Tuesday, January 24, 2012


"എവിടെ നിന്നാണ് ആ മുഴക്കം കേള്‍ക്കുന്നത്? ഇടതടവില്ലാത്ത ഒരു വാക്പ്രവാഹം എവിടെ നിന്നാരംഭിക്കുന്നു? ശ്രോതാക്കളുടെ കരഘോഷത്തില്‍ നിന്നാരംഭിച്ച് അടുത്ത കരഘോഷത്തില്‍ അലിഞ്ഞു ചേരുന്ന ആ പദധോരണിയുടെ ഉറവിടം അന്വേഷിച്ച് ചെവിവട്ടം പിടിച്ചുപിടിച്ചു നാം ചെല്ലുമ്പോള്‍ കാണാം, ഒരു മെലിഞ്ഞ ദേഹം ക്ഷീണംകൊണ്ടോ ആവേശംകൊണ്ടോ വീണുപോകാതിരിക്കാന്‍ ഉച്ചഭാഷിണിയുടെ ഉരുക്കുദണ്ഡിനെതന്നെ ഇടം കൈകൊണ്ടൊരുമിച്ച് പിടിച്ചിരിക്കുന്നു. വളരെ മൃദുവായ ശബ്ദത്തില്‍ കീഴ്‌സ്ഥായിയില്‍ തുടങ്ങി പതുക്കെപ്പതുക്കെ ദൃഢമായി ഗൗരവം കലര്‍ന്ന സ്വരത്തില്‍ ഇടയ്ക്കല്‍പം ഫലിതവും പരിഹാസവും ചേര്‍ത്ത, ഉച്ചണ്ഡമായ കാലവര്‍ഷക്കൊടുങ്കാറ്റിന്റെ വീറും വീര്യവും പ്രദര്‍ശിപ്പിച്ച്, ഇത്രാമത്തെ മിനിറ്റില്‍ സദസ്സിനെക്കൊണ്ട് കയ്യടിപ്പിക്കാനുദ്ദേശിച്ചുവോ, ആ മിനിറ്റില്‍ തന്നെ കയ്യടിപ്പിക്കാന്‍ കഴിവുള്ള വാഗ്മിത്വവും വാചാലതയും കൂടിച്ചേര്‍ന്ന ഒരു പ്രകടനമാണത്"
തത്വമസിക്ക് ഡോ. അയ്യപ്പപ്പണിക്കര്‍ എഴുതിയ ആമുഖമാണിത്.
വളരെ പതിയെ ശാന്തമായി തുടങ്ങി പിന്നീട് ആവേശത്തിന്റെ കൊടുമുടിയിലേക്ക് മാഷ്‌ വാക്കുകള്‍ കൊണ്ട് പ്രവഹിക്കുമ്പോള്‍ കേള്‍വിക്കാര്‍ക്ക് ലഭിക്കുന്നത് അനുപമമായ ഒരനുഭവമാണ്. അത് കൊണ്ട് തന്നെയാണ് ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ മാഷിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ തടിച്ചു കൂടിയിരുന്നത്. പ്രഭാഷകന്‍, നിരൂപകന്‍, എഴുത്തുകാരന്‍, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, എന്നിങ്ങനെ വിവിധ മേഖലകളിലൂടെ കേരളത്തിന്റെ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ മാഷ്‌ തീര്‍ത്ത സാന്നിധ്യം ഉപമയ്ക്കപ്പുറമാണ്. എന്നും നേരിന്റെ ഭാഗത്ത് നിന്ന് ആരോടെതിര്‍ത്തു സംസാരിക്കാനും അദ്ദേഹത്തിന് മടിയോ ഭയമോ ഇല്ലായിരുന്നു.
കവിതാരംഗത്ത് നിറഞ്ഞു നിന്നിരുന്ന ശങ്കരക്കുറുപ്പിനെ വിമര്‍ശിക്കാന്‍ കാണിച്ച ധൈര്യം പിന്നീട് ഒരിക്കലും മാഷ്‌ കൈവിട്ടിട്ടില്ല. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പലതും നിശിതമായ വിമര്‍ശങ്ങള്‍ ആയിരുന്നു. ഗാന്ധിയനായ താന്‍ കോണ്‍ഗ്രസ്സുകാരനായി മരിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും തനിക്കു മുന്നേ കോണ്‍ഗ്രസ് മരിച്ചു പോയെന്നും അദ്ദേഹം പ്രസംഗിച്ചത് ഇതിനുദാഹരണമാണ്.
വിമര്‍ശനത്തിലെ ഈ സ്വഭാവം കൊണ്ട് തന്നെ ഒട്ടനവധി ശത്രുതയും മാഷ്‌ വിളിച്ചു വരുത്തിയിട്ടുണ്ട്. എം കെ സാനുമാഷ്എസ്എന്‍ഡിപി സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ഒടുവില്‍ ചലച്ചിത്രതാരം മോഹന്‍ലാല്‍ ഇവരൊക്കെ മാഷിന്റെ വിമര്‍ശനങ്ങള്‍ പൊതുസമൂഹത്തില്‍ ഏറ്റുവാങ്ങേണ്ടി വന്നവരാണ്. എസ് എന്‍ ഡി പി യോഗത്തിന്റെ സെക്രട്ടറി പദത്തിലിരിക്കാന്‍ വെള്ളാപ്പള്ളി യോഗ്യനല്ല എന്നും, മധ്യവയസ്കരായ മോഹന്‍ലാലും മമ്മൂട്ടിയും അതനുസരിച് പെരുമാറണമെന്നും തുറന്നു പറയാന്‍ അഴീക്കോട്‌ കാണിച്ച ധൈര്യവും ചങ്കൂറ്റവും അദ്ദേഹത്തിന് മാത്രമുള്ളതാണ്.
ഇങ്ങനെ കേരളത്തിന്റെ വിവിധ തുറകളില്‍ സദാ ജാഗരൂകനായിരുന്ന അഴീക്കോടിനോട് മുഖ്യധാരാ മാദ്ധ്യമങ്ങള്‍ ചെയ്തത് അങ്ങേയറ്റത്തെ തെറ്റാണ്. ഗുരുതരാവസ്ഥയില്‍ തൃശൂര്‍ അമല ആശുപത്രിയില്‍ അഡ്മിറ്റായ അന്ന് മുതല്‍ അദ്ദേഹത്തിന്റെ മുറിക്ക് പുറത്ത് സ്കൂള്‍ കലോത്സവ വേദിയിലേത് പോലെ തത്സമയ വാര്‍ത്താബ്യൂറോ തുറന്നുവെക്കുകയായിരുന്നു മാദ്ധ്യമങ്ങള്‍ ചെയ്തത്. ജീവിച്ചിരിക്കെത്തന്നെ റീത്ത് വെക്കാന്‍ മാദ്ധ്യമങ്ങളാല്‍ വിധിക്കപ്പെട്ട വ്യക്തിയാക്കി കേരളത്തിന്റെ സാംസ്കാരിക നായകനെ അവര്‍ മാറ്റി. ‌
അഴീക്കോടുമായുള്ള പിണക്കങ്ങള്‍ തീര്‍ക്കാന്‍ വന്ന സകലതും മാദ്ധ്യമങ്ങള്‍ വാര്‍ത്തയാക്കി. മോഹന്‍ലാലിന്റെ ഫോണിലൂടെയുള്ള വിളി വാര്‍ത്തയാക്കിയ മാദ്ധ്യമങ്ങള്‍ക്ക്  സെലിബ്രിറ്റി ക്രിക്കറ്റ് പ്രാക്ടീസ് ചെയ്ത് മോഹന്‍ലാല്‍ ആലുവയിലും, കൊച്ചിയിലും, തൃപ്പൂണിത്തുറയിലും ആസ്വദിച്ചപ്പോള്‍ ഒന്നെഴുതിക്കൂടായിരുന്നോ തൃശ്ശൂരില്‍ അഴീക്കോട്‌ കിടക്കുന്നു എന്നത്.  അഴീക്കോടിനെ ഒരു വാര്‍ത്താചരക്ക് ആക്കി മാറ്റുകയായിരുന്നു മാദ്ധ്യമങ്ങള്‍. അത് അങ്ങേയറ്റം മൃഗീയമായത് വിലാസിനി ടീച്ചറുടെ വരവോടെയാണ്. കൂടെ വരുന്നോ ഞാന്‍ പൊന്നു പോലെ നോക്കിക്കൊള്ളാം എന്ന നൂറു ശതമാനം പൈങ്കിളി ചേര്‍ത്ത വാര്‍ത്തകള്‍ ഒന്നാം പേജില്‍ തന്നെ മത്സരിച്ചു പ്രസിദ്ധീകരിച്ചു. സിനിമാ രംഗങ്ങളിലെപ്പോലെ പൂവുമായി ടീച്ചര്‍ മാഷുടെ അടുത്ത നില്‍ക്കുന്ന ചിത്രം അഴീക്കോടിനെപ്പോലെയുള്ള ഒരു വ്യക്തിയുടെ ഒപ്പം ചേര്‍ക്കുന്നത് ശരിയാണോ
മരണം ആദ്യം എത്തിക്കാനുള്ള മത്സരത്തിനിടയില്‍ ഇന്ത്യവിഷന്‍ ശനിയാഴ്ച രാത്രി തന്നെ അഴീക്കോട്‌ അന്തരിച്ചു എന്ന് ഫ്ലാഷ് മിന്നിച്ചു. അത് ഒരിക്കല്‍ കണ്ട ഈ ലേഖകന്‍ പിന്നീട് ആ ഫ്ലാഷ് കണ്ടതേയില്ല. ഇന്ത്യവിഷന്റെ സൈറ്റില്‍ കേറി അത് വളരെ മോശമായിപ്പോയി എന്ന് കമ്മന്റ് ചെയ്തു ഞാന്‍ എന്റെ ധാര്‍മിക രോഷം അവസാനിപ്പിച്ചു.
അഴീക്കോട്‌ വളര്‍ന്നതും വലുതായതും ചാനലുകളിലൂടെയല്ല. ജനങ്ങള്‍ക്കിടയില്‍ നേരിട്ടാണ് അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ വിളിച്ചു പറഞ്ഞത്. ഒരു ബുക്കിലും നോക്കാതെ മണിക്കൂറുകളോളം ഏത് വിഷയത്തിലും ആധികാരികമായി സംസാരിച്ചാണ് അഴീക്കോട്‌ കേരളത്തിലെ ഏറ്റവും മികച്ച പ്രാസംഗികനായത്. ശ്രീനാരായണഗുരു മുതല്‍ കേരളത്തിന്റെ സംസ്കാരികോന്നമനത്തിനായി പ്രവര്‍ത്തിച്ച നവോത്ഥാന നായകര്‍ക്കിടയില്‍ എന്നും അഴീക്കോട്‌ മാഷിന്റെ സ്ഥാനം ഭദ്രമായിരിക്കും.
ജിയാദ് കെ എം


No comments:

Post a Comment