Tuesday, January 24, 2012

സുകുമാര്‍ അഴീക്കോട് അന്തരിച്ചു



തൃശൂര്‍: വാക്കുകള്‍ക്ക് മാസ്മരികതയുടെ തേജസ്സ് സമ്മാനിച്ച കേരളത്തിലെ പ്രഭാഷണാചാര്യന്‍ ഡോ.സുകുമാര്‍ അഴീക്കോട് അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ന് രാവിലെ 6.33ന് തൃശൂര്‍ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കുറച്ചുനാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.  അടുത്ത ബന്ധുക്കളും സന്തതസഹചാരിയായ സുരേഷും ചികിത്സിച്ചിരുന്ന പാനലിലെ ഡോക്ടര്‍മാരുമെല്ലാം അന്ത്യസമയത്ത് സമീപമുണ്ടായിരുന്നു. 


മൃതദേഹം രാവിലെ എട്ടിന് അമല ആശുപത്രിയില്‍ നിന്നും ഇരവിമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പത്തുമണിക്ക് സാഹിത്യ അക്കാഡമി ഹാളില്‍  പൊതുദര്‍ശനത്തിന് വച്ചു. വൈകിട്ട് നാലിന് മൃതദേഹം സ്വദേശമായ കണ്ണൂരിലെ അഴീക്കോട്ടേക്ക് കൊണ്ടുപോകും. നാളെ രാവിലെ 11 മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം.  തൃശൂരിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സാഹിത്യ രംഗത്തെ ഉറ്റവരും സംസ്കാരം തൃശൂരിലാക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അതേ സമയം ബന്ധുക്കള്‍ കണ്ണൂരിലെ പയ്യമ്പലത്ത് തന്നെ സംസ്കാരം നടത്തണമെന്ന ആഗഹം പ്രകടിപ്പിച്ചു. ബന്ധുക്കളുടെ ഇഷ്ടപ്രകാരമായിരിക്കും തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. 


2011 ഡിസംബര്‍ ഏഴിന് വൈകിട്ടോടെ ചെറിയൊരു തലക്കറക്കമുണ്ടായതിനെ തുടര്‍ന്ന് തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് ഹോസ്പിറ്റലിലേക്കെത്തുമ്പോഴാണ് രോഗാതുരനായ അഴീക്കോട് മാഷിനെ ലോകം ആദ്യം കാണുന്നത്. രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് കിടക്കയില്‍ നിന്ന് നിലത്തേക്ക് വീഴുകയായിരുന്നു മാഷ്. സേക്രഡ് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ നിന്നും അടുത്ത ദിവസം തന്നെ മാഷിനെ അമല ആശുപത്രിയിലേക്ക് മാറ്റി. അമലയിലെ മെഡിക്കല്‍ ബുള്ളറ്റിനുകളിലാണ് മാഷിന് അര്‍ബുദ രോഗ ബാധയുണ്ടെന്ന വിവരം പുറംലോകം അറിഞ്ഞത്. എന്നാല്‍ അസുഖവിവരം നേരത്തേതന്നെ അദ്ദേഹത്തിന് അറിയാമായിരുന്നു. ഡിസംബര്‍ ഏഴുവരെ പൊതുചടങ്ങുകളില്‍ സജീവമായിരുന്നു മാഷ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കിടക്കയില്‍ കിടന്നുകൊണ്ട് പുസ്തക പ്രകാശനം,  അവാര്‍ഡ് ദാനം, അവാര്‍ഡ് ഏറ്റുവാങ്ങല്‍ അടക്കമുള്ള ചടങ്ങുകള്‍ നടന്നിരുന്നു.


അണപ്പല്ലിന് പിറകില്‍ മോണയോട് ചേര്‍ന്ന് കാണപ്പെടുന്ന റിട്രോമോളാര്‍ ട്യൂമര്‍ അഥവാ ആല്‍വിയോലാര്‍ ട്യൂമര്‍ എന്ന അര്‍ബുദമായിരുന്നു മാഷിനെന്ന് നേരത്തേതന്നെ കണ്ടെത്തിയിരുന്നു. വളരെ വിരളമായാണ് ഈ അസുഖം കണ്ടുവരുന്നത്. വിശ്രമമില്ലാത്ത മാഷിന്റെ പൊതുജീവിതം അസുഖം മൂര്‍ച്ഛിക്കാന്‍ കാരണമായി. അമല ആശുപത്രിയില്‍ എത്തുംമുമ്പ് തന്നെ അസുഖം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത വിധത്തിലായി. 


അണപ്പല്ലിലെ ക്യാന്‍സര്‍ നട്ടെല്ലിലും എല്ലുകളിലേക്കും വ്യാപിച്ച് എല്ലുകള്‍ പൊട്ടുകയും തേയ്മാനം സംഭവിക്കുകയും ചെയ്തു. ശ്വാസകോശമടക്കമുള്ള ആന്തരികാവയവങ്ങളെയും രോഗം കാര്‍ന്നുതിന്നാന്‍ തുടങ്ങി. രോഗനിര്‍ണ്ണയം നേരത്തേ നടത്തിയിരുന്നെങ്കിലും വളരെ രഹസ്യമായി മാഷ് ഹോമിയോ ചികിത്സ നടത്തിയിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. അവസാന ദിവസങ്ങളില്‍ കീമോതെറാപ്പിക്കോ റേഡിയേഷന്‍ തെറാപ്പിക്കോ മാഷ് നിന്നുകൊടുത്തില്ല. മിക്കവാറും വേദനസംഹാരികള്‍ മാത്രമാണ് മാഷിന് നല്‍കിയിരുന്നത്. മാഷിന്റെ ചികിത്സാച്ചെലവുകളെല്ലാം സര്‍ക്കാര്‍ നേരിട്ട് നല്‍കി. 


രോഗക്കിടക്കയിലായ ശേഷം കേരളത്തിലെ സാംസ്കാരിക, സമൂഹിക, രാഷ്ട്രീയ മേഖലകളിലുള്ള പ്രമുഖര്‍ മാഷിനെ സന്ദര്‍ശിച്ചു. അവസാന സന്ദര്‍ശകന്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആയിരുന്നു. സിനിമാവിവാദങ്ങളുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന കേസുകളെല്ലാം മോഹന്‍ലാലും മാഷും നേരത്തേ പിന്‍വലിച്ചിരുന്നു.


സുകുമാര്‍ അഴീക്കോട്


കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കലില്‍ വിദ്വാന്‍ പി.ദാമോദരന്റെയും കെ.ടി. മാധവിയമ്മയുടെയും മകനായി 1926ല്‍ ആയിരുന്നു സുകുമാര്‍ അഴീക്കോടിന്റെ ജനനം. എം. എ. മലയാളം, സംസ്കൃതം. ബി കോം, ബി.ടി, പി. എച്ച്. ഡി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. 


അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് സര്‍വ്വകലാശാല പ്രോ- വൈസ് ചാന്‍സലറും ആക്ടിംഗ് വൈസ് ചാന്‍സലറും ആയിരുന്നു. യു.ജി.സി ഭാരതീയ ഭാഷാപഠനത്തിന്റെ പാനല്‍ മെംബര്‍. കോഴിക്കോട് സര്‍വ്വകലാശാല എമിററ്റസ് പ്രൊഫസര്‍. കേരള സാഹിത്യ അക്കാഡമിയിലും കേന്ദ്രസാഹിത്യ അക്കാഡമിയിലും അംഗമായിരുന്നു. നവഭാരതവേദി സ്ഥാപകാദ്ധ്യക്ഷന്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമിയുടെ വിശിഷ്ടാംഗത്വവും ലഭിച്ചിട്ടുണ്ട്. 


തത്വമസി, മലയാള സാഹിത്യ വിമര്‍ശനം, ആശാന്റെ സീതാകാവ്യം, രമണനും മലയാള സാഹിത്യവും, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, വിശ്വസാഹിത്യ പഠനങ്ങള്‍, ഗുരുവിന്റെ ദു:ഖം, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 


വയലാര്‍ അവാര്‍ഡ് (തത്വമസി-1989ല്‍), കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ് (തത്വമസി), മലയാള സാഹിത്യ വിമര്‍ശനം 1984, എഴുത്തച്ഛന്‍ പുരസ്കാരം, വള്ളത്തോള്‍ പുരസ്കാരം (2007) എന്നീ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 2007ല്‍ പദ്മശ്രീ നല്‍കി ആദരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അഴീക്കോട് അത് നിരസിച്ചു.

No comments:

Post a Comment