Tuesday, January 24, 2012

പാകത്തിന്‌ എരിവും പുളിയും ചേര്‍ന്ന സൗഹൃദത്തിന്റെ രുചി

ഞാന്‍ തിരുവനന്തപുരത്തു താമസിക്കുമ്പോള്‍ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു അഴീക്കോട്‌. വരുമ്പോള്‍ ഭക്ഷണം കഴിക്കും. കുടംപുളിയും തേങ്ങാപ്പാലും ചേര്‍ത്തുവച്ച മീന്‍കറിയും ചെറുപയര്‍ ഉലത്തിയതുമായിരുന്നു പ്രിയം. എനിക്കു കത്തെഴുതുമ്പോഴെല്ലാം അവസാനിപ്പിക്കുന്നത്‌ 'തേങ്ങാപ്പാല്‍ മീന്‍കറി പ്രതീക്ഷിച്ചുകൊണ്ട്‌...' എന്നാവും. ആശുപത്രിയിലായപ്പോള്‍ വിളിച്ചു: 'തേങ്ങാപ്പാല്‍ മീന്‍കറി ഇനി കിട്ടിയാലും കഴിക്കും'. ഒരാഴ്‌ച മുമ്പ്‌ ആശുപത്രിയില്‍ അഴീക്കോടിനെ കാണാന്‍ പോയപ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത മീന്‍കറിയും എടുത്തിരുന്നു. ഒന്നിച്ചു ഭക്ഷണം കഴിച്ചാണു പിരിഞ്ഞത്‌. ചൂരല്‍ വടിപോലെ നടക്കുന്ന ആളല്ല, ആശയമായിരുന്നു അഴീക്കോട്‌.
ലളിതജീവിതം, അതും ചിട്ടയോടെ. എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്‌. സാഹിത്യ, സാംസ്‌കാരിക, രാഷ്‌ട്രീയരംഗത്ത്‌ സൂര്യപ്രഭ വിതറിയ വിജ്‌ഞാനകേസരി. ഉന്നതനാണെന്ന ഭാവമുണ്ടായിരുന്നില്ല. അന്യായം കണ്ടാല്‍ ക്ഷോഭിക്കുന്ന പ്രകൃതം. അതുപോലെതന്നെ തണുക്കും. ക്ഷോഭത്തിന്റെ അടിയില്‍ ഊറിക്കിടക്കുന്നതു സ്‌നേഹമാധുര്യം. ആ മധുരം ടി. പത്മനാഭനും എം.കെ. സാനുവിനും മോഹന്‍ലാലിനുമൊക്കെ ഒടുവില്‍ അനുഭവിക്കാന്‍ സാധിച്ചു. അതു തിരിച്ചറിഞ്ഞാണല്ലോ അവരെല്ലാം എത്തിയത്‌. അരനൂറ്റാണ്ടിന്റെ പരിചയമുണ്ടെനിക്ക്‌. അടിസ്‌ഥാനപരമായി ഗാന്ധിയനായിരുന്നു അഴീക്കോട്‌. എന്നാല്‍ കുബേര ഗാന്ധിയനായിരുന്നില്ല. അധികാരക്കൊതി മൂത്ത കോണ്‍ഗ്രസുകാരെ എതിര്‍ത്തപ്പോള്‍ അദ്ദേഹം ഇടതുപക്ഷത്താണോ എന്നു തോന്നിപ്പിച്ചു.

കത്തെഴുതല്‍ ശീലമായിരുന്നു. മുടങ്ങാതെ കാര്‍ഡില്‍ എഴുതി അയയ്‌ക്കും. കഴിഞ്ഞ നവംബര്‍ 28-നാണ്‌ ഒടുവിലത്തെ കത്തു കിട്ടിയത്‌. ആശുപത്രിയിലാവുന്നതിന്‌ ഒമ്പതുദിവസം മുമ്പ്‌. 'അസുഖംമൂലം ധൈര്യം ചോര്‍ന്നുപോകുംപോലെ. മറികടക്കാന്‍ ശ്രമിക്കുന്നു...' ഒടുവിലത്തെ വാചകം.

-ചെമ്മനം ചാക്കോ

No comments:

Post a Comment