Tuesday, January 24, 2012

ഹിമശൈലം പോലെയും ഹിമബിന്ദു പോലെയും



ഹിമാലയം ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, ഹിമാലയത്തെക്കുറിച്ചുള്ള എന്റെ പ്രസംഗം കേട്ടിട്ട്, രോമാഞ്ചം വന്നിട്ട്, ആശുപത്രിയിലായവരുടെ എണ്ണം നിരവധിയാണ്! ഹിമാലയം ഞാന്‍ ഇപ്പോഴും കണ്ടിട്ടില്ല!സദസ്സിനോട് ഇങ്ങനെ സംസാരിക്കാന്‍ ഒരാള്‍ക്കു മാത്രമേ കഴിയൂ. സുകുമാര്‍ അഴീക്കോടിനു മാത്രം. കാപട്യത്തെ ഇതിനേക്കാള്‍ മൂര്‍ച്ചയോടെ വേദിയില്‍ ആവിഷ്കരിക്കാന്‍ സാധ്യമല്ല. ആത്മവിമര്‍ശനത്തോളവും ആത്മപരിഹാസത്തോളവും ശ്രേഷ്ഠമായി മറ്റൊരു വിമര്‍ശനമോ പരിഹാസമോ ഇല്ല. നമ്മുടെ പ്രമുഖരായ പലര്‍ക്കും സ്വപ്നത്തില്‍പ്പോലും ആലോചിക്കാനാവാത്ത കാര്യമാണ് അത്. അവിടെയാണ് അഴീക്കോടിന്റെ മഹത്വവും. ജനമനസ്സില്‍ അതുപോലെ കൈയടി കിട്ടുന്ന മറ്റൊന്നില്ലല്ലോ. 


ഈ ലോകത്ത് എന്നേക്കാള്‍ മെലിഞ്ഞതായി മൈക്ക് മാത്രമേയുള്ളൂ എന്ന് അദ്ദേഹം പറയുമ്പോള്‍ അത് സമാനതകളില്ലാത്ത പരിഹാസമായിത്തീരുന്നു. ചെറുപ്പത്തില്‍ അഴീക്കോടിനെ ചികിത്സിച്ച   ഡോക്ടര്‍ പറഞ്ഞത്രേ:


"വിറ്റാമിന്‍ ഡെഫിഷ്യന്‍സി ആണ്. വിറ്റാമിന്‍ എ ഇല്ല, ബി ഇല്ല, സി ഇല്ല, ഡി ഇല്ല... മൊത്തം ഡെഫിഷ്യന്‍സി ആണ്. ഇങ്ങനെ പോയാല്‍ പെട്ടെന്ന് തട്ടിപ്പോകും." പെട്ടെന്ന് അഴീക്കേട് ചോദിച്ചു: "ഡോക്ടര്‍ക്ക് എന്തെങ്കിലും ഡെഫിഷ്യന്‍സി ഉണ്ടോ?" "സാമ്പത്തികമായി അല്‍പ്പം ഡെഫിഷ്യന്‍സി ഉണ്ട്. അതല്ലാതെ വിറ്റാമിന്‍ ഡെഫിഷ്യന്‍സി ഒന്നുമില്ല!"


അഴീക്കോടിന്റെ ടിപ്പണി: "അങ്ങേര് ആറുമാസം കഴിഞ്ഞപ്പോള്‍ തട്ടിപ്പോയി. ഈ പറഞ്ഞ എല്ലാ ഡെഫിഷ്യന്‍സിയോടും കൂടി ഞാന്‍ ഇപ്പോഴും പ്രസംഗവും എഴുത്തുമൊക്കെയായി ജീവിക്കുന്നു."


ആരാധകര്‍ക്ക് സ്വാദു നല്‍കാനായി പ്രഭാഷകര്‍ ബോധപൂര്‍വം ചേര്‍ക്കാറുള്ള ചില ചേരുവകളുണ്ട്. അത് ഫലിതമാകാം, ഉദ്ധരണികളാകാം, ലേശം കവിതയാകാം... വേണമെങ്കില്‍ എം.വി. രാഘവനും പന്ന്യനുമൊക്കെ ചെയ്യാറുള്ളതുപോലെ മോണോ ആക്ടും നാടകവുമാകാം. എന്നാല്‍ പ്രഭാഷണത്തില്‍ അത്യാവശ്യത്തിന് ക്ഷോഭവും ആകാമെന്നു തെളിയിച്ചയാളാണ് സുകുമാര്‍ അഴീക്കോട്. ചുരുക്കിപ്പറഞ്ഞാല്‍ മാഷിന്റെ ക്ഷോഭമാണ് ജനത്തെ കൂടുതല്‍ ആകര്‍ഷിക്കുന്നത്!


മാഷ് ഇടയ്ക്കൊന്ന് ക്ഷോഭിച്ചില്ലെങ്കില്‍ ആ പ്രസംഗത്തിന് എന്തോ   ഒരു അപൂര്‍ണതയുള്ളതു പോലെയാണ് തോന്നുക. അപ്പോള്‍ ക്ഷോഭം ഇവിടെ ആസ്വദിക്കപ്പെടുകയാണ്! എന്തുകൊണ്ട്? അഴീക്കോട് ക്ഷോഭിക്കുന്നത് ക്ഷോഭിക്കാന്‍ വേണ്ടിയല്ല എന്നതുകൊണ്ട്.


എങ്കില്‍, എപ്പോഴൊക്കെയാണ് അഴീക്കോട് ക്ഷോഭിക്കുന്നത്? ആത്മാര്‍ത്ഥതയ്ക്ക് തീപിടിക്കുമ്പോള്‍. അത്യന്തം ലജ്ജാകരമായ കാര്യങ്ങള്‍ സമൂഹത്തില്‍ സംഭവിക്കുമ്പോള്‍... അങ്ങനെ പ്രസംഗത്തിന് ഒരു പുതിയ നിര്‍വചനം തന്നെ രൂപപ്പെട്ടിട്ടുണ്ട്- 'ആത്മാര്‍ത്ഥതയ്ക്ക് തീപിടിക്കുമ്പോള്‍ എന്താണോ സംഭവിക്കുന്നത്, അതാണ് പ്രസംഗം!'


നമുക്കുചുറ്റും ഒരുപാട് വിരോധാഭാസങ്ങളുണ്ട്. സിനിമയില്‍ കുടുകുടാ ചിരിപ്പിക്കുന്നവരോട് നേരിട്ട് സംസാരിച്ചുനോക്കണം- 'ഡ്രൈ' ആയിരിക്കും ആ അനുഭവം. അവരുടെ പ്രസംഗം അതിനേക്കാള്‍ 'ഡ്രൈ' ആയിരിക്കും. കവിതയിലൂടെ അമൃത് കടയുന്നവരുണ്ട്. അവരുടെയും സംഭാഷണം അറുബോറായിരിക്കും. പ്രസംഗം പിന്നെ ആലോചിക്കുകയും വേണ്ട. പക്ഷേ, നിരൂപകനും വേദാന്തപണ്ഡിതനുമായ സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ എന്നും കാവ്യനിഷ്യന്ദികളായിരുന്നു. കല്പനാമുദ്രിതങ്ങളായിരുന്നു. ഭാഷ പുഷ്പിക്കാത്ത, വികാരം തളിര്‍ക്കാത്ത, ഭാവനയ്ക്ക് പുളകം ചാര്‍ത്താത്ത ഒരൊറ്റ വാചകംപോലും അദ്ദേഹം ഉപയോഗിക്കാറില്ല.


ആന്റണി കഴിഞ്ഞ ദിവസം അമലാ ആശുപത്രിയില്‍ വന്നപ്പോള്‍ അദ്ദേഹം എന്താ പറഞ്ഞത്? ഹിമാലയം മഞ്ഞുതുള്ളിയെ കാണാന്‍ വന്നതുപോലെ എന്ന്! കണ്ടില്ലേ- സര്‍വ അവശതകളേയും അതിലംഘിച്ചുകൊണ്ട് ആ ഹൃദയം കാവ്യവസന്തമാവുകയാണ്. മാഷ് കവിതയെഴുതാതെ പോയത് എന്തുകൊണ്ടായിരിക്കും? ഒരുപക്ഷേ, മുമ്പ് കവിതകളില്‍ ജ്ഞാനപീഠം കിട്ടിയവരുടെയും ഇനി കിട്ടാന്‍ പോകുന്നവരുടെയും ഭാഗ്യംകൊണ്ടായിരിക്കാം! എന്തായാലും എല്ലാ ഭാഷാസ്നേഹികളുടെയും ഹൃദയപീഠം എന്നും അഴീക്കോടിന് സ്വന്തമായിരിക്കും.


മാഷിന്റെ വാക്കിന് ആത്മാര്‍ത്ഥതയുടെ മാധുര്യമുണ്ട്. ചിന്തകള്‍ക്ക് സൂചിസൂക്ഷ്മമായ ഏകാഗ്രതയുണ്ട്. എതിര്‍പക്ഷത്തേക്ക് തുളച്ചുകയറുന്ന ആ മൂര്‍ച്ച അപ്രതിരോധ്യമാണ്. എ.ആര്‍. രാജരാജവര്‍മ്മയെക്കുറിച്ച് കാവ്യമധുരമായി അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: "മലയാളഭാഷയുടെ വ്യാകരണവീഥിയിലൂടെ ഇനി മറ്റൊരു രാജപുരുഷന്‍ കടന്നുപോകില്ല!" ആ വചനം അനുസ്മരിച്ചുകൊണ്ടും അനുകരിച്ചുകൊണ്ടും പറയട്ടെ- 'മലയാളഭാഷയുടെ പ്രഭാഷണവീഥിയിലൂടെ ഇനി മറ്റൊരു അവകാശപുരുഷന്‍ കടന്നുപോകില്ല!'


'അമല'യില്‍ അദ്ദേഹം കിടന്ന മുറിക്കു പുറത്തുവച്ച് ഞാന്‍ ഈ വാചകം പബ്ളിക് റിലേഷന്‍സിലെ ശ്രീ. നാസറിനോട് പറഞ്ഞു. (കെ.പി. അപ്പന്‍ സാറിന്റേയും അഴീക്കോട് മാഷിന്റേയുമൊക്കെ ആത്മസുഹൃത്താണ് നാസര്‍). മാഷിന് രോഗത്തിന്റെ തീവ്രത മനസ്സിലായത് കഴിഞ്ഞ ദിവസം മാത്രമാണ്. കണ്ണൂര് കൊണ്ടുപോകണമെന്നു പറഞ്ഞു. ആത്മവിദ്യാപീഠത്തിന്റെ ചടങ്ങുകള്‍ മാത്രം. പ്രാര്‍ത്ഥനയാണ് ഉദ്ദേശിക്കുന്നതെന്നു തോന്നുന്നു...


പെട്ടെന്ന് മാഷിന്റെ അനന്തരവന്‍ പോയി രണ്ടു ഡോക്ടര്‍മാരെ കൂട്ടിക്കൊണ്ടുവന്നു. അവരോടൊപ്പം ഞങ്ങളും മുറിയിലേക്കു കയറി. നഴ്സ് ദുര്‍ബലമായ ആ കൈത്തണ്ടയില്‍ മരുന്ന് കുത്തിവയ്ക്കുന്നു. അദ്ദേഹം മയക്കത്തിലേക്ക് മറിയുന്നതുപോലെ... അല്പം കഴിഞ്ഞ് ഡോക്ടര്‍മാര്‍ പോയി. പിന്നെ, മാഷ് കണ്ണു തുറന്നു. നാസര്‍ അരികിലേക്കാഞ്ഞ് ചോദിച്ചു: "സുദര്‍ശനന്‍ നില്‍ക്കുന്നതു കണ്ടില്ലേ?"
 "കണ്ടു; സംസാരിക്കുകയും ചെയ്തു. മോനും വന്നിട്ടുണ്ട്. നാളെ എറണാകുളത്ത് ഫൌണ്ടേഷന്റെ പരിപാടി അല്ലേ?"


അഴീക്കോടിന്റെ രോഗശാന്തിക്കും മുല്ലപ്പെരിയാറിന്റെ രക്ഷയ്ക്കുമായി ഡോ. സുകുമാര്‍ അഴീക്കോട് ഫൌണ്ടേഷന്‍ കലൂരില്‍ സംഘടിപ്പിച്ച ഉപവാസവും പ്രഭാഷണ യജ്ഞവുമാണ് അദ്ദേഹം സൂചിപ്പിച്ചത്. അഴീക്കോടിനെ സ്നേഹിക്കുന്ന, അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ധാരാളം പേര്‍ ആ ചടങ്ങില്‍ പങ്കുചേര്‍ന്നു.


മടക്കയാത്രയില്‍ മനസ്സ് പറഞ്ഞു- മുല്ലപ്പെരിയാറും സുകുമാര്‍ അഴീക്കോടും നമ്മുടെ രണ്ട് അണകളാണ്. ഒന്നില്‍ നിറച്ചിരിക്കുന്നത് ജലമാണെങ്കില്‍ മറ്റേതില്‍ ജ്ഞാനമാണ്. ഒന്ന് 999 വര്‍ഷത്തേക്ക് വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നതിലെ ആശങ്കയും ആപത്തുമാണ് നമ്മെ അസ്വസ്ഥരാക്കുന്നത്. മറ്റേതാകട്ടെ, ഇനിയും 999 വര്‍ഷംകൂടി നിലനിന്നെങ്കില്‍ എന്ന അഭിലാഷവും ആനന്ദവുമാണ് നമുക്ക് സമ്മാനിക്കുന്നത്.

No comments:

Post a Comment