Tuesday, January 24, 2012

വിവാദങ്ങളുടെ നിത്യകാമുകനായിരുന്ന അഴീക്കോട്


എന്നും വിവാദങ്ങളുടെ ഇഷ്ടതോഴനായിരുന്നു സുകുമാര്‍ അഴീക്കോട്. എല്ലാക്കാര്യങ്ങളിലും ഇടപെടുന്നയാള്‍ എന്ന ആരോപണവും അഴീക്കോട് നേടി. ഒരിക്കല്‍ പുകഴ്ത്തിയെന്നു കരുതി അയാള്‍ തെറ്റായ കാര്യങ്ങള്‍ ചെയ്താല്‍ അയാള്‍ക്കെതിരെ നീങ്ങാനും അഴീക്കോട് ഭയപ്പെട്ടിരുന്നില്ല. അതിലൊരു അപമാനഭാരവും അദ്ദേഹം കണ്ടില്ല. 


പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനാണ് അഴീക്കോടിന്റെ പുകഴ്ത്തലും ഇകഴ്ത്തലും നേടിയ ഒരാള്‍. വി. സാംബശിവന്‍ ഫൌണ്ടേഷന്റെ പ്രഥമ ജനസേവന പ്രവീണ്‍ പുരസ്കാരം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദന് സമര്‍പ്പിക്കുമ്പോഴായിരുന്നു അഴീക്കോട് അച്യുതാനന്ദനെ പുകഴ്ത്തിയത്. ഹിമാലയം പോലെ ജനസമ്മതനായ ഒരാള്‍ വി.എസ്. അച്യുതാനന്ദനെപോലെ മറ്റൊരാളില്ല, ഇനി ജനിക്കുകയും ഇല്ലെന്ന് അഴീക്കോട് അന്നു പറഞ്ഞു. ജനസേവന മാഹാത്മ്യത്തിന്റെ തെളിവായ വി.എസിന്റെ നിരന്തര യുദ്ധത്തിന്റെ ഒരു മുഖംമാത്രമാണ് നിയമസഭയിലേതെന്നും അഴീക്കോട് പറഞ്ഞു.


എന്നാല്‍ പിന്നീട് വി.എസ്. മുഖ്യമന്ത്രിയായ ശേഷം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ചിരിച്ച ചിരി അശ്ളീലച്ചിരിയായിരുന്നുവെന്നു പറഞ്ഞ് ഡോ. സുകുമാര്‍ അഴീക്കോട് ഒന്നു താഴ്ത്തി. വഞ്ചനച്ചിരിയെന്നാണു താന്‍ പറഞ്ഞത്. മനസ്സില്‍ വന്നത് അശ്ലീലച്ചിരി എന്നായിരുന്നു അന്ന് അഴീക്കോട് പറഞ്ഞു. എന്നാല്‍ വിവാദം അവിടം കൊണ്ടും അവസാനിച്ചില്ല. അച്യുതാനന്ദന്‍ ഫോണില്‍ വിളിച്ചെന്നും അതിനാല്‍ വിവാദം അവസാനിപ്പിക്കുകയാണെന്നും അഴീക്കോട് പറഞ്ഞു. എന്നാല്‍ താന്‍ വിളിച്ചിട്ടില്ലെന്നു വിഎസും. എങ്കില്‍ വിളിച്ചയാളെ വിഎസ് തന്നെ കണ്ടെത്താന്‍ അഴീക്കോടും. വിവാദം തുടര്‍ന്നു. കൂട്ടില്‍ വിസര്‍ജിക്കുന്ന ജീവി എന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സുകുമാര്‍ അഴീക്കോട് പിന്നീടൊരിക്കല്‍ വിശേഷിപ്പിച്ചു. എന്നാല്‍ അന്നു വിഎസ് കേസിനു പോയില്ല. 


ഐസ്ക്രീം പാര്‍ലര്‍ കേസിലെ സാക്ഷികളുടെ കൂട്ടക്കൂറുമാറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 2006 ജനുവരി എട്ടിന് അന്വേഷി പ്രസിഡന്റ് കെ. അജിത കോഴിക്കോട്ട് സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പ്രസംഗിക്കുമ്പോള്‍ അഴീക്കോട് നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും കേസിന് ആധാരമായി. 'വഞ്ചനയ്ക്കു കൂട്ടു നിന്ന പ്രോസിക്യൂട്ടറെ പിരിച്ചുവിട്ടാല്‍ പോരാ, കയ്യും കാലും പിരിച്ചൊടിച്ച് ആശുപത്രിയിലെത്തിക്കണമെന്ന് അഴീക്കോടു പ്രസംഗിച്ചത്് അപകീര്‍ത്തികരമെന്നാരോപിച്ച് കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന കെ.വി. ജോസഫാണ് കോടതിയില്‍ പരാതി നല്‍കിയത്. 


വ്യാജ മരുന്നുകളും, ഒരേ മരുന്നിന് പല കമ്പനികള്‍ ഈടാക്കുന്ന പല വിലയും വിവാദമായപ്പോള്‍ അഴീക്കോട് പ്രതികരിച്ചു. മാപ്പര്‍ഹിക്കാത്ത കുറ്റം ചെയ്തിട്ടും അതിന്റെ പേരില്‍ ദുഃഖമോ ഖേദമോ പ്രകടിപ്പിക്കാത്ത ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊലയാളികളുടെ സംഘടനയാണെന്നു സുകുമാര്‍ അഴീക്കോട് കുറ്റപ്പെടുത്തി. 'ഐഎംഎ കേരളഘടകം കേസിനു പോയെങ്കിലും സംഘടനയ്ക്കു നിയമപരമായ നിലനില്‍പ്പില്ല എന്ന നിരീക്ഷണത്തോടെ കോടതി കേസ് തള്ളി.


കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്റെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടു പുണ്യാഹം നടത്തിയതിനെതിരെയും സുകുമാര്‍ അഴീക്കോടിന്റെ പ്രതികരണം വന്നു. പുണ്യാഹം ഗുരുവായൂര്‍ ദേവസ്വത്തിനു തന്നെ അപമാനമാണെന്ന് അഴീക്കോട് ആരോപിച്ചു. മനുഷ്യന്‍ ക്ഷേത്രത്തില്‍ കടന്നതിന് പുണ്യാഹത്തിന് ഉത്തരവിട്ടവരെയാണ് ഗുരുവായൂര്‍ ഭരണസമിതി പുണ്യാഹം തളിച്ചു ശുദ്ധീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 


മാതാ അമൃതാനന്ദമയിയുടെ വാണിജ്യ സാധ്യതകള്‍ മനസ്സിലാക്കി പലരും അതു ചൂഷണം ചെയ്യുന്നതിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. 'അമൃതാനന്ദമയിയുടെ വാണിജ്യ സാധ്യതകള്‍ മനസ്സിലാക്കിയ വഞ്ചക സമൂഹത്തെയാണു ഞാന്‍ വിമര്‍ശിക്കുന്നത്. മതത്തെപ്പറ്റിയുള്ള സന്ദേഹം പരിഹരിക്കാന്‍ അവരുടെ പക്കല്‍ എന്തെങ്കിലുമുണ്ടോ? കെട്ടിപ്പിടിച്ചാലും സന്ദേഹം മാറില്ല. റിട്ടയര്‍ ചെയ്ത കുടവയറന്മാരെയല്ല, കുഷ്ഠരോഗികളെയാണു കെട്ടിപ്പിടിക്കേണ്ടത് എന്നും ധീരമായി പറയാന്‍ അദ്ദേഹത്തിനു സാധിച്ചു. 


തിലകനെ പുറത്താക്കിയ താരസംഘടന അമ്മയുടെ നടപടിയും അഴീക്കോടിന്റെ പരാമര്‍ശത്തിനു വിധേയമായി. 'അമ്മ അധോലോക സംഘടനയായാണു പ്രവര്‍ത്തിക്കുന്നതെന്നും മക്കളുടെ ചോര കുടിക്കുന്ന പിശാചായി മാറിയിരിക്കുന്നുവെന്നും മറ്റും അന്നദ്ദേഹം പറഞ്ഞു. തത്വമസി എന്ന അഴിക്കോടിന്റെ പുസ്തകത്തിന്റെ മഹത്വം അറിയാതെ സംസാരിക്കുന്ന മോഹന്‍ലാല്‍ കുങ്കുമം ചുമക്കുന്ന കഴുതയാണെന്നു പ്രസ്താവനയും നടത്തി. മോഹന്‍ലാല്‍ മദ്യത്തിന്റെ പ്രചാരകനാകാനാണു യോഗ്യന്‍, അല്ലാതെ ഖാദിയുടേതല്ലെന്ന് ആക്ഷേപിച്ചുവെന്നും ആരോപണമുണ്ടായി. 


അതേത്തുടര്‍ന്ന് മോഹന്‍ലാല്‍ അദ്ദേഹത്തിനെ ബുദ്ധിഭ്രംശം സംഭവിച്ചയാള്‍ എന്നു പറഞ്ഞു പത്രസമ്മേളനം നടത്തി. 'അമ്മ അഴീക്കോടിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. അഴീക്കോട് മോഹന്‍ലാലിനെതിരെയും. എന്നാല്‍ ആരോഗ്യം മോശമായി ആശുപത്രിക്കിടക്കയില്‍ കിടന്നപ്പോള്‍ ഇരുവരും തമ്മില്‍ സംസാരിച്ച് കേസ് ഒത്തുതീര്‍പ്പാക്കി. 


ഒരിക്കല്‍ വിവാഹാലോചന വരെ എത്തിയ ബന്ധത്തില്‍ നിന്നു പിന്മാറിയെങ്കിലും തന്നെ ആത്മകഥയില്‍ മോശപ്പെട്ട സ്ത്രീയായി ചിത്രീകരിച്ചെന്നാരോപിച്ച് റിട്ട. കോളജ് പ്രിന്‍സിപ്പല്‍ ജി. വിലാസിനി അദ്ദേഹത്തിനെതിരെ അപകീര്‍ത്തിക്കേസിനു വക്കീല്‍ നോട്ടീസ് അയച്ചതും മറ്റൊരു വാര്‍ത്തയായി.

No comments:

Post a Comment