Tuesday, January 24, 2012

പറയുന്നതാണു വാക്കെങ്കില്‍, വാക്കിന്റെ യഥാര്‍ഥമായ കല പ്രഭാഷണം ആണ്‌ ഡോ.സുകുമാര്‍ അഴീക്കോട്‌

പറയുന്നതാണു വാക്കെങ്കില്‍, വാക്കിന്റെ യഥാര്‍ഥമായ കല പ്രഭാഷണം ആണ്, സാഹിത്യമല്ല. പ്രസംഗം എന്നാണു നാം ഉപയോഗിച്ചുവരാറുള്ള പദം. ഭാഷണം എന്ന അര്‍ഥം അതിനില്ല. എങ്കിലും പ്രസംഗം, പ്രസംഗിക്കുക, പ്രാസംഗികന്‍ എന്നീ വാക്കുകള്‍ പ്രചുരപ്രയോഗംമൂലം ഭാഷയില്‍ പ്രഭാഷണാര്‍ഥത്തില്‍ ഉറച്ചുപോയിരിക്കുന്നു. വാക്കിന് അധിദേവതയുണ്ടെങ്കില്‍, ആ വാഗ്‌ദേവിയുടെ കൃപാകടാക്ഷം നിങ്ങളെ ധീരോദാരവാക്കായ പ്രഭാഷകനാക്കിത്തീര്‍ക്കുകയാണു വേണ്ടത്, കവിയോ സാഹിത്യകാരനോ ആക്കുന്നതിനുമുന്‍പ്. ആ ദുഷ്പ്രാപയായ ദേവതയുടെ അനുഗ്രഹത്തിനുവേണ്ടി:
വാരിധി തന്നില്‍ തിരമാലകളെന്നപോലെ
ഭാരതീ പദാവലി തോന്നണം കാലേ കാലേ
എന്നിങ്ങനെ എന്നും പ്രാര്‍ഥിച്ചുപോന്നിട്ടുണ്ട്. കവികളും സാഹിത്യകാരന്മാരും ലോകത്തിലെ മികച്ച പ്രാസംഗികരുടെ ഉള്ളില്‍ എന്നും മുഴങ്ങിക്കൊണ്ടു നിന്നിട്ടുള്ള ഒരേയൊരു പ്രാര്‍ഥനയാണ് ഇത്. വാണീമാതാവിന്റെ ദയാമൃതധാരയുടെ ദിവ്യപ്രചോദനത്താല്‍ നാവിന്‍തുമ്പത്തുനിന്ന് അനശ്വരവചസ്സുകള്‍ നൃത്തമാടുവാനും അതിന്റെ ലഹരിയില്‍പ്പെട്ടു ശ്രോതൃഹൃദയങ്ങള്‍ അരയാലിലപോലെ അവിരതസ്​പന്ദംകൊള്ളുന്നതു കണ്ട് അന്തരാത്മാവ് പുളകമണിയുവാനും ആശിക്കാത്തവര്‍ ഈ ലോകത്തില്‍ വളരെയുണ്ടാവില്ല. രോഗശയ്യയ്ക്കും തപോവാടത്തിനും വെളിയിലുള്ള ഉത്കര്‍ഷേച്ഛുക്കളായ എല്ലാ മനുഷ്യരും തങ്ങളുടെ വികാരവിചാരങ്ങളുടെ പ്രവാഹസരണിയിലൂടെ മറ്റു മനുഷ്യര്‍ പ്രയാണംചെയ്തു കാണണമെന്ന് ഉത്കടമായി ആഗ്രഹിക്കുന്നവരായിരിക്കും. സനാതനവും അനിരോധ്യവുമായ ആ ആഗ്രഹത്തിന്റെ ദുര്‍ലഭമായ സാഫല്യമാണ് പ്രസംഗകല നിങ്ങള്‍ക്കു വാഗ്ദാനംചെയ്യുന്നത്.


മഹാപുരുഷന്മാര്‍ക്കുപോലും വരേണ്യമായ ഈ കല പ്രശംസിക്കപ്പെടുന്ന തീവ്രതയോടെ അഭിശംസിക്കപ്പെട്ടിട്ടുമുണ്ട്. പ്രഭാഷണത്തിനെതിരായുള്ള- എന്നല്ല, സാധാരണഭാഷണത്തിനുതന്നെ എതിരായിട്ടുള്ള - പ്രചുരപ്രചാരമായ പ്രവാദം 'മൗനം സ്വര്‍ണമാണ്' എന്ന ജര്‍മന്‍ പഴഞ്ചൊല്ലാണ്. അതനുസരിച്ച്, ഭാഷണം വെള്ളിയാവണം. സ്വര്‍ണം വിട്ടു വെള്ളികൊണ്ട് ഇടപാടു നടത്തുന്ന സാമാന്യമനുഷ്യനെ നന്നായി കളിയാക്കുന്നുണ്ട് ഈ ചൊല്ല്. പക്ഷേ, 'മൗനം മന്ദനു ഭൂഷണം' എന്ന വേറൊരു ചൊല്ലുമുണ്ടല്ലോ. വിവേകശാലി സംസാരിക്കണം എന്നാണ് ഈ ചൊല്ലിന്റെ പൊരുള്‍. വങ്കന്‍ മിണ്ടിയാലേ കുഴപ്പമുള്ളൂ. പഴഞ്ചൊല്ലുകളുടെ ഈ തല്ല് തെല്ലു രസകരംതന്നെ. സംസാരിക്കുന്നതില്‍ പിഴവ് വന്നേക്കുമെന്നുവെച്ചു സംസാരിക്കുന്നതേ ശരിയല്ലെന്നു വാദിക്കുന്നതിലും എത്രയോ യുക്തിപൂര്‍വം, ബുദ്ധിപൂര്‍വമായി സംസാരിക്കണമെന്നു വാദിക്കുന്നതാണ്. പ്രാചീനഭാരതീയര്‍ മൗനത്തിനു ലോകത്തിലെ മറ്റേതു ജനതയേക്കാളും പ്രാധാന്യം കല്പിച്ചവരായിരുന്നു. സംശയം ചോദിച്ച ശിഷ്യനോടു മിണ്ടാതെ സംശയപരിഹാരംചെയ്ത ഗുരുക്കന്മാരായിരുന്നു അന്നത്തെ അവര്‍. 'ഗുരോസ്തു മൗനം വ്യാഖ്യാനം' എന്നാല്‍, ലൗകികകാര്യങ്ങളിലല്ല, ആത്മീയകാര്യങ്ങളിലാണ് അവര്‍ മൗനവ്രതരായിരുന്നത് എന്നു വിശേഷിച്ച് ഓര്‍ക്കേണ്ടതുണ്ട്. ലൗകികത്തില്‍ 'സംസാരം നിസ്സാരം' അല്ല.


അവനവനു തെറ്റെന്നു തോന്നുന്ന ആശയം, അതു തെറ്റെന്ന് അറിവുള്ള ആളുകളെക്കൊണ്ട് അംഗീകരിപ്പിക്കുന്ന വാഗ്ജാലപ്രയോഗത്തിന്റെ വിദ്യ ആണ് പ്രസംഗം എന്നു പൊതുവില്‍ ഒരാക്ഷേപമുണ്ട്. 'പ്രസംഗത്തിന്റെ ഉന്നം സത്യമല്ല, വശീകരിക്കലാണ്' എന്നു മെക്കോളെ ഏതന്‍സിലെ പ്രാസംഗികന്മാര്‍ (അവേലിശമി ഛൃമീേൃ)െ എന്ന പ്രബന്ധത്തില്‍ പറയുമ്പോള്‍ അദ്ദേഹം ആ ആക്ഷേപത്തിനു പിന്തുണ നല്കുകയാണു ചെയ്യുന്നത്. പ്രസംഗകലയുടെ ഉത്തമസ്ഫുരണങ്ങള്‍ക്കു ബാധകമല്ല ഈ ആക്ഷേപം എന്നുമാത്രം പറഞ്ഞുകൊള്ളുന്നു. എന്തും ചീത്തയാവും; ചീത്തയായാല്‍ പ്രസംഗമെന്നല്ല സമസ്തവും ചീത്തതന്നെ.


ഈ ആക്ഷേപങ്ങളും അവയ്ക്കു പ്രേരകങ്ങളായ പ്രസംഗാഭാസങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍, നമ്മുടെ ശ്രദ്ധ പിടിച്ചുനിര്‍ത്തുന്നത് വാഗീശരായ പ്രാസംഗികരുടെ മഹാപ്രഭാഷണങ്ങളെ സംബന്ധിച്ചുള്ള വിഖ്യാതങ്ങളായ കഥകളത്രേ. സാഹിത്യം, സംഗീതം മുതലായ കലകളുടെ ഉന്നമ്രശക്തിയെപ്പറ്റി സഹൃദയജനങ്ങള്‍ക്കിടയില്‍ പ്രചാരമുള്ള കഥകള്‍ പലതുണ്ടല്ലോ. അവയെ വെല്ലുന്ന അപദാനങ്ങള്‍ പ്രസംഗകലയ്ക്കു സമര്‍പ്പിക്കുവാനുണ്ട്. അവ വായിച്ചാല്‍ 'മനുഷ്യരുടെ മനസ്സുകളെ ഭരിക്കുന്നതിന്റെ കലയാണ് പ്രസംഗകല' എന്ന് പ്ലേറ്റോവിനൊപ്പം ആരും സമ്മതിച്ചുപോകും.


പ്രസംഗകലയുടെ ഐന്ദ്രജാലികസിദ്ധികള്‍ക്ക് ഏറ്റവും മികച്ച നിദര്‍ശനം, പണ്ടെന്നതുപോലെ ഇന്നും, പ്രാചീനഗ്രീസിലെ ഡമൊസ്തനിസ് ആണ്. ലോകജേതാവായ അലക്‌സാണ്ടറുടെ പിതാവായ ഫിലിപ്പിനെതിരായി പ്രസംഗിച്ചു മറ്റൊരു ലോകജേതാവായി മാറിയ വാക്പതിയാണ് അദ്ദേഹം. വിക്കനായിരുന്ന അദ്ദേഹം ഉപയോഗിച്ചത്ര സുശക്തമായും സുന്ദരമായും വാക്കുകള്‍ പ്രയോഗിക്കുവാന്‍ വിക്കില്ലാത്തവര്‍ക്കുപോലും അന്നോ പിന്നീടോ സാധിച്ചിരുന്നില്ല. ഫിലിപ്പിനെതിരായി എണ്‍പതില്പരം പ്രഭാഷണങ്ങള്‍ ചെയ്ത അദ്ദേഹം, ഫിലിപ്പ് സ്ഥാപിച്ച സാമ്രാജ്യത്തെക്കാള്‍ വിപുലവും അനശ്വരവും മനോഹരവുമായ ആശയങ്ങളുടെ മറ്റൊരു അദൃശ്യസാമ്രാജ്യം സൃഷ്ടിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് അംഗീകരണവും ഒരു പാരിതോഷികവുമെന്ന നിലയ്ക്ക് ആതന്‍സുകാര്‍ അദ്ദേഹത്തിന് ഒരു കനകകോടീരം ഉപഹാരമായി നല്കുവാന്‍ നിശ്ചയിച്ചപ്പോള്‍ ആ ഉദ്യമത്തെ എതിര്‍ത്ത എയ്‌സ് കൈന്‍സ് എന്ന നടന് മറുപടി നല്കിക്കൊണ്ട് അദ്ദേഹം ചെയ്ത പ്രസംഗമാണ് അദ്ദേഹത്തിന്റെ ഉത്തമവും അത്യുജ്ജ്വലവുമായ പ്രസംഗം എന്നു പറയപ്പെടുന്നു. പ്രാചീനലോകത്തിലെ മഹത്തമമായ പ്രസംഗവും അതാണത്രേ.
ഡമൊസ്തനിസ്സിനോളം എത്തുകയില്ലെങ്കിലും പ്രാചീനറോമിലെ ഏറ്റവും മഹാനായ പ്രാസംഗികനാണ് ആദര്‍ശശാലിയായ സിസറോ - മാര്‍ക്കസ്സ് ടള്ളിയസ് സിസറോ. അദ്ദേഹത്തിന്റെ അന്‍പത്തേഴ് പ്രസംഗങ്ങള്‍, വാഗ്‌ദേവതയുടെ വിലാസരംഗങ്ങളായും ആ ദേവതയുടെ ആരാധകന്മാര്‍ക്ക് അന്തഃപ്രചോദനങ്ങളായും ഇന്നും അവശേഷിച്ചിരിപ്പുണ്ട്. കാറ്റിലൈന്‍ എന്ന രാജ്യവഞ്ചകനും പ്രസിദ്ധനായ മാര്‍ക്ക് ആന്റണിക്കും എതിരായി അദ്ദേഹം ചെയ്ത പ്രഭാഷണങ്ങള്‍ സാഹിത്യഭംഗിക്കു പേര്‍ കേട്ടവയാണ്. ആന്റണി അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം കൊല്ലപ്പെട്ടു. ഡമൊസ്തനിസ്സിനെപ്പോലെ അദ്ദേഹവും ശത്രുക്കളാല്‍ വേട്ടയാടപ്പെട്ടാണു മരണമടഞ്ഞതെങ്കിലും ആ നിഷ്‌കണ്ടകന്മാരെക്കാള്‍ വിശ്വപൂജയ്ക്ക് അവകാശികളായി പ്രകാശിച്ചുനില്ക്കുന്നത് ആ രണ്ടു മഹാത്മാക്കള്‍തന്നെയാണ്.


പതിനെട്ടാംനൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ രാഷ്ട്രീയം ഉദയംകൊള്ളിച്ച മൂന്നു പ്രഭാഷണതാരങ്ങളത്രേ എഡ്മണ്ട് ബര്‍ക്ക്, ചാറല്‍സ് ജെയിംസ് ഫോക്‌സ്, റിച്ചാര്‍ഡ് ബ്രിന്‍സ്‌ലി ഷറിഡന്‍ എന്നിവര്‍. പ്രസംഗവൈഭവംമൂലം അപദാനവിഷയങ്ങളായിത്തീര്‍ന്നവരാണ് ഈ മൂവരും. അനേകം പ്രസിദ്ധ പ്രസംഗങ്ങള്‍ ചെയ്തവരാണ് ഇവരെങ്കിലും, ഇന്ത്യയുടെ വൈസ്രോയിയായിരുന്ന വാറന്‍ ഹേസ്റ്റിങ്‌സിനെതിരായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇവര്‍ ചെയ്ത പ്രസംഗങ്ങളാണു ചിരസ്മരണീയങ്ങളായിത്തീര്‍ന്നത്. ബര്‍ക്കിന്റെ പ്രസംഗം പാര്‍ലമെന്റിന്റെ ചുവരുകളെയും മേല്ത്തട്ടിനെയും കിടിലംകൊള്ളിക്കുന്ന ശൈലിയില്‍ ഉയര്‍ന്നപ്പോള്‍ കേട്ടിരുന്ന ചിലര്‍ ബോധംകെട്ടു വീണുപോയത്രേ. എന്നാല്‍, അമേരിക്കന്‍ കോളനികളുടെ സ്വാതന്ത്ര്യത്തെപ്പറ്റി ഇദ്ദേഹം ചെയ്ത പ്രസംഗമാണു കൂടുതല്‍ മഹനീയം. ഷെരിഡന്റെ 'ഇംപീച്ച്‌മെന്റ്' പ്രസംഗം കേട്ട ഒരു ഹേസ്റ്റിങ്‌സ് പക്ഷപാതി, നാലര മണിക്കൂര്‍ നീണ്ടുനിന്ന ആ പ്രസംഗത്തിന്റെ ഒടുവില്‍ തികഞ്ഞൊരു ഹേസ്റ്റിങ്‌സ് വിരോധിയായി മാറി, ഹേസ്റ്റിങ്‌സിനെ തെറിവിളിച്ചു തുടങ്ങിയെന്ന കഥ കേട്ടിട്ടുണ്ട്. എത്രയോ പേര്‍ ആ പ്രസംഗം കേട്ടു കരഞ്ഞുപോയിരുന്നു. ഇവര്‍ രണ്ടുപേരും അയര്‍ലണ്ടുകാരാണ്. അയര്‍ലണ്ട് പ്രസംഗത്തിനും നാടകത്തിനും പേര്‍ കേട്ടിരിക്കുന്നു. ആംഗലസാഹിത്യത്തില്‍ ഉയര്‍ന്ന കവിതയുടെയും നാടകത്തിന്റെയും അടുത്തു സ്ഥാനം നേടിയ പ്രഭാഷണങ്ങള്‍ ബര്‍ക്കിന്റേതുമാത്രമാണ്. കേള്‍വിക്കാര്‍ക്ക് അവ ചിലപ്പോള്‍ അറുമുഷിപ്പനായിരുന്നുവെന്നു പറയപ്പെടുന്നു. ഫോക്‌സും പിറ്റും ഷെരിഡനും കൂടുതല്‍ ശ്രവണവൈഭവമുള്ള പ്രാസംഗികരാണ്. പക്ഷേ, നല്ല പ്രാസംഗികന്‍, നല്ല നടനെയും ഗായകനെയും പോലെ, പില്ക്കാലത്തു വെറും ഒരു ഓര്‍മ മാത്രമാണ്. അങ്ങനെ ഇക്കാലത്ത് ഇവയെല്ലാം വെറും ഓര്‍മകളായി അവശേഷിക്കുന്നു - അവരെല്ലാം എത്ര വലിയ പ്രതിഭാശാലികളായിരുന്നിട്ടുപോലും.


അമേരിക്കയുടെ സ്വാതന്ത്ര്യസമരകാലത്തും അതിനെത്തുടര്‍ന്നും വിശ്വോത്തരരായ കുറെ പ്രാസംഗികന്മാര്‍ അവിടെ അവതരിക്കുകയുണ്ടായി. പാട്രിക് ഹെന്റി, ഹെന്റി ക്ലേ, ഡാനിയല്‍ വെബ്സ്റ്റര്‍ എന്നിവരുടെ പേരുകള്‍ രോമാഞ്ചത്തോടുകൂടി മാത്രമേ ഇന്നും അമേരിക്കക്കാര്‍ ഓര്‍ക്കുകയുള്ളൂ. 'എനിക്ക് സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം തരിക' എന്ന പാട്രിക് ഹെന്റിയുടെ ചൊല്ല് ഭുവനപ്രഥിതമാണ്. ഹെന്റി ക്ലേ അടിമപ്രശ്‌നത്തെക്കുറിച്ചു രണ്ടു ദിവസം നീണ്ടുനിന്നൊരു മഹാപ്രസംഗം ചെയ്തതാണ് ഒടുവില്‍ അദ്ദേഹത്തിന്റെ ചരമത്തിനു കാരണമായി കലാശിച്ചത്. എന്നാല്‍, അമേരിക്കയുടെ 'നമ്പര്‍ വണ്‍' പ്രാസംഗികന്‍ ഇവരാരുമല്ല, ഡാനിയല്‍ വെബ്സ്റ്ററാണ്. ഡമൊസ്തനിസ്സിന്റെ പ്രസംഗങ്ങളോടു കിടപിടിക്കുന്ന ചില പ്രസംഗങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്നു പറയപ്പെടുന്നു. 'പശ്ചിമഭൂഖണ്ഡത്തിലെ ഏറ്റവും മഹാനായ പ്രാസംഗികന്‍' എന്ന പ്രശസ്തി അദ്ദേഹം നേടിയെടുത്തു. അവിശ്വസനീയങ്ങളായ എത്രയോ കഥകള്‍ അദ്ദേഹത്തിന്റെ പ്രസംഗവൈഭവത്തെപ്പറ്റി അമേരിക്കക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. പണ്ട് മോസസ്സിനെന്നപോലെ, ഇദ്ദേഹത്തിന്റെ പ്രഭാഷണം കേട്ട് ഇദ്ദേഹത്തിന് ഒരു പുഴ വഴിയുണ്ടാക്കിക്കൊടുത്തുവെന്നാണ് ഒരു കഥ.


സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യക്കാരുടെ വെടിയുണ്ടകളായി അനുഗൃഹീതരായ ചില പ്രാസംഗികന്മാര്‍ പ്രവര്‍ത്തിക്കുകയുണ്ടായി. 'ബംഗാളിന്റെ ഇടിനാദം' എന്നു പ്രഖ്യാതനായ സുരേന്ദ്രനാഥ ബാനര്‍ജി, സിംഹഗര്‍ജനപ്രഭാവനായ ബിപിന്‍ ചന്ദ്രപാല്‍, വാണീദേവിയുടെ അവതാരമെന്നു പുകള്‍കൊണ്ട ആനിബെസന്റ് മുതലായവരുടെ ജിഹ്വകള്‍ ഈ നാടിന്റെ ഏറ്റവും മൂര്‍ച്ചയേറിയ സമരായുധങ്ങളായിരുന്നു. അവിസ്മരണീയനായ മറ്റൊരു പ്രഭാഷകന്‍ അണ്ണാമല സര്‍വകലാശാലയുടെ സ്ഥാപകനും ഭാരത സേവാസംഘത്തിന്റെ നേതാവുമായിരുന്ന വി.എസ്. ശ്രീനിവാസശാസ്ത്രി ആണ്. ഇംഗ്ലീഷുകാര്‍ക്കിടയില്‍പ്പോലും ഇത്ര സുന്ദരമായി ഇംഗ്ലീഷില്‍ പ്രസംഗിക്കാന്‍ പ്രാഗല്ഭ്യമുള്ള ആളുകള്‍ ഉണ്ടായിരുന്നില്ലത്രേ. വാല്മീകിയുടെ രാമായണത്തെപ്പറ്റി അദ്ദേഹം മദിരാശിയില്‍വെച്ചു ചെയ്ത ആ സുദീര്‍ഘമായ പ്രസംഗപരമ്പര അഖിലഭാരതപ്രശസ്തി നേടുകയുണ്ടായി. കാവ്യാത്മകതകൊണ്ട് സുശ്രവമായ പ്രസംഗംചെയ്തു പേരു നേടിയ ഒരു പ്രഭാഷകയായിരുന്നു സരോജിനീനായിഡു. ഡോക്ടര്‍ രാധാകൃഷ്ണന്റെ തത്ത്വശാസ്ത്ര പ്രഭാഷണങ്ങള്‍ കിഴക്കെന്നപോലെ പടിഞ്ഞാറും പ്രശസ്തി ആര്‍ജിച്ചവയായിരുന്നു.


പക്ഷേ, പ്രഭാഷണംകൊണ്ടു വിശ്വവിജയം നേടിയ ഒരേയൊരു ഭാരതീയന്‍ ഇവരാരുമല്ല, ഒരു സംന്യാസിയാണ്-സ്വാമി വിവേകാനനന്ദന്‍. 1893-ല്‍ ചിക്കാഗോവില്‍ ചേര്‍ന്ന ലോകമതസമ്മേളനത്തില്‍ വിവേകാനന്ദന്‍ ചെയ്ത പ്രസംഗവും അതിനെത്തുടര്‍ന്ന് അദ്ദേഹം അമേരിക്കയിലും ഇംഗ്ലണ്ടിലും നടത്തിയ വചോജൈത്രയാത്രയും പ്രഭാഷണകലയുടെ ചരിത്രത്തിലെ അനുപമമായ ഒരിതിഹാസമായി ഇന്ന് കിഴക്കും പടിഞ്ഞാറും ഓര്‍മിക്കപ്പെടുന്നു. 'മാനുഷികമായ വാഗ്മിത്വത്തിന്റെ അത്യുന്നതസ്ഥാനം' എന്നും 'ദൈവികനിയോഗത്താല്‍ പ്രാസംഗികനായ മഹാന്‍' എന്നു മറ്റുമാണ് അമേരിക്കയിലെ സാഹിത്യകാരന്മാരും വിജ്ഞാനനേതാക്കളും സ്വാമിജിയെ ഉടനീളം വാഴ്ത്തിയത്. വാക്കിന്റെ ദിവ്യമായ മഹിമയെ പൂര്‍ണമായി മനസ്സിലാക്കി അതിന്റെ ചൈതന്യത്തെ സാക്ഷാത്കരിച്ച ആളായിരുന്നു സ്വാമികള്‍. 'വാക്ക് എന്തൊരു അത്ഭുതശക്തിയാണ്? എന്ന് സ്വാമിജി ഒരവസരത്തില്‍ പറഞ്ഞു. ലോകാചാര്യന്മാര്‍ വാഗധിപതികളായിരിക്കുമെന്നു മറ്റൊരു പ്രശസ്തഭാഷണത്തില്‍ അദ്ദേഹം വിശദീകരിച്ചു. അവരുടെ വാക്ക് ബോംബുപോലെ പൊട്ടിത്തെറിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹം ഇത്തരത്തില്‍പ്പെടുന്ന ഒരു വചനനായകനായിരുന്നു.


ഇംഗ്ലണ്ടിന്റെ ചര്‍ച്ചിലും ജര്‍മനിയുടെ ഹിറ്റ്‌ലറുമാണ് പ്രഭാഷകന്റെ ദുര്‍ജയമായ ശക്തികൊണ്ടു രാഷ്ട്രീയനേതൃത്വത്തെ അധൃഷ്യമാക്കിത്തീര്‍ത്ത രണ്ട് ആധുനികര്‍. ഹിറ്റ്‌ലര്‍ 'ആധുനികയുഗത്തിലെ ഡമൊസ്തനിസ്' ആണെന്ന് വിളികൊണ്ടു. ജര്‍മന്‍ജനതയെ ദശാബ്ദങ്ങളോളം മൂക്കിനു കയറിട്ടു നടത്തിച്ചത്, ഹിറ്റ്‌ലറുടെ വികാരാവേശഭ്രാന്തമായ ഘോരശബ്ദമായിരുന്നു. ജര്‍മന്‍കാരെ വളരെക്കാലം അദ്ദേഹത്തിന്റെ വികാരവിജൃംഭിതങ്ങളായ വാക്കുകള്‍ 'ഹിപ്‌നോട്ടൈസ്' ചെയ്തുവെന്നാണു പല ചരിത്രകാരന്മാരും പറഞ്ഞിട്ടുള്ളത്. ശബ്ദവും നോട്ടവും ചേഷ്ടയുമെല്ലാം പ്രഗല്ഭമായ പരിശീലനംവഴി ഏറ്റവും ഫലപ്രദമായി പ്രയോഗിക്കാന്‍ ഹിറ്റ്‌ലറിനു സാധിച്ചു. എത്രതന്നെ തെറ്റായാലും ശരി, ജര്‍മനിയുടെ മഹിമ ഉദ്ധരിക്കുക എന്ന ലക്ഷ്യം നേടണമെന്ന തീവ്രമായ ആഗ്രഹം ആണ് ഹിറ്റ്‌ലറുടെ വാക്കിനെ ഇത്രമാത്രം ചുട്ടുപഴുത്ത ഒരു തീയുണ്ടയാക്കി മാറ്റിയതെന്നു പറയാതെ തരമില്ല. അതിനെ നേരിടാന്‍ ഇംഗ്ലീഷ് ചാനലിന്റെ മറുവശത്തുനിന്ന് ചര്‍ച്ചിലിന്റെ സ്വരം പൊങ്ങി. 'നിങ്ങള്‍ക്കു ചോരയും ക്ലേശവും കണ്ണീരും വിയര്‍പ്പും മാത്രമേ എനിക്കു തരുവാനുള്ളൂ' എന്നു മറ്റൊരു മഹാസൈനികനേതാവായ ഹാനിബാളിന്റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട്, ചര്‍ച്ചില്‍ ചെയ്ത യുദ്ധകാലപ്രസംഗം എത്രയെത്ര സംശയാലുക്കളുടെ ഹൃദയങ്ങളെ കാരിരുമ്പിനു തുല്യമാക്കി ശക്തിപ്പെടുത്തുകയുണ്ടായില്ല! 'ഞങ്ങള്‍ കടപ്പുറത്തുവെച്ചു യുദ്ധംചെയ്യും; ഞങ്ങള്‍ വയലുകളിലും തെരുവുകളിലും വെച്ചു യുദ്ധംചെയ്യും, ഞങ്ങള്‍ കുന്നിന്‍പുറങ്ങളില്‍വെച്ച് യുദ്ധംചെയ്യും' എന്ന് ചര്‍ച്ചില്‍ 1940 ജൂണ്‍ 4-ാം തീയതി കോമണ്‍സ് സഭയില്‍വെച്ചു പ്രസംഗിച്ചപ്പോള്‍, അന്നുവരെ ആലസ്യവതിയായി താണുകിടന്ന ആംഗലമേദിനി, ഒരു അഭിനവദുര്‍ഗയെപ്പോലെ സര്‍വായുധപാണിയായി, സ്വേച്ഛാധിപത്യം തോറ്റ് തറപറ്റുന്നതുവരെ അടരാടുകയുണ്ടായി. ആധുനികദശയിലെ വീരസ്മരണകളില്‍ ഒന്നാണ് ഇംഗ്ലണ്ടിന്റെ ഈ സമരചരിത്രം. ഇതുപോലെ അത്യുജ്ജ്വലമായ മറ്റൊരു പ്രസംഗം ചര്‍ച്ചില്‍ ചെയ്തത് അതേ സഭയില്‍വെച്ച് അതേ വര്‍ഷം അതേ മാസം 18-ാം തീയതി ആണ്. ആശയദീപ്തികൊണ്ടും ഭാവനാമഹിമകൊണ്ടും വികാരതീവ്രതകൊണ്ടും ശാശ്വതയശസ്സ് നേടിയെടുത്ത ഒരു വചനശില്പതല്ലജമാണ് ആ പ്രസംഗം. അതിലെ ഏറ്റവും മഹത്തായ വാക്യം ഒടുവിലത്തേതുമായിരുന്നു. ചര്‍ച്ചില്‍ ഇങ്ങനെ പ്രസംഗം ഉപസംഹരിച്ചു: ബ്രിട്ടീഷ് സാമ്രാജ്യവും അതിന്റെ കോമണ്‍വെല്‍ത്തും ആയിരം കൊല്ലം നിലനില്ക്കുമെങ്കില്‍, 'ഇതായിരുന്നു അവരുടെ ഏറ്റവും ഭാസുരമായ മുഹൂര്‍ത്തം' എന്ന് അന്നും ജനങ്ങള്‍ പറയത്തക്കവണ്ണം നമുക്കു കര്‍ത്തവ്യങ്ങള്‍
നിറവേറ്റുവാന്‍ തയ്യാറാവുക.' ബ്രിട്ടീഷ് സാമ്രാജ്യം ആയിരം കൊല്ലം ജീവിച്ചില്ല; എങ്കിലും ആ വാക്യം എത്രയായിരം കൊല്ലം കഴിഞ്ഞാലാണു മരിക്കുക? ഇതായിരുന്നു ചര്‍ച്ചില്‍ ഉച്ചരിച്ച ഏറ്റവും ഉജ്ജ്വലമായ വാക്യം!


എങ്ങനെയാണ് ഡമൊസ്തനിസ്സിനെയും ചര്‍ച്ചിലിനെയും പോലെ ഹൃദയവേധികളായ പ്രസംഗങ്ങള്‍ ചെയ്യുവാന്‍ കഴിയുക? ചോദ്യം എളുപ്പത്തില്‍ തീര്‍ന്നിരുന്നുവെങ്കിലും അത്രയെളുപ്പമല്ല ഉത്തരം- ഉത്തരം ഉണ്ടെങ്കില്‍! ഉത്തമനായ പ്രാസംഗികന്‍, ഉത്തമരായ മറ്റെല്ലാ കലാകാരന്മാര്‍ക്കുമൊപ്പം, ഉണ്ടാകുന്നവനാണ്, ഉണ്ടാക്കപ്പെടുന്നവനല്ല. പക്ഷേ, നാക്കുള്ള ആരിലും ഒരു കലാകാരനുള്ളതുപോലെ ആ ആന്തരപ്രാസംഗികനെ വളര്‍ത്തിക്കൊണ്ടുവരുവാന്‍ ചില തത്ത്വങ്ങള്‍ ദീക്ഷിച്ചാല്‍കൊള്ളാം.


പ്രസംഗം ശ്രോതാക്കളുടെ ഹൃദയത്തില്‍ കടത്തുകയാണ് പ്രാസംഗികന്റെ ഏറ്റവും പ്രധാനമായ ലക്ഷ്യം. അതിനു പ്രാസംഗികന്‍ താന്‍തന്നെ വിഷയത്തില്‍ കടക്കണം. അതിനുമുന്‍പ്, വിഷയം പ്രാസംഗികനില്‍ കടന്നിരിക്കുകയും വേണം. വിഷയം തന്റെ ഉള്ളില്‍ കടന്നിട്ടില്ലാത്ത പ്രാസംഗികനു വിഷയത്തില്‍ കടക്കാനും അയാളുടെ പ്രസംഗം ശ്രോതൃഹൃദയങ്ങളില്‍ കടത്താനും പ്രയാസപ്പെടേണ്ടിവരും. അപ്പോള്‍ പ്രസംഗം നന്നാവാന്‍ വേണ്ട പ്രഥമവും പരമപ്രധാനവുമായ സംഗതി താന്‍ സംസാരിക്കുന്ന വിഷയത്തെപ്പറ്റി പ്രാസംഗികനില്‍ ഉണ്ടായിരിക്കേണ്ട ആത്മാര്‍ഥവും ഹൃദയപൂര്‍വവും അഗാധവുമായ ബോധവും സ്‌നേഹവുമാണ്. 'ഹൃദയത്തിന്റെ പൂര്‍ണതയില്‍നിന്നു മുഖം സംസാരിക്കുന്നു' എന്നു മത്തായിയുടെ സുവിശേഷം പ്രസംഗിക്കുന്നു. ഹൃദയനിര്‍ഗതമല്ലാത്ത വാക്ക് ഹൃദയപേശിയാവുകയില്ല. അത് അന്തരീക്ഷത്തെ ഞെട്ടിച്ചേക്കാം. താന്‍ പറയുന്നതിനു വേണ്ടി പ്രാണന്‍പോലും ഉഴിഞ്ഞുവെക്കാനുള്ള വൈകാരികധീരതയാണ് ഡമൊസ്തനിസ്സിനെയും വെബ്സ്റ്ററെയും ഹിറ്റ്‌ലറെയും ശ്രോതൃചിത്തനായകന്മാരാക്കിത്തീര്‍ത്തത്.


ആത്മാര്‍ഥതാജന്യമായ ഈ വൈകാരികധീരതയില്‍നിന്നാണ് പ്രാസംഗികന് ആത്മവിശ്വാസം ജനിക്കുന്നത്. ആത്മവിശ്വാസമില്ലാതെ സദസ്സിനെ നേരിടുന്നവന്റെ തൊണ്ട വരണ്ട് തടി തളര്‍ന്ന്, മുട്ടു വിറച്ച്, ഒച്ചയടച്ച്, ഒരു അഭിനവപാര്‍ഥനെപ്പോലെ അവന്റെ വാഗസ്ത്രങ്ങള്‍ താഴെ വീണുപോകും. വിവക്ഷിതമായ വിഷയത്തെക്കുറിച്ചു താന്‍ പറയുന്നതു സത്യമാണെന്നു മാത്രമല്ല, അതിനെപ്പറ്റി താനാണു പറയേണ്ടത് എന്ന ബോധംകൂടി പ്രഭാഷകന്റെ ഹൃദയത്തില്‍ നിരൂഢമായിരിക്കണം. തനിക്കു പ്രസ്തുതവിഷയത്തെപ്പറ്റി ഉറച്ച ജ്ഞാനമുണ്ടെന്ന സത്യസന്ധമായ ധാരണയുണ്ടെങ്കില്‍ പ്രാസംഗികനെ ഒരിക്കലും രംഗഭീതി (ടമേഴല ളൃശഴവ)േ എന്ന മഹാഭീതി അലട്ടുകയില്ല. ചിലര്‍ പറയാറുണ്ട്, നല്ല പ്രാസംഗികനാവണമെങ്കില്‍ കേള്‍പ്പോര്‍ക്കു വിവരമില്ലെന്നു സ്വയം കരുതുന്നതു നല്ലതാണെന്ന്, ഇതേ മട്ടില്‍ ചെസ്റ്റര്‍ഫീല്‍ഡ് പ്രഭു പറഞ്ഞു, മിക്ക ആളുകള്‍ക്കും ചെവിയേയുള്ളൂ, വിവേകം ഇല്ലെന്ന്. ഇതു പിഴച്ചൊരു പോക്കാണ്. അവനവനു വിഷയജ്ഞാനം ഉണ്ടായിരിക്കുകയും അതുണ്ടെന്ന ബോധം ഉണ്ടായിരിക്കുകയുമല്ലാതെ, മറുകണ്ടം ചാടി, മറ്റാര്‍ക്കും വിവരമില്ലെന്നു കരുതിത്തുടങ്ങിയാല്‍ പ്രസംഗവിദ്യ പ്രാസംഗികന് ആരോഗ്യപ്രദമായി ഭവിക്കാന്‍ ഇടയുണ്ടെന്നു തോന്നുന്നില്ല. അഹങ്കാരവികൃതമല്ലാത്ത ആത്മവിശ്വാസം പ്രഭാഷകന് അത്യാവശ്യമത്രേ. പ്രാസംഗികന്റെ ആത്മവിശ്വാസത്തിനു മികച്ച മാതൃകയായി ഉദ്ധരിക്കപ്പെടാറുള്ളത്, ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡിസ്രേലിയാണ്. പാര്‍ലമെന്റില്‍ തന്റെ കന്നിപ്രസംഗം തടയാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞുപോല്‍: 'ഇപ്പോള്‍ ഞാന്‍ ഇരുന്നുകൊള്ളാം; പക്ഷേ, ഞാന്‍ പറയുന്നതു നിങ്ങള്‍ കേള്‍ക്കേണ്ട ഒരു കാലം വരികതന്നെ ചെയ്യും.' ആ കാലം വരികതന്നെ ചെയ്തു! ആത്മവിശ്വാസമുള്ള ഒരു പ്രാസംഗികന്റെ കാലം വന്നുചേരാതിരിക്കില്ല; വന്നാല്‍ അതു പൊയ്‌പോകുന്നതുമല്ല.


പ്രാസംഗികനു പ്രസംഗവിഷയജ്ഞാനം മാത്രം ഉണ്ടായാല്‍ പോര. അതിനപ്പുറത്തുള്ള വിഷയങ്ങളെപ്പറ്റിയും നല്ല അറിവു വേണ്ടതാണ്. സിസറോവിന്റെ പക്ഷം അയാള്‍ സമസ്തവിജ്ഞാനനിധി ആയിരിക്കണം എന്നത്രേ. ഡാനിയല്‍ വെബ്സ്റ്റര്‍ ചെറുപ്പത്തില്‍ തന്റെ നാട്ടുംപുറത്തെ എല്ലാ പുസ്തകങ്ങളും വായിച്ചുതീര്‍ന്നിരുന്നുപോല്‍. തീവ്രവികാരവാനായ ഒരു പ്രാസംഗികനു പരന്ന വിജ്ഞാനം എപ്പോഴും ഭൂഷണംതന്നെയായിരിക്കും. വികാരത്തെ വേണ്ടത്ര നിയന്ത്രിക്കാന്‍ ആ വിജ്ഞാനം ഉപയോഗപ്പെടും. അല്ലാത്തവരുടെ വിജ്ഞാനം വാക്കുകള്‍ക്കു ചിറകേകുന്നതിനു പകരം ഭാരമായിട്ടാണു തീരുക.


വികാരം, വിജ്ഞാനം എന്നിവയുടെ കൂടെ നില്‌ക്കേണ്ടതാണു വിചാരം. ചിന്താശീലവും യുക്തികുശലതയും പ്രാസംഗികരില്‍ ഒഴിച്ചുകൂടാത്ത ഗുണങ്ങളാണ്. സംസാരിക്കുന്നതിനു മുന്‍പ് എന്തിനെക്കുറിച്ച് എങ്ങനെയാണു താന്‍ സംസാരിക്കുവാന്‍ പോകുന്നതെന്നും, സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്താണു താന്‍ പറയുന്നതെന്നും, സംസാരിച്ചുകഴിഞ്ഞാല്‍ എന്തൊക്കെയാണു താന്‍ പറഞ്ഞതെന്നും വ്യക്തമായ ബോധം പ്രാസംഗികനുണ്ടായിരിക്കണം എന്നും ചിലര്‍ ഉപദേശിക്കാറുണ്ട്. പ്രസംഗത്തില്‍ വിചാരശീലത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറയുകയാണ് അവര്‍. പക്ഷേ ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ മിന്നല്‍ പായിച്ചുകൊണ്ട് വികാരപരകോടിയില്‍ എത്തുന്ന പ്രസംഗങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല. എന്നാല്‍, സാധാരണ പ്രഭാഷണങ്ങളില്‍ വിചാരത്തിനും യുക്തിബോധത്തിനും മാന്യമായ സ്ഥാനമുണ്ട്. ഈ ഗുണങ്ങളുള്ള പ്രസംഗത്തില്‍ പിഷ്ടപേഷണംചെയ്ത ആശയങ്ങളും ഉദ്ഭ്രാന്തങ്ങളായ പുതുമകളും കുറവായിരിക്കും. ഷെരിഡന്‍ കളിയാക്കിവിട്ട ഒരു പ്രസംഗംപോലെ ആവുകയില്ലെന്നു ചുരുക്കം. ഷെരിഡന്‍ ഒരു പ്രസംഗത്തെപ്പറ്റി പറഞ്ഞു: ഈ പ്രസംഗത്തില്‍ പുതുതും സത്യവും ഉണ്ട്. പക്ഷേ, ഇതിലെ സത്യം പുതുതല്ല, പുതുതു സത്യവുമല്ല.'


വിചാരഗുണം ഇല്ലാത്ത പ്രസംഗം അധിവാക്കായിരിക്കും. പ്രാസംഗികന്‍ വര്‍ജിക്കേണ്ട ഏറ്റവും വലിയ ദോഷമാണു വാചാടോപം അഥവാ വാചാലത. 'വാചാലനായ പ്രാസംഗികന്‍' എന്ന കൃതജ്ഞത പറയുന്നവര്‍ സത്യത്തില്‍ കൃതഘ്‌നത കാണിക്കുന്നവരാണ്. എന്നാല്‍, സത്യത്തില്‍ മിക്ക പ്രാസംഗികരും വാചാലന്മാര്‍ മാത്രമാണ്. വാചാലന്‍ 'ബഹുഗര്‍ഹ്യവാക്ക്' ആണെന്ന് അമരകോശം പറയുന്നു. വളരെയധികം കെടുവാക്കു പറയുന്നവന്‍ വാഗ്മി എന്ന ശബ്ദത്തിനു സാധാരണയായി 'വചോയുക്തിപടു' എന്ന നല്ല അര്‍ഥമാണ് ഉള്ളതെങ്കിലും അതിനുപോലും 'വാവദൂകന്‍' (അധികപ്രസംഗി) എന്ന ദുരര്‍ഥം ഉണ്ടെന്ന് രാമാശ്രമി എന്ന അമരകോശവ്യാഖ്യാതാവ് അഭിപ്രായപ്പെട്ടിട്ടുണ്ട്. നല്ല അര്‍ഥത്തിലുള്ള വാഗ്മി ആകാനാണ് പ്രാസംഗികന്‍ യത്‌നിക്കേണ്ടത്. നല്ല വാഗ്മിത്വം മിതവും സാരവുമായ വാക്ക് ഉപയോഗിക്കലാണെന്ന് ഒരു സംസ്‌കൃതമഹാകവി പാടിയത് ശ്രദ്ധേയമാണ് - 'മിതം ച സാരം ച വചോ ഹി വാഗ്മിതാ'. ഒരു മണിക്കൂര്‍ നീണ്ടുനിവര്‍ന്ന് വാക്കുകള്‍ ചിതറിപ്പരത്തിയിട്ടും വിഷയത്തില്‍ കടക്കാതെ അലഞ്ഞുതിരിഞ്ഞുകൊണ്ടിരുന്ന ഒരു പ്രാസംഗികനോടു പ്രസംഗം ചുരുക്കണമെന്നു ഗത്യന്തരമില്ലാതെ അധ്യക്ഷന്‍ ആവശ്യപ്പെട്ടപ്പോള്‍, 'ഇനിയാണു നല്ല ഭാഗം വരുന്നത്' എന്നു പറഞ്ഞെന്നു കേട്ടിട്ടുണ്ട്. ഇത്തരം വാഗ്മികളാണ് ഇന്നു നാട്ടില്‍ കൂടുതല്‍. പ്രസംഗം ചാവുന്നതിനു മുന്‍പ് അതിനെ പ്രാസംഗികന്‍ കൊല്ലേണ്ടതാണ്; ഇല്ലെങ്കില്‍ ശ്രോതാക്കളാണു ചത്തുപോവുക! വാസ്തവത്തില്‍ പ്രാസംഗികനെയാണ് അപ്പോള്‍ കൊല്ലാന്‍ തോന്നുക! അതായത്, കാര്യം പറഞ്ഞു സദസ്യര്‍ക്കുണ്ടായ രസം അകാര്യം പറഞ്ഞു നീരസമായി മാറുന്നതിനു മുന്‍പു പ്രസംഗം നിര്‍ത്തേണ്ടതാണ്. കേള്‍വിക്കാര്‍ സംസാരിച്ചുതുടങ്ങുന്നതിനു മുന്‍പ് പ്രാസംഗികനു സംസാരം നിര്‍ത്താം. പക്ഷേ, മിക്ക പ്രാസംഗികരും സ്വശബ്ദശ്രവണത്തില്‍ തത്പരരാകയാല്‍ ബഹുഭാഷികളാണ്. വാക്കിന് അതിസാരവും ചിന്തയ്ക്കു മലബന്ധവും പിടിച്ച പ്രാസംഗികന്‍ ചെവിക്കു നാരാചവും ബുദ്ധിക്കു നഞ്ഞുമാണ്. അമിതഭാഷികള്‍, തങ്ങള്‍ക്ക് ആഴം പോരെന്ന് അറിയുന്നതുകൊണ്ടാവാം, ആ നഷ്ടം നീളംകൊണ്ടു നികത്താന്‍ നോക്കുന്നു.


പ്രത്യുത്പന്നമതിത്വമാണ് പ്രാസംഗികനുവേണ്ട ഒരു പ്രധാന ഗുണം. ഇതു ജന്മായത്തമായ പ്രതിഭാവിശേഷംകൊണ്ടു മാത്രമേ സിദ്ധിക്കുകയുള്ളൂ. പ്രാസംഗികന്‍ എത്ര പണ്ഡിതനും ചിന്തകനും ആയാലും ശരി, പൊടുന്നനവെ സദസ്സില്‍ ഉളവാകുന്ന അവസ്ഥാവിശേഷങ്ങളെയും അവിടെനിന്നുയരുന്ന ചോദ്യങ്ങളെയും സമര്‍ഥമായി നേരിടണമെങ്കില്‍ ഘര്‍ഷണദീപ്തിസ്വഭാവമുള്ള ബുദ്ധിതന്നെ വേണം. ലോയിഡ് ജോര്‍ജ്, ചര്‍ച്ചില്‍ എന്നിവര്‍ ഉരുളയ്ക്കുപ്പേരി കണക്കിനു പ്രസംഗവേദിയില്‍നിന്നു ബഹളക്കാര്‍ക്കു മറുപടികൊടുക്കുന്നതില്‍ അതിസമര്‍ഥരായിരുന്നു. 'ഞാന്‍ വെയില്‍സിനും സ്‌കോട്ട്‌ലാണ്ടിനും അയര്‍ലണ്ടിനും സ്വയംഭരണം വേണമെന്ന പക്ഷക്കാരനാണ് എന്ന് തിരഞ്ഞെടുപ്പുയോഗത്തില്‍ ലോയിഡ് ജോര്‍ജ് പ്രസംഗിച്ചപ്പോള്‍ ബഹളക്കാര്‍ വിളിച്ചുകൂവി, 'നരകത്തിന്റെ സ്വയംഭരണത്തെപ്പറ്റി എന്തു പറയുന്നു?' എന്ന്. ഉടനെ വന്നു കൊല്ലുന്ന മറുപടി: 'തന്റെ മാതൃഭൂമിയെപ്പറ്റി എന്റെ സുഹൃത്ത് ഓര്‍ത്തുകാണുന്നതില്‍ എനിക്കു സന്തോഷമുണ്ട്.' ചര്‍ച്ചിലിന്റെ നയങ്ങളോടും മീശയോടും തനിക്കു വെറുപ്പാണ് എന്ന് ഒരു സ്ത്രീ വിളിച്ചുപറഞ്ഞപ്പോള്‍ വായയടച്ചുകൊണ്ടുള്ള തിരിച്ചടി ഇങ്ങനെയായിരുന്നു. 'അല്ലയോ മാന്യേ, ഭവതി രണ്ടുമായും ബന്ധപ്പെടാന്‍ ഒട്ടും വഴിയില്ല.' മറ്റൊരു തിരഞ്ഞെടുപ്പുയോഗത്തില്‍ ഒരു കലാപകാരി വിളിച്ചലറി: 'നിങ്ങളുടെ സ്ഥാനാര്‍ഥിയുടെ തല തിന്നുകളയും ഞങ്ങളുടെ പുള്ളി.' പ്രാസംഗികനായ ബയേഴ്‌സ് മറുപടി പറയാന്‍ ഒട്ടും മടിച്ചില്ല: 'അങ്ങനെയാണെങ്കില്‍ അവന്റെ തലയിലുള്ളതിലധികം തലച്ചോറ് വയറ്റില്‍ ഉണ്ടാകും.' ആസ്റ്റര്‍പ്രഭ്വി പ്രസംഗിക്കുമ്പോള്‍ ഒരു യോഗംകലക്കി വെറുതെ കയറിച്ചോദിച്ചു: 'പന്നിയുടെ കാലില്‍ വിരലെത്ര?' അവര്‍ പറഞ്ഞ മറുപടിയെന്തെന്ന് ഊഹിച്ചുപറയാമോ?


പ്രാസംഗികന്റെ സ്വരമാണ് പ്രസംഗത്തെ വിജയിപ്പിക്കുന്ന മറ്റൊരു പ്രധാനഘടകം. അധികം നേര്‍ത്തതോ കനത്തതോ അല്ലാത്ത ഗൗരവമുള്ള പുരുഷശബ്ദമാണ് പ്രസംഗത്തിന് ഏറ്റവും പറ്റിയത്. മഹാഭാഷ്യത്തില്‍ പതഞ്ജലി പന്ത്രണ്ടു സ്വരദോഷങ്ങളെക്കുറിച്ചു പറയുന്നുണ്ട്-അടഞ്ഞത്, പരന്നത്, ഇടറിയത്, കൊഞ്ഞിപ്പുള്ളത്, തെളിയാത്തത്, പാട്ടിന്റെ മട്ടിലുള്ളത്, മുഴങ്ങുന്നത്, തിരക്കുപിടിച്ചത് ഇങ്ങനെ കുറെ ദോഷങ്ങള്‍. ഇവയൊന്നും കൂടാതെ വികാരാനുസാരിയായ ശക്തിയോടും വേഗത്തോടും കൂടെ സ്​പഷ്ടമായി ഉച്ചരിക്കുന്ന ശബ്ദങ്ങളുടെ ധാര ശ്രോതാവിന്റെ മനസ്സിനെ ഓലത്തുരുമ്പുപോലെ വഹിച്ചുകൊണ്ടു പോകുന്നതായിരിക്കും. ശബ്ദമാന്ത്രികത്വം എന്നത് ഇതാണ്.


ഇങ്ങനെ വികാരവും വിജ്ഞാനവും വിചാരവും നിറഞ്ഞു സുശ്രവമായ ശബ്ദത്തോടെ ഉചിതമായ അംഗവിക്ഷേപങ്ങള്‍ കലര്‍ത്തി മഹത്തായ ഒരു വിഷയത്തെക്കുറിച്ച് ആത്മധൈര്യത്തോടെ പ്രസംഗിച്ചാല്‍ വാഗ്‌ദേവതയ്ക്ക് അനശ്വരനികേതനമായ ഒരു ഉത്കൃഷ്ട കലാശില്പമായിരിക്കും ആ പ്രഭാഷണം. അത്തരമൊരു പ്രസംഗം അവസാനിച്ചാല്‍ 'നല്ലൊരു പ്രസംഗം' എന്നു പറഞ്ഞ് ആളുകള്‍ അഭിനന്ദിക്കാന്‍ നില്ക്കാതെ, അതില്‍ പ്രസ്താവിച്ച കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ തിരക്കുകൂട്ടുകയാണ് ചെയ്യുക. കഥ കേട്ടിട്ടുള്ളത് ഇങ്ങനെയാണ്-സിസറോവിന്റെ പ്രസംഗം കേട്ടാല്‍ ആളുകള്‍ കൈയടിച്ചു പ്രസംഗം നന്നായെന്ന് അഭിനന്ദിച്ചിരുന്നു; എന്നാല്‍, ഡമൊസ്തനിസ്സിന്റെ പ്രസംഗം കഴിഞ്ഞാല്‍ ആളുകള്‍ പ്രസംഗത്തെയും പ്രാസംഗികനെയും മറക്കുകയും അദ്ദേഹം പറഞ്ഞ കാര്യം ചെയ്യാന്‍ തിടുക്കംകൂട്ടുകയും ചെയ്തിരുന്നുപോല്‍.


സ്വാതന്ത്ര്യവും ജനാധിപത്യബോധവും പരക്കെ വ്യാപിച്ച നവോത്ഥാനദശകളിലും സ്വാതന്ത്ര്യസമരഘട്ടങ്ങളിലും ആണ് ഏറ്റവും ഉയര്‍ന്ന വാഗ്മിത്വം പ്രതിഫലിച്ചിരുന്നത് എന്നു ചരിത്രം തെളിവു തരുന്നു. ഫിലിപ്പിന്റെ അക്രമഭരണത്തിനെതിരായി പടപൊരുതിയ അഥീനിയന്മാരുടെ നാവായിരുന്നു ഡമൊസ്തനിസ്. ഇംഗ്ലണ്ടില്‍ ജനായത്തവ്യവസ്ഥിതി ഉറച്ച അവസരത്തിലാണ് ആ രാജ്യത്തിലെ മികച്ച വാക്പതികള്‍ വാഴ്ചകൊണ്ടത്-ബര്‍ക്കും മറ്റും. ഇവര്‍ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടിക്കല്ലുകള്‍ക്കു തങ്ങളുടെ കണ്ഠചൈതന്യംകൊണ്ട് ഉറപ്പുകൂട്ടി. അമേരിക്കന്‍വിപ്ലവത്തിന്റെ ഘട്ടത്തിലും അതിനുശേഷവും വന്ന പ്രാസംഗികന്മാരും ഇതേ തത്ത്വത്തെ വെളിപ്പെടുത്തുന്നു. ഇന്ത്യയുടെ നവോത്ഥാനദശയുടെ ചരിത്രം നമുക്ക് അറിയാവുന്നതുകൊണ്ടു വിസ്തരിക്കുന്നില്ല. ജനതയെ, വിശേഷിച്ച് അതിലെ യുവചേതനയെ, ഉദ്‌ബോധനംകൊള്ളിക്കുകയാണ് പ്രഭാഷകന്റെ മഹത്തായ കടമ.


പക്ഷേ, ഇന്നു പ്രസംഗകല നന്നേ ക്ഷയിച്ചിരിക്കുകയാണ്. ഇനി അതിന് ഉത്തേജനം എന്നെങ്കിലും ഉണ്ടാകുമോ? ജനാധിപത്യത്തില്‍ ആര്‍ക്കും എന്തും പറയാം. ഈ അതിസ്വച്ഛന്ദസ്ഥിതി പ്രസംഗകലയുടെ മാഹിത്യത്തെ വളരെയേറെ കെടുത്തിക്കളഞ്ഞിരിക്കുന്നു. അറിവോ ആത്മാര്‍ഥതയോ സത്യസന്ധതയോയില്ലാതെ ഏതെങ്കിലും കൊടിക്കീഴില്‍ നിന്നുകൊണ്ട് തൊള്ള പൊളിയുമാറ് അലറുന്നവരെല്ലാം പ്രാസംഗികരായിരിക്കുന്ന കാലമാണ് ഇത്. ഇന്നത്തെ പ്രസംഗകലാനിയമം ഒന്നു മാത്രമാണ്- 'ഉച്ചൈരുച്ചരിതവ്യം.' പറയുന്നതു കഴിയുന്നത്ര ഉച്ചത്തില്‍ പറയുക; അതുതന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു കൂടക്കൂടെ പറയുക-നിങ്ങള്‍ ഹാ പ്രാസംഗികനായി. വാഗ്‌ദേവതയുടെ ചുടുകാടുകളാണ് ഇത്തരക്കാരുടെ പ്രഭാഷണങ്ങള്‍. ആ ദേവിയെ ഉയിര്‍ത്തെഴുന്നേല്പിക്കുവാന്‍ ഡമൊസ്തനിസ് മുതല്‍ ചര്‍ച്ചില്‍വരെ നീണ്ടുകിടക്കുന്ന വാഗ്ഭടന്മാരുടെ വീരാപദാനങ്ങള്‍ നമുക്കു പ്രചോദനം അരുളിയനുഗ്രഹിക്കുന്നു. കേരളത്തില്‍ പഴയ കാലത്തെ ഒരു പ്രസിദ്ധ പ്രഭാഷകനായിരുന്ന സ്വാമി സത്യവ്രതന്റെ ചരമം അനുസ്മരിച്ചുകൊണ്ടു പ്രശസ്തകവിയായ പള്ളത്ത് രാമന്‍ എഴുതിയ കവിതയിലെ രണ്ട് ഈരടി ഈയവസരത്തില്‍ ഓര്‍ത്തുപോകുന്നു. ശ്രേഷ്ഠനായ പ്രഭാഷകനുള്ള നിത്യമായ ചരമസ്തുതിയാണത്.
സ്‌നേഹോജ്ജ്വലം പുഷ്‌കലകണ്ഠനാദം
വിശ്രാന്തികൊള്ളുന്ന കുടീരമേ നീ,
ഉച്ചൈസ്തരം വാഗ്മിതയാലുയര്‍ത്തും
യുഗേ യുഗേ ഹാ യുവലോകചിത്തം!


(ഇന്ത്യയും ചിന്തയും എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment