Wednesday, January 25, 2012

അസ്തമിച്ച ധൈഷണിക സൂര്യന്‍ -പെരുമ്പടവം ശ്രീധരന്‍

നമ്മുടെ സാഹിത്യ-സാംസ്കാരിക-സാമൂഹ്യരംഗങ്ങളുടെ ആകാശത്തു കത്തിജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു സുകുമാര്‍ അഴീക്കോട്. ആചാര്യനെന്ന നിലയില്‍ കേരളം അദ്ദേഹത്തെ അംഗീകരിച്ചിരുന്നു. ഏതു വിഷയത്തിലും ഏതു പ്രശ്നത്തിലും അഴീക്കോടിന്റെ അഭിപ്രായത്തിനായി കേരളം കാതോര്‍ത്തു. തന്റെ സര്‍ഗാത്മക ജീവിതം ആരംഭിക്കുമ്പോള്‍ കുട്ടിക്കൃഷ്ണ മാരാരുടെയും മുണ്ടശേരിയുടെയും വിമര്‍ശനമാര്‍ഗങ്ങള്‍ കണ്ടറിഞ്ഞ അഴീക്കോട് തന്റേതായ വഴി തെരഞ്ഞെടുത്തു.
തനിക്കു ശരിയെന്നു തോന്നുന്ന അഭിപ്രായങ്ങള്‍ അദ്ദേഹം മുറുകെപ്പിടിച്ചു. തെറ്റെന്നു തോന്നിയ ആശയങ്ങളോട് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഒരു യോദ്ധാവിനെപ്പോലെ പടവെട്ടി. ആര്‍ക്കെല്ലാം നോവുമെന്നോ ആര്‍ക്കുനേരെയാണ് ശരങ്ങളയയ്ക്കുന്നതെന്നോ നോക്കാതെയായിരുന്നു ആ യുദ്ധം.
ശിശുസഹജമായ ഒരു നിഷ്കളങ്കത അദ്ദേഹത്തിനുണ്ടായിരുന്നു. അല്ലെങ്കില്‍ എതിര്‍ക്കപ്പെടേണ്ട ആശയങ്ങള്‍ക്കു മുന്നില്‍ നോക്കാതെ ഇങ്ങനെ ക്ഷോഭിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യുമായിരുന്നില്ല. സമൂഹത്തെ നിരുപാധികമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് അഴിക്കോടായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ അദ്ദേഹത്തിന്റെ പ്രസംഗത്തെ സാഗരഗര്‍ജനമെന്നാണു വിശേഷിപ്പിച്ചത്.
ഈ ഗര്‍ജനത്തിനിടയിലും അദ്ദേഹം സൂക്ഷിച്ചിരുന്ന വിശുദ്ധമായ നിശബ്ദതകളില്‍ സ്നേഹവും വാത്സല്യവും പരിഗണനയുമുണ്ടായിരുന്നു. ശിശുസഹജമായ നൈര്‍മല്യമില്ലാത്തവര്‍ക്ക് അങ്ങനെയാവുക അസാധ്യമാണ്.
സാഹിത്യ അക്കാദമി പ്രസിഡന്റായി ചുമതലയേറ്റശേഷം ഞാന്‍ ആദ്യം പോയത് അഴീക്കോടിന്റെ ഇരവിമംഗലത്തെ വീട്ടിലേക്കാണ്. അവിടെ ഒരു പെരുമഴയത്തു വീടിന്റെ വരാന്തയില്‍ അദ്ദേഹം എന്നെ കാത്തുനിന്നിരുന്നു. മാഷിന്റെ അനുഗ്രഹവും ഉപദേശവും നിര്‍ദേശവും ഇനി അക്കാദമിക്കുണ്ടാകണമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ പെരുമ്പടവത്തിനൊപ്പം ഞാനുമുണ്ടാകുമെന്നു പറഞ്ഞെന്നെ ചേര്‍ത്തുപിടിച്ചു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ എന്നും കൂടെയുണ്ടാകുമെന്ന് ആശുപത്രിക്കിടക്കയില്‍വച്ചു കണ്ടപ്പോഴും പറഞ്ഞിരുന്നു.
ഇപ്പോള്‍ അഴീക്കോട് വിടപറഞ്ഞിരിക്കുന്നു. ആത്മീയമായി നാം എത്ര ദരിദ്രരായിത്തീര്‍ന്നിരിക്കുന്നു എന്നാണു ഞാന്‍ പേടിക്കുന്നത്. പകരംവയ്ക്കാന്‍ വേറാരാണുള്ളത്? ധൈഷണിക ജീവിതത്തില്‍ ജ്വലിച്ചിരുന്ന സൂര്യന്‍ അസ്തമിച്ചു.
ഇനി ഏത് ഇരുട്ടിലാണ് നാം ജീവിക്കുക? ആരാണു നമ്മെ സ്നേഹിക്കാനും ശാസിക്കാനുമുള്ളത്? കൈപിടിച്ചു നടത്താനുള്ളത്? മഹാശൂന്യതയാണു കാണുന്നത്. അഴീക്കോടില്ലാത്ത കാലത്തു ജീവിക്കേണ്ടിവരുന്നത് അദ്ദേഹത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്തവര്‍ക്ക് വേദനാജനകമായ കാര്യമാണ്.

No comments:

Post a Comment