Wednesday, January 25, 2012

അവതു വക്താരം

ജീവിതത്തില്‍ പല സംഭവങ്ങളും നമ്മെ വിഡ്ഢികളാക്കി കടന്നുകളയുന്നു. ഇതു മനസിലാക്കലാണല്ലോ വിവേകത്തിന്‍റെ ആരംഭം. ഈ പുസ്തകം എഴുതാന്‍ തുടങ്ങുമ്പോള്‍ അത്തരമൊരു വിവേക പര്യവസായിയായ സംഭവം ഓര്‍ത്തുപോയി. പണ്ടത്തെ ഹൈസ്കൂളിലെ ഫോര്‍ത്ത് ഫോമില്‍ ഒരു നാടന്‍ സ്കൂളില്‍നിന്നു ജയിച്ചെത്തിയ എന്നെ സംസ്കൃതം എടുത്തു പഠിക്കാന്‍ അച്ഛന്‍ നിര്‍ബന്ധിച്ചപ്പോള്‍, തുടങ്ങുംമുന്‍പേ തോറ്റുപോയ ഒരു പ്രതിഷേധ സമരം അച്ഛന്‍റെ തീരുമാനത്തിനെതിരേ നടത്താന്‍ മുതിര്‍ന്നവനാണു ഞാന്‍.
വാത്സല്യം കൊണ്ടു മക്കള്‍ക്കു വഴങ്ങിക്കൊടുക്കുന്ന സ്വഭാവക്കാരനായിരുന്നു അച്ഛനെങ്കില്‍ അധ്യാപനത്തിലും സാഹിത്യ വിമര്‍ശനത്തിലും പ്രഭാഷണത്തിലും മറ്റും പിന്നീടു പരന്നുപോയ എന്‍റെ ജീവിതത്തിലെ വമ്പിച്ചൊരു നഷ്ടത്തിന് അന്നു തുടക്കം കുറിച്ചുപോയേനെ! അന്നത്തെ ബാലവിഭ്രമം പിതാവിന്‍റെ ആജ്ഞാശക്തിമൂലം എന്‍റെഭാവിയെ ബാധിക്കാതെപോയതിനാല്‍ ഞാന്‍ രക്ഷപെടുകയുണ്ടായി. ഞാനിന്നു ജീവിച്ചെത്തിച്ചേര്‍ന്നിരിക്കുന്ന ലോകമാകട്ടെ, ഇത്തരം ബാലചാപല്യങ്ങള്‍ ആകണം വിദ്യാര്‍ഥികളുടെ തീരുമാനങ്ങളെ നിയന്ത്രിക്കുന്നതെന്ന സിദ്ധാന്തം ഏറെക്കുറെ അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു.
ഇത്രമാത്രം മാറിപ്പോയ ഈ പുതിയ പ്രപഞ്ചത്തില്‍, എനിക്കു വിദ്യാര്‍ഥിയായി കഴിയേണ്ടി വന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ തോന്നുന്ന ആശ്വാസം ഞാന്‍ ഇപ്പോള്‍ ഓമ നിച്ചു പോരുന്ന ഒരു സ്വാര്‍ഥവികാരമാണ്. കാലം മറ്റൊരു തരത്തില്‍ ആയിരുന്നതുകൊണ്ടാണ് അന്ന് എന്‍റെ തീരുമാനത്തില്‍നിന്ന് എന്നെ രക്ഷിക്കാന്‍ അച്ഛനു കഴിഞ്ഞത്. അങ്ങനെ ഞാന്‍ അല്‍പ്പം സംസ്കൃതം പഠിച്ചു. ഇന്ന് അപ്രകാരം വിവേകരഹിതമായ ഒരു തീരുമാനത്തില്‍നിന്നു മക്കളെ ആജ്ഞാശക്തിമൂലം രക്ഷിക്കാന്‍ പോരുന്ന എത്ര പിതാക്കളുണ്ട് എന്നു ഞാന്‍ ആലോചിച്ചു പോകുന്നു. അച്ഛനല്ലാത്ത ഒരുവന്‍റെ ഭാവനാപരമായ ധാരാളിത്തം പൊറുക്കുക....
അതുപോലെ ഒരു പേടിയുണ്ട്. ആവാത്തത് ചെയ്തു തെറ്റു വരുത്തിക്കൂട്ടിയോ എന്ന്. (തത്ത്വമസി എന്ന ഗ്രന്ഥം എഴുതിയത്) അവിവേകം മൂലം ഉപനിഷത്തിന്‍റെ വക്താവാ കാന്‍ ചാടിപ്പുറപ്പെട്ട ഈയുള്ളവനെ ഉപനിഷത്തു തന്നെ രക്ഷിക്കുമാറാകട്ടെ. അതിനുവേണ്ടി ഉപനിഷത്തിലെ ഒരു പ്രാര്‍ഥന ഞാന്‍ ചൊല്ലുകയും ചെയ്യുന്നു.""അവതു വക്താരം..!''

1 comment:

  1. അത് ശരിയാണ് മക്കൾ പറയുന്നത് പോലെ അവരുടെ താളത്തിനൊത്ത് തുള്ളുന്ന മാതാപിതാക്കൾ സത്യത്തിൽ അവരോട് വലിയേ ദ്രോഹം തന്നെയാണ് ചെയ്യുന്നത്. പക്വമായ ഉചിതമായ തീരുമാനം മാതാപിതാക്കൾ തന്നെ എടുക്കുന്നതാണ് നല്ലത്. കുട്ടികൾക്കത് പിന്നീട് മനസ്സിലായികൊള്ളും

    ReplyDelete