Tuesday, January 24, 2012

ഇങ്ങനെയൊക്കെയുള്ള 'അതു ഞാനാകുന്നു'

രോഗശയ്യയില്‍ നിസ്സഹായനായി കിടക്കുന്ന സുകുമാര്‍ അഴീക്കോട്‌ കേരളത്തിനു തീരെ പരിചയമില്ലാത്ത കാഴ്‌ചയായിരുന്നു. ഉപനിഷത്തുകളുടെ ഉള്‍പ്പൊരുള്‍ തെരഞ്ഞ ആ വന്ദ്യവയോധികന്‍ ജീവിതത്തേയും മരണത്തേയും എങ്ങനെയാണു വീക്ഷിച്ചിരുന്നത്‌? അഴീക്കോടിന്റെ 'നികത്താനാകാത്ത അഭാവ'ത്തേക്കുറിച്ച്‌ അനുശോചനങ്ങള്‍ പ്രവഹിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മകഥയിലെ ചില വാചകങ്ങള്‍ക്കു പ്രവചനസ്വഭാവം കൈവരുന്നു. '85 വര്‍ഷം ഈ ലോകസുഖങ്ങളും ജീവിതദുഃഖങ്ങളും അനുഭവിക്കാന്‍ വിധിക്കപ്പെട്ടു എന്നതു വലിയൊരു ഭാഗ്യമാണ്‌... എന്റെ ശതാഭിഷേകം കഴിഞ്ഞ ജീവിതം വളരെ നീണ്ടതാണെന്ന്‌ എനിക്കു തോന്നുന്നു...ജീവിതത്തില്‍ നമുക്ക്‌ രണ്ടാമതൊരു അവസരമില്ല. ജീവിതം അദ്വിതീയമായ ഒരു ഏകാന്താവസരമാണ്‌.'
ജീവിതം അവസാനിക്കുമ്പോള്‍ ഉണ്ടാകുന്ന അഭാവം എന്നത്രേ മരണത്തിന്‌ അഴീക്കോടിന്റെ നിര്‍വചനം. 'ജീവനില്‍നിന്നേ ജീവനുണ്ടാകൂ. അതുകൊണ്ട്‌ ജീവനെന്ന ഭാവത്തെപ്പറ്റി മാത്രം ചിന്തിച്ചാല്‍ മതി. മരണം എന്ന അഭാവത്തേപ്പറ്റി വ്യാകുലപ്പെടേണ്ടതില്ല.' ഉറ്റവരുടെ വേര്‍പാടിനേത്തുടര്‍ന്ന്‌ ഇനി എനിക്കു ജീവിക്കേണ്ടതില്ല എന്നു പറയുന്നവരെപ്പോലും കാലം മാറ്റിയെടുക്കുന്നതിനെപ്പറ്റി പറയുമ്പോള്‍, 'മനുഷ്യന്‍ എന്തിനും മോങ്ങുന്ന മന്ദബുദ്ധിയായി തീര്‍ന്നിരിക്കുന്നു'വെന്ന്‌ അഴീക്കോട്‌. മരണത്തെയും മരണത്തിനുശേഷമുള്ള ഉപചാരങ്ങളെയുംപോലും ആ മഹാമനീഷി വിമര്‍ശനാത്മകമായാണു സമീപിച്ചതെന്ന്‌ അദ്ദേഹത്തിന്റെ ആത്മകഥ നമുക്കു പറഞ്ഞുതരുന്നു.

ജീവിതം 'ക്ഷണിക'മാണെന്ന സ്‌ഥിരം തത്വചിന്തയെ പരിഹസിക്കുന്ന അഴീക്കോട്‌ അതിനു ദൃഷ്‌ടാന്തമായി ശതാഭിഷേകം പിന്നിട്ട തന്റെ ജീവിതംതന്നെ ചൂണ്ടിക്കാട്ടുന്നു. 'ഞാന്‍ അല്‍പ്പായുസാണെന്ന്‌ ഏതോ ഒരു ജോത്സ്യന്‍ ജാതകം നോക്കി അച്‌ഛനോട്‌ സ്വകാര്യം പറഞ്ഞിരുന്നു. ഇന്നോ, ഞാന്‍ 21-ാം നൂറ്റാണ്ടിന്റെ ഒന്നാം ദശാബ്‌ദം പിന്നിട്ട്‌ മുന്നോട്ടു നിശബ്‌ദം പോവുകയാണ്‌'. ഈ വാചകത്തിലെ 'നിശബ്‌ദ'മെന്ന പ്രയോഗം അഴീക്കോടിന്റെ സ്വയംഹാസമാകാം. രോഗങ്ങള്‍ക്കും മരണത്തിനുമെല്ലാം ഉപരി അഴീക്കോട്‌ ഭയന്നിരുന്നതു വാര്‍ധക്യത്തിലെ ഓര്‍മക്കുറവെന്ന ദുര്‍ഭൂതത്തെയാണ്‌. ആത്മകഥയില്‍ അടുക്കോടെ സംഭവങ്ങളെയും കൃത്യതയോടെ വ്യക്‌തികളെയും ഓര്‍മിച്ചെടുക്കാന്‍ സാധിക്കുന്നതില്‍ രചനാവേളയില്‍ത്തന്നെ അദ്ദേഹം അനല്‍പ്പമായ അഭിമാനം പ്രകടിപ്പിച്ചിരുന്നു. '...ഓര്‍മക്കുറവ്‌ ശതാഭിഷേകത്തിന്റെ ഈ കടുംപ്രായത്തിലും എന്നെ അത്ര ബാധിച്ചു കാണുന്നില്ല...എന്റെ ഓര്‍മയെപ്പറ്റി നിങ്ങള്‍ക്ക്‌ എന്തു തോന്നുന്നു. എനിക്കു സന്തോഷവും അഭിമാനവും ഒപ്പം ചെറിയൊരു ഭയവും. വാര്‍ധക്യത്തില്‍ വിശേഷിച്ച്‌, എപ്പോഴും പറന്നുപോകാവുന്ന ഒരു കിളിയാണ്‌ സ്‌മരണ എന്നത്‌...'- ആത്മകഥനത്തിന്റെ ഒരുഘട്ടത്തില്‍ അഴീക്കോട്‌ വായനക്കാരോട്‌ സംവദിക്കുന്നതിങ്ങനെ.
വീണുപോകുന്നതിനു തൊട്ടുമുമ്പുവരെയും കര്‍മനിരതനായി സഞ്ചരിക്കുക, അസ്‌തമയമടുത്തതു കൃത്യമായി തിരിച്ചറിഞ്ഞെന്നോണം ആത്മകഥ മുഴുമിപ്പിക്കുക, ബൃഹദ്രചനകള്‍ ഇനിയും തനിക്കു സാധ്യമാണെന്ന്‌ പറഞ്ഞുറപ്പിക്കുക...അഴീക്കോട്‌ സ്വയം അടയാളപ്പെടുത്തിയത്‌ ഇങ്ങനെയൊക്കെയാണ്‌. 'കളി തീര്‍ന്ന നട്ടുവന്‍ അരങ്ങില്‍നിന്നു പിരിയണം' എന്ന ആശാന്റ വരികള്‍ രാഷ്‌ട്രീയക്കാരെ ഓര്‍മിപ്പിക്കുമ്പോഴും വിശ്രമജീവിതം മാഷ്‌ സ്വയം വിധിച്ചിരുന്നില്ല.

നടന്നതെല്ലാം ന(ട)ന്നെന്നു തോന്നുന്ന ഒരു വിരാമദിശയില്‍നിന്ന്‌ അഴീക്കോട്‌ മാഷ്‌ ഇങ്ങനെ എഴുതി: 'മനുഷ്യന്‍ മരിച്ചുകഴിഞ്ഞ്‌ ഭൗതികശരീരം പഞ്ചഭൂതങ്ങളില്‍ ലയിച്ചാല്‍ ആ അണുക്കളും സൂര്യചന്ദ്രാദികളെപ്പോലെ അപാരകാലത്തില്‍ നിലനില്‍ക്കും...സ്വഛസൗന്ദര്യം നിറഞ്ഞ സംസ്‌കൃതപഠനത്തിന്റെ രണ്ടുകൊല്ലത്തിന്റെ ഓര്‍മയായിരിക്കും എന്റെ ചിതയില്‍ ഏറ്റവും അവസാനം കത്തിത്തീരുക.'

-എസ്‌. ശ്രീകുമാര്‍

No comments:

Post a Comment