Tuesday, January 24, 2012

ശാന്തമായ തുടക്കം പിന്നെ സാഗരം ഗര്‍ജനം

അരുവിയിലെ കുഞ്ഞോളം പോലെ തുടക്കം. വളരെ പതിയെ, ശാന്തമായി. പിന്നീട് ആവേശത്തിന്റെ ഉച്ചസ്ഥായിയിലാകും, ഒടുവില്‍ അതൊരു സാഗരഗര്‍ജനമാകും.
1945 ഏപ്രില്‍ 14 ന് മേടം ഒന്ന് വിഷുദിനത്തിലാണ് സുകുമാര്‍ അഴീക്കോട് എന്ന പ്രസംഗികന്റെ പിറവി. മംഗലാപുരത്ത് ബി.കോമിന് പഠിക്കുന്ന കാലം. വയസ് 19. അക്കാലത്ത് ഡോ.ഭാസ്കരന്‍നായര്‍ കുമാരനാശാന്റെ വിഷാദാത്മകതയെ വിമര്‍ശിച്ച് എഴുതിയ ശക്തമായ ലേഖനത്തിനുളള മറുപടിയായിരുന്നു ആ പ്രസംഗം. കണ്ണൂര്‍ നഗരത്തിന്റെ നടുവില്‍ ഒരു മാടക്കടയുടെ ഉളളിലുളള മുറിയിലായിരുന്നു കന്നിപ്രസംഗം. സാഹിത്യതല്‍പ്പരരായ നാല്‍പ്പതോളം പേര്‍ അന്ന് കേള്‍വിക്കാരായി ഉണ്ടായിരുന്നു.


അഴീക്കോട്ടെ ആത്മവിദ്യാസംഘത്തിന്റെ സ്വാധീനം കുട്ടിക്കാലത്തു തന്നെ സുകുമാര്‍ അഴീക്കോടിനെ ധൈഷണികസംവാദത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചിരുന്നു. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലെ അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ഇംഗ്ളീഷ് പ്രസംഗങ്ങളാണ് അഴീക്കോടിന്റെ മനസ്സില്‍ പ്രസംഗത്തിന്റെ ആദ്യപാഠങ്ങള്‍ എഴുതിയിട്ടത്.
സ്വാമി ആര്യഭടന്‍, എം.ടി.കുമാരന്‍, വാഗ്ഭടാനന്ദന്‍ എന്നിവരുടെ പ്രഭാഷണങ്ങള്‍ അഴീക്കോട് എന്ന പ്രഭാഷകന്റെ ചിന്തയേയും വാക്കിനേയും ഊതിക്കാച്ചി പൊന്നാക്കിമാറ്റി. യുവാവാകുമ്പോഴേക്കും ഉത്തരകേരളത്തിലുടനീളം പ്രശസ്തിയാര്‍ജ്ജിച്ച പ്രഭാഷകനായി മാറി. സാഹിത്യം, തത്ത്വചിന്ത, സാമൂഹികജീവിതം, ദേശീയത, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലുള്ള നൈപുണ്യവും ഭാഷയുടെ ചടുലതയും അഴീക്കോടിന്‍െറ പ്രഭാഷണങ്ങളെ സവിശേഷമാക്കി.


മലയാളത്തിന്‍െറ പ്രിയങ്കരനായ വാഗ്മിയായി അഴീക്കോട് വളര്‍ന്നുപന്തലിച്ചത് ആ വാക്കുകളുടെ ശക്തികൊണ്ടായിരുന്നു. ഔദ്യോഗികജീവിതത്തില്‍ നിന്ന് പിരിഞ്ഞശേഷം പ്രഭാഷണം തന്നെയായി മുഖ്യ ആവിഷ്കാരമാര്‍ഗ്ഗം. സാഹിത്യത്തെക്കാള്‍ രാഷ്ട്രീയം ഉള്‍പ്പെടെയുള്ള പൊതുവിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടുള്ള പ്രഭാഷണങ്ങള്‍ നിശിതമായ വിമര്‍ശനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. പതിനായിരത്തിനും അപ്പുറം വേദികള്‍, പ്രഭാഷണങ്ങള്‍ക്കായി ദിവസവും മൈലുകളോളം യാത്രകള്‍, സൂര്യനു കീഴിലുളള മിക്ക വിഷയങ്ങള്‍ക്കും വേദത്തെ കുറിച്ച് പറയുമ്പോഴും മന്‍മോഹന്‍സിംഗിലേക്കെത്താന്‍ കഴിയുന്ന, എഴുത്തച്ഛനെ കുറിച്ച് പറയുമ്പോഴും സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പരാമര്‍ശിക്കാന്‍ കഴിയുന്ന സാഹിത്യലോകത്തെ ആ കടലിരമ്പത്തിന്റെ ആരവം കാലമെത്ര കഴിഞ്ഞാലും ഒരു ശംഖിലെന്ന പോലെ മലയാളിമനസ്സുകളില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും.

No comments:

Post a Comment