Tuesday, January 24, 2012

കൊടുങ്കാറ്റിന്റെ മടക്കയാത്ര

ജീവിതം, സ്വഭാവം, രോഗം - അഴീക്കോടിന്റെ വാക്കുകളില്‍     
മൈക്കിന്‍തണ്ടുപോലെ മെലിഞ്ഞ ആ രൂപം മരണദൂതുമായി വന്ന രോഗത്തിന്റെ മുന്നില്‍ ഒന്നുലഞ്ഞു: ഡോക്ടര്‍മാരെ കണ്ടുകണ്ടു വലഞ്ഞു. 'എനിക്കു വികൃതരൂപം നല്‍കാനാണോ ഈ  ഡോക്ടര്‍മാരുടെ ശ്രമം? പ്രസംഗിക്കാന്‍ പോവാതെ ഏകാന്തനായി ഞാനിങ്ങനെ എത്രനാള്‍... ഇത്രനാളും തിരക്കു മാത്രമായിരുന്നല്ലോ അദ്ദേഹത്തിന്റെ രോഗം.
പല്ലുവേദനയായി തുടങ്ങിയതു കാന്‍സര്‍ എന്ന കല്ലുപിളര്‍ക്കുന്ന മരണകല്‍പന ആണെന്നു തെല്ലു വൈകിയാണു സുകുമാര്‍ അഴീക്കോട് തിരിച്ചറിഞ്ഞത്. തന്നെ പരിശോധിച്ച കാന്‍സര്‍ ചികിത്സാ വിദഗ്ധരൊക്കെ ഡെന്റിസ്റ്റുകളാണെന്ന് അദ്ദേഹം ആദ്യം കരുതി. ഹോമിയോ ചികിത്സയില്‍ വിശ്വാസം അര്‍പ്പിച്ചു. റേഡിയേഷന്‍ വേണമെന്നു പറഞ്ഞവരെയൊക്കെ വെറുത്തു. സുഹൃത്ത് ഡോ. ടി.ഐ. രാധാകൃഷ്ണന്‍ പോലും അതു നിര്‍ദേശിച്ചപ്പോള്‍ ഡോക്ടര്‍കുലത്തെയാകെ സംശയിച്ചു... സന്തതസഹചാരി സുരേഷ് അറിഞ്ഞതൊക്കെ പറയാതിരിക്കാന്‍ ശ്രദ്ധിച്ചു.
'ഈ ഡോക്ടര്‍മാര്‍ക്കു ജീവന്‍ രക്ഷിക്കണം എന്നല്ലാതെ മറ്റൊന്നുമില്ലേ? നിസഹായതയുടെ ആഴത്തില്‍നിന്നു വന്ന യുക്തിരഹിതമായ ആ ചോദ്യത്തിന്റെ ഞെട്ടലില്‍നിന്നു തിരിച്ചുകൊണ്ടുവന്നത് എംആര്‍ഐ സ്കാനിങ്ങിനെക്കുറിച്ച് അദ്ദേഹം നല്‍കിയ വിവരണമാണ് - 'ഞാന്‍ ബയോപ്സി ഉള്‍പ്പെടെ എന്തും സഹിക്കും. എന്നാല്‍ ഈ എംആര്‍ഐ എന്നൊരു സാധനമുണ്ടല്ലോ അതിനുളളില്‍ നിറയെ ഭീകരരാണോ? എന്റെ ജീവിതത്തില്‍ ഇത്രയും ഭീകരമായ ശബ്ദം ഞാന്‍ കേട്ടിട്ടില്ല.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അഴീക്കോടിന്റെ അര്‍ശസ് രോഗത്തിനു ക്രയോസര്‍ജറി നിര്‍ദേശിച്ചപ്പോള്‍ അതു നിഷേധിച്ചതിനു പറഞ്ഞ കാരണം കേട്ടു കെ.പി. അപ്പന്‍ ചിരിച്ചതോര്‍ത്തു. ഇരുപത്തിയഞ്ചുവര്‍ഷം കഴിഞ്ഞു രോഗം വീണ്ടും വരാന്‍ സാധ്യതയുള്ളതുകൊണ്ടു സര്‍ജറി വേണ്ട എന്നായിരുന്നു ന്യായം. പ്രായത്തെക്കുറിച്ച് ആധിയില്ലാത്ത അഴീക്കോടിനെ ഭാഗ്യവാനായാണ് അപ്പന്‍ കണ്ടത്. ആ അഴീക്കോടാണ് ഇപ്പോള്‍...
'വാശിയുടെ ആളല്ലേ, കുറച്ചുനാള്‍ കൂടി ജീവിക്കണം എന്നൊരു വാശി വേണ്ടേ? - ചോദിച്ചുപോയി.
'ഈ 86-ാം വയസ്സില്‍ ഇനിയാരോടു വാശി? ശ്രീരാമന്റെ മഹത്വം പറയുമ്പോള്‍ സുമുദ്രം പോലെ ആഴമുള്ളതാണ്, ഹിമാലയത്തെപ്പോലെ ധൈര്യമുണ്ട് എന്നൊക്കെ വാല്മീകി രാമായണത്തില്‍ പറയുന്നില്ലേ? കോപം വന്നാല്‍ കോപിക്കുകയും പിന്നീടു ഭൂമിയെപ്പോലെ ക്ഷമിക്കുകയും ചെയ്യുമെന്നാണു കവിവാക്യം. ഞാനും കുറച്ചൊക്കെ അങ്ങനെയായിരുന്നു - ഒരു കൊടുങ്കാറ്റ് അതിന്റെ യാത്രയുടെ പൂര്‍ണതയില്‍ ശാന്തമായതുപോലെ.
അദ്ദേഹം സ്വന്തം മനസ്സിലൂടെ ഒരു പര്യടനത്തിലായിരുന്നു. അതിനു പ്രേരിപ്പിച്ചത് എം.ടി. വാസുദേവന്‍നായരാണ്. മാതൃഭൂമി അവാര്‍ഡ്ദാന ചടങ്ങില്‍ എംടി മനസ്സു തുറന്നു സംസാരിച്ച കാര്യം പറഞ്ഞു. എംടിക്ക് അതു പതിവില്ലാത്തതാണ് എന്ന മുഖവുരയോടെ.
'ജീവിതസായാഹ്നത്തില്‍ ഞാനും എന്റെ മനസ്സു പരിശോധിച്ചു. അതില്‍ ആരോടും വിരോധമില്ല എന്നുകണ്ടു ഞാന്‍ സന്തോഷിക്കുന്നു. ജീവിതത്തില്‍ എനിക്ക് ഏറ്റവും ദേഷ്യം തോന്നിയിട്ടുള്ളത് എം.കെ. സാനുവിനോടാണ്. എന്നാല്‍, സാനുവിനോട് എനിക്ക് ഇപ്പോള്‍ തീരെ വിരോധമില്ല..
'ആശുപത്രിയില്‍ വന്നുകണ്ട എത്രയോപേര്‍ എന്നെ സ്നേഹം കൊണ്ടു തോല്‍പ്പിച്ചു: വെള്ളാപ്പള്ളി നടേശന്‍, ടി. പത്മനാഭന്‍, എം.കെ. സാനു, വിലാസിനി ടീച്ചര്‍ പോലും....
പ്രതീക്ഷിച്ചിട്ടും വരാതിരുന്ന ചിലരോടും അദ്ദേഹം പൊറുത്തു. ആ പൊറുക്കല്‍ അവരെ അലോസരപ്പെടുത്താതിരിക്കട്ടെ.
വിവാഹിതനായാല്‍ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങേണ്ടി വരുമോ? അലവില്‍ സ്വദേശി അച്യുതന്‍ എന്ന പ്രസംഗകന്റെ ജീവിതമാണ് അഴീക്കോടിന്റെ മനസ്സില്‍ ഈ സംശയത്തിനു വിത്തിട്ടത്. വീട്ടുപേരും ചേര്‍ത്തു പീറ്റ അച്യുതന്‍ എന്ന് അറിയപ്പെട്ട കഥാപുരുഷന്‍ കടുത്ത ബ്രഹ്മചാരിയായിരുന്നു. കുറച്ചുകാലം കഴിഞ്ഞ് അദ്ദേഹം വിവാഹിതനായി. അതു പ്രഭാഷകന്റെ സ്വാധീനശക്തിയെയും ശിഷ്യസമ്പത്തിനെയും ബാധിച്ചതായി അഴീക്കോടിനു തോന്നി. സ്വഭാവമഹിമയ്ക്കു മങ്ങലേറ്റാല്‍ പ്രഭാഷകന്റെ പതനം സംഭവിക്കാമെന്നാണ് അച്യുതന്റെ ജീവിതം, തന്നെ പഠിപ്പിച്ചതെന്ന് അഴീക്കോട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
മനസ്സിന്റെ യുദ്ധങ്ങളെ തോല്‍പ്പിക്കുമ്പോഴാണു സ്നേഹം ഉണ്ടാവുന്നത് എന്നു കെ.പി. അപ്പന്‍ എഴുതിയിട്ടുണ്ട്. അങ്ങനെ ചില യുദ്ധങ്ങളില്‍ തോറ്റാണ് അപ്പന്‍ അഴീക്കോടിനെ സ്നേഹിച്ചുതുടങ്ങിയത്. 'എന്നെ സ്നേഹിക്കാനായി എന്റെ സാഹിത്യത്തെ അപ്പന്‍ മറികടന്നു എന്ന് അഴീക്കോട് നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍, അപ്പനും മുമ്പേ മറ്റൊരു മനസ്സിനോട് അഴീക്കോട് യുദ്ധത്തില്‍ തോറ്റിരുന്നു. നിശിതവിമര്‍ശനത്തിന്റെ കൂരമ്പുകള്‍ ഏറ്റിട്ടും അഴീക്കോടിനെ വെറുക്കാതിരുന്ന ജി. ശങ്കരക്കുറുപ്പിന്റേതായിരുന്നു ആ മനസ്സ്.
'ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന പുസ്തകം എഴുതിയതില്‍ വീണ്ടുവിചാരം ഉണ്ടായെന്ന് അഴീക്കോട് സമ്മതിക്കുമായിരുന്നില്ല. എന്നാല്‍, ഉജ്ജ്വല വാഗ്മിയായിരുന്ന ശങ്കരക്കുറുപ്പ്, അഴീക്കോടിന്റെ വിമര്‍ശനത്തെ വ്യക്തിപരമായി നേരിട്ടരീതി അഴീക്കോടിനു തീരെ അനുകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. പൊതുവേദികളില്‍ ആര്‍ക്കുമെതിരെ ആക്രമണോല്‍സുകന്‍ ആവുന്ന അഴീക്കോട് തന്റെ നേര്‍ക്കുവരുന്ന ആക്രമണങ്ങളെ അരസികരുടെ ആയുധങ്ങളായാണു കണ്ടത്.
അഴീക്കോട് ശങ്കരക്കുറുപ്പിനെ വിമര്‍ശിച്ചതില്‍ സുഹൃത്ത് ഒഎന്‍വിയെപ്പോലെ പല സുഹൃത്തുക്കള്‍ക്കും അനിഷ്ടമുണ്ടായിരുന്നു. ഒരുപക്ഷേ, ഖണ്ഡന വിമര്‍ശനത്തിലൂടെ തന്റെ വ്യത്യസ്തത ആദ്യമേ അടയാളപ്പെടുത്തണം എന്ന് അഴീക്കോടു കരുതിയിരിക്കാം. എം.പി. നാരായണപിള്ളയെക്കുറിച്ച് അഴീക്കോട് എഴുതിയതില്‍ ഈ മനോഭാവം സ്ഫുരിക്കുന്നുണ്ട്. 'ചവച്ചതു ചവയ്ക്കാനും അരച്ചത് അരയ്ക്കാനും അദ്ദേഹത്തെ കിട്ടില്ല. വ്യാസന്‍ കൊള്ളരുതാത്തവനായി എടുത്തുകാട്ടുന്നതു പൂജിക്കപ്പെട്ടവരെ വീണ്ടും വീണ്ടും പൂജിക്കുന്ന ആളുകളെയാണ്. ഈ സുഹൃത്ത് അത്തരത്തില്‍ നിന്ദ്യനായ പൂജിത പൂജകന്‍ ആയിരുന്നില്ല.
പ്രസംഗങ്ങളിലും വിവാദങ്ങളിലും പെട്ട് ഒരു മേഘംപോലെ ഒഴുകിയപ്പോള്‍ ഇടിമിന്നലായി പെയ്തിറങ്ങേണ്ട പുസ്തകങ്ങളാണോ അദ്ദേഹം നഷ്ടപ്പെടുത്തിയത്? പലപ്പോഴും നേരിടേണ്ടിവന്ന ചോദ്യം. എന്നാല്‍, ഞാന്‍ എന്തായിരുന്നു എന്നതിനെക്കുറിച്ച് എനിക്ക് എന്തുചെയ്യാനാവും എന്ന നിസ്സംഗഭാവമായിരുന്നു അദ്ദേഹത്തിന്. ഒരാള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതു തന്നെയാണു ഗദ്യം എന്നു കേട്ടപ്പോള്‍ ആശ്ചര്യപ്പെട്ടുപോയ ഒരു വിദേശിയുടെ കഥ പറഞ്ഞിട്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു - 'എനിക്ക് ആ വിദേശമനോഭാവമില്ല.
സമീപകാലത്ത് അഴീക്കോടില്‍ കോപത്തെക്കാള്‍ തീക്ഷ്ണമായ ഇടതുപക്ഷ ചുവപ്പു കണ്ടവരുണ്ട്. വിധിക്കു മുമ്പേവന്ന മുന്‍വിധികളും. ഏകപക്ഷീയമെന്നു തോന്നാവുന്ന രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ ആധികാരികതയെ  ദുര്‍ബലപ്പെടുത്തിയില്ലേ?
ഒന്നാലോചിച്ചിട്ട് അദ്ദേഹം പ്രതികരിച്ചു - 'കോണ്‍ഗ്രസുകാരില്‍ ഒരു വിഭാഗത്തിന് ഇപ്പോഴും വിഷമമുണ്ട് എന്നറിയാം. എങ്കിലും ഞാന്‍ അടിസ്ഥാനപരമായി ഒരു കോണ്‍ഗ്രസുകാരനാണെന്ന് അവര്‍ മറക്കുമോ? കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് അറിയാം എത്ര കോണ്‍ഗ്രസ് വിരോധം പ്രസംഗിച്ചാലും ഞാനൊരു കമ്യൂണിസ്റ്റുകാരന്‍ ആവില്ലെന്ന്.
'പ്രസംഗത്തിലെ പ്രകോപനം വച്ചുമാത്രം എന്നെ വിലയിരുത്തരുത്. പ്രസംഗത്തില്‍ പറയുന്നതിന്റെ പകുതി അതിന്റെ ഇഫക്ടിനു വേണ്ടിയാണ്. ഇത്തരത്തിലുള്ള രസികത്തം ബഷീറിനും ഉറൂബിനും പൊറ്റക്കാടിനും ഒക്കെ ഉണ്ടായിരുന്നു. ഇപ്പോഴുള്ളവര്‍ക്ക് ഇതൊന്നും മനസ്സിലാവാണ്ടായി.
പ്രസംഗവേദിയില്‍ ഒത്തിരി വലിയവനും അഴീക്കോട് ഇത്തിരി വേദനയുണ്ടാക്കും. പലപ്പോഴും താന്‍     'സന്ദര്‍ഭങ്ങളുടെ കാമുകന്‍ ആവുകയാണെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു. ഓരോസന്ദര്‍ഭത്തിലും അദ്ദേഹത്തെ അനുകൂലിച്ചവരെല്ലാം ഒപ്പംനിന്നവരല്ല. എതിര്‍ത്തവര്‍ കൂടെ നില്‍ക്കാത്തവരുമല്ല.
വീണ്ടും കെ.പി. അപ്പനെ കൂട്ടുപിടിക്കട്ടെ. 'ഒറ്റപ്പെട്ട അഗ്നിപര്‍വതം എന്നു വിശേഷിക്കപ്പെട്ട ഇംഗീഷ് എഴുത്തുകാരന്‍ എസ്രാ പൌണ്ട് പൊട്ടിത്തെറിക്കാനായി എരിഞ്ഞുകൊണ്ടേയിരുന്നു എന്ന് അപ്പന്‍ എഴുതിയിട്ടുണ്ട്. അഴീക്കോടിന്റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ എസ്രാ പൌണ്ടിന്റേതു പോലെ ആപല്‍ക്കരമായിരുന്നില്ലെങ്കിലും അദ്ദേഹവും ഒറ്റപ്പെട്ട അഗ്നിപര്‍വതമായിരുന്നു. എഴുതാനും പ്രസംഗിക്കാനുമായി എരിഞ്ഞുകൊണ്ടേയിരുന്നു കേരള മനഃസാക്ഷിയുടെ ഈ ബ്രാന്‍ഡ്  അംബാസഡര്‍.

No comments:

Post a Comment