Tuesday, January 24, 2012

അഴീക്കോട് കണ്ട നിയമസഭ


കരള നിയമസഭയിലും ഡോ.സുകുമാര്‍ അഴീക്കോട് അന്ന് ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഇന്ത്യയിലെ നിയമനിര്‍മ്മാണ സഭകള്‍ക്ക് കേരള നിയമസഭ എന്നും മാതൃകയായിരുന്നു. എന്നാല്‍, ഇതിനെ അറിഞ്ഞവര്‍ക്കൊക്കെ അപൂര്‍വ്വം  എന്നേ വിശേഷിപ്പിക്കാനായുള്ളൂ. 


2006 ഒക്ടോബര്‍ 10. അന്ന് കേരള നിയമസഭയിലേക്ക് അഴീക്കോട് വരികയാണ്. അതിനുമുമ്പ് പല തവണ എം. എല്‍. എ ആയി കടന്നുവരാന്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കക്ഷികള്‍ ഉറച്ച സീറ്റുകള്‍ വാഗ്ദാനം ചെയ്ത് മാഷിനെ ക്ഷണിച്ചതാണ്. പക്ഷെ, അദ്ദേഹം അതിനോട് മുഖം തിരിഞ്ഞ് നില്‍ക്കുകയായിരുന്നു.


ഇവിടെ, അദ്ദേഹം കേരള നിയമസഭയിലേക്ക് എത്തുന്നത് 'കേരളകൌമുദി' ലേഖകന്‍ എന്ന നിലയിലാണ്. പത്രപ്രവര്‍ത്തനം തൊഴിലല്ലാത്ത ഒരു സാംസ്കാരികനായകന്‍ പത്രപ്രവര്‍ത്തകനായി കേരള നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ടുചെയ്യുക എന്ന ചരിത്രനിയോഗം ഏറ്റെടുത്താണ് അദ്ദേഹത്തിന്റെ വരവ്. ഇന്ത്യയിലെ മറ്റൊരു നിയമനിര്‍മ്മാണ സഭയിലും സമാനമായ മറ്റൊരു സംഭവമില്ല.


രാവിലെ 8.30നാണ് നിയമസഭ തുടങ്ങുന്നതെങ്കിലും റിപ്പോര്‍ട്ടറായ മാഷ് എട്ടിനുതന്നെ എത്തി. അന്ന് 'കേരളകൌമുദി' തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ഈ ലേഖകന്‍,രാഷ്ട്രീയ ലേഖകന്‍ ബി.വി.പവനന്‍,പ്രത്യേക ലേഖകരായ എം. എം.സുബൈര്‍, എ.സി.റെജി,കാര്‍ട്ടൂണിസ്റ്റ് ടി.കെ.സുജിത് എന്നിവരോടൊപ്പമാണ് അദ്ദേഹം നിയമസഭാ മന്ദിരത്തിലേക്ക് വന്നത്. നിയമസഭാ മന്ദിരത്തിന് മുന്നിലെ മഹാത്മാ ഗാന്ധിയുടെ കുനിഞ്ഞിരിക്കുന്ന പ്രതിമ കണ്ടതും അദ്ദേഹത്തിലെ വിമര്‍ശകന്‍ ഉണര്‍ന്നു.


"ശരിക്കും ഇങ്ങനെയല്ല ഗാന്ധി. ഇങ്ങനെ കുനിഞ്ഞ് താഴോട്ട് നോക്കിനില്‍ക്കുന്ന ഗാന്ധി വേറെ എവിടെയുമില്ല. നമ്മുടെ സാമാജികരെ നേരേ നോക്കാന്‍ പറ്റാത്തതുകൊണ്ടാവും ഗാന്ധി തോഴോട്ട് നോക്കിനില്‍ക്കുന്നത്" - ഞങ്ങളെ മാഷ് ചിരിപ്പിച്ചു. സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ അഴീക്കോട് മാഷെ കാത്തിരിക്കുകയായിരുന്നു. അദ്ദേഹമായിരുന്നു അഴീക്കോടിനെ  സഭയിലെത്തിക്കുന്നതില്‍ നിര്‍ണായക തീരുമാനമെടുത്തത്.


'കേരളകൌമുദി'യിലെ പത്രപ്രവര്‍ത്തകരുടെ ഒരു യോഗത്തില്‍ നിയമസഭ എങ്ങനെ വ്യത്യസ്തമായി റിപ്പോര്‍ട്ട് ചെയ്യാം എന്ന് ആലോചിച്ചു.  മഹദ് വ്യക്തികളെ കൊണ്ടുവന്ന് റിപ്പോര്‍ട്ടിംഗ് പരീക്ഷിക്കാമെന്ന് ന്യൂസ് എഡിറ്റര്‍ പത്മനാഭന്‍ നമ്പൂതിരി നിര്‍ദ്ദേശിച്ചു. അദ്ദേഹം പറഞ്ഞ പേരുകളില്‍ എക്സിക്യുട്ടീവ് എഡിറ്ററായിരുന്ന ബി.സി.ജോജോയാണ് അഴീക്കോട് മാഷിനെ കൊണ്ടുവരാമെന്ന് അഭിപ്രായപ്പെട്ടത്.മാനേജിംഗ് എഡിറ്റര്‍ ദീപുരവിയും അതിനോട് യോജിച്ചു. അന്നുതന്നെ ജോജോ അഴീക്കോട് മാഷെ ഫോണില്‍ വിളിച്ച് ഇതേക്കുറിച്ച് സംസാരിച്ചു. പദ്ധതി കേട്ട മാഷ്   ആവേശഭരിതനായി.


ഇതേതുടര്‍ന്ന് നിയമസഭയില്‍ 'കേരളകൌമുദി'ക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ അഴീക്കോട് മാഷിന് പാസ് അനുവദിക്കണമെന്ന് സ്പീക്കര്‍ക്ക് കത്തുനല്‍കി. ഒരു പ്രത്യേക വ്യക്തിക്ക് ഇങ്ങനെ പറ്റില്ലെന്നും നിങ്ങളുടെ സ്റ്റാഫ് ആയി നിയമിച്ചശേഷം അപേക്ഷിച്ചാല്‍ പരിഗണിക്കാമെന്നായിരുന്നു നിയമസഭാ സെക്രട്ടേറിയറ്റിന്റെ നിലപാട്. ഇക്കാര്യം മാഷോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ എന്നെ അഡ്വൈസറായി നിയമിച്ചുവെന്ന് പറഞ്ഞ് കത്ത് കൊടുക്കെന്ന് നിര്‍ദ്ദേശിച്ചത് അദ്ദേഹംതന്നെയായിരുന്നു. ഇക്കാര്യത്തില്‍  ഇടപെട്ട പവനനോട് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനുമായും പ്രതിപക്ഷനേതാവ്  ഉമ്മന്‍ചാണ്ടിയുമായും സംസാരിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയോട് ഈ ലേഖകനും ഉമ്മന്‍ചാണ്ടിയോട് പവനനും സംസാരിച്ചു. ഇരുവരും പൂര്‍ണമനസ്സോടെ അഴീക്കോടിനെ സ്വാഗതം ചെയ്യുകയായിരുന്നു. ഇത് രഹസ്യമായി സൂക്ഷിക്കണമെന്ന അഭ്യര്‍ത്ഥന മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറും പാലിച്ചു.


അതുകൊണ്ടുതന്നെ, 'കേരളകൌമുദി ലേഖകനാ'യി സുകുമാര്‍ അഴീക്കോടിനെ നിയമസഭയുടെ പ്രസ്ഗ്യാലറിയില്‍ കണ്ടപ്പോള്‍ എം. എല്‍. എമാര്‍ അമ്പരന്നു. പിന്നീട് അത് ആദരവുകലര്‍ന്ന അത്ഭുകമായി. അതുകൊണ്ടുതന്നെ അന്ന് നിയമസഭാ നടപടികള്‍ ഉന്നത നിലവാരം പുലര്‍ത്തി. തരംതാണ കമന്റുകളോ അനാവശ്യബഹളമോ ഇറങ്ങിപ്പോക്കോ ഉണ്ടായില്ല.


മാഷെ പ്രസ്ഗ്യാലറിയില്‍ കണ്ടതും മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ ഇങ്ങോട്ടുവന്ന് കാണുകയായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദും നിയമസഭാചട്ടമനുസരിച്ച് ഇവിടെ വന്ന് പത്രക്കാരെ കാണാന്‍ പാടില്ലെന്ന് മാഷിനെ ഓര്‍മിപ്പിച്ചശേഷം ചോദിച്ചു: " മാഷ് ഇവിടെ വന്നിരിക്കുമ്പോള്‍ വന്നു കാണാതിരിക്കുന്നതെങ്ങനെയാണ്?"


"നിയമസഭ ടി.വിയില്‍ കണ്ടിട്ടേയുള്ളൂ. എനിക്ക് 80 വയസ്സായി. വല്ലതും സംഭവിക്കുന്നതിന് മുമ്പ് ഇതൊന്ന് കാണണം" - തന്നെ വന്നുകണ്ട് മാഷ് ഇവിടെയല്ല മുന്നില്‍ (മന്ത്രിമാരും കക്ഷിനേതാക്കളും ഇരിക്കുന്ന നിരയില്‍) ആണ് ഇരിക്കേണ്ടതെന്ന് പറഞ്ഞവരോട് 'നേരത്തേതന്നെ പലരും അത് വാഗ്ദാനം ചെയ്തതാണെന്നറിയാമല്ലോ' എന്ന് പറഞ്ഞശേഷം അദ്ദേഹം എന്തുകൊണ്ട് ഇപ്പോള്‍വന്നു എന്നതിന്റെ ഉത്തരം നല്‍കി.


രാവിലെ 11 ന് അന്നത്തെ 'കേരളകൌമുദിഫ്ളാഷ്' നിയമസഭയിലെത്തി. മദ്ധ്യാഹ്നപത്രത്തിന്റെ അന്നത്തെ പ്രധാന വാര്‍ത്തയും ചിത്രവും അഴീക്കോടിന്റെ 'സഭാപ്രവേശ'മായിരുന്നു. "ഫ്ളാഷ് നന്നായിട്ടുണ്ട്. ഇതുകൊണ്ട് ഞാന്‍ വീട്ടില്‍ പോയാല്‍ നാട്ടുകാര്‍ എന്നെ മാലയിട്ട് സ്വീകരിക്കും" - അദ്ദേഹം സന്തോഷം മറച്ചുവച്ചില്ല.


മാഷിന്റെ നിയമസഭാ റിപ്പോര്‍ട്ടിംഗ് മറ്റ് പത്രലേഖകര്‍ക്കും ദൃശ്യമാദ്ധ്യമങ്ങളിലെ ലേഖകര്‍ക്കും ആവേശമായി. ചരിത്രനിയോഗത്തിന് സാക്ഷ്യം വഹിക്കുന്നതിലെ സന്തോഷമായിരുന്നു അവര്‍ക്ക്. മാഷിന്റെ 'മീറ്റ് ദി പ്രസ്' വേണമെന്നായിരുന്നു അവരുടെ ആവശ്യം.പനിക്കിടക്കയിലായിരുന്ന 'കേരളകൌമുദി' പ്രത്യേകലേഖകനും പ്രസ്ക്ളബ്ബ് സെക്രട്ടറിയുമായിരുന്ന വി. എസ്.രാജേഷിനോട് പറഞ്ഞപ്പോള്‍ നൂറുവട്ടം സമ്മതം. നിയമസഭാ സമ്മേളനം പിരിഞ്ഞശേഷമുള്ള സമയം അതിനായി നിശ്ചയിച്ചു.


അന്ന് വൈകുന്നേരം നിയമസഭ പിരിയുന്നതുവരെയുള്ള സമയത്ത് ഉച്ചഭക്ഷണം കഴിഞ്ഞ് കഷ്ടിച്ച് അരമണിക്കൂര്‍ വിശ്രമിച്ചു എന്നതൊഴിച്ചാല്‍ മുഴുവന്‍ സമയവും അദ്ദേഹം സഭാനടപടികള്‍ വീക്ഷിച്ചു. " ഇവര്‍ക്ക് 45 മാര്‍ക്ക് കൊടുക്കേണ്ടി വരുമെന്നേ കരുതിയുള്ളൂ. നേരിട്ടു കണ്ടപ്പോള്‍ നൂറില്‍ 70 മാര്‍ക്ക് നല്‍കാന്‍ തോന്നുന്നു" - അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും മികച്ച സാമാജികനായി അഴീക്കോട് മാഷ് തിരഞ്ഞെടുത്ത സി.കെ.പി പത്മനാഭന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി. എം സീറ്റ് നല്‍കാത്തതിനെ വിധിയുടെ ഫലിതമായി കരുതാം.


അന്ന് സമ്മേളനം കഴിഞ്ഞ ഉടന്‍ വാര്‍ത്ത തയ്യാറാക്കുന്നതില്‍ കാട്ടിയ ജാഗ്രത അഴീക്കോടിലെ ഒരു പ്രൊഫഷണല്‍ ജേണലിസ്റ്റിനെ കാട്ടിത്തരികയായിരുന്നു. അതുകഴിഞ്ഞ് വിവിധ ചാനലുകളിലെ ' ന്യൂസ് അവര്‍' ചര്‍ച്ചകളിലേക്ക് ക്ഷണം. അത് സ്വീകരിക്കാമോ എന്ന് സംശയം. 'കേരളകൌമുദി'യുടെ ക്ഷണം സ്വീകരിച്ചശേഷം മറ്റ് മാദ്ധ്യമങ്ങളില്‍ പോകുന്നത് ശരിയാണോ എന്ന ചിന്തയായിരുന്നു അതിന് കാരണം. 'കേരളകൌമുദി'തന്നെ അതിനായി വാഹനംവിട്ടുകൊടുത്തപ്പോള്‍ മാഷിന് സന്തോഷമായി.


മാഷിനോടുള്ള ആദരസൂചകമായി നക്ഷത്രഹോട്ടലില്‍ ഒരുക്കിയ അത്താഴവിരുന്നില്‍ ന്യൂസ് അവര്‍ ചര്‍ച്ച കഴിഞ്ഞ്  എത്തിയപ്പോള്‍ വൈകി. അപ്പോഴും 'കേരളകൌമുദി'യിലെ പ്രമുഖര്‍ കാത്തിരുന്നത് മാഷിനെ വികാരാധീനനാക്കി...


ചരിത്രം തേരോടിച്ച ആ സുന്ദരമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയും പങ്കാളിയുമാകാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏത് അദ്ധ്യായത്തെക്കാളും മുകളിലല്ലേ?  ഒരുപാട് കവര്‍പ്പുകള്‍ക്കിടയില്‍, കാലം കാത്തുവച്ച സൌഭാഗ്യങ്ങളാവാം  ഇങ്ങനെയൊക്കെ വീണുകിട്ടുന്നത്.

No comments:

Post a Comment