Wednesday, January 25, 2012

ചിത്രങ്ങളുടെ ഓര്‍മയില്‍

സക്കീര്‍ ഹുസൈന്‍
ആ മുഖം കാണാന്‍ ഞാനില്ല. കണ്ടിരിക്കാന്‍ ആവില്ല. ഇന്നുതന്നെ ഭക്ഷണം കഴിച്ചിട്ടില്ല. മുഖംകൂടി കണ്ടാല്‍ എന്‍റെ ഉറക്കവും നഷ്ടപ്പെടും- തിരുവണ്ണൂരിലെ വീട്ടില്‍ ഫോട്ടൊഗ്രഫര്‍ പുനലൂര്‍ രാജന്‍ നിസഹായതയുടെ ഫ്രെയിമിനുള്ളിലാണ് ഇപ്പോഴും. മലയാളി മനഃസാക്ഷിയില്‍ പൊതുവിമര്‍ശനത്തിന്‍റെ ചാട്ടവാറഴിച്ചിട്ട വാഗ്ഗുരുവിനു സമര്‍പ്പിക്കാന്‍ രാജന്‍റെ കൈയില്‍ ഇപ്പോഴുള്ളത് ജീവസ്സുറ്റ കുറെ ചിത്രങ്ങള്‍ മാത്രം. കാലം ഒപ്പിയെടുത്ത ഫ്രെയിമുകളില്‍ നിറയുന്നത് അഴീക്കോട് മാഷും അദ്ദേഹത്തിന്‍റെ ജീവിതത്തിലെ സ്മര്യനിമിഷങ്ങളും.

“”അവരൊക്കെ വലിയ ആള്‍ക്കാരായിരുന്നു. അന്നൊക്കെ ഒരു ഫോട്ടൊയെടുക്കാന്‍ കഴിഞ്ഞാല്‍ അതുതന്നെ ഭാഗ്യം. ഒരു പ്രശംസ ലഭിച്ചാല്‍ ബഹുസന്തോഷം. അതുമതിയായിരുന്നു അംഗീകാരമായി ‘’- രാജന്‍റെ ഓര്‍മകളുടെ ലെന്‍സില്‍ മാഷോടുള്ള ആദരവിന്‍റെയും അടുപ്പത്തിന്‍റെയും ബിംബങ്ങള്‍. പതുക്കെ വളര്‍ന്നൊരു സൗഹൃദം ഇഴപിരിയാന്‍ പറ്റാത്തതായി. ബഷീറിന്‍റെയും എന്‍.പി. മുഹമ്മദിന്‍റെയും വീട്ടിലായിരുന്നു അഴീക്കോട് സാര്‍ പലപ്പോഴും. അവിടെനിന്നു ഭക്ഷണം കഴിച്ച്, അവര്‍ക്കൊപ്പം കഴിഞ്ഞു കൂടൂം. അദ്ദേഹത്തിന് ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ഭക്ഷണം നല്‍കിയത് എന്‍.പി. മുഹമ്മദിന്‍റെ വീട്ടുകാര്‍ ആയിരിക്കണം- ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മകള്‍ പരതിയെടുക്കുന്നു മെഡിക്കല്‍ കോളെജില്‍നിന്നു വിരമിച്ച മുന്‍കാല ഫ്രീലാന്‍സ് ഫോട്ടൊഗ്രഫര്‍ രാജന്‍.

മാഷെ കടലിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തി എടുത്തതാണ് ഏറ്റവും മികച്ച ചിത്രമായി ഞാന്‍ കരുതുന്നത്. സാഗരഗര്‍ജനം എന്നായിരുന്നല്ലോ അഴീക്കോട് മാഷെ വിളിച്ചിരുന്നതു തന്നെ. ബഷീറായിരുന്നു ആ പേരിട്ടത്. സര്‍വകലാശാലയില്‍ ചേര്‍ന്ന കാലത്ത് മാഷിന് സ്റ്റാന്‍ഡേര്‍ഡ് ഹെറാള്‍ഡ് കമ്പനിയുടെ ഒരു കാറുണ്ടായിരുന്നു. കെഎല്‍എം 1047 നമ്പര്‍. അതു നന്നാക്കാനാണ് രാമനാട്ടുകരയില്‍ അയ്യപ്പന്‍ വര്‍ക്ഷോപ്പ് തുടങ്ങിയതു പോലും. ഇപ്പോഴതു വലിയ വര്‍ക്ഷോപ്പ് ആയി.
അഴീക്കോട് വലിയ നിലയിലൊക്കെ ആയപ്പോള്‍ പഴയ ഹെറാള്‍ഡ് കാര്‍ ഒഴിവാക്കി. ചാത്തനോത്ത് അച്യുതനുണ്ണിയാണു കാര്‍ വാങ്ങിയത്. അതു വീണ്ടും കൈമാറിക്കാണണം. ഒരു ദിവസം ഞാനും ബഷീ റും ട്രെയ്നിറങ്ങി റോഡിലേക്കു വന്നപ്പോള്‍ കാര്‍ റോഡിലുണ്ട്, “”നാളെയാണ്, നാളെയാണ്... ‘’ എന്ന അനൗണ്‍സുമെന്‍റുമായി.
ഉടന്‍ ബഷീറിന്‍റെ കമന്‍റ്: “”ഇത് അവനെപ്പോലെത്തന്നെയാ. എല്ലാം നാളെയാണ്, നാളെയാണ്....’’
ബഷീറിന്‍റെതും അഴീക്കോടിന്‍റെതുമൊക്കെയായി ഒരുപാടു ചിത്രങ്ങളെടുത്തു. ഫിലിം റോള്‍ ഇട്ടാണ് എടുത്തവയെല്ലാം. അവയെല്ലാം സ്വന്തം നിലയില്‍ത്തന്നെ കഴുകിയെടുത്തു സൂക്ഷിച്ചു. ബഷീറിന്‍റെ കുറെ ചിത്രങ്ങള്‍ സൂക്ഷിക്കാനെന്നു പറഞ്ഞ് മുന്‍മന്ത്രി എം.എ. ബേബി കൊണ്ടുപോയിരുന്നു. അതെപ്പറ്റി ഇപ്പോള്‍ വിവരമൊന്നുമില്ല. അഴീക്കോടിന്‍റെ ചിത്രങ്ങള്‍ക്കും ഇതുതന്നെയായിരിക്കുമോ സ്ഥി തിയെന്നറിയില്ല- സങ്കടവും നിസഹയാതയും നിഴലിക്കുന്നു പുനലൂര്‍ രാജന്‍റെ വാക്കുകളില്‍. ഫോട്ടൊകള്‍ സംരക്ഷിക്കപ്പെടണമെന്നും ഇരുവര്‍ക്കും നല്ല നിലയില്‍ സ്മാരകങ്ങള്‍ ഉയരണമെന്നും ആഗ്രഹമുണ്ട് പുനലൂര്‍ രാജന്. അതു യാഥാര്‍ഥ്യമായിക്കാണാന്‍ കഴിയുമോ എന്നു ചോദിക്കുന്നു വീട്ടിലിപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന ഈ പഴയകാല ഫോട്ടൊഗ്രഫര്‍.

No comments:

Post a Comment