Tuesday, January 24, 2012

'പ്രസംഗമില്ലാതെ ഞാന്‍ ജീവിച്ചിട്ടെന്തുകാര്യം?'

"ഞാനൊരു പബ്ളിക്ക് മാനാണ്. റേഡിയേഷന്‍ ചെയ്താല്‍ വായ ഒരു വശത്തേക്ക് കോടിപ്പോകും. പ്രസംഗിക്കാന്‍ കഴിയാതെ ഞാന്‍ ജീവിച്ചിരുന്നിട്ടെന്തു കാര്യം?" ആറുമാസങ്ങള്‍ക്ക് മുമ്പ് തനിക്ക് അര്‍ബുദ രോഗബാധയുണ്ടെന്ന് മനസിലായപ്പോള്‍ അഴീക്കോട് മാഷുടെ പ്രതികരണം ഇങ്ങനെയായിരുന്നു. പലരും നിര്‍ബന്ധിച്ചിട്ട് വഴങ്ങാതിരുന്നപ്പോഴാണ് കോട്ടയത്ത് പ്രാക്ട്രീസ് ചെയ്യുന്ന ഗുജറാത്തി ഡോക്ടറായ പട്ടേലിന്റെയടുത്ത് ചികിത്സ ആരംഭിച്ചത്.
പല്ലുവേദനയുടെ രൂപത്തിലായിരുന്നു അസുഖത്തിന് തുടക്കം. തിരുവനന്തപുരത്തെ സുഹൃത്തായ ഡോക്ടറുടെ അടുത്ത് നിന്ന് അണപ്പല്ല് എടുത്ത് ഇരവിമംഗലത്തെ വീട്ടില്‍ വന്നെങ്കിലും വായിലെ മുറിവ് ഉണങ്ങിയില്ല. ആന്റിബയോട്ടിക് രണ്ടു കോഴ്സ് പൂര്‍ത്തിയാക്കിയിട്ടും മുറിവ് ഉണങ്ങാതിരുന്നപ്പോഴാണ് സംശയം തോന്നിയത്. ഉണങ്ങാത്ത ഭാഗം പരിശോധനയ്ര്‍ക്കയച്ച് ബയോപ്സി ചെയ്തപ്പോള്‍ അസുഖം അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചു.
തൊണ്ടയിലെ ചെറിയ മുഴ റേഡിയേഷനിലൂടെ സുഖപ്പെടുത്താമെന്ന് പറഞ്ഞപ്പോഴായിരുന്നു പ്രസംഗം വിട്ട് തനിക്കൊരു ജീവിതമില്ലെന്ന് പ്രതികരിച്ചത്. ഹോമിയോ ചികിത്സ ശരീരവേദന കുറച്ചു. രോഗം തന്നെ കാര്‍ന്നുതുടങ്ങിയെന്നത് വകവയ്ക്കാതെ മാഷ് വിവിധ പരിപാടികളില്‍ ഓടി നടന്നു.


ഡിസംബര്‍ ഏഴിന് തേക്കിന്‍കാട് മൈതാനത്ത് നടന്ന സ്വാമി സുനില്‍ദാസിന്റെ പരിപാടിയിലാണ് മാഷ് അവസാനമായി പങ്കെടുത്തത്. അന്നു വൈകി രാത്രി ഇരവിമംഗലത്തെ വീട്ടിലെത്തുമ്പോഴേക്കും പനിയുടെ ലക്ഷണങ്ങള്‍ കണ്ടിരുന്നു.
എട്ടിന് രാവിലെ കുളിമുറിയില്‍ പോയ മാഷ് കാല്‍കുഴഞ്ഞ് തറയിലിരുന്നു. വീട്ടിലെ ജോലിക്കാരനെ പലതവണ വിളിച്ചെങ്കിലും വിളികേട്ടില്ല. രണ്ടുമണിക്കൂറിന് ശേഷം മാഷെ ആശുപത്രിയിലെത്തിക്കുന്നത് ഡോ. ത്രേസ്യാ ഡയസും മകനെപ്പോലെ അവസാനം വരെ കൂടെയുണ്ടായിരുന്ന സുരേഷും ചേര്‍ന്നായിരുന്നു.
മുന്‍പ് മാഷിന് ഇക്കിളിന്റെ വല്ലായ്മയുണ്ടായപ്പോള്‍ തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയിലായിരുന്നു ചികിത്സിച്ചത്. അവിടുത്ത ശുശ്രൂഷ മാഷിന് ഇഷ്ടമായിരുന്നു. ഇതിനാല്‍ ഹാര്‍ട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചത് മാഷ് തന്നെ.


അവിടത്തെ പരിശോധനയില്‍ അര്‍ബുദരോഗം രണ്ടാംഘട്ടത്തിലേക്ക് പ്രവേശിച്ചതായി കണ്ടെത്തി. നട്ടെല്ലിലേക്ക് അര്‍ബുദബാധ പടര്‍ന്നതിനാലായിരുന്നു കാല്‍കുഴഞ്ഞത്. രണ്ടുദിവസത്തിനു ശേഷം മാഷുടെ കാല്‍ പൂര്‍ണ്ണമായും തളര്‍ന്നു. റേഡിയേഷന്‍ അനിവാര്യമായതിനാല്‍ തൃശൂര്‍ അമല ആശുപത്രിയിലേക്ക് മാറ്റി. ആദ്യം റേഡിയേഷനെ എതിര്‍ത്ത മാഷ് പിന്നീട് സമ്മതിച്ചു.
ഡോക്ടറുടെ കുറിപ്പുകളെക്കാളും പാലിയേറ്റീവ് ചികിത്സയെക്കാളും രോഗത്തിന് ശമനം നല്‍കിക്കൊണ്ടുള്ള മരുന്ന് മാഷിന് ലഭിച്ചത് ആശുപത്രിയിലെ സന്ദര്‍ശകരിലൂടെയായിരുന്നു.
ഓരോ ദിവസവും പ്രമുഖരായ ആള്‍ക്കാര്‍ വരുമ്പോള്‍ മാഷ് വാതോരാതെ സംസാരിക്കും. അവര്‍ പോയിക്കഴിയുമ്പോള്‍ തന്റെ സംസാരത്തെക്കുറിച്ച് മാഷ് തന്നെ ആശുപത്രിയിലെ ഉറ്റവരോട് പറഞ്ഞ് അഭിമാനം കൊള്ളും.


ഇന്ന് മുഖ്യമന്ത്രിവരും. നാളെ എ.കെ. വരും. അവരൊക്കെ വലിയ ആളുകളല്ലേ. വെള്ളാപ്പള്ളി വരുന്നുണ്ട്. പപ്പനും. ഇങ്ങനെ കാണാന്‍ വരുന്നവരെക്കുറിച്ച് നേരത്തെ വിവരം ലഭിക്കുമ്പോള്‍ മാഷിന് ലഭിച്ചിരുന്ന സന്തോഷമായിരുന്നു ഏറ്റവും വലിയ മരുന്ന്.
രോഗം ശ്വാസകോശത്തെ ബാധിച്ച സമയത്ത് മാഷ് പറഞ്ഞു. "എനിക്കറിയാം, ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമെന്ന്. പക്ഷേ ഇവിടെയുള്ളവരും എന്നെ കാണാന്‍ വരുന്നവരെയും കാണുമ്പോള്‍ എനിക്കതാണ് വലിയ സന്തോഷം."
ഒടുവില്‍ അവസാനനാളുകളില്‍ സന്ദര്‍ശകര്‍ക്ക് ആശുപത്രിയില്‍ നിയന്ത്രണം വന്നു. മാഷുടെ പ്രധാന ഔഷധമാണ് അതോടെ നിലച്ചത്. ആരോടും സംസാരിക്കാന്‍ കഴിയാതെയുള്ള ആ കിടപ്പ് തളര്‍ത്തി. ഇനി എത്രനാളാ. അസുഖം മാറുന്നില്ലല്ലോ. എനിക്ക് വീട്ടില്‍പോകണം. മാഷിന്റെ നിര്‍ബന്ധത്തിനുമുന്നില്‍ ആര്‍ക്കും ഒന്നും പറയാന്‍ കഴിഞ്ഞില്ല. പലതും പറഞ്ഞ് ദിവസങ്ങള്‍ നീട്ടി. രോഗം തലച്ചോറിലേക്ക് കടന്നപ്പോള്‍ ഓര്‍മ്മശക്തി നിലച്ചു. കണ്ണുകള്‍ കാണാതായി. വിളിച്ചാല്‍ ഒന്നു കണ്ണു തുറന്നു നോക്കും. അത്ര മാത്രം. ഒടുവില്‍ പ്രസംഗഗോപുരം വാക്കുകള്‍ നിശബ്ദമാക്കി ചരിത്രത്തിലേക്ക് അടര്‍ന്നുവീണു.

No comments:

Post a Comment