Tuesday, January 24, 2012

ഗര്‍ജനം ബാക്കിയാക്കി സാഗരം പിന്‍വാങ്ങി

ദശാബ്ദങ്ങളായി മലയാളം കേട്ടുകൊണ്ടിരുന്ന ഘനസാന്ദ്രമായ കടല്‍മുഴക്കം നിശ്ശബ്ദമായി. ബഹുമുഖവും വിസ്തൃതവുമായ കര്‍മകാണ്ഡം കാലത്തില്‍ ശേഷിപ്പിച്ചാണു ഡോ. സുകുമാര്‍ അഴീക്കോട് യാത്രയാവുന്നത്. സാഹിത്യത്തിലും സമൂഹത്തിലും വാമൊഴികൊണ്ടും വരമൊഴികൊണ്ടും അദ്ദേഹം കൊത്തിവച്ച സ്വരങ്ങള്‍ എന്നും നമുക്കൊപ്പമുണ്ടാവും.
പല വഴികളിലൂടെ ഒഴുകി നിത്യസ്മൃതിയുടെ കടലില്‍ എത്തിച്ചേര്‍ന്ന പുഴയാണ് അഴീക്കോടിന്റെ ജീവിതം. എഴുത്ത്, പ്രഭാഷണം, അധ്യാപനം, പത്രാധിപത്യം തുടങ്ങി വിഭിന്നമായ ഒാരോന്നിലും അദ്ദേഹം മികവിന്റെ ഒരേ കയ്യൊപ്പിട്ടു. 85 വര്‍ഷം മുമ്പൊരു മേടമാസത്തില്‍ പിറന്നതിനാലാവണം, ഇടപെടലുകളോരോന്നിലും തീക്ഷ്ണമായ വെയില്‍ച്ചൂടുണ്ടായി. താന്‍ പിറന്നത് ഇരുപതാം വയസ്സിലാണെന്നും സേവാഗ്രാമിലെ ആശ്രമത്തില്‍, വെറും ജമുക്കാളത്തിലിരുന്നു ചര്‍ക്ക തിരിക്കുന്ന മഹാത്മാഗാന്ധിയെ കണ്ട ആ മാര്‍ഗദര്‍ശന നിമിഷത്തിലാണെന്നും അദ്ദേഹം വിശ്വസിച്ചു; അവിടെനിന്ന് ആത്മകഥ തുടങ്ങി നവജന്മത്തിന്റെ മുഹൂര്‍ത്തത്തെ ആഘോഷിച്ചു.
ഗാന്ധിജിയുടെ സേവാഗ്രാം പ്രതിനിധീഭവിക്കുന്ന ജീവിതലാളിത്യത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും സ്നേഹപ്രകാശത്തിന്റെയും ആ ലോകം സുകുമാര്‍ അഴീക്കോടിന്റെ അതുവരെയുള്ള ജീവിതത്തെത്തന്നെ അപ്രസക്തമാക്കുകയായിരുന്നു.  'ഞാന്‍ ഗാന്ധിജിയുടെ പിന്നില്‍, വളരെ പിന്നിലായിരിക്കാം, എങ്കിലും മറ്റാരുടെയും പുറകിലല്ല എന്ന ബോധ്യം ആ ജീവിതത്തിന്റെ മുദ്രാവാചകവുമായി.
അഴീക്കോടിന്റെ സാഹിത്യ വിമര്‍ശനവും സാമൂഹികവിമര്‍ശനവും സ്വന്തം സ്വാതന്ത്യ്രത്തിന്റെ പ്രഖ്യാപനങ്ങളായിരുന്നു. ജീവിതത്തിന്റെ പിന്‍പാതിയില്‍ അദ്ദേഹം സജീവമായി ഇടപെട്ട വിവാദങ്ങളും അതേ സ്വാതന്ത്യ്രത്തിന്റെ ഉറപ്പിക്കല്‍തന്നെയായി. ചര്‍ക്ക ഗാന്ധിജിക്കു സ്വാതന്ത്യ്രത്തിന്റെ പ്രതീകമായിരുന്നതുപോലെ പ്രസംഗം അഴീക്കോടിനു സ്വാതന്ത്യ്രത്തിന്റെ ചിഹ്നമായിരുന്നു എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അഴീക്കോട് ആരെയും ഭയപ്പെട്ടില്ല. ചോദ്യം ചെയ്യപ്പെടുന്നതില്‍നിന്ന് ആരും വിമുക്തരല്ലെന്നും വിശ്വസിച്ചു. 'ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു കൃതി നിര്‍ഭയന്റെ നേരെഴുത്തിന്റെ ആദ്യസാക്ഷ്യങ്ങളിലൊന്നാണ്. എതിര്‍പ്പ് ആശയമേഖലയിലൊതുക്കാന്‍ കഴിഞ്ഞ,  അഭിജാതമായ ആ സാഹിത്യകാലം മണ്‍മറഞ്ഞത് അഴീക്കോടിന്റെ സ്വകാര്യസങ്കടവുമായിരുന്നു.
'ആശാന്റെ സീതാകാവ്യം എന്ന ആദ്യ കൃതിയായിരുന്നു അഴീക്കോടിന് ഏറ്റവും പ്രിയപ്പെട്ടത്. ''ഇരുപത്തെട്ടാം വയസ്സില്‍ എഴുതിയ 'ആശാന്റെ സീതാകാവ്യം ജീവിച്ചിരിക്കുമ്പോള്‍ ഗ്രന്ഥകാരന്‍ കാലനെ എന്തിനു ഭയപ്പെടണം എന്നു സ്വയം തോന്നിപ്പിക്കാന്‍ മാത്രം സഫലമായിരുന്നു ഫലശ്രുതി. ആ ചെറുപ്രായത്തില്‍  'ചിന്താവിഷ്ടയായ സീത എന്ന ശ്രേഷ്ഠകാവ്യത്തിന്റെ സമ്പൂര്‍ണ പഠനത്തിന്റെ കര്‍ത്താവാകാന്‍ കഴിഞ്ഞതു സാഹിത്യലോകത്തേക്കുള്ള നല്ല പ്രവേശികയുമായി. വര്‍ഷങ്ങള്‍ക്കുശേഷം ഭാരതീയ തത്വചിന്തയുടെ കടലില്‍ സ്നാനംചെയ്തപ്പോഴാണു 'തത്വമസി  പിറന്നത്; ഒരേസമയം ലളിതവും ഗഹനവുമായ ഗ്രന്ഥം.
അര നൂറ്റാണ്ടിലേറെ നീണ്ട പ്രഭാഷണകാലത്തിലൂടെ എണ്ണമറ്റ വേദികള്‍ അനുപമമായ 'അഴീക്കോട് അനുഭവം അറിഞ്ഞു. ഒരു പതിനെട്ടുകാരന് എടുത്താല്‍ പൊങ്ങാത്ത ' ഭാരതീയ ചിന്തയും ആശാന്റെ വിശ്വവീക്ഷണവും ആയിരുന്നു ആദ്യപ്രസംഗത്തിന്റെ വിഷയം. പിന്നീടു കേരളം കണ്ടത്  പ്രഭാഷണകലയുടെ രാജശില്‍പിയുടെ പടയോട്ടകാലം. അറിവും അനുഭവവും ആത്മവിശ്വാസവും നിശിതബുദ്ധിയും നിരീക്ഷണപാടവവുമൊക്കെ ഉള്ളിലെ തീയില്‍ നീറ്റി പ്രസംഗമേടയില്‍ പുറത്തെടുത്തപ്പോള്‍ അഴീക്കോടിന്റെ ഒാരോ വാക്കിനും അദ്ദേഹത്തേക്കാള്‍ തൂക്കമുണ്ടായി. പതിഞ്ഞ ശബ്ദത്തില്‍ തുടങ്ങി, ആഴത്തിലും പരപ്പിലും സമയത്തെ തോല്‍പ്പിച്ചൊഴുകുന്ന വാചകങ്ങള്‍ അര്‍ധവിരാമങ്ങളിലൂടെ നീണ്ടുനീണ്ട് പലപ്പോഴും ആകാശം തൊട്ടു. സ്വന്തം സ്വരത്തെ ക്രമീകരിച്ചും ശരീരഭാഷയില്‍ ശ്രദ്ധിച്ചും അദ്ദേഹം പ്രഭാഷണത്തെ ഒരേസമയം കേള്‍വിയുടെയും കാഴ്ചയുടെയും അനുഭവമാക്കി. സര്‍വകലാശാല പ്രൊ- വൈസ് ചാന്‍സലര്‍വരെയായ ആ മികച്ച അധ്യാപകനു പ്രസംഗത്തിലൂടെ കേരളത്തെ മുഴുവന്‍ ക്ളാസ്മുറിയാക്കാനുള്ള ഇന്ദ്രജാലം അറിയാമായിരുന്നു.
എത്ര തിരക്കിലും ഏകാന്തനായിരുന്നു അഴീക്കോട്. ജീവിതത്തിന്റെ പെണ്‍പാതി വേണ്ടെന്നുവച്ച് എഴുത്തിനെയും പ്രസംഗത്തെയും വിവാദത്തെയും ഗാഢം പ്രണയിച്ചു. നര്‍മത്തെ സഹചാരിയാക്കി. സമയം കിട്ടുമ്പോഴൊക്കെ ക്രൈംനോവലുകള്‍ വായിച്ചു. ടെലിവിഷനിലെ കളിനേരങ്ങളില്‍ ഉറങ്ങാന്‍ മറന്നു. 'വെള്ളിനക്ഷത്രമേ നിന്നെ നോക്കി എന്നു പാടിക്കേള്‍ക്കുമ്പോള്‍ മറയില്ലാതെ കരഞ്ഞു...
ഇനി ഒാര്‍മ മാത്രം. ഡോ. സുകുമാര്‍ അഴീക്കോടിന് ഞങ്ങളുടെ ഹൃദയാഞ്ജലി.

No comments:

Post a Comment