Tuesday, January 24, 2012

തൃശൂരിന്റെ തലയെടുപ്പ് താണു

വടക്കുന്നാഥന്‍ വാണരുളുന്ന മണ്ണിലേക്ക് വടക്കുനിന്നെത്തി വാസമുറപ്പിച്ച ആ സ്നേഹധനന്‍ തൃശൂരിന് ഇനി കണ്ണീരിലെഴുതിയ ഓര്‍മ്മ മാത്രം. സാംസ്കാരിക തലസ്ഥാനത്തിന് പ്രൌഢശോഭ പരത്തിയ സൂര്യന്‍ അസ്തമിച്ചു. ജീവന്‍ തുടിച്ച പകലുകള്‍ക്കും സ്നേഹം പകര്‍ന്ന സായന്തനങ്ങള്‍ക്കും വിട.
കര്‍മ്മം കൊണ്ട് തൃശൂരുകാരനാവുക. അങ്ങനെ ഒട്ടേറെ പ്രമുഖരുണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ മുതല്‍ക്കുളള ആ നിരയില്‍ ഒരു പന്തവുമേന്തി സുകുമാര്‍ അഴീക്കോട് മുന്നിലുണ്ടായിരുന്നു. രണ്ടര ദശാബ്ദത്തിന്റെ തൃശൂര്‍ പാരമ്പര്യം.
1956 ല്‍ പൂങ്കുന്നം ആശ്രമത്തിലായിരുന്നു തൃശൂരിന്റെ മണ്ണില്‍ അഴീക്കോടിന്റെ ശബ്ദം മുഴങ്ങിയത്. സാഹിത്യ അക്കാഡമിയുമായുളള ബന്ധമാണ് പിന്നീട് തൃശൂരുമായി അടുപ്പിച്ചത്. 1958 മുതല്‍ അക്കാഡമിയുടെ സാമാന്യ അംഗവും 1971 മുതല്‍ 84 വരെ നിര്‍വ്വാഹകസമിതി അംഗവുമായി.


പൊന്‍കുന്നം വര്‍ക്കിയും കേശവദേവും ഉറൂബും തകഴിയും വൈക്കം മുഹമ്മദ് ബഷീറുമെല്ലാം നിറഞ്ഞ മലയാള സാഹിത്യത്തിന്റെ പരമോന്നതപീഠമായിരുന്നു അന്ന് അക്കാഡമി. ആ പ്രതിഭകളോടൊത്തുളള അക്കാഡമി ദിനങ്ങളും സായന്തനങ്ങളും സംഗമങ്ങളും ജീവിതത്തിലെ രജതപ്രഭകളായി എന്നും നില്‍ക്കുന്നുവെന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്.
തൃശൂരിലെ എക്സ്പ്രസ് പത്രത്തിന്റെ പത്രാധിപര്‍ വി.കരുണാകരന്‍ നമ്പ്യാരാണ് അഴീക്കോടിനോട് തൃശൂരില്‍ താമസമാക്കാന്‍ ഉപദേശിച്ചത്. 1984 ല്‍ വിയ്യൂരില്‍ സ്ഥലം വാങ്ങി. തകഴിയായിരുന്നു രജിസ്ട്രേഷന്റെ സാക്ഷി. 1986 ല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പിരിഞ്ഞ് തൃശൂരിന്റെ മണ്ണില്‍ കാലൂന്നി. കോഴിക്കോട്ടേക്ക് മടങ്ങാനുള്ള നിര്‍ബന്ധങ്ങള്‍ സ്നേഹപൂര്‍വം തിരസ്കരിച്ചു.


വിയ്യൂരില്‍ ഇരുപതു വര്‍ഷത്തെ ജീവിതത്തിനു ശേഷം എരവിമംഗലം എന്ന ഉള്‍നാടന്‍ ഗ്രാമത്തിലേക്ക് അഴീക്കോട് ചേക്കേറി. കനാലും കാടും കൃഷിയുമെല്ലാമുളള എരവിമംഗലം അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. എരവിമംഗലത്തുകാര്‍ അദ്ദേഹത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. വീടിനു മുന്നിലെ റോഡിന് സുകുമാര്‍ അഴീക്കോട് റോഡ് എന്ന് പേരുമിട്ടു.
എരവിമംഗലത്തെ മനോഹരമായ ഇരുനിലവീട്ടിലെ സ്വീകരണമുറിയില്‍ ലോകമെങ്ങുമുളള മലയാള സംഘടനകളുടെ സാന്നിദ്ധ്യമുണ്ട്.
എഴുത്തച്ഛന്‍ പുരസ്കാരവും വളളത്തോള്‍ പുരസ്കാരവും സാഹിത്യ അക്കാഡമി വിശിഷ്ടാംഗത്വവും 'തത്ത്വമസി'ക്ക് ലഭിച്ച കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡും വയലാര്‍ അവാര്‍ഡും സാഹിത്യ അക്കാഡമി അവാര്‍ഡുമെല്ലാം സ്വീകരണമുറിയില്‍ പ്രഭപരത്തുന്നു.
എം.പി. പോള്‍, മുണ്ടശ്ശേരി, പ്രൊഫ.പി. ശങ്കരന്‍നമ്പ്യാര്‍, പുത്തേഴത്ത് രാമന്‍മേനോന്‍, വൈലോപ്പിളളി, കെ.പി. നാരായണപിഷാരടി, ആര്‍. എം. മനയ്ക്കലാത്ത്, സി. അച്യുതമേനോന്‍ തുടങ്ങിയ മഹാരഥന്മാര്‍ ജീവിച്ച മണ്ണിനെ അഴീക്കോട് നെഞ്ചോടു ചേര്‍ത്തു.

No comments:

Post a Comment