Tuesday, January 24, 2012

എഴുത്തിലൂടെ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച അഴിക്കോട്

പ്രഭാഷണങ്ങളിലൂടെ മാത്രമല്ല, പണ്ഡിതോചിതമായ എഴുത്തിലൂടെയും അഴിക്കോട് പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു. സുകുമാര്‍ അഴീക്കോടിന്റെ നീണ്ട അറുപത്തേഴു വര്‍ഷത്തെ എഴുത്തുജീവിതം മലയാളത്തിനു സമ്മാനിച്ചത്, പ്രൌഢമായ ഒട്ടേറെ ചിന്താസമാഹാരങ്ങളാണ്.
വാക്കായിരുന്നു ആയുധം. അറിവായിരുന്നു മൂര്‍ച്ച. യുക്തിയും ചിന്തയും അലകും പിടിയും. എതിര്‍ക്കേണ്ടവനു കരുത്തേറും തോറും കാരിരുമ്പോളം കടുത്തു നിലപാടുകള്‍. ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ അഴീക്കോട് എഴുതിയ ആശാന്റെ സീതാകാവ്യവും മുപ്പത്തിയേഴാമത്തെ വയസ്സില്‍ എഴുതിയ 'ശങ്കരക്കുറുപ്പു വിമര്‍ക്കപ്പെടുന്നു എന്ന കൃതിയും മലയാള സാഹിത്യത്തില്‍ പതിറ്റാണ്ടുകളോളം ഭൂകമ്പങ്ങളുണ്ടാക്കി. അതുവരെ ഒരു എഴുത്തുകാരനേയും ഇത്ര ആഴത്തിലുള്ള പഠനത്തിലൂടെ നിരൂപകര്‍ വിമര്‍ശിച്ചിട്ടില്ലായിരുന്നു. വിമര്‍ശിക്കുമ്പോള്‍ തന്റെ വാദഗതികള്‍ ശക്തമായി അവതരിപ്പിക്കുകയും എതിരാളിയെ നിലം പരിശാക്കുകയും ചെയ്യുക എന്നതായിരുന്നു അഴീക്കോടന്‍ ശൈലി. അതേസമയം ഇവരുമായി നല്ല വ്യക്തിബന്ധം സൂക്ഷിക്കാനും അഴീക്കോട് ശ്രമിച്ചു. ജി.ശങ്കരക്കുറുപ്പുമായി പുലര്‍ത്തിയ സൌഹൃദം വളരെ സന്തോഷത്തോടെയാണ് എന്നും അദ്ദേഹം ഒാര്‍ത്തിരുന്നത്.
ജിയുടെ സാഗരഗീതം അടക്കമുള്ള പല കവിതകളും അനുകരണമാണെന്ന് 'ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന കൃതിയില്‍ അഴീക്കോട് വാദിക്കുന്നു. കുമാരനാശാന്‍െറ ചിന്താവിഷ്ടയായ സീതയുടെ സാഹിത്യഗുണം എടുത്തുകാട്ടുന്ന കൃതിയാണ് ആശാന്‍െറ സീതാകാവ്യം. 'മലയാള സാഹിത്യവിമര്‍ശനം' മലയാളത്തിലെ സാഹിത്യവിമര്‍ശനത്തിന്‍െറ ചരിത്രമാണ്.
1984 ല്‍ പ്രസിദ്ധീകരിച്ച തത്വമസിയാണ് അഴീക്കോടിന്റെ ഏറ്റവും വിഖ്യാതമായ കൃതി. ഭാരതീയ തത്വചിന്തയായിരുന്നു പ്രതിപാദ്യം. ഉപനിഷത്തുകളെ മലയാളിക്ക് ലളിതമായി പരിചയപ്പെടുത്തിയ കൃതിയായിരുന്നു അത്. 'തത്വമസി' 1985ല്‍ കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകളടക്കം 12 ബഹുമതികള്‍ക്ക് അര്‍ഹമായി. വയലാര്‍ അവാര്‍ഡ് , രാജാജി അവാര്‍ഡ്, സുവര്‍ണ കൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് തുടങ്ങിയവ അക്കൂട്ടത്തില്‍ പെടുന്നു.
'രമണനും മലയാളകവിതയും, പുരോഗമനസാഹിത്യവും മറ്റും, മഹാത്മാവിന്‍െറ മാര്‍ഗ്ഗം, ഖണ്ഡനവും മണ്ഡനവും, മലയാള സാഹിത്യപഠനങ്ങള്‍, വിശ്വസാഹിത്യപഠനങ്ങള്‍' , വായനയുടെ സ്വര്‍ഗത്തില്‍ എന്നിവയാണ് മറ്റു പ്രധാന കൃതികള്‍.
കേരള സാഹിത്യ അക്കാദമി 1991ല്‍ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2004ലെ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്കാരം നേടി. നവഭാരതവേദി എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ, വര്‍ത്തമാനം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. മാതൃഭൂമിയിലെ സാഹിതീസപര്യ, ഇന്ത്യാ ടുഡേയില്‍ നേര്‍ക്കാഴ്ച്ച, ഇന്ത്യന്‍ എക്സ്പ്രസിലെ ഇന്‍-പാസിങ്, മലയാള മനോരമയിലെ ശനിവിശേഷം, ദേശാഭിമാനിയിലെ മറയില്ലാതെ എന്നീ കോളങ്ങള്‍ വളരെ പ്രസിദ്ധം.

No comments:

Post a Comment