Tuesday, January 24, 2012

പോരു മറന്ന് ചെന്നൈയിലെത്തിയ അതിഥി

ചെന്നൈ: അഴീക്കോടുമായുള്ള ആദ്യ 'കൂട്ടിമുട്ടല്‍' മദ്രാസ് സര്‍വകലാശാല മേധാവി പ്രൊഫസര്‍ രാജേന്ദ്ര ബാബുവിന്റെ മനസ്സില്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഓര്‍മയാണത്. ''ഡോ എസ്.കെ. നായരുടെ കീഴില്‍ മദിരാശി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയാണ് അന്ന് ഞാന്‍. ഒരു ദിവസം എസ്.കെ. വിളിച്ചിട്ട് ഇന്നൊരതിഥിയുണ്ടെന്നും വീട്ടിലേക്ക് വരണമെന്നും പറഞ്ഞു. അതിഥി അഴീക്കോടായിരുന്നു.''
അഴീക്കോടും എസ്.കെ. നായരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പശ്ചാത്തലം അതീവ രസകരമായിരുന്നെന്ന് രാജേന്ദ്ര ബാബു ഓര്‍ക്കുന്നു. മാതൃഭൂമിയില്‍ അഴീക്കോടും എസ്.കെ. നായരും തമ്മില്‍ വലിയൊരു തര്‍ക്കമുണ്ടായി. തര്‍ക്കം അതിരുവിട്ടപ്പോള്‍ മാതൃഭൂമി പത്രാധിപര്‍ ഇടപെട്ട് സംഗതി അവസാനിപ്പിച്ചു. അഴീക്കോടിനെ സുകുമാരന്‍ അഴീക്കോടെന്ന് എസ്.കെ. വിളിച്ചപ്പോള്‍ എനിക്ക് നായരൊരു ചില്ലക്ഷരം കൂട്ടിതന്നെങ്കില്‍ ഞാന്‍ നായരുടെ ഒരു ചില്ലക്ഷരം ഇങ്ങെടുക്കുകയാണെന്നായിരുന്നു അഴീക്കോടിന്റെ കമന്റ്.
കെ.എന്‍. എഴുത്തച്ഛനുള്ളപ്പോള്‍ എസ്.കെ. നായര്‍ മദിരാശി സര്‍വകലാശാലയില്‍ മലയാള വിഭാഗം മേധാവിയായതിനെയും അഴീക്കോട് കളിയാക്കിയിരുന്നു. തലയിരിക്കുന്നിടത്ത് വാലിരിക്കുന്നുവെന്നായിരുന്നു പരിഹാസമെന്ന് രാജേന്ദ്ര ബാബു ഓര്‍ക്കുന്നു.
ഈ തര്‍ക്കത്തിനിടയിലാണ് അഴീക്കോടിന്റെ പിഎച്ച്.ഡി. പ്രബന്ധം എസ്.കെ. യുടെ കൈയിലെത്തിയത്. പ്രബന്ധം പരിശോധിച്ചു നല്‍കാന്‍ വൈകി. അഴീക്കോടാണെങ്കില്‍ അമേരിക്കയിലെ യേല്‍ സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ഷിപ്പിന് അപേക്ഷിച്ചിരിക്കുന്ന സമയം. ഇതിന് പിഎച്ച്.ഡി. നിര്‍ബന്ധമാണ്. കവി അയ്യപ്പപ്പണിക്കരാണ് ഇതേ തസ്തികയ്ക്കുള്ള മറ്റൊരു മത്സരാര്‍ഥി.
ഈ പശ്ചാത്തലത്തിലാണ് അഴീക്കോട് എസ്. കെ. യെ കാണാനെത്തിയത്. ചെന്നൈയില്‍ മന്ദവേലിയിലാണ് അന്ന് എസ്. കെ. താമസിക്കുന്നത്. ഒരു അംബാസഡര്‍ കാറിലാണ് അഴീക്കോട് വന്നിറങ്ങിയത്. അഴീക്കോടിനെ സ്വീകരിക്കാന്‍ എസ്. കെ. ഇറങ്ങിച്ചെന്നു. പരസ്​പരം കണ്ട മാത്രയില്‍ ഇരുവരുടെയും വഴക്കെല്ലാം മെഴുകുരുകുന്നതുപോലെ അലിഞ്ഞുപോവുന്നതിന് രാജേന്ദ്രബാബു സാക്ഷിയായി.
അഴീക്കോടിന്റെ പ്രബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അപ്പോള്‍ത്തന്നെ എസ്. കെ. സ്വന്തം ടൈപ്പ്‌റൈറ്ററില്‍ ടൈപ്പ് ചെയ്ത് രാജേന്ദ്രബാബുവിന്റെ കൈയിലേല്പിച്ചു. മൗണ്ട് റോഡിലെ പോസ്റ്റ്ഓഫീസില്‍ നിന്ന് അന്നു തന്നെ രജിസ്‌ട്രേഡ് പോസ്റ്റില്‍ വിട്ടാലേ സംഗതി അടുത്ത ദിവസം തിരുവനന്തപുരത്തെത്തുകയുള്ളൂ. ബസ്സില്‍ പോവേണ്ടെന്നും ഓട്ടോയില്‍ പോയാല്‍ മതിയെന്നും പറഞ്ഞ് അഴീക്കോട് 25 രൂപ നല്‍കിയതും രാജേന്ദ്രബാബു മറന്നിട്ടില്ല.
പിന്നീട് അഴിക്കോടുമായുള്ള രാജേന്ദ്ര ബാബുവിന്റെ സൗഹൃദം എത്രയോ മുറുകി. പക്ഷേ, എപ്പോള്‍ കണ്ടാലും തന്റെ പ്രബന്ധ റിപ്പോര്‍ട്ടുമായി അന്ന് പോസ്‌റ്റോഫീസിലേക്കു പോയതിനെക്കുറിച്ചായിരിക്കും അഴീക്കോട് ആദ്യം പരാമര്‍ശിക്കുകയെന്ന് രാജേന്ദ്ര ബാബു പറയുന്നു. യേല്‍ സരവകലാശാലയിലെ വിസിറ്റിങ് പ്രൊഫസര്‍ഷിപ്പ് പക്ഷേ, അയ്യപ്പപ്പണിക്കര്‍ക്കാണ് ലഭിച്ചതെന്നത് മറ്റൊരു കാര്യം.
കഴിഞ്ഞ അഞ്ചു ദശകങ്ങളുടെയെങ്കിലും പഴക്കമുണ്ട് പ്രൊഫസര്‍ സുകുമാര്‍ അഴീക്കോടും ഡോ. ഇ.കെ. പുരുഷോത്തമനും തമ്മിലുള്ള സൗഹൃദത്തിന്. എം.എ. മലയാളം പരീക്ഷ എഴുതുന്നതിന് 1950 കളുടെ അവസാനം മദിരാശിയില്‍ വന്നപ്പോള്‍ അഴീക്കോടിന്റെ താമസം പുരുഷോത്തമനൊപ്പമായിരുന്നു.'' അഴീക്കോടിന്റെ വിദ്യാര്‍ഥിയായിരുന്ന കെ.ജി. അടിയോടി അന്ന് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ വിദ്യാര്‍ഥിയാണ്. ഞാനന്ന് എം.സി.സി.യില്‍ മലയാളം അധ്യാപകനും. അടിയോടിയാണ് അഴീക്കോടിന്റെ വരവിനെക്കുറിച്ചും അദ്ദേഹത്തിന് എം.സി.സി.യില്‍ താമസസൗകര്യം ശരിയാക്കുന്നതിനെക്കുറിച്ചും പറഞ്ഞത്. വലിയൊരു മുറിയില്‍ തനിച്ചു താമസിക്കുന്ന എനിക്ക് അഴീക്കോടിനെ കൂടെകൂട്ടാന്‍ സന്തോഷമേയുണ്ടായിരുന്നുള്ളു. ''
അന്ന് രണ്ടാഴ്ചയോളം അഴീക്കോട് പുരുഷോത്തമന്റെ കൂടെയുണ്ടായിരുന്നു.'' തികഞ്ഞ രസികനായിരുന്നു അഴീക്കോട്. വര്‍ത്തമാനത്തില്‍ കഥകളിങ്ങനെ ഒഴുകി വരും. മദിരാശിയിലന്നുണ്ടായിരുന്ന ശ്രീകൃഷ്ണ ശര്‍മയെയും കുഞ്ഞുണ്ണിരാജയെയും ഞങ്ങളൊന്നിച്ചാണ് പോയിക്കണ്ടത്. പിന്നീട് സംസ്‌കൃതം എം.എ. പരീക്ഷ എഴുതാന്‍ വന്നപ്പോഴും അഴീക്കോട് എന്റെ കൂടെത്തന്നെയാണ് താമസിച്ചത്.'' പുരുഷോത്തമന്‍ പഴയ കാലം ഓര്‍ത്തെടുത്തു.

പിന്നീട് അഴീക്കോട് എപ്പോഴൊക്കെ മദിരാശിയില്‍ എത്തിയിട്ടുണ്ടോ അപ്പോഴൊക്കെ പുരുഷോത്തമനെ കാണാതെ മടങ്ങിയിട്ടില്ല. ചെന്നൈയില്‍ വരുന്ന വിവരം പുരുഷോത്തമനെ മുന്‍കൂട്ടി അറിയിക്കാനും അഴീക്കോട് മറന്നിരുന്നില്ല. 

No comments:

Post a Comment