Tuesday, January 24, 2012

അരങ്ങൊഴിഞ്ഞ അക്ഷരത്തമ്പുരാന്‍

അക്ഷരങ്ങളെ അഗ്നിശോഭയോടെ നാവിന്‍തുമ്പിലും തൂലികയിലും ആവാഹിക്കാന്‍ കഴിഞ്ഞ ബഹുതല ശോഭിത വ്യക്‌തിത്വമായിരുന്നു ഇന്നലെ അന്തരിച്ച ഡോ. സുകുമാര്‍ അഴീക്കോട്‌. അനര്‍ഗളം വിനര്‍ഗളിക്കുന്ന വാക്‌ധോരണിയിലൂടെ മലയാളികളെ അനുഭൂതിയുടെ അഭൗമമണ്ഡലത്തിലേക്കു നയിച്ച സമാനതകളില്ലാത്ത പ്രഭാഷകനെയാണ്‌ അഴീക്കോടിന്റെ ദേഹവിയോഗത്തോടെ നമുക്കു നഷ്‌ടമായത്‌. ഏതു പ്രതിസന്ധിഘട്ടത്തെയും അക്ഷരംകൊണ്ടും ആശയംകൊണ്ടും നേരിടാനുള്ള അന്യാദൃശ്യമായ ആര്‍ജവമാണ്‌ അഴീക്കോട്‌ മാസ്‌റ്ററുടെ വ്യക്‌തിത്വ സവിശേഷത.

അഹിംസാത്മക സഹനസമരത്തിലൂടെ സൂര്യന്‍ അസ്‌തമിക്കാത്ത സാമ്രാജ്യത്തിനെതിരേ ധാര്‍മികവും രാഷ്‌ട്രീയവുമായ വിജയം നേടിയ ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ ബാല്യം മുതല്‍ ആകൃഷ്‌ടനായ അഴീക്കോട്‌ ജീവിതാന്ത്യംവരെ ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അധിഷ്‌ഠിതമായ ജീവിതമാണു നയിച്ചത്‌. അധ്യാപനവും സാഹിത്യവും പ്രഭാഷണവും ഉപനിഷത്തുകളുമായിരുന്നു അദ്ദേഹം പ്രണയിച്ച വിഷയങ്ങള്‍.

കേരളീയ സാമൂഹിക ജീവിതത്തില്‍ ഉയര്‍ന്നുവരുന്ന കാലികപ്രശ്‌നങ്ങളില്‍ വേറിട്ടൊരു അഭിപ്രായം കേള്‍ക്കാന്‍ ജനങ്ങള്‍ അഴീക്കോടിനുവേണ്ടിയാണ്‌ കാതോര്‍ത്തിരുന്നത്‌. നിഷ്‌പക്ഷവും നിര്‍ഭയവുമായി അദ്ദേഹം തുറന്നടിക്കുന്ന അഭിപ്രായങ്ങള്‍ ചരിത്രബോധവും പ്രായോഗികതയും മതനിരപേക്ഷതയും നിസ്വാര്‍ഥതയും നിറഞ്ഞതായിരുന്നു.

സാഹിത്യവും പ്രഭാഷണവുമാണ്‌ മുഖ്യകര്‍മമണ്ഡലങ്ങളെങ്കിലും രാഷ്‌ട്രീയരംഗത്തെ സൂക്ഷ്‌മചലനങ്ങള്‍പോലും നിരീക്ഷിക്കാനും നിശിതമായ വിമര്‍ശനബുദ്ധിയോടെ അവയെ വിലയിരുത്താനും കഴിഞ്ഞ അഴീക്കോട്‌ കേരളീയ പൊതുജീവിതത്തിലെ തിരുത്തല്‍ ശക്‌തിയായിരുന്നു.

കോണ്‍ഗ്രസ്‌ പ്രസ്‌ഥാനത്തിലൂടെയാണ്‌ അഴീക്കോട്‌ പൊതുജീവിതത്തിലേക്കു കടന്നുവന്നത്‌. സ്വാതന്ത്ര്യസമര വേളയിലും പിന്നീട്‌ വിമോചനസമര വേളയിലും അഴീക്കോടു നടത്തിയ രാഷ്‌ട്രീയ പ്രസംഗങ്ങള്‍ കൊടുങ്കാറ്റായി മാറി. പിന്നീട്‌ കക്ഷിരാഷ്‌ട്രീയത്തിന്റെ അതിര്‍വരമ്പുകളില്‍ അടിഞ്ഞുകൂടിക്കിടക്കാന്‍ തന്റേടിയായ ആ ചിന്തകനു മനസു വന്നില്ല. ഏതു രാഷ്‌ട്രീയകക്ഷിയെന്നോ ഏതു നേതാവെന്നോ നോക്കാതെ പ്രശ്‌നങ്ങളുടെ ന്യായാന്യായതയുടെ അടിസ്‌ഥാനത്തില്‍ സ്വന്തം അഭിപ്രായം വെട്ടിത്തുറന്നു പറയാന്‍ അഴീക്കോടു തയാറായി. അധികാരത്തിന്റെ അന്തപ്പുരങ്ങളില്‍ ഭാഗ്യാന്വേഷിയായി അലയാതെ അധികാര കേന്ദ്രങ്ങളുടെ താളപ്പിഴകളെ താക്കീതിന്റെ സ്വരത്തില്‍ വിമര്‍ശിക്കാന്‍ അദ്ദേഹം ഒരിക്കലും മടിച്ചില്ല.

വിവാദങ്ങളുടെ നാടായ കേരളത്തില്‍ വിവാദങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ മുമ്പനായിരുന്നു അഴീക്കോട്‌. പൊതുവേദികളില്‍ നടത്തിയ പ്രസംഗങ്ങളിലെ പല പരാമര്‍ശങ്ങളും നിയമയുദ്ധത്തിനും വിവാദത്തിനും ഇടയാക്കിയിട്ടുണ്ടെങ്കിലും അതിലൊന്നും പതറാതെ തന്റെ പതിവു ശൈലിയില്‍ ഏതു വിഷയത്തിലും കത്തിക്കയറാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. കെ. കരുണാകരന്‍, വി.എസ്‌. അച്യുതാനന്ദന്‍, എ.കെ. ആന്റണി, കുഞ്ഞാലിക്കുട്ടി, ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കെ.വി. ജോസഫ്‌, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, താരസംഘടനയായ അമ്മ, നടന്‍ മോഹന്‍ലാല്‍, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങി അഴീക്കോടിന്റെ വിമര്‍ശന ശരങ്ങളേല്‍ക്കാത്ത പ്രമുഖര്‍ ചുരുക്കം. പക്ഷേ വിമര്‍ശനത്തിനൊപ്പം വ്യക്‌തിബന്ധങ്ങളിലെ നൈര്‍മല്യം കാത്തുസൂക്ഷിക്കാനും അഴീക്കോട്‌ ബദ്ധശ്രദ്ധനായിരുന്നു.

ഗാന്ധിയന്‍ കാഴ്‌ചപ്പാട്‌ ഉള്‍ക്കൊണ്ട ഇടതുപക്ഷ നയസമീപനമായിരുന്നു അദ്ദേഹം അവസാന കാലങ്ങളില്‍ സ്വീകരിച്ചിരുന്നത്‌. പക്ഷേ, കമ്മ്യൂണിസ്‌റ്റ് നേതാക്കളുടെ പാളിച്ചകള്‍ക്കെതിരേ ആഞ്ഞടിക്കാനുള്ള സന്ദര്‍ഭങ്ങളൊന്നും അദ്ദേഹം വിട്ടുകളഞ്ഞില്ല. മതമൗലികവാദം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ഭീഷണികള്‍ വകവയ്‌ക്കാതെ അതിനെതിരേ ആശയമെന്ന ആയുധം പ്രയോഗിക്കാന്‍ അഴീക്കോട്‌ മാഷ്‌ മുന്‍പന്തിയിലുണ്ടായിരുന്നു.

ഒരിക്കല്‍ മാത്രമാണ്‌ അദ്ദേഹം പാര്‍ലമെന്ററി രാഷ്‌ട്രീയം പരീക്ഷിച്ചത്‌. തലശേരി ലോക്‌സഭാ മണ്ഡലത്തില്‍ എസ്‌.കെ. പൊറ്റക്കാടുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടതോടെ തെരഞ്ഞെടുപ്പു രാഷ്‌ട്രീയം ഉപേക്ഷിക്കുകയായിരുന്നു. പാര്‍ലമെന്റിലും നിയമസഭയിലും പ്രാതിനിധ്യം ലഭിച്ചില്ലെങ്കിലും മരണം വരെ ജനങ്ങളുടെ പ്രതിനിധി എന്ന നിലയില്‍ കേന്ദ്ര-സംസ്‌ഥാന ഭരണകൂടങ്ങളുമായി സംവദിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പല ജനപ്രതിനിധികളെയുംകാള്‍ ഫലപ്രദമായി ജനകീയ പ്രശ്‌നങ്ങള്‍ അധികാരികളെ ബോധ്യപ്പെടുത്താന്‍ ആ ശബ്‌ദഗാംഭീര്യത്തിനു സാധിച്ചു.വിദ്യാഭ്യാസ വിചക്ഷണന്‍, സാഹിത്യ വിമര്‍ശകന്‍, പത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, കോളമിസ്‌റ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ വൈശിഷ്‌ട്യമാര്‍ന്നതായിരുന്നു അഴീക്കോടിന്റെ സ്‌നേഹ സേവനങ്ങള്‍. സ്വാതന്ത്ര്യജൂബിലി, ഗാന്ധിജയന്തി ശതോത്തര രജതജൂബിലി, ബാബ്‌റിമസ്‌ജിദിന്റെ തകര്‍ച്ച തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ജനങ്ങളില്‍ ദേശീയബോധം കരുപ്പിടിപ്പിക്കാന്‍ അഴീക്കോടു നടത്തിയ പ്രഭാഷണ പരമ്പരകള്‍ മാനവികതയുടെ മഹത്തായ സന്ദേശമാണു പകര്‍ന്നത്‌.

മംഗളവുമായും സ്‌ഥാപക പത്രാധിപര്‍ എം.സി. വര്‍ഗീസുമായും ഏറെ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന ഡോ. സുകുമാര്‍ അഴീക്കോട്‌ മംഗളത്തിന്‌ എന്നും ഉത്തമ സുഹൃത്തായിരുന്നു. മംഗളം നടത്തിയ നിരവധി സമൂഹവിവാഹ ചടങ്ങുകളില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹം മംഗളത്തിന്റെ വികസനപതിപ്പായ ഫോക്കസിന്റെ പ്രകാശനവും നിര്‍വഹിച്ചു. കുറേക്കാലം മംഗളത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രത്യേക കോളവും മാഷ്‌ കൈകാര്യം ചെയ്‌തു. മംഗളത്തിന്റെ ഓണം വിശേഷാല്‍ പ്രതികളില്‍ മാഷ്‌ സ്‌ഥിരം എഴുത്തുകാരനായിരുന്നു. ധീരവും ഉറച്ച നിലപാടുകളുമായി ജനപക്ഷ പത്രപ്രവര്‍ത്തനം തുടരുന്ന മംഗളത്തിനു ശോഭനമായ ഭാവിയുണ്ടെന്ന്‌ അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാഷിനെ സന്ദര്‍ശിക്കാനെത്തിയ മംഗളം മാനേജിംഗ്‌ ഡയറക്‌ടര്‍ സാജന്‍ വര്‍ഗീസിനോട്‌ അദ്ദേഹം പറഞ്ഞത്‌ മംഗളത്തിന്റെ ഭാവിയുടെ രജതരേഖയായി ഞങ്ങള്‍ കാണുന്നു. ജീവിതത്തില്‍ ഒന്നിനോടും സന്ധിചെയ്യാതിരുന്ന അഴീക്കോട്‌ ഒടുവില്‍ മരണത്തിനു കീഴടങ്ങിയെങ്കിലും ആ പ്രഭാഷണത്തിന്റെ അലയൊലികളും അക്ഷരങ്ങളുടെ നക്ഷത്രത്തിളക്കവും മലയാളികളുടെ മനസില്‍ തരംഗമായി നിലനില്‍ക്കും.

No comments:

Post a Comment