Tuesday, January 24, 2012

അന്നൊരു വിഷുദിനത്തില്‍ ഈ സാഗരം ഗര്‍ജിച്ചുതുടങ്ങി


തൃശൂര്‍: അരുവിയിലെ കുഞ്ഞോളം പോലെ തുടക്കം. വളരെ പതിയെ, ശാന്തമായി. പിന്നീട് ആവേശത്തിന്റെ ഉച്ചസ്ഥായിയിലാകും, ഒടുവില്‍   അതൊരു സാഗരഗര്‍ജനമാകും. 1945 ഏപ്രില്‍ 14 ന്, മേടം ഒന്ന് വിഷുദിനത്തിലാണ് സുകുമാര്‍ അഴീക്കോട് എന്ന പ്രാസംഗികന്റെ പിറവി. മംഗലാപുരത്ത് ബി.കോമിന് പഠിച്ചുകൊണ്ടിരുന്ന യുവാവാണ് അന്ന് അഴീക്കോട്. 19 വയസ് പ്രായം. അക്കാലത്ത് ഡോ.ഭാസ്കരന്‍നായര്‍   കുമാരനാശാന്റെ വിഷാദാത്മകതയെ വിമര്‍ശിച്ച്  ഒരു പ്രസിദ്ധീകരണത്തില്‍ എഴുതിയ ശക്തമായ ലേഖനത്തിനുളള മറുപടിയായിരുന്നു ആ പ്രസംഗം. 


ഭാസ്കരന്‍നായര്‍ക്കുളള മറുപടിക്കുറിപ്പ് അഴീക്കോട് അയച്ചെങ്കിലും പ്രസിദ്ധീകരിച്ചില്ല. അപ്പോഴാണ് സാഹിത്യതല്‍പ്പരരായ,  കണ്ണൂരില്‍ നിന്നുളള കുറച്ചു ചെറുപ്പക്കാര്‍ ആശാന്റെ വിഷാദാത്മകതയെ കുറിച്ച്  പ്രഭാഷണം നടത്താന്‍ അഴീക്കോടിനെ നിര്‍ബന്ധിക്കുന്നത്.   കണ്ണൂര്‍ നഗരത്തിന്റെ നടുവില്‍ ഒരു മാടക്കടയുടെ ഉളളിലുളള മുറിയിലായിരുന്നു  കന്നിപ്രസംഗം.   സാഹിത്യതല്‍പ്പരരായ നാല്‍പ്പതോളം പേര്‍  അന്ന് കേള്‍വിക്കാരായി ഉണ്ടായിരുന്നുവത്രേ.  ഭാസ്കരന്‍നായര്‍ക്ക് അന്ന് പല വലിയ എഴുത്തുകാരും മറുപടി പറഞ്ഞതുകൊണ്ട് പ്രസംഗ വിഷയം വളരെ സജീവമായി. ഒരു പൊതുവേദിയിലുളള തന്റെ ആദ്യപ്രസംഗത്തിന് വലിയ സഭാകമ്പമൊന്നും ഉണ്ടായിരുന്നില്ലെന്ന് അഴീക്കോട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 


ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ ആഴ്ചതോറും ഡിബേറ്റിനുളള പീരിയഡില്‍ പ്രസംഗിച്ച പരിചയം മാത്രമേ  അന്ന് തനിക്കുണ്ടായിരുന്നുളളൂവെന്ന് അദ്ദേഹം പറയാറുണ്ട്.  ലേഖനം മന:പാഠമാക്കിയായിരുന്നു ആദ്യ പ്രസംഗം.  ആദ്യ പ്രസംഗത്തിനു  ശേഷം  അദ്ദേഹമൊരു തീരുമാനമെടുത്തു, ഇനിയൊരിക്കലും മന:പാഠം പഠിച്ച് പ്രസംഗിക്കില്ലെന്ന്. ആദ്യത്തെ പ്രസംഗം പോലെ ഒരിക്കലും രണ്ടാമത്തെ പ്രസംഗം   ചെയ്യില്ല എന്നും   തീരുമാനിച്ചു. 


അഴീക്കോട്ടെ ആത്മവിദ്യാസംഘത്തിന്റെ  സ്വാധീനത കുട്ടിക്കാലത്തു തന്നെ അഴീക്കോടിനെ ധൈഷണികസംവാദത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചിരുന്നു. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിലെ  അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ഇംഗ്ളീഷ് പ്രസംഗങ്ങളാണ് അഴീക്കോടിന്റെ മനസ്സില്‍  പ്രസംഗത്തിന്റെ ആദ്യപാഠങ്ങള്‍ എഴുതിയിടുന്നത്.  സ്വാമി ആര്യഭടന്‍, എം.ടി. കുമാരന്‍, വാഗ്ഭടാനന്ദന്‍ എന്നിവരുടേയെല്ലാം പ്രഭാഷണങ്ങള്‍ അഴീക്കോട് എന്ന പ്രഭാഷകന്റെ ചിന്തയേയും വാക്കിനേയും ഊതിക്കാച്ചി പൊന്നാക്കിമാറ്റി. വേദാന്തവും സാഹിത്യവും സമന്വയിപ്പിച്ചായിരുന്നു വാഗ്ഭടാനന്ദന്റെ ശിഷ്യര്‍ പോലും പ്രസംഗിച്ചിരുന്നത്.  എഴുതി വായിച്ചാല്‍ ഇവരെപ്പോലെയാവാന്‍   കഴിയില്ലെന്ന്  തിരിച്ചറിഞ്ഞ് അഴീക്കോട് പ്രസംഗവേദികളിലേക്ക് കാലെടുത്തുവച്ചു.   


യുവാവാകുമ്പോഴേക്കും ഉത്തരകേരളത്തിലുടനീളം പ്രശസ്തിയാര്‍ജ്ജിച്ച പ്രഭാഷകനായി അഴീക്കോട് മാറി.  സാഹിത്യം, തത്ത്വചിന്ത, സാമൂഹികജീവിതം, ദേശീയത, രാഷ്ട്രീയം എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള നൈപുണ്യവും ഭാഷയുടെ ചടുലതയും അഴീക്കോടിന്‍െറ പ്രഭാഷണങ്ങളെ സവിശേഷമാക്കി. മലയാളത്തിന്‍െറ പ്രിയങ്കരനായ വാഗ്മിയായി അഴീക്കോട് വളര്‍ന്നുപന്തലിച്ചത് ആ വാക്കുകളുടെ ശക്തികൊണ്ടുതന്നെയായിരുന്നു.  കേരളത്തിന്‍െറ നാനാഭാഗങ്ങളില്‍ അഴീക്കോട് പ്രസംഗിച്ചിട്ടുണ്ട്.  ഔദ്യാഗികജീവിതത്തില്‍ നിന്ന് പിരിഞ്ഞതിനു ശേഷം പ്രഭാഷണം തന്നെയായി അഴീക്കോടിന്‍െറ മുഖ്യ ആവിഷ്കാരമാര്‍ഗ്ഗം. സാഹിത്യത്തെക്കാള്‍ രാഷ്ട്രീയം ഉള്‍പ്പെടെയുള്ള പൊതുവിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടുള്ള  പ്രഭാഷണങ്ങള്‍ നിശിതമായ വിമര്‍ശനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. 


1990 കളില്‍  തൃശൂര്‍ പബ്ളിക് ലൈബ്രറിയില്‍ ഭാരതീയതയുടെ വിവിധ വശങ്ങളെ കുറിച്ച് ഏഴു ദിവസം തുടര്‍ച്ചയായി പ്രഭാഷണം നടത്തിയത് ഏറെ  ചര്‍ച്ച ചെയ്യപ്പെട്ടു.  സാഹിത്യവും തത്വചിന്തയും  വിദ്യാഭ്യാസവും ശാസ്ത്രവും കണ്ടുപിടിത്തവുമെല്ലാം ഉള്‍ക്കൊളളുന്നതായിരുന്നു ആ പ്രഭാഷണം. വിഷയത്തില്‍ കേന്ദ്രീകരിച്ച്  വളരെ ആഴത്തിലുള്ള   പ്രഭാഷണമായിരുന്നെങ്കിലും ഒരു കുറിപ്പും  അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നില്ല.   ആ പ്രഭാഷണപരമ്പര പിന്നീട് പുസ്തകമായി. തൃശൂരില്‍ രാമായണകാലത്ത് അദ്ദേഹം നടത്തിയ രാമകഥാപ്രഭാഷണപരമ്പരയും ശ്രദ്ധേയമായിരുന്നു. 


സദസിലുളളവരെ കാണുമ്പോള്‍    മനസിന്റെ വാതിലുകള്‍ താനേ തുറക്കുമെന്നും  മുന്‍പ് പഠിച്ചതെല്ലാം ഓര്‍മ്മയില്‍ തെളിയുമെന്നും പ്രസംഗവേദിയിലായിരിക്കുമ്പോള്‍    മനസ്സ് എപ്പോഴും പരതിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം പറയാറുണ്ട്. ആശയം പറയുമ്പോള്‍ അതിനോട് കണക്ട് ചെയ്ത് പഠിച്ചതെല്ലാം വരും. കവി അയ്യപ്പപ്പണിക്കര്‍ ഒരിക്കല്‍ പറഞ്ഞത് അഴീക്കോട് ചിന്തിക്കുന്നത് നമുക്ക് കാണാന്‍ കഴിയുമെന്നാണ്. റിഹേഴ്സലില്ലാത്ത ഒരേയൊരു കലയേയുളളൂ അതാണ് കുറിപ്പുകളൊന്നും ഇല്ലാതെയുളള പ്രസംഗമെന്നും നൂതനത്വമാവണം അതിന്റെ സവിശേഷതയെന്നും  അദ്ദേഹം വിശ്വസിച്ചു. എന്താണ് ഈ പ്രസംഗത്തിന്റെ രഹസ്യം  എന്നൊരിക്കല്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 


"യു.എന്‍.ഒ.യില്‍ ഈ നിമിഷം പ്രസംഗിക്കാന്‍ പറഞ്ഞോളൂ ഞാന്‍ തയ്യാറാണ്. ഒന്നും റഫര്‍ ചെയ്യേണ്ടതില്ല. തുടക്കത്തില്‍ ഒരു എക്സൈറ്റ്മെന്റ് സ്വാഭാവികമാണ്. പിന്നെ ഒന്നുമുണ്ടാകാറില്ല.  നാഷണല്‍ ബുക് ട്രസ്റ്റിന്റെ ചെയര്‍മാനായിരുന്നപ്പോള്‍ ഡല്‍ഹിയില്‍ വേള്‍ഡ് ബുക് ഫെയര്‍ നടന്നിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന അര്‍ജുന്‍ സിംഗായിരുന്നു ഉദ്ഘാടകന്‍. സ്വാഗതപ്രസംഗകനായിരുന്നു ഞാന്‍. എന്റെ പ്രസംഗം കഴിഞ്ഞപ്പോള്‍ യു.ആര്‍. അനന്തമൂര്‍ത്തിയും മറ്റു ചില മലയാളി എഴുത്തുകാരും  എനിക്കു കിട്ടിയ കൈയടി കണ്ട് അതിശയിച്ചുപോയി.  കൈയില്‍ കുറിപ്പുകളൊന്നുമുണ്ടായിരുന്നില്ല എന്നത് അവര്‍ക്ക് അവിശ്വസനീയമായിരുന്നു."  


അഴീക്കോടിന്റെ വാക്കുകള്‍ ഏറ്റവും കൂടുതല്‍ മുഴങ്ങിയത് കോഴിക്കോട്ടും പിന്നെ തൃശൂരുമായിരിക്കണം. പതിനായിരത്തിനും അപ്പുറം വേദികള്‍, പ്രഭാഷണത്തിനായി ദിവസവും മൈലുകളോളം യാത്രകള്‍, സൂര്യനു കീഴിലുളള എത്രയോ വിഷയങ്ങള്‍...  വേദത്തെ കുറിച്ച് പറയുമ്പോഴും  മന്‍മോഹന്‍സിംഗിനെ കുറിച്ച് പറയുന്ന, എഴുത്തച്ഛനെ കുറിച്ച് പറയുമ്പോഴും സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കുറിച്ച് പറയുന്ന, സാഹിത്യലോകത്തെ ആ കടലിരമ്പത്തിന്റെ ആരവം ഇപ്പോഴും മലയാളിമനസ്സുകളില്‍  മുഴങ്ങുന്നില്ലേ?

No comments:

Post a Comment