Tuesday, January 24, 2012

ഗുരുസാഗരം

അലയടിച്ചുകൊണ്ടിരുന്ന മഹാസമുദ്രം പിന്‍വാങ്ങിയിരിക്കുന്നു. ഡോ. സുകുമാര്‍ അഴീക്കോട് നിശ്ശബ്ദതയുടെ നിത്യതയിലമരുമ്പോള്‍, കാലംപോലും തെല്ലിട നിശ്ചലമായി നിന്നതുപോലെ മലയാളിയും മലയാളവും അറിയുന്നു. ഒരു ജനതയുടെ വിചാരങ്ങളെ പ്രചോദിപ്പിച്ച്, മുന്നില്‍ വിളക്കുമായി നടന്ന വര്‍ത്തമാനകാലത്തെ പ്രവാചകനാണ് ഇവിടം വിട്ടുപോയത്.
മലയാളിയുടെ വികാരവിചാരശീലങ്ങളില്‍ അഴീക്കോട് മാഷ് എന്നുമുണ്ടായിരുന്നു. തന്റെ കുട്ടിക്കാലം മുതല്‍ സഹനത്തിന്റെയും എളിമയുടെയും ധീരതയുടെയും പാഠങ്ങള്‍ പഠിച്ച അഴീക്കോട്ടെ പൂതപ്പാറ ഗ്രാമത്തിലെ കേളോത്ത് തട്ടാരത്ത് സുകുമാരന്‍ ഈ അനുഭവങ്ങളുടെ വിത്തുകള്‍ സൂക്ഷിച്ചാണ് പില്‍ക്കാലത്ത് കേരളത്തിന്റെ ജൈവപ്രതിരോധമായ വാഗ്ഭടനായത്. ചരിത്രം മഹത്വപ്പെടുത്തിയവര്‍ ചരിത്രത്തിലില്ലാത്തവരുടെ വിയര്‍പ്പിലും രക്തത്തിലും കാലമര്‍ത്തി നില്‍ക്കുകയാണെന്ന ആത്മബോധം ചെറുപ്പത്തില്‍ത്തന്നെ കൈവരിച്ചു. പണ്ഡിതനും നിര്‍ഭയനുമായ പിതാവില്‍നിന്ന് സംസ്‌കൃതം പഠിച്ച് ഇതിഹാസങ്ങള്‍ കമ്പോടുകമ്പ് ഹൃദിസ്ഥമാക്കി. 'നിത്യാനന്ദാലയ'ത്തിലെ മഹാഗ്രന്ഥം അച്ഛനായിരുന്നു; അമ്മ സ്‌നേഹത്തിന്റെ അനന്തമായ ആര്‍ദ്രതയും. ഈ രണ്ടു കടവുകളും കടന്ന് മറുകരയിലെത്തിയപ്പോള്‍, മറ്റൊരു സമുദ്രം അലയടിക്കുന്നതായി കണ്ടു വാഗ്ഭടാനന്ദ ഗുരുദേവന്‍. 'നിന്റെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്ക്ക് പ്രകാശവും ആകുന്നു' എന്ന ദര്‍ശനം ആ ഗുരുവിന്റേതായിരുന്നു. പിന്നെ മറ്റൊരു തീര്‍ഥഘട്ടത്തിലെത്തി. ശ്രീനാരായണഗുരുവിന്റെ പ്രകാശമാനമായ കണ്ണുകളില്‍ നവോത്ഥാനത്തിന്റെ തിളക്കം കണ്ടു. അറിഞ്ഞതിന്റെയും അനുഭവിച്ചതിന്റെയും സൂക്ഷ്മപാഠങ്ങളുമായി സ്വാതന്ത്ര്യപ്പിറവിക്കുമുമ്പ് സേവാഗ്രാമത്തിലെത്തി മഹാത്മജിയെക്കണ്ടു. ഒരാശയത്തെ ആവിഷ്‌കരിക്കാനുള്ള വാഗ്ധീരത ആദ്യം കണ്ടത് മഹാത്മജിയിലാണെന്ന് പില്‍ക്കാലത്ത് അഴീക്കോട് എഴുതിവെച്ചു. ക്ഷാമകാലത്ത് ധാന്യങ്ങള്‍ സൂക്ഷിക്കുന്ന കര്‍ഷകനെപ്പോലെ മഹാത്മജിയില്‍ ചിന്തയുടെയും കര്‍മത്തിന്റെയും കലവറ കണ്ടെത്തി. ഗാന്ധിജിയുടെ സൂക്ഷ്മത, വാഗ്ഭടന്റെ ധീരത, പാമ്പന്‍ മാധവന്റെ ഫലിതം, എം.ടി. കുമാരന്റെ ക്ഷോഭപരിഹാസങ്ങള്‍  അഴീക്കോടിലെ പ്രഭാഷകന്‍ ഇതിന്റെയെല്ലാം സമന്വയമായിരുന്നു. മാനവികതയുടെയും പോരാളിയുടെ സമരതീക്ഷ്ണതയുടെയും തീരങ്ങളിലേക്ക് അഴീക്കോട് യാത്ര തുടങ്ങിയതും ഈ തീര്‍ഥഘട്ടങ്ങളിലെ ജലം കോരിക്കുടിച്ചായിരുന്നു. അതിനോടൊപ്പം ഭാരതീയ ജ്ഞാനശാഖകളുടെ സങ്കീര്‍ണമായ വഴികളിലൂടെ യാത്രചെയ്യാനും അദ്ദേഹത്തിനായി. അധ്യാപനത്തിലെ കരുതല്‍ധനവും ഇതുതന്നെയായിരുന്നു. ക്ലാസ്മുറികളില്‍ അദ്ദേഹം ഗുരുവും വഴികാട്ടിയും വാത്സല്യത്തിന്റെ ജലാശയവുമായി. ജീവിതപാഠങ്ങളും ജീവിതദര്‍ശനത്തിന്റെ അഗാധസൗന്ദര്യവും ആ ക്ലാസുകളുടെ സൗരഭ്യമായിരുന്നു. പഴയതിനെ ചിതയില്‍ വെയ്ക്കാതെയും പുതിയതിനെ തിരസ്‌കരിക്കാതെയും അറിവുകളുടെ സാമാന്യവത്കരണത്തില്‍നിന്ന് ആശയങ്ങളുടെ അനന്യതയിലേക്ക് അദ്ദേഹം ക്ലാസുകളെ നയിച്ചു. അഴീക്കോട് മാഷിന് അധ്യാപനം ഒരു ഹൃദയശുശ്രൂഷയായിരുന്നു. നവോത്ഥാനചിന്തയുടെ നൈതികപ്രകാശം പരത്തിയ ആ ക്ലാസുകളുടെ തുടര്‍ച്ചയായിരുന്നു പ്രഭാഷണങ്ങളും. തന്റെ കേള്‍വിക്കാരില്‍നിന്നാണ് അദ്ദേഹം ഊര്‍ജം ഉള്‍ക്കൊണ്ടത്. എന്തിനോ അലഞ്ഞുകൊണ്ടിരിക്കുന്ന വിരലുകളിലൂടെ വാക്കുകളും ആശയങ്ങളും തേടിപ്പിടിച്ച് മന്ദതാളത്തില്‍ തുടങ്ങി, തിരമാലകളെപ്പോലെ ഹൃദയത്തിലേക്ക് ആഞ്ഞടിക്കുന്ന വാക്കുകളില്‍ ക്ഷോഭവും നര്‍മവും പരിഹാസവും മുന്നറിവുകളും നിറഞ്ഞുനിന്നു. രാഷ്ട്രീയമൂല്യവ്യവസ്ഥകള്‍ അതിരുകള്‍ ഭേദിക്കുമ്പോള്‍ ആ ശബ്ദം കേരളത്തിന് അപായസൂചനകള്‍ നല്‍കി. വേദികളില്‍നിന്ന് വേദികളിലേക്ക് സഞ്ചരിക്കുമ്പോള്‍ ഋഷിയുടെ സംയമനവും പോരാളിയുടെ രോഷവും ഗുരുവിന്റെ വിവേകവും വൈജ്ഞാനികന്റെ ഗരിമയും ആ വാക്കുകളില്‍ പ്രകാശിച്ചു. പറയുന്നതാണ് വാക്കെങ്കില്‍ യഥാര്‍ഥമായ കല പ്രഭാഷണമാണെന്നും അദ്ദേഹം സമര്‍ഥിച്ചിരുന്നു. പരമഹംസര്‍ വിവേകാനന്ദനെ കണ്ടുപിടിച്ചപ്പോഴാണ് ലോകം പരമഹംസരെ കണ്ടതെന്ന വിഖ്യാതമായ വാചകത്തിലൂടെ ചിന്തയുടെ ജ്വാലകള്‍ പ്രസരിപ്പിക്കുന്നതായിരുന്നു ആ പ്രഭാഷണകല.
അദ്ദേഹത്തിന്റെ പഠനമനനങ്ങള്‍ ആസ്വാദനത്തിന്റെയും അപഗ്രഥനത്തിന്റെയും ഖണ്ഡനങ്ങളുടെയും ആഴങ്ങളിലേക്ക് അനുവാചകനെ കൂട്ടിക്കൊണ്ടുപോയി. 'ആശാന്റെ സീതാകാവ്യ'ത്തിലൂടെ, ആ വിമര്‍ശനം പൂര്‍ണശോഭ ചൊരിഞ്ഞെങ്കില്‍ 'തത്ത്വമസി'യിലൂടെ ഭാരതീയജ്ഞാനത്തിന്റെ സത്തയും ജീവനും രചനാജീവിതത്തിന്റെ നൈതികപ്രകാശമായി. ദര്‍ശനത്തിന്റെ ഗഹനതയിലേക്ക് തുറന്ന വാതിലായിരുന്നു 'തത്ത്വമസി'. മാനവികതയ്‌ക്കെതിരായ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാന്‍ വാക്കുകളെ പരിചയാക്കിയ ആ ശബ്ദം സമകാലികജീവിതത്തിലെ കാപട്യങ്ങളെ പരിഹസിക്കുന്ന ജാഗ്രതയുടെ നാവായി മാറിയതും മലയാളികണ്ടു. പ്ലാച്ചിമട മുതല്‍ ലാലൂര്‍ വരെ പ്രക്ഷോഭത്തിന്റെയും പ്രതിരോധത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ച അഴീക്കോട് സമൂഹത്തിന്റെ നാനാവിധമായ ജീര്‍ണതയ്‌ക്കെതിരായ ശബ്ദമായിരുന്നു. അത് ആര്‍ക്കും അവഗണിക്കാനാവുമായിരുന്നില്ല. വീഴുന്നവനെ താങ്ങുവാന്‍ ആ വാക്കുകള്‍ എന്നുമുണ്ടായിരുന്നു.
സ്ഥാപനങ്ങള്‍ക്ക് എഴുത്തുകാര്‍ കീഴടങ്ങുമ്പോഴും മാഷ് സ്ഥാപനങ്ങള്‍ക്ക് അതീതനായിരുന്നു. പ്രഭാഷകന്‍, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, ഗാന്ധിയന്‍, നവോത്ഥാനചിന്തകന്‍, സാഹിത്യവിമര്‍ശകന്‍, സര്‍വകലാശാലാ ഭരണമേധാവി, എന്‍.ബി.ടി. ചെയര്‍മാന്‍ എന്നിങ്ങനെ വ്യത്യസ്തമായ കര്‍മമേഖലകളില്‍ അനുഭവസമ്പന്നതയും ആഴമേറിയ ചിന്തയും സമന്വയിപ്പിച്ച് അദ്ദേഹം വിജയം നേടുന്നതും ഈ വര്‍ത്തമാനകാലം കണ്ടു.
ഖദര്‍ജുബ്ബ, ഖദറിന്റെ ഒറ്റമുണ്ട്, പഴയ വാച്ച്, വീതി കുറഞ്ഞ തോല്‍ച്ചെരിപ്പ് എന്നിവയോടൊപ്പം വിവാദവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വിതയ്ക്കലും വിരിക്കലും കൊയ്‌തെടുക്കലും അദ്ദേഹംതന്നെ നടത്തി. കേരളത്തിന്റെ രാഷ്ട്രീയവിചാരങ്ങളുടെ സംവാദശാലയില്‍ എന്നും അഴീക്കോട് മാഷ് നായകനായിത്തന്നെ ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സില്‍നിന്ന് പുറപ്പെട്ട് ഇടതുപക്ഷത്തേക്കാള്‍ നല്ല ഗാന്ധിയന്‍ ഇടതുപക്ഷക്കാരനായി അദ്ദേഹം നിലയുറപ്പിച്ചു. ഇതിനൊക്കെപ്പുറമെ അദ്ദേഹത്തിന്റെ മനസ്സില്‍ എല്ലാവര്‍ക്കും സ്വന്തമായ ഒരിടമുണ്ടായിരുന്നു. ഒരു യുദ്ധത്തില്‍ ശത്രുപക്ഷത്തുനിന്നവരെ അടുത്ത യുദ്ധത്തില്‍ സ്വന്തം സൈനികനിരയോടൊപ്പം നിര്‍ത്തുന്ന സൗഹൃദത്തിന്റെ മായികവിദ്യയും അദ്ദേഹത്തിനറിയാമായിരുന്നു. മഴവില്ല് വിരിഞ്ഞുനില്‍ക്കുന്ന ഒരാകാശം, ഒരു കീറ് സ്‌നേഹം ആ നെഞ്ചില്‍ എപ്പോഴുമുണ്ടായിരുന്നു.
രോഗബാധിതനായ ദിനങ്ങളിലും ജനപക്ഷത്തുനിന്ന് പോരാടിയ അഴീക്കോട് മാഷ്, സമൂഹത്തിന്റെ ആശ്ലേഷത്തിലമര്‍ന്നുകിടക്കാന്‍ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നു. ആ സ്‌നേഹത്തില്‍നിന്നാണ് മാഷ്, ജീവന്റെ തുടിപ്പ് ദിവസങ്ങളോളം നീട്ടിയെടുത്തത്. കേരളത്തിന്റെ പിതൃതുല്യനായ ആ ജ്ഞാനസ്വരൂപത്തിന്റെ ഹംസഗാനം നാമിപ്പോള്‍ കേട്ടുകഴിഞ്ഞിരിക്കുന്നു. കൈരളി ഒന്നാകെ കണ്ണീര്‍ വാര്‍ക്കുമ്പോള്‍, 'മാതൃഭൂമി'യും ആ ദുഃഖത്തില്‍ പങ്കുചേരുന്നു.

No comments:

Post a Comment