Tuesday, January 24, 2012

വിടവാങ്ങിയതു പ്രഭാഷണകലയിലെ മഹാമേരു



ചുരുണ്ടമുടിയും ചുണ്ടത്തെ നേരിയ ചിരിയുമായി വേദിയില്‍ നിന്നു പ്രസംഗിക്കുന്ന വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്‍. വേദിക്കരികില്‍ എപ്പോഴും കൌതുകത്തോടെ നോക്കി നില്‍ക്കുന്ന ഒരു പയ്യന്‍. വീട്ടിലെ സൌമ്യനായ അച്ഛനില്‍നിന്നു പ്രസംഗവേദിയിലെ മുഴക്കമുള്ള ശബ്ദമായി മാറുന്ന അച്ഛനെ വീരാരാധനയോടെ നോക്കിനിന്ന ആ പയ്യന്‍ പിന്നീടു പ്രസംഗകലയില്‍ ആകാശത്തോളം വളര്‍ന്നു പ്രഭാഷണകലതന്നെ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു വിടവാങ്ങുന്നു. പ്രഭാഷകന്റെ മകനായി ജനനം. വാഗ്ഭടാനന്ദന്റെ കടാക്ഷം, മഹാത്മാഗാന്ധിയില്‍നിന്നു നേരിട്ടു പകര്‍ന്നുകിട്ടിയ ഊര്‍ജം, അറിവനുഭവങ്ങളുടെ കരുത്ത്. ഡോ. സുകുമാര്‍ അഴീക്കോടിന്റെ ജീവിതരേഖയ്ക്കു ചുറ്റും മഹത്കടാക്ഷത്തിന്റെ പ്രഭാവലയമുണ്ട്.
പ്രസംഗകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനും പണ്ഡിതനുമായിരുന്ന അച്ഛന്‍തന്നെയാണ് അഴീക്കോടിന്റെ ഗുരു. കവിത, ഗദ്യം എന്നിവയിലെല്ലാം അഴീക്കോടിനെ ആദ്യകാലത്തു തിരുത്തിയതും വായനയുടെ വലിയ ലോകത്തേക്കു കൈപിടിച്ചു കൊണ്ടുപോയതും അച്ഛനാണ്. 1941ല്‍ ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂളില്‍നിന്നു പത്താംതരം പാസായ അഴീക്കോട്  1946-ല്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളജില്‍നിന്നു ബികോം ബിരുദവും കോഴിക്കോട് ഗവ. ട്രെയിനിങ് കോളജില്‍നിന്ന് അധ്യാപക ബിരുദവും തുടര്‍ന്നു മലയാളത്തിലും സംസ്കൃതത്തിലും എംഎയും കേരള സര്‍വകലാശാലയില്‍നിന്നു പിഎച്ച്ഡിയും നേടി. 1956ല്‍ മദിരാശി സര്‍വകലാശാലയില്‍നിന്ന് ഒന്നാം റാങ്കോടെയായിരുന്നു എംഎ നേടിയത്.
വാഗ്ഭടാനന്ദന്റെ പ്രസംഗമാണു ജീവിതത്തിലെ വഴിത്തിരിവായതെന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്. അച്ഛന്‍തന്നെയാണ് അദ്ദേഹത്തെ വാഗ്ഭടാനന്ദനിലേക്കും തുടര്‍ന്നു ശ്രീനാരായണ ഗുരുവിലേക്കും നയിച്ചത്. 1946-ല്‍ ജോലി തേടിയുള്ള ഡല്‍ഹി യാത്ര അഴീക്കോടിന്റെ ജീവിതംതന്നെ മാറ്റിമറിച്ചു. ഉദ്യോഗം വേണ്ടന്നുവച്ചു മടങ്ങുംവഴി ഗുജറാത്തില്‍ സേവാഗ്രാമത്തില്‍ ചെന്നു ഗാന്ധിജിയെ കണ്ടു. ഗാന്ധിയന്‍ വഴികളിലൂടെയുള്ള യാത്ര തുടങ്ങിയതും വാര്‍ധയിലെ ആ ഗാന്ധിദര്‍ശനത്തില്‍നിന്നുതന്നെ. അന്നു മുതല്‍ മരണം വരെ അദ്ദേഹം ഖദര്‍ മാത്രമേ ധരിച്ചിരുന്നുള്ളു.
1948ല്‍ ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 55ല്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളജിലും 1956-62 കാലത്തു കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സിലും അധ്യാപകനായിരുന്നു. 63ല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി തലശ്ശേരിയില്‍നിന്നു പാര്‍ലമെന്റിലേക്കു മത്സരിച്ചു പരാജയപ്പെട്ടു. മൂത്തകുന്നം എസ്എന്‍എം ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍, കാലിക്കറ്റ് സര്‍വകലാശാല അധ്യാപകന്‍ എന്നീ പദവികളിലൂടെ അദ്ദേഹം വലിയ ശിഷ്യസമ്പത്തും കഴിവുറ്റ അധ്യാപകനെന്ന പേരും നേടി. 28-ാം വയസ്സില്‍ എഴുതിയ 'ആശാന്റെ സീതാകാവ്യവും 37-ാം വയസ്സിലെഴുതിയ 'ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന കൃതിയും മലയാള സാഹിത്യത്തില്‍ പതിറ്റാണ്ടുകളോളം ഭൂകമ്പങ്ങളുണ്ടാക്കി.
അതുവരെ ഒരു എഴുത്തുകാരനെയും ഇത്രയും ആഴത്തില്‍ നിരൂപകര്‍ വിമര്‍ശിച്ചിട്ടില്ലായിരുന്നു. ശങ്കരക്കുറിപ്പിനെപ്പോലുള്ളൊരു മഹാമേരുവിനെതിരെ യുവാവായ അഴീക്കോട് നടത്തിയ വിമര്‍ശനം സാഹിത്യത്തിലെ പാരമ്പര്യവാദികളെ ഞെട്ടിച്ചു. 1974-78 കാലത്ത് കാലിക്കറ്റ് സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലറായും ആക്ടിങ് വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചു. 1986ല്‍ സര്‍വകലാശാല മലയാള വിഭാഗം പ്രഫസറായി സര്‍വീസില്‍നിന്നു വിരമിച്ചു. തുടര്‍ന്നു കാലിക്കറ്റ് സര്‍വകലാശാലയുടെ ആദ്യത്തെ എമറിറ്റസ് പ്രഫസര്‍, യുജിസിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനല്‍ അംഗം, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളില്‍ നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. യുജിസിയുടെ ആദ്യത്തെ നാഷനല്‍ ലക്ചറര്‍, സമസ്ത കേരള സാഹിത്യ പരിഷത് പ്രസിഡന്റ് (1965-77), നാഷനല്‍ ബുക്ക് ട്രസ്റ്റ് ഒാഫ് ഇന്ത്യയുടെ ചെയര്‍മാന്‍ (1993-96) എന്നീ പദവികളും വഹിച്ചു.
ഏറെ വിറ്റഴിഞ്ഞ തത്വമസിക്ക് 1985ല്‍ കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകളടക്കം 12 ബഹുമതികള്‍ ലഭിച്ചു. വയലാര്‍ അവാര്‍ഡ് (1989), രാജാജി അവാര്‍ഡ്, സുവര്‍ണ കൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് തുടങ്ങിയവ അക്കൂട്ടത്തില്‍പ്പെടുന്നു.  'മലയാള സാഹിത്യ വിമര്‍ശം എന്ന കൃതിക്ക് 1985ല്‍  അവാര്‍ഡ് നല്‍കിയ കേരള സാഹിത്യ അക്കാദമി 1991ല്‍ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2004ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്കാരം നേടി. അഴീക്കോടിന്റെ  സ്വാതന്ത്യ്ര ജൂബിലി പ്രഭാഷണ പരമ്പര, ഗാന്ധിജിയുടെ 125-ാം ജയന്തിയോടനുബന്ധിച്ച് 125 ഗ്രാമങ്ങളില്‍ നടത്തിയ പ്രഭാഷണ പരമ്പര, ഭാരതീയതയെക്കുറിച്ച് ഏഴു ദിവസം തുടര്‍ച്ചയായി തൃശൂരില്‍ നടത്തിയ പ്രഭാഷണ പരമ്പര എന്നിവ വളരെ പ്രശസ്തി നേടിയവയാണ്.
മലയാളത്തിലെ ഏറ്റവും പണ്ഡിതോചിതമായ പ്രഭാഷണ പരമ്പരകളാണിവ. ആഴമേറിയ പ്രഭാഷണ വേദികളിലേക്കു സാധാരണക്കാരായ കേള്‍വിക്കാരെ എത്തിച്ചു എന്നതാണ് അഴീക്കോടിന്റെ മഹത്വം. ജി. ശങ്കരക്കുറുപ്പിനെ വിമര്‍ശിച്ചതിന് 1963ല്‍ തുടങ്ങിയ വിവാദത്തോടെ വിവാദ നായകനുമായി. ടി. പത്മനാഭന്‍, വെള്ളാപ്പള്ളി നടേശന്‍, പ്രഫ. എം.കെ. സാനു തുടങ്ങിയ പലരുമായും അദ്ദേഹം നിരന്തരം വാക്കുതര്‍ത്തിലേര്‍പ്പെട്ടു.
നടന്‍ തിലകനെ താരസംഘടനയായ അമ്മയില്‍നിന്നു പുറത്താക്കിയതിന്റെ പേരില്‍  നടത്തിയ സംവാദം കോടതിയിലുമെത്തി. കലഹിച്ചവരോടെല്ലാം ആശുപത്രി കിടക്കയില്‍ക്കിടന്ന് അനുരഞ്ജനപ്പെട്ടും അഴീക്കോട് വേറിട്ടു നിന്നു. മോഹന്‍ലാലിന് എതിരെ കൊടുത്ത കേസ് അഴീക്കോട് ആശുപത്രിയിലെത്തിയശേഷമാണു പിന്‍വലിച്ചത്. മരിക്കുന്നതിനു തലേദിവസം മോഹന്‍ലാല്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടു. അമ്മ നല്‍കിയ കേസും അവസാനിപ്പിച്ചു. ആദ്യകാല പ്രണയത്തിന്റെ പേരിലും അഴീക്കോട് വിവാദങ്ങളില്‍ ചെന്നുചാടി. മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചു കോടതിയിലെത്തിയ പഴയ സഖിയും അവസാനം അനുരഞ്ജനത്തിന്റെ പാതയിലെത്തി, നേരില്‍ കാണാനെത്തി.
കോണ്‍ഗ്രസില്‍ തുടങ്ങിയ അഴീക്കോടിന്റെ രാഷ്ട്രീയം പിന്നീട് ഇടതുപക്ഷ അനുഭാവമായും ഒടുവില്‍ സിപിഎം അനുഭാവമായും മാറി. വി.എസ്. അച്യുതാനന്ദന് എതിരെ പിണറായി വിജയന്‍ നയിക്കുന്ന ഗ്രൂപ്പിന്റെ വക്താവായി അദ്ദേഹം പലപ്പോഴും ചിത്രീകരിക്കപ്പെട്ടു. നവഭാരതവേദി എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ, വര്‍ത്തമാനം പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. മനോരമ ഉള്‍പ്പെടെ വിവിധ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ കോളങ്ങള്‍ പ്രസിദ്ധം. വൈലോപ്പിള്ളി സ്മാരക സമിതി, പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരകം എന്നിവയുടെ അധ്യക്ഷനായിരിക്കെയാണ് അര്‍ബുദത്തിന്റെ രൂപത്തില്‍ മരണം തേടിയെത്തിയത്.

No comments:

Post a Comment