Tuesday, January 24, 2012

സുകുമാര്‍ അഴീക്കോട് എന്ന രാഷ്ട്രീയക്കാരന്‍


ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും ആദ്ധ്യാത്മികവുമായ മഹനീയമായ അഭിലാഷങ്ങളെ അദ്വൈത വേദാന്തത്തിന്റെ വെളിച്ചത്തില്‍ നവീകരിച്ചുകൊണ്ട് മധുരമായ മലയാളത്തില്‍ പ്രഭാഷണങ്ങള്‍ നടത്തിയും എഴുതിയും ജനങ്ങളെ ഉദ്ബുദ്ധരാക്കിയിരുന്ന ഒരാള്‍ വടക്കേ മലബാറില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ സന്ദേശപ്രചരണം നടത്തിവന്നിരുന്നു. അത് വാഗ്ഭടനായിരുന്നു. അന്ന്, ഗാന്ധിജിയും സാഹിത്യവും സംസ്കൃതവുമൊക്കെ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പറഞ്ഞു കേള്‍ക്കാന്‍ ആള്‍ക്കൂട്ടം കാതോര്‍ത്തു നിന്നു.


വാഗ്ഭടനില്‍ നിന്നും കൈമാറിക്കിട്ടിയ ഈ സിദ്ധിവൈഭവമായിരുന്നു കണ്ണൂര്‍ ചിറക്കല്‍ അഴീക്കോട് സ്വദേശി സുകുമാരന്‍ എന്ന സുകുമാര്‍ അഴീക്കോടും അഴീക്കോടിന്റെ ജീവിതവും, അഴീക്കോടിന്റെ രാഷ്ട്രീയവും. രാഷ്ട്രത്തെ രാഷ്ട്രീയം പഠിപ്പിക്കാന്‍ പ്രയത്നിച്ചയാളായിരുന്നു അഴീക്കോട്. രാഷ്ട്രീയക്കാരനെ രാഷ്ട്രീയം കൊണ്ട് നേരിട്ടുകൊണ്ടേയിരുന്ന ആളുമായിരുന്നു സുകുമാര്‍ അഴീക്കോട്. ആ ജനുസ്സില്‍ ഇനി ഇങ്ങനെയൊരാളില്ലെന്നറിയുമ്പോഴാണ് അഴീക്കോടിന്റെ രാഷ്ട്രീയ വലുപ്പം എത്രയെന്ന് അറിയുക, മനസ്സിലാവുക.


വിദ്വാന്‍ പി.ദാമോദരന്റെ മകന്‍ സുകുമാരന്‍ ചെറുപ്പകാലത്ത് അസ്സല്‍ കക്ഷിരാഷ്ട്രീയക്കാരനായിരുന്നു! കോണ്‍ഗ്രസ് നേതാവായിരുന്ന പാമ്പന്‍ മാധവന്റെ ശിഷ്യന്‍. പാമ്പന്‍ മാത്രമല്ല, എം.ടി.കുമാരന്‍, സ്വാമി ബ്രഹ്മവ്രതന്‍, ടി.വി. അനന്തന്‍ എന്നിവരും ഇദ്ദേഹത്തിന് പൊതുജീവിതത്തിലെ ഗുരുനാഥന്മാരായിരുന്നു. അക്കാലത്തെ തന്റെ രാഷ്ട്രീയഗുരുവിനെക്കുറിച്ച് അദ്ദേഹം പറയാറുള്ളത് ഇങ്ങനെയാണ്:


പാമ്പന്റെ മുന്നില്‍ തല ഉയര്‍ത്തി സംസാരിക്കാന്‍ കഴിവുള്ള ഒരാളും അക്കാലത്തുണ്ടായിരുന്നില്ല. പുസ്തകം വായിക്കാത്തവര്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ മുഖ്യനേതാക്കളായി വന്നപ്പോള്‍ പാമ്പനു പോലും ആ കക്ഷി വിടേണ്ടതായി വന്നു!


തന്റെ മതവും സാഹിത്യവും രാഷ്ട്രീയവും ജീവിതം തന്നെയും മറ്റുള്ളവര്‍ക്കു വേണ്ടി പ്രയോജനപ്പെടുത്തുക എന്ന തീരുമാനവും തിരിച്ചറിവും അങ്ങനെയാണ് സുകുമാരനെ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയക്കാരനാക്കിയത്. അങ്ങനെയാണ് സുകുമാര്‍ അഴീക്കോട് കോണ്‍ഗ്രസ്സുകാരനാവുന്നത്. അന്ന് കോണ്‍ഗ്രസ്സാകാന്‍ വരിസംഖ്യ കൊടുക്കുന്നതിനേക്കാള്‍ പ്രധാനം ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുകയായിരുന്നു. കാവ്യാസ്വാദനം പോലും നൂല്‍നൂല്‍പ്പോളം അനുഭൂതിദായകമല്ലെന്നാണ് അദ്ദേഹം തന്റെ ചര്‍ക്കയിലെ നൂല്‍ നൂല്‍പ്പനുഭവങ്ങളെക്കുറിച്ച് പറയാറുള്ളത്.


പ്രസംഗവേദിയില്‍ തന്റെ നേതാക്കളെപോലെ രാഷ്ട്രീയത്തെ സാഹിത്യവും ആത്മീയതയുമായി കൂട്ടിയിണക്കി അവതരിപ്പിച്ചപ്പോള്‍ സുകുമാരന്‍ മലബാറിലെ അനിഷേധ്യനായ മുന്‍നിര കോണ്‍ഗ്രസ്സ് യുവപ്രഭാഷകനായി മാറി. ഇന്നത്തെപ്പോലെ പ്രതിയോഗിയെ തെറി വിളിക്കുകയും അപവാദം ഉയര്‍ത്തുകയും ചെയ്യുന്നതായിരുന്നില്ല അക്കാലത്തെ രാഷ്ട്രീയ പ്രസംഗം. ആദര്‍ശത്തിനും ലക്ഷ്യപ്രാപ്തിക്കും ആശയ സംഹിതകള്‍ക്കും ഊന്നല്‍ നല്‍കി സുകുമാരന്‍ അക്കാലങ്ങളില്‍ പ്രസംഗവേദികളില്‍ നിന്നും പ്രസംഗവേദികളിലേക്ക് പാഞ്ഞു നടന്നു. പില്‍ക്കാലത്ത് അദ്ദേഹമൊരു പ്രസംഗശക്തിയാവുന്നത് അന്നത്തെ ആ അനുഭവങ്ങളില്‍ നിന്നായിരുന്നു.


കോണ്‍ഗ്രസ്സിന്റെ ധര്‍മ്മഭ്രംശത്തെ അതിനിശിതമായി എതിര്‍ക്കാന്‍ തന്റേടം കാണിച്ചതും ഈ ആദ്യകാലാനുഭവങ്ങളില്‍ നിന്നും ആത്മാര്‍ത്ഥതയില്‍ നിന്നും തന്നെയായിരുന്നു. അക്കാലത്തെ കോണ്‍ഗ്രസ്സിന്റെ സ്റ്റഡി ക്ളാസ്സുകളില്‍ കോണ്‍ഗ്രസ്സ് നേതാക്കളെ പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടത് സുകുമാരനായിരുന്നു. അങ്ങനെ അദ്ദേഹം സംസഥാന യൂത്ത് കോണ്‍ഗ്രസ്സ് ഉപദേശക സമിതിയിലും കെ.പി.സി.സിയിലും നോമിനേറ്റഡ് അംഗമായി മാറി.


1962ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. അന്ന് തലശ്ശേരി പാര്‍ലിമെന്റ് സീറ്റില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സുകുമാര്‍ അഴീക്കോടായിരുന്നു. അന്നദ്ദേഹം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജില്‍ അദ്ധ്യാപകനായിരുന്നു. 


അന്നത്തെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെക്കുറിച്ച് അദ്ദേഹം പറയാറുള്ളത് ഇങ്ങനെയാണ്: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്ന ഏര്‍പ്പാട് അന്നുണ്ടായിരുന്നില്ല. പിന്നീടെന്നോ കാലം കണ്ടുപിടിച്ച വൃത്തികെട്ട ഒരു പദമാണ് മത്സരിക്കാന്‍ ടിക്കറ്റു നല്‍കുകയെന്നത്. തിരഞ്ഞെടുപ്പിന് സംഭവിച്ച അപകര്‍ഷത്തിന്റെ നാറ്റം മുഴുവന്‍ ആ പദത്തിലുണ്ട്. കാശു കൊടുത്തു വാങ്ങുന്ന ഒരു കൊള്ളക്കൊടുക്കയുടെ പ്രതീതി ജനിപ്പിക്കുന്നു അത്. സീറ്റിനു വേണ്ടി അന്ന് ഒരു നേതാവിന്റെ അടുക്കലും കാത്തു കിടന്നിട്ടില്ല. കെ.പി.സി.സി പ്രസിഡന്റ്, ത്യാഗിയായ സി.കെ.ഗോവിന്ദന്‍ നായരും കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് പി.ഗോപാലനും സ്ഥാനമൊഴിയാന്‍ തീരുമാനിച്ച അന്നത്തെ എം.പി ജിനചന്ദ്ര ഗൌണ്ടനും കൂടി ഒരു ദിവസം ദേവഗിരി കോളേജില്‍ വന്ന് ക്ളാസ്സില്‍ നിന്നും പുറത്തു വിളിച്ചു കൊണ്ടു പോയി അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വരുമെന്ന് ആവശ്യപ്പെടുകയായിരുന്നു!


ആ തിരഞ്ഞെടുപ്പില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരനായ എസ്.കെ.പൊറ്റെക്കാടിനോടാണ് അഴീക്കോട് പരാജയപ്പെട്ടത്. പിന്നീടദ്ദേഹം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പങ്കുചേര്‍ന്നിട്ടില്ല. മാത്രമല്ല രാഷ്ട്രീയത്തിന്റെ വിശുദ്ധി ചോര്‍ന്നു പോയതില്‍ മനംനൊന്ത് ദീര്‍ഘകാലം അദ്ദേഹം വോട്ടെടുപ്പുകളില്‍ വരെ പങ്കാളിയാവാതെ തന്റെ വോട്ടവകാശം പോലും വിനിയോഗിക്കാതെ പ്രതിഷേധത്തിന്റെ പാതയില്‍ നിലകൊള്ളുകയും ചെയ്തിരുന്നു.


തിരഞ്ഞെടുപ്പില്‍ തോറ്റെന്നറിഞ്ഞപ്പോള്‍ ഒട്ടും പരിചയമോ അടുപ്പമോ ഇല്ലാതിരുന്ന പ്രവര്‍ത്തകര്‍ പോലും ചുറ്റും കൂടി പൊട്ടിക്കരയുകയായിരുന്നു എന്ന് ആദ്യത്തെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അദ്ദേഹം ഓര്‍ക്കുമായിരുന്നു. രാഷ്ട്രീയത്തില്‍ അഴീക്കോട് കാലുകുത്താന്‍ മടിച്ചില്ലെങ്കിലും തലകുത്തി നില്‍ക്കാന്‍ തയ്യാറായില്ലെന്നത് ചരിത്രം. പില്‍ക്കാലത്ത് പലപ്പോഴും കോണ്‍ഗ്രസ്സിന്റെ വിമര്‍ശകനായി നിലകൊണ്ടെങ്കിലും മാന്യതയുള്ള കോണ്‍ഗ്രസ്സുകാരാരും ഒരിക്കലും അദ്ദേഹത്തെ ശത്രുപക്ഷമായി കാണുകയോ, ശത്രുപക്ഷത്ത് നിര്‍ത്തുകയോ ചെയ്തിരുന്നില്ല.


അതേസമയം, എതിര്‍പക്ഷം, കേരളത്തിലെ ഇടതുപക്ഷം അഴീക്കോടിനെ തങ്ങളുടെ ചേരിയില്‍ നിര്‍ത്തി ഒരു എം. എല്‍. എയോ, എം.പിയോ, മന്ത്രിയോ ഒക്കെയാക്കി മാറ്റാന്‍ ദീര്‍ഘകാലം കഠിനയത്നം നടത്തി. എന്നാല്‍ അതിനദ്ദേഹം ഒരിക്കലും വഴങ്ങിയില്ല. ജീര്‍ണ്ണിച്ച കോണ്‍ഗ്രസ്സ് സംസ്കാരത്തേക്കാള്‍ അദ്ദേഹത്തിന് ആഭിമുഖ്യം താരതമ്യേന രാഷ്ട്രീയ സംശുദ്ധി പുലര്‍ത്തുന്ന ഇടതുപക്ഷത്തോടും അതിന്റെ നേതാക്കളോടും തന്നെയായിരുന്നു. എന്നിട്ടും അധികാര രാഷ്ട്രീയത്തെ അദ്ദേഹം ഹീനമായി ഗണിച്ചു. 


രാഷ്ട്രീയക്കാരേയും ജനങ്ങളേയും രാഷ്ട്രീയത്തിന്റെ നല്ല പാഠങ്ങള്‍ പഠിപ്പിക്കാന്‍ അദ്ദേഹം ആരുടെ ഭാഗത്തു നിന്നുള്ള കുറ്റപ്പെടുത്തലുകളേയും വകവെക്കാതെ ഒരു ഗാന്ധിയന്‍ സാമൂഹ്യ വിമര്‍ശകന്റെ കുപ്പായം ധരിച്ച് ജീവിക്കുകയായിരുന്നു. എന്നും, ഏകനായി!!

No comments:

Post a Comment