Tuesday, January 24, 2012

വായന സ്വര്‍ഗമാക്കിയ ബാല്യകൌമാരങ്ങള്‍



കണ്ണൂര്‍: വായിച്ചാല്‍ മനസ്സിലാകില്ലെന്നറിയാവുന്ന കാര്യങ്ങള്‍ വായിക്കുക. മുതിര്‍ന്നവര്‍ പിടികിട്ടാത്ത കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ കേട്ടിരിക്കുക.  ഇക്കാലത്ത് 'ദുശ്ശീലങ്ങളെ'ന്നു തോന്നുന്ന ഇത്തരം കാര്യങ്ങളിലായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട് എന്ന സുകുമാരന്റെ കുട്ടിക്കാലത്തെ ശ്രദ്ധയത്രയും. അക്കാലത്ത് പിതാവ് ദാമോദരന്‍ മാഷിനെ കാണാന്‍ വേണ്ടി വീട്ടിലെത്തുന്നവരും ചില്ലറക്കാരായിരുന്നില്ല. ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകന്‍ വാഗ്ഭടാനന്ദ ഗുരുദേവന്‍, എം.ടി. കുമാരന്‍, സ്വാതന്ത്യ്രസമരസേനാനിയായിരുന്ന ടി. വി. അനന്തന്‍ എന്നിവരൊക്കെ ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്നു. ടി.വി. അനന്തന്റെ പേരിലുള്ള അവാര്‍ഡ് ഡിസംബര്‍ ആദ്യവാരത്തില്‍ ഏറ്റുവാങ്ങാന്‍ അഴീക്കോടിനായില്ല. പകരം സഹോദരീപുത്രനാണ് മഹാത്മാമന്ദിരത്തില്‍ ഒരുക്കിയ ചടങ്ങില്‍ വച്ച് അവാര്‍ഡ് ഏറ്റുവാങ്ങിയത്.


അഴീക്കോട് തനിക്ക് ലഭിച്ചുവെന്ന് പറയുന്ന പൈതൃകസ്വത്തുക്കളില്‍ ഏറ്റവും വിലപ്പെട്ടത് സംസ്കൃതപണ്ഡിതനും പ്രാസംഗികനുമായിരുന്ന പിതാവ് വാങ്ങി സൂക്ഷിച്ചിരുന്ന പുസ്തകങ്ങളാണ്. പല ഗ്രാമീണ വായനശാലകളിലെയും പുസ്തകങ്ങളുടെ എണ്ണത്തെ തോല്‍പ്പിക്കുന്ന തരത്തിലുള്ള ശേഖരമായിരുന്നു അതെന്ന് അഴീക്കോട് പലതവണ പറഞ്ഞിട്ടുണ്ട്. പത്തു മുതല്‍ പതിനാറു വയസ്സുവരെ ഈ പുസ്തകങ്ങളിലായിരുന്നു സുകുമാരന്‍ അഭയം തേടിയിരുന്നത്. അദ്ദേഹത്തിന്റെ വായനയുടെ സ്വര്‍ഗത്തിലേയ്ക്കുള്ള കവാടവും അതുതന്നെ. 


പുരാണേതിഹാസങ്ങളും ഖണ്ഡകാവ്യങ്ങളും മഹാകാവ്യങ്ങളുമായിരുന്നു അഴീക്കോടിന്റെ വായനയുടെ ആദ്യഖണ്ഡം. ഈ കാലഘട്ടത്തില്‍ വായിച്ചിരുന്നതെല്ലാം സാഹിത്യമായിരുന്നുവെന്ന ബോധം തനിക്കുണ്ടായിരുന്നില്ലെന്ന് അഴീക്കോട് പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കവിത്രയത്തിന്റെ കൃതികളും ശ്രീകൃഷ്ണചരിതം ഉള്‍പ്പെടെയുള്ള മണിപ്രവാളകൃതികളും വായിക്കാന്‍ തുടങ്ങിയപ്പോഴാണ് എഴുത്തിലെ സാഹിത്യം തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി. 


വായനയുടെ ഒരു കവാടം തുറന്നുകിട്ടിയതോടെ മലയാള, സംസ്കൃത കൃതികള്‍ക്കൊപ്പം ഇംഗ്ളീഷ് പുസ്തകങ്ങളും വായിക്കാന്‍ തുടങ്ങി. അക്കാലത്ത് ലഭ്യമായിരുന്ന കനപ്പെട്ട പുസ്തകങ്ങളെല്ലാം അദ്ദേഹം വായിച്ചുതീര്‍ത്തു. സംസ്കൃതകൃതികളിലുള്ള അവഗാഹം പില്‍ക്കാലത്ത് എം.എ മലയാളത്തിന് സ്വര്‍ണ്ണമെഡല്‍ നേടാന്‍ തന്നെ സഹായിച്ചതായി അഴീക്കോട് ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 


വായനശാലകള്‍ കുറവായിരുന്ന കാലത്ത് അഴീക്കോട്ടെ മിക്ക രാഷ്ട്രീയ, സാമൂഹിക നേതാക്കളുടെ വീടുകളിലും ചെറിയ തോതിലെങ്കിലും പുസ്തകശേഖരമുണ്ടായിരുന്നു. ഇതില്‍ വലിയ പുസ്തകശേഖരം ഉണ്ടായിരുന്നത് കോണ്‍ഗ്രസ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന പാമ്പന്‍ മാധവന്റെ വീട്ടിലായിരുന്നു.  ആ ഗ്രന്ഥശേഖരം അഴീക്കോട് ഏറെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വേദോപനിഷത്തുകളും ലോകോത്തര ക്ളാസ്സിക്കുകളും അനായാസം വായിച്ച് പ്രഭാഷണവേദികളില്‍ ഉദ്ധരിക്കുന്ന ഡോ. സുകുമാര്‍ അഴീക്കോടിന്റെ ശേഖരത്തില്‍ ആയിരത്തോളം കുറ്റാന്വേഷണ നോവലുകളുമുണ്ട്. അതെ, അഴീക്കോടിന്റെ വായനയുടെ സ്വര്‍ഗത്തില്‍ അവയ്ക്കും നിസ്തുലമായ ഒരു സ്ഥാനമുണ്ടായിരുന്നു

No comments:

Post a Comment