Tuesday, January 24, 2012

പുരോഗമന കേരളത്തിന്‍െറ വിചാരശില്‍പി

കേരളീയ സമൂഹത്തെ അരനൂറ്റാണ്ടിലേറെക്കാലം ചലനാത്മകമായി നിലനിര്‍ത്തിയ ധൈഷണികതയുടെ പ്രകാശഗോപുരമാണ് അണഞ്ഞുപോയത്. മൗലിക ചിന്തയുടെ കാന്തസ്പര്‍ശമേറ്റ വാമൊഴിയും വരമൊഴിയും കൊണ്ട് ആറു ദശകങ്ങളോളം മലയാളിയുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവിതത്തെ ജ്വലിപ്പിച്ചുനിര്‍ത്തിയ ധിഷണാശാലിയായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്. മലയാളിയുടെ ചിന്താപ്രപഞ്ചത്തെ  ആഴത്തില്‍ സ്വാധീനിച്ച അദ്ദേഹം നമ്മുടെ ആശയ ലോകത്തെ സമ്പുഷ്ടമാക്കുകയും കേരളീയ സമൂഹത്തെ പുരോഗനാത്മകമായ ദിശയിലേക്ക് നയിക്കുകയും ചെയ്തു. സാഹിത്യവിമര്‍ശകനും പ്രഭാഷകനുമായി പൊതുജീവിതമാരംഭിച്ച അഴീക്കോട് മലയാളഭാഷക്കും സാഹിത്യത്തിനും സാംസ്കാരിക രാഷ്ട്രീയരംഗങ്ങള്‍ക്കും നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്.
ഈ നൂറ്റാണ്ടിന്‍െറ നെടുംപുറത്ത് ആഞ്ഞുപതിച്ച ചാട്ടവാറ് എന്നാണ് ബര്‍നാഡ്ഷായെ എ.ജി.ഗാര്‍ഡിനര്‍ വിശേഷിപ്പിച്ചത്. മനുഷ്യന്‍െറ ബുദ്ധിമോശങ്ങളുടെനേരെ ആഞ്ഞുചുഴറ്റിയ ആ ചാട്ടവാറിന്‍െറ കേരളീയ പതിപ്പായിരുന്നു ഡോ. അഴീക്കോട്. കേരളീയ പൊതുമണ്ഡലത്തെ ഇത്രയേറെ ഇളക്കിമറിച്ച മറ്റൊരു വ്യക്തിയെ അരനൂറ്റാണ്ടിനിടയില്‍ മലയാളി കണ്ടിട്ടില്ല. അഴീക്കോട് ഒരു അഭിപ്രായം പറയുമ്പോള്‍ ആശയപരമായി വിരുദ്ധധ്രുവങ്ങളിലുള്ളവര്‍ പോലും ചെവിയോര്‍ത്തുനില്‍ക്കുമായിരുന്നു. നിലപാടുകള്‍ നിര്‍ഭയം തുറന്നു പറയുമായിരുന്നു അദ്ദേഹം. ഉരുളക്കുപ്പേരി പോലെ മറുപടി പറയാന്‍ കഴിയുന്ന പ്രത്യുല്‍പന്നമതിത്വം എന്ന ബൗദ്ധികസിദ്ധി ബര്‍നാഡ്ഷായെ പോലെ അദ്ദേഹത്തിനുമുണ്ടായിരുന്നു.
വിശ്വമാനവികതക്കുവേണ്ടിയാണ് എന്നും അദ്ദേഹം നിലകൊണ്ടിരുന്നത്. തൂലിക ചലിപ്പിച്ചതും പ്രസംഗവേദികളെ പ്രകമ്പനംകൊള്ളിച്ചതും മനുഷ്യവിമോചനത്തിനായുള്ള ആദര്‍ശങ്ങളാല്‍ പ്രചോദിതനായായിരുന്നു. ഭാരതീയതയെക്കുറിച്ചുളള ഡോ. അഴീക്കോടിന്‍െറ പ്രഭാഷണങ്ങളില്‍ സംവാദത്തെ അദ്ദേഹം നിര്‍വചിക്കുന്നത് സമൂഹത്തിനും നാടിനും വേണ്ടി എല്ലാ മനുഷ്യര്‍ക്കും വേണ്ടി ഒരഭിപ്രായത്തില്‍ എത്തിച്ചേരുക എന്നാണ്. അതു തന്നെയായിരുന്നു അദ്ദേഹത്തിന്‍െറ ദൗത്യവും. സംവാദങ്ങളിലൂടെ അദ്ദേഹം കേരളീയ സാമൂഹിക സാംസ്കാരിക ധൈഷണിക ജീവിതത്തെ സജീവമാക്കി. വിവിധ വിജ്ഞാന ശാഖകളുടെയും ദര്‍ശനങ്ങളുടെയും ആധ്യാത്മിക പാരമ്പര്യങ്ങളുടെയും വിഭജനരേഖകള്‍ മറികടന്ന് മനുഷ്യപുരോഗതിക്ക് അനുഗുണമായ ആശയങ്ങള്‍ കണ്ടെടുത്ത് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പാശ്ചാത്യ ചിന്താസരണികളിലും ഭാരതീയ ദര്‍ശനങ്ങളിലും രാഷ്ട്രമീമാംസയിലും അസാമാന്യമായ അവഗാഹമുണ്ടായിരുന്നു അദ്ദേഹത്തിന്.  അഴീക്കോടിന്‍െറ സൂക്ഷ്മദൃഷ്ടി  പതിയാത്ത കര്‍മമണ്ഡലങ്ങള്‍ കുറവായിരുന്നു. രാഷ്ട്രീയവും സാഹിത്യവും സിനിമയും ദാര്‍ശനികതയും കലയും അദ്ദേഹത്തിന്‍െറ മൂര്‍ച്ചയേറിയ വിമര്‍ശശരങ്ങള്‍ക്കു വിധേയമായി. തന്‍െറ ഗഹനവും സങ്കീര്‍ണവുമായ ചിന്തകളെ അസാമാന്യമായ ഒരാര്‍ജവത്തോടെയും ലാളിത്യത്തോടെയും ആവിഷ്കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
പ്രഭാഷണകലയില്‍ കേരളം കണ്ട എക്കാലത്തെയും വലിയ പ്രതിഭയായിരുന്നു അഴീക്കോട്. പണ്ഡിത, പാമരഭേദമില്ലാതെ ജനലക്ഷങ്ങള്‍ അദ്ദേഹത്തിന്‍െറ ശബ്ദത്തിനു കാതോര്‍ത്തുനിന്നു. സമകാലിക പ്രസക്തിയുള്ള പ്രശ്നങ്ങളിലേക്ക് ജനശ്രദ്ധയാകര്‍ഷിക്കാനും അവരെ പ്രവര്‍ത്തനപഥത്തില്‍ ചലനാത്മകമായി നിര്‍ത്തുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. സ്വാതന്ത്ര്യജൂബിലി പ്രഭാഷണപരമ്പര, ഗാന്ധിജിയുടെ 125ാം ജയന്തിയോടനുബന്ധിച്ച് 125 ഗ്രാമങ്ങളില്‍ നടത്തിയപ്രഭാഷണപരമ്പര, ഭാരതീയതയെക്കുറിച്ച് ഏഴു ദിവസം തുടര്‍ച്ചയായി തൃശൂരില്‍ നടത്തിയ പ്രഭാഷണപരമ്പര എന്നിവ ഈ പ്രതിഭാവിശേഷത്തിന്‍െറ സമാനതകളില്ലാത്ത നിദര്‍ശനങ്ങളായിരുന്നു.
പത്രപ്രവര്‍ത്തനം ഒരു സാമൂഹിക രാഷ്ട്രീയ ദൗത്യമായിരുന്ന കാലത്ത് ആ രംഗത്തേക്കു കടന്നുവന്ന് നവോത്ഥാനകേരളത്തിന്‍െറ പുരോഗമനമൂല്യങ്ങള്‍ പ്രസരിപ്പിക്കുകയും ചെയ്തു അദ്ദേഹം. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ തുടങ്ങിയ പത്രങ്ങളിലൂടെ അഴീക്കോട് സാമൂഹിക ജീര്‍ണതക്കെതിരെ ശബ്ദമുയര്‍ത്തി. സ്വാതന്ത്ര്യത്തിന്‍െറയും മാനവികതയുടെയും ജനാധിപത്യത്തിന്‍െറയും ഉന്നതമായ മൂല്യങ്ങള്‍ പ്രസരിപ്പിക്കുന്നതിന് അദ്ദേഹം വിവിധ പത്രങ്ങളിലെ പംക്തികള്‍ ഉപയോഗിച്ചു.
രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ കാര്യങ്ങളില്‍ നാടിന്‍െറ ആദര്‍ശമൂല്യാധിഷ്ഠിതമായ പ്രതിബദ്ധത അതിവേഗം ക്ഷയിക്കുകയും ശിഥിലമാവുകയും ചെയ്യുന്ന ഈ കാലത്ത് ഒന്നും കണ്ടില്ളെന്നു നടിക്കുന്ന മരുഭൂജീവിയായി കഴിയാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. എഴുത്തുകാരന്‍ ദന്തഗോപുരവാസിയായിരിക്കരുതെന്ന നിര്‍ബന്ധബുദ്ധിക്കാരനായിരുന്നു അദ്ദേഹം. ഭരണകൂടത്തോടും അധികാരസ്ഥാപനങ്ങളോടുമുള്ള വിയോജിപ്പുകള്‍ മറച്ചുവെക്കാനോ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി അവയുമായി നിരുപാധികം സന്ധിയാവാനോ അദ്ദേഹം സന്നദ്ധനായിരുന്നില്ല. രാഷ്ട്രീയപക്ഷപാതങ്ങളില്‍നിന്ന് സ്വാതന്ത്ര്യം നേടിയ ഒരു ദര്‍ശനം അദ്ദേഹത്തിനുണ്ടായിരുന്നു. ഗാന്ധിജിയെയും ഇ.എം.എസിനെയും ഒരേ ഹൃദയതാളങ്ങളില്‍ വെച്ച് സമന്വയിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഒരുപാടു തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുകൊടുത്ത പ്രഗല്ഭനായ അധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം. കലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ മലയാളം പ്രഫസറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം വിവിധ വിജ്ഞാനധാരകളെ അയത്നലളിതമായി സമന്വയിപ്പിച്ചുകൊണ്ട് അധ്യാപനത്തിന്‍െറ സാമ്പ്രദായിക രീതികളില്‍നിന്നു വഴിമാറി നടന്നു. യു.ജി.സിയുടെ ഭാരതീയഭാഷാപഠനത്തിന്‍െറ പാനല്‍ അംഗമായും കേന്ദ്രകേരള സാഹിത്യ അക്കാദമികളില്‍ നിര്‍വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ച അഴീക്കോട് മലയാളഭാഷയുടെ സാംസ്കാരിക സ്ഥാനപതിയായി ദേശീയതലത്തില്‍ സജീവസാന്നിധ്യമറിയിച്ചു.
വിവാദങ്ങള്‍ അഴീക്കോടിന്‍െറ സന്തതസഹചാരിയായിരുന്നു. എന്നാല്‍, കേരളീയ സമൂഹത്തെ പുരോനയിക്കുന്നതിനുള്ള ക്രിയാത്മകമായ വിമര്‍ശങ്ങളാണ് അദ്ദേഹം എക്കാലവും ഉയര്‍ത്തിയിട്ടുള്ളത്. വ്യക്തിവിദ്വേഷമോ മുന്‍വിധികളോ ആയിരുന്നില്ല അദ്ദേഹത്തിന്‍െറ മുനകൂര്‍ത്ത വിമര്‍ശങ്ങളുടെ കാതല്‍. അദ്ദേഹം കലഹിക്കുമ്പോള്‍ അതിനു പിന്നില്‍ സാമൂഹികമായ ഒരു കാരണമുണ്ടായിരുന്നു. ഒറ്റയാനായി ജീവിച്ച അദ്ദേഹത്തിന് വ്യക്തിപരവും സ്വജനപക്ഷപാതപരവും സ്വാര്‍ഥവുമായ താല്‍പര്യങ്ങളില്ലായിരുന്നു. ഒരിക്കല്‍ കേരള സാഹിത്യ അക്കാദമിയോടുള്ള വിയോജിപ്പുകാരണം അക്കാദമിയുടെ എല്ലാ ബഹുമതികളും ഉപഹാരങ്ങളും പാരിതോഷികങ്ങളും അദ്ദേഹം തിരിച്ചേല്‍പിക്കുകയുണ്ടായി. നിലപാടുകള്‍ വിട്ട് തന്‍െറ ആദര്‍ശത്തിനു നിരക്കാത്ത ഒത്തുതീര്‍പ്പുകള്‍ക്കു നിന്നുകൊടുത്തിട്ടില്ല അഴീക്കോട്.
കേരളീയ നവോത്ഥാനത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ചിന്താപരവും ബുദ്ധിപരവും സാഹിത്യപരവുമായ ഭൂമികയില്‍നിന്നുകൊണ്ട് നമ്മെ നയിച്ച മാര്‍ഗദീപങ്ങളിലൊന്നാണ് അണഞ്ഞുപോയത്. അദ്ദേഹത്തിന്‍െറ ഭൗതികമായ സാന്നിധ്യം മാത്രമേ നമുക്ക് നഷ്ടമായിട്ടുള്ളൂ. അനീതിക്കെതിരായ പ്രതിരോധത്തിന്‍െറ ഊര്‍ജം ഉള്‍ക്കൊള്ളുന്ന തീക്ഷ്ണവും വാചാലവുമായ ചിന്തകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം കടന്നുപോയത്. നിതാന്തമായ ചിന്താജാഗ്രത പുലര്‍ത്തി സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള ആ ദീപജ്വാല വരുംതലമുറകള്‍ ഏറ്റുവാങ്ങുമെന്ന് പ്രതീക്ഷിക്കാം.

No comments:

Post a Comment