Tuesday, January 24, 2012

സന്യാസിയുടെ ഗര്‍ജ്ജനം -ONV

ഭ്രാന്താലയമെന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തെ മനുഷ്യാലയമാക്കാന്‍ നിസ്തന്ദ്രം പ്രയത്നിച്ച മഹാമനീഷികളുടെ അവസാനത്തെ കണ്ണിയാണ് തന്റെ ഭൌതികപഞ്ജരമുപേക്ഷിച്ച് ചരിത്രത്തിന്റെ താളുകളിലേക്ക് കടന്നുപോയിരിക്കുന്നത്. ഡോ.സുകുമാര്‍ അഴീക്കോട് കേരളത്തിലെ ജനങ്ങളുടെ സ്മൃതിമണ്ഡപത്തിലെ കെടാത്ത ജ്വാലയായി മറ്റൊരു ജന്‍മം കൈവരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ മുമ്പുവരെ, എല്ലാ സായാഹ്നങ്ങളിലും ഒരു മൈക്കിന്റെ പിന്നില്‍ നിന്ന് ആ മൈക്കുപോലെത്തന്നെ കൃശഗാത്രനായൊരാള്‍ സിംഹഗര്‍ജ്ജനം നടത്തുന്നതിന് ഉല്‍ബുദ്ധസദസ്സുകള്‍ സാക്ഷിയായിരുന്നിട്ടുണ്ട്. അത് സ്നേഹത്തിന്റെ സിംഹനാദമായിരുന്നു. മനസ്സ് നിര്‍ഭയവും ശിരസ്സ് സമുന്നതവുമായിരിക്കാന്‍ ഏതൊരു പൌരനും സാധിക്കുന്ന സ്വാതന്ത്യ്രത്തിലേക്കുളള പ്രയാണത്തില്‍ എവിടെവിടെ പ്രതിസന്ധികളുണ്ടാവുന്നുണ്ടോ അതിനെതിരേയുളള താക്കീതും പ്രതിഷേധവുമായിരുന്നു. മലയാളഭാഷയേയും അതിന്റെ മഹനീയ പൈതൃകത്തേയും നിന്ദിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നവര്‍ക്കെതിരേയുളള ധീരോദാരമായ ശബ്ദമായിരുന്നു. തന്റെ ഗുരുവായി യൌവനാരംഭത്തിലേ മനസാ വരിച്ച മഹാത്മജിയുടെ മാര്‍ഗത്തില്‍ നിന്ന് അനുയായികള്‍ വ്യതിചലിക്കുന്നതു കണ്ട് വേദനിക്കുന്നവരുടെ മഹാരുദിതങ്ങളായിരുന്നു. മാര്‍ക്സിസത്തിന്റെ നേര്‍ക്ക് അലര്‍ജിയില്ലാതിരുന്ന ഒരു ഗാന്ധിയന്റെ ഗരുഡനാദമായിരുന്നു. പ്രത്യേകിച്ചൊരു കളത്തിലും ഒതുങ്ങിനില്‍ക്കാത്തൊരു മനുഷ്യസ്നേഹിയുടെ താരസ്വരമായിരുന്നു. അഴീക്കോട് പലരേയും അത്ഭുതപ്പെടുത്തി. പണ്ടൊരിക്കല്‍ മുണ്ടശ്ശേരിമാസ്റ്റര്‍, തൃശൂര്‍ റൌണ്ടില്‍ ട്രാഫിക് നിയന്ത്രണത്തിന് അടയാളരേഖകള്‍ വരപ്പിച്ചു നിന്ന ഒരുന്നത പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞതുപോലെ "ആരും വരച്ചവരയിലൂടെ താന്‍ നടന്നു ശീലിച്ചിട്ടില്ലെന്ന്" ഫലത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു അഴീക്കോട്. കൊടുങ്ങല്ലൂരിലൊരു മുസ്ളീം പളളിയിലെ സാധുപരികര്‍മ്മിയെ ആരോ ആക്രമിച്ചപ്പോള്‍, എഴുത്തുകാരുടെ ഒരു നിശ്ശബ്ദജാഥയെ നയിച്ച് ആ തെരുവീഥികളിലൂടെ നടന്നുപോയ അഴീക്കോടിന്റെ ആ തലയെടുപ്പിനു മുന്നില്‍ നിയമപാലകരും വഴിയൊഴിഞ്ഞു നിന്നത് ഞാനോര്‍ക്കുന്നു. അതാണ് ആത്മാവില്‍ സ്വയമുദിക്കുന്ന സ്വാതന്ത്യ്രബോധം. സംസാരദു:ഖങ്ങളില്‍ നിന്നും, സ്വകാര്യതാല്‍പ്പര്യങ്ങളില്‍ നിന്നും, സ്വാര്‍ത്ഥമോഹങ്ങളില്‍ നിന്നും മുക്തിപ്രാപിച്ച കാഷായം ധരിക്കാത്ത ഒരു സന്യാസിയായിരുന്നു സുകുമാര്‍ അഴീക്കോട്. അത് തിരിച്ചറിയാത്ത പലരും ആ മുഴങ്ങുന്ന ശബ്ദത്തെ ധിക്കാരത്തിന്റേതായി തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാലത് മറിച്ചായിരുന്നു. ബഷീറിന്റെ വിഖ്യാതമായ ആ പ്രയോഗമുണ്ടല്ലോ, 'സാഗരഗര്‍ജ്ജനം' എന്നത്, അഴീക്കോടിന്റെ ശബ്ദത്തിന്റെ ഒരു സ്ഥായി മാത്രമായിരുന്നു. സാഗരത്തിന് ഏതാണ്ട് മൌനത്തിനോടടുത്ത നിശ്ശബ്ദഭാവം കൈവരിക്കാനും കഴിയുമെന്ന് നമുക്കറിയാം. "കല്ലോലമില്ലാതെഴുമാഴി" എന്ന് കാളിദാസന്‍ വിശേഷിപ്പിച്ചതിനോടടുത്ത ഒരവസ്ഥ. കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മലയാളം വിഭാഗത്തില്‍ അഴീക്കോട് ക്ളാസെടുക്കുമ്പോള്‍ പുറത്തു നില്‍ക്കുന്നവര്‍ക്ക് ഒരു ഇലയനക്കത്തിന്റെ ഒച്ചപോലും കേള്‍ക്കാനാവുമായിരുന്നില്ല-തൊട്ടടുത്തെന്റെ മുറിയിലിരുന്ന് അത്ഭുതത്തോടെ ഞാന്‍ നിരീക്ഷിച്ചിട്ടുണ്ടത്- ഏതാണ്ട് മന്ത്രോച്ചാരണം പോലെയാവുമത്-അവിടെ സരസ്വതിക്ക് ലാസ്യമേയുളളൂ. താണ്ഡവമില്ല. എന്നാലൊരിക്കല്‍ മറ്റൊരു കലാലയത്തില്‍വച്ച്, തന്റെ ഏതഭിപ്രായത്തേയും ഖണ്ഡിച്ചു പോന്നിരുന്ന ഒരു സാഹിത്യകാരന്റെ സാന്നിദ്ധ്യം പോലും തന്നെ പ്രകോപിപ്പിച്ചതുപോലെ അഴീക്കോട് ശരിക്കും ശബ്ദാടോപപ്രധാനമായി ഉച്ചസ്ഥായിയില്‍ സംസാരിച്ച് കയറുന്നതിനും സാക്ഷിയാവാന്‍ കഴിഞ്ഞിട്ടുണ്ട്. വിഷം കലര്‍ന്ന ഭക്ഷ്യവസ്തു കണ്ടാല്‍ കണ്ണു ചൊകചൊകന്നതാകുന്ന' ചകോരപ്പക്ഷി'യെ പറ്റി സംസ്കൃതകാവ്യങ്ങളില്‍ പരാമര്‍ശിക്കുന്നു. സാമൂഹികജീവിതത്തിലായാലും, സര്‍ഗാത്മകകൃതികളിലായാലും, ആശയമണ്ഡലത്തിലായാലും വിഷമയമെന്ന് തോന്നുന്നതിനു മുന്നില്‍ അഴീക്കോടിന്റെ മനസ്സും വാക്കും, ചിലപ്പോള്‍ ശരീരഭാഷ തന്നെയും തുടുത്തുജ്ജ്വലിക്കുന്നു. അന്യരുടെ നേര്‍ക്കുളള കരുണയും കരുതലുമാണ് സംസ്കാരത്തിന്റെ പ്രാരംഭബിന്ദുവെന്ന സത്യത്തെ ഉദാഹരിക്കാന്‍ അഴീക്കോടിന്റെ കര്‍മ്മപഥത്തില്‍ പലതും കണ്ടെത്താന്‍ കഴിയുന്നു. രോഗശയ്യയില്‍ അവശനായി കിടക്കുമ്പോഴും, മുല്ലപ്പെരിയാറിനെപ്പറ്റി ഉത്കണ്ഠപ്പെടുന്ന അഴീക്കോട്, സംസ്കാരത്തിന്റെ രാജരഥ്യകളിലൂടെ നടന്നുകയറുകയായിരുന്നു. തന്റെ ചിരകാലപ്രവര്‍ത്തനരംഗമായിരുന്ന കേരള സാഹിത്യ അക്കാഡമിയുടെ അങ്കണത്തില്‍ നിന്ന് അഴീക്കോട് നിശ്ചേതനനായി പടിയിറങ്ങുന്നത് നോക്കിനില്‍ക്കുമ്പോള്‍, നമ്മുടെ സാംസ്കാരികജീവിതത്തില്‍ നിന്ന് ഒരു കാലഘട്ടം ഏതോ കറുത്ത യവനികയ്ക്കു പിന്നിലേക്ക് മറയുന്നതായി തോന്നി. ചുമരില്‍ അങ്ങനെ മറഞ്ഞുപോയ പലരുടേയും ചിത്രങ്ങള്‍ ഉറ്റുനോക്കുന്നതു പോലെ തോന്നി: ബഷീറിന്റെ, പൊറ്റെക്കാടിന്റെ, തകഴിയുടെ, ദേവിന്റെ, ഉറൂബിന്റെ, അന്തര്‍ജ്ജനത്തിന്റെ അവരെല്ലാവരും ചേര്‍ന്ന ഒരു കാലഘട്ടത്തിന്റെ! അതിജീവിക്കുന്നതിന്റെ വേദനയോടെ അത് നോക്കിനിന്നുപോയി-എല്ലാ ബന്ധനങ്ങളില്‍ നിന്നും വിമുക്തരാവുന്ന ധീരമാനസരായ മനുഷ്യരെ സൃഷ്ടിക്കാനുളള ഒരു മഹായജ്ഞത്തിന്റെ വേദിയില്‍ നിന്ന്, ഒടുവില്‍ 'തത്ത്വമസികാര' നും യാത്രയാവുന്ന ഈ വിഷാദസന്ധ്യയില്‍, ആ വലിയ മനുഷ്യന്‍ അവശേഷിപ്പിച്ചുപോയ ആ വിശിഷ്ടാംശത്തെ കേരളത്തിലെ ജനങ്ങള്‍ അവരുടെ നിത്യഹരിതമായ ഓര്‍മ്മകളിലേക്ക് ഏറ്റുവാങ്ങുമെന്ന് ആശ്വസിക്കാം-തൈത്തെങ്ങിന്റെ ഉച്ചിയില്‍ വീണുപോകുന്ന ഇടിത്തീ നമ്മുടെ പൂര്‍വ്വികര്‍ തിരിയില്‍ പകര്‍ന്ന് വീട്ടിന്റെ മച്ചില്‍ സൂക്ഷിച്ചിരുന്നതുപോലെ.
                                                                 ഒ.എന്‍.വി. കുറുപ്പ്

No comments:

Post a Comment