പ്രഭാഷണങ്ങളില്‍ വിചാരത്തിനും യുക്തിബോധത്തിനും മാന്യമായ സ്ഥാനമുണ്ട്. ഈ ഗുണങ്ങളുള്ള പ്രസംഗത്തില്‍ പിഷ്ടപേഷണംചെയ്ത ആശയങ്ങളും ഉദ്ഭ്രാന്തങ്ങളായ പുതുമകളും കുറവായിരിക്കും. ഷെരിഡന്‍ കളിയാക്കിവിട്ട ഒരു പ്രസംഗംപോലെ ആവുകയില്ലെന്നു ചുരുക്കം. ഷെരിഡന്‍ ഒരു പ്രസംഗത്തെപ്പറ്റി പറഞ്ഞു: ഈ പ്രസംഗത്തില്‍ പുതുതും സത്യവും ഉണ്ട്. പക്ഷേ, ഇതിലെ സത്യം പുതുതല്ല, പുതുതു സത്യവുമല്ല.'


വിചാരഗുണം ഇല്ലാത്ത പ്രസംഗം അധിവാക്കായിരിക്കും. പ്രാസംഗികന്‍ വര്‍ജിക്കേണ്ട ഏറ്റവും വലിയ ദോഷമാണു വാചാടോപം അഥവാ വാചാലത. 'വാചാലനായ പ്രാസംഗികന്‍' എന്ന കൃതജ്ഞത പറയുന്നവര്‍ സത്യത്തില്‍ കൃതഘ്‌നത കാണിക്കുന്നവരാണ്. എന്നാല്‍, സത്യത്തില്‍ മിക്ക പ്രാസംഗികരും വാചാലന്മാര്‍ മാത്രമാണ്. വാചാലന്‍ 'ബഹുഗര്‍ഹ്യവാക്ക്' ആണെന്ന് അമരകോശം പറയുന്നു. വളരെയധികം കെടുവാക്കു പറയുന്നവന്‍ വാഗ്മി എന്ന ശബ്ദത്തിനു സാധാരണയായി 'വചോയുക്തിപടു' എന്ന നല്ല അര്‍ഥമാണ് ഉള്ളതെങ്കിലും അതിനുപോലും 'വാവദൂകന്‍' (അധികപ്രസംഗി) എന്ന ദുരര്‍ഥം ഉണ്ടെന്ന് രാമാശ്രമി എന്ന അമരകോശവ്യാഖ്യാതാവ് അഭിപ്രായപ്പെട്ടിട്ടുണ്ട്. നല്ല അര്‍ഥത്തിലുള്ള വാഗ്മി ആകാനാണ് പ്രാസംഗികന്‍ യത്‌നിക്കേണ്ടത്. നല്ല വാഗ്മിത്വം മിതവും സാരവുമായ വാക്ക് ഉപയോഗിക്കലാണെന്ന് ഒരു സംസ്‌കൃതമഹാകവി പാടിയത് ശ്രദ്ധേയമാണ് - 'മിതം ച സാരം ച വചോ ഹി വാഗ്മിതാ'. ഒരു മണിക്കൂര്‍ നീണ്ടുനിവര്‍ന്ന് വാക്കുകള്‍ ചിതറിപ്പരത്തിയിട്ടും വിഷയത്തില്‍ കടക്കാതെ അലഞ്ഞുതിരിഞ്ഞുകൊണ്ടിരുന്ന ഒരു പ്രാസംഗികനോടു പ്രസംഗം ചുരുക്കണമെന്നു ഗത്യന്തരമില്ലാതെ അധ്യക്ഷന്‍ ആവശ്യപ്പെട്ടപ്പോള്‍, 'ഇനിയാണു നല്ല ഭാഗം വരുന്നത്' എന്നു പറഞ്ഞെന്നു കേട്ടിട്ടുണ്ട്. ഇത്തരം വാഗ്മികളാണ് ഇന്നു നാട്ടില്‍ കൂടുതല്‍. പ്രസംഗം ചാവുന്നതിനു മുന്‍പ് അതിനെ പ്രാസംഗികന്‍ കൊല്ലേണ്ടതാണ്; ഇല്ലെങ്കില്‍ ശ്രോതാക്കളാണു ചത്തുപോവുക! വാസ്തവത്തില്‍ പ്രാസംഗികനെയാണ് അപ്പോള്‍ കൊല്ലാന്‍ തോന്നുക! അതായത്, കാര്യം പറഞ്ഞു സദസ്യര്‍ക്കുണ്ടായ രസം അകാര്യം പറഞ്ഞു നീരസമായി മാറുന്നതിനു മുന്‍പു പ്രസംഗം നിര്‍ത്തേണ്ടതാണ്. കേള്‍വിക്കാര്‍ സംസാരിച്ചുതുടങ്ങുന്നതിനു മുന്‍പ് പ്രാസംഗികനു സംസാരം നിര്‍ത്താം. പക്ഷേ, മിക്ക പ്രാസംഗികരും സ്വശബ്ദശ്രവണത്തില്‍ തത്പരരാകയാല്‍ ബഹുഭാഷികളാണ്. വാക്കിന് അതിസാരവും ചിന്തയ്ക്കു മലബന്ധവും പിടിച്ച പ്രാസംഗികന്‍ ചെവിക്കു നാരാചവും ബുദ്ധിക്കു നഞ്ഞുമാണ്. അമിതഭാഷികള്‍, തങ്ങള്‍ക്ക് ആഴം പോരെന്ന് അറിയുന്നതുകൊണ്ടാവാം, ആ നഷ്ടം നീളംകൊണ്ടു നികത്താന്‍ നോക്കുന്നു.


പ്രത്യുത്പന്നമതിത്വമാണ് പ്രാസംഗികനുവേണ്ട ഒരു പ്രധാന ഗുണം. ഇതു ജന്മായത്തമായ പ്രതിഭാവിശേഷംകൊണ്ടു മാത്രമേ സിദ്ധിക്കുകയുള്ളൂ. പ്രാസംഗികന്‍ എത്ര പണ്ഡിതനും ചിന്തകനും ആയാലും ശരി, പൊടുന്നനവെ സദസ്സില്‍ ഉളവാകുന്ന അവസ്ഥാവിശേഷങ്ങളെയും അവിടെനിന്നുയരുന്ന ചോദ്യങ്ങളെയും സമര്‍ഥമായി നേരിടണമെങ്കില്‍ ഘര്‍ഷണദീപ്തിസ്വഭാവമുള്ള ബുദ്ധിതന്നെ വേണം. ലോയിഡ് ജോര്‍ജ്, ചര്‍ച്ചില്‍ എന്നിവര്‍ ഉരുളയ്ക്കുപ്പേരി കണക്കിനു പ്രസംഗവേദിയില്‍നിന്നു ബഹളക്കാര്‍ക്കു മറുപടികൊടുക്കുന്നതില്‍ അതിസമര്‍ഥരായിരുന്നു. 'ഞാന്‍ വെയില്‍സിനും സ്‌കോട്ട്‌ലാണ്ടിനും അയര്‍ലണ്ടിനും സ്വയംഭരണം വേണമെന്ന പക്ഷക്കാരനാണ് എന്ന് തിരഞ്ഞെടുപ്പുയോഗത്തില്‍ ലോയിഡ് ജോര്‍ജ് പ്രസംഗിച്ചപ്പോള്‍ ബഹളക്കാര്‍ വിളിച്ചുകൂവി, 'നരകത്തിന്റെ സ്വയംഭരണത്തെപ്പറ്റി എന്തു പറയുന്നു?' എന്ന്. ഉടനെ വന്നു കൊല്ലുന്ന മറുപടി: 'തന്റെ മാതൃഭൂമിയെപ്പറ്റി എന്റെ സുഹൃത്ത് ഓര്‍ത്തുകാണുന്നതില്‍ എനിക്കു സന്തോഷമുണ്ട്.' ചര്‍ച്ചിലിന്റെ നയങ്ങളോടും മീശയോടും തനിക്കു വെറുപ്പാണ് എന്ന് ഒരു സ്ത്രീ വിളിച്ചുപറഞ്ഞപ്പോള്‍ വായയടച്ചുകൊണ്ടുള്ള തിരിച്ചടി ഇങ്ങനെയായിരുന്നു. 'അല്ലയോ മാന്യേ, ഭവതി രണ്ടുമായും ബന്ധപ്പെടാന്‍ ഒട്ടും വഴിയില്ല.' മറ്റൊരു തിരഞ്ഞെടുപ്പുയോഗത്തില്‍ ഒരു കലാപകാരി വിളിച്ചലറി: 'നിങ്ങളുടെ സ്ഥാനാര്‍ഥിയുടെ തല തിന്നുകളയും ഞങ്ങളുടെ പുള്ളി.' പ്രാസംഗികനായ ബയേഴ്‌സ് മറുപടി പറയാന്‍ ഒട്ടും മടിച്ചില്ല: 'അങ്ങനെയാണെങ്കില്‍ അവന്റെ തലയിലുള്ളതിലധികം തലച്ചോറ് വയറ്റില്‍ ഉണ്ടാകും.' ആസ്റ്റര്‍പ്രഭ്വി പ്രസംഗിക്കുമ്പോള്‍ ഒരു യോഗംകലക്കി വെറുതെ കയറിച്ചോദിച്ചു: 'പന്നിയുടെ കാലില്‍ വിരലെത്ര?' അവര്‍ പറഞ്ഞ മറുപടിയെന്തെന്ന് ഊഹിച്ചുപറയാമോ?


പ്രാസംഗികന്റെ സ്വരമാണ് പ്രസംഗത്തെ വിജയിപ്പിക്കുന്ന മറ്റൊരു പ്രധാനഘടകം. അധികം നേര്‍ത്തതോ കനത്തതോ അല്ലാത്ത ഗൗരവമുള്ള പുരുഷശബ്ദമാണ് പ്രസംഗത്തിന് ഏറ്റവും പറ്റിയത്. മഹാഭാഷ്യത്തില്‍ പതഞ്ജലി പന്ത്രണ്ടു സ്വരദോഷങ്ങളെക്കുറിച്ചു പറയുന്നുണ്ട്-അടഞ്ഞത്, പരന്നത്, ഇടറിയത്, കൊഞ്ഞിപ്പുള്ളത്, തെളിയാത്തത്, പാട്ടിന്റെ മട്ടിലുള്ളത്, മുഴങ്ങുന്നത്, തിരക്കുപിടിച്ചത് ഇങ്ങനെ കുറെ ദോഷങ്ങള്‍. ഇവയൊന്നും കൂടാതെ വികാരാനുസാരിയായ ശക്തിയോടും വേഗത്തോടും കൂടെ സ്​പഷ്ടമായി ഉച്ചരിക്കുന്ന ശബ്ദങ്ങളുടെ ധാര ശ്രോതാവിന്റെ മനസ്സിനെ ഓലത്തുരുമ്പുപോലെ വഹിച്ചുകൊണ്ടു പോകുന്നതായിരിക്കും. ശബ്ദമാന്ത്രികത്വം എന്നത് ഇതാണ്.


ഇങ്ങനെ വികാരവും വിജ്ഞാനവും വിചാരവും നിറഞ്ഞു സുശ്രവമായ ശബ്ദത്തോടെ ഉചിതമായ അംഗവിക്ഷേപങ്ങള്‍ കലര്‍ത്തി മഹത്തായ ഒരു വിഷയത്തെക്കുറിച്ച് ആത്മധൈര്യത്തോടെ പ്രസംഗിച്ചാല്‍ വാഗ്‌ദേവതയ്ക്ക് അനശ്വരനികേതനമായ ഒരു ഉത്കൃഷ്ട കലാശില്പമായിരിക്കും ആ പ്രഭാഷണം. അത്തരമൊരു പ്രസംഗം അവസാനിച്ചാല്‍ 'നല്ലൊരു പ്രസംഗം' എന്നു പറഞ്ഞ് ആളുകള്‍ അഭിനന്ദിക്കാന്‍ നില്ക്കാതെ, അതില്‍ പ്രസ്താവിച്ച കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ തിരക്കുകൂട്ടുകയാണ് ചെയ്യുക. കഥ കേട്ടിട്ടുള്ളത് ഇങ്ങനെയാണ്-സിസറോവിന്റെ പ്രസംഗം കേട്ടാല്‍ ആളുകള്‍ കൈയടിച്ചു പ്രസംഗം നന്നായെന്ന് അഭിനന്ദിച്ചിരുന്നു; എന്നാല്‍, ഡമൊസ്തനിസ്സിന്റെ പ്രസംഗം കഴിഞ്ഞാല്‍ ആളുകള്‍ പ്രസംഗത്തെയും പ്രാസംഗികനെയും മറക്കുകയും അദ്ദേഹം പറഞ്ഞ കാര്യം ചെയ്യാന്‍ തിടുക്കംകൂട്ടുകയും ചെയ്തിരുന്നുപോല്‍.


സ്വാതന്ത്ര്യവും ജനാധിപത്യബോധവും പരക്കെ വ്യാപിച്ച നവോത്ഥാനദശകളിലും സ്വാതന്ത്ര്യസമരഘട്ടങ്ങളിലും ആണ് ഏറ്റവും ഉയര്‍ന്ന വാഗ്മിത്വം പ്രതിഫലിച്ചിരുന്നത് എന്നു ചരിത്രം തെളിവു തരുന്നു. ഫിലിപ്പിന്റെ അക്രമഭരണത്തിനെതിരായി പടപൊരുതിയ അഥീനിയന്മാരുടെ നാവായിരുന്നു ഡമൊസ്തനിസ്. ഇംഗ്ലണ്ടില്‍ ജനായത്തവ്യവസ്ഥിതി ഉറച്ച അവസരത്തിലാണ് ആ രാജ്യത്തിലെ മികച്ച വാക്പതികള്‍ വാഴ്ചകൊണ്ടത്-ബര്‍ക്കും മറ്റും. ഇവര്‍ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടിക്കല്ലുകള്‍ക്കു തങ്ങളുടെ കണ്ഠചൈതന്യംകൊണ്ട് ഉറപ്പുകൂട്ടി. അമേരിക്കന്‍വിപ്ലവത്തിന്റെ ഘട്ടത്തിലും അതിനുശേഷവും വന്ന പ്രാസംഗികന്മാരും ഇതേ തത്ത്വത്തെ വെളിപ്പെടുത്തുന്നു. ഇന്ത്യയുടെ നവോത്ഥാനദശയുടെ ചരിത്രം നമുക്ക് അറിയാവുന്നതുകൊണ്ടു വിസ്തരിക്കുന്നില്ല. ജനതയെ, വിശേഷിച്ച് അതിലെ യുവചേതനയെ, ഉദ്‌ബോധനംകൊള്ളിക്കുകയാണ് പ്രഭാഷകന്റെ മഹത്തായ കടമ.


പക്ഷേ, ഇന്നു പ്രസംഗകല നന്നേ ക്ഷയിച്ചിരിക്കുകയാണ്. ഇനി അതിന് ഉത്തേജനം എന്നെങ്കിലും ഉണ്ടാകുമോ? ജനാധിപത്യത്തില്‍ ആര്‍ക്കും എന്തും പറയാം. ഈ അതിസ്വച്ഛന്ദസ്ഥിതി പ്രസംഗകലയുടെ മാഹിത്യത്തെ വളരെയേറെ കെടുത്തിക്കളഞ്ഞിരിക്കുന്നു. അറിവോ ആത്മാര്‍ഥതയോ സത്യസന്ധതയോയില്ലാതെ ഏതെങ്കിലും കൊടിക്കീഴില്‍ നിന്നുകൊണ്ട് തൊള്ള പൊളിയുമാറ് അലറുന്നവരെല്ലാം പ്രാസംഗികരായിരിക്കുന്ന കാലമാണ് ഇത്. ഇന്നത്തെ പ്രസംഗകലാനിയമം ഒന്നു മാത്രമാണ്- 'ഉച്ചൈരുച്ചരിതവ്യം.' പറയുന്നതു കഴിയുന്നത്ര ഉച്ചത്തില്‍ പറയുക; അതുതന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു കൂടക്കൂടെ പറയുക-നിങ്ങള്‍ ഹാ പ്രാസംഗികനായി. വാഗ്‌ദേവതയുടെ ചുടുകാടുകളാണ് ഇത്തരക്കാരുടെ പ്രഭാഷണങ്ങള്‍. ആ ദേവിയെ ഉയിര്‍ത്തെഴുന്നേല്പിക്കുവാന്‍ ഡമൊസ്തനിസ് മുതല്‍ ചര്‍ച്ചില്‍വരെ നീണ്ടുകിടക്കുന്ന വാഗ്ഭടന്മാരുടെ വീരാപദാനങ്ങള്‍ നമുക്കു പ്രചോദനം അരുളിയനുഗ്രഹിക്കുന്നു. കേരളത്തില്‍ പഴയ കാലത്തെ ഒരു പ്രസിദ്ധ പ്രഭാഷകനായിരുന്ന സ്വാമി സത്യവ്രതന്റെ ചരമം അനുസ്മരിച്ചുകൊണ്ടു പ്രശസ്തകവിയായ പള്ളത്ത് രാമന്‍ എഴുതിയ കവിതയിലെ രണ്ട് ഈരടി ഈയവസരത്തില്‍ ഓര്‍ത്തുപോകുന്നു. ശ്രേഷ്ഠനായ പ്രഭാഷകനുള്ള നിത്യമായ ചരമസ്തുതിയാണത്.
സ്‌നേഹോജ്ജ്വലം പുഷ്‌കലകണ്ഠനാദം
വിശ്രാന്തികൊള്ളുന്ന കുടീരമേ നീ,
ഉച്ചൈസ്തരം വാഗ്മിതയാലുയര്‍ത്തും
യുഗേ യുഗേ ഹാ യുവലോകചിത്തം!


(ഇന്ത്യയും ചിന്തയും എന്ന പുസ്തകത്തില്‍ നിന്ന്)