Tuesday, January 24, 2012

ഓര്‍മ്മകളുടെ ആരവങ്ങളില്‍ 'നിത്യാനന്ദാലയം'


അഴീക്കോട്: പൂതപ്പാറയിലെ പ്രശസ്തമായ 'നിത്യാനന്ദാലയം' തറവാട് നിശബ്ദമാണ്. ലോകമെങ്ങുമുള്ള മലയാളികളെ പതിറ്റാണ്ടുകളായി പ്രസംഗങ്ങളിലൂടെ പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദത്തിന് ജന്മം നല്‍കിയ തറവാട് മൂകമെങ്കിലും ഓര്‍മ്മകളുടെ ആരവങ്ങള്‍ ഇരമ്പുകയാണ്. സുകുമാര്‍ അഴീക്കോടിന്റെ ഇളയ സഹോദരന്‍ ദേവദാസിന്റെ കുടുംബമാണ് ഇവിടെ താമസം. ദേവദാസിന്റെ ഭാര്യ സുമ ചരിത്രത്തിലേക്ക്  വാതില്‍ തുറന്നു. സുകുമാര്‍ അഴീക്കോട് അവസാനമായി തറവാട്ട് വീട്ടില്‍ വന്ന ദിവസം സുമയ്ക്ക് മറക്കാനാവില്ല. ഇളയ സഹോദരന്‍ ദേവദാസ് മരണമടഞ്ഞ ദിവസമായിരുന്നു അത്. 2010 ഒക്ടോബര്‍ 18ന്. 


 "രണ്ട് ദിവസം പൂര്‍ണ്ണമായും തറവാട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ വിയോഗം തളര്‍ത്തിയ എനിക്കും കുട്ടികള്‍ക്കും അത് വലിയ ആശ്വാസമായിരുന്നു..." സുമ പറഞ്ഞു.


ഔദ്യോഗിക കൃത്യനിര്‍വ്വഹണങ്ങള്‍ക്കൊപ്പം പൊതുപ്രവര്‍ത്തനവും പ്രസംഗ പര്യടനവുമായി സജീവമായിരുന്ന അഴീക്കോടിന്റെ സാന്നിധ്യം എന്നും കുടുംബാംഗങ്ങള്‍ കൊതിച്ചിരുന്നു. എന്നാല്‍ വല്ലപ്പോഴും വീണുകിട്ടുന്ന അപൂര്‍വ്വ സൌഭാഗ്യം മാത്രമായിരുന്നു അത്. കോഴിക്കോട് സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലറായി രിക്കുമ്പോള്‍ സൌകര്യം കിട്ടുമ്പോഴൊക്കെ തറവാട്ടിലേക്ക് ഓടിയെത്തുന്ന അഴീക്കോട് കുടുംബാംഗങ്ങളുടെയെല്ലാം മനസ്സില്‍ മരിക്കാത്ത ഓര്‍മ്മയാണ്.


"സന്ദര്‍ശകരെല്ലാം പോയിക്കഴിഞ്ഞാല്‍ കുടുംബ വിശേഷങ്ങള്‍ ഒറ്റവാക്കില്‍ അറിയാന്‍ ശ്രമിക്കും. ഭക്ഷണത്തോടൊന്നും വലിയ താല്‍പ്പര്യം കാണിക്കാറില്ല. വീടിന്റെ മുകള്‍ നിലയിലാണ് കിടപ്പുമുറി. അവിടെ ലൈറ്റ് അണയുന്നത് കാണാറില്ല. രാത്രി വൈകുവോളം വായനയായിരിക്കും. പുലരുന്നതോടെ ആള് സ്ഥലംവിടുകയും ചെയ്യും..." സുമ ഓര്‍ത്തെടുത്തു.


അഴീക്കോട് എത്തുമ്പോള്‍ സാഹിത്യകാരന്‍മാരും വാഗ്ഭടാനന്ദന്റെ ശിഷ്യഗണങ്ങളുമെല്ലാമായി തറവാട് എല്ലാ അര്‍ത്ഥത്തിലും ഒരു നിത്യാനന്ദമാകും. ഇവിടെ ചര്‍ച്ച ചെയ്യപ്പെടാത്ത വിഷയങ്ങളില്ല. ആകാശത്തിനു കീഴിലുള്ള സര്‍വ്വകാര്യങ്ങളിലും അഴീക്കോടിന് അഭിപ്രായം പറയാനുണ്ടാകും. സാഹിത്യ ചര്‍ച്ചകള്‍ പെട്ടെന്നാകും രാഷ്ട്രീയത്തിലേക്ക് മാറുക. അവിടന്ന് സ്പോര്‍ട്സിലേക്ക്... എല്ലാ കാര്യങ്ങളിലുമുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യം ഏവരെയും വിസ്മയപ്പെടുത്തിയിരുന്നത് സുമ ഓര്‍ക്കുന്നു. 


ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുപ്പമില്ലാതെ കഴിയുമ്പോഴും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലെയും ചെറുതും വലുതുമായ നേതാക്കള്‍ അഴീക്കോടിന്റെ അനുഗ്രഹവും ഉപദേശവും തേടി നിത്യാനന്ദാലയത്തില്‍ എത്തുന്നത് വീടിന് ഒരു വി.ഐ.പി പരിവേഷമാണ് എന്നും നല്‍കിയത്.

No comments:

Post a Comment