Tuesday, January 24, 2012

ഡല്‍ഹി ഓര്‍ക്കുന്നു... അഴീക്കോടിനെ

ന്യൂഡല്‍ഹി: വാക്കിലും പ്രയോഗത്തിലും ഹിമശൈലങ്ങള്‍ കീഴടക്കിയ അഴീക്കോടിനെയാണ് മലയാളമറിയുക. എന്നാല്‍, പുസ്തകപ്രസാധനത്തില്‍ വഴിത്തിരിവൊരുക്കിയ നേതൃത്വപാടവത്തിന് ഇന്ദ്രപ്രസ്ഥനഗരം സാക്ഷി. 1993 മുതല്‍ 1996 വരെ നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാനായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട പ്രഭാഷകന്‍. എന്‍.ബി.ടി. ഇന്നും ഉണര്‍വോടെ മുന്നേറുന്നതിനു പിന്നില്‍ അഴീക്കോട് നല്‍കിയ ഊര്‍ജമാണെന്ന് അക്കാലത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവര്‍ വിലയിരുത്തി.


പുസ്തകങ്ങളുടെ അച്ചടിയും വിതരണവുമെല്ലാം എന്‍.ബി.ടി.യില്‍ ഇഴഞ്ഞുനീങ്ങുന്ന കാലത്താണ് അഴീക്കോട് ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്. അതേസമയത്തു തന്നെ എന്‍.ബി.ടി. ഡയറക്ടറായി അരവിന്ദര്‍ കൗര്‍ എന്നയാളും പ്രവര്‍ത്തിച്ചിരുന്നു. ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ താത്പര്യവും സന്നദ്ധതയുമുള്ള അരവിന്ദര്‍ കൗറിന് അഴീക്കോടിന്റെ അധ്യക്ഷപദവി കൂടുതല്‍ പ്രചോദനമായി. ഇരുവരും ഒരു മനസ്സായി പ്രവര്‍ത്തിച്ച് മാറ്റങ്ങള്‍ക്കു തുടക്കമിട്ടു. ഗാന്ധിയന്‍ സാഹിത്യം, നെഹ്രുവടക്കമുള്ള ദേശീയനേതാക്കളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ തുടങ്ങി എന്‍.ബി.ടി. പ്രസിദ്ധീകരിച്ചു വിതരണം ചെയ്യുന്നത് ഇക്കാലത്താണെന്ന് അക്കാലത്ത് അസി.എഡിറ്ററായി പ്രവര്‍ത്തിച്ച റൂബിന്‍ ഡിക്രൂസ് അനുസ്മരിച്ചു.


ബാലസാഹിത്യം പ്രോത്സാഹിപ്പിക്കാനായി നാഷണല്‍ സെന്റര്‍ ഫോര്‍ ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ തുടങ്ങിയത് അഴിക്കോടായിരുന്നു. ശാസ്ത്ര വിഷയങ്ങളില്‍ താത്പര്യം ജനിപ്പിക്കാന്‍ പോപ്പുലര്‍ സയന്‍സ് എന്ന പരമ്പരയ്ക്കും അഴീക്കോടിന്റെ നേതൃത്വത്തില്‍ തുടക്കമിട്ടു.
എന്‍.ബി.ടി.യുടെ പ്രസാധനവും വിതരണവും കേവലം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ഒതുങ്ങിയിരുന്നു. പ്രാദേശികഭാഷകളിലെ പുസ്തകങ്ങള്‍ കൂടുതലായി പ്രസിദ്ധീകരിക്കാനും വിതരണം ചെയ്യാനും അഴീക്കോട് മുന്‍കൈയെടുത്തു. പുസ്തകങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായി മൊബൈല്‍ വണ്ടികള്‍ രംഗത്തിറക്കിയതും കൂടുതല്‍ വിപണനകേന്ദ്രങ്ങള്‍ തുറന്നതുമൊക്കെയാണ് അഴീക്കോടിന്റെ മറ്റു സംഭാവനകള്‍. 'ഇന്ത്യന്‍ സാഹിത്യത്തിലെ വിഖ്യാതകൃതികള്‍' എന്ന ബൃഹദ്ഗ്രന്ഥവും അഴീക്കോട് അധ്യക്ഷനായിരിക്കേ എന്‍.ബി.ടി. പുറത്തിറക്കി. ഡോ. കെ.എം.ജോര്‍ജ് എഡിറ്ററായി തിരുവനന്തപുരം കേന്ദ്രമാക്കിയായിരുന്നു ഈ പദ്ധതി. മലയാളത്തില്‍ നിന്ന് ഇന്ദുലേഖ, മാര്‍ത്താണ്ഡവര്‍മ തുടങ്ങിയ കൃതികളും മൂന്നു വാള്യങ്ങളുള്ള ഈ പുസ്തകത്തില്‍ ഇടംപിടിച്ചു.

എന്‍.ബി.ടി.യെ ഏല്‍പ്പിച്ചിരുന്ന പുസ്തകങ്ങള്‍ വെളിച്ചം കാണാന്‍ നാലും അഞ്ചും വര്‍ഷങ്ങള്‍ കാത്തിരിക്കണമെന്ന നില മാറ്റിയെടുത്തത് അഴീക്കോടാണെന്ന് സാഹിത്യകാരന്‍ പ്രൊഫ. ഓംചേരി എന്‍.എന്‍.പിള്ള പറഞ്ഞു. എന്‍.ബി.ടി.ക്ക് വിപുലമായ വിതരണശൃംഖല ഉണ്ടാക്കിയെടുത്തതും മലയാളമടക്കമുള്ള പ്രാദേശികഭാഷകളെ പ്രോത്സാഹിപ്പിച്ചതുമാണ് അഴീക്കോടിന്റെ സംഭാവനകളെന്നും അദ്ദേഹം വിലയിരുത്തി. 'ഇന്ത്യയിലെ വിശുദ്ധന്മാര്‍' എന്ന വിഷയത്തില്‍ ഭാരതീയ വിദ്യാഭവന്‍ പ്രഭാഷണപരമ്പര സംഘടിപ്പിച്ചിരുന്നു. മുന്‍പ്രധാനമന്ത്രി എ.ബി.വാജ്‌പേയി അടക്കമുള്ള പ്രമുഖരും പണ്ഡിതരുമായിരുന്നു ഈ പരിപാടിയുടെ ശ്രോതാക്കള്‍. ഇതില്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ചു പ്രഭാഷണം നടത്താന്‍ ക്ഷണിക്കപ്പെട്ടത് അഴീക്കോടാണ്. പരമ്പരയില്‍ പ്രസംഗിച്ച ഏകമലയാളിയും അഴീക്കോടാണെന്ന് പ്രൊഫ. ഓംചേരി ഓര്‍മിച്ചു.

No comments:

Post a Comment