Tuesday, January 24, 2012

വാങ്മയത്തിന്റെ വാഗ്ഭടന്‍ ഡോ. എം. ലീലാവതി

'കവികുഞ്ജരന്മാരേ! ഒാടുക ഒാടുക! ഇതാ ഉദ്ദണ്ഡകേസരി വരുന്നു എന്നു പണ്ട് ഉദ്ദണ്ഡകവിയെപ്പറ്റി പറഞ്ഞതുപോലെ ഒരന്തരീക്ഷം സാഹിത്യത്തില്‍ പില്‍ക്കാലത്തു സൃഷ്ടിച്ചതു ജോസഫ് മുണ്ടശേരിയും സുകുമാര്‍ അഴീക്കോടുമാണ്. അവരുടെ പ്രചണ്ഡമായ വിമര്‍ശന ഗര്‍ജനത്തില്‍ സര്‍വസമ്മതമായ വസ്തുസ്ഥിതി യാഥാര്‍ഥ്യം എത്രത്തോളമുണ്ടായിരുന്നു എന്നു മാറിനിന്നു ചിന്തിക്കാന്‍ സാമാന്യരെ അനുവദിക്കാത്ത വിധത്തില്‍ ഉൌക്കും ഉറപ്പും ഉൌറ്റവും ആ ഗര്‍ജനത്തില്‍നിന്നു പ്രസരിച്ചിരുന്നു.
ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തില്‍ വാക്കുകളെ മയപ്പെടുത്തുന്നതു വിമര്‍ശകനു യോജിച്ച ചര്യയല്ല എന്നു തന്റെ നയം പ്രഖ്യാപിക്കാന്‍ സുകുമാര്‍ അഴീക്കോട് ശങ്കിച്ചില്ല. ഖണ്ഡനം എന്ന അര്‍ഥം വിമര്‍ശന പദത്തിന്റെ സഹചാരിയാണെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
സാഹിത്യത്വം എന്ന ഒന്നാം ധര്‍മത്തില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ട് ആരെയും വാഴ്ത്തുകയില്ല എന്നു ശാഠ്യം അതിനു പിന്നിലുണ്ട്. ഇൌ ശാഠ്യത്തില്‍ നിന്നു വ്യതിചലിച്ച സന്ദര്‍ഭങ്ങള്‍ ഇല്ലെന്ന് ആര്‍ക്കും ശപഥം ചെയ്യാനാവില്ലെങ്കിലും ഏതു നിയമത്തിന്നും അപവാദങ്ങളുള്ളതുപോലെയായിരുന്നു ആ വ്യതിചലനങ്ങള്‍.
പൌരസ്ത്യവും പാശ്ചാത്യവുമായ സാഹിത്യ ദര്‍ശന പദ്ധതികളും തത്വദര്‍ശന പദ്ധതികളും ആഴത്തില്‍  ഇറങ്ങിച്ചെന്ന് ഉള്‍ക്കൊണ്ടതിന്റെ ഫലമായ സഞ്ചിത സംസ്കാരം അഴീക്കോടിന്റെ വ്യക്തിത്വ മുദ്രയായിരുന്നതുകൊണ്ട്, സാഹിത്യ വിചിന്തനത്തിലും ദാര്‍ശനിക വിചിന്തനത്തിലും ശരിയേതെന്നു തനിക്കു വിശ്വാസമുള്ളവയ്ക്കു വേണ്ടി പൊരുതുകയെന്ന ശീലം ആ വാഗ്ഭടനു രണ്ടാം പ്രകൃതിയായിരുന്നു. മൂല്യവത്തെന്നോ ക്ഷുദ്രമെന്നോ വകതിരിക്കാന്‍ പ്രേരിപ്പിച്ച പ്രമാണം സ്വപ്രത്യയം തന്നെയായിരുന്നു. കാലം, സാഹചര്യങ്ങള്‍, സ്ഥിതി വിപര്യയങ്ങള്‍ എന്നിവയനുസരിച്ചു സ്വപ്രത്യയങ്ങള്‍ മാറി വീഴാറുണ്ടെങ്കിലും പ്രമാണം സ്വപ്രത്യയമാവുക എന്നതില്‍ മാറ്റമുണ്ടായിക്കൂടാ എന്നതിലായിരുന്നു സ്ഥൈര്യം.
അതിന്റെ ഉൌര്‍ജപ്രസരത്തിലൂടെയാണു സാഹിത്യം, സംസ്കാരം, രാഷ്ട്രീയം എന്നിവയുടെയെല്ലാം മണ്ഡലങ്ങളില്‍ ലേഖനങ്ങള്‍ കൊണ്ടും പ്രഭാഷണങ്ങള്‍ കൊണ്ടും അദ്ദേഹം ജനലക്ഷങ്ങളുടെ മനസിനെ സ്വന്തം ചിന്തയുടെ വഴിയിലേക്ക് ആകര്‍ഷിച്ചത്. പ്രഭാഷണ പരമ്പരകളും അതിനായുള്ള പര്യടനങ്ങളും സമകാലിക ജന ഗണ മനസില്‍ പ്രഭാവപൂര്‍ണമായ ഒരു വ്യക്തിത്വമായി അദ്ദേഹത്തിനു പ്രതിഷ്ഠ നല്‍കാന്‍ ഉതകിയില്ല്ലെങ്കിലും അതിനായുള്ള സമയ വ്യയം ഗ്രന്ഥരചനയെ ബാധിച്ചിരിക്കുമല്ലോ. എന്നിട്ടും വരും തലമുറകളെ സ്വാധീനിക്കാന്‍ കഴിവുള്ള  ലിഖിത നിരൂപണത്തിന്‍ പേരില്‍ നിരൂപക പഞ്ചകത്തിന് (മാരാര്‍, കേസരി, മുണ്ടശേരി, പോള്‍, കുറ്റിപ്പുഴ) സമശീര്‍ഷമായ സ്ഥാനം, പിന്‍തലമുറയില്‍ സുകുമാര്‍ അഴീക്കോടിന് ആര്‍ജിക്കാന്‍ കഴിഞ്ഞു.
തത്വമസി പോലുള്ള ഒരു ഗ്രന്ഥം രചിക്കാന്‍ അദ്ദേഹത്തിന് ഏതാനും മാസങ്ങളേ വേണ്ടിവന്നിട്ടുള്ളൂവെങ്കില്‍ അതിനു പിന്നില്‍ ചിരകാലത്തെ പാരായണത്തിന്റെയും വിചിന്തനത്തിന്റെയും ചരിത്രമുണ്ട്.  കഴിഞ്ഞ നൂറ്റാണ്ടിന്റെ  ഉത്തരാര്‍ധം തുടങ്ങുന്ന കാലത്താണു ഗുരുവായൂരിലെ ഹിന്ദുമത സമ്മേളനങ്ങളിലൊന്നില്‍ ഒൌപനിഷദ സംസ്കാര പാരമ്പര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉജ്വലമായ പ്രഭാഷണം കേള്‍ക്കാനെനിക്കു ഭാഗ്യമുണ്ടായത്.
നന്നെ ചെറുപ്പത്തില്‍തന്നെ ഭാരതീയ ദാര്‍ശനിക പൈതൃകത്തിന്റെ മഹത്വം ഗ്രഹിക്കാനും അവയിലുള്ള വിശാല മാനവീയതയുടെ അതിരില്ലായ്മ തിരിച്ചറിയാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സങ്കുചിത മതശാഠ്യങ്ങളുടെ കുരുക്കുകളിലേക്ക് ഒരുകാലത്തും വഴുതിവീഴാതിരിക്കത്തക്കവണ്ണമുള്ള അടിയുറപ്പ് അദ്ദേഹത്തിന്റെ വിജ്ഞാന പ്രാകാരം അന്നേ നേടിക്കഴിഞ്ഞിരുന്നു. അഴീക്കോടിന്റെ സാഹിത്യ നിരൂപണ ഗ്രന്ഥങ്ങളില്‍ വച്ചു ഹിമാലയൌന്നത്യമള്ള ഗ്രന്ഥം 'തത്വമസിയാണ്.
അതു സാഹിത്യ നിരൂപണമോ എന്നു സംശയിക്കുന്നവരുണ്ടാകും.
ഭാരതത്തിലെ മഹത്തമമായ സാഹിത്യഗ്രന്ഥങ്ങളാണു വേദോപനിഷത്തുകള്‍ എന്ന്  ഉറപ്പുള്ളതുകൊണ്ടാണു 'തത്വമസി യെ സാഹിത്യ നിരൂപണമെന്നു ഞാന്‍ വിശേഷിപ്പിക്കുന്നത്. ജ്ഞാനം വാങ്മയത്തത്തിന്റെ ധ്വനിയായാല്‍ സാഹിത്യമാവില്ല എന്ന അന്ധവിശ്വാസത്തിന്റെ ഉല്‍പന്നമാണ് ആ സംശയം. ഉപനിഷത്തുകളെന്ന മഹത്തായ കാവ്യസമുച്ചയത്തെ വ്യാഖ്യാനിച്ച പലരും അവയുടെ ധ്വനി സൌന്ദര്യത്തിലുള്ള സാഹിത്യതത്വത്തിലൂന്നി അനുവാചകരെ വിചിന്തനമെന്ന രസം അനുഭവിപ്പിക്കാന്‍ ശക്തരാവുകയുണ്ടായില്ല.
വരട്ടുതത്വങ്ങളായി അവയുടെ അര്‍ഥധ്വനികളെ അവതരിപ്പിക്കുന്നതിനു പകരം മനന പ്രക്രിയയെ രസാനുഭൂതിയാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞുവെന്നതാണ് അഴീക്കോട് ആ ഗ്രന്ഥത്തിലൂടെ നേടിയ വിജയം. വിമര്‍ശനത്തെ സര്‍ഗാത്മക കൃതികളെപ്പോലെ രസനിഷ്യന്ദിയാക്കുമ്പോഴാണ് അത് അവയ്ക്കു തുല്യമാകുന്നത്. വിമര്‍ശനത്തെ സര്‍ഗാത്മക രചനയാക്കുന്ന നൈപുണ്യമാണ് ഉന്നതരായ വിമര്‍ശകരെ ഉന്നത കവികളോടും ഉന്നത കഥാകൃത്തുകളോടും ഒപ്പത്തിന്നൊപ്പമിരുത്തുന്ന ശക്തി.
ആശാന്റെ സീതാകാവ്യം പോലുള്ള നിരൂപണ ഗ്രന്ഥങ്ങളും തത്വമസി പോലുള്ള നിരൂപണ ഗ്രന്ഥങ്ങളും വാങ്മയ വിദ്യാഭ്യാസത്തിന്റെ ശക്തികൊണ്ടു സര്‍ഗാത്മക രചനകളായിരിക്കുന്നു. അറിവിനെയും ആശയങ്ങളെയും വൈകാരികാനുഭൂതികളെ അഥവ രസഭാവങ്ങളെയെന്നപോലെ അനുഭവിപ്പിക്കാന്‍ കഴിയുന്ന വാങ്മയ വിദ്യാഭ്യാസ ശക്തി. അറിവിനെ വൈകാരികാനുഭൂതിയായി അനുഭവിപ്പിക്കാനുള്ള സിദ്ധിയാണല്ലോ സ്വാമി വിവേകാനന്ദനെ മറ്റു ദാര്‍ശനിക ചിന്തകരില്‍നിന്നു വ്യത്യസ്തനാക്കുന്നത്.
അതുപോലുള്ള ഒരു കാന്തശക്തി വിശേഷത്താലാണു സുകുമാര്‍ അഴീക്കോട് പ്രഭാഷണങ്ങളിലൂടെയും പ്രബന്ധങ്ങളിലൂടെയും കേരള മനസിനെ തന്നിലേക്കും തന്റെ കൃതികളിലേക്കും ആകര്‍ഷിച്ചടുപ്പിച്ചത്. നിരൂപണത്തെ സാഹിത്യത്തിലെ രണ്ടാംകിട പൌരത്വത്തില്‍നിന്ന് ഉയര്‍ത്തി നിര്‍മാണത്തിന്റെ ഒന്നാംകിട പൌരത്വമണ്ഡലത്തില്‍ പ്രതിഷ്ഠിച്ച ചുരുക്കം നിരൂപകവര്യരില്‍ പ്രമുഖ സ്ഥാനം അഴീക്കോടിനുണ്ട്. ആശയങ്ങള്‍ സര്‍വസമ്മതമാണോ എന്ന പര്യവേക്ഷണം ആ വലിയ സിദ്ധിക്കു മുന്നില്‍ നിഷ്പ്രഭമാകുന്നു.
പലര്‍ക്കും അനഭിമതമായിത്തീര്‍ന്ന ആശയധാരയുള്ള കൃതികള്‍പോലും സര്‍ഗശക്തി പ്രകാശത്താലാണു മികച്ചവയായി അംഗീകൃതമാകുന്നത്. നമുക്കു യോജിക്കാന്‍ കഴിയാത്ത വസ്തുതകള്‍പോലും അവയുടെ ആവിഷ്കരണ ലാവണ്യത്താല്‍ നമ്മെ വ്യാമുഗ്ദ്ധരാക്കുന്നുവെങ്കില്‍ അതു സര്‍ഗശക്തിയുടെ മാന്ത്രിക പ്രഭാവത്താലാണ്. തന്റെ വാങ്മയ ശക്തിയുടെ ദണ്ഡ് വീശിക്കൊണ്ട്, മൂല്യങ്ങളെന്നും ധര്‍മങ്ങളെന്നും ഉണ്മകളെന്നും തനിക്കു വിശ്വാസമുള്ള ഏതിന്റെയും എതിര്‍നിന്നവരെ ഒതുക്കിയ വാഗ്ഭടനായിരുന്നു ആ കൃശഗാത്രന്‍.

No comments:

Post a Comment