Tuesday, January 24, 2012

മുഖം നോക്കാത്ത വിമര്‍ശകന്‍, സുഹൃത്ത്

മുഖം നോക്കാത്ത വിമര്‍ശകന്‍, സുഹൃത്ത്
എം.വി. ദേവന്‍
മുഖം നോക്കാതെയുള്ള ആരോഗ്യപരമായ വിമര്‍ശനത്തിനും സംവാദങ്ങള്‍ക്കും എന്നും മുന്നില്‍ നിന്നയാളാണ് ഡോ. സുകുമാര്‍ അഴീക്കോട്. ആറു പതിറ്റാണ്ടിലേറെയായി തുടരുന്ന സൌഹൃദത്തിനിടെ ഞാനും പലവട്ടം അഴീക്കോടുമായി കലഹിച്ചിട്ടുണ്ട്.
കോഴിക്കോട് മാതൃഭൂമിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി ഞാന്‍ ജോലി നോക്കുമ്പോള്‍ 1952 ലാണ് കണ്ണൂരില്‍ ഒരു വായനശാലയുടെ വാര്‍ഷിക ചടങ്ങില്‍ വച്ച് അഴീക്കോടുമായി നേരിട്ട് പരിചയപ്പെടുന്നത്; അതും ഏറ്റുമുട്ടലിലൂടെ. പ്രൊഫ. കരിമ്പുഴ രാമകൃഷ്ണന്‍ അദ്ധ്യക്ഷനും അഴീക്കോട് ഉദ്ഘാടകനുമായിരുന്നു. അക്കാലത്ത് സജീവമായിരുന്ന കലാസമിതിയുടെ പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന എന്‍.വി. കൃഷ്ണവാര്യര്‍ക്ക് അസുഖം മൂലം പോകാനായില്ല. പകരക്കാരനായാണ് ഞാന്‍ പങ്കെടുത്തത്. ചങ്ങമ്പുഴ കവിതകള്‍ അരോചകമാണെന്നും ജനങ്ങളില്‍ ചീത്ത വിചാരമുണ്ടാക്കുമെന്നും അദ്ധ്യക്ഷനും ഉദ്ഘാടകനും അഭിപ്രായപ്പെട്ടപ്പോള്‍, അത് മനപ്പൂര്‍വ്വമാണോയെന്നായി എന്റെ സംശയം. അവരുടെ അഭിപ്രായത്തെ നിശിതമായി ഞാന്‍ വിമര്‍ശിച്ചു. ഈ സമയം വേദിയിലിരുന്ന അഴീക്കോടും കരിമ്പുഴ രാമകൃഷ്ണനും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു. മഹാന്മാരായ നേതാക്കള്‍ ചോദ്യങ്ങള്‍ തുടര്‍ന്നാല്‍ തുടക്കകാരനായ ഞാന്‍ പ്രസംഗം അവസാനിപ്പിക്കുമെന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ഇതോടെ ശ്രോതാക്കള്‍ പ്രസംഗം തുടരണമെന്നാവശ്യപ്പെട്ടു.
ഈ സംഭവത്തിന് ശേഷം അഴീക്കോടുമായി കൂടുതല്‍ സൌഹൃദത്തിലായെങ്കിലും പിന്നീട് പലവട്ടം ഇണങ്ങിയും പിണങ്ങിയുമാണ് കാലം പോയത്. രണ്ട് വര്‍ഷം മുമ്പ് അഴീക്കോടിന് ലഭിച്ച 'സര്‍വ്വജ്ഞപീഠം' അവാര്‍ഡ് ഞാന്‍ വിമര്‍ശിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നിരസിച്ച സംഭവവും ഉണ്ടായി. 'നീതി - അനീതി' എന്ന വിഷയത്തില്‍ കൊച്ചിയില്‍ നടന്ന അഭിഭാഷകരുടെ ഒരു യോഗത്തിലാണ് ഞാന്‍ വിമര്‍ശനം ഉന്നയിച്ചത്. അടുത്ത ദിവസത്തെ പത്രങ്ങളില്‍ 'തനിക്ക് അവാര്‍ഡ് വേണ്ടെന്നും, ദേവന്‍ എടുത്തോളൂ' എന്നും അഴീക്കോട് പറഞ്ഞതായാണ് വന്നത്.


ഞാന്‍ മാതൃഭൂമിയില്‍ ജോലി ചെയ്യുമ്പോള്‍ അഴീക്കോട് ദേവഗിരി കോളേജില്‍ അദ്ധ്യാപകനായിരുന്നു. ദിവസവും വൈകുന്നേരങ്ങളില്‍ കോഴിക്കോട് ബീച്ചിലും മാനാഞ്ചിറ മൈതാനത്തും വച്ച് കണ്ടുമുട്ടിയിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ കലാസമിതിയുടെ യോഗത്തിലേക്ക് അഴീക്കോടിനെ ക്ഷണിക്കാതിരുന്നതിന്റെ പേരില്‍ സി.പി. ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇറങ്ങിപ്പോയ സംഭവവും ഉണ്ടായിട്ടുണ്ട്. അഴീക്കോടിനെക്കുറിച്ച് എനിക്ക് കേട്ടറിവു മാത്രമുള്ള കാലത്താണ് കലാസമിതിയുടെ യോഗം കണ്ണൂരില്‍ ചേരുന്നത്. മംഗലാപുരം കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന ടി. പത്മനാഭനായിരുന്നു യോഗം വിളിച്ചു ചേര്‍ക്കുന്നതിന്റെ ചുമതല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി യുവ സാഹിത്യകാരന്മാര്‍ യോഗത്തിനെത്തിയിട്ടുണ്ട്. യോഗം ആരംഭിച്ചയുടന്‍ ഈ യോഗത്തിലേക്ക് സുകുമാര്‍ അഴീക്കോടിനെ ക്ഷണിക്കാതിരുന്നതെന്താണെന്ന് ചോദ്യമുയര്‍ന്നു. അദ്ദേഹം സംസ്കൃത പണ്ഡിതനാണെന്നും ഇത് മലയാള സാഹിത്യകാരന്മാരുടെ യോഗമാണെന്നും പത്മനാഭന്‍ മറുപടി നല്‍കി. മറുപടി തൃപ്തികരമല്ലെന്നു പറഞ്ഞ് അന്ന് യോഗം ബഹിഷ്കരിച്ച നാല് പേരില്‍ പ്രധാനി സി.പി. ശ്രീധരനാണെന്ന് പിന്നീടാണ് ഞാന്‍ മനസിലാക്കിയത്.


എല്ലാ വിഷയത്തിലും വലിയ പാണ്ഡിത്യമുള്ള വ്യക്തിത്വമായിരുന്നു അഴീക്കോടിന്റേത്. ധാരാളം വായിക്കുകയും ഗ്രഹിക്കുകയും അത് വേദിയില്‍ ശക്തമായി ആവിഷ്കരിക്കുകയും ചെയ്തിരുന്നു. വ്യക്തി എന്ന നിലയില്‍ സ്നേഹബന്ധം സൂക്ഷിക്കാന്‍ കഴിയുന്ന നല്ലൊരു അദ്ധ്യാപകനുമായിരുന്നു. ഇഷ്ടപ്പെടാത്തതിനെ നിശിതമായി വിമര്‍ശിക്കാനും അദ്ദേഹത്തിന് മടിയില്ലായിരുന്നു. തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ കാണാന്‍ പോയ എന്നെ അഴീക്കോട് കൈ ഉയര്‍ത്തി അനുഗ്രഹിക്കുകയും ചെയ്തു.

No comments:

Post a Comment