Tuesday, January 24, 2012

അനീതിക്കെതിരെ പോരാടിയ നായകന്‍ : പിണറായി

തിരു: അനീതിക്കെതിരെ പോരാടിയ സാംസ്കാരിക നായകനെയാണ് അഴീക്കോടിന്റെ വിയോഗത്തോടെ നഷ്ടമായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ധീരതയുടെയും നീതിയുടെയും ഉറവിടമായിരുന്ന അദ്ദേഹം സമൂഹത്തില്‍ കാണുന്ന എല്ലാ നെറികേടുകള്‍ക്കെതിരെയും പ്രതികരിച്ച സാംസ്കാരിക നായകനായിരുന്നു. അഴീക്കോടിന്റെ വിമര്‍ശനങ്ങള്‍ സിപിഐ എം എന്നും ഗൗരവത്തോടെയാണ് കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണം നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

കനത്ത നഷ്ടം: മുഖ്യമന്ത്രി
മലയാള സാഹിത്യത്തിനും സാംസ്കാരിക മേഖലയ്ക്കും കനത്ത നഷ്ടമാണ് അഴീക്കോടിന്റെ വിയോഗമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു. സംസ്കാരം എല്ലാ ഔദ്യോഗിക ബഹുമതികളോടെയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അനീതിക്കെതിരായ പ്രസ്ഥാനം: വി എസ്

സാംസ്കാരിക ജീര്‍ണ്ണതകള്‍ക്കെതിരെ പോരാടിയ വ്യക്തിത്വത്തെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അനീതിക്കെതിരായ പ്രസ്ഥാനമായിരുന്നു അഴീക്കോട്. വ്യക്തിപരമായി അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്. കേരളീയ സമൂഹത്തിന് നികത്താനാകാത്ത വിടവാണ് അഴീക്കോടിന്റെ നിര്യാണത്തോടെ സംഭവിച്ചതെന്നും വിഎസ് അനുസ്മരിച്ചു.

കേരളത്തിന് നഷ്ടമായത് തിരുത്തല്‍ ശക്തി: എ കെ ആന്റണി

അഴീക്കോടിന്റെ നിര്യാണത്തോടെ കേരളത്തിന് ഒരു തിരുത്തല്‍ ശക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. വിദ്യാര്‍ഥിപ്രവര്‍ത്തകനായ കാലംമുതല്‍ തനിക്ക് അഴീക്കോടുമായി അടുപ്പമുണ്ടെന്ന് ആന്റണി അനുസ്മരിച്ചു. കേരളീയ സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അഴിമതി, സ്വജനപക്ഷപാതം, ആര്‍ഭാടം എന്നിവയ്ക്കെതിരെ ഒരു യോദ്ധാവിനെപ്പോലെ പോരാടിയ വ്യക്തിയായിരുന്നു അഴീക്കോടെന്നും ആന്റണി അനുസ്മരിച്ചു.
അഴീക്കോടിന്റെ വിയോഗത്തോടെ ഒരു വിജ്ഞാന ഭണ്ഡാരത്തെയാണ് കേരളത്തിന് നഷ്ടമായതെന്ന് നടന്‍ തിലകന്‍ അനുസ്മരിച്ചു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ , ഒഎന്‍വി കുറുപ്പ്, കെ സച്ചിദാനന്ദന്‍ , സി രാധാകൃഷ്ണന്‍ , ഡി വിനയചന്ദ്രന്‍ , വി മധുസൂദനന്‍ നായര്‍ തുടങ്ങി ജനപ്രതിനിധികള്‍ , സാംസ്കാരിക പ്രവര്‍ത്തകര്‍ , എഴുത്തുകാര്‍ , കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അഴീക്കോടിനെ അനുസ്മരിച്ചു.

No comments:

Post a Comment