Tuesday, January 24, 2012

അക്ഷരങ്ങളെ അഗ്നിയാക്കിയ ഡോ. സുകുമാര്‍ അഴീക്കോട്

ആ സാഗരഗര്‍ജനം നിലച്ചു. അരനൂറ്റാണ്ടിലേറെക്കാലം മലയാളികളുടെ ചിന്താമണ്ഡലത്തെ സ്വാധീനിച്ച ഡോ. സുകുമാര്‍ അഴീക്കോട് ഇനി ദീപ്തമായ ഓര്‍മ. ഉപനിഷത്തുകളുടെ സാരാംശവും തത്ത്വമസിയുടെ പൊരുളുമറിഞ്ഞ ഈ മഹാപണ്ഡിതന്‍ കാലയവനികയ്ക്കു പിന്നിലേക്കു മറയുമ്പോള്‍ സാഹിത്യ- സാംസ്കാരിക മണ്ഡലത്തിന് അതൊരു തീരാനഷ്ടമാണ്, എല്ലാ അര്‍ഥത്തിലും. പ്രഭാഷണകലയുടെ ആചാര്യനായി ഒരു തലമുറ മുഴുവന്‍ നെഞ്ചിലേറ്റി ആരാധിച്ച ഡോ. സുകുമാര്‍ അഴീക്കോട് എന്ന ജ്ഞാനവൃദ്ധന്റെ സ്വരം ശ്രവിക്കാന്‍ എന്നും ആദരവോടെ മാത്രമേ ഇവിടത്തെ സാധാരണക്കാര്‍ മുതല്‍ ഭരണാധികാരികള്‍ വരെയുള്ളവര്‍ തയാറായിട്ടുള്ളൂ. അഴീക്കോടു മാഷിന്റെ വിയോഗം സാംസ്കാരിക കേരളത്തിനു നികത്താനാവാത്ത വിടവാണ് എന്നു പറയുമ്പോള്‍ അതില്‍ അതിശയോക്തിയുടെ ലവലേശം പോലുമില്ല.
ഡോ. സുകുമാര്‍ അഴീക്കോടിനെപ്പോലെ കേരളസമൂഹത്തിന്റെ ചിന്തകളെയും പ്രവൃത്തികളെയും സ്വാധീനിച്ചവര്‍ അദ്ദേഹത്തിന്റെ തലമുറയില്‍ അധികമുണ്ടാവില്ല. ആയിരത്തിത്തൊള്ളായിരത്തി നാല്പതുകളില്‍ ദേശീയ പ്രസ്ഥാനത്തിന്റെ തരംഗങ്ങള്‍ നാട്ടില്‍ ഇളകിമറിഞ്ഞുകൊണ്ടിരുന്ന അന്തരീക്ഷത്തിലാണ് അദ്ദേഹം സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലേക്കു കടന്നുവരുന്നത്. ഈയൊരു പശ്ചാത്തലം പകര്‍ന്നുനല്‍കിയ ഗാന്ധിയന്‍ മൂല്യങ്ങള്‍ ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം നിഷ്ഠ പുലര്‍ത്തിയിരുന്നു. ഗാന്ധിസത്തിന്റെ സത്യാന്വേഷണ ത്വരയും ധാര്‍മികമായ അക്ഷോഭ്യതയും അദ്ദേഹത്തില്‍ അഗാധമായ സ്വാധീനം ചെലുത്തിയിരുന്നുവെന്നതിനു സഫലമായ ആ ജീവിതംതന്നെ സാക്ഷി. കര്‍ക്കശക്കാരനായി ചിലപ്പോഴെങ്കിലും ഭാവിക്കുമെങ്കിലും ഏവരുടെയും നന്മ കാംക്ഷിച്ച ഒരു കാരണവരുടെ ശുദ്ധഹൃദയമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത് എന്നതിനു ചില സമീപകാല സംഭവങ്ങള്‍തന്നെ ദൃഷ്ടാന്തമാണ്.
സാഹിത്യത്തെ അഗാധവും തീവ്രവുമായി സ്നേഹിക്കുകയും വൈകാരികമായ തീക്ഷ്ണതയോടെ ആവിഷ്കരിക്കുകയും ചെയ്തു ഈ സാഹിത്യ വിമര്‍ശകന്‍. അറിവിന്റെ ആഴങ്ങളില്‍ പിറവികൊണ്ട മുത്തുകളാണ് അദ്ദേഹത്തിന്റെ രചനകള്‍. മെലിഞ്ഞ ആ ശരീരത്തില്‍നിന്നുതിര്‍ന്നുവീണ തീപ്പൊരി പോലുള്ള വാക്കുകളും ചാട്ടുളി പോലുള്ള വിമര്‍ശനങ്ങളും നര്‍മോക്തി തുളുമ്പിയ പ്രയോഗങ്ങളും കേരളത്തിന്റെ പൊതുജീവിതമണ്ഡലത്തില്‍ ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രതിഭയുടെ മിന്നല്‍പ്പിണറിനാല്‍ വിജ്ഞാനങ്ങളുടെ ആകാശഭൂമികളെ തെളിയിച്ചുകാണിക്കാന്‍ അഴീക്കോടിനുള്ള പ്രാഗല്ഭ്യം അദ്ദേഹത്തിന്റെ എണ്ണമറ്റ പ്രസംഗങ്ങളിലും പ്രബന്ധങ്ങളിലും കാണാവുന്നതാണ്.
ഉജ്വലമായ പ്രഭാഷണചാതുരികൊണ്ട് കേരള മനഃസാക്ഷിയുടെ ആള്‍രൂപമായി മലയാളിമനസില്‍ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹം എല്ലാ അര്‍ഥത്തിലും ഒരു ബഹുമുഖപ്രതിഭാശാലിയായിരുന്നു. അധ്യാപകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, സാഹിത്യവിമര്‍ശകന്‍, ഗ്രന്ഥകാരന്‍, പത്രാധിപര്‍, ഗാന്ധിയന്‍ ചിന്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഇതിലേതു നിലയിലാണ് അദ്ദേഹം കൂടുതല്‍ തിളങ്ങിയത് എന്ന കാര്യത്തിലേ തര്‍ക്കമുണ്ടാവൂ.
വാക്കുകളിലായാലും ജീവിതത്തിലായാലും കാപട്യങ്ങള്‍ക്കും ദൌര്‍ബല്യങ്ങള്‍ക്കുമെതിരേ മുഖംനോക്കാതെ ആഞ്ഞടിക്കാനുള്ള ആത്മബലം എന്നും അദ്ദേഹം പ്രകടിപ്പിച്ചു. യാഥാര്‍ഥ്യബോധം കൈവിട്ടുള്ള ഈ വിമര്‍ശനം ചിലപ്പോള്‍ കുറേ ശത്രുക്കളെയും അദ്ദേഹത്തിനു നേടിക്കൊടുത്തു എന്നതു വസ്തുതയാണ്. സത്യമെന്നു തനിക്കു ബോധ്യമുള്ളവ അദ്ദേഹം വെട്ടിത്തുറന്നുതന്നെ പറഞ്ഞു. മുഖം നോക്കാതെ ആളുകളോട് ഏറ്റുമുട്ടി. മനസില്‍ കള്ളങ്ങളില്ലാത്ത ഋജുബുദ്ധി ആയതുകൊണ്ടാവാം അടുത്തു ബന്ധപ്പെട്ടിട്ടുള്ളവരോടുപോലും അദ്ദേഹം കലഹിച്ചിട്ടുണ്ട്. നിലപാടുകളായിരുന്നു അദ്ദേഹത്തിനു പ്രധാനം. അതേസമയം, കാലാനുസൃതമായി നിലപാടുകളില്‍ മാറ്റം വരുത്താനുള്ള പക്വത പ്രകടിപ്പിക്കാനും അദ്ദേഹം തയാറായി.
മാരകമായ രോഗം തന്നെ പിടികൂടിയെന്നറിഞ്ഞപ്പോള്‍ ആ ചികിത്സാകാലം അനുരഞ്ജനത്തിനും മാനസിക നവീകരണത്തിനുമുള്ള അവസരം കൂടിയായി അദ്ദേഹം മാറ്റിയെടുത്തു. മനഃപൂര്‍വമായോ അല്ലാതെയോ താന്‍മൂലം വേദന അനുഭവിക്കേണ്ടിവന്നവരോടെല്ലാം അദ്ദേഹം മാപ്പുചോദിച്ചു. തന്നെ വേദനിപ്പിച്ചവരോടെല്ലാം ക്ഷമിച്ചു. മരണത്തെ രണ്ടുകൈയുംനീട്ടി സ്വീകരിക്കാന്‍ ഒരുങ്ങിയതുപോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ഒരു ജീവിതകാലം മുഴുവന്‍ സംസ്കൃതിയെ പോഷിപ്പിച്ചതിന്റെ തിളക്കവും സംതൃപ്തിയും അസ്തമയസമയത്ത് ആ സൂര്യമുഖത്തു പ്രതിഫലിക്കുന്നുണ്ടായിരുന്നു.
പ്രൌഢഗംഭീരമായ നിരവധി ലേഖനങ്ങളിലൂടെ ദീപികയുടെ താളുകളെ സമ്പന്നമാക്കാന്‍ ഡോ. സുകുമാര്‍ അഴീക്കോട് സന്നദ്ധനായതു കൃതജ്ഞതയോടെ ഞങ്ങള്‍ സ്മരിക്കുന്നു. മലയാള സാഹിത്യ- സാംസ്കാരിക മണ്ഡലത്തിലെ രാജഗുരുവിനു ഞങ്ങളുടെ ആദരാഞ്ജലി.

No comments:

Post a Comment