Tuesday, January 24, 2012

'സുമാര്‍' അഴീക്കോട്

അഞ്ചരയടി പൊക്കം.
49 കിലോ തൂക്കം.
കാഴ്ചയില്‍ നീണ്ടുമെലിഞ്ഞൊരു ദുര്‍ബലന്‍.
കേള്‍വിയിലോ..?
ആത്മാവുനിറയെ അഗ്നിയും വായുവും ആവാഹിച്ച്, ആരും കാണാത്ത ആവനാഴിയില്‍നിന്നു വാക്ശരങ്ങളെടുത്തു വേദിയില്‍ നിന്നു തൊടുക്കുമ്പോള്‍ ദുര്‍ബലന്‍ അര്‍ജുനനാവുന്നു.
നാവ് പടവാള്‍. പേനത്തുമ്പ് കുന്തമുന.

വായനയുടെയും ജീവിതാനുഭവത്തിന്റെയും ചിന്തയുടെയും ഉറയില്‍നിന്നു നാവിലേക്ക് അറിവ് ചുരികപോലെ കെട്ടഴിഞ്ഞു നീണ്ടുനീണ്ടു വരുന്നു. എതിരാളികളുടെ എല്ലാ ആയുധങ്ങളും ആക്ഷേപഹാസ്യത്തിന്റെ പരിചയില്‍ തട്ടി ദുര്‍ബലമായി മടങ്ങുന്നു. അതേ, അഴീക്കോട് എന്ന വില്ലാളി ആദ്യവസാനം ഒറ്റയാനായിരുന്നു. ഒപ്പം നിന്നു പൊരുതാന്‍ ഒരു ഭാര്യയെപ്പോലും കൂടെക്കൂട്ടിയില്ല!
പത്രങ്ങളായിരുന്നു അഴീക്കോടിനെ വിളിച്ചുണര്‍ത്തിയിരുന്ന അലാം. കൃത്യം ആറരയ്ക്ക് ഉണരുന്നത് എട്ടുപത്തു പത്രങ്ങളിലേക്കാണ്. ആ സമയത്ത് ചൂടുചായ വേണം. വാര്‍ത്തകളെ ഊതിക്കാച്ചി വായിക്കും. വലതുകയ്യില്‍ പിടിച്ച ചായഗാസുകൊണ്ട് ഇടതുകൈയുടെ മസിലുകള്‍ക്കുമീതേ ചേര്‍ത്തു ചൂടുവച്ചുകൊണ്ടാണു വായന. ശരീരത്തിന്റെ തണുപ്പുമാറ്റി ചായയുടെ ചൂടകറ്റുന്ന വിദ്യ.
മണിക്കൂറുകള്‍ നീളുന്ന ഈ പത്രവായനയുടെ നേരത്ത് ആരെങ്കിലും തടസപ്പെടുത്തുകയോ കോളിങ് ബെല്ലടിക്കുകയോ ചെയ്താല്‍ വഴക്ക് കേള്‍ക്കാം. ഉറപ്പ്. രാവിലെ പ്രസംഗജോലി ഇല്ലാത്ത ദിവസമാണെങ്കില്‍ ഒന്‍പതുമണിയോടെ കുളിച്ചു ഭക്ഷണം കഴിക്കും. ഒന്നര ദോശ, അല്ലെങ്കില്‍ ഒന്നര ഇഡലി. ഉപ്പുമാവിനോടാണു പ്രിയം. അല്‍പം കൂടുതല്‍ കഴിക്കുമെങ്കില്‍ അത് ഉപ്പുമാവും മീനുമാണ്. കണ്ണൂരിലെ ജീവിതകാലത്തു തുടങ്ങിയതാണു മീന്‍പ്രേമം. രാവിലെ ഒന്‍പതിനു മുന്‍പു യാത്രപോകുന്നത് അത്ര ഇഷ്ടമല്ല.കാര്‍ യാത്ര പ്രിയം. വിമാനയാത്ര ദേഷ്യം.
ട്രെയിന്‍ യാത്രയോട് ഇഷ്ടവുമില്ല, ഇഷ്ടക്കേടുമില്ല.

കാറിലെ യാത്രയില്‍ ഇഷ്ടമുള്ളിടത്തൊക്കെ ഇറങ്ങിയും ഉറങ്ങിയും പോകാം. മുന്‍കൂട്ടി ഒരുങ്ങി ചെയ്യുന്ന പ്രസംഗങ്ങള്‍ വളരെക്കുറവ്. മിക്ക പ്രസംഗവും രൂപപ്പെടുന്നതു പ്രസംഗവേദിയിലേക്കുള്ള കാര്‍യാത്രയില്‍. അഴീക്കോട് പ്രസംഗം മനനം ചെയ്തു തുടങ്ങിയാല്‍ അതു സാരഥി സുരേഷിനറിയാം. പിന്നെ സ്പീഡ് 40 കിലോമീറ്ററിലേക്കൊതുങ്ങും. ഉറക്കം തുടങ്ങിയാലും അങ്ങനെതന്നെ. മുന്‍പേ ഒരുങ്ങിയ പ്രസംഗമാണെങ്കില്‍ കാറില്‍ നന്നായി ഉറങ്ങും. വീട്ടിലുണ്ടെങ്കില്‍ ഒരുമണിക്കുതന്നെ ഊണ്. അല്‍പം ചോറേ കഴിക്കൂ. മീന്‍ പ്രിയം.  പയര്‍തോരനോടും പ്രേമം.
കിടക്കച്ചായ കഴിഞ്ഞാല്‍ പിന്നെ നാലുമണിക്ക് ഒരു ചായ മാത്രം. ഡയറി എഴുതുന്ന ശീലം പണ്ടേയുണ്ട്. ആരെങ്കിലുമൊരാള്‍ വന്നുപോയാല്‍ ആ വിവരം അപ്പോള്‍ത്തന്നെ ഡയറിയില്‍ കുറിക്കും. വൈകിട്ട് ചെറുപയര്‍ ഉപ്പേരികൂട്ടി കഞ്ഞി കുടിച്ചു കഴിഞ്ഞാല്‍ വിശദമായ എഴുത്ത്, വായന. പുസ്തകങ്ങള്‍ നോക്കി റഫര്‍ചെയ്തെഴുതുന്ന ശീലമില്ല. അത്മകഥയൊക്കെ എഴുതുന്ന കാലത്ത് ഒറ്റയിരിപ്പിന് പല അധ്യായങ്ങള്‍ എഴുതിക്കൂട്ടുകയായിരുന്നു. പ്രസംഗത്തിലും എഴുത്തിലും വായനയിലും മടുപ്പില്ല.
അതുപോലെ മടുപ്പില്ലാത്തൊരു ശീലം ക്രിക്കറ്റ് കളി കാണലാണ്. അഴീക്കോട് കള്ളം പറയുമായിരുന്നു..! ഇന്ത്യന്‍ ടീം ക്രിക്കറ്റില്‍ ഫൈനല്‍ കളിക്കുമ്പോഴുള്ള ചെറിയ നിര്‍ദോഷമായ കള്ളങ്ങള്‍. പ്രസംഗം ഒഴിവാക്കി ടിവിക്കു മുന്നില്‍ ഇടംപിടിക്കാനാണത്. ടിവി സ്ക്രീനിനോടു ചേര്‍ന്നിരിക്കും.  സച്ചിന്‍ ക്രീസിലുണ്ടെങ്കില്‍ കണ്ണെടുക്കില്ല. സച്ചിന്‍ ഔട്ടായാല്‍ ആകെ നിരാശനാകും. പിന്നെ അതുതന്നെ പറഞ്ഞുകൊണ്ടിരിക്കും. ക്രിക്കറ്റില്‍ പ്രധാനപ്പെട്ട സംഭവമെന്തെങ്കിലുമുണ്ടായാല്‍ പിറ്റേന്ന് ഒരു ലേഖനം ഉറപ്പ്.
ആദ്യകാലത്ത് ഫുട്ബോളിനോടായിരുന്നു പ്രിയമെങ്കിലും പിന്നീട് ക്രിക്കറ്റ് മനസില്‍ കയറിക്കൂടി. ടിവിക്കു മുന്നില്‍ തമ്പടിക്കുന്ന വേറൊരു സമയം 'പ്രൈം ടൈം ആണ്. ചില സീരിയലുകള്‍ വിടാതെ കാണുമായിരുന്നു.  'പ്രസംഗിക്കാനുള്ള വക കിട്ടും എന്നൊരു കമന്റ് ഈ സീരിയല്‍പ്രേമത്തെക്കുറിച്ചു ചോദിച്ചാല്‍ കേള്‍ക്കാം. ആദ്യകാലത്ത് പ്രസംഗബുക്കിങ് കുറിച്ചിരുന്നതു മനസിലായിരുന്നു. പിന്നീടു ഡയറിയിലേക്കു മാറി.
ഓര്‍മയില്‍ അഴീക്കോടിനെ വെല്ലാനാളില്ല. പറവൂര്‍ മൂത്തകുന്നത്ത് പത്തു വര്‍ഷത്തെ പ്രിന്‍സിപ്പല്‍ ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്ന അറ്റന്‍ഡന്‍മാരുടെപോലും പേര് മനസില്‍ അച്ചുകുത്തിയതുപോലെ. എഴുത്തിലെ ചില ഗാന്ധിയന്‍ ശാഠ്യങ്ങള്‍ പല പത്രമോഫിസുകളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. കുനുകുനെയുള്ള കൈപ്പട. അതും പൊട്ടിച്ച കവറിന്റെ മറുവശത്തോ കീറിയ പേപ്പറിന്റെ മുക്കിലോ മറ്റോ.
വായിച്ചെടുക്കാന്‍ പല എഡിറ്റര്‍മാരും പാടുപെട്ട് ഒടുവില്‍ വീണ്ടും അഴീക്കോടിനെത്തന്നെ ശരണം പ്രാപിച്ചിട്ടുണ്ട്. കടാങ്കോട് പ്രഭാകരനായിരുന്നു ഈ കയ്യക്ഷരം വായനയിലെ വിദഗ്ധന്‍. അതിനാല്‍ ആത്മകഥ പകര്‍ത്തിയെഴുതാന്‍ നിയുക്തനായതും പ്രഭാകരന്‍.
വസ്ത്രധാരണത്തിലെ ഗാന്ധിസത്തില്‍ വിട്ടുവീഴ്ചയില്ല. ഒരു മുണ്ടു കീറിക്കഴിഞ്ഞാല്‍ അഴീക്കോടിനെ കുറച്ചുനേരത്തേക്കു കാണില്ല. തപ്പിയാല്‍ മുറിയിലിരുന്നു സൂക്ഷ്മതയോടെ സൂചികോര്‍ത്ത് തനിയെ തുന്നുന്ന അഴീക്കോട്. ഒരു ജോഡി ജുബ്ബയും മുണ്ടും. അത് ഉപയോഗയോഗ്യമല്ലാതായാല്‍ വീട്ടുവേഷമാക്കും. പക്ഷേ, നല്ല കാറുകള്‍ എപ്പോഴും അഴീക്കോടിനെ മോഹിപ്പിച്ചു. സുഹൃത്തുക്കള്‍ വിലപിടിപ്പുള്ള കാറില്‍ വന്നാല്‍ അകത്തുകയറി ഇരുന്നൊക്കെ നോക്കും. വണ്ടിയുടെ വിശേഷങ്ങള്‍ ചോദിക്കും. അബ്ദുല്‍ വഹാബിന്റെ ബിഎംഡബ്ളിയു കാറിനോട് ഇഷ്ടമായിരുന്നു. ആദ്യം മാരുതി കാറായിരുന്നു കൂട്ട്. പിന്നീട് സീലോ കാര്‍ ആയി. നമ്പര്‍ കെഎല്‍ 7 ഡബ്ളിയു 50. ഈ കാര്‍ മാധവിക്കുട്ടിക്കു തുച്ഛമായ വിലയ്ക്കു സമ്മാനിച്ചു. പിന്നീടൊരു ബലേനോ വാങ്ങി. ഇപ്പോള്‍ ഗ്രാന്‍ഡ് വിറ്റാര.
86 വയസുള്ള സുകുമാര്‍ അഴീക്കോടിനെപ്പോലെ യാത്രചെയ്യുന്ന യുവാക്കള്‍പോലുമുണ്ടാവില്ല. പ്രസംഗത്തിനായി സഞ്ചരിച്ചിട്ടുള്ളതു ലക്ഷക്കണക്കിനു കിലോമീറ്ററുകളാണ്. കോഴിക്കോട് പ്രസംഗം കഴിഞ്ഞു പിറ്റേദിവസം കാസര്‍കോട്ട് പ്രസംഗമുണ്ടെന്നു കരുതുക. കോഴിക്കോടുറങ്ങി കാസര്‍കോടിനു പോകുന്ന പരിപാടി ഇല്ല. തിരിച്ചു തൃശൂരിലെ വീട്ടില്‍ വന്നു കിടന്നുറങ്ങി പിറ്റേന്നു പോകും. എത്ര വൈകിയാലും സ്വന്തം വീട്ടില്‍ ഉറങ്ങുന്നതാണു തൃപ്തി. പുതച്ചുറക്കം പതിവില്ല. കിടന്നാലുടന്‍ സ്വിച്ചിട്ടതുപോലെ ഉറക്കം. പ്രസംഗംപോലെ പതിഞ്ഞ ശബ്ദത്തിലെങ്കിലും നല്ല കൂര്‍ക്കംവലി. ഉറങ്ങുന്നതിനു മുന്‍പൊരു ശീലമുണ്ടായിരുന്നു. ഉപ്പുവെള്ളം തൊണ്ടയില്‍ പിടിക്കുന്നൊരു തെറപ്പി. ഒരു വര്‍ഷം മുന്‍പ് ബിപി പിടികൂടിയപ്പോള്‍ അതുനിര്‍ത്തി. 85-ാം വയസിലാണു മധുരരോഗമായ ഷുഗറിനെയും ഒപ്പംകൂട്ടി രക്തസമ്മര്‍ദ്ദം വന്നത്. ആറു മാസം മുന്‍പ് അര്‍ബുദം. അതുവരെ രോഗങ്ങളില്ല.
അറുപതാം വയസില്‍ അഴീക്കോടിന്റെ ജാതകം നോക്കിയ ജ്യോതിഷി പറഞ്ഞു. '65 വയസ്സു വരെ മാത്രമേ ജീവിക്കൂ. 66ല്‍ എത്തിയപ്പോള്‍ അദ്ദേഹം ജ്യോതിഷിയെ അന്വേഷിച്ചുപോയി. അപ്പോഴേക്കും പാവം ആ മനുഷ്യന്‍ മരിച്ചുപോയിരുന്നു. തന്റെ പ്രവചനം തെറ്റിച്ച ഒരാളുടെ കൂടെ കഴിയേണ്ട എന്ന് ഒാര്‍ത്താവാം അദ്ദേഹം നേരത്തെ പോയതെന്നായിരുന്നു അഴീക്കോടിന്റെ വിശകലനം.
കുറച്ചുനാള്‍ മുന്‍പ് അമല ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ അഴീക്കോടിന്റെ ഇസിജിയെടുത്ത ഡോക്ടര്‍ പറഞ്ഞു: 18 വയസുകാരന്റെ ഇസിജി പോലുണ്ട്. ദിവസേന എത്രവീതമെന്നോ ആഹാരത്തിനു മുന്‍പോ പിന്‍പോ എന്നോ നിബന്ധനയില്ലാതെ അഴീക്കോട് കഴിച്ചിരുന്ന മരുന്നിന്റെ പേരെന്താണെന്നോ?  പ്രസംഗം.

No comments:

Post a Comment