Wednesday, January 25, 2012

അഴീക്കോട് എന്ന രാഷ്ട്രീയക്കാരന്‍

തൃശൂര്‍
അരനൂറ്റാണ്ടിലധികം സാംസ്കാരിക-സാമൂഹിക-പൊതു മണ്ഡലങ്ങളിലും അസ്തമിക്കാത്ത നക്ഷത്രത്തെപ്പോലെ തിളങ്ങിനിന്ന സുകുമാര്‍ അഴീക്കോട് രാഷ്ട്രീയത്തില്‍ ഏതു ചേരിയിലായിരുന്നു? രാഷ്ട്രീയം ജീര്‍ണാവസ്ഥയിലേക്കു വഴുതിമാറുമ്പോള്‍ അഴീക്കോട് അതിനെ തിരുത്താന്‍ ശ്രമിച്ചു. ഫലം കാണാതിരുന്നപ്പോള്‍ എല്ലാം രാഷ്ട്രീയ നേതാക്കളോടും കലഹിച്ചു, എല്ലാവരെയും വിമര്‍ശിച്ചു. രാഷ്ട്രീയം ഒരിക്കലും അദ്ദേഹത്തിന്‍റെ മേഖലയായിരുന്നില്ല. എന്നാല്‍, രാഷ്ട്രീയം അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു.
സാംസ്കാരിക നായകന്‍ എന്ന പ്രൗഢിയെ രാഷ്ട്രീയത്തില്‍ പ്രയോജനപ്പെടുത്താനാണ് ഇരുപക്ഷങ്ങളും ശ്രമിച്ചത്. ഒരു പാര്‍ട്ടിയുടെ കൊടിക്കു കീഴില്‍ അഴീക്കോടിനെപിടിച്ചു കെട്ടുക പ്രയാസമായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങിയിട്ടും ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപെടാതിരുന്നിട്ടില്ല. എഴുത്തുപോലെ ഒരിക്കലും എനിക്കു രാഷ്ട്രീയം വഴങ്ങില്ലെന്നും ഒരിക്കല്‍ പറഞ്ഞു.
അധികാര രാഷ്ട്രീയത്തില്‍ ചാഞ്ചാടുന്നവന്‍ എന്ന വിമര്‍ശനവും കേള്‍ക്കേണ്ടിവന്നു. സാംസ്കാരിക നായകരിലേറെയും ഇടതുപക്ഷ സഹയാത്രികരായപ്പോള്‍ അഴീക്കോട് കോണ്‍ഗ്രസ് ചേരിയില്‍ നിന്നു മത്സരിച്ചു. എസ്.കെ. പൊറ്റെക്കാട്ടിനോടു തോറ്റു. അതൊരു കറുത്ത അധ്യായമാണെന്ന് അഴീക്കോട് പിന്നീടു പറഞ്ഞിട്ടുണ്ട്.
പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കു ചേക്കേറാന്‍ തീരുമാനിച്ച കെ.കേളപ്പനെ അതേവേദിയില്‍ അഴീക്കോട് രൂക്ഷമായി വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ കലഹം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് സഹയാത്രികനായി. എം.എന്‍. വിജയനെപ്പോലുള്ളവര്‍ പരസ്യമായി പാര്‍ട്ടിക്കെതിരേ വന്നപ്പോള്‍ പാര്‍ട്ടിയുടെ നാവായി. വിജയന്‍ മാഷുടെ അന്ത്യത്തിലും അദ്ദേഹം അദ്ദേഹം ആ നിലപാട് സുവ്യക്തമാക്കുകയാണുണ്ടായത്.
സാംസ്കാരിക നായകനില്‍ രാഷ്ട്രീയ രക്തം ഓടുമ്പോഴും, ഒരിക്കലും ജനാതിപത്യത്തിനായി ചൂണ്ടുവിരലില്‍ മഷിപുരട്ടാന്‍ അഴീക്കോട് പോയിട്ടില്ലെന്നത് ഇനിയും ആര്‍ക്കും പിടികിട്ടാത്ത സമസ്യ. വോട്ടു ചെയ്യാത്ത അഴീക്കോട് രാഷ്ട്രീയക്കാരെ വിമര്‍ശിക്കാന്‍ വരേണ്ടെന്ന വിമര്‍ശനം ഒരുതരം ക്ലീഷേയുമായി.
ഒടുവില്‍ വിടവാങ്ങുമ്പോള്‍ അഴീക്കോടിനെ കാണാനെത്തുന്ന രാഷ്ട്രീയ പ്രമുഖരെ കാണുമ്പോള്‍ ഉറപ്പിച്ചു പറയാം, അഴീക്കോട് ഒരിക്കലും രാഷ്ട്രീയത്തില്‍ തോറ്റിട്ടില്ല. അദ്ദേഹത്തിന്‍റെ രാഷ്ട്രീയം എന്നും ജനന്മയുടേതായിരുന്നു.

അവരെന്നും മിത്രങ്ങള്‍

തൃശൂര്‍
ഇരുപത്തിയഞ്ചാം വയസില്‍ തുടങ്ങി 85ല്‍ വന്നു നിന്നപ്പോള്‍ സുകുമാര്‍ അഴീക്കോട് വാക്കുകള്‍കൊണ്ടു സമ്പാദിച്ച ശത്രുക്കള്‍ ഏറെ. പക്ഷേ, വിമര്‍ശനത്തിനപ്പുറം എല്ലാവരും അദ്ദേഹത്തിനു മിത്രങ്ങളാണെന്നു തിരിച്ചറിയുന്നത് രോഗ ശയ്യയിലായപ്പോള്‍. അദ്ദേഹം കണക്കറ്റുവിമര്‍ശിച്ചവര്‍, അദ്ദേഹത്തെ വിമര്‍ശിച്ചവര്‍, ആ കൈതലോടി കിടക്കയ്ക്കരികിലിരുന്നപ്പോള്‍ അറിഞ്ഞത് ആ സ്നേഹസാഗരത്തെ.
എല്ലാവരും വന്നു, പക്ഷേ നീ വന്നപ്പോഴാണ് എനിക്കു സന്തോഷമായത്. നീ വരുമെന്ന് എനിക്കറിയാമായിരുന്നു- ടി. പത്മനാഭനോട് മാഷ് പറഞ്ഞു. ആശുപത്രിയില്‍ കണ്ടു നിന്നവര്‍ക്കുപോലും അതു വികാര നിര്‍ഭരമായി. നീയില്ലെങ്കില്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ലെന്നു മൗനമായി മറുമൊഴിയോതിയിട്ടുണ്ടാകാം പത്മനാഭന്‍.
അഴീക്കോടിന്‍റെ വിമര്‍ശനം കണക്കില്ലാതെയേറ്റ വെള്ളാപ്പള്ളി നടേശന്‍ അഴീക്കോടിനെ കണ്ട് പൊട്ടിക്കരഞ്ഞു. എം.വി. ദേവന്‍, അന്തരിച്ച കെ. കരുണാകരന്‍, നടന്‍ മോഹന്‍ലാല്‍... അങ്ങനെ ശത്രുക്കളായ മിത്രങ്ങളുടെ പട്ടിക വലുത്. അവരെയെല്ലാം അവസാനനാളുകളില്‍ സ്നേഹത്തോടെ അരികിലെത്തി കാണാന്‍ കഴിഞ്ഞത് ഇനിയാര്‍ക്കും ലഭിക്കാത്ത ഭാഗ്യം. ആശുപത്രിക്കിടക്കയില്‍ നിന്നെഴുന്നേറ്റാല്‍ ഈ അനുഭവങ്ങള്‍ ആത്മകഥയാക്കും എന്ന് അഴീക്കോട് പറഞ്ഞിരുന്നു. ഇനിയീക്കഥകള്‍ ആത്മകഥയില്‍ പെടുത്തേണ്ട. കാരണം മലയാളിയുടെ മനസില്‍ ഒരിക്കലും മറക്കാത്ത മനുഷ്യത്വത്തിന്‍റെ മാതൃകയായി, മായാത്ത ചരിത്രമാകും അത്.

മരിക്കും മുന്‍പ് പേരുമിട്ടു

കോഴിക്കോട്
കെ.പി. സജീവന്‍
മരിക്കും മുന്‍പ് സ്വന്തം സ്മാരകത്തിനു പേരു നിര്‍ദേശിച്ചിരുന്നു സുകുമാര്‍ അഴീക്കോട്- അഴീക്കോട് സ്മാരക ഗ്രന്ഥാലയം. തിരക്കിട്ട പരിപാടികള്‍ക്കിടെ കഴിഞ്ഞ നവംബര്‍ 28നാണ് കോഴിക്കോട് കാരപ്പറമ്പിലെ വാഗ്ഭടാനന്ദ മന്ദിരത്തില്‍ മാഷെത്തുന്നത്. അദ്ദേഹം ചെയര്‍മാനായി 2011 നവംബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്ത മന്ദിരത്തിന്‍റെ ഭാവിപരിപാടികള്‍ ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.
പുതിയ മന്ദിരത്തില്‍ ആരംഭിക്കുന്ന ഗ്രന്ഥശാലയെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. തൃശൂരിലെ വീട്ടില്‍ തിങ്ങി നിറഞ്ഞ പുസ്തകങ്ങള്‍ ഗ്രന്ഥശാലയ്ക്കു നല്‍കാമെന്ന് ആദ്യമേ മാഷ് പ്രഖ്യാപിച്ചു. പിന്നീട് ഗ്രന്ഥാലയത്തിനു പേരിടുന്നതിനെക്കുറിച്ചായി സംസാരം. “”ഒരു കാര്യം ചെയ്യ്, പേരും ഞാന്‍ പറയാം, അഴീക്കോട് സ്മാരക ഗ്രന്ഥാലയം....’’ കേട്ടുനിന്നവര്‍ ഞെട്ടാതിരുന്നില്ല. എന്തിനാണ് പേരിന്‍റെ കൂടെ ഒരു സ്മാരകം മാഷേ എന്ന് ചിലര്‍ ചോദിച്ചു. അദ്ദേഹം ചിരിച്ചു. “”ആ... എന്നാല്‍, അഴീക്കോട് വായനശാല എന്നോ മറ്റോ ഇട്ടോ....’’ അന്ന് കോഴിക്കോട് വിട്ടതാണ്. പിന്നെ കേട്ടത് ആശുപത്രിയിലായ വിവരം.
അഴീക്കോട് സംഭാവന ചെയ്ത പുസ്തകങ്ങള്‍ വാഗ്ഭടാനന്ദ മന്ദിരത്തിലിരുന്നു മറിച്ചു നോക്കുമ്പോള്‍ വൈസ് ചെയര്‍മാന്‍ ധര്‍മരാജ് കാളൂരിന് സങ്കടം സഹിക്കാനാവുന്നില്ല. തനിക്കേറ്റവും പ്രിയപ്പെട്ട നഗരം കോഴിക്കോടാണെന്നു സുഹൃദ് സദസുകളില്‍ മാഷ് എപ്പോഴും പറയും. ബഷീറും എന്‍പിയും കെടിയും തിക്കോടിയനും എസ്കെയും എംടിയുമടക്കം പ്രിയപ്പെട്ട സുഹൃത്തുക്കളെയെല്ലാം തന്ന നഗരം, കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രസംഗിച്ച ടൗണ്‍ ഹാള്‍, കൂടുതല്‍ കാലം ജീവിച്ചത്... ഇങ്ങനെ ഒരുപാട് ക്രെഡിറ്റുകള്‍ അദ്ദേഹം ഈ നഗരത്തിനു നല്‍കി. ഒരുപക്ഷെ അദ്ദേഹം അറിഞ്ഞുകൊണ്ടുതന്നെയാവാം തന്‍റെ പേരിലൊരു സ്മാരകം വരുന്നുണ്ടെങ്കില്‍ അത് കോഴിക്കോട്ടു തന്നെയാവട്ടെ എന്നാഗ്രഹിച്ചതെന്ന് ട്രസ്റ്റി അംഗവും അഴീക്കോടിന്‍റെ ശിഷ്യനും സന്തത സഹചാരിയും മുന്‍മേയറുമായ അഡ്വ. എ. ശങ്കരന്‍.

അച്ഛനും അമ്മയും

ഭാരതീയ പ്രസംഗകലയുടെ അനന്തവിഹായസില്‍ പാറിപ്പറക്കാന്‍ അഴീക്കോടിനു ചിറകു നല്‍കിയ രണ്ടു ശക്തികള്‍, അച്ഛന്‍ വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്‍ മാസ്റ്ററും അമ്മ കോളോത്ത് തട്ടാരത്ത് മാധവിയമ്മയും.
പ്രസംഗവും എഴുത്തും ജീവിതത്തിന്‍റെ ഭാഗമായിരുന്നു ദാമോദരന്‍ മാസ്റ്റര്‍ക്ക്. സംസ്കൃതം, ജ്യോതിഷം, വൈദ്യം, വാസ്തുവിദ്യ എന്നിവയില്‍ സാമാന്യം ജ്ഞാനമുണ്ടായിരുന്നു. അദ്ദേഹത്തെ കാണാന്‍ അന്നത്തെ രാഷ്ട്രീയ പ്രമുഖരും പൗരപ്രമുഖരും വീട്ടിലെത്താറുണ്ടായിരുന്നു. അഴീക്കോട് മാഷിന്‍റെ ബാല്യ-കൗമാരങ്ങള്‍ ഇതെല്ലാം കണ്ടാണു വളര്‍ന്നത്. രാഷ്ട്രീയ-സാംസ്കാരിക-ആത്മീയ അന്തരീക്ഷങ്ങള്‍ കൊച്ചു സുകുമാരനെ ആകര്‍ഷിച്ചു, ജ്ഞാനതൃഷ്ണയെ വളര്‍ത്തി.
മുന്‍കോപക്കാരനായ അച്ഛന്‍റെ സ്വഭാവം തനിക്കു മാത്രമാണു കിട്ടിയതെന്നു മാഷ് പറഞ്ഞിട്ടുണ്ട്. അച്ഛന്‍ പഠിപ്പിച്ച യോഗവിദ്യകള്‍ അഴീക്കോടിന്‍റെ ആരോഗ്യത്തെയും സംരക്ഷിച്ചു. സ്നേഹക്കടല്‍ എന്ന പ്രയോഗം കവിതയാണെങ്കില്‍ അമ്മ ആ കവിതയാണെന്നു മാഷ് തന്‍റെ ആത്മകഥയില്‍ പറയുന്നു. നല്ല മനുഷ്യനാകാന്‍ ഏറെയൊന്നും വായിക്കേണ്ടെന്നാണ് അമ്മ പഠിപ്പിച്ചത്. അച്ഛന്‍റെ വഴി ഉപേക്ഷിക്കാന്‍ തയാറാകാത്ത സുകുമാര്‍ വായനയുടെ ലോകത്തേക്കു വഴുതി. ഒടുവില്‍ അമ്മയുടെ വഴിയിലേക്കു മടങ്ങാനും ആഗ്രഹിച്ചിരുന്നു. എണ്ണ തേച്ചു കുളിപ്പിക്കുന്നതിനൊപ്പം കഥകളും കഥാപാത്രങ്ങളും അമ്മയുടെ വാമൊഴിയിലൂടെ പകര്‍ന്നുകിട്ടി. അമ്മ മരിക്കുമ്പോള്‍ അരികില്ലില്ലാതെ പോകുമോ എന്ന ആശങ്ക മാഷെ എപ്പോഴും അലട്ടിയിരുന്നു. മാഷുടെ വാക്കുകളില്‍ പറഞ്ഞാല്‍- അമ്മയുടെ മരണ സമയത്ത് അരികിലുണ്ടാകാന്‍ കഴിഞ്ഞതു മഹാഭാഗ്യമെന്നു പറയാമെങ്കിലും, അപ്പോള്‍ അനുഭവിക്കേണ്ടി വന്ന മഹാദുഃഖത്തിനു മുന്നില്‍ ആ ഭാഗ്യവും വ്യര്‍ഥമായിരുന്നു.

അഴീക്കോട് മുതല്‍...

തൃശൂര്‍

അംശത്തിലൂടെ അഖിലത്തെ പ്രാപിക്കണം. അവനവന്‍ ജനിച്ച കൊച്ചുദേശമല്ല, രാഷ്ട്രവും ലോകവുമെന്നും രാഷ്ട്രത്തിന്‍റെയും ലോകത്തിന്‍റെയും ചെറിയൊരു അംശം മാത്രമാണ് അതെന്നും ജനങ്ങളെ ധരിപ്പിക്കാന്‍ പറ്റിയ ഒരു വാക്ക്. അതിനുള്ള ഒന്നാമത്തെ ചവിട്ടുകല്ലാണ് ജന്മഗ്രാമമായ അംശം. ആ അംശത്തില്‍ അഖിലം പ്രതിബിംബിച്ചിരിക്കുന്നു.
കെ.ടി.സുകുമാരന്‍, സുകുമാര്‍ അഴീക്കോട് ആയത് എങ്ങനെയെന്ന് അറിഞ്ഞു കൂടാ എന്നു മാഷ് തന്നെ പറയുന്നുണ്ട്. എഴുതാന്‍ തുടങ്ങുന്ന കാലത്ത് ഔദ്യോഗിക നാമത്തില്‍ നിന്നുള്ള മോചനമായിരുന്നു അഴീക്കോട് എന്ന കൂട്ടിച്ചേര്‍ക്കല്‍. അതെപ്പറ്റി മാഷ് പറഞ്ഞത് ഇങ്ങനെയാണ്- ഞാന്‍ പോകുന്നിടത്തെല്ലാം കൂടെ അഴീക്കോട് ഉണ്ട്. മൃത്യുവിനെപ്പോലെ അത് എന്നില്‍ നിത്യസന്നിഹിതന്‍’. അങ്ങനെ സുകുമാരന്‍ അഖിലത്തെയും തന്നോടു ചേര്‍ത്തു. അഴീക്കോട് ദേശം സുകുമാരനെ സുകുമാര്‍ അഴീക്കോട് ആക്കിയതു പോലെ മികച്ച വാഗ്മിയും മനുഷ്യസ്നേഹിയുമാക്കി.

ഹരിജനങ്ങളുടെ ധനനിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ഗവണ്‍മെന്‍റ് അന്നു നടത്തിയ സഹകരണ ധനസഹായ പദ്ധതി, ഐക്യനാണയസംഘത്തിന്‍റെ ഓഫിസ് പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം അഴീക്കോട് മാഷുടെ വീടായിരുന്നു. സുകുമാര്‍ അഴീക്കോടിന്‍റെ അച്ഛന്‍ പനയ്ക്കല്‍ ദാമോദരന്‍ മാസ്റ്ററായിരുന്നു രജിസ്റ്ററുകളുടെ സൂക്ഷിപ്പുകാരന്‍. ആത്മവിദ്യാസംഘത്തിന്‍റെ സജീവപ്രവര്‍ത്തനരംഗമായിരുന്നു അന്ന് അഴീക്കോട്. വാഗ്ഭടാനന്ദന്‍റെ ശിഷ്യരായിരുന്നു അഴീക്കോടിന്‍റെ വീട്ടിലെത്തിയിരുന്ന ഹരിജനങ്ങള്‍. നാട്ടിലെ പൊതുസമ്മതനായ ദാമോദരന്‍ മാസ്റ്ററുടെ വ്യക്തിപ്രഭാവവും ജാതി മത ചിന്തകള്‍ തൊട്ടു തീണ്ടാതെയുള്ള ആദര്‍ശസുന്ദരമായ ജീവിതബോധത്തിലേക്കാണ് വഴികാട്ടിയത്.
നാട്ടിലെ മികച്ച ബാഡ്മിന്‍റന്‍ താരമായ പറച്ചൂത്തി ദാമോദരന്‍, മികച്ച ഫുട്ബോള്‍ കളിക്കാരനായിരുന്ന ഡിക്രൂസ് എന്നിവരും അഴീക്കോടിന്‍റെ ആരാധ്യ പുരുഷന്മാരായി. ഒരു ദേശത്തെ അധ്യാപകരെപ്പറ്റിയും പ്രസംഗകരെപ്പറ്റിയും നേതാക്കളെപ്പറ്റിയും മാത്രമല്ല, കളിക്കാരെപ്പറ്റിയും അഭിമാനിക്കാമെന്ന് ദാമോദരന്‍ പഠിപ്പിച്ചു തന്നുവെന്ന് അഴീക്കോട് ആത്മകഥയില്‍ പറയുന്നു.

അഴീക്കോട്ടെ നളന്ദയിലെ പഠനകാലത്തെ മികച്ച മൂന്ന് അധ്യാപകരും, അഴീക്കോടിലെ പ്രഭാഷകനെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. എം.ടി. കുമാരന്‍ മാസ്റ്ററും പി.എം. കുഞ്ഞിരാമന്‍ നമ്പ്യാരും സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. അച്യുതന്‍ നായരുമൊന്നും സിലബസില്‍ ഒതുങ്ങിനിന്നല്ല പഠിപ്പിച്ചിരുന്നത്. അഴീക്കോടിന്‍റെ വ്യക്തിത്വത്തിനു രൂപം നല്‍കിയതും പില്‍ക്കാലത്ത് അദ്ദേഹത്തില്‍ വികാസം കൊണ്ട ചോദനകളുടെ ഉറവുകളായതും ഈ അധ്യാപകരായിരുന്നു. ആത്മവിദ്യാസംഘത്തിന്‍റെ ബിംബാരാധന വിരോധം മൂലം ക്ഷേത്രാരാധനയോട് അഴീക്കോട് വിമുഖനായി. അനാചാരങ്ങളിലും ദുരാചാരങ്ങളിലും പെട്ടുഴലാതെ ശുദ്ധമായ ആത്മീയ ബോധത്തില്‍ വളര്‍ന്നു വരാനും ഈ പശ്ചാത്തലം അദ്ദേഹത്തെ സഹായിച്ചു. ഇന്നത്തെ എന്‍റെ ഓരോ നാരായ വേരിനും അത്ര പഴക്കമുണ്ട് ‘- തന്നെ രൂപപ്പെടുത്തിയ ഗ്രാമത്തെക്കുറിച്ച് അഴീക്കോട് പറയുന്നു.