Wednesday, January 25, 2012

നിലയ്ക്കാത്ത ശബ്ദസഞ്ചാരം

ഇരമ്പിയൊഴുകിയ ഒരു നദി കാലമെന്ന മഹാസാഗരത്തില്‍ വിലയം ചെയ്തിരിക്കുന്നു. കലഹിച്ചു കലങ്ങിയുള്ള പാച്ചിലില്‍ ഇരുകരകളില്‍ നിന്നും പലതും കടപുഴക്കിയെറിഞ്ഞിട്ടുണ്ട്. പലതിനോടും സമരസപ്പെട്ട് പ്രവാഹഗതി മുറിഞ്ഞു തടഞ്ഞു നിന്നിട്ടുമുണ്ട്. എങ്കിലും കേരളത്തിന്‍റെ സമൂഹ മനഃസാക്ഷിയിലൂടെ പലതും ശുദ്ധീകരിച്ചു തന്നെയായിരുന്നു സുകുമാര്‍ അഴീക്കോട് എന്ന പ്രയാണം.

വിമര്‍ശന സാഹിത്യത്തില്‍ വിഗ്രഹഭഞ്ജകന്‍റെ വേഷമായിരുന്നു തുടക്കത്തില്‍. ജനശ്രദ്ധയിലേക്കു പ്രതിഷ്ഠിക്കപ്പെട്ടതും സാഹിത്യ വിമര്‍ശനത്തിന്‍റെ കാര്‍ക്കശ്യം കൊണ്ടുതന്നെ. മുറിവേല്‍പ്പിച്ചു തന്നെയാവണം നിരൂപണം എന്ന മുന്‍ നിശ്ചയപ്രകാരം കുറിക്കപ്പെട്ടതു മൂര്‍ച്ചയുള്ള അക്ഷരങ്ങള്‍.

സാഹിത്യ വിമര്‍ശന രംഗത്തെ അനാഗത ശ്മശ്രുവിന്‍റെ ശരങ്ങള്‍ ലക്ഷ്യം വച്ചത്, അക്കാലത്തെ അക്ഷര കുലഗുരുക്കന്‍മാരെത്തന്നെ. മുറിവേറ്റതു ജി. ശങ്കരക്കുറുപ്പ് അടക്കം മഹാരഥന്മാര്‍ക്ക്. വാക്കുകളുടെ വായ്ത്തല കൊണ്ടു മലയാളത്തിന്‍റെ സാംസ്കാരിക ഭൂമിയില്‍ തന്‍റേതായ ഒരു ഇടം നിര്‍ദയം വെട്ടിപ്പിടിച്ചെടുക്കുകയായിരുന്നു സുകുമാര്‍ അഴീക്കോട്. കലാലയ അധ്യാപകന്‍ എന്ന മേല്‍വിലാസത്തിന്‍റെ മതില്‍ക്കെട്ട് പൊളിച്ചു പണിതതു പ്രഭാഷണ കലയിലൂടെ. അഴീക്കോടിന്‍റെ വാഗ്ധോരണി കേള്‍ക്കാന്‍ അകലങ്ങളില്‍ നിന്നുപോലും ആളുകള്‍ തടുത്തുകൂടി. കഥകളിക്കും നൃത്തത്തിനും നാടകത്തിനുമെല്ലാം എന്നതുപോലെ അഴീക്കോടിന്‍റെ പ്രസംഗകലയ്ക്കുമുണ്ടായി ആസ്വാദക സംഘങ്ങളും, ആരാധക വൃന്ദങ്ങളും. വേദികളില്‍ നിന്നു വേദികളിലേക്കുള്ള നിലയ്ക്കാത്ത ശബ്ദ സഞ്ചാരത്തിന്‍റെ ദശകങ്ങള്‍. വേദികളിലോരോന്നിലും ഉണ്ടായി വിവാദത്തിന്‍റെ വെടിക്കെട്ടുകള്‍. പ്രസംഗകലയുടെ കരിമരുന്നു പ്രയോഗവും കമ്പക്കെട്ടും കണ്ടാസ്വദിച്ചു കൈയടിക്കാന്‍ അഴീക്കോടിനു പിന്നാലെ സഞ്ചരിച്ചു ആരാധകരും, മാധ്യമ സംഘങ്ങളും. പഠിച്ചും മനനം ചെയ്തും പറഞ്ഞതപ്പാടെ ഹൃദയത്തിലേക്കു പകര്‍ത്തിവച്ച അനുയായികള്‍ തന്നെ അനേകം പേരുണ്ട് അഴീക്കോടിന്.

സദസുകളെ എടുത്ത് അമ്മാനമാടുന്ന കരവിരുതിനെ അനുകരിക്കാനും ഉണ്ടായി അനേകര്‍. കരഘോഷവും ചിരിയുടെ പടക്കവും ചേര്‍ന്നു പൊട്ടുന്ന നിമിഷങ്ങളില്‍, ചിലപ്പോള്‍ മതിമറന്നു പോയിട്ടുമുണ്ട് അഴീക്കോടിലെ സമചിത്തത തികഞ്ഞ വാഗ്മി. എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയണം താന്‍ എന്ന ബോധം ചിലപ്പോള്‍ ഉയരങ്ങളില്‍ നിന്നു താഴേയ്ക്കു നടത്തിച്ചിട്ടുണ്ട് അഴീക്കോട് എന്ന ഗരിമയെ. താന്‍ പറയുന്നതിനു കേരളീയ സമൂഹം കല്‍പ്പിക്കുന്ന വിലയും മതിപ്പും ഗുരുത്വവും അളന്നു കുറിച്ചു തിരിച്ചറിഞ്ഞു തന്നെയായിരുന്നു അഴീക്കോടിന്‍റെ പ്രസംഗങ്ങളും, പ്രതികരണങ്ങളും. അതു പലപ്പോഴും തന്നെക്കാള്‍ പ്രബലരും ലബ്ധപ്രതിഷ്ഠരുമായവരോടുള്ള കലഹങ്ങളില്‍ കൊണ്ടുപെടുത്തിയിട്ടുമുണ്ട് മാഷിനെ. എന്നാല്‍, എല്ലാ കലഹങ്ങളിലും, ഒരു ഒത്തുതീര്‍പ്പിന്‍റെ നൂലിട ബാക്കിവയ്ക്കാന്‍ ശ്രദ്ധിക്കുകകൂടി ചെയ്തിരുന്നു, അഴീക്കോടെന്ന ചാതുര്യം. തന്‍റെ കലഹങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നതും ആഘോഷിക്കുന്നതും കണ്ടാസ്വദിച്ചും, കൊണ്ടും കൊടുത്തുമെല്ലാം, മലയാളത്തില്‍ നിറഞ്ഞുതന്നെ നിന്നു അഴീക്കോട്, ഇക്കഴിഞ്ഞ നാലു ദശാബ്ദങ്ങളില്‍.

പഠിക്കാതെയും ചിന്തിക്കാതെയും വീണ്ടുവിചാരമില്ലാതെയും, മനഃപൂര്‍വവുമെല്ലാം പലതും പറഞ്ഞിട്ടുണ്ടാവാം അഴീക്കോട്. തന്നെ വണങ്ങാതെ വഴിയൊഴിഞ്ഞു പോയവരെപ്പോലും കലഹവാസനയുടെ ചൂണ്ടയില്‍ക്കൊരുത്തു വിവാദങ്ങളുടെ തിരക്കുത്തിലേക്കു വലിച്ചു കൊണ്ടുപോയിട്ടുമുണ്ടാവാം. അത്തരം കണക്കെടുപ്പുകള്‍ ഇനിയങ്ങോട്ട് അപ്രസക്തം. സ്പര്‍ധകള്‍ പലതും പറഞ്ഞു പരിഹരിച്ചാണ് അഴീക്കോട് മാഷ് യാത്രയാവുന്നത്. അന്ത്യനാളുകളില്‍, മരണക്കിടക്കയിലാണു താനെന്ന തിരിച്ചറിവില്‍ത്തന്നെ കലഹത്തിന്‍റെ പറ്റു ബാക്കികള്‍ പലതും പറഞ്ഞുതീര്‍ത്തു. കൊണ്ടും കൊടുത്തും പല നാളുകള്‍ കൊണ്ടുപടുത്ത ശത്രുതകള്‍ കൈകൊടുത്തു കണക്കു തീര്‍ത്തു.

കാലമോ മരണം തന്നെയോ നിനച്ചാല്‍ പരിഹരിക്കപ്പെടാത്ത ചില മുറിവുകള്‍ ഇനിയും ബാക്കി വച്ചാണ്, എണ്‍പത്തിയഞ്ചാം വയസില്‍ അഴീക്കോട് മാഷ് യാത്രയാവുന്നത്. ദശാബ്ദങ്ങള്‍ നീണ്ട പ്രഭാഷണ സഞ്ചാരങ്ങള്‍ക്കിടെ, മാഷ് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ഈ നാടിന്‍റെ പുരികം ചുളിഞ്ഞ സന്ദര്‍ഭങ്ങള്‍ വിരളമല്ല. അവസാന ശ്വാസംവരെ താന്‍ നെഞ്ചേറ്റും എന്നു പറഞ്ഞുവച്ച ചില കലഹങ്ങളില്‍, അതി നാടകീയമായ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങിയത്, അഴീക്കോടെന്ന നല്ല "വഴക്കാളി'യെ ആരാധനാ വിഗ്രഹമാക്കിയവരെ നൊമ്പരപ്പെടുത്തിയിട്ടുമുണ്ട്. അപ്പോഴും, ആ പതിഞ്ഞ ശബ്ദം അവതരിപ്പിച്ച ചിന്തകളും, പ്രതിഷേധങ്ങളും ഈ നാടിന്‍റെ രാഷ്ട്രീയ സാംസ്കാരിക പരിസരങ്ങളില്‍ മുഴങ്ങിത്തന്നെ നിലകൊള്ളും.

നാടിന്‍റെ നന്മയ്ക്കു വേണ്ടി, നിര്‍ത്താതെ നിത്യവും ഉയര്‍ന്നിരുന്ന ഒരു പ്രാര്‍ഥനയുടെ കണ്ഠനാളമാണ് ഇന്നലെ പുലര്‍ച്ചെ അടഞ്ഞുപോയത്. ആ ശബ്ദത്തെ തിരിച്ചറിഞ്ഞ് ഉള്‍ക്കൊണ്ട ഈ നാട്, അതിന്‍റെ അഭാവം തീര്‍ച്ചയായും കൂടുതല്‍ തിരിച്ചറിയും ഇനിയുള്ള നാളുകളില്‍. മെല്ലിച്ചു കറുത്ത ശരീരത്തിനുള്ളില്‍, ഖദര്‍ ജുബ്ബയില്‍ പൊതിഞ്ഞു നാടെമ്പാടും സഞ്ചരിച്ചിരുന്ന അക്ഷരങ്ങളുടെ അഗ്നിപര്‍വതമാണ്, അണഞ്ഞു പോവുന്നത്.

പ്രകൃതിയില്‍ ഉണ്ടാവുന്ന ഓരോ ശബ്ദവും, കെട്ടുപോവാതെ, നമുക്കു കേള്‍ക്കാനാവാത്ത തരംഗങ്ങളായി, അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നു എന്നത്രേ വിശ്വാസം. അനന്തകോടി ശബ്ദങ്ങളുടെ ഈ ബ്രഹ്മാണ്ഡ സഞ്ചയത്തില്‍ നിന്നു ചിലതെങ്കിലും വീണ്ടെടുക്കാന്‍ അവസരമുണ്ടായാല്‍, അഴീക്കോടിന്‍റെ പതിഞ്ഞതെങ്കിലും ഗംഭീരമായ ശബ്ദം, ഒരു വട്ടം കൂടി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും, അനേക ലക്ഷം മലയാളികള്‍. ചിന്തിക്കാനും കലഹിക്കാനും ഈ നാടിനെ പഠിപ്പിച്ച ഗുരുക്കന്മാരുടെ പട്ടികയില്‍ അഴീക്കോടിന്‍റെ പേരുകൂടി നിശ്ചയമായും എഴുതിച്ചേര്‍ക്കും, നമ്മുടെ കാലഘട്ടം.

No comments:

Post a Comment