Tuesday, January 24, 2012

സല്‍ക്കാരത്തിന്റെ കയ്‌പും മധുരവും- എം.എന്‍. കാരശ്ശേരി

ആ വാര്‍ത്ത കണ്ട് ഞങ്ങളുടെ സഹപാഠി കെ.ഐ. അബ്ദുല്ല മാഷ് പറഞ്ഞു: 'എടോ, ഈ വകയില്‍ നമുക്കൊരു സല്‍ക്കാരം നടത്തണം.'
1972-'73 കാലം. ഞങ്ങളൊക്കെ അന്ന് തേഞ്ഞിപ്പലത്ത് മലയാളം എം.എ.ക്ക് പഠിക്കുകയാണ്. അഴീക്കോട് മാഷാണ് വകുപ്പധ്യക്ഷന്‍. അബ്ദുല്ലമാഷ് സഹപാഠിയാണെങ്കിലും ഞങ്ങളേക്കാള്‍ പത്തുവയസ്സിന് മൂത്തതാണ്. ബി.എഡിന് മൂത്തകുന്നത്ത് അഴീക്കോട് മാസ്റ്ററുടെ വിദ്യാര്‍ഥിയായിരുന്നു. പിന്നെ ഹൈസ്‌കൂള്‍ അധ്യാപകനായി. ഇപ്പോള്‍ ലീവെടുത്ത് എം.എ.ക്ക് ചേര്‍ന്നിരിക്കുകയാണ്. കാര്യം: അഴീക്കോടിന്റെ ക്ലാസ് കേട്ട് പൂതി തീര്‍ന്നില്ല!

അബ്ദുല്ല ഞങ്ങള്‍ക്ക് ഗുരുനാഥനെപ്പോലെയാണ്-പ്രായം കൊണ്ടും സമ്പ്രദായംകൊണ്ടും. അദ്ദേഹമാണ് ആ വാര്‍ത്ത കാണിച്ചുതന്നത്-ഞങ്ങളുടെ പ്രൊഫസറായ അഴീക്കോട് മാഷെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമാക്കിയിരിക്കുന്നു! അതു വലിയ സംഭവമാണെന്നും ആ വകയില്‍ സല്‍ക്കാരം നടത്തണമെന്നുമാണ് അബ്ദുല്ലയുടെ അഭിപ്രായം.

അദ്ദേഹം പറഞ്ഞാല്‍പ്പിന്നെ ഒന്നിനും അപ്പീലില്ല. വലിയ സംഭവമാണെന്ന് മൂപ്പര് പറഞ്ഞാല്‍ വലിയ സംഭവമായിരിക്കും! റെഡി...
പ്രശ്‌നമതല്ല. ഏതുസമയത്തും പൊട്ടിത്തെറിക്കാവുന്ന ഒരു ബോംബാണ് പ്രൊഫസര്‍. 'ക്ഷുഭിതന്‍' എന്ന് ഉറൂബ് വിളിക്കുന്ന ആള്‍. സ്വീകരണമെന്നോ സല്‍ക്കാരമെന്നോ ഒക്കെപ്പറഞ്ഞ് അങ്ങോട്ടുചെന്നാല്‍ എന്താണ് സംഭവിക്കുക എന്ന് പടച്ചതമ്പുരാന് മാത്രമേ അറിയൂ. ചിലപ്പോള്‍ ആട്ടിവിടും - 'താനൊക്കെ എന്നെ സുഖിപ്പിക്കാന്‍ വരുന്നോ?' എന്നു ചോദിക്കാന്‍ മടിക്കാത്ത ജനുസ്സാണ്. 'എന്നെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്' എന്ന് സുഗ്രീവാജ്ഞ പുറപ്പെട്ടേക്കും. ആ വകയില്‍ ഉള്ള ലോഹ്യംകൂടി പോവും എന്നായിരുന്നു എന്റെ പേടി.
ആരതു പറയും? ആരതിന് ധൈര്യപ്പെടും? പൂച്ചയ്ക്ക് ആരാണ് മണി കെട്ടുക?

ഒടുക്കം അബ്ദുല്ല മാഷ് എന്നെയും കൂട്ടി ചാത്തനാത്ത് അച്യുതനുണ്ണി സാറിനെ കണ്ട് പറഞ്ഞു - 'ഇതിനൊന്ന് സമ്മതം വാങ്ങിത്തരണം, ഞങ്ങളുടെ ഒരാഗ്രഹമാണ്.'

പാതിമനസ്സോടെയാണ് ഉണ്ണിസാര്‍ ഏറ്റത്? 'നോക്കട്ടെ, നല്ല സമയം നോക്കി ഞാന്‍ പറയാം. സമ്മതം കിട്ടും എന്നുറപ്പില്ല, കെട്ടോ.'
ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ആ സമ്മതം കിട്ടി- നിബന്ധനകള്‍: ആരും പ്രസംഗിക്കരുത്. ചായകുടി മാത്രം. പിന്നെ മലയാളത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും മതി. മറ്റാരെയും വിളിക്കരുത്.

മതി. ഞങ്ങള്‍ക്കതു മതി. ഉടനെ ഞാനും ദയാനന്ദനും ശങ്കരനും ഐവാനും ഗോപിയുമെല്ലാം ഉഷാറായി. സീനിയര്‍ ക്ലാസിലെ ലോഹിതാക്ഷനും സുഗുണനും ശേഖരനും ശാന്തയുമെല്ലാം ഉത്സാഹക്കമ്മിറ്റിയില്‍ അണിചേര്‍ന്നു. പിറ്റേന്ന് പരിപാടിയാണ്.
ഞാനും ദയാനന്ദനുംകൂടി കോഴിക്കോട്ടുപോയി പലഹാരങ്ങളും മറ്റും വാങ്ങിവന്നു. അന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് സല്‍ക്കാരം. ഞങ്ങള്‍ ഒരു മുറിയില്‍ എല്ലാവര്‍ക്കും മേശയും കസേരയും പിടിച്ചിട്ടു. ഓഫീസില്‍വെച്ച് പലഹാരപ്പൊതികള്‍ തയ്യാറാക്കുന്നതിനിടയില്‍ തൂപ്പുകാരി ദേവകിയമ്മ എന്നോട് പറഞ്ഞു:

'മോനെ, ഇന്റത് ഇനിക്ക് ഇബടെത്തന്നാ മതി, കെട്ടോ.'

'അതെന്താ ദേവകിയമ്മേ?'

'മോനെ, ഇന്ക്ക് സേറിന്റെ നുമ്പില് ഇര്ന്നാല് ഇര്‌പ്പൊറക്കൂല. ആട്ന്ന് ചായൊന്നും കുടിച്ചാ എറങ്ങൂല.'

അവരെ കഷ്ടപ്പെടുത്തേണ്ട എന്നുവെച്ച് ഞാന്‍ പറഞ്ഞു:

'ശരി, നിങ്ങള്‍ക്ക് ഇവിടെ തരാം.'

അപ്പോള്‍ പ്യൂണ്‍ ബാലകൃഷ്ണന്‍ അതുതന്നെ പറഞ്ഞു. ടൈപ്പിസ്റ്റുമാരായ കമലവും ഉണ്ണികൃഷ്ണനും അതാവര്‍ത്തിച്ചു. പ്രൊഫസറുടെ സഹായി വേലായുധനും അതേ അഭിപ്രായമാണ്.

ഞാന്അബ്ദുല്ല മാഷോടും ദയാനന്ദനോടും കൂടിയാലോചിച്ച് അനധ്യാപക ജീവനക്കാര്‍ക്ക് ആപ്പീസില്‍ ചായ കൊടുക്കാനേര്‍പ്പാടാക്കിയിട്ട് മറ്റു കാര്യങ്ങളിലേക്ക് തിരിഞ്ഞു.

കൃത്യം മൂന്നു മണിക്ക് പ്രൊഫസറെ ചെന്നുവിളിച്ചത് ഉണ്ണിസാറും അബ്ദുല്ലയും ചേര്‍ന്നാണ്. ഒരിളംചിരിയോടെ വന്ന് ഇരുന്നു. ഓരോരുത്തരെയും കളിയാക്കുംപോലെ സൂക്ഷിച്ചുനോക്കി.

പെട്ടെന്ന്: 'ദേവകിയമ്മയെവിടെ?'

ഇടിവെട്ടും പോലെയാണ്.

പിന്നെ തുരുതുരാ ചോദ്യമാണ്: 'കമലം എവിടെ? എവിടെ ബാലകൃഷ്ണന്‍?' എന്റെ നേരെ 'ജ്വലിച്ച കണ്‍കൊണ്ടൊരു നോക്ക് നോക്കി.'
എന്റെ വായില്‍ വെള്ളം വറ്റി.

'ഓല്... ആടെ...'

പിന്നെ കേട്ടത് ഒരു ഗര്‍ജനമാണ്: 'ഓലോ... ഓലോ...'

അദ്ദേഹം കൊടുങ്കാറ്റുപോലെ പുറത്തേക്ക് പോയി! എല്ലാവരും സ്തബ്ധരായി ഇരുന്നു. എന്തുചെയ്യണമെന്ന് ആര്‍ക്കും ഒരു രൂപവുമില്ല. ഞാനാണ് കുറ്റവാളി. ആപ്പീസ് ജീവനക്കാരെ മാറ്റിയിരുത്തിയത് ഞാനാണ്.

എന്തും വരട്ടെ എന്നു വിചാരിച്ച് ഞാന്‍ ആപ്പീസിലേക്ക് ചെന്നു. അവരെല്ലാം മരിച്ച മുഖവുമായി ഇരിപ്പാണ്. ആ ഗര്‍ജനം അവരും കേട്ടിരിക്കുന്നു. അവര്‍ക്കറിയാം, എന്താണുണ്ടായതെന്ന്...

ഞാന്‍ അവരെ വിളിച്ചു. അവര്‍ വന്ന് ഞങ്ങളുടെ കൂടെ ഇരുന്നു.
ഉണ്ണിസാറ് ചെന്ന് വീണ്ടും അഴീക്കോട് മാഷെ വിളിച്ചു. യാതൊന്നും സംഭവിച്ചിട്ടില്ലാത്തമാതിരി പഴയ ഇളംചിരിയുമായി അദ്ദേഹം
വന്നിരുന്നു. ദേവകിയമ്മയും മറ്റും ആ കൂട്ടത്തിലിരിപ്പുണ്ട് എന്ന് ഉറപ്പാക്കി അണ്ടിപ്പരിപ്പ് കൊറിക്കാന്‍ തുടങ്ങി.

അതു കഴിഞ്ഞ് ചെറിയ സദസ്സിനു മുമ്പില്‍ പ്രൊഫസര്‍ എഴുന്നേറ്റുനിന്നു. പിന്നെ സ്വരം താഴ്ത്തി ആരംഭിച്ചു:
'നമ്മള്‍ എന്നു പറഞ്ഞാല്‍ പഠിപ്പില്ലാത്തവരും പഠിപ്പുള്ളവരും ചേര്‍ന്നതാണ്; പണക്കാരും പാവപ്പെട്ടവരും ചേര്‍ന്നതാണ്; വൃദ്ധന്മാരും യുവാക്കളും ചേര്‍ന്നതാണ്; പുരുഷന്മാരും സ്ത്രീകളും ചേര്‍ന്നതാണ്; അധ്യാപകരും അനധ്യാപകരും ചേര്‍ന്നതാണ്. നമ്മുടെ ഓഫീസ് ജീവനക്കാരെ സ്വന്തക്കാരായി, ഒപ്പം ഇരുത്തേണ്ടവരായി തിരിച്ചറിയാത്ത നിങ്ങള്‍ സാഹിത്യം പഠിച്ചിട്ട് എന്തു പുണ്യം കിട്ടാനാണ്? തോണിക്കാരന്‍ ഗുഹന്‍ ശ്രീരാമന്റെ സുഹൃത്താണ് എന്നു പറയാനാണ് രാമായണം എഴുതിയത്. പക്ഷികളും വാനരന്മാരും രാമന്റെ സുഹൃത്തുക്കളാണ്. അതു മറക്കരുത്. പഠിപ്പിനേക്കാളും പാസ്സിനേക്കാളുമൊക്കെ വലുതാണത്. സമത്വത്തിന്റെ ആ പാഠമാണ് രാഷ്ട്രീയം. ആ പാഠമാണ് സംസ്‌കാരം. ഈ ചായസല്‍ക്കാരത്തിന് വല്ല മൂല്യവുമുണ്ടെങ്കില്‍ അത് ഈ പാഠത്തിന്റേതാണ്. ഈ പാഠം നിങ്ങള്‍ പഠിക്കുന്നതോടെയാണ് ഈ ചെറിയ സല്‍ക്കാരം ഒരു പാഠപുസ്തകമാവുന്നത്. മനുഷ്യര്‍ക്കിടയില്‍ വലിപ്പച്ചെറുപ്പം കല്പിക്കരുത്. ഇനി ആരെയെങ്കിലും കൂടുതല്‍ ശ്രദ്ധിക്കുന്നെങ്കില്‍ അത് നിങ്ങളേക്കാള്‍ പണവും പഠിപ്പും അധികാരവും കുറഞ്ഞവനെ വേണം...'

അതങ്ങനെ നീണ്ടുനീണ്ടുപോയി. ഗാന്ധിജിയുടെ ഒരു വചനത്തിലാണ് അത് അവസാനിച്ചത്. ആ വചനം ഇങ്ങനെയാണ്: 'എന്തു ചെയ്യുമ്പോഴും നിങ്ങള്‍ ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും ദരിദ്രനായ മനുഷ്യന്റെ മുഖം ഓര്‍മിക്കുക. എന്നിട്ട് നിങ്ങള്‍ ചെയ്യാന്‍ പോകുന്നത് അയാള്‍ക്ക് ഗുണകരമാണ് എന്നുറപ്പുണ്ടെങ്കില്‍ മാത്രം അതു ചെയ്യുക.'

ആ ലഘുഭാഷണം അവസാനിച്ചപ്പോള്‍ കുറച്ചു നേരത്തേക്ക് വാക്കുകൊണ്ട് വിശദമാക്കാന്‍ കഴിയാത്ത തരത്തില്‍ കട്ടികൂടിയ ഒരു മൗനം അവിടെ തങ്ങിനിന്നു എന്ന് ഇന്ന് ഞാന്‍ ഓര്‍മിക്കുന്നു. പ്രൊഫസര്‍ എഴുന്നേറ്റു പൊയ്ക്കഴിഞ്ഞു എന്ന തിരിച്ചറിവിലേക്ക് ഉണരാന്‍ ഞങ്ങളെല്ലാം അല്പം വൈകി...

കഴിഞ്ഞ നാല്പതു കൊല്ലത്തിനിടയില്‍ പ്രൊഫസറുടെ അനേകം പ്രസംഗങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. അതില്‍ ഏറ്റവും ഉജ്ജ്വലമായത് ഏതാണ് എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും, അന്ന് ആ ചായസല്‍ക്കാരത്തിന്റെ ഭാഗമായി ചെറിയൊരു ക്ലാസ് മുറിയില്‍ അദ്ദേഹം നടത്തിയ ആ ചെറിയ ഭാഷണമാണ് എന്ന്. അതിന്റെ സമാപനസൂക്തമായിക്കേട്ട വചനംപോലെ രക്തത്തിലേക്ക് ഇരച്ചുകയറുന്ന വല്ലതും മനുഷ്യന്റെ ഭാഷകൊണ്ട് സൃഷ്ടിക്കാന്‍ സാധിക്കുമോ.

No comments:

Post a Comment