Tuesday, January 24, 2012

മാഷിന്റെ രാഷ്ട്രീയത്തിലെ വിശാല കാഴ്ചപ്പാട്


കോണ്‍ഗ്രസുകാരെ കര്‍ക്കശമായി വിമര്‍ശിക്കുമ്പോള്‍ സിപിഎമ്മിനോട് എന്തേ മൃദു സമീപനം എന്നു ചോദിച്ചപ്പോള്‍ അഴീക്കോട് പറഞ്ഞ മറുപടിയില്‍ ഉണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയം. ''കോണ്‍ഗ്രസ് എന്റെ തറവാടാണ്. അതിന്റെ അപചയം ദുഃഖിപ്പിക്കുകയും രോഷം കൊള്ളിക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസുകാര്‍ അഴിമതി കാട്ടുന്നുവെന്നതു മാത്രമല്ല സങ്കടകരം, ഇത്ര മഹത്തായ പ്രസ്ഥാനത്തെ ഇത്ര കുറഞ്ഞകാലം കൊണ്ട് ഇപ്പരുവത്തിലാക്കിയതിലാണ്. തികച്ചും വിശാലവും സ്വതന്ത്രവുമെന്നു പറയാവുന്ന രാഷ്ട്രീയ കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റേത്. വാഗ്ഭടാനന്ദ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച നാളില്‍ തന്നെയാണ് സ്വാതന്ത്യ്രസമരത്തിന്റെ തീക്ഷ്ണതയില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ അദ്ദേഹം ആകൃഷ്ടനാവുന്നത്. ഗാന്ധിജി വിഭാവനം ചെയ്ത മാനവിക ചിന്തയും ലാളിത്യവും സത്യസന്ധതയും പോറലേല്‍ക്കാതെ കാത്തു സൂക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. 


ദേശീയപ്രക്ഷോഭകാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി അഴീക്കോട് കരുതി. മഹാഭാരതത്തിലെ കീരിയെ പോലെ ഇതിഹാസസാഗരത്തിന്റെ ഓരത്തുകൂടി നടക്കുകയും ആ മണ്ണ് കാലില്‍ തട്ടുകയും ചെയ്തതിനാല്‍ ആത്മാവില്‍ എവിടെയോ സ്വര്‍ണം പതിഞ്ഞെന്നു തോന്നുന്നതായി അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. മഹാത്മാഗാന്ധിയെ പിന്തുടരുകയായിരുന്നു അന്നത്തെ രാഷ്ട്രീയം. 1947 വരെ ഒാഗസ്റ്റ് വരെ ബ്രിട്ടന്റെ ആധിപത്യത്തിന് എതിരായിരുന്നു അഴീക്കോടിന്റെ പ്രസംഗങ്ങള്‍. 1946 ല്‍ ഗാന്ധിജിയുടെ 78-ാം ജന്മദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ രാഷ്ട്രീയ പ്രസംഗം. ഇക്കാലത്ത് നിരവധി രാഷ്ട്രീയ ലേഖനങ്ങളും അഴീക്കോട് എഴുതിയിരുന്നു. 


വാര്‍ധയില്‍ ഗാന്ധിജിയുടെ ആശ്രമം സന്ദര്‍ശിച്ച അഴീക്കോട് ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയമാണ് പിന്തുടര്‍ന്നിരുന്നത്. ഗാന്ധിജിയുടെ മരണശേഷവും അദ്ദേഹം കോണ്‍ഗ്രസിന്റെ കൊടിക്കീഴില്‍ തന്നെ മുന്നോട്ട നീങ്ങി. കമ്യൂണിസത്തിനെതിരെ അക്കാലത്ത് തൊട്ടാല്‍ പിളരുന്ന വാക്കുകള്‍ കൊണ്ടാണ് അദ്ദേഹം ആക്രമണം നടത്തിയത്. അഴീക്കോടിന്റെ പല പ്രഭാഷണങ്ങളും കമ്യൂണിസ്റ്റ്കാരെ പ്രകോപിപ്പിച്ചിരുന്നു. വിമോചന സമരകാലത്ത് സാംസ്കാരിക മേഖലയിലെ കമ്യൂണിസ്റ്റ് അധിനിവേശത്തിനെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. എന്നാല്‍ ഗാന്ധിയന്‍ തത്വസംഹിതകള്‍ കോണ്‍ഗ്രസ് പടിയിറക്കുകയാണോ എന്ന തോന്നലില്‍ അഴീക്കോട് ക്രമേണ കോണ്‍ഗ്രസില്‍ നിന്ന് അകന്നു. തന്റെ മരണത്തിനു മുന്‍പ് തന്നെ കോണ്‍ഗ്രസിന്റെ മരണമുണ്ടാകുമെന്നു വരെ അദ്ദേഹം അന്ന് പറഞ്ഞിരുന്നു. അത് ആ പ്രസ്ഥാനത്തോടുള്ള വൈരാഗ്യം കൊണ്ടായിരുന്നില്ല. ആത്മാവില്‍ അലിഞ്ഞു ചേര്‍ന്ന ദേശീയതയോടുള്ള ആത്മാര്‍ഥത കാരണമായിരുന്നു. ഗാന്ധിജിയുടെ 125-ാം ജന്മവാര്‍ഷികത്തില്‍ കേരളത്തിലുടനീളം അദ്ദേഹം സഞ്ചരിച്ചു നടത്തിയ പ്രസംഗപരമ്പര ഇതു തെളിയിക്കുന്നുണ്ട്.


കോഴിക്കോട് ദേവഗിരി കോളജില്‍ അധ്യാപകനായിരിക്കുമ്പോഴാണ് തലശ്ശേരിയില്‍ പാര്‍ലമെന്റ് സ്ഥാനാര്‍ഥിയായി അഴീക്കോട് മല്‍സരിക്കുന്നത്. മറ്റൊരു സാഹിത്യകാരനായ എസ്.കെ. പൊറ്റെക്കാട്ടായിരുന്നു അദ്ദേഹത്തിന്റെ എതിരാളി. പരാജയമായിരുന്നു ഫലം. ഒരു തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതുകൊണ്ട് തെറ്റില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരബദ്ധം ഏത് പൊലീസുകാരനും പറ്റുമല്ലോ. പിന്നീട് കോണ്‍ഗ്രസുമായി അകന്ന അദ്ദേഹം നവഭാരത വേദിക്ക് രൂപം നല്‍കുകയും ചെയ്തു.


പിന്നീടുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭൂമിക ഇടതുപക്ഷമായിരുന്നു. എന്നാല്‍ തീക്ഷ്ണമായ കമ്യൂണിസമായിരുന്നില്ല, ഗാന്ധിയന്‍ തത്വശാസ്ത്രങ്ങള്‍ ഉള്‍ച്ചേര്‍ന്ന മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റേത്. അപ്പോഴും കമ്യൂണിസ്റ്റ് നേതാക്കളെ പോലും അദ്ദേഹം വിമര്‍ശിച്ചു. അതില്‍ കക്ഷിഭേദമില്ലെന്ന് അദ്ദേഹം കാണിച്ചു തന്നു. തികച്ചും സുതാര്യമായിരുന്നു അഴീക്കോടിന്റെ രാഷ്ട്രീയമെന്ന് ഇതു കാണിച്ചു തന്നു. മറ്റു വിമര്‍ശനങ്ങള്‍ പോലെയായിരുന്നില്ല രാഷ്ട്രീയക്കാര്‍ക്ക് അഴീക്കോടിന്റെ വിമര്‍ശനം. അത് ഒരു കുടുംബ കാരണവര്‍ കുരുത്തക്കേടു കാട്ടുന്ന കുട്ടികളെ ശകാരിക്കുന്നതു പോലെയായിരുന്നു അവര്‍ക്ക്. രാഷ്ട്രീയ കക്ഷികള്‍ സഹിഷ്ണുതയോടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളെ കണ്ടത്. ഭരണകൂടത്തോട് പറയാനുള്ളത് പലതും അഴീക്കോടിലൂടെ പറയപ്പെടുന്നുവെന്നു നമ്മള്‍ പലപ്പോഴും ആശ്വസിച്ചിട്ടുമുണ്ട്.


കപട ദേശീയവാദരാഷ്ട്രീയത്തെ അഴീക്കോട് എന്നും എതിര്‍ത്തിരുന്നു. ബാബറി മസ്ജിദ് തകര്‍ത്ത കാലത്ത് ആര്‍എസ്എസിനെതിരെയും ഹിന്ദുത്വത്തിനെതിരെയുേം നടത്തിയ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ ജീവനു വരെ ഭീഷണി ഉയര്‍ത്തിയിരുന്നു. മതമൌലികവാദികളെ വിമര്‍ശിക്കുന്നത് അവരില്‍ പ്രകോപനം സൃഷ്ടിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലയിടത്തും അദ്ദേഹം കായികമായി കൈകാര്യം ചെയ്യപ്പെടുമെന്ന അവസ്ഥ വരെയുണ്ടായി. എന്നാല്‍ പുരാണങ്ങളെയും ഉപനിഷത്തുക്കളെയും ഉദാഹരിച്ച് അഴീക്കോട് എഴുതുകയും പറയുകയും ചെയ്ത വാക്കുകളില്‍ മതഭ്രാന്തന്മാര്‍ക്ക് മിണ്ടാട്ടം മുട്ടിപ്പോയി. മതനിരപേക്ഷത ജീവവായു പോലെ സൂക്ഷിക്കണമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.


രാഷ്ട്രീയപ്രവര്‍ത്തനവും സാഹിത്യകര്‍മവും തമ്മില്‍ പ്രത്യേകിച്ച് ഒരു വ്യത്യാസവുമില്ലെന്ന് അഴീക്കോട് കരുതിയിരുന്നു. ഈ രണ്ട് പാദരക്ഷയും തന്റെ ജീവിതയാത്രയ്ക്കു അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പ്രസ്ഥാന കാലം മുതല്‍ ഒരു പൊതു പ്രവര്‍ത്തകനുണ്ടായിരിക്കേണ്ട ത്യാഗസന്നദ്ധതയും ഉന്നതമൂല്യങ്ങളും അദ്ദേഹം ജീവിതയാത്രയില്‍ കാത്തുസൂക്ഷിക്കുകയും ചെയ്തു.

No comments:

Post a Comment