Tuesday, January 24, 2012

സുകുമാര്‍ അഴീക്കോട് അന്തരിച്ചു


തൃശൂര്‍: ഡോ: സുകുമാര്‍ അഴീക്കോട് (85) അന്തരിച്ചു. രാവിലെ 6.33ന് തൃശൂരിലെ അമല ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് കണ്ണൂര്‍ പയ്യാമ്പലത്ത് നടക്കും. അര്‍ബുദ ബാധയെത്തുടര്‍ന്നു ഏറെനാളായി കിടപ്പിലായിരുന്ന അദ്ദേഹത്തെ ശനിയാഴ്ചയാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  

എട്ടു മണിയോടെ ആശുപത്രിയില്‍ നിന്നു മാറ്റുന്ന മൃതദേഹം  8.30 മുതല്‍   9.30 വരെ ഇരവിമംഗലത്തെ വസതിയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു വൈകിട്ടു നാലു മണിവരെ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. അതിനുശേഷമായിരിക്കും സ്വദേശമായ കണ്ണൂരിലെ അഴീക്കോട്ടേക്കു കൊണ്ടു പോകുന്നത്.

ചിന്തകന്‍, പ്രഭാഷകന്‍, അധ്യാപകന്‍, സാമൂഹിക-സാഹിത്യ വിമര്‍ശകന്‍, പത്രപ്രവര്‍ത്തകന്‍, പണ്ഡിതന്‍ തുടങ്ങിയ നിലകളിലെല്ലാം കഴിവു തെളിയിച്ച അഴീക്കോട് 1926 മേയ് 12 കണ്ണൂര്‍ ജില്ലയിലെ അഴീക്കോടാണു ജനിച്ചത്. പ്രാസംഗികനും കോണ്‍ഗ്രസ് പ്രവര്‍ത്തകനും പണ്ഡിതനുമായിരുന്ന  വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്റെയും കേളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറു മക്കളില്‍ നാലാമനാണ്. ജീവിതാന്ത്യം വരെ വാക്കിനെയും ചിന്തയെയും പ്രണയിച്ച സുകുമാര്‍ അഴീക്കോട് അവിവാഹിതനായിരുന്നു. 

പ്രഭാഷണ കലയില്‍ കേരളം കണ്ട പ്രതിഭാധനരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. രോഗം തളര്‍ത്തുന്നതു വരെ, എണ്‍പതാം വയസ്സിനുശേഷവും, ദിവസവും അഞ്ചും ആറും വേദികളില്‍ വാക്കുകള്‍ കൊണ്ട് അദ്ദേഹം വിസ്മയം തീര്‍ത്തു. അറിവും അക്ഷരവും കൊണ്ട് മലയാളിയുടെ മനസില്‍ പുതിയ ചക്രവാളം തുറന്നിട്ട അഴീക്കോട് മലയാളിയുടെ സാംസ്കാരിക നഭസില്‍ വിശേഷണങ്ങള്‍ക്ക് അതീതനായിരുന്നു. 

കേരളത്തിലെ ഓരോ നഗരവും ഗ്രാമവും നാടിനെ ഉണര്‍ത്തിയ വാക്കുകളുടെ ആ മഹാപ്രയാണത്തിന് സാക്ഷിയായി. സ്വാതന്ത്യ്ര ജൂബിലി പ്രഭാഷണങ്ങളും ഗാന്ധിജിയുടെ 125-ാം ജയന്തിയോടനുബന്ധിച്ച് 125 ഗ്രാമങ്ങളില്‍ നടത്തിയ പ്രസംഗങ്ങളും ഭാരതീയതയെക്കുറിച്ച് ഏഴു ദിവസം തുടര്‍ച്ചയായി തൃശൂരില്‍ നടത്തിയ പ്രഭാഷണവും മലയാളത്തിലെ ഏറ്റവും പണ്ഡിതോചിതമായ പ്രഭാഷണ പരമ്പരകളായാണ് വിലയിരുത്തപ്പെട്ടത്. ജി.ശങ്കരക്കുറുപ്പിനെപ്പോലെയുള്ള മഹാമേരുക്കള്‍ മുതല്‍ എം.ടി. വാസുദേവന്‍ നായര്‍, എം.വി.ദേവന്‍, ടി.പത്മനാഭന്‍ തുടങ്ങിയ സമകാലീനര്‍ക്കെതിരെ വരെ അദ്ദേഹം വാക്കിന്റെയും ചിന്തയുടെയും ചൂണ്ടുവിരലുയര്‍ത്തി. ആ ആശയസംവാദങ്ങള്‍ മലയാളത്തിന്റെ നീക്കിയിരുപ്പുകളായി. ചിന്തകളെ കീറിമുറിച്ച്, പരിഹാസത്തിന്റെയും നര്‍മത്തിന്റെയും മേമ്പൊടിയോടെ എത്തിയ ആ വാഗ്ധോരണി തുറന്ന മനസോടെയാണ് ജനം ആസ്വദിച്ചത്.

അടിയുറച്ച ഗാന്ധിയനായിരുന്ന അഴീക്കോടിന്റെ വിമര്‍ശനങ്ങള്‍ക്ക് ഏറ്റവും ഇരയായത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയായിരുന്നു. കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളിലൊരാളായിരുന്ന കെ.കരുണാകരന്‍ മുതല്‍ കെഎസ്യുവിലെ പുതുനാമ്പുകളെ വരെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുമ്പോഴും ആരെയും അദ്ദേഹം ശത്രുക്കളാക്കിയുമില്ല. യൌവനാരംഭത്തില്‍ വാഗ്ഭടാനന്ദന്റെ ദര്‍ശനങ്ങളാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവായതെന്ന് അഴീക്കോട് പലപ്പോഴും പറഞ്ഞു. ഗുരുദേവ സന്ദേശ പ്രചാരണത്തിലെ വീഴ്ചയെച്ചൊല്ലി അദ്ദേഹം എസ്എന്‍ഡിപി നേതൃത്വവുമായി പലതവണ പരസ്യമായി ഏറ്റുമുട്ടി.

അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് അകന്നു പോകുന്ന സമുദായിക നേതാക്കളെയും പ്രസംഗവേദിയിലെ 'ക്ഷോഭിക്കുന്ന സുവിശേഷകന്‍ വെറുതെ വിട്ടില്ല. സമൂഹത്തിലെ ഏതു ചലനങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കുന്ന ശൈലിയാണ് ഏറ്റവും ഒടുവില്‍ തിലകന്‍ വിവാദത്തില്‍ നടന്‍ മോഹന്‍ലാലുമായുള്ള ഏറ്റുമുട്ടലില്‍ വരെയെത്തിയത്. ആശുപത്രിക്കിടയില്‍ ഈ പിണക്കം ഒത്തുതീരുന്നതും കേരളം കണ്ടു. മനഃസാക്ഷി കൊണ്ട് ക്ഷോഭിക്കുന്ന ഈ 'യുവാവിന്റെ അഭാവം മലയാളത്തിന്റെ സാംസ്കാരിക സാമൂഹിക ലോകത്തെ വേട്ടയാടുന്ന കാലമാണ് അദ്ദേഹം ബാക്കിവയ്ക്കുന്നതും. 

1941ല്‍ ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂളില്‍നിന്നു പത്താം kക്ളാസ് പാസായ അഴീക്കോട്  1946-ല്‍ സെന്റ് അലോഷ്യസ് കോളജില്‍നിന്നു ബികോം ബിരുദവും കോഴിക്കോട് ഗവ. ട്രെയിനിങ് കോളജില്‍നിന്നു ബിടി ബിരുദവും തുടര്‍ന്നു മലയാളത്തിലും സംസ്കൃതത്തിലും എംഎയും കേരള യൂണിവേഴ്സിറ്റിയില്‍നിന്നു പിഎച്ച്ഡിയും നേടി. 1956 ല്‍ മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഒന്നാംറാങ്കോടെ എംഎ ബിരുദം നേടിയത്.

1948 ല്‍ ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ അധ്യാപകനായാണ്  ഔദ്യോഗിക ജീവിതം തുടങ്ങിയത്.  1956-62 കാലത്തു കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ അധ്യാപകനായിരുന്നു. 1963 ല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി തലശേരിയില്‍നിന്നു പാര്‍ലമെന്റിലേക്കു മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. മൂത്തകുന്നം എസ്എന്‍എം ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍, കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപന്‍ തുടങ്ങിയ പദവികളും വഹിച്ചു.

1974-78 കാലത്ത് കാലിക്കറ്റ് സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലറായും ആക്ടിങ് വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചു. 1986 ല്‍ യൂണിവേഴ്സിറ്റി മലയാള വിഭാഗം പ്രഫസറായി സര്‍വീസില്‍ നിന്നു വിരമിച്ചു. തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ എമറിറ്റസ് പ്രഫസറായും യുജിസിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനല്‍ അംഗമായും കേന്ദ്ര-കേരള സാഹിത്യ അക്കാദമികളില്‍ നിര്‍വാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചു. യുജിസിയുടെ ആദ്യത്തെ നാഷനല്‍ ലക്ചറര്‍, സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് (1965-77),  നാഷനല്‍ ബുക്ക് ട്രസ്റ്റ് ഒാഫ് ഇന്ത്യയുടെ ചെയര്‍മാന്‍ (1993-96) എന്നീ പദവികളും വഹിച്ചു.

ആശാന്റെ സീതാകാവ്യം, ശങ്കരക്കുറുപ്പു വിമര്‍ക്കപ്പെടുന്നു എന്നീ കൃതികള്‍ പതിറ്റാണ്ടുകളോളം ഭൂകമ്പങ്ങളുണ്ടാക്കി. 1985 ല്‍ കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യവിമര്‍ശനത്തിനുള്ള അവാര്‍ഡ് 'മലയാള സാഹിത്യ വിമര്‍ശനം എന്ന കൃതിക്ക് ലഭിച്ചു. 'തത്ത്വമസി എന്ന കൃതി 1985ല്‍ കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകളടക്കം 12 ബഹുമതികള്‍ക്ക് അര്‍ഹമായി. വയലാര്‍ അവാര്‍ഡ് (1989), രാജാജി അവാര്‍ഡ്, സുവര്‍ണ കൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് തുടങ്ങിയവ അക്കൂട്ടത്തില്‍ പെടുന്നു. കേരള സാഹിത്യ അക്കാദമി 1991ല്‍ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2004 ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്കാരം നേടി.

നവഭാരതവേദി എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. വര്‍ത്തമാനം ദിനപത്രത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു.

അഴീക്കോടിന്റെ പ്രധാന കൃതികള്‍: 
    
. ആശാന്റെ സീതാകാവ്യം-1954
. രമണനും മലയാളകവിതയും-1956
. പുരോഗമന സാഹിത്യവും മറ്റും-1957
. മഹാത്മാവിന്റെ മാര്‍ഗം-1959
. ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു-1963
. മഹാകവി ഉള്ളൂര്‍-ഇംഗിഷ്-1979, ഹിന്ദി-1980, തെലുങ്ക്-1983
. വായനയുടെ സ്വര്‍ഗത്തില്‍-1980
. മലയാള സാഹിത്യ വിമര്‍ശനം-1981
. ചരിത്രം: സമന്വയമോ സംഘട്ടനമോ-1983
. തത്വമസി-1984
. മലയാള സാഹിത്യ പഠനങ്ങള്‍-1986
. വിശ്വസാഹിത്യ പഠനങ്ങള്‍-1986
. തത്ത്വവും മനുഷ്യനും-1986
. ഖണ്ഡനവും മണ്ഡനവും-1986
. എന്തിനു ഭാരതധരേ?-1989
. അഴീക്കോടിന്റെ സംഭാഷണങ്ങള്‍-എഡിറ്റര്‍: പി.വി. മുരുകന്‍-1993
. ഗുരുവിന്റെ ദുഃഖം-1993
. അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍-1995
. അഴീക്കോടിന്റെ ഫലിതങ്ങള്‍-1995
. ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ-1997
. പാതകള്‍ കാഴ്ചകള്‍-1997
. നവയാത്രകള്‍-1998
. ഭാരതീയത-1999
. പുതുപുഷ്പങ്ങള്‍-1999
. തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍-എഡിറ്റര്‍: ബാലചന്ദ്രന്‍ വടക്കേടത്ത്-1999
. ദര്‍ശനം സമൂഹം വ്യക്തി(1999)
. പ്രിയപ്പെട്ട അഴീക്കോടിന്-2001
. എന്തൊരു നാട് - 2005
. ഇന്ത്യയുടെ വിപരീതമുഖങ്ങള്‍-2003
. അഴീക്കോടിന്റെ ലേഖനങ്ങള്‍ - 2006
. നട്ടെല്ല് എന്ന ഗുണം - 2006

No comments:

Post a Comment