Tuesday, January 24, 2012

അപൂര്‍വ സഹോദരന്‍ -എം കെ സാനു

ആഴ്ചയിലൊരിക്കലെങ്കിലും ആശുപത്രി സന്ദര്‍ശിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. രോഗം എന്ന അദൃശ്യശത്രുവിന്റെ പിടിയിലമര്‍ന്ന് നിസ്സഹായരായി ശയിക്കുന്നവരെ സഹോദരങ്ങളായാണ് ഞാന്‍ കണ്ടുപോന്നത്.  തൃശൂരിലെ അമലാ ആശുപത്രിയിലെത്തി സുകുമാര്‍ അഴീക്കോടിന്റെ സമീപം നിന്നപ്പോള്‍ ഇതേ സാഹോദര്യഭാവമാണ് എന്നില്‍ നിറഞ്ഞത്. സിപിഎം നേതാക്കളിലൊരാളായ ഗോപി കോട്ടമുറിക്കലും കവി എസ്. രമേശനും എനിക്ക് തുണയായുണ്ടായിരുന്നു.
ഏകദേശം ആറു ദശാബ്ദക്കാലത്തെ പരിചയം സുകുമാര്‍ അഴീക്കോടിനും എനിക്കും തമ്മിലുണ്ട്. അദ്ദേഹത്തെ 'സുകുമാര്‍ 'എന്നാണ് ഞാന്‍ വിളിച്ചിരുന്നത്.  ഞാന്‍ മാത്രമേ അങ്ങനെ വിളിച്ചിരുന്നുള്ളൂ എന്നു തോന്നുന്നു. ഞങ്ങള്‍ ആദ്യം കണ്ടുമുട്ടിയത് ഒരു പ്രസംഗവേദിയില്‍ വച്ചാണ്. പ്രസംഗത്തിനിടയില്‍ പാശ്ചാത്യവിദ്യാഭ്യാസത്തെപ്പറ്റി ഗാന്ധിജി പ്രകടിപ്പിച്ച അഭിപ്രായങ്ങളില്‍ ചിലതിനോട് ഞാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. നിരുപദ്രവകരമായ ഒരു പരാമര്‍ശം മാത്രമേ ഞാന്‍ നടത്തിയുള്ളു. സുകുമാര്‍ അഴീക്കോടിനെ അത് പ്രകോപിപ്പിച്ചു. അദ്ദേഹം വികാരാവേശത്തോടെ എന്റെ പരാമര്‍ശത്തെ എതിര്‍ക്കുന്നതു കണ്ടപ്പോള്‍ എനിക്ക് വിസ്മയം തോന്നി. അങ്ങനെ എതിര്‍ക്കാന്‍ വേണ്ടുമുള്ള കാര്യമൊന്നും എന്റെ പ്രസംഗത്തിലുണ്ടായിരുന്നില്ല. എങ്കിലും പ്രകോപിതമായ അവസ്ഥയില്‍ അദ്ദേഹം ശക്തിയായിത്തന്നെ എന്റെ അഭിപ്രായപ്രകടനത്തെ അപലപിച്ചു. ആവേശത്തിന്റെ ചൂടില്‍ 'ഗര്‍ദ്ദഭം””' എന്ന വാക്ക് എന്റെ നേര്‍ക്ക് പ്രയോഗിക്കുകയും ചെയ്തു.
ഞാന്‍ അതാസ്വദിച്ചു.സമ്മേളനം കഴിഞ്ഞ് ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു: രുചികരമായ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഹൃദയൈക്യമേ ഉള്ളൂ.  അതു കേട്ടപ്പോള്‍ അദ്ദേഹം പൊട്ടിച്ചിരിച്ച രംഗം ഇപ്പോഴും എന്റെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു. പരസ്പരം ഇണങ്ങി ഹൃദ്യമായി വര്‍ത്തമാനം പറഞ്ഞുകൊണ്ടാണ് അന്നു ഞങ്ങള്‍ പിരിഞ്ഞത്.
ഞങ്ങള്‍ക്കിടയില്‍ സൌഹൃദം വളരാന്‍ താമസമുണ്ടായില്ല. കാവ്യാസ്വദനം, കാവ്യതത്ത്വചര്‍ച്ച തുടങ്ങിയവയില്‍ മുഴുകി ധാരാളം സമയം ഞങ്ങള്‍ ഒരുമിച്ചിരുന്നിട്ടുണ്ട്. അതിന്റെ വേദി പലപ്പോഴും എന്റെ വീടായിരുന്നു. കോഴിക്കോട് നിന്നും അദ്ദേഹം വെളുപ്പാന്‍കാലത്ത് ഇവിടെയെത്തും. ഉച്ചവരെ ഞങ്ങളൊരുമിച്ച് പല കാര്യങ്ങളും പറഞ്ഞുകൊണ്ടിരിക്കും. ഉച്ചഭക്ഷണം കഴിഞ്ഞേ പുറത്തിറങ്ങൂ. പുതിയ പരിചയങ്ങള്‍, സൌഹൃദങ്ങള്‍ അങ്ങനെ പലതും അപ്പോഴാണ് നടക്കുക. എന്റെ മക്കളും സഹധര്‍മ്മിണിയും അമ്മയും അദ്ദേഹത്തെ  വീട്ടിലെ ഒരംഗമായിട്ടാണ് കണ്ടിരുന്നത്.
സ്വന്തം സഹോദരനായി മാത്രമേ അദ്ദേഹത്തെ ഞാന്‍  കണ്ടിരുന്നുള്ളു. അനേകം സ്ഥലങ്ങളില്‍ ഞങ്ങളൊരുമിച്ച് യാത്ര ചെയ്തു. അനേകം വേദികളില്‍ പ്രസംഗിച്ചു. പലതരം പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിച്ചു. 'അപൂര്‍വസഹോദരന്‍മാര്‍' എന്ന് ഞങ്ങളെപ്പറ്റി ആളുകള്‍ പറഞ്ഞു പോന്നു. നിസ്സാരമായ ഒരു കാര്യത്തിന്റെ പേരില്‍ ആ ബന്ധം ഒരു ദിവസം തകര്‍ന്നു. സ്വഭാവത്തിലും വീക്ഷണത്തിലും സമീപനത്തിലുമുള്ള വ്യത്യാസമാണ് ആ തകര്‍ച്ചയ്ക്കു കാരണമായതെന്ന് ഇന്നു ഞാനറിയുന്നു.
പിന്നീട് ഞങ്ങള്‍ തമ്മില്‍ ബന്ധപ്പെടുന്നത് 1988 ലാണ്. ഒരേ വേദിയില്‍ പ്രസംഗിക്കാന്‍ തുടങ്ങി. അന്ന് ഞാനായിരുന്നു കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്. സുകുമാര്‍ അഴീക്കോടിന് വിശിഷ്ടാംഗത്വം നല്‍കാന്‍ അക്കാദമിയില്‍ ഞങ്ങള്‍ തീരുമാനമെടുത്തു. അദ്ദേഹത്തിന് വിശിഷ്ടാംഗത്വചിഹ്നം നല്‍കുകയും, ഷാള്‍ പുതപ്പിക്കുകയും ചെയ്തു കൊണ്ട് ഞാന്‍ പ്രസംഗിച്ചു. അത്യധികം സന്തുഷ്ടനായാണ് അദ്ദേഹം മറുപടി പറഞ്ഞത്.
വീണ്ടും ഞങ്ങളൊരുമിച്ച് ഒരേ വേദിയില്‍ പ്രസംഗിക്കാന്‍ തുടങ്ങി. പക്ഷേ, ആ ബന്ധവും അധികകാലം നീണ്ടു നിന്നില്ല. ഞങ്ങള്‍ക്കു യോജിക്കാന്‍ പറ്റാത്ത സാഹചര്യങ്ങള്‍ പൊതു ജീവിതത്തിലുണ്ടായി. ഞങ്ങള്‍ അകന്നു.
അപ്പോഴാണ് സുകുമാര്‍ അഴീക്കോട് ഗുരുതരമായ രോഗാവസ്ഥയില്‍ ആശുപത്രിയില്‍ ശയിക്കുന്ന വാര്‍ത്ത കേട്ടത്.  ഞാന്‍ ആ രോഗശയ്യയ്ക്കരികിലെത്തി. എന്റെ കൈകള്‍ സ്വന്തം കൈത്തലത്തിലൊതുക്കി അമര്‍ത്തിപ്പിടിച്ചു കൊണ്ട് കിടന്ന അദ്ദേഹത്തില്‍ ഞാന്‍ ആ പഴയ സഹോദരനെ കണ്ടു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഒരു സഹോദരനെ നഷ്ടപ്പെട്ടതിന്റെ വ്യഥ ഞാനനുഭവിക്കുന്നു.

No comments:

Post a Comment