Tuesday, January 24, 2012

സംസ്കാരം പയ്യാമ്പലത്ത്


തിരു: ഡോ. സുകുമാര്‍ അഴീക്കോടിന്റെ സംസ്കാരം കണ്ണൂര്‍ പയ്യാമ്പലത്ത് നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്ണൂരിലെ അഴീക്കോടാണ് ജനിച്ചതെങ്കിലും സാംസ്കാരിക നഗരിയുടെ ദത്തുപുത്രനായി അറിയപ്പെടുന്ന അഴീക്കോടിന്റെ സംസ്കാരം തൃശൂരില്‍ നടത്തണമെന്ന് തൃശൂരിലെ സാഹിത്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് സംസ്കാരം നടത്തണമെന്നാണ് ബന്ധുക്കളും പറഞ്ഞു. ബന്ധുക്കള്‍ ഈ ആവശ്യം ജില്ലാകലക്ടര്‍ക്ക് രേഖാമൂലം എഴുതി നല്‍കുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രി ഇരു കൂട്ടരുമായും ചര്‍ച്ച നടത്തിയാണ് തീരുമാനമെടുത്തത്.
സംസ്കാരം സംബന്ധിച്ച് ഒരു വിവാദവും ഉണ്ടാകില്ലെന്ന് തൃശൂരിലെ ജനപ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരും ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. തൃശൂരിലെ ജനങ്ങളുടെ വികാരം സര്‍ക്കാര്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അഴീക്കോടിന് ഉചിതമായ സ്മാരകം തൃശൂരില്‍ നിര്‍മ്മിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
സുകുമാര്‍ അഴീക്കോടിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തൃശൂരിലെ സാഹിത്യ അക്കാദമി ഹാളില്‍ നിന്ന് ആരംഭിച്ചു. മന്ത്രി കെ സി ജോസഫ് വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. വൈകീട്ട് നാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്. ഉച്ചയ്ക്ക് 2ന് കോഴിക്കോട്ടേയ്ക്ക് മൃതദേഹം കൊണ്ടുപോകുമെന്ന് പറഞ്ഞിരുന്നെങ്കിലും അഴീക്കോടിനെ അവസാനമായി കാണാനെത്തിയ ജനപ്രവാഹം മൂലം നേരത്തെ നിശ്ചയിച്ചതിലും രണ്ടുമണിക്കൂര്‍ വൈകിയാണ് യാത്ര തുടങ്ങിയത്. സാംസ്കാരിക നഗരി അഴീക്കോടിനെ എത്രമാത്രം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവായിരുന്നു സാഹിത്യ അക്കാദമി ഹാളിലേക്ക് ഒഴുകിയെത്തിയ ജനങ്ങള്‍ . വിലാപയാത്ര വൈകീട്ട് കോഴിക്കോടെത്തും. കോഴിക്കോട് ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചശേഷം രാത്രിയോടെ വിലാപയാത്ര കണ്ണൂരിലേക്ക് നീങ്ങും.

No comments:

Post a Comment