Tuesday, January 24, 2012

വചനം മാംസം ധരിച്ച കൃശഗാത്രന്‍

വചനം മാംസം ധരിച്ച കൃശഗാത്രന്‍


എം.പി. സുരേന്ദ്രന്‍


വചനം മാംസം ധരിച്ച രൂപമാണ് അഴീക്കോട് മാഷ്. കക്ഷി രാഷ്ട്രീയത്തിന്റെ മേലങ്കി ഉപേക്ഷിച്ചെങ്കിലും ഏറ്റവും തിരക്കുള്ള രാഷ്ട്രീയക്കാരനായിരുന്നു മാഷ്. രാഷ്ട്രീയ വിചാരങ്ങളില്‍, സംവാദങ്ങളില്‍, വിവാദങ്ങളില്‍ എന്നും മാഷ് നിറഞ്ഞുനിന്നു. കോണ്‍ഗ്രസ്സുകാരനായി തുടങ്ങിയ മാഷ്, സ്വന്തം വാക്കുകളില്‍ പറഞ്ഞാല്‍, ഒരു ഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 'സുപ്പീരിയര്‍ അഡൈ്വസറായി'.

അഴീക്കോട് തന്നെ നായകനും പ്രതിനായകനുമായി നിറഞ്ഞുനിന്ന സന്ദര്‍ഭങ്ങള്‍ ഒട്ടേറെയാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍നിന്ന്, അതിന്റെ വിമര്‍ശകനായി, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉപദേശകനായി, ഗാന്ധിയന്‍ ഇടതുപക്ഷത്തേക്കുള്ള യാത്രികനായി മാഷ് മാറിയത് സ്വാഭാവികമായ പരിണതിയായിരുന്നു.

ദര്‍ശനത്തിന്റെ ബിംബമായി പണ്ഡിറ്റ് നെഹ്രുവിനെയും കര്‍മ ബിംബമായി പട്ടേലിനെയും കണ്ട അഴീക്കോട് മരണംവരെയും നിലകൊണ്ട ചേരിയും ദര്‍ശനവും മഹാത്മജിയുടേതാണ്. മഹാത്മജിയില്‍ കര്‍മവും ദര്‍ശനവും സമന്വയിക്കുന്നതായി അദ്ദേഹം കണ്ടെത്തി. അഴീക്കോട് എഴുതി: 'എന്റെ ജീവിതത്തിലെ നീണ്ട പ്രചോദനത്തിന്റെ ഛായ ഗാന്ധിജിയില്‍നിന്ന് ഉത്ഭവിക്കുന്നു'.

തിരഞ്ഞെടുപ്പിലെ ആദ്യത്തേയും അവസാനത്തേയും മത്സരം, അഴീക്കോടിന് ദുഃസ്വപ്നമായാണ് അനുഭവപ്പെട്ടത്. 1962ല്‍ തലശ്ശേരി പാര്‍ലമെന്റ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മാഷ് മത്സരിക്കാനിറങ്ങി. അതിനു വഴി തുറന്നതും ഒരു പ്രഭാഷണമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ വിശ്വസംസ്‌കാരവും ഇന്ത്യയും എന്ന വിഷയത്തെ ആസ്​പദമാക്കി നടത്തിയ പ്രഭാഷണമാണ് സ്ഥാനാര്‍ഥിത്വത്തിലേക്കുള്ള നിമിത്തമായത്. അക്കാലത്ത് ദേവഗിരി കോളേജില്‍ മലയാളം അധ്യാപകനായിരുന്നു മാഷ്. പ്രീ യൂണിവേഴ്‌സിറ്റി ക്ലാസില്‍ പഠിപ്പിക്കുന്നതിനിടെ സി.കെ. ഗോവിന്ദന്‍ നായരും എം.കെ. ജിനചന്ദ്രനും സംഘവും അഴീക്കോടിനെ കാണാനെത്തി. അവരുടെ നിര്‍ബന്ധത്തിനു മുമ്പില്‍ അഴീക്കോട് തലകുനിച്ചു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകഴിഞ്ഞപ്പോഴാണ് എതിര്‍സ്ഥാനാര്‍ഥി സ്‌നേഹിതനായ എസ്.കെ. പൊറ്റെക്കാട്ട് ആണെന്നു മനസ്സിലായത്. തിരഞ്ഞെടുപ്പുയോഗങ്ങളിലൊക്കെ വലിയ ആള്‍ക്കൂട്ടമായിരുന്നു. അഴീക്കോടിന്റെ പ്രസംഗമാണ് എല്ലാവരുടെയും ആകര്‍ഷണം. പക്ഷേ ആള്‍ക്കൂട്ടം വോട്ടുകളല്ല എന്ന കാര്യം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. മത്സരത്തില്‍ അഴീക്കോട് തോറ്റു. മത്സരംജയിച്ച പൊറ്റെക്കാട്ട് പ്രവര്‍ത്തകരുടെ മുമ്പില്‍ ഡിമാന്‍ഡ്‌വെച്ചു. 'അഴീക്കോട് മാഷിനെതിരെ മുദ്രാവാക്യം പാടില്ല. വീടിനുമുമ്പില്‍ പടക്കം പൊട്ടിക്കുകയും അരുത്'.

''തിരഞ്ഞെടുപ്പിനുശേഷം, ശക്തമായൊരു വികാരം എന്നില്‍ അലയടിക്കാന്‍ തുടങ്ങി. അതു ഗാന്ധിജി വിഭാവനം ചെയ്ത മഹിത സേവനത്തിന്റെ അപര്യാപ്തതയെക്കുറിച്ചുള്ള ന്യായമായ സംശയങ്ങളായിരുന്നു. കോണ്‍ഗ്രസ് മാറിക്കൊണ്ടിരുന്നു. ഞാനാകട്ടെ മാറിയില്ല. സി.കെ.ജി.യുഗം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സില്‍ വ്യക്തികള്‍ അധികാരം കൊണ്ടുപോകുന്നതായി കണ്ടു. രാഷ്ട്രീയത്തിന്റെ നേതൃനിരയ്ക്കിടയില്‍ സി.കെ.ജി.യുടെയും കേളപ്പജിയുടെയും പാമ്പന്‍ മാധവന്റെയുമൊക്കെ നക്ഷത്രശോഭയ്ക്കപ്പുറം ബുദ്ധിഹീനരായ രാഷ്ട്രീയക്കാരുടെ മുഖം ഞാന്‍ കണ്ടെത്തിക്കഴിഞ്ഞിരുന്നു.ദര്‍ശനവും ദാര്‍ശനികനും തമ്മില്‍ തീയും പുകയും പോലെ ഭേദിക്കാനാവാത്തൊരു ബന്ധം വേണം. ഇത് രാഷ്ട്രീയത്തിലും അനിവാര്യമാണെന്നൊരു തോന്നലും എന്നിലുദിച്ചു. അപ്പോള്‍ ഞാന്‍, ഒരൊറ്റ മനുഷ്യനെ മാത്രമേ കണ്ടുള്ളൂ- ഗാന്ധിജി. കൂരിരുട്ടിലെ സ്ഫുടതാരകം''.

പീന്നിട് കുറേക്കാലം എഴുത്തിലും പ്രഭാഷണത്തിലും അധ്യാപനത്തിലും തിളങ്ങിനിന്ന മാഷ് , 67 ല്‍ ഇടതുമുന്നണി അധികാരത്തിലേറിയപ്പോള്‍ അതിന്റെ കടുത്ത വിമര്‍ശകനായി. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലീഗിനെ സ്വീകരിച്ചപ്പോള്‍ അഴീക്കോട് ക്ഷുഭിതനായി. 'കമ്യൂണിസത്തില്‍ പാല് കുറയുന്നതായും നീര് കൂടുന്നതായും' കണ്ടെത്തിയ അഴീക്കോട് ഇ.എം.എസ്സിനെ മിതത്വത്തോടുകൂടിയാണ് വിമര്‍ശിച്ചത്.

എഴുപതുകളില്‍ അച്യുതമേനോന്‍ മന്ത്രിസഭയുടെ ഭരണത്തെ തീക്ഷ്ണമായി വിമര്‍ശിച്ച അഴീക്കോടിനെതിരെ, ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് അഴീക്കോട് കോണ്‍ഗ്രസ്സുകാരനേയല്ല എന്നാണ്. അഴീക്കോട് ഉടനെ തിരിച്ചടിച്ചു. ''പറഞ്ഞതു ശരിയാണ്. ഞാന്‍ വിശ്വസിച്ച കോണ്‍ഗ്രസ് എന്നേ മരിച്ചുപോയി. ശോഭയില്ലാത്ത അതിന്റെ പ്രേതമാണ് ഇവരുടെയൊക്കെ കൈവശം''.
രാഷ്ട്രീയനേതൃത്വത്തിന്റെ പക്വതയില്ലായ്മയെയും കഴിവുകേടിനെയും വിമര്‍ശിച്ച മാഷ് ഈ ഘട്ടം മുതല്‍ ജനകീയ പ്രക്ഷോഭങ്ങളുടെയും പ്രതിരോധങ്ങളുടെയും ചേരിയിലേക്ക് പതുക്കെ അടുക്കാന്‍ തുടങ്ങുന്നുണ്ട്.അടിയന്തരാവസ്ഥയെ അഴീക്കോട് വിമര്‍ശിച്ചില്ലെന്ന ആരോപണവും ആക്ഷേപമായി ഉയര്‍ന്നിരുന്നു. അടിയന്തരാവസ്ഥ ഒരു സന്ധ്യയിലേക്ക് പോകുന്നുവെന്ന് അദ്ദേഹം അക്കാലത്ത് വിലപിക്കുകയുണ്ടായി.

അഴീക്കോട് ഏറ്റവും രൂക്ഷമായി വിമര്‍ശിച്ച നേതാവ് കരുണാകരനായിരുന്നു. പക്ഷേ, ഒരിക്കല്‍പ്പോലും കരുണാകരന്‍ മറുപടി പറഞ്ഞില്ല. ''വിമര്‍ശനം രൂക്ഷമായപ്പോള്‍, കരുണാകരന്‍ അതിനെ ചിരിച്ചുകൊണ്ടാണ് നേരിട്ടിരുന്നത്. അദ്ദേഹത്തിന്റെ ഉള്ളിലുള്ള പഴയ കോണ്‍ഗ്രസ്സുകാരന്റെ മുഖമാണിത്'' -പില്‍ക്കാലത്ത് മാഷ് പറഞ്ഞു. കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഓവര്‍സ്​പീഡിനെക്കുറിച്ചും മാഷ് കഠിന പരിഹാസമുതിര്‍ത്തു.' മഹിഷമേറി യമന്‍ വരുന്നതുപോലെയാണ് മുഖ്യമന്ത്രിയുടെ വാഹനം ചീറിപ്പായുന്നത്' എന്നായി ആ ഉപമ.

കേരളത്തിലെ കോണ്‍ഗ്രസ്സിന് ആവശ്യമുള്ള നേതാവ് കരുണാകരനും ആന്റണിയും ചേര്‍ന്ന മിശ്രിതമാണെന്നും അഴീക്കോട് പറയുകയുണ്ടായി. ഈ വിമര്‍ശനം പില്‍ക്കാലത്ത് കക്ഷിരാഷ്ട്രീയത്തെക്കുറിച്ചുള്ള കടുത്ത ആക്രമണത്തിലേക്ക് വഴിമാറി. അതിന്റെ ഒരു മാതൃക ഇതാ: മഹാകവി ഉള്ളൂരിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍, പ്രതിമയുടെ വലിപ്പം കണ്ട ഒരു നേതാവ് പറഞ്ഞു ''ഇത്രയും വലിയൊരു കവിയാണെന്നു ഞാനറിഞ്ഞില്ല''-സദസ്സ് പൊട്ടിച്ചിരിച്ചു.

ബ്ലാക്ക്കാറ്റുകളും കമാന്‍ഡോകളും മന്ത്രിമാരെ പൊതിഞ്ഞുനിന്ന കാലത്ത് അഴീക്കോടിന്റെ കമന്റ് ഇങ്ങനെയായിരുന്നു. ''എന്റെ കൂടെ രാജ്യമില്ല, എന്റെ കൂടെ കാലഘട്ടമില്ല. എന്റെ കൂടെ സുഹൃത്തുക്കളുമില്ല. അതുകൊണ്ട് എന്റെ കൂടെ ഗണ്‍മാനും കറുത്ത പൂച്ചകളും ഇരിക്കട്ടെ എന്നാണ് മുഖ്യമന്ത്രിമാരുടെ നില''. എണ്‍പതുകളില്‍ ആ പരിഹാസം ഉച്ചസ്ഥായിയിലെത്തി.

അച്യുതാനന്ദനെ മൂത്ത സഹോദരനും പിണറായി വിജയനെ ഇളയസഹോദരനുമായി വിശേഷിപ്പിച്ച അഴീക്കോട് സി.പി.എമ്മിന്റെ വിഭാഗീയ രാഷ്ട്രീയത്തിലും ഇടപെടല്‍ നടത്തി. സി.പി.എം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയ പ്പെട്ടപ്പോള്‍, പത്രസമ്മേളനത്തിനിടയ്ക്ക് വി.എസ്. ചിരിച്ചുപോയതിനെ അഴീക്കോട് വഞ്ചകന്റെ ചിരിയെന്നാണ് വിശേഷിപ്പിച്ചത്. സന്ദര്‍ഭത്തിനനുസരിച്ച് നിലപാട് സ്വീകരിക്കുന്നതിലാണ് നീതിയുടെ അംശമെന്ന് അഴീക്കോട് അതിനെ വിലയിരുത്തി. ലാവ്‌ലിന്‍ കേസില്‍, അഴീക്കോട് സ്വീകരിച്ച മൃദുനിലപാട് അദ്ദേഹത്തിന്റെതന്നെ ഭാഷയില്‍, കോടതിയില്‍ വെച്ചു തീര്‍ക്കേണ്ട കേസ് തന്നെയാണ്.

ഹൈന്ദവ സംഘടനകളെയും അവരുടെ നയങ്ങളെയും വിമര്‍ശിച്ച അഴീക്കോട് അതിന്റെ പേരില്‍ വധഭീഷണിയും നേരിട്ടു. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍, നാടെങ്ങും പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ ശക്തിയെക്കുറിച്ച് ഓര്‍മിപ്പിച്ചത്.

ഈയടുത്തകാലത്ത് അഴീക്കോടിന്റെ വിമര്‍ശനം ഏല്‍ക്കേണ്ടിവന്നത് വി.ആര്‍. കൃഷ്ണയ്യര്‍ അവതരിപ്പിച്ച വനിതാ കോഡിനും അരുന്ധതിറോയുടെ കശ്മീര്‍ പരാമര്‍ശത്തിനുമായിരുന്നു.വിടവാങ്ങുമ്പോള്‍, കേരളീയ ജീവിതത്തിനു മുകളില്‍ ജാഗ്രതയോടെ പ്രകാശിച്ചുകൊണ്ടിരുന്ന കണ്ണുകളും അപായ അലാറവുമാണ് ഇല്ലാതായത്.

No comments:

Post a Comment